Tuesday, November 3, 2015

മാംസാഹാരവും, മാനവജീവിതവും, വേദങ്ങളും

ഈയുള്ളവന്റെ പരിമിതമായ അറിവിൽ മാംസാഹാരത്തെ വേദാന്തം നിരോധിച്ചു കാണുന്നില്ല. എന്നാൽ മനുഷ്യന്റെ നിത്യവ്യവഹാരങ്ങളിൽ ബുദ്ധി, യുക്തി, തത്വം എന്നീ മൂന്നു ഘടകങ്ങളെക്കൊണ്ടു സമീപിക്കേണ്ടതുണ്ട്. അങ്ങനെ ചിന്തിക്കുമ്പോൾ ചില വസ്തുതകൾ തെളിഞ്ഞു വരുന്നു.

സർവ്വചരാചരങ്ങളെയും ജീവൽസ്വരൂപമായി ദർശിക്കുന്ന സനാതനധർമ്മശാസ്ത്രത്തിൽ ചീര കഴിക്കുന്നവനും, ചേരയെ കഴിക്കുന്നവനും ഒരു പോലെ തന്നെയല്ലേ? ചീരയിലും ചേരയിലും ജീവൻ പകർന്നിരുന്ന ഈശ്വരചൈതന്യം മാറിയാൽ, രണ്ടും ജഡം. വെറും ശവം.

എന്നാൽ ചീരയെ സ്വാഗതം ചെയ്യുകയും ചേരയെ - അഥവാ മാംസത്തെ നിരുൽസാഹപ്പെടുത്തേണ്ടതിന്റെയും സാഹചര്യത്തെ ചിന്തിക്കുമ്പോൾ കഴിഞ്ഞ ദിവസം രാജൻ തോമസ് സാർ പറഞ്ഞു തന്ന ലളിതവും എന്നാൽ യുക്തിഭദ്രവുമായ ഒരു മറുപടിയാണ്‌ ഏറെ അനുയോജ്യമായിത്തോന്നുന്നത്.

പച്ചക്കറികൾ, ഏതുമാവട്ടെ, അവ അറുത്തെടുത്തോ, കുഴിച്ചെടുത്തോ, പറിച്ചെടുത്തോ (ഉദാഹരണം ചീര, ചേമ്പ്, പാവക്ക) ഉപയോഗിക്കുമ്പോൾ നാം അതിലെ ജീവാംശത്തെ പൂർണ്ണമായും ഇല്ലാതാക്കുന്നില്ല. തുടർന്നു വളരുവാനും, നിലനിൽക്കുവാനുമുള്ള അവസരം അവയ്ക്കുണ്ടെന്നതാണ്‌ ഏറ്റവും വലിയ കാര്യം. നമ്മുടെ നിലനിൽപ്പിനായി മറ്റൊന്നിന്റെ നിലനിൽപ്പിനെ നിശ്ശേഷം ഇല്ലായ്മ ചെയ്യാതെയുള്ള ജീവിതശൈലി. അത് തീർച്ചയായും ഭാരതീയ ചിന്താപദ്ധതികൾ മുൻപോട്ടു വയ്ക്കുന്ന അഹിംസാത്മകവും, സമഭാവനയിലും സഹവർത്തിത്വത്തിലും അധിഷ്ഠിതവുമായ ജീവിതശൈലി തന്നെയാണ്‌. ഒന്നു ചീഞ്ഞു മറ്റൊന്നിനു വളമാവാതെ, പകരം രണ്ടും നിലനിൽക്കുകയെന്ന സമഭാവന.

എന്നാൽ ഒരു ജീവിയെ കൊന്നു തിന്നുമ്പോൾ അതിന്റെ ജീവിതം എന്നെന്നേയ്ക്കുമായി അവസാനിക്കുകയാണ്‌.

മറ്റൊന്ന്, നമ്മുടെ - മനുഷ്യന്റെ - ജൈവഘടനയാണ്‌. മാംസാഹാരിയാകുവാൻ വേണ്ട യാതൊരു ജൈവസവിശേഷതയും മനുഷ്യശരീരത്തിലെല്ലെന്നത് ശാസ്ത്രം പണ്ടേ തെളിയിച്ചു കഴിഞ്ഞതാണ്‌.

മാംസാഹാരികളിൽ കണ്ടു വരുന്നത്ര മാരകരോഗങ്ങളും, മാനസിക വൈകല്യങ്ങളും സസ്യാഹാരികളിൽ ഇല്ല എന്നതും ശാസ്ത്രം അടിവരയിടുന്ന സത്യമാണ്‌.

ജീവികളെ, പ്രത്യേകിച്ചും കന്നുകാലികളെ കൊല്ലുമ്പോൾ ഒന്നിന്റെ മുൻപിൽ വച്ചാണ്‌ മറ്റൊന്ന് കൊല ചെയ്യപ്പെടുന്നത്. ഇതു കണ്ടു നിൽക്കുന്ന, അടുത്തത് തന്റെയൂഴമെന്നു തിരിച്ചറിയുന്ന അവയുടെ ഉള്ളിൽ അഗാധമായ മരണഭയം നിമിത്തമുണ്ടാകുന്ന ഹോർമോണുകൾ മാരകരോഗകാരികളാണെന്നതും ആധുനിക ശാസ്ത്രം ചൂണ്ടിക്കാണിക്കുന്നു.

ആധുനിക കാലത്തിൽ മാംസാഹാരത്തോട്‌ മുഖം തിരിക്കേണ്ടതിന്റെ പ്രധാന ആവശ്യം ഇതിലൊക്കെ ഉപരിയാണ്‌. അത് ഹൃദയം കൊണ്ടു കൂടി ചിന്തിക്കേണ്ടതാണ്‌. ഒന്നാമതായി, മനുഷ്യൻ ഭക്ഷിക്കാനായി ഉപയോഗിക്കുന്ന നാൽക്കാലികളുടെ കാര്യമാണ്‌. നേരിട്ടറിവുള്ളതും, പറഞ്ഞറിയുന്നതുമായ കാര്യങ്ങളാണിവ. ഒരു ആയുസ്സു മുഴുവൻ മനുഷ്യനു വേണ്ടി പണിയെടുത്ത ജീവികൾ, പാലിനും, ഉഴവിനും, ഭാരം വലിയ്ക്കുന്നതിനും തുടങ്ങി ക്രൂരനായ മനുഷ്യന്റെ വിനോദാർത്ഥം പോരടിക്കാൻ വരെ വിധിക്കപ്പെട്ട പാവം മിണ്ടാപ്രാണികൾ. ഉപയോഗശേഷം അവയെ ക്രൂരമായ വിധം കൊല ചെയ്യുന്നു.

മൃഗങ്ങളെ വണ്ടിയിൽ കയറ്റി കൊണ്ടു പോകുമ്പോൾ നിശ്ചിത എണ്ണം മാത്രമേ ഒരു വണ്ടിയിൽ കയറ്റാവൂ എന്ന നിർദ്ദേശം നിലനിൽക്കുമ്പൊഴും അവയൊന്നും ആരും പാലിക്കുന്നില്ല. കുത്തി നിറച്ചു കൊണ്ടു പോകുന്ന അവ, ഉറങ്ങാതിരിക്കാൻ, ഉറക്കം മൂലം കിടന്നു സ്ഥലം കൂടുതൽ ഉപയോഗിക്കാതിരിക്കാൻ അവയുടെ കണ്ണുകളിലും, മലദ്വാരത്തിലും മുളകരച്ചു തേയ്ക്കാറുള്ളത് മാംസാഹാരികൾ അറിയുന്നുണ്ടോ? കിലോമീറ്ററുകൾ നടത്തിക്കൊണ്ടു പോകുന്ന അവയുടെ മേൽ വീഴാറുള്ള ചാട്ടവാറടികൾ നെഞ്ചിൽ കൊണ്ടിട്ടുണ്ടോ? കൊല ചെയ്യുന്നതിന്റെ തലേ ദിവസം ഉലക്ക പോലെയുള്ള കഠിനമായ വസ്തുക്കൾ കൊണ്ട് ദേഹം മുഴുവൻ തല്ലിച്ചതച്ച് കഴുത്തറ്റം വെള്ളത്തിലിറക്കി നിർത്തും, പിറ്റേ ദിവസമാകുമ്പോൾ നീരു വന്ന് മാംസത്തിനു തൂക്കം കൂടും, ഒരു പാവം ജീവിയുടെ മാംസം വില കൊടുത്ത് തൂക്കി വാങ്ങി നാവിൽ വെള്ളമൂറി വീട്ടിലേയ്ക്കു നടക്കുമ്പോൾ തലേ ദിവസം ആ മിണ്ടാപ്രാണി അനുഭവിച്ച നരകവേദന ഓർക്കാറുണ്ടോ ആരെങ്കിലും?

ഇവിടെ ഹൃദയം പറയുന്നതു കേൾക്കുമോ അതോ മൂന്നോ നാലോ ഇഞ്ചു നീളം വരുന്ന നാവിന്റെ രുചിതൃഷ്ണയ്ക്ക് അടിമപ്പെടുമോ നിങ്ങൾ?

ഈ ലോകത്തിലുള്ളതെല്ലാം മനുഷ്യനു തിന്നാനുള്ളതാണെന്ന ധാരണയും, പ്രഘ്യാപനവും മനുഷ്യന്റെ ധാർഷ്ട്യം മാത്രമാണ്‌. വിവേചനബുദ്ധിയുള്ള മനുഷ്യന്റെ വിരോധാഭാസം.

ചിദാനന്ദപുരി സ്വാമിജി പറഞ്ഞത് ഓർക്കുന്നു, കൊന്നു തിന്നാൻ വേണ്ടി ഒരു ജീവിയെ വളർത്താൻ പോന്ന ക്രൂരത മനുഷ്യനു മാത്രം അവകാശപ്പെട്ടതാണ്‌.

ലോകത്ത് ഒരു ജീവിയും ഇന്നത്തെ എന്റെ ആഹാരം ഇന്നതായിരിക്കണം എന്നു തീരുമാനിച്ച് ഭക്ഷണം തേടിയിറങ്ങാറില്ല. മനുഷ്യനല്ലാതെ. ഈ സ്വാർത്ഥതയെ മറ്റൊരു ന്യായീകരണം കൊണ്ടും മൂടി വയ്ക്കുവാനാകില്ല. ഞാൻ മനുഷ്യനാണെന്ന നികൃഷ്ടാവകാശവാദമൊഴികെ മറ്റൊരു മറുപടിയുമില്ല അടങ്ങാത്ത ഈ മാംസദാഹത്തിന്‌.

© കാവാലം ജയകൃഷ്ണൻ

No comments: