Tuesday, November 3, 2015

കേരള നിയമസഭയിൽ ഇരിക്കാൻ യോഗ്യനായ ഒരേയൊരാൾ

Published on: March 15, 2015

കേരള നിയമസഭയിൽ ഇരിക്കാൻ യോഗ്യനായ ഒരേയൊരാൾ താനാണെന്ന് ഇന്നൊരിക്കൽ കൂടി തെളിയിച്ചു ശ്രീ ഗണേഷ് കുമാർ. ഒരു സാമാജികന്റെ മിതത്വവും, മാന്യതയും കാത്തു സൂക്ഷിച്ച ഒരേയൊരാൾ അദ്ദേഹം മാത്രമായിരുന്നു.

ഗണേഷ് കുമാറിനെ ആരോപണങ്ങളിൽ (അതേ ആരോപണങ്ങൾ മാത്രം) പെടുത്തി മന്ത്രിസ്ഥാനത്തു നിന്നും ഇറക്കി വിട്ടവരുടെ താൽപര്യങ്ങൾ ചെറുതല്ലായിരുന്നു. അറിഞ്ഞോ അറിയാതെയോ മുതിർന്ന നേതാവും, വിശാലമായ രാഷ്ട്രീയപാരമ്പര്യവുമുള്ള അദ്ദേഹത്തിന്റെ അച്ഛൻ കൂടി അതിനു കൂട്ടു നിന്നു എന്നത് ദുഃഖകരമാണ്‌. പക്ഷേ ഒന്നു ചോദിക്കട്ടേ...

ഇന്നത്തെ അവസ്ഥയിൽ, ഒരു മന്ത്രി, അല്ലെങ്കിൽ എം. എൽ. എ. എന്നത് തീർച്ചയായും ഒരു ഉദ്യോഗം തന്നെയാണ്‌. മാന്യമായ ശമ്പളം, അലവൻസുകൾ, പെൻഷൻ തുടങ്ങിയവ ലഭിക്കുന്ന ഒരു തൊഴിൽ കൂടിയാണ്‌ അത്. ജനപ്രതിനിധി എന്ന ബാദ്ധ്യതയും, പ്രതിബദ്ധതയും കൂടി ഉൾച്ചേരുമ്പോൾ ആ തൊഴിലിന്‌ മഹത്വവും, മൂല്യവും ഉയരുന്നു. ഒപ്പം ഉത്തരവാദിത്വവും.

ആ ഉത്തരവാദിത്വബോധത്തോട്‌ ഇത്ര കണ്ടു നീതി പുലർത്തിയിട്ടുള്ള മറ്റൊരു സാമാജികൻ ഈയടുത്ത കാലത്തെന്നെങ്കിലും കേരളനിയമസഭയുടെ പടികൾ ചവിട്ടിക്കയറിയിട്ടുണ്ടോ?

സരിത, തേക്കടി, മാങ്ങാത്തൊലിയെന്നൊക്കെപ്പറഞ്ഞ് നാടിനു ഗുണം ചെയ്യുന്ന, സത്യസന്ധനായ ഒരുവനെ അപമാനിക്കാവുന്നതിന്റെ പരമാവധി അപമാനിച്ച് ഇറക്കി വിട്ടവർ, അതിനു കുട പിടിച്ചവർ ഒന്നു ചിന്തിക്കുക, സ്വകാര്യ ജീവിതത്തിൽ (ഇനി ചെയ്തെങ്കിൽ തന്നെ) അയാൾ പെണ്ണു പിടിക്കുകയോ, കള്ളു കുടിക്കുകയോ എന്തു വേണമെങ്കിൽ ചെയ്യട്ടെ. ഉത്തരവാദിത്വമുള്ള ഒരു പദവിയിലിരുന്നു കൊണ്ട്‌ ആ പദവിയിൽ നിക്ഷിപ്തമായിരുന്ന കർത്തവ്യത്തിൽ നിന്ന് അദ്ദേഹം പിൻമാറിയിരുന്നോ? ആ പദവി ദുർവ്വിനിയോഗം ചെയ്തിരുന്നോ? രണ്ടുമില്ല. എന്നാൽ സർക്കാരിന്റെ - അഥവാ ജനങ്ങളുടെ - സ്ഥിരം ശമ്പളവും, മറ്റലവൻസുകളും, തുടർന്ന് പെൻഷനും വാങ്ങിക്കൊണ്ട് ജോലി ചെയ്യുന്ന ചീഫ് സെക്രട്ടറിമാർ മുതൽ താഴെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാർ വരെയുള്ളവർ ഇതൊന്നും ചെയ്യുന്നില്ലെന്നുറപ്പാണോ? തന്റെ മുന്നിൽ സ്വന്തം ഭർത്താവിന്റെ മരണാനന്തര ആനുകൂല്യങ്ങൾക്കു കൈ നീട്ടുന്ന വിധവയുടെ മടിക്കുത്തിൽ കയറിപ്പിടിക്കാൻ പോലും മടിയില്ലാത്ത മാന്യന്മാർ ബ്യൂറോക്രസിയുടെ ഭാഗമായിരുന്നിട്ടില്ലേ? അവരൊക്കെ ഗംഭീരമായി സർവ്വീസ്‌ തികച്ച് അടുത്തൂൺ പറ്റി രാജകീയമായി ജീവിതം ആഘോഷിക്കുന്നില്ലേ?

അതൊക്കെ പോട്ടെ, ഇതേ സരിത വിഷയം തന്നെയെടുത്താൽ മേൽപ്പറഞ്ഞ രണ്ടു വിഷയത്തിലും (ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യലും, സ്വന്തം കർത്തവ്യത്തെ വ്യഭിചരിക്കലും) തെറ്റു പ്രവർത്തിച്ചവർ ഇന്നും നമ്മുടെ നിയമസഭയിലില്ലേ? ബഹുമാന്യ നേതാക്കൾ പരസ്ത്രീയുടെ കിടപ്പുമുറിയിലും, എന്തിന്‌, കൂടെ കെട്ടിമറിയുന്ന സചിത്ര വാർത്തകൾ വരെ കണ്ട്‌ മലയാളി അന്തം വിട്ടില്ലേ. അവരൊക്കെ ചോദ്യം ചെയ്യപ്പെട്ടോ? ശിക്ഷിക്കപ്പെട്ടോ? അപമാനിക്കപ്പെട്ടോ? എല്ലാത്തിനും കുട പിടിച്ചവൻ ഇന്നും മുഖ്യമന്ത്രിക്കസേരയിൽ ഇല്ലേ?

പിന്നെന്തിന്‌ ഗണേഷ് കുമാർ വിധിക്കപ്പെട്ടു? ഒറ്റ ഉത്തരമേയുള്ളൂ. സത്യസന്ധതയുടെ പേരിൽ. രണ്ടാമതൊരിക്കൽ നിയമസഭയുടെ മദ്ധ്യത്തിൽ തന്റെ കൈവശമിരുന്ന ഫയലുകൾ ഉയർത്തിക്കാട്ടി, തെളിവുസഹിതം അഴിമതിയെ ഉയർത്തിക്കാട്ടിയപ്പോൾ, അദ്ദേഹത്തിനെതിരെ നടപടിയാവശ്യപ്പെടുകയാണ്‌ ഉത്തരവാദിത്വപ്പെട്ടവർ ചെയ്തത്. ലജ്ജയില്ലാതെ നാം പൗരന്മാരെന്ന കഴുതകൾ അതും കണ്ടു. മിണ്ടാതിരുന്നു.

ആവർത്തിച്ചു പറയട്ടെ, കേരളനിയമസഭയിൽ സത്യസന്ധനായ, ആത്മാർത്ഥതയുള്ള, ജനങ്ങളോടും നാടിനോടും പ്രതിബദ്ധതയുള്ള ആണൊരുത്തനുണ്ടെങ്കിൽ അതു ഗണേഷ് കുമാർ മാത്രമാണ്‌. ആ സത്യം ഇന്നിതാ ഒരിക്കൽക്കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു. സ്നേഹാദരം ശ്രീ ഗണേഷ് കുമാർ...

No comments: