Wednesday, February 24, 2010

തൊഴിലന്വേഷകര്‍ ചതിക്കപ്പെടേണ്ടവരോ?

മലയാളമനോരമയുടെ ഒരു ഓണ്‍‍ലൈന്‍ പോളില്‍ കുറച്ചു നാള്‍ മുന്‍പ്‌ വിദേശ തൊഴില്‍ തട്ടിപ്പിനെക്കുറിച്ച് ഇട്ട ഒരു കമന്‍റാണിത്. അവരതു മുക്കിയെന്നു തോന്നുന്നു. എന്നാല്‍ പിന്നെ ഇവിടെ കിടക്കട്ടെ.

അനുബന്ധം: ധാരാളം തട്ടിപ്പുകള്‍ നടക്കുന്ന ഒരു മേഖലയാണിത്. ഇന്‍ഡ്യയിലും വിദേശത്തും ധാരാളമായി ആളുകള്‍ വഞ്ചിക്കപ്പെടുന്നു. ഇതിനെതിരേ പലപ്പോഴും നിയമ നടപടികളോ പ്രതികരണങ്ങളോ ഉണ്ടായിക്കണ്ടിട്ടില്ല എന്നത് കഷ്ടമാണെന്നേ പറയാന്‍ കഴിയൂ. എനിക്കും ഒരിക്കല്‍ പറ്റിയതിനെക്കുറിച്ച് ഏഴു പോസ്റ്റുകളിലായി മുന്‍പൊരിക്കല്‍ ഞാന്‍ വിശദീകരിച്ചിരുന്നു. പല രാജ്യങ്ങളിലും തൊഴില്‍ ദാതാവ്‌ (സ്പോണ്‍‍സര്‍‍) തന്നെ തൊഴിലാളിയുടെ യാത്ര, താമസം, വിസ തുടങ്ങിയവയുടെ ചിലവുകള്‍ വഹിക്കണം എന്നത് നിയമമാണ്. ഇതേക്കുറിച്ചും, വിദേശ രാജ്യങ്ങളിലെ തൊഴിലുറപ്പ്, സുരക്ഷാ നിയമങ്ങളെക്കുറിച്ചും അറിവുള്ളവര്‍ വിശദമായ പോസ്റ്റുകള്‍ അവരവരുടെ ബ്ലോഗുകളില്‍ ഇടുന്നത് നന്നായിരിക്കും.

.............................................................................................
അവിടെയിട്ട കമന്‍റ് ഇങ്ങനെ:

ഇക്കാര്യത്തില്‍ തൊഴില്‍,പൊലീസ്,വിദേശകാര്യ വിഭാഗങ്ങള്‍ക്ക് ക്രിയാത്മകമായ നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. ഒരു സാധാരണ പൌരന്‍റെ കാഴ്ചപ്പാടില്‍ നിന്നു ചിന്തിക്കുമ്പോള്‍ തോന്നുന്ന ചില കാര്യങ്ങള്‍ ചുവടെ...

1. ഇന്നത്തെ ലേബര്‍ ഡിപ്പാര്‍ട്ട്മെന്‍റ് ക്രിയാത്മകമായി പരിഷ്കരിക്കുക.

2. തൊഴില്‍ മേഖലയിലെ പരാതികള്‍ക്ക് (തൊഴില്‍ ദാതാവിനും, തൊഴിലാളിക്കും, തൊഴിലന്വേഷകനും ഒരേപോലെ ഉപയുക്തമാകും വിധം) പരിഹാരമുണ്ടാക്കാനായി സര്‍ക്കാര്‍ തലത്തില്‍ കമ്മീഷനുകളോ കോടതിയോ നിലവില്‍ വരുത്തുക.

3. ഒരാള്‍ക്കോ ഒരു സ്ഥാപനത്തിനോ ഒരു വ്യക്തിയെ ജോലിക്കെടുക്കണമെങ്കില്‍ വ്യക്തമായ മാര്‍ഗ്ഗരേഖകള്‍ പിന്‍‍തുടര്‍ന്നു കൊണ്ടു മാത്രം സാദ്ധ്യമാകുന്ന വിധത്തില്‍ നിയമ പുനര്‍നിര്‍മ്മാണം നടത്തുക. അല്ലാത്തപക്ഷം സ്വീകരിക്കാവുന്ന ശിക്ഷാനടപടികള്‍ കര്‍ശനമാക്കുകയും, അഴിമതിരഹിതമായി നിലനിര്‍ത്തുകയും ചെയ്യുക.

4. തൊഴിലന്വേഷകന്‍റെ ഏതൊരു പണമിടപാടുകളും സര്‍ക്കാരിന്‍റെ അറിവോടുകൂടി മാത്രം ചെയ്താല്‍ മാത്രം (സര്‍ക്കാര്‍ അംഗീകൃത റസിപ്റ്റുകള്‍, മുദ്രപ്പത്രങ്ങള്‍ അതുമല്ലെങ്കില്‍ ദേശസാല്‍കൃത ബാങ്കുകളുടെ അക്കൌണ്ട് വഴി) അതിന് സാധുത ഉണ്ടാകുന്ന രീതിയില്‍ നിയമം കൊണ്ടുവരികയും, ഇതേക്കുറിച്ച് ജനത്തെ ബോധവല്‍ക്കരിക്കുകയും ചെയ്യുക. (ഇത് സര്‍ക്കാരിനും കാശുണ്ടാക്കാന്‍ പറ്റിയ വഴിയാണ്)

5. വിദേശജോലികള്‍ക്ക് പോകുന്നവരുടെ സുരക്ഷയെ സംബന്ധിച്ച് എംബസികള്‍ വഴി ഇനിയും കര്‍ശനമായ നിയന്ത്രണം കൊണ്ടു വരിക.

6. എംബസി ജീവനക്കാരുടെ സ്വജനപക്ഷപാതമടക്കമുള്ള ചേരിതിരിവുകളില്‍ മുഖം നോക്കാതെ നടപടിയെടുക്കുക.

7. എംബസികള്‍ ഒരു പൌരന്‍ ആ രാജ്യത്തെത്തിയാല്‍ അയാളുടെ സ്പോണ്‍സര്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ അയാളുടെ ജോലി, താമസം, ഭക്ഷണം തുടങ്ങി വ്യക്തിയുടെ പൂര്‍ണ്ണ സം‍രക്ഷണം ഉറപ്പു നല്‍കുന്നുവെന്ന് കൃത്യമായി അന്വേഷിച്ചറിയുകയും, ഓരോ പ്രവാസിക്കും എംബസിയുടെ എമര്‍ജന്‍സി ഹോട്ട് ലൈന്‍ നമ്പര്‍, തൊഴിലാളിയുടെ ഫോട്ടോ, ഒരു നിശ്ചിത ക്രമനമ്പര്‍ (ഇത് സംസ്ഥാനാധിഷ്ഠിതമായി നല്‍കാം) ഇവയടക്കമുള്ള തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കുകയും ചെയ്യുക. (ഇത് മാന്‍ മിസ്സിംഗ്, അനധികൃത കുടിയേറ്റമടക്കമുള്ള കാര്യങ്ങളീല്‍ സര്‍ക്കാരിന് കൃത്യമായ കണക്കുകള്‍ സൂക്ഷിക്കാനും, പൌരന്മാര്‍ക്ക് സുരക്ഷയും ഉറപ്പാക്കും)

8. ആത്യന്തികമായി രാഷ്ട്രീയ, ഔദ്യോഗിക, മാധ്യമ വിഭാഗങ്ങളിലുള്ളവര്‍ക്ക് ഇക്കാര്യങ്ങളില്‍ ആത്മാര്‍ത്ഥമായ ശ്രദ്ധയുണ്ടായിരിക്കുക.