Tuesday, November 3, 2015

ബി ജെ പിയും സംഘപരിവാറും വർഗ്ഗീയസംഘടനകളാകുന്നതെന്തു കൊണ്ട്

എക്കാലത്തും ഒരു മൂന്നാം മുന്നണിയായി ശക്തിപ്പെടാതെ ബി ജെ പി യെ  നിർത്തേണ്ടത് ഇവിടുത്തെ കോണ്ഗ്രസ് - കമ്യൂണിസ്റ്റ് പാർട്ടികളുടെ ആവശ്യമായിരുന്നു. കാരണം  കോണ്ഗ്രസ് മടുത്താൽ കമ്യൂണിസ്റ്റ് തിരിച്ചും എന്ന മ്യൂച്വൽ ബെനിഫിറ്റ് ബി ജെ പി ശക്തി പ്രാപിച്ചാൽ രണ്ടു കൂട്ടർക്കും ലഭിക്കില്ല. വോട്ട് ചെയ്യുന്ന പൊതുജനത്തിന് മൂന്നാമത് ഒരു ഓപ്ഷൻ കൊടുക്കാതിരിക്കുക എന്നതിന്റെ പിന്നിലെ മനഃശ്ശാസ്ത്രം അതാണ്. അതിന്റെ ഭാഗമായാണ് ബി ജെ പിക്ക് വർഗ്ഗീയമുഖം നൽകി പൊതുസമൂഹത്തെ ഭയപ്പെടുത്തി നിർത്തുന്നതും.

ഇവിടെ വർഗ്ഗീയചിന്തയില്ലാത്ത ഏത് രാഷ്ട്രീയപ്രസ്ഥാനമാണുള്ളത്? വ്യക്തമായ വർഗ്ഗീയബോധത്തോടെയും, മതാടിസ്ഥാനത്തിലും ഭരിക്കുന്ന പാർട്ടിയാണിന്ന് കോണ്‍ഗ്രസ്. ഇക്കഴിഞ്ഞ വർഷങ്ങളിലെ ഉമ്മൻ ചാണ്ടി മന്ത്രിസഭയുടെ നയരൂപരേഖകൾ പരിശോധിച്ചാൽ നമുക്കത് മനസ്സിലാകും. ഒരു മതേതരസംസ്ഥാനമെന്ന് പരക്കെ വിശ്വസിക്കപ്പെടുന്ന കേരളത്തിൽ 'പരിവർത്തിത ക്രൈസ്തവർക്ക്' എന്ന പേരിൽ ബജറ്റിൽ പോലും തുക നീക്കി വച്ച മന്ത്രിസഭ എങ്ങനെ മതേതരമാകും? കോണ്‍ഗ്രസ്സിന് സുവ്യക്തമായ  അജണ്ടയുണ്ടെന്നതിന്റെ ഒരുദാഹരണം മാത്രമാണിത്. ഭരണകക്ഷിയും കൂടിയായ മുസ്ലിം ലീഗാവട്ടെ, പേരിൽ തന്നെ മതവും മതമൂല്യങ്ങളും ചേർത്തു വയ്ക്കുന്നു. ഇനിയുള്ളത് സി പി ഐ എം ആണ്.

തങ്ങളുടെ വർഗ്ഗത്തിൽ പെട്ടവരല്ലാത്ത സകലമാന പേരെയും ഉന്മൂലനം ചെയ്യണമെന്ന സിദ്ധാന്തത്തെ മുറുകെ പിടിക്കുന്നവർ. മതമില്ലെന്നും ജാതിയില്ലെന്നും അവകാശപ്പെടുന്ന ഇക്കൂട്ടരുടെ പാർട്ടി മീറ്റിംഗുകളോ പൊതുസമ്മേളനങ്ങളോ ശ്രദ്ധിക്കുക. ഏറ്റവും കൂടുതൽ വർഗ്ഗീയതയും ജാതിബോധവും ഇളക്കിവിടുന്നത് അവരാണെന്നു കാണാം. മതബോധമോ മതവിശ്വാസമോ തെറ്റല്ല. കെ എം മാണി തന്റെ ബജറ്റിൽ ക്രൈസ്തവർക്കായി ഒരു തുക നീക്കി വച്ചതിൽ കുറ്റമൊന്നുമില്ല. (കോണ്ഗ്രസ്സിന്റെ മതാഭിമുഖ്യം ചൂണ്ടിക്കാണിക്കാൻ സൂചിപ്പിച്ചുവെന്നു മാത്രം) ഈ നാട്ടിലെ മുസൽമാന് വിശുദ്ധനഗരം സന്ദർശിച്ച് ഹജ്ജ് ചെയ്യുവാൻ സബ്സിഡി അനുവദിക്കണമെന്ന് ലീഗ് ആവശ്യപ്പെടുന്നെങ്കിൽ എന്തിന് കുറ്റം പറയണം? അവർ അവരുടെ സമൂഹത്തിനു വേണ്ടി വാദിക്കുന്നു. ഇവിടെ ഗവണ്മെന്റ് അത് ചെയ്തു കൊടുക്കുന്നെങ്കിൽ നല്ലത്. എന്നാൽ മതേതരത്വം അവകാശപ്പെടുന്ന സർക്കാർ എല്ലാവരെയും ഒരേ പോലെ കാണുന്നില്ലെന്നതാണ് പ്രശ്നം. അതവിടെ നിൽക്കട്ടെ.

അങ്ങനെ ഓരോ രാഷ്ട്രീയപ്പാർട്ടിയും തങ്ങളുടെ സിദ്ധാന്തങ്ങൾക്കും  അവകാശങ്ങൾക്കും വേണ്ടി മതം എന്ന പേരുപയോഗിച്ചു തന്നെ വാദിക്കുകയും, നടപടികൾ കൈക്കൊള്ളുകയും നിലകൊള്ളുകയും ചെയ്യുമ്പോൾ, ഭാരതീയ ജനതാപാർട്ടി ഹിന്ദുത്വം എന്നുച്ചരിക്കുന്നതു തന്നെ അപരാധമാവുന്നതെങ്ങനെ? ഇവിടെയാണ് ഈ പാർട്ടികളുടെ ഇരട്ടത്താപ്പും കുത്സിതബുദ്ധിയും തെളിയുന്നത്. സ്വന്തം അവകാശങ്ങൾക്കായി ഭൂരിപക്ഷം വരുന്ന ഹിന്ദുസമൂഹം ഒന്നിച്ചാൽ അവരുടെ താൻപോരിമയും പക്ഷപാതവും ചിലവാകാതെ പോകും എന്ന തിരിച്ചറിവ്.

സി പി എം അഴിച്ചു വിടുന്ന അക്രമരാഷ്ട്രീയവും, അരാജകത്വവും നിയന്ത്രിക്കപ്പെടേണ്ടതും പ്രതിരോധിക്കപ്പെടേണ്ടതുമുണ്ട്. സാധാരണക്കാരനുവേണ്ടി നിലകൊള്ളുന്നുവെന്നവകാശപ്പെടുന്ന പാർട്ടി സാധാരണക്കാരന്റെ സ്വസ്ഥജീവിതത്തിന് വിഘാതം സൃഷ്ടിക്കുക മാത്രമാണ് ചെയ്യുന്നത്. അക്രമം അഴിച്ചു വിടലും, കുടുംബം കലക്കലും, മത-വിശ്വാസഹത്യയും തൊഴിലാക്കിയ ഇക്കൂട്ടരെ വിശ്വസിച്ച് ഭരണം അവർക്ക് ഏൽപ്പിച്ചു കൊടുത്താൽ കന്യകയായ മകളെ ഗോവിന്ദച്ചാമിയുടെ കൂടെ അന്തിക്കൂട്ടിനയക്കുന്നതിനു തുല്യമാവുമത്.

കഴിഞ്ഞ പത്തു വർഷത്തെ കണക്കെടുത്താൽ നാടിന്റെ അഭിവൃദ്ധിയെക്കുറിച്ച്ചിന്തിക്കുകയെങ്കിലും ചെയ്തിട്ടുള്ളത് ഇടതുപക്ഷത്തിൽ സി പി ഐ മാത്രമാണെന്നു പറയാം. അവർക്കാവട്ടെ ഒറ്റയ്ക്ക് ഭരണചക്രം തിരിക്കുവാനുള്ള പ്രാപ്തിയുമില്ല. സി പി എം മുൻകൈ എടുത്ത  സംരംഭങ്ങളെല്ലാം ഒരു സമൂഹത്തെയോ അവരുടെ വിശ്വാസപ്രമാണങ്ങളെയോ സ്വസ്ഥതയെയോ ദ്രോഹിക്കുവാനോ, ഒരു വ്യവസ്ഥിതിയെ തകിടം മറിക്കുവാനോ ഉള്ള ദേശദ്രോഹപരമായ പ്രവർത്തികളല്ലാതെ  മറ്റെന്താണ്? നിഷ്കളങ്കരായ പാർട്ടി അണികൾ അറിഞ്ഞോ അറിയാതെയോ ഇതിൽ പാപഭാഗം പറ്റുന്നു. മനുഷ്യന്റെ സമാധാനപരമായ ജീവിതത്തിന് തുരങ്കം വയ്ക്കാൻ മാത്രമാണ് ഇന്ന് ഇക്കൂട്ടർക്ക് താൽപര്യം.

സ്വജനപക്ഷപാതവും, ഒച്ചിഴയും വേഗത്തിലുള്ള പുരോഗതിയും, അഴിമതിയും എല്ലാമുണ്ടെങ്കിലും അതിലും എത്രയോ ഭേദമാണ് കോണ്ഗ്രസ്... ഇവിടെ ചിന്തിക്കുക. ഒരു ബി ജെ പി അനുഭാവിയാണെങ്കിൽ കൂടി വ്യക്തിപരമായി എനിക്ക് ഓരോരുത്തരോടും പറയാനുള്ളത്, ബി ജെ പിക്ക് വോട്ടു നൽകാൻ നിങ്ങൾക്കു മനസ്സില്ലെങ്കിൽ വേണ്ട. പക്ഷേ നാട് മുച്ചൂടും മുടിക്കുന്ന സി പി ഐ എം എന്ന അക്രമപ്പാർട്ടിക്ക് വോട്ടു ചെയ്യരുതെന്നാണ്.  വീണ്ടും കേരളത്തിൽ കോണ്‍ഗ്രസ്സ് ഭരണം വന്നാൽ പുരോഗതിയൊന്നും .കാര്യമായുണ്ടാവാൻ പോകുന്നില്ല. പക്ഷേ ഈ  നാടു മുടിയില്ല എന്നെങ്കിലും സമാധാനിക്കാം...

No comments: