Tuesday, November 3, 2015

എയർപ്പോർട്ട് ജീവനക്കാരും പൊതുജനവും...

Published on June 12, 2015

പല തവണത്തെ അനുഭവമാണ്‌.

നെടുമ്പാശ്ശേരി എയർപോർട്ട്

ചെക്കൗട്ട് ചെയ്ത് ബാഗേജുകളുമായി ഇറങ്ങി വരുമ്പോൾ മുന്നിൽ വിനയാന്വിതരായി ഒന്നോ രണ്ടോ ഉദ്യോഗസ്ഥർ. ചിലപ്പോൾ യൂണിഫോമിൽ, പലപ്പോഴും യൂണിഫോമിൽ അല്ലാതെ.

സാർ, മദ്യം കൊണ്ടു വന്നിട്ടുണ്ടോ?

ഇല്ല

കയ്യിൽ ചുരുട്ടിപ്പിടിച്ച ഡോളർ നീട്ടി വീണ്ടും വിനയത്തോടെ

സർ എങ്കിൽ ഡ്യൂട്ടി ഫ്രീയിൽ നിന്നു രണ്ടു ബോട്ടിൽ വാങ്ങിത്തരുമോ... ഇതാ കൃത്യം പണമുണ്ട്...

ഇത് ഈ തെണ്ടികളുടെ സ്ഥിരം പണിയാണ്‌. അന്നു യാത്ര ചെയ്ത പാസ്പോർട്ടുണ്ടെങ്കിലെ അവിടത്തെ ഡ്യൂട്ടി ഫ്രീകളിൽ നിന്നും പർച്ചേസിംഗ് സാദ്ധ്യമാകൂ. അതും ഫോറിൻ കറൻസി തന്നെ കൊടുക്കുകയും വേണം. അതിനാണ്‌ ഈ കാലുപിടുത്തം. ഈ അസുഖം മനസ്സിലായതു മുതൽ ചോദിച്ചാൽ ബാഗു നിറയെ മദ്യമാണെന്ന മട്ടിൽ വച്ചു കാച്ചും. വിദേശത്തു നിന്നും ഉറ്റവരെ കാണാനായി ഓടിയെത്തുന്നവർക്ക് ഇവനൊക്കെ കള്ളു വാങ്ങിക്കൊടുക്കാനും, മാമാപ്പണി ചെയ്യാനുമല്ലേ നേരം.

തിരുവനന്തപുരം എയർപോർട്ട്

ഒന്നിലധികം പ്രാവശ്യം അവിടത്തെ ഉദ്യോഗസ്ഥരോട്‌ പരുഷമായി സംസാരിക്കേണ്ടി വന്നിട്ടുണ്ട്‌. ഒന്നോ അതിലധികമോ അന്താരാഷ്ട്ര എയർപോർട്ടുകൾ താണ്ടി സ്വന്തം രാജ്യത്തെത്തുന്ന പൗരന്മാരോട് അവന്മാരുടെ പെരുമാറ്റവും, ആക്രോശവും കേട്ടാൽ തോന്നും നമ്മൾ അഭയാർത്ഥികളായി ഇവന്റെയൊക്കെ ഔദാര്യം ഇരന്നു ചെല്ലുന്നതാണെന്ന്.

മേൽസൂചിപ്പിച്ച രണ്ടു സന്ദർഭങ്ങളിലും സംസ്ഥാനസർക്കാരിന്റെ സ്റ്റാഫുകൾ, അഥവാ ഡെപ്യൂട്ടേഷനിൽ എമിഗ്രേഷനിലും മറ്റും എത്തുന്ന ഉദ്യോഗസ്ഥരാണ്‌ കഥാപാത്രങ്ങൾ. എന്റെയനുഭവത്തിൽ ഇന്നേവരെ ഒരൊറ്റ സി. ഐ. എസ്‌. എഫ്. ഉദ്യോഗസ്ഥനും ഇത്തരത്തിലോ, മറ്റേതെങ്കിലും തരത്തിലോ ഉപദ്രവിക്കാൻ വന്നിട്ടുള്ളതായി ഓർമ്മയില്ല. കർശനമായും, നിശിതമായുമുള്ള പരിശോധനകൾ നടത്തി അവർ ആളെ കയറ്റി വിടുന്നു. അവിടെ ചെന്നു ഷോ കാണിക്കാതിരുന്നാൽ മാത്രം മതി.

എയർപോർട്ടുകളിൽ നിന്നും സർവ്വീസ്‌ നടത്തുന്ന സ്വകാര്യ ഓട്ടോ, ടാക്സികൾ പോലും അവിടത്തെ ഉദ്യോഗസ്ഥരുമായി കൈ കോർത്തു കൊണ്ട് പകൽക്കൊള്ള നടത്തുന്നുണ്ട്. ഇങ്ങനെ വിമാനത്താവളം കേന്ദ്രീകരിച്ചു നടക്കുന്ന ഏതൊരു അഴിമതിയും അവിടുത്തെ ഉദ്യോഗസ്ഥർ ആരെങ്കിലും അറിയാതെയോ അനുവദിക്കാതെയോ നടക്കുന്നില്ല എന്നത് അതുവഴി യാത്ര ചെയ്തിട്ടുള്ള ഏതൊരാൾക്കും അനുഭവപ്പെടുന്ന പച്ചപ്പരമാർത്ഥമാണ്‌.

സി.ഐ.എസ്.എഫ്‌. ജവാന്മാർ അതിക്രമം കാട്ടിയതിനെ ന്യായീകരിക്കുന്നില്ല. എത്ര വലിയ വെല്ലുവിളിയുണ്ടായാലും മനസ്സാന്നിദ്ധ്യം കൈ വിടാൻ പാടില്ലാത്തവർ തന്നെയാണവർ. അഥവാ കുറച്ചു പേർ അതിനു മുതിർന്നാൽ മറ്റുള്ളവർ അതിനെ നിയന്ത്രിക്കണമായിരുന്നു. പക്ഷേ സംസ്ഥാന-കേന്ദ്ര ഉദ്യോഗസ്ഥർ തമ്മിലുള്ള ഇന്റേണൽ പൊളിറ്റിക്സ് എത്രമാത്രമുണ്ടെന്നോ, അതെത്ര രൂക്ഷമാണെന്നോ, ഈ ജവാന്മാർ എത്ര കണ്ട് പീഡനം അനുഭവിക്കുന്നുണ്ടെന്നോ, എത്ര കാലത്തെ സഹനത്തിനു ശേഷമുള്ള പ്രതികരണമാണിതെന്നോ, അവർ ഇതിനു മുൻപ്‌ എത്ര വട്ടം ഇതിനെതിരേ പരാതിപ്പെട്ടിട്ടുണ്ടെന്നോ, പ്രത്യേകിച്ചു അന്യസംസ്ഥാനക്കാരും, അന്യ ഭാഷക്കാരുമായ ഇവർ എത്ര അളവിൽ പാർശ്വവൽക്കരിക്കപ്പെടുകയും, സമ്മർദ്ദത്തിലാവുകയും ചെയ്തിട്ടുണ്ടെന്നോ ഉള്ള യാഥാർഥ്യം നമ്മൾ അറിയുന്നില്ല. സി.ഐ.എസ്‌.എഫിന്റെ അക്രമത്തെ പർവ്വതീകരിക്കുന്ന മാധ്യമങ്ങൾ അതേക്കുറിച്ച് അന്വേഷിക്കുന്നുമില്ല, മിണ്ടുന്നുമില്ല.

സുരക്ഷാച്ചുമതലയിലുണ്ടായിരുന്നവരുടെ ഒരു വശത്തെ വലിയ ഉത്തരവാദിത്വവും, മറുവശത്തെ സമ്മർദ്ദങ്ങളും നാം സമചിത്തതയോടെ മനസ്സിലാക്കേണ്ടതുണ്ട്.

സാങ്കേതികമായി ഇത്തരം പ്രതിസന്ധികളൊന്നുമില്ലാത്ത, മലയാളികളായ ഉദ്യോഗസ്ഥർ റൺവേ ഉപരോധിച്ചതടക്കമുള്ള കൊടും ക്രിമിനൽ സ്വഭാവമുള്ള കൃത്യങ്ങളെ എന്തുകൊണ്ടാണ്‌ ഈ മാധ്യമങ്ങൾ വിമർശിക്കാത്തതും, അതേക്കുറിച്ച് അന്വേഷിക്കാത്തതും? എല്ലാവരെയും സുരക്ഷാപരിശോധനയ്ക്കു വിധേയരാക്കുമ്പോൾ ചിലർ മാത്രം അതിനു വിസമ്മതിക്കുന്നതിനു കാരണമെന്താണ്‌?

No comments: