Wednesday, November 4, 2015

KSRTC V/S TNSTC

KSRTC ലാഭകരമല്ലെന്ന് മാറിമാറി വരുന്ന സര്‍ക്കാരുകള്‍ മുറവിളി കൂട്ടുമ്പോള്‍, മിനിമം ബസ് ചാര്‍ജ്ജ് ഓര്‍ഡിനറി ബസുകളില്‍ 7 രൂപയായി നില്‍ക്കുമ്പോള്‍ തൊട്ടയല്‍ സംസ്ഥാനമായ തമിഴ് നാട്ടിലേക്ക് അധികൃതര്‍ ഒന്നു നോക്കുന്നത് നന്നായിരിക്കും. തമിഴ്‌നാട്ടിലെ ഓര്‍ഡിനറി (വൈറ്റ് ബോര്‍ഡുള്ള വണ്ടികള്‍) ബസുകളില്‍ ഇപ്പൊഴും മിനിമം ചാര്‍ജ്ജ് 3 രൂപ മാത്രമാണ്. നമ്മുടെ എക്സ്പ്രസ്സ് വണ്ടികളില്‍ മിനിമം ചാര്‍ജ്ജ് 15 രൂപ ആയിരിക്കുമ്പോള്‍ അവിടത്തെ പച്ച ബോര്‍ഡുള്ള എക്സ്പ്രസ് ബസുകളില്‍ 6 രൂപയോ മറ്റോ ആണ് മിനിമം ചാര്‍ജ്ജ്.

ഇനി ചില വ്യത്യാസങ്ങള്‍

KSRTC മനുഷ്യന്‍ കൈ കാണിച്ചാലും നിര്‍ത്താതെ പോകും. അഥവാ ആരെങ്കിലും കൈ കാണിക്കുന്നതു കണ്ടാല്‍ സ്പീഡ് കൂട്ടും. ആളിറങ്ങേണ്ട സ്റ്റോപ്പില്‍ കയറാന്‍ ആളുണ്ടെങ്കില്‍ അവര്‍ക്ക് ഓടിയെത്താന്‍ കഴിയാത്ത അകലത്തില്‍ കൊണ്ടു നിര്‍ത്തി ആളിറക്കി വിട്ടു പോകും.

ആളെ വിളിച്ചു കയറ്റുക പോയിട്ട് കയറാന്‍ ചെല്ലുന്നവനെക്കൂടി കയറ്റാതിരിക്കാന്‍ നോക്കും

വണ്ടി കണ്ടമാനം റെയിസ് ചെയ്ത് ഓടിക്കുക വഴി ഇന്ധന നഷ്ടം, തേയ്മാനം, അറ്റകുറ്റപ്പണി

ഏതു വലിയ ട്രാഫിക് ജാമിലും വണ്ടി ഓഫ് ചെയ്യില്ല. എത്ര സമയം വേണമെങ്കിലും വണ്ടി ഓണ്‍ ആയി തന്നെ നിര്‍ത്തും.

സര്‍വ്വീസുകള്‍ എത്ര നഷ്ടത്തിലായാലും ഒരു പട്ടിയും ചോദിക്കില്ല. (അങ്ങനെയാരും ചോദിക്കാനുള്ള ലക്ഷണം കാണുന്നില്ല)

വണ്ടികള്‍

ഏതു ഭൂപ്രകൃതിക്കും ഇണങ്ങുന്ന വണ്ടികള്‍. ഏതു കയറ്റവും KSRTC കയറും പോലെ മറ്റൊരു നാട്ടിലെയും ബസ് സര്‍വ്വീസുകള്‍ കയറുമെന്ന് തോന്നുന്നില്ല. (ഇന്ത്യാ മഹാരാജ്യത്തെ 4-5 സംസ്ഥാനങ്ങളിലെ പൊതു വണ്ടികളിലേ ഈയുള്ളവന്‍ കയറിയിട്ടുള്ളൂ)

ധാരാളം വായുസഞ്ചാരമുള്ള ജാലകങ്ങള്‍

കൈകാലുകള്‍ നിവര്‍ത്തി വച്ച് സുഖമായി യാത്ര ചെയ്യാന്‍ കഴിയുന്ന സീറ്റുകള്‍

മിക്ക വണ്ടികളും വൃത്തിയുള്ളവയുമാണ്

അഭ്യസ്തവിദ്യരായ കണ്ടക്ടര്‍മാര്‍ - ഇംഗ്ലീഷും ഒരു പരിധി വരെയെങ്കിലും ഹിന്ദിയും, ഇതര ഭാഷകളും കൈകാര്യം ചെയ്യാനുള്ള കഴിവും മിക്കവര്‍ക്കുമുണ്ട്

TNSTC ആളില്ലെങ്കില്‍ സൂപ്പര്‍ ഡീലക്സ് പോലും കണ്ടിടത്തെല്ലാം നിര്‍ത്തി ആളെ വിളിച്ചു കയറ്റും.

വണ്ടി കാലിക്ക് ഓടിച്ച് സ്റ്റാന്‍ഡില്‍ കൊണ്ടുവന്നാല്‍ ചോദിക്കാനും പറയാനും മുകളില്‍ ആളുണ്ട് (ഒരു സംഭവത്തിനു ഞാന്‍ സാക്ഷിയാണ്)

വണ്ടിയില്‍ ആളെ വിളിച്ചു കയറ്റുന്നതില്‍ ഡ്രൈവര്‍ക്കോ, കണ്ടക്ടര്‍ക്കോ യാതൊരു മാനക്കേടും തോന്നാറില്ല.

ജനങ്ങള്‍ - വണ്ടിയില്‍ കയറിയാല്‍ ഏതു വിധേനയും ടിക്കറ്റ് എടുക്കുക എന്നതാണ് അവരുടെ ആദ്യ പണി

ഏതു പാട്ട വണ്ടിയും ഒരു നിവൃത്തിയുണ്ടെങ്കില്‍ അവര്‍ സര്‍വ്വീസിനിറക്കും

ദീര്‍ഘദൂര സര്‍വ്വീസുകളില്‍ ഡ്രൈവറും കണ്ടക്ടറും മാറിമാറി വണ്ടി ഓടിക്കുകയും ടിക്കറ്റ് കൊടുക്കുകയും ചെയ്യുന്നു.

ഏറിയ ശതമാനം കണ്ടക്ടര്‍മാര്‍ക്കും തമിഴല്ലാതെ ആംഗ്യഭാഷ പോകും വശമില്ല

വണ്ടി റെയിസ് ചെയ്ത് ഓടിക്കുകയേ ഇല്ല. ട്രാഫിക് ജാം ഒരല്പം സമയമെടുക്കുമെന്നു കണ്ടാല്‍ മിക്ക ഡ്രൈവര്‍മാരും അപ്പോള്‍ വണ്ടി ഓഫ് ചെയ്യുന്നു.

വണ്ടികള്‍

സര്‍വ്വത്ര പാട്ടകള്‍

SETC (സ്റ്റേറ്റ് എക്സ്പ്രസ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍) എന്ന മുതലുകള്‍ ആണെങ്കില്‍ പരമാവധി നാല്‍പ്പതു കിലോമീറ്റര്‍ വേഗതയില്‍ കൂടുതല്‍ ഓടുമെന്നു തന്നെ തോന്നുന്നില്ല. (അള്‍ട്രാ ഡീലക്സ് എന്നൊക്കെയാണ് എഴുതി വച്ചേക്കുന്നത്!) അതു വച്ച് അവര്‍ ചെന്നൈയില്‍ നിന്നും, ഊട്ടിയില്‍ നിന്നുമൊക്കെ കേരളത്തിലേക്കും ബാംഗ്ലൂരിലേക്കും, പുതുച്ചേരിയിലേക്കുമൊക്കെ പ്രതിദിന സര്‍വ്വീസുകള്‍ നടത്തുന്നു.

എല്ലാ സര്‍വ്വീസുകളും ലാഭത്തില്‍!

പല ബസുകളിലും കാലു പോലും നേരേ ചൊവ്വേ നിവര്‍ത്തി വയ്ക്കാന്‍ പോലും കഴിയില്ല.

ആന പിടിച്ചാല്‍ അനങ്ങാത്ത ഫൈബര്‍ ഗ്ലാസ്സുകളാണ് ചില ബസുകളുടെ ജനാല. ചിലവയുടേതാവട്ടെ രണ്ടു പ്ലാസ്റ്റിക്ക് കഷണങ്ങളില്‍ താങ്ങി നിര്‍ത്താവുന്ന ഉയര്‍ത്തി വയ്ക്കാവുന്ന ഗ്ലാസ്സുകളും. പ്ലാസ്റ്റിക്ക് ഒടിഞ്ഞോ അതില്‍ നിന്നു വഴുതിയോ അതു താഴെ വീണാല്‍ അവിടെ കൈ വച്ചിരിക്കുന്നവനു പരമ സുഖം (അനുഭവസ്ഥന്‍)

ഇനി ചിന്തിക്കൂ

KSRTC ഗംഭീര നഷ്ടത്തില്‍
തമിഴ്‌നാട്‌ ബസ് സര്‍വ്വീസുകള്‍ ലാഭത്തില്‍

എന്തുകൊണ്ട്?

ചുംബനാഭാസം

Published on: November 5, 2014

സമരം! സമരമെന്ന വാക്കു കേൾക്കുമ്പോൾ പെട്ടെന്ന് മനസ്സിലെത്തുന്നത് ഒരു വശത്ത് നീതിയും, മറുവശത്ത് അനീതിയുമാണ്‌. സമരങ്ങൾ ഒന്നുകിൽ നീതിക്കുവേണ്ടി, അതുമല്ലെങ്കിൽ അനീതിക്കു വേണ്ടിയാണ്‌ എക്കാലത്തും ഉണ്ടായിട്ടുള്ളത്. എന്നാൽ സമരമെന്ന പേരിട്ടുകൊണ്ട് കഴിഞ്ഞ ദിവസം മറൈൻ ഡ്രൈവിൽ അരങ്ങേറിയ ആഭാസത്തെ പ്രസ്തുത പേരിട്ടു വിളിക്കുന്നതിലെ യുക്തിയെന്തെന്ന് ചിന്തിച്ചു പോകുന്നു.

ഇവർ പറയുകയും, പ്രചരിപ്പിക്കുകയും ചെയ്യുന്നതുപോലെ പ്രണയിക്കാനോ, ചുംബിക്കാനോ വേണ്ടിയുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമര... സോറി ആഭാസമേ ആയിരുന്നില്ല അത്. എന്നാൽ അതിന്‌ കാരണമായിപ്പറയുന്ന, ഹോട്ടൽ പ്രശ്നത്തിനെതിരേ നടന്ന ജനരോഷത്തിന്റെ കാര്യകാരണങ്ങളിലേക്ക് ജനശ്രദ്ധ തിരിയാതിരിക്കാനും, കൂടുതൽ അന്വേഷണങ്ങൾ ഉണ്ടാവാതിരിക്കാനും വേണ്ടിയുള്ള ബുദ്ധിപൂർവ്വമുള്ള നീക്കമായിരുന്നില്ലേ അതെന്ന് ന്യായമായും സംശയിക്കുന്നു.

ഇനി അഥവാ ചുംബനസ്വാതന്ത്ര്യം തന്നെയാണ്‌ വിഷയം എന്നിരിക്കട്ടെ, നടുറോഡിൽ ചുംബിക്കാനും, ഭോഗിക്കാനും മറ്റുമുള്ള സ്വാതന്ത്ര്യം തടയപ്പെടേണ്ടത് തന്നെയാണ്‌. ആരും ചെയ്യാത്ത കാര്യങ്ങളൊന്നുമല്ല ഇത്. എന്നാൽ ഓരോന്നിനും അതിന്റേതായ ഇടങ്ങളുണ്ട്. സ്വാതന്ത്ര്യമെന്ന പേരിൽ അവനവന്റെ സ്വന്തം വീടാണെങ്കിൽ കൂടി ആരും സ്വീകരണമുറിയിൽ മലമൂത്രവിസർജ്ജനം ചെയ്യാറില്ലല്ലോ? അച്ഛൻ മകളെ ചുംബിക്കുന്നതു പോലെയോ, സഹോദരൻ സഹോദരിയെ ചുംബിക്കുന്നതു പോലെയോ അല്ലേ ഇത് എന്നു ചോദിക്കുന്നവരോട്, അവരിടെ അച്ഛനമ്മമാർ അവരുടെ മുൻപിൽ വച്ചും പൊതു നിരത്തിൽ വച്ചും ചുംബിക്കാറുണ്ടോ എന്ന് മറു ചോദ്യം ചോദിക്കുകയേ നിവൃത്തിയുള്ളൂ.

ചില അലവലാതി പെണ്ണുമ്പിള്ളമാരും, അധഃപ്പതിച്ച കുടിയന്മാരുമുണ്ട്, തങ്ങളുടെ പ്രവർത്തിയെ ആരെങ്കിലും വിമർശിക്കാനിടയായാൽ, ഒന്നുകിൽ തുണി പൊക്കി കാണിക്കും, അല്ലെങ്കിൽ തെറി വിളിക്കും. ഈ അവസരങ്ങളിൽ മാന്യന്മാർ അവരെ അവരുടെ വഴിക്കു വിട്ടിട്ട് സ്ഥലം കാലിയാക്കുകയാണ്‌ പതിവ്‌. ഈ ചുംബന ആഭാസത്തിനു പിന്നിലെ മനഃശ്ശാസ്ത്രവും മറ്റൊന്നല്ല. കിട്ടിയ അവസരം മുതലാക്കിക്കളയാമെന്ന് ഞരമ്പുരോഗികളും, തൊലിയുടെ സ്ഥാനത്ത് ഒട്ടുപാലും, സർവ്വോപരി കാര്യമായ സാംസ്കാരികവൈകല്യം ബാധിച്ചവരുമായ കുറേയെണ്ണം തീരുമാനിക്കുക കൂടി ചെയ്തപ്പോൾ കേരളം കണ്ട ഏറ്റവും വലിയ ആഭാസനാടകത്തിന്‌ വേദിയാകുവാനുള്ള ദുർവ്വിധി മറൈൻ ഡ്രൈവിനെ തേടിയെത്തി.

ഒരു തൊഴിലുമില്ലാത്ത, അടക്കിപ്പിടിച്ച വൈകൃതഭാവനകളുടെ വിഷപാതവും മനസ്സിൽ പേറി നടക്കുന്ന കുറേയെണ്ണം അതിന്‌ ചൂട്ടുപിടിക്കാനും, പ്രസംഗം നടത്താനും കൂടി മുൻപോട്ടു വന്നപ്പോൾ മാധ്യമങ്ങൾക്ക് രണ്ടു ദിവസത്തേക്ക് പേജ് നിറയ്ക്കാൻ മറ്റ് അമേദ്ധ്യങ്ങൾ ചികയാതെ കഴിക്കാൻ പറ്റി.

ഇത്തരം ആഭാസങ്ങളെ പിൻതാങ്ങിക്കൊണ്ട് മുൻപോട്ടു വരുന്ന രാഷ്ട്രീയ-സാമൂഹിക നേതാക്കന്മാരെ സൂക്ഷിക്കേണ്ടതുണ്ട്. ഒരു യുവനേതാവ്‌ (ഈ യുവാവിന്‌ പത്തു നാല്പ്പതു വയസ്സു കഴിഞ്ഞു കാണും - എന്നാലും ആളെ മനസ്സിലാകാൻ പറഞ്ഞെന്നേയുള്ളൂ) ഇതിനേച്ചൊല്ലി അസഹനീയമായ വേദനയുമായി കഴിയുകയാണെന്നു കേട്ടു. ഇങ്ങനെയുള്ളവർക്ക് വോട്ട് നല്കി ജയിപ്പിക്കുന്ന പൊതുജനത്തെ കഴുതയെന്നു വിളിക്കുന്നതിൽ യാതൊരു തെറ്റുമില്ല. കഴുതകൾ പോലും അനുഭവം കൊണ്ട് പഠിക്കും.

ഹോട്ടൽ തുടങ്ങുന്നത് ആഹാരം നല്കാനാണ്‌. അല്ലാതെ കാമുകീകാമുകന്മാരുടെ അശ്ലീലഭാവനകൾക്ക് കുട ചൂടിക്കാനല്ല. അങ്ങനെയുള്ളവർക്ക് ലൈസൻസോടെ വ്യഭിചാരശാലകൾ നടത്താൻ പറ്റുന്ന ഏതെങ്കിലും രാജ്യത്തോട്ട് കുടിയേറാവുന്നതാണ്‌. കേരളം അതിനുള്ള ഇടമല്ല.

ആഭാസൻ അദ്ധ്യാപകനാവുമ്പോൾ...

Published on: November 14, 2014

സ്വജനപക്ഷപാതം ചില പരിധികൾക്കുള്ളിൽ നല്ലതാണ്‌. അതിന്റെ ആത്യന്തികമായ അടിസ്ഥാനം നന്മയാവണമെന്നും, സത്യത്തിൽ വേരൂന്നിയതാവണമെന്നും മാത്രം. സത്യത്തിന്റെ സമാന്തരപാതയിൽ അല്ലെങ്കിൽ അധർമ്മത്തിന്റെ കടന്നാക്രമണങ്ങളിൽ സ്വജനങ്ങൾക്കു വേണ്ടി നിലകൊള്ളുന്നത്‌ ധാർമ്മികതയാണെന്നു ഞാൻ വിശ്വസിക്കുന്നു. എന്നാൽ അധർമ്മിയായവൻ സ്വജനമെങ്കിൽ പോലും അവരെ സത്യത്തിന്റെ ദണ്ഡായുധം കൊണ്ടു നേരിടാൻ നാം പ്രതിജ്ഞാബദ്ധരാവേണ്ടതുണ്ട്‌. അത്തരം ധാർമ്മികബോധവും സത്യത്തിനു വേണ്ടി നിലകൊള്ളാനുള്ള ആർജ്ജവവും ഒരുവനുണ്ടാകുന്നില്ലയെങ്കിൽ അവൻ നേടിയെടുക്കുന്ന വിദ്യാഭ്യാസവും, അനുഭവജ്ഞാനവും കേവലം പാഴ്‌വേല മാത്രമാണ്‌.

ഇത്രയും പറഞ്ഞത്‌ കഴിഞ്ഞ ദിവസം എന്റെ ഒരു സഹപാഠിനിയുടെ അനുഭവക്കുറിപ്പിലൂടെ ലജ്ജാപൂർവ്വം കടന്നു പോവേണ്ടി വന്നതിനാലാണ്‌. (https:www.facebook.com/rekshma.arunkumar/posts/676696942445994?comment_id=677845565664465&offset=0&total_comments=6&ref=notif&notif_t=feed_comment_reply)

ഞാനടക്കമുള്ള യുവതലമുറയോടൊത്ത്‌ ഒന്നാം ക്ളാസ്‌ മുതൽ പഠിച്ചു വന്ന സഹോദരിമാർ. എഴുപതിനു മുകളിൽ വിദ്യാർത്ഥികളുണ്ടായിരുന്ന ഞങ്ങളുടെ ക്ലാസ്മുറിയിൽ നിന്നും പഠിക്കണമെന്ന അദമ്യമായ ആഗ്രഹത്തോടെ  റോഡോ വാഹനമോ പോലും എത്തി നോക്കിയിട്ടില്ലാത്ത എന്റെ ഗ്രാമത്തിലെ മൺവഴികളിലൂടെ തീർത്ഥയാത്ര ചെയ്തവരാണവർ. കേവലം പത്തിൽ താഴെ മാത്രം സംഖ്യ വരുന്ന പെൺകുട്ടികൾ! രണ്ടു വഴിക്കുമായി ഏഴു കിലോമീറ്ററോളമുള്ള ആ യാത്ര അവരുടെ ആഗ്രഹത്തിനു മുന്നിൽ ലളിതമായിരുന്നെങ്കിലും പെൺകുട്ടികളുടെ പരിമിതികളും സാഹചര്യങ്ങളും പരിഗണിക്കുമ്പോൾ അതത്ര നിസ്സാരമെന്നു കരുതുക വയ്യ.

അറിവിന്റെ വിലയറിയുന്നവർക്ക്‌ ആദരവും, അഭിമാനവും തോന്നുന്ന അവരുടെ സഞ്ചാരപഥങ്ങളിൽ വളർന്നു വന്ന വിഷമുള്ളിനെ നാം തിരിച്ചറിയേണ്ടതുണ്ട്‌. ഏത്‌ അദൃശ്യനിയമത്തിന്റെ സൗജന്യമാണ്‌ ഇത്തരം മുൾപ്പടർപ്പുകൾക്ക്‌ സ്വസ്ഥവും സുരക്ഷിതവുമായി വളരാൻ സഹായിക്കുന്ന നീർച്ചാലാവുന്നത്‌?

ഇത്‌ കാവാലം എന്ന ഒരു ചെറിയ ഗ്രാമത്തിലെ പെൺകുട്ടികൾ മാത്രം നേരിടുന്ന അവസ്ഥാവിശേഷമല്ല. തങ്ങളുടെ സ്വസ്ഥസഞ്ചാരങ്ങൾക്കു വിഘാതം സൃഷ്ടിക്കുന്ന ഇത്തരം വിഷച്ചെടികളെ തട്ടിമാറ്റാനല്ലാതെ അവയെ വെട്ടി നീക്കാൻ കഴിയാത്ത ദൗർബല്യത്തിനു കാരണമായ ഭീതി, പരിഷ്കൃതരെന്നവകാശപ്പെടുന്ന നമ്മുടെ സമൂഹം അവരിൽ അടിച്ചേൽപ്പിക്കുന്നതാണ്‌.

അനീതിക്കു നേരേ ഉയരുന്ന പെൺസ്വരങ്ങളെ കപടസദാചാരത്തിന്റെ മര്യാദാപാഠങ്ങൾ കൊണ്ടോ, പുരുഷമേൽക്കോയ്മയുടെ ഇരുമ്പുലക്കകൊണ്ടോ നേരിടുന്നത്‌ ഒരു പരിഷ്കൃതസമൂഹത്തിന്‌ അങ്ങേയറ്റം ലജ്ജാകരമാണ്‌. ജീവിത യാത്രയിൽ പല ദേശങ്ങളിലും സഞ്ചരിക്കാൻ ഇടയായിട്ടുണ്ട്‌. നീതിക്കു വേണ്ടി ശബ്ദിക്കുന്ന സ്ത്രീകളെ പുരുഷന്മാരോടൊപ്പം ഒരു പക്ഷേ അവരേക്കാൾ ഉപരിയായി സ്ത്രീകളും ചേർന്ന്‌ ഒറ്റപ്പെടുത്തുന്ന പ്രവണത കേരളത്തിൽ മാത്രമേ എനിക്കു കാണാൻ സാധിച്ചിട്ടുള്ളൂ. ബസ്സിലായാലും, പൊതു സ്ഥലങ്ങളിലായാലും ‘പെണ്ണ്‌ മിണ്ടരുത്‌’ എന്ന അലിഖിത നിയമം അവളുടെ ആത്മാഭിമാനത്തിനു നേരേ ചോദ്യച്ചിഹ്നമായി വർത്തിക്കുമ്പോൾ സമൂഹത്തിന്‌ തീരാക്കളങ്കം തീർത്തു കൊണ്ട്‌ സമർത്ഥമായി രക്ഷപ്പെടുന്നത്‌ നാളെ ഓരോ മകൾക്കും ഭീഷണിയായേക്കാവുന്ന ക്രിമിനലുകളാണ്‌. അത്‌ സത്യസന്ധതയുടെയും, ധർമ്മത്തിന്റെയും കാവൽക്കാരനാവേണ്ട അദ്ധ്യാപകൻ കൂടിയാകുമ്പോൾ പുഴുക്കുത്തേറ്റ നമ്മുടെ വ്യവസ്ഥിതിയെ ഉടച്ചു വാർക്കേണ്ട കാലം അതിക്രമിചിരിക്കുന്നു എന്ന്‌ ഉൾക്കിടിലത്തോടെ നാം തിരിച്ചറിയേണ്ടതുണ്ട്‌.

അദ്ധ്യാപനം എന്ന പുണ്യകർമ്മം, അതിന്റെ പവിത്രതയോടെ സംരക്ഷിക്കാൻ കഴിയാത്തവൻ, ഏതു ദൗർബല്യത്തിന്റെ മനഃശ്ശാസ്ത്രത്തിനും ന്യായീകരിക്കാൻ കഴിയാത്ത നീച വികാരങ്ങളെ മനസ്സിൽ താലോലിച്ചു കൊണ്ട്‌ വിദ്യാലയമെന്ന മഹാക്ഷേത്രത്തിൽ കാലെടുത്തു വയ്ക്കുമ്പോൾ കളങ്കപ്പെട്ടു പോവുന്നത്‌ പ്രൗഢമായ ഒരു സംസ്കാരത്തിന്റെയും, ആചാര്യദേവോ ഭവഃ എന്ന്‌ ഓരോ ഭാരതീയനും ഭക്തിയോടെ ആദരിക്കുന്ന ഒരു മഹാസിംഹാസനത്തിന്റെയും, സർവ്വോപരി അവരുടെ മുഖത്തേക്ക്‌ പ്രതീക്ഷയോടെ, ആരാധനയോടെ, നിഷ്കളങ്കമായ സ്നേഹത്തോടെ ഉറ്റു നോക്കുന്ന ഓരോ വിദ്യാർത്ഥിയുടെയും മാനസികവിശുദ്ധിയുടെയും പവിത്രതയാണ്‌. ഒരു യോഗിയുടെ മാനസിക വിശുദ്ധിയോടെ അനുഷ്ഠിക്കേണ്ട ഈ സൽക്കർമ്മത്തെ ഉള്ളിലെരിയുന്ന കാമാർത്തിയുടെ കനലുമായി, കേവലം ധനസമ്പാദനമെന്നോ, മറ്റേതെങ്കിലും സ്വാർത്ഥലാഭത്തിനു വേണ്ടിയെന്നോ കരുതി ചെയ്യുന്നവൻ ഒരിക്കലും ആ സ്ഥാനത്തിനർഹനല്ല. തോട്ടിപ്പണിക്കു പോകുന്നതാണ്‌ ഇവനൊക്കെ അഭികാമ്യം. (ആ തൊഴിൽ ചെയ്തു ജീവിക്കുന്ന നല്ല മനുഷ്യരെ ഉദ്ദേശിച്ചല്ല പറഞ്ഞത്‌)

മേൽസൂചിപ്പിച്ച ലേഖനത്തിൽ പരാമർശിച്ച വ്യക്തിയാരെന്ന്‌ വ്യക്തമായി മനസ്സിലാക്കിക്കൊണ്ടു തന്നെ പറയട്ടെ, അദ്ധ്യാപനവൃത്തിക്ക്‌ ഏതർത്ഥത്തിലും അനർഹനായ വ്യക്തിയാണയാളെന്നത്‌ എന്റെ കൂടി അനുഭവമാണ്‌. സത്യത്തിന്റെ ലജ്ജാകരമായ വൈകൃതം കൂടുതൽ തുറന്നെഴുതുന്നതിൽ നിന്നും എന്നെ കുറ്റബോധത്തോടെ പിൻതിരിപ്പിക്കുന്നു. എങ്കിലും ഏതൊരാളുടെയും അനുഭവസാക്ഷ്യത്തിനു പോരാതെ വരുന്ന അഥവാ ഉപോൽബലകമായ പിൻബലം നൽകുവാൻ ഞാൻ പ്രതിജ്ഞാപൂർവ്വം സന്നദ്ധനാണ്‌. കാരണം പ്രതിഭാധനന്മാരായ മഹാദ്ധ്യാപകരുടെ ജന്മം കൊണ്ട്‌ സമ്പന്നമായ ഒരു കുടുംബത്തിലെ ഇളം തലമുറയാണ്‌ ഞാൻ. ഋഷിതുല്യരായ ധാരാളം അദ്ധ്യാപകരുടെ അഗാധമായ പാണ്ഡിത്യത്തിൽ നിന്നുതിർന്ന വാഗ്ദ്ധോരണിയിൽ സ്വയമലിഞ്ഞിരിക്കാൻ ഭാഗ്യം സിദ്ധിച്ച ഒരു വിദ്യാർത്ഥിയാണ്‌ ഞാൻ. അദ്ധ്യാപകൻ എന്ന ആ വിശേഷണത്തിൽ ഒരു അസുരജന്മം നികൃഷ്ടഭാവനകളുടെ വിഷപാതവും വഹിച്ചുകൊണ്ട്‌ വിദ്യാർത്ഥികളെ അഭിമുഖീകരിക്കുകയും, സമൂഹത്തിൽ മാന്യനായി അഭിനയിക്കുകയും ചെയ്യുമ്പോൾ അനുഭാവപൂർവ്വം കണ്ണടച്ചാൽ അത്‌ ഗുരുനിന്ദ കൂടി ആയിപ്പോകുമെന്ന്‌ ഞാൻ വിശ്വസിക്കുന്നു.

അജ്ഞാനതിമിരാന്ധസ്യ
ജ്ഞാനാഞ്ജനശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേ നമഃ

അജ്ഞാനതിമിരം ബാധിച്ചവന്റെ കണ്ണിൽ ജ്ഞാനമാകുന്ന അജ്ഞനമെഴുതി അവന്റെ ബുദ്ധിയെ പ്രകാശമാനമാക്കുന്നവനാണ്‌ ഗുരു. അങ്ങനെയുള്ള ഗുരുവിനെ (അങ്ങനെയുള്ളവരെ മാത്രം) ഞാൻ നമിക്കുന്നു.

ശ്രോത്രിയോ/വൃജിനോ/കാമ-
ഹതോ യോ ബ്രഹ്മ വിത്തമഃ
ബ്രഹ്മണ്യുപരതശ്ശാന്തോ
നിരിന്ധന ഇവാനലഃ
അഹേതുകദയാസിന്ധുർ
ബന്ധുരാനമതാം സതാം (വിവേകചൂഡാമണി)

ഉപനിഷത്തുകൾ പഠിച്ചവനും, പാപരഹിതനും, ആഗ്രഹമുക്തി വന്നവനും, ബ്രഹ്മത്തിൽ -ഈശ്വരനിൽ - ലീനമായ മനസ്സുള്ളവനും, എരിഞ്ഞടങ്ങിയ കനൽ പോലെ ശാന്തനും, അഹേതുകമായ ദയയ്ക്ക്‌ ഇരിപ്പിടമായുള്ളവനും, സജ്ജനങ്ങൾക്ക്‌ ഉത്തമ ബന്ധുവുമായിരിക്കണം ഗുരു.... ഇത്‌ വേദാചാര്യന്മാരുടെ കാര്യത്തിൽ മാത്രമല്ല എല്ലാ അദ്ധ്യാപകർക്കും ബാധകമാണ്‌.

ആചിനോതി ച ശാസ്ത്രാർത്ഥം
ആചാരേ സ്ഥാപയത്യപി
സ്വയമാചരതേ യസ്മാ-
ദാചാര്യസ്തേന ചോച്യതേ

ശാസ്ത്രാർത്ഥങ്ങളെ സ്വരൂപിച്ചു കാട്ടുന്നവനും, അവയ്ക്കനുഗുണങ്ങളായ ശീലങ്ങളിൽ ശിഷ്യന്മാരെ ശീലിപ്പിച്ചുറപ്പിക്കുന്നവനും, സ്വയം അതാചരിക്കുന്നവനും ആരോ അവൻ മാത്രമാണ്‌ ആചാര്യൻ എന്ന സ്ഥാനത്തിനർഹൻ.

സത്യമേവ ജയതേ

റെയിൽവേ...

Published on: November 30, 2014

റെയിൽവേ സൗകര്യങ്ങൾ വർദ്ധിപ്പിച്ചു കൊണ്ട് റെയിൽവേ സ്വകാര്യവൽക്കരിച്ചാൽ, അടിസ്ഥാന സൗകര്യങ്ങൾക്കുള്ള ചിലവുകൾ സാധാരണക്കാരന്‌ താങ്ങാനാവുമോ എന്നത് ഒരു ആശങ്കയാണ്‌. ഇപ്പോൾ തന്നെ പലയിടത്തും പല രീതിയിലാണ്‌. ഉദാഹരണം, ശൗചാലയങ്ങൾ. ഉപയോഗിക്കുന്നതിന്‌ എഴുതി വച്ചിരിക്കുന്ന (റെയിൽവേ നിശ്ചയിരിക്കുന്നത്) തുകയല്ല പല സ്ഥലങ്ങളിലും വാങ്ങുന്നത്. കോൺട്രാക്റ്റ് എടുക്കുന്നവൻ ഒരു ജീവനക്കാരനെ കാവലിരുത്തി, വൈകുന്നേരം നിശ്ചിത തുക തന്നേക്കണം എന്ന് അന്ത്യശാസനവും നല്കി പോയാൽ, പാവം ജീവനക്കാരൻ എന്തു ചെയ്യും? തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലെ ജീവനക്കാരൻ പറഞ്ഞത് ദിവസം എന്തു ചെയ്താലും 1000 രൂപ മുതലാളിക്കു കൊടുക്കണമെന്ന്. അതിനും പുറമേ അയാളുടെ ശമ്പളവും സമ്പാദിക്കണം.

അതു പോലെ കുടിവെള്ളം. കേരളത്തിൽ മാത്രമാണ്‌ കുടിവെള്ളത്തിന്‌ പ്രിന്റഡ് വില ഈടാക്കുന്നതു കണ്ടിട്ടുള്ളത്. അയൽ സംസ്ഥാനങ്ങളിൽ പ്രത്യേകിച്ചു തമിഴ് നാട്ടിൽ ഇരുപതു രൂപയിൽ കുറച്ച് പതിനഞ്ചു രൂപ മാക്സിമം റീട്ടെയിൽ പ്രൈസ് ഉള്ള കുടിവെള്ളം കിട്ടില്ല. ഈ പകൽക്കൊള്ളയ്ക്കെതിരെ പല തവണ സ്വരമുയർത്തേണ്ടി വന്നിട്ടുണ്ട്. അഞ്ചു രൂപയല്ല, പച്ചയായ അനീതിയും മുതലെടുപ്പുമാണ്‌ പ്രശ്നം. റെയിൽവേ സ്വകാര്യവൽകരിച്ചാൽ ഒരു പക്ഷേ ഇത്തരം ചെറുകിട കച്ചവടങ്ങൾ നിന്നെന്നു തന്നെയും വരാം. ഒപ്പം സാധനങ്ങൾക്ക് ഏകീകൃതമെങ്കിലും വളരെ ഉയർന്ന വില നൽകേണ്ടി വരുമെന്ന് നാം ആശങ്കപ്പെടേണ്ടതുണ്ട്. 20 രൂപ വിലയുള്ള ഒരു സോഫ്റ്റ് ഡ്രിങ്കിന്‌ എയർപോർട്ടിൽ നൽകേണ്ട വില അറുപതോ അതിനു മുകളിലോ ആണ്‌. (ഇത് അനുവദിച്ചു കൊടുക്കുന്ന നിയമം ഏതായാലും അത് സാധാരണക്കാരനോട് അനീതി തന്നെയാണ്‌ ചെയ്യുന്നത്)

ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാസ്ഥാപനവും, കുത്തനെ കൂട്ടിക്കൊണ്ടിരിക്കുന്ന ബസ് ചാർജ്ജ് വർദ്ധനയിൽ നിന്ന് സാധാരണക്കാരന്റെ ആകെ ആശ്രയവുമായ റെയിൽ യാത്രാസംവിധാനത്തിൽ അഴിച്ചു പണി നടത്തുമ്പോൾ ഇത്തരം അടിസ്ഥാനകാര്യങ്ങളിൽ കർശനമായ നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാരിനു കഴിയാത്ത പക്ഷം ജനം വലയും എന്നതിൽ സംശയം വേണ്ട.

എന്നാൽ കാലാനുസൃതമായ മാറ്റങ്ങളെ നാം സ്വാഗതം ചെയ്യേണ്ടതുണ്ട്. ചൂഷണങ്ങളെ പ്രതിരോധിക്കാനുള്ള ആർജ്ജവം പലപ്പോഴും നാം കാണിക്കാറില്ലെന്നത് ഒരു ദുഃഖസത്യമാണ്‌. കയറ്റിറക്കു നിരക്കുകളിൽ പോലും ഒരു ഏകീകൃത വ്യവസ്ഥ സംസ്ഥാനത്തിനകത്തു പോലുമില്ലെന്നത് ഒരു ദുഃഖസത്യമാണ്‌. എല്ലാവർക്കും ഒരു പോലെ വാചകമടിച്ചും, വില പേശിയും തുക കുറക്കാനുള്ള കഴിവും സാമർത്ഥ്യവുമില്ലെന്നിരിക്കേ, ഒരു ട്രോളിക്ക് ഇത്ര ഒരു കെട്ടിന്‌  ഇത്ര എന്നൊക്കെ എഴുതി വയ്ക്കാതെ അതിന്‌ ഒരു ഉദ്യോഗസ്ഥനെ തന്നെ നിയമിക്കുകയോ, സ്റ്റേഷനിൽ ഡ്യൂട്ടിയിലുള്ള പോലീസ്‌ ഉദ്യോഗസ്ഥരെ തൂക്കത്തിന്‌ ആനുപാതികമായി പണം സ്വീകരിച്ച് സാധനം കയറ്റി ഇറക്കാൻ അധികാരപ്പെടുത്തുകയും അതിന്‌ ലിഖിതമായ ഒരു വ്യവസ്ഥ ഉണ്ടാക്കി പ്രദർശിപ്പിക്കുകയും, അത് കമ്പ്യൂട്ടർ വഴി നടപ്പാക്കുകയും (തൂക്കം. തുക എന്നിവയടക്കം) ചെയ്യാൻ സാധിച്ചാൽ അത് ജീവിതത്തിന്റെ കെട്ടുഭാണ്ഡങ്ങളും ചുമന്ന് നെട്ടോട്ടമോടുന്ന സാധാരണക്കാരന്‌ വലിയൊരു ആശ്വാസമാവും. (പ്രീ പെയ്ഡ് ഓട്ടോ സംവിധാനം മാതൃകയാക്കാവുന്നതാണ്‌. എന്നാൽ അവിടെ പലയിടങ്ങളിലും -ഉദാഹരണം ചെന്നൈ- നടക്കുന്ന ഒത്തുകളി തടയപ്പെടാൻ ഉന്നത അധികാരികൾ ശ്രദ്ധിക്കുകയും വേണം), പരിസര ശുചിത്വം, ഭക്ഷണങ്ങളുടെ നിലവാരവും, ശുചിത്വവും, സുരക്ഷ തുടങ്ങിയ കാര്യങ്ങളിലും ശ്രദ്ധ ചെലുത്തേണ്ടതാണ്‌. കമ്പാർട്ട്മെന്റിൽ മദ്യപിച്ചിട്ടു കയറുന്നതും, പുക വലിക്കുന്നതും അന്വേഷിക്കേണ്ട ചുമതല ഞങ്ങൾക്കില്ല എന്നാണ്‌ കഴിഞ്ഞ റിപ്പബ്ളിക് ദിനത്തിൽ ‘ഗാന്ധി’ എന്നു പേരുള്ള ഒരു പോലീസ് എ എസ് ഐ തിരുവനന്തപുരം ചെന്നൈ വണ്ടിയിൽ ഞങ്ങളോട് പറഞ്ഞത് ! പരാതിപ്പെട്ടാൽ വാദി പ്രതിയാവുകയേ ഉള്ളൂ. എന്നിട്ടും ഗാന്ധി എന്ന പേരിൽ റിപ്പബ്ളിക് ദിനത്തിൽ തന്നെ ഒരുത്തൻ ഈ വർത്തമാനം പറഞ്ഞത് അങ്ങു ഡെൽഹി വരെ എഴുതി അറിയിച്ചിട്ടും ഒരു സാറന്മാരും പ്രതികരിച്ചില്ല എന്നത് ഒരു അത്ഭുതമേയല്ല. ഇത്തരം കയറൂരി നടക്കുന്ന ഉദ്യോഗസ്ഥരെയും നിലക്കു നിർത്താൻ സർക്കാരിനു കഴിയണം. അല്ലാത്തിടത്തോളം ഹൈ ടെക് റെയിൽവേ സ്റ്റേഷനുകൾ ഹൈടെക് ചൂഷണത്തിനു വേദിയാകാനുള്ള സാദ്ധ്യത വളരെ വളരെ കൂടുതലാണ്‌...

NB: ഇനിയിപ്പോ പ്രധാനമന്ത്രി വന്ന് റെയിൽവേയുടെ കക്കൂസിനു കാവലിരിക്കണമെന്ന് കൂടി പറഞ്ഞേക്കരുത്. ഇതൊക്കെ നോക്കിയും കണ്ടും നടപ്പാക്കാനാണ്‌ ജനം ശമ്പളം കൊടുത്ത് ഉദ്യോഗസ്ഥന്മാരെ വച്ചിരിക്കുന്നത്...

Tuesday, November 3, 2015

റിപ്പോർട്ടർക്ക്

Published on: December 9, 2014
വർഷങ്ങൾക്കു മുൻപേ , എല്ലുന്തിയ തന്റെ മാറോടടക്കിപ്പിടിച്ച ഒരു ഗ്രന്ഥം പകർന്നു നൽകിയ സത്യദീക്ഷയും ആത്മവിശ്വാസവുമായി ഒരു ദരിദ്രനാരായണൻ ഭാരതജനതയെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ചു . റിപ്പോർട്ടർ  അടക്കമുള്ള കൂലിപ്രസംഗകർക്ക്  ചാരിത്ര്യപ്രസംഗം നടത്താനുള്ള സ്വാതന്ത്ര്യം പോലും ആ  സ്വാതന്ത്ര്യത്തിന്റെ  ഔദാര്യമാണ്. ആ അർദ്ധനഗ്നനായ ഫക്കീറിനെ വഴിനടത്തിയ സത്യപ്രകാശമാണ്  ഭഗവദ്ഗീത. ലോകം കണ്ടതിൽ വച്ച് ഏറ്റവും സമഗ്രവും യുക്തിഭദ്രവുമായ സെൽഫ് മാനേജ്‌മെന്റ് സയൻസ്. വിവരക്കേടിൽ നിന്നുണ്ടായ സംശയമാണ് ഭഗവദ്ഗീത ആരുടെ വിശുദ്ധഗ്രന്ഥം ആണെന്ന് റിപ്പോർട്ടർ ചാനലിനെക്കൊണ്ട് ചോദിപ്പിച്ചതെങ്കിൽ ഈ മറുപടി കൊണ്ട്  തൃപ്തിപ്പെട്ടു കൊള്ളുക.  ധാർഷ്ട്യം കൊണ്ടുള്ള ചോദ്യമാണെങ്കിൽ, തന്റെയൊന്നും ചോദ്യങ്ങൾക്ക് വില കൽപ്പിക്കേണ്ട ബാദ്ധ്യത ഭാരതജനതക്കില്ല.  അതിനു തക്ക വളർച്ച ബൗദ്ധികമായും സാങ്കേതികമായും കൈവരിച്ചതിനു ശേഷം ഇത്തരം ഭാരിച്ച വിഷയങ്ങളിൽ തലയിട്ടാൽ മതി. അതുവരെ ചുംബനവും, വ്യഭിചാരവുമൊക്കെ റിപ്പോർട്ട് ചെയ്ത് ആത്മരതിയടയാനുള്ള നിങ്ങളുടെ സർഗ്ഗവൈഭവത്തെ പരിപോഷിപ്പിച്ച് ഉദരപൂരണം നടത്തി ജീവിക്കുക. മനസ്സിലായോ?

ഗാന്ധിജിയും കാമഭ്രാന്തന്മാരും!

ഗാന്ധിജി സമരം ചെയ്തില്ലേ? പിന്നെന്തുകൊണ്ട് ഞങ്ങൾക്കുമായിക്കൂടാ... പൊതുസ്ഥലത്ത് സമരമെന്ന പേരും പറഞ്ഞ് ആഭാസവൃത്തി ചെയ്ത് അതിൽ ആനന്ദം കണ്ടെത്തി കഴിയുന്ന കുറേ ജന്മങ്ങളുടെ ചോദ്യമാണ്‌.

ഗാന്ധിജിയും കാമഭ്രാന്തന്മാരും!
ഒരു ജനതയുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള തീവ്രാഭിലാഷവും, അതിനു വേണ്ടി ഒരു തപസ്യയെന്ന പോലെ അനുഷ്ഠിച്ച മഹാത്യാഗത്തോടൊപ്പം, പൊതുസ്ഥലത്തും അല്ലാതെയും സ്വാർത്ഥലാഭത്തിനു വേണ്ടിയും, കാമപൂരണത്തിനു വേണ്ടിയും, സ്വന്തം രതികാംക്ഷകളുടെ ക്ഷണികശാന്തിക്കായി തോന്നുന്നിടത്ത് വച്ച്‌ തോന്നുന്നതു ചെയ്യാനുള്ള (പട്ടികൾ യാത്ര ചെയ്യുന്നിടത്തെല്ലാം മൂത്രവിസർജ്ജനം ചെയ്യുന്നതു പോലെ > ഈ ഉപമ പട്ടികൾ വായിക്കില്ലാത്തതു കൊണ്ട് എനിക്കു കടി കിട്ടില്ല ഉറപ്പ്)സമരാഭാസം ചേർത്തു വച്ചിട്ട് ഞങ്ങളും ഗാന്ധിമാർഗ്ഗത്തിലാണെന്ന്... എങ്ങനെയുണ്ട് ചേരും പടി?

ഗാന്ധിജി നയിച്ച ഒരു സത്യാഗ്രഹത്തിന്റെയെങ്കിലും ചരിത്രമോ, പൊരുളോ, സത്യദീക്ഷയോ, ധർമ്മ നിഷ്ഠയോ, നീതി ബോധമോ, ആദർശ വിശുദ്ധിയോ, സമർപ്പണ ബോധമോ, പ്രതിപക്ഷ ബഹുമാനമോ എന്തെന്ന് കേട്ടുകേൾവിയെങ്കിലും ഉള്ളവർക്ക് ഇത്തരമൊരു താരതമ്യത്തിന്‌ നാവുയരില്ല. എന്റെ സത്യാന്വേഷണ പരീക്ഷണകഥയെന്ന അദ്ദേഹത്തിന്റെ ആത്മകഥ ആ ജീവിതത്തിന്റെയും കാഴ്ചപ്പാടിന്റെയും വളരെ ചെറിയൊരു പരിച്ഛേദം മാത്രമാണ്‌. ശ്രീമദ് ഭഗവദ് ഗീത ഭൗതിക ആദ്ധ്യാത്മിക വ്യവഹാരങ്ങളുടെ ന്യായാന്യായങ്ങളെ വേദാന്തദർശനത്തിലൂടെ വെളിവാക്കുന്നുവെങ്കിൽ, ജീവിതവ്യവഹാരങ്ങളിലെ ന്യായാന്യായ വിചിന്തനവും, ആത്മീയതയിലുറച്ച ഭൗതിക ജീവിതത്തിന്റെയും സാമൂഹിക സമത്വത്തിന്റെയും ഇതിഹാസം രചിച്ച മാനവഗീതയാണ്‌ അദ്ദേഹത്തിന്റെ ജീവിതം. ആ ഗീതയുടെ ഫലശ്രുതി മാത്രമാണ്‌ ‘എന്റെ സത്യാന്വേഷണ പരീക്ഷണ കഥ’. കേവലം ആ ഗ്രന്ഥത്തിലെ ചെറിയൊരദ്ധ്യായത്തിലൂടെ കടന്നു പോയാൽ പോലും മനുഷ്യ ജീവിതത്തിലെ കാമക്രോധാദി വികാരങ്ങൾക്ക് അദ്ദേഹം നല്കിയിരിക്കുന്ന തുച്ഛമായ വിലയെന്തെന്നും, അതിന്റെ ഉപോത്പന്നങ്ങളായ മഹാനാശങ്ങളെ അദ്ദേഹം എത്രകണ്ട് ഭയപ്പെട്ടിരുന്നുവെന്നും, അതിനെ അകറ്റി നിർത്താൻ എത്ര ബദ്ധശ്രദ്ധനായിരുന്നുവെന്നും മനസ്സിലാക്കാവുന്നതേയുള്ളൂ. സ്വന്തം ഭക്ഷണശീലങ്ങളെക്കൂടി ഉടച്ചുവാർക്കാൻ അദ്ദേഹം ഉദ്യമിച്ചതിലെ പ്രധാന പ്രചോദനം കാമവികാരങ്ങൾക്കു മേലുള്ള ആധിപത്യകാംക്ഷയായിരുന്നുവെന്നത് അറിയണമെങ്കിൽ ഗാന്ധിയെ അറിയണം, ആ ജീവിതമറിയണം, ഒരു മതഗ്രന്ഥം പഠിക്കുന്ന മാനസിക വിശുദ്ധിയോടെ ആ ജീവിതഗന്ധിയായ അനുഭവക്കുറിപ്പുകളിലൂടെ കടന്നു പോകണം, ഒരു പ്രവാചകനെ പിന്തുടരുന്ന ആത്മസമർപ്പണത്തോടെ മഹാത്മാവു നയിച്ച ജീവിതമെന്തെന്ന് കൃതജ്ഞത വറ്റാത്ത കണ്ണുകൾ കൊണ്ട് നോക്കിക്കാണണം.

ഗാന്ധിജി അവലംബിച്ച സമരദീക്ഷകൾ ഓരോന്നും ഓരോ മഹത്തായ ലക്ഷ്യങ്ങൾക്കു വേണ്ടിയുള്ള തപശ്ചര്യകളായിരുന്നുവെങ്കിൽ, സമരമെന്ന ഓമനപ്പേരിൽ പൊതുജനങ്ങളുടെ സ്വസ്ഥജീവിതത്തിൽ അസ്വസ്ഥദർശനമുണ്ടാക്കിക്കൊണ്ട് ഇവർ കാട്ടിക്കൂട്ടുന്ന ആഭാസ നാടകത്തിന്‌ എന്ത് ലക്ഷ്യമാണുള്ളത്? എന്തു സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള എന്തു സമരമാണിത്?

നിങ്ങൾക്കിഷ്ടമില്ലാത്തതു കൊണ്ട് നിങ്ങളെതിർക്കുന്നു, ഇതിനു മുൻപ് ഉമ്മ വച്ചതിന്‌ ആരെയെങ്കിലും ശിക്ഷിച്ചിട്ടുണ്ടോ? ഉമ്മ വയ്ക്കുന്നവരെ അകത്താക്കാൻ ഇന്ത്യൻ പീനൽ കോഡിൽ വകുപ്പുണ്ടോ? ഇപ്പറയുന്ന നിങ്ങൾ ജീവിതത്തിൽ ഇതേവരെ ചുംബിച്ചിട്ടേയില്ലേ? ഇത്തരം മുട്ടാപ്പോക്കുകൾ കൊണ്ട് പ്രതികരിക്കുന്നവരുടെ വായ മൂടിക്കെട്ടാൻ ശ്രമിക്കുന്നതല്ലാതെ എന്ത് ഉത്കൃഷ്ടമായ നേട്ടം സമൂഹത്തിനോ, അവനവനു പോലുമെങ്കിലുമോ ഉണ്ടാക്കുവാനാണ്‌ ഒരു സമൂഹത്തിന്റെ പ്രൗഢമായ സംസ്കാരത്തെയും, ജീവിത രീതിയെയും വളർന്നു വരുന്ന ഇനിയൊരു തലമുറയുടെ അഭ്യുന്നതിയിലേക്കുള്ള പ്രയാണത്തെയും, അവരുടെ സദ്ഭാവനയെയും, ചിന്താമണ്ഡലത്തെയും കൂടി മലീമസമാക്കുന്ന ഇത്തരം നടപടികളിലൂടെ ഇക്കൂട്ടർ ശ്രമിക്കുന്നതെന്നു മനസ്സിലാവുന്നില്ല.

ആത്യന്തികമായി, രണ്ടുപേരുടെ അശ്ലീലവൃത്തിക്ക് കുടപിടിച്ച ഒരു ഹോട്ടൽ -പൊതുസ്ഥലം- കുറേപ്പേർ തല്ലിപ്പൊളിച്ചതിനെതിരേയാണ്‌ ഈ മർക്കടമുഷ്ടിയെന്നോർക്കണം. നിയമവഴികളിൽ നിന്നു വ്യതിചലിച്ച് അക്രമത്തിന്റെ മാർഗ്ഗം സ്വീകരിച്ചത് തെറ്റു തന്നെയാണ്‌. അത് ന്യായീകരിക്കത്തക്ക കാര്യമേയല്ല. പക്ഷേ ഈയൊരു സംഭവത്തിനെതിരേ വ്യാപകമായ കിസ്സ് മൽസരം സംഘടിപ്പിക്കുന്നവന്മാരുടെ തലയ്ക്ക് ഓളമെന്നല്ല, അവരുടെയൊക്കെ തലമണ്ടയിൽ അടങ്ങാത്ത ഭോഗേച്ഛയുടേയും, അളവില്ലാത്ത വകതിരിവില്ലായ്മയുടേയും, തിന്നുന്നത് എല്ലിനിടയിൽ കയറുന്നതോ അതോ തിന്നതു പോരാഞ്ഞതോ ഇനി അതുമല്ല ഒരു തൊഴിലുമില്ലാത്തവന്റെ വിഭ്രാന്തിയോ, ജീവിത നൈരാശ്യമോ അഗ്നിപർവ്വതസ്ഫോടനം സംഭവിച്ച് ഉരുകിത്തിളച്ചൊഴുകുന്ന ലാവാപ്രവാഹമാണെന്ന് ഞാൻ പറയും.

അൽപ്പം വർഗ്ഗീയം

ഹൈന്ദവക്ഷേത്രങ്ങൾ ഹിന്ദുക്കൾക്കായി വിട്ടുകൊടുക്കണമെന്ന  ഒരു പരാതി കോടതി മുൻപാകെ എത്തിയാൽ പ്രധാനമായും ഉണ്ടാകുന്ന എതിർവാദങ്ങൾ രണ്ടാണ്‌. ഒന്ന് രാജഭരണത്തിൻ കീഴിൽ ഉണ്ടായിരുന്ന ക്ഷേത്രങ്ങളുടെയും, സ്വത്തുക്കളുടെയും സ്വാഭാവിക അവകാശം രാജഭരണം മാറി ജനാധിപത്യം വന്നപ്പോൾ അത് ഗവൺമെന്റിൽ എത്തിച്ചേരും എന്ന അവകാശവാദം. എന്നാൽ രാജാക്കന്മാർ ഹൈന്ദവർ ആയിരുന്നുവെന്നും, അതുകൊണ്ടാണ്‌ രാജനിർമ്മിതങ്ങളായ ക്ഷേത്രങ്ങൾ മാത്രം രാജാവിന്റെ അധീനതയിൽ ഇരിക്കുകയും, എന്നാൽ അതേ രാജാക്കന്മാർ തന്നെ നിർമ്മിച്ചതും, അവർ ദാനം നൽകിയ സ്ഥലത്ത് നിർമ്മിച്ചവയുമായ ഇതര ആരാധനാലയങ്ങൾ അതതു സംഘടനകൾക്കു വിട്ടു കൊടുക്കുകയും ചെയ്തത്. രാജാവിന്റെ സ്വത്തായിരുന്ന ഭൂമി എന്നതാണ്‌ അവകാശവാദത്തിന്റെ അടിസ്ഥാനമെങ്കിൽ, രാജാവിന്റെ തന്നെ സ്വത്തായിരുന്ന ഇതര ആരാധനാലയങ്ങളും സർക്കാർ തിരിച്ചു പിടിക്കേണ്ടതാണ്‌. കാരണം ഹിന്ദുവായിരുന്ന രാജാവ്‌ ഹൈന്ദവ ആരാധനാലയങ്ങളുടെ നടത്തിപ്പ് സ്വയം നടത്തുകയും മറ്റുള്ളവ അതതു മതസ്ഥരെ ഏൽപ്പിക്കുകയുമായിരുന്നല്ലോ. അപ്പോൾ ഫലത്തിൽ -യുക്തിചിന്തയിൽ- അവയും രാജാവിന്റേതു തന്നെ. നീതിയുക്തമായ ഈ വാദഗതി അംഗീകരിച്ചാൽ ഒന്നുകിൽ രാജാവ്‌ ദാനം നൽകിയ ഇതര ആരാധനാലയങ്ങളും സർക്കാർ ഏറ്റെടുക്കുകയോ, അല്ലെങ്കിൽ ഇന്ന്‌ ദേവസ്വം ബോർഡ് എന്ന വെള്ളാനപ്പുറത്ത് എഴുന്നള്ളിക്കുന്ന ദേവനെയും, ദേവസ്വത്തെയും കുളിപ്പിച്ച് ശുദ്ധിയാക്കി ഹിന്ദുക്കൾക്ക് തിരികെ ഏൽപ്പിക്കുകയോ ചെയ്യാൻ കോടതി വിധിക്കേണ്ടി വരും.

ഈയവസ്ഥയിൽ ഉന്നയിക്കാവുന്ന ഏറ്റവും വലുതും, പ്രബലവുമായ മറ്റൊരു മറുവാദം, ഹിന്ദുക്കളുടെ സ്വത്ത് ഹിന്ദുക്കൾക്കു കൊടുക്കണമെങ്കിൽ ആർക്ക് കൊടുക്കും എന്നതാണ്‌. ഹിന്ദുക്കൾക്ക് ഏകീകൃതമായ ഒരു സംഘടനയില്ല എന്നത് ഇക്കാര്യത്തിൽ ഒരു വലിയ വെല്ലുവിളി തന്നെയാണ്‌. നിലയ്ക്കൽ സമരത്തിന്റെ സമയത്ത് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ കെ. കരുണാകരൻ ഇത്തരമൊരു മറുചോദ്യം ഉന്നയിച്ചിരുന്നതായി ശ്രീ കുമ്മനം രാജശേഖരൻ ജിയുടെ ഒരു ഓർമ്മക്കുറിപ്പിൽ ഈയിടെ വായിക്കുകയുണ്ടായി. അന്ന് സത്യാനന്ദസരസ്വതി എന്ന തേജോമയനായ ഒരു താപസശ്രേഷ്ഠന്റെ സാരഥ്യമില്ലായിരുന്നുവെങ്കിൽ ആ ധർമ്മയുദ്ധത്തിൽ ഒരു കൂട്ടം ധർമ്മാർത്ഥികളുടെ രഥചക്രം കൊടും ചതിയുടെയും, മറുവാദങ്ങളുടെയും പൂഴിമണ്ണിൽ താഴ്ന്നു പോകുമായിരുന്നു. ഓർക്കുക, നാടു ഭരിക്കുന്നവരുടെ പോലും താൽപര്യങ്ങൾ നീതിക്കു വേണ്ടിയല്ല മറിച്ച് വോട്ടിനും, പണത്തിനും വേണ്ടി മാത്രമാണ്‌ നിലനിൽക്കുന്നത്. അല്ലാത്ത പക്ഷം ദൈവമില്ലെന്നു പറയുന്ന കമ്യൂണിസ്റ്റിനും ഏകദൈവത്തിൽ മാത്രം വിശ്വസിക്കുന്ന സെമിറ്റിക് മതങ്ങളുടെ അണികൾക്കും ശ്രീപദ്മനാഭനോടും, അയ്യപ്പനോടും, ഗുരുവായൂരപ്പനോടുമൊന്നും ചങ്ങാത്തം തോന്നേണ്ട കാര്യമില്ലല്ലോ. ആ തേജോവാടങ്ങളുടെ പരിശുദ്ധിയിൽ ഉപാസകന്മാർക്കോ, ആശ്രിതർക്കോ, ദാസന്മാർക്കോ, ഭക്തന്മാർക്കോ ഇല്ലാത്ത താല്പര്യവും, ആത്മാർത്ഥതയും രാഷ്ട്രീയക്കാർക്കുണ്ടാവുമ്പോൾ അതിനെ സംശയദൃഷ്ടിയോടെയല്ല, അതിനു പിന്നിലെ കുടിലത തിരിച്ചറിഞ്ഞുറപ്പിച്ച തീക്ഷ്ണദൃഷ്ടിയോടെ തന്നെ വേണം നോക്കിക്കാണാൻ.

നായർ സർവ്വീസ് സൊസൈറ്റി, എസ്. എൻ ഡി. പി, പുലയർ മഹാസഭ, വിശ്വകർമ്മ മഹാസഭ... ഇങ്ങനെ പലതായി ചിതറിയും പലപ്പോഴും ഭിന്നിച്ചും നിൽക്കുന്ന ഹൈന്ദവസംഘടനകൾ ഏകമനസ്സോടെ ഒന്നാവുകയാണ്‌ ആദ്യം വേണ്ടത്. അതിനായി എല്ലാ സംഘടനകളിലെയും അംഗങ്ങളെ ഉൾക്കൊള്ളിച്ചു കൊണ്ട് ഇനിയൊരു ട്രസ്റ്റ് തന്നെ രൂപീകരിക്കേണ്ടി വന്നാലും കുഴപ്പമില്ല. എല്ലാ ജാതിസംഘടനകളുടെയും ലയനം എന്നതൊന്നും സ്വപ്നത്തിൽ പോലും കണ്ട് സമയം പാഴാക്കേണ്ടതില്ല. ഇന്നത്തെയെന്നല്ല ഇനിയൊരു നൂറു കൊല്ലത്തേക്കെങ്കിലുമുള്ള നമ്മുടെ സാമൂഹിക വ്യവസ്ഥിതിയിൽ, കുടിലബുദ്ധികളും, കുത്തിത്തിരിപ്പുകാരുമായ ഒരു രാഷ്ട്രീയക്കാരനെങ്കിലും മലയാളമണ്ണിൽ ഉള്ളിടത്തോളം കാലമെങ്കിലും അത്തരത്തിലൊരു ലയനം സാധ്യമല്ല തന്നെ.

ട്രസ്റ്റ് ആയാലും, ഉണ്ടാകാവുന്ന അഴിമതിയുടെ സാദ്ധ്യതയാണ്‌ ഇനി ഉയർന്നു വന്നേക്കാവുന്ന ഉപവാദം. ഇവിടെ ഹൈന്ദവർ ഹൃദയം കൊണ്ടു ചിന്തിക്കേണ്ട ഒരു കാര്യമുണ്ട്. ധനമുള്ളിടത്ത് അഴിമതിയുടെ സാധ്യതയും തീർച്ചയായുമുണ്ടാവും. നിതാന്തജാഗ്രതയ്ക്കപ്പുറം നമുക്കതിനെ പ്രതിരോധിക്കാൻ പോന്ന ശാശ്വതമായ മാർഗ്ഗങ്ങൾ ഒന്നും തന്നെയില്ല. എങ്കിലും ഹിന്ദുവിന്റെ ധനത്തിൽ ഹിന്ദു അഴിമതി കാട്ടിയാലും അവശേഷിക്കുന്നതെന്തെങ്കിലും ഹിന്ദുവിൽ തന്നെ നിലനിൽക്കും. ഞാനീ പറയുന്നത് വർഗ്ഗീയതയാണെങ്കിൽ അതു ഞാനങ്ങു സഹിച്ചു. പക്ഷേ ഒരു ചില്ലിക്കാശു പോലും ഹൈന്ദവർക്കോ, അവർ അനുദിനം പിരിവു നടത്തുന്ന, വെറും ബിസിനസ് സ്ഥാപനം മാത്രമാക്കി മാറ്റിയിരിക്കുന്ന ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിനോ, വികസനത്തിനോ നൽകാതെ കൊള്ളയടിക്കുകയും, അതും പോരാഞ്ഞ് ക്ഷേത്രങ്ങളിൽ നിന്നും ഞങ്ങൾക്കൊന്നും കിട്ടുന്നില്ല പകരം കുറേ കോടികൾ സർക്കാരിൽ നിന്നെടുത്ത് ഹൈന്ദവദേവന്മാർക്കു ചിലവിനു കൊടുക്കുകയാണെന്നു അവകാശപ്പെടുന്ന നന്ദിയും നാണവും കെട്ട സർക്കാരും, അവരുടെ പിണിയാളുകളും ചേർന്നു കൊള്ളയടിക്കുന്നതിലും എന്തു കൊണ്ടും ഭേദം തന്നെയാണ്‌ ഹൈന്ദവസ്വത്ത് ഹൈന്ദവർ തന്നെ കൈകാര്യം ചെയ്യുകയോ, അതു കൊള്ളയടിക്കുകയോ, കയ്യിട്ടു വാരുകയോ എന്തു വേണമെങ്കിലും ചെയ്യുന്നത്. ഇങ്ങനെ പോലുമൊരു ഐകമത്യബോധം നമുക്കിടയിലില്ലാത്തതു കൊണ്ടാണ്‌ സ്വന്തം മണ്ണും, സ്വന്തം ദേവനും കണ്ട അണ്ടന്റെയും അടകോടന്റെയും കാൽക്കീഴിൽ ഞെരിയുമ്പൊഴും, ഭഗവാനു ഭക്തൻ കാണിക്ക സമർപ്പിക്കുന്ന കാശും കൊണ്ട് കൊള്ളക്കാർ പോവുകയും ചെയ്യുമ്പോൾ അക്ഷരം മിണ്ടാൻ ത്രാണിയില്ലാതെ ഹിന്ദുവിന്‌ നിന്നു പോവേണ്ടി വരുന്നത്.

സ്വന്തം കാലിന്നടിയിലെ മണ്ണുറപ്പിച്ചിട്ടു മതി നമുക്ക് ഇതര മതസ്ഥരുടെ കാര്യങ്ങളിൽ കുറ്റം കണ്ടെത്തുകയും, അഭിപ്രായപ്രകടനം നടത്തുകയും ചെയ്യുന്നത്. കടന്നാക്രമണങ്ങളെ ചെറുക്കണമെന്നാണെങ്കിൽ ആദ്യം ചെറുക്കേണ്ടതും, തുരത്തേണ്ടതും യാതൊരു ആത്മാർത്ഥതയുമില്ലാത്ത കുറേ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും കൈകളിൽ നിന്നും നമ്മുടെ ആശ്രയവും, അഭയവും, അഭിമാനവും, അഭിവൃദ്ധിക്കും ഐശ്വര്യത്തിനും കാരണവുമായ നമ്മുടെ ദേവനെയും, ദേവന്റെ സ്വത്തിനെയും സ്വതന്ത്രമാക്കുകയാണ്‌. അതിനുവേണ്ടി സ്വരമുയർത്തി ആഹ്വാനം ചെയ്യുവാൻ ‘സംഘടിച്ചു ശക്തരാവുക’ എന്ന ശ്രീഗുരുദേവ വചനത്തോളം ഉജ്ജ്വലമായ മുദ്രാവാക്യം മറ്റൊന്നില്ല തന്നെ.

മാക്രികളേ നിങ്ങളെന്നെ സംഘിയാക്കി

Published on: December 20, 2014

ഞാൻ ഇന്നലെ രാത്രി ഏകദേശം പതിനൊന്നു, പതിനൊന്നര മണി മുതൽ സംഘിയായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു!. നന്നായി. ഏതായാലും ഇത്രയും കാലം ഞാനാരാണെന്നുള്ള ആത്മാന്വേഷണത്തിലായിരുന്നു. ഉത്തരം കിട്ടി, ഞാനാകുന്നു സംഘി.

ചാറ്റിലും കമന്റിലും മെയിലിലും എന്നു വേണ്ട പല വഴിക്കു കൂടിയും ഈ പട്ടം എന്നിലേക്കൊഴുകി എത്തിയിരിക്കുന്നു. ഒരു വിരോധവുമില്ല. സംഘിയെങ്കിൽ സംഘി. ഏതായാലും യുക്തിവാദിയെന്നു വിളിച്ച് ജീവിച്ചിരിക്കെ കൊന്നില്ലല്ലോ ആരും.

ഇന്നലെ മുതൽ എനിക്ക്‌ ഇങ്ങനെയൊരു ഔദ്യോഗിക രൂപാന്തരണവും നാമാന്തരണവും സംഭവിക്കാനുള്ള കാരണം, എനിക്കു സത്യമെന്നു തോന്നിയ, എന്റെ യുക്തിക്കും സ്വതന്ത്രചിന്തക്കും (നമ്മടെ മറ്റേ ഫ്രീ തിങ്കേഴ്സിലെ സ്വതന്ത്ര ചിന്തയല്ല കേട്ടോ) നൂറു ശതമാനവും നിരക്കുന്ന അഭിപ്രായം പ്രകടിപ്പിച്ചതാണ്‌.

മൂന്ന് വിഷയങ്ങളിലുള്ള വ്യത്യസ്ത ഇടപെടലുകൾ. ഒന്ന് ചുംബനാഭാസം, രണ്ട് ഹൈന്ദവക്ഷേത്രങ്ങൾ ഹിന്ദുക്കൾക്ക് കൊടുക്കണമെന്നു പറഞ്ഞത്, മൂന്ന് കെ.എസ്.ആർ.ടി.സി. ബസ്സിൽ ഇന്നലെ അരങ്ങേറിയ നാടകത്തിന്റെ തിരക്കഥ ക്ലൈമാക്സിനു മുൻപേ പറഞ്ഞു പോയത് ഇവയാണ്‌ എന്നെ സംഘിയാക്കാനുള്ള അടിസ്ഥാന കാരണങ്ങളെന്നു മനസ്സിലാകുന്നു. സന്തോഷം. അപ്പോൾ ഒന്നു കൂടി മനസ്സിലായി. സത്യം പറയുന്നവനെയാണ്‌ സംഘിയെന്നു വിളിക്കുന്നത്.

ഇന്നലത്തെ ബസ്സ് നാടകം ഒന്നാം തരം നാടകം തന്നെയായിരുന്നു എന്ന അടിയുറച്ച ബോദ്ധ്യത്തിൽ തന്നെയാണ്‌ ആ വിഷയത്തോട് ഞാൻ പ്രതികരിച്ചത്. മതത്തിനുപരിയായി ചിന്തിക്കുകയും, എല്ലാ മതസ്ഥരെയും സാഹോദര്യബുദ്ധ്യാ സ്നേഹിക്കുകയും ചെയ്യുന്നുവെന്നു വച്ച് സ്വധർമ്മത്തിലെ ആചാരങ്ങളും, അനുഷ്ഠാനങ്ങളും, വിശ്വാസപ്രമാണങ്ങളും അനുശീലിച്ചു പോരുന്ന ഒരു വ്യക്തിയെന്ന നിലയിൽ അധർമ്മത്തിനും, സ്വധർമ്മത്തിനെതിരേ അകാരണമായി നീണ്ടു വരുന്ന ദുരാരോപണങ്ങൾക്കും, വെല്ലുവിളികൾക്കും മറുപടി കൊടുക്കില്ലെന്നോ, പ്രതികരിക്കില്ലെന്നോ ഞാനൊരുത്തനും വാക്കു കൊടുത്തിട്ടില്ല. ഇനി അങ്ങനെ വല്ല പ്രതീക്ഷയും എന്നിൽ ആരെങ്കിലും അർപ്പിച്ചിട്ടുണ്ടെങ്കിൽ അവർക്ക് സ്വന്തം അബദ്ധം തിരിച്ചറിയാനുള്ള ഒരു സുവർണ്ണാവസരമാണിത്.

തികച്ചും കുത്സിതബുദ്ധിയോടു കൂടി, ഒരു പ്രത്യേക സമൂഹത്തെ മാത്രം ലക്ഷ്യം വച്ചു കൊണ്ട് ഹോം വർക്കു ചെയ്തുണ്ടാക്കിയ ഒരു നാടകം തന്നെയായിരുന്നു ഇന്നലത്തേതെന്നതിൽ ഇനിയും ആർക്കാണു സംശയം?

ഈ വിഷയത്തെ അധികരിച്ച് ഒരു സ്ത്രീയും, മറ്റൊരു പുരോഗമനവാദിയും ഇട്ട രണ്ടു പോസ്റ്റുകളിൽ ഇന്നലെയും ഇന്നുമായി ഞാൻ കമന്റുകൾ കൊണ്ടും, സാന്നിദ്ധ്യം കൊണ്ടും, ശ്രദ്ധ കൊണ്ടും സജീവമായിരുന്നു. ഇന്ന് ഇപ്പോൾ ഇതെഴുതുന്ന നിമിഷം, ആ രണ്ടു പോസ്റ്റുകളും അപ്രത്യക്ഷമാണ്‌. എന്റെ നിലപാടുകളിലെ നിർവ്യാജതയും, സുതാര്യതയും, ആ രണ്ടു പേരുടെ പോസ്റ്റുകൾക്കു പിന്നിലെ ദുരുദ്ദേശവും വെളിവാക്കാൻ ഇതിലുപരി മറ്റെന്തുദാഹരണമാണ്‌ വേണ്ടത്? പോസ്റ്റും ഡിലീറ്റ് ചെയ്ത് രായ്ക്കു രാമാനം തലയിൽ മുണ്ടുമിട്ടു സ്ഥലം വിടാനുള്ള കാരണം, കള്ളി വെളിച്ചത്തായി എന്നതല്ലാതെ മറ്റെന്താണ്‌? സ്വന്തം അഭിപ്രായങ്ങളിൽ വിശ്വാസവും ആത്മാർത്ഥതയുമുണ്ടായിരുന്നെങ്കിൽ പിന്നെന്തിന്‌ ഈ നാണം കെട്ട പിൻവാങ്ങൽ? അതോ നിലപാടു മാറിയോ? അതോ ദൃക്സാക്ഷികൾ സംസാരിക്കുന്ന തെളിവുകളുമായി രംഗപ്രവേശം ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ലേ? ഒരു രാത്രി ഇരുട്ടി വെളുക്കുന്ന സമയം വേണ്ടി വന്നില്ല സത്യം സംസാരിച്ചു തുടങ്ങാൻ. അതുകൊണ്ടാണോ പോസ്റ്റുകൾ അപ്രത്യക്ഷമായത്? അതോ പണി പാളി, കുടുങ്ങുമെന്ന് ബോദ്ധ്യം വന്നതു കൊണ്ടാണോ?

സ്പെഷൽ സർവ്വീസിൽ കയറി സീറ്റ് ആവശ്യപ്പെട്ട് (അതും കേവലം 7 കിലോമീറ്റർ യാത്ര ചെയ്യാൻ) അലമ്പുണ്ടാക്കിയതിനു കുടപിടിക്കാഞ്ഞ പാവം കണ്ടക്ടറെ വാക്കുകൾ കൊണ്ടു തന്നെ നിരവധി തവണ സസ്പെൻഷനും, ഡിസ്മിസ്സലും, കൊലപാതകം വരെ ചെയ്തു കഴിഞ്ഞ കമന്റടിത്തൊഴിലാളികൾക്ക് തങ്ങളിട്ട കമന്റുകൾ സഹിതം അപ്രത്യക്ഷമായ പ്രസ്തുത പോസ്റ്റുകളെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോ? ഒരു വലിയ ഭക്തസമൂഹത്തിന്റെ വ്രതശുദ്ധിക്കുമേൽ ഇല്ലാത്ത ഇറക്കിവിടൽ നാടകത്തിന്റെ പേരും പറഞ്ഞ് തീണ്ടാരിത്തുണി പുതപ്പിക്കാൻ ആഹ്വാനം നടത്തുകയും, കേട്ട പാതി അതിനൊരുമ്പെട്ടിറങ്ങുകയും ചെയ്ത ഒരുത്തനെങ്കിലും മറുപടിയുണ്ടോ?

പ്രതികരിക്കില്ല എന്നു തോന്നുന്നതുകൊണ്ടാണ്‌ ഈ മെക്കിട്ടു കയറ്റമെങ്കിൽ ആ ധാരണ തെറ്റാണ്‌. പലപ്പോഴും പ്രതികരിക്കാത്തത് നായയുടെ കുരയിൽ ശ്രദ്ധ കൊടുക്കാതെ തന്റെ പണി നോക്കി നടന്നു പോകുന്ന ആനയുടെ മനസ്സും, ദുർബ്ബലനും, ദുർവൃത്തരും, സങ്കുചിതരും, അൽപ്പത്വം നിറഞ്ഞവരുമായ അധികപ്പറ്റുകളുടെ ദയനീയാവസ്ഥയിൽ സഹതാപവുമുള്ളതുകൊണ്ടാണെന്ന് മനസ്സിലാക്കാനുള്ള വകതിരിവുണ്ടാവണം.

ഈയുള്ളവനും (സംഘി, സംഘി) വ്രതമെടുത്തു മല ചവിട്ടുന്ന ഒരു അയ്യപ്പഭക്തനാണ്‌. അശുദ്ധിയെന്നു തോന്നുന്നിടത്തു നിന്നും അകന്നു നിൽക്കുകയല്ലാതെ ആരോടും അകന്നു പോകാൻ ആജ്ഞാപിച്ചിട്ടില്ല ഇന്നേവരെ. ഒരു അയ്യപ്പനും അതു ചെയ്യുന്നതും കണ്ടിട്ടില്ല. ഇവിടെ ഈ വിഷയത്തിൽ, പൊതു ജനത്തിന്റെയും, നിയമത്തിന്റെയും ശ്രദ്ധയും, പരിഗണനയും കിട്ടാൻ വേണ്ടി മനഃപ്പൂർവ്വം പറഞ്ഞും എഴുതിയുമുണ്ടാക്കിയ പ്രയോഗങ്ങൾ മാത്രമാണ്‌, സ്ത്രീ, അശുദ്ധി, തീണ്ടാരി, ഇറക്കി വിടൽ, കണ്ടക്ടറും ഡ്രൈവറും ചേർന്ന് അധിക്ഷേപിച്ചു, കൈക്കുഞ്ഞ്, വൃദ്ധയായ സ്ത്രീ തുടങ്ങിയ ഒന്നാംതരം പബ്ളിക് അറ്റൻഷൻ സീക്കേഴ്സ് എന്നത് സാമാന്യബുദ്ധിയുള്ള ആർക്കും മനസ്സിലാകും. ഒരു വിഷയത്തിൽ ട്രാൻസ്പോർട്ട് ജീവനക്കാരും, പോലീസും, കണ്ടു നിന്ന പൊതുജനങ്ങളും എന്നു വേണ്ട സകലരും നിസ്സഹകരണവും, മൗനവും പാലിച്ചെങ്കിൽ കുറ്റം ആരുടേതാണ്‌? മാത്രവുമല്ല, ഒരു ജനതയുടെ വിശ്വാസത്തെ വെല്ലുവിളിക്കുന്ന തരത്തിൽ നടത്തിയ പരസ്യ ആഹ്വാനത്തിന്റെ പേരിൽ കേസെടുക്കുകയാണ്‌ വേണ്ടത്. അതു ചെയ്തില്ലെങ്കിൽ, ചെയ്യുന്നില്ലെങ്കിൽ അത് മേൽസൂചിപ്പിച്ചതു പോലെ സഹതാപമോ, ഔദാര്യമോ ആയി കാണണം. കമ്യൂണൽ റയട്ടിന്‌ ആഹ്വാനം ചെയ്യുന്നത് സൈബർ നിയമപ്രകാരവും അല്ലാതെയും ക്രിമിനൽ കുറ്റമാണെന്ന് ഇക്കണ്ട ജേർണലിസമൊക്കെ പഠിച്ച്, ജീർണ്ണിച്ച മാധ്യമതൂലികയും പേറി നടക്കുന്ന മനുഷ്യർക്ക് ഇനിയും അറിയില്ലേ?

സത്യത്തിനു വേണ്ടിയും, സ്വയം ബോദ്ധ്യമുള്ള നീതിക്കു വേണ്ടിയും സംസാരിക്കുന്നവനെയാണ്‌ സംഘിയെന്നു വിളിക്കുന്നതെങ്കിൽ ഇന്നലെ അർദ്ധരാത്രി മുതൽ ചാർത്തിക്കിട്ടിയ ആ പേരിൽ ഞാൻ സന്തോഷിക്കുന്നു. ഇനിയും സംസാരിക്കുകയും ചെയ്യും. കണ്ഠച്ഛേദം ചെയ്തു നാവടക്കാം. പക്ഷേ വാക്കുകൾ വാൾമുനയിലും ജ്വലിക്കുമെന്നു മറക്കാതിരിക്കുക. ആത്മാർത്ഥതയുള്ളവന്റെ സത്യപ്രസ്താവനകളെ ഖണ്ഡിക്കുവാൻ പോന്ന ഖഡ്ഗങ്ങൾ തീർക്കുവാൻ ഇനിയും ഉലകൾക്കു ചൂടു വേണ്ടിയിരിക്കുന്നു.

സനാതനധർമ്മത്തിന് ശത്രുവുണ്ടോ?

Published on: December 21, 2014

എന്നെപ്പോലെയൊരു കീടത്തിന്റെ സംരക്ഷണം സനാതനധർമ്മത്തിനോ, സച്ചിദാനന്ദനായ പരമാത്മാവിനോ ആവശ്യമില്ല. അതേക്കുറിച്ചെനിക്ക് ഉത്കണ്ഠയും ലവലേശമില്ല. പക്ഷേ, എന്റെയും സഹജീവികളുടെയും സ്വതന്ത്രവും, സമാധാനപൂർവ്വവുമായ ആരാധനാനുഷ്ഠാനങ്ങൾക്കും ജീവിതത്തിനും സംരക്ഷണം നേടുന്നതിനായുള്ള ഒരു കൂട്ടം സജ്ജനങ്ങളുടെ തീവ്രയജ്ഞത്തിൽ ഞാൻ ശ്രദ്ധാലുവാണ്‌.

ചുരുങ്ങിയ കാലം കൊണ്ട് ബോദ്ധ്യം വന്ന ഒരു കാര്യം, ഹൈന്ദവർക്കെന്നല്ല ഒരു മതവിഭാഗത്തിൽ പെട്ടവരുടെയും ശത്രുക്കൾ, ഒരിക്കലും മറ്റു മതസമൂഹങ്ങളല്ല എന്നതാണ്‌. മഹോന്നതമായ ആശയങ്ങളും സഹജീവിസ്നേഹവും ഉയർത്തിപ്പിടിക്കുന്നവ തന്നെയാണ്‌ ഗീതയും, ഖുർ ആനും, ബൈബിളും. (ഇതര മതഗ്രന്ഥങ്ങളിൽ ഇവ രണ്ടുമേ എനിക്കു പഠിക്കാൻ അവസരം കിട്ടിയിട്ടുള്ളൂ) ഉദാത്തമായ മാനവികതയും, സാഹോദര്യവും കരുണയും വിളംബരം ചെയ്യുന്ന പ്രസ്തുത ഗ്രന്ഥങ്ങളെ അറിഞ്ഞാദരിക്കുന്ന ഒരു ഹിന്ദുവോ, ക്രിസ്ത്യാനിയോ, മുസൽമാനോ പരസ്പരം ശത്രുത വച്ചു പുലർത്തുന്നില്ല എന്നതൊരു
വാസ്തവവും, അതെന്റെ അനുഭവവുമാണ്‌.

എന്നാൽ വിവിധ മതനാമധാരികളായ, ഇതിലെ യാതൊരു നന്മയെയും തത്വത്തിൽ ഉൾക്കൊണ്ടിട്ടില്ലാത്ത കുറേ അസുരജന്മങ്ങളാണ്‌ ഇതേ മതങ്ങളുടെ പേരു പറഞ്ഞ് പരസ്പരം പട നയിക്കുന്നത്. മതേതരന്മാർ എന്ന മുഖാവരണമണിഞ്ഞിരിക്കുന്നവരും ഇക്കാര്യത്തിൽ വ്യത്യസ്തരല്ല. ഇവർക്ക് ഒരു ദൈവത്തിലും വിശ്വാസവുമില്ല, അവനവനോടു പോലും കൂറുമില്ല. അവനവൻ കാലുറപ്പിച്ചു നിൽക്കുന്ന മണ്ണിൽ വിധ്വംസകപ്രവർത്തനത്തിലേർപ്പെടുക, അതിൽ നിന്നു കിട്ടുന്ന നീചമായ ആനന്ദത്തിൽ സ്വയം അഭിരമിക്കുക എന്ന ഗൂഢലക്ഷ്യം മാത്രമേ ഇക്കൂട്ടർക്കുള്ളൂ. ഇത്തരം നികൃഷ്ട ജന്മങ്ങളെയാണ്‌ നാം തിരിച്ചറിയേണ്ടത്.

ഒരു ഉപനിഷദ്‌വാക്യത്തിന്റെ പോലും അർത്ഥമറിയാത്തവരും, ഒരു ക്രിസ്തുവചനത്തിന്റെ പോലും സത്യം തിരിയാത്തവരും, ഒരു ഹദീസു പോലും അർത്ഥമറിഞ്ഞോതിയിട്ടില്ലാത്തവരും കേവലം പേരു കൊണ്ടു മാത്രം പ്രസ്തുത മതത്തെ പ്രതിനിധീകരിക്കുകയും, പരസ്പരദ്വേഷണത്തിനായി ആ മതനാമത്തെയും, വളച്ചൊടിച്ചു മലീമസമാക്കിയ മഹദ്‌വചനത്തെയും ഉപയോഗിക്കുമ്പോൾ നിഷ്കളങ്കരായ മറ്റുള്ളവർ കൂടി അതിൽ പ്രതി ചേർക്കപ്പെടുന്നു. മതമല്ല മനുഷ്യനെ മയക്കുന്ന കറുപ്പ്, മതത്തിന്റെയും പൊള്ളയായ തത്വശാസ്ത്രത്തിന്റെയും, നിരീശ്വരവാദമടക്കമുള്ള അരാജകവാദങ്ങളുടെയും പേരു പറഞ്ഞ് ജനഹൃദയങ്ങളിൽ മാലിന്യം നിറക്കുന്ന കറുപ്പിന്റെ സന്തതികളാണ്‌ എല്ലാ മതങ്ങളുടെയും, സമാധാനം കാംക്ഷിക്കുന്ന രാജ്യങ്ങളുടെയും നിത്യാന്ധകാരമെന്നു തിരിച്ചറിഞ്ഞ് അവരെ ഒറ്റപ്പെടുത്താത്തിടത്തോളം നാം ഇരുട്ടിൽ തപ്പുകയേ ഉള്ളൂ.

പരിശുദ്ധ കന്യകാമറിയത്തിന്റെ ചാരുവിഗ്രഹത്തിനു മുൻപിൽ പരാത്പരയായ സാക്ഷാൽ ത്രിപുരസുന്ദരിയെ ദർശിക്കാൻ കഴിയുന്നവനാണ്‌ യഥാർത്ഥ ഹിന്ദു. (ആ അനുഭവത്തെക്കുറിച്ച് ശ്രീരാമകൃഷ്ണദേവനാണെന്നു തോന്നുന്നു രേഖപ്പെടുത്തിയിരുന്നത് ഓർമ്മയിലുണ്ട്) ദേവാലയത്തിലെ കച്ചവടക്കാർക്കുമേൽ പ്രഹരമേൽപ്പിച്ച ദൈവപുത്രന്റെ ചമ്മട്ടിയിൽ, അധർമ്മധ്വംസനത്തിനായി ചമ്മട്ടിയേന്തി പാർത്ഥന്റെ സാരഥിയായ രാജീവലോചനന്റെ ദിവ്യകാരുണ്യം ദർശിക്കുന്നിടത്ത് തീർന്നു മതങ്ങൾ തമ്മിലുള്ള വേലി. ആ വിശാലകാഴ്ചപ്പാടിൽ നിന്നും ഉണർന്നു പ്രകാശിക്കുന്ന സർവ്വമത സാഹോദര്യത്തിനേ ഭാരത മണ്ണിൽ ജീവനും ജീവിതവുമുള്ളൂ. അല്ലാതെ എല്ലാ മതങ്ങളെയും പാടേ നിരസിക്കുന്നുവെന്നു വീമ്പിളക്കുകയും ഒരു മതസംഹിതക്കും ഉൾക്കൊള്ളാൻ കഴിയാത്ത വിഷം സമൂഹത്തിൽ പടർത്തുകയും ചെയ്യുന്നത് വെറും വ്യാജമായ മാനവസേവാപ്രദർശനമാണ്‌. മാധവസേവ മാനവസേവനത്തിലൂടെയെന്ന മനോഹരസങ്കൽപ്പത്തിന്റെ പ്രാധാന്യം, ഓരോ മനുഷ്യനിലും മാധവനെയാണ്‌ കാണുന്നത് അല്ലാതെ തന്റെ ഔദാര്യാർത്ഥികളായ വിധേയനെയല്ല എന്നതാണ്‌. അപ്പോൾ ചെയ്യുന്ന സേവനത്തിൻൽ നിഷ്കപടതയും, ശ്രദ്ധയും തെളിഞ്ഞു വരും.

നിഷ്കളങ്കരായ മതവിശ്വാസികളിൽ ചിലർ പരസ്പരം പക കാത്തു സൂക്ഷിക്കുന്നുണ്ടെങ്കിൽ അതിനു കാരണം മതമല്ല നേരേ മറിച്ച് ആ മതതത്വങ്ങളെ അതിവിദഗ്ദ്ധമായി തെറ്റിദ്ധരിപ്പിക്കപ്പെടുകയും, ശത്രുസ്ഥാനത്ത് നിർദ്ദോഷികളായ മറ്റു മതസ്ഥരെ അവരോധിക്കുകയും ചെയ്ത കുശാഗ്രബുദ്ധികൾ മാത്രമാണ്‌.

സമഭാവന ഉണ്ടാവുക എന്നതാണ്‌ സാഹോദര്യവും, സഹവർത്തിത്വവും, സഹകരണവും നിലനിർത്തുവാനുള്ള മാർഗ്ഗം. അല്ലാതെ സമൂലം എതിർക്കുന്നതല്ല. എന്നു കരുതി അനാവശ്യമായ കടന്നുകയറ്റങ്ങളെ കണ്ടില്ലെന്നു നടിക്കേണ്ട കാര്യമില്ല എന്ന തോന്നലിലാണ്‌ അനുഭവങ്ങൾ കൊണ്ടെത്തിച്ചിരിക്കുന്നത്. അതുകൊണ്ട് മതേതരന്റെ ആട്ടിൻതോലിനേക്കാൾ എന്തുകൊണ്ടും നല്ലത് മതവിശ്വാസിയായ ധർമ്മചാരിയുടെ സിംഹമുഖം തന്നെയാണ്‌ എന്നാണെനിക്കു തോന്നുന്നത്.

ഉത്തിഷ്ഠത ജാഗ്രത പ്രാപ്യവരാൻ നിബോധത. ഉത്തിഷ്ഠഭാരതഃ

വ്രതവും വികാരവും

 Published on: December 22, 2014

1984 -85 ആണ്ടുകൾ. വൃശ്ചികമാസാരംഭം മുതൽ വ്രതമെടുത്ത് ശ്രീ ഭൂതനാഥന്റെ മല ചവിട്ടാനായി കാവാലത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും, നടന്നും, ബോട്ടിലുമൊക്കെയായി അയ്യപ്പന്മാർ പോകുമായിരുന്നു. ഇവൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള വഴിയിലൂടെ മൂലേശേരി എന്ന സ്ഥലത്ത് ചെന്നു വേണം ബോട്ടോ, കടത്തു വള്ളമോ കയറാൻ.

ശരണഘോഷങ്ങളുമായി ഇഹപരസ്മരണകളെല്ലാം ഇരുമുടിയിലാക്കി ഓംകാരരൂപന്റെ ജീവൽസ്വരൂപമായി മാറിയ ശരീരികൾ അതുവഴി കടന്നു പോകുമ്പോൾ ‘എനിക്കും പോണം’ എന്നുറക്കെ കരഞ്ഞുകൊണ്ട് പിന്നാലെ ഓടിയിരുന്ന ഒരു ബാല്യം എനിക്കുണ്ടായിരുന്നു.

എന്റെ പാവം അമ്മ ഒരുപാടു ബുദ്ധിമുട്ടിയിട്ടുണ്ട് ആ ഉദ്യമത്തിൽ നിന്നും ഇവനെ പിൻതിരിപ്പിക്കാൻ. ‘അവിടെച്ചെന്നാൽ മോക്ഷം കിട്ടും’ എന്ന ശരണകീർത്തനത്തിലെ ആകർഷകത്വമോ, എല്ലാവരും പോണപോലെ എനിക്കും പോകാനുള്ള കൊതിയോ, ഏതോ ഒന്നിലുള്ള കൗതുകം പൂണ്ട ബാലകൂതൂഹലമോ ഒന്നുമായിരുന്നില്ല ഇവന്റെ മനസ്സിൽ ഓരോ മണ്ഡലകാലവും ഈ അളവില്ലാത്ത ആഗ്രഹവും, അതിനായുള്ള കണ്ണുനീരും നിറച്ചത് പ്രത്യുത പൂർവ്വജന്മങ്ങളിലെല്ലാം കാടും മലയും കടന്ന് വ്രതശുദ്ധിയുടെ നിറവിൽ ഇവൻ കണ്ടെത്തിയെ ആ ആത്മചൈതന്യത്തിലേക്കുള്ള ഉത്ക്കടമായ ആകർഷണം, ആ അഭൗമാനുഭൂതിയുടെ ജന്മാന്തരസ്മരണയായിരുന്നു മൂന്നോ, നാലോ വയസ്സുള്ള ഇവനെ ശരണപാതയിലേക്ക് മാടിവിളിച്ചിരുന്നതെന്ന് ഉറപ്പിച്ചു പറയാൻ, ഇതെഴുതുന്ന നേരത്തു പോലും എന്റെ കൺകളെയും, ഇതെഴുതുന്ന കീബോർഡിനെപ്പോലും നനയിച്ചു കളയുന്ന കണ്ണുനീരിന്‌ കരുത്തുണ്ട്.

അമ്മയും, അപ്പൂപ്പനും മാത്രമുള്ള ഇവന്റെ വീട്. അച്ഛൻ വിദേശത്ത്. കൊണ്ടു പോകാൻ ആരുമില്ല. എല്ലാ വർഷവും ഭഗവാനു നെയ്ത്തേങ്ങ നിറച്ചുകൊണ്ടു പോകുന്ന, പിൽക്കാലത്ത് എന്റെ സംപൂജ്യഗുരുനാഥനായ ശ്രീ രാധസ്വാമി, പലപ്പോഴും നടന്നാണ്‌ മലചവിട്ടുന്നത്. അതും മകരവിളക്കിന്റെ തിരക്കിൽ. എങ്കിലും അദ്ദേഹം സന്നദ്ധത പ്രകടിപ്പിച്ചു. ആ പ്രായത്തിൽ, അതിലേറെ വികൃതിയുമായ ഇവനെ അയക്കാൻ എല്ലാവരും മടിച്ചു. ഈ കണ്ണീർ തപസ്യ വീണ്ടും എല്ലാ വൃശ്ചികമാസങ്ങളിലും തനിയാവർത്തനം ചെയ്തു. ഒരു വർഷം -അന്നെനിക്കെത്ര വയസെന്നോർമ്മയില്ല- ആ തിരുസന്നിധി പൂകാനുള്ള അദമ്യമായ ഇച്ഛ ഇവനെക്കൊണ്ട് സ്വയം വ്രതമെടുപ്പിച്ചു. ഒരു പ്രഭാതത്തിൽ ഒന്നും പറയാതെ അമ്പലത്തിൽ പോയി മടങ്ങിയ ഇവന്റെ കഴുത്തിൽ അയ്യപ്പമുദ്ര കണ്ട് അമ്മയും, അപ്പൂപ്പനും പരിഭ്രമിച്ചു. കൊണ്ടുപോകാനാരുമില്ലാതെ, വഴിയോ, കാലമോ തിരിയാത്ത വെറും ബാലകനായ ഇവൻ മാലയിട്ടു വ്രതമാരംഭിച്ചിരിക്കുന്നു. എന്തു ചെയ്യണമെന്നറിയാതെ അമ്മ വിഷമിച്ചു. അടുത്തു താമസിക്കുന്ന അമ്മയുടെ സഹോദരൻ വ്രതമെടുത്തു മല ചവിട്ടുന്നു. ഇവൻ പോയി മാലയിട്ടു വ്രതവും തുടങ്ങി, ഇവനെക്കൂടി നീയൊന്നു കൊണ്ടുപോകണമെന്ന് അമ്മ അമ്മാവനോടപേക്ഷിച്ചു. സാദ്ധ്യമല്ലെന്ന മറുപടി. എല്ലാ ദിവസവും രാധസ്വാമിയുടെ കൈപിടിച്ച് പള്ളിയറക്കാവ് ദേവീക്ഷേത്രത്തിലെ അയ്യപ്പവിഗ്രഹത്തിനു മുൻപിൽ നിന്നിവൻ അതിമോഹത്തോടെ ശരണം വിളിച്ചു...

ദിവസങ്ങൾ കടന്നു പോയി. ഒരു ദിവസം വീട്ടിലെ കാര്യസ്ഥനായിരുന്ന മനുഷ്യൻ അപ്പൂപ്പനെ കാണാനെത്തി. ഇവന്റെ വൃത്താന്തങ്ങളറിഞ്ഞ അദ്ദേഹം പറഞ്ഞു. കുട്ടനെ ആരും കൊണ്ടുപോകണ്ട. എനിക്കു വ്രതമുണ്ട്. ഞാൻ കൊണ്ടു പോകും. അപ്പൊഴും ഇവന്റെ വികൃതിയറിയുന്ന എല്ലാവർക്കും പരിഭ്രമമുണ്ടായിരുന്നെങ്കിലും ഒട്ടൊരാശ്വാസമായി. അങ്ങനെ ആ കൈപിടിച്ചാണ്‌ ഇവൻ ആദ്യമായി സന്നിധാനത്തെത്തുന്നത്.

ഒന്നിനുമല്ലായിരുന്നു, യാതൊന്നിനുമല്ലായിരുന്നു ഇവന്റെയാ തീവ്രയജ്ഞം. കരുണാമൂർത്തിയായ ആ കളകോമളരൂപമൊന്നു കൺനിറച്ചു കാണാൻ. ഇവനൊന്നും പറയാനോ, പരിഭവിക്കാനോ, ആവശ്യപ്പെടാനോ ഇല്ലായിരുന്നു. ഒന്നു കാണാൻ മാത്രം. കണ്ടു. കൺനിറയെ കണ്ടു.

വീണ്ടും ഏതാനും വർഷങ്ങളുടെ ഇടവേളകൾക്കു ശേഷം കൂട്ടു ചേർന്നും, പിന്നീട്‌ ഒറ്റയ്ക്കും -ഒറ്റക്കായിരുന്നില്ല, ശ്രീശബരീശന്റെ ഭൂതഗണങ്ങൾ, ആരുമില്ലാത്തവർക്ക് എല്ലാമായുള്ളവന്റെ ദിവ്യസാന്നിദ്ധ്യം, കൂട്ടായി വരേണമേ കൊച്ചു കടുത്ത സ്വാമിയേ... എന്നു വിളിച്ചു കറുപ്പുകച്ച ചുറ്റിയ ഇവന്റെ ഗദ്ഗദകണ്ഠത്തിലെ പ്രണവം കേട്ടോടിയെത്തിയ ഭഗവദ് ദാസൻ... ഈ സംരക്ഷണവലയം ഇവനു ചുറ്റുമുണ്ടായിരുന്നത് ആരറിഞ്ഞു? ആദ്യമായി (ജനദൃഷ്ടിയിൽ മാത്രം) ഒറ്റക്ക് അയ്യപ്പനെക്കാണാൻ ഇവൻ കെട്ടും താങ്ങി ഇറങ്ങിയ പുറകേ, അമ്മാവൻ ഓടി വന്ന് അമ്മയോട് ചോദിച്ചു, ഒറ്റക്കു പോയി, ഇനി തിരിച്ചു വന്നില്ലെങ്കിൽ എന്തു ചെയ്യുമെന്ന്. എന്റെ അമ്മ, തപസ്വിനി, കണ്ണു നിറയാതെ, കണ്ഠമിടറാതെ പറഞ്ഞു, അയ്യപ്പനവനെ വേണം, ഭഗവാനവനെ എടുത്തെന്നു ഞാൻ കരുതുമെന്ന്. ഈ ശരീരം പടിയിറങ്ങിപ്പോയതേ എല്ലാവരും കണ്ടുള്ളൂ. ആ പരാത്പരനിൽ വിലയം ചെയ്തു ഭ്രമണം ചെയ്തിരുന്ന ഇവന്റെ അദൃശ്യചേതനയെ ആരും കണ്ടില്ല, കോടിസൂര്യപ്രഭകളഭിഷേകമാടുന്ന ബ്രഹ്മാണ്ഡസംരക്ഷകന്റെ രക്ഷ ഇവനെ പൊതിഞ്ഞു സംരക്ഷിച്ചതും ആരുമറിഞ്ഞില്ല. ഇവൻ തിരിച്ചെത്തി... ഒരു പുൽക്കൊടി നാമ്പു പോലും ഇവനെ പോറലേൽപിച്ചതില്ല... തുടർന്നും എത്രയോ വർഷങ്ങൾ...

ഇത്രയും പറഞ്ഞത്, ശബരിമലയെന്ന ദിവ്യമല മനസ്സിൽ മലം ചുമന്നു നടക്കുന്നവർക്ക് മാലിന്യമലയായി തോന്നാം, പക്ഷേ ഞങ്ങൾ കോടികൾക്ക് അത് മോക്ഷമലയാണ്‌, സത്യമലയാണ്‌, ജന്മമാലിന്യങ്ങളകറ്റുന്ന പുണ്യമലയാണ്‌. അത് ഞങ്ങളെപ്പോലുള്ളവർക്ക് വിശ്വാസത്തിലുമുപരിയായ വികാരമാവുന്നതിന്‌ ഞങ്ങൾ പോലുമറിയാത്ത കാരണമുണ്ടെന്ന് ചൂണ്ടിക്കാണിക്കാനായിരുന്നു.

ഇവിടെ, ഭക്തനും ഭക്തവൽസലനും ഒരേ പേരാണ്‌ അയ്യപ്പൻ!. ആ പരംപൊരുളിലേക്കുള്ള ശരണപാതയിൽ തീർത്ഥയാത്രക്കു വിഘാതം സൃഷ്ടിക്കാൻ വൃഥാപരിശ്രമിക്കുന്ന ദുർജ്ജന്മങ്ങൾ ഞങ്ങൾക്ക് മറ്റൊരു കല്ലോ മുള്ളോ... അതിനപ്പുറം യാതൊരു വിലയും നൽകാതെ ഇവരെയൊക്കെ കടന്നു പോകാൻ ഞങ്ങളുടെ മനസ്സിൽ ഒരേയൊരു ലക്ഷ്യം... അത് ശബരിമാമല!
ആ വ്രതശുദ്ധിയുടെ പരിപാവനതയെ വാക്കുകൊണ്ടായാലും, നോക്കുകൊണ്ടായാലും, ചിന്ത കൊണ്ടു പോലും കളങ്കപ്പെടുത്താൻ ശ്രമിച്ചാൽ, കാലകാലസുതന്റെ നിത്യദാസന്മാർക്ക് പൊറുത്തു തരാൻ കഴിഞ്ഞെന്നു വരില്ല. വ്രതമെടുത്ത് സർവ്വവും അയ്യപ്പനിൽ സമർപ്പിച്ച്, പരംപൊരുളിനെ മാത്രം മനോവാൿകായങ്ങളിലാവാഹിക്കുന്ന വ്രതശരീരിയായ അയ്യപ്പനാവില്ല, അവരെ തൊഴുതു മാറി നിൽക്കുന്ന വ്രതമില്ലാത്ത ഭഗവദ്ഭക്തരെന്നത് ഓർമ്മയുണ്ടായാൽ പലർക്കും നന്ന്. നിയമത്തിന്റെ ഏതു തലം വരെയും, ജനകീയവും, രാജ്യതാൽപര്യങ്ങൾക്കു വിരുദ്ധമല്ലാത്തതും, ഒരു ഭക്തന്റെ പരിധി ലംഘിക്കാത്തതുമായ ഏതറ്റം വരെയും ചെന്നെത്താൻ അതു ചിലപ്പോൾ ഞങ്ങളെ പ്രേരിപ്പിച്ചെന്നിരിക്കും.

ഇതൊരോർമ്മപ്പെടുത്തലാണ്‌. പലരും കരുതുന്ന കേവലതയല്ല ഞങ്ങൾക്ക് ശബരിമലയും, അയ്യപ്പനും. അയ്യപ്പന്മാർക്കു മതമില്ല, ഭഗവാനുമില്ല മതം. ഞങ്ങൾക്ക് ആരും ശത്രുക്കളുള്ളതായി ഞങ്ങൾ വിശ്വസിക്കില്ല, അഥവാ ഉണ്ടെങ്കിൽ അതു ഞങ്ങളിൽ തന്നെയുള്ള കാമക്രോധാദികളെന്നു ഞങ്ങൾ വിശ്വസിക്കുന്നു. ഞങ്ങൾക്കും ആരോടും ശത്രുതയില്ല. എന്നാൽ ഓർക്കുക, കണ്ഠത്തിലല്ല, ആത്മാവിൽ മുദ്രചാർത്തിയാണ്‌ അയ്യപ്പഭക്തർ പുലരുന്നത്. ആ മുദ്രയെ സംരക്ഷിക്കാൻ ഞങ്ങൾക്ക് ഭഗവദനുഗ്രഹം വേണ്ടുവോളമുണ്ട്. അതിനു ഞങ്ങൾക്കറിയുകയും ചെയ്യാം., അതിന്റെ പവിത്രതയെ വിദൂരസ്വപ്നത്തിൽ പോലും കളങ്കപ്പെടുത്താൻ നിസ്സാരരായ നിങ്ങളെക്കൊണ്ടാവില്ല. അതിനെ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമായ പ്രഭാവലയത്തിന്റെ തീക്ഷ്ണത അതോടടുത്തു നോക്കുമ്പൊഴേ നിങ്ങളറിയൂ... ആ സാഹസത്തിനൊരുങ്ങുന്നതിനു മുൻപേ സൂര്യമണ്ഡലത്തിലേക്ക് പറന്നടുക്കാൻ ശ്രമിച്ച മാംസദാഹിയായ കഴുകന്റെ ചിറകുകൾ എങ്ങനെയിരിക്കുമെന്നു നിങ്ങൾ സ്വയം ഊഹിച്ചു നോക്കുക.

സ്വാമി ശരണം

പൂടവിചാരം

അനീതി ഏതു മറ്റവൻ കാണിച്ചാലും അത് അനീതി തന്നെയാണ്‌.

നിത്യജീവിതത്തിൽ നാം ഉദാസീനതയോടെ കണ്ണടച്ചു വിടുന്ന ഒരു കൊടും അനീതിയാണ്‌ ബാർബർ ഷോപ്പുകളിലെ സേവനനിരക്കുകൾ. ‘രോമം വടിക്കുന്നവനോട് കണക്കു പറയണ്ട’, ‘നാണക്കേട്‌’ തുടങ്ങിയ മനുഷ്യന്റെ കോംപ്ലക്സുകളെ ഇത്രയധികം അനുകൂലമാക്കി, മുതലെടുക്കുന്ന മറ്റൊരു തൊഴിൽ മേഖല ഇല്ലെന്നു തന്നെ പറയാം.

ഏതാനും നാളുകൾക്കുള്ളിൽ തലവെട്ടു കൂലി കഴുത്തുവെട്ടായി മാറിയത് പലരും ശ്രദ്ധിച്ചിട്ടുണ്ടാവില്ല, അഥവാ കാണാത്ത ഭാവം നടിക്കുന്നതിനു പിന്നിൽ മേൽപ്പറഞ്ഞ കോംപ്ലക്സ് (അല്ലാതിതിനെ മറ്റെന്തു പേരിട്ടു വിളിക്കണം?) മാത്രമാവാം.

15 മിനിറ്റ് ജോലിക്ക് 70 രൂപ മുതൽ മുകളിലോട്ട് ലഭിക്കുന്ന മറ്റേതൊരു സാധാരണ തൊഴിൽ മേഖലയാണ്‌ ഇന്ന് നമ്മുടെ നാട്ടിൽ നിലവിലുള്ളത്? ഗൾഫ് മേഖലകളിലെ ചാർജ്ജിന്‌ ഒപ്പമോ, അതിൽ കൂടുതലോ ആണ്‌ ഇന്ന് കേരളത്തിലെ കട്ടിംഗ് ആൻഡ് ഷേവിംഗ് ചാർജ്ജ്.

ഇതൊക്കെ കണ്ണടയ്ക്കുമ്പൊഴും എത്ര ചിന്തിച്ചിട്ടും ന്യായീകരണം കണ്ടെത്താൻ കഴിയാത്ത അനീതി, മുടി വെട്ടുന്നതിന്‌ 70 രൂപ ചാർജ്ജുള്ളപ്പോൾ, അതിന്റെ പകുതി പോലും പണിയോ, സമയമോ, കത്രിക തുടങ്ങിയവയുടെ തേയ്മാനം മുഖവിലയ്ക്കെടുത്താൽ അതു പോലുമോ ആവശ്യമില്ലാത്ത, കേവലം ഒരു മുറി ബ്ലേഡ് കൊണ്ട് കാര്യം സാധിക്കുന്ന മൊട്ടയടിക്കലിന്‌ ഈടാക്കുന്ന തുക 100 മുതൽ മുകളിലോട്ടാണ്‌. എന്തു ന്യായീകരണമാണിതിനുള്ളത്? തുടർന്നു വരുന്ന ഏതാനും മാസങ്ങൾ തനിക്കു നഷ്ടമാവുന്ന വെട്ടലിന്റെ (വെട്ടിക്കലിന്റെ) നഷ്ടപരിഹാരം മുൻകൂറായി ഇരയിൽ നിന്നും (അതേ, ഇര മാത്രമാകുന്നു നമ്മൾ) ഈടാക്കുന്ന കൊടും അനീതി അല്ലാതെ മറ്റെന്താണിത്?

വെട്ടുന്നവനല്ലാതെ വെട്ടിക്കുന്നവനും, വെട്ടിക്കപ്പെടുന്നവനും അസോസിയേഷനും, യൂണിയനും മണ്ണാങ്കട്ടയുമൊന്നും ഇല്ലെന്നതാവുമോ ഈ പകൽക്കൊള്ളയുടെ പ്രേരകയാഥാർത്ഥ്യം?

എം. ബി. രാജേഷിനൊരു തുറന്ന കത്ത്

Published on: March 8, 2015

എം ബി രാജേഷ്. നിങ്ങൾ ഒരു പ്രദേശത്തിന്റെ എം പി ആണെന്നാണല്ലോ വയ്പ്പ്.

നാളിതു വരെയായി ആ പ്രദേശത്തിന്റെ വികസനത്തിനു വേണ്ടി, അവിടുത്തെ പട്ടിണിപ്പാവങ്ങളുടെ പുരോഗതിക്കു വേണ്ടി, അവരുടെ ആരോഗ്യം, വിദ്യാഭ്യാസം, ഭക്ഷണം, സുരക്ഷിതത്വം, സ്ത്രീകൾ, കുട്ടികൾ, വൃദ്ധർ, അവിടത്തെ പ്രകൃതി തുടങ്ങി എന്തെങ്കിലും ഒന്നിനു വേണ്ടി ആത്മാർത്ഥമായി എന്തെങ്കിലും ചെയ്ത ചരിത്രം നിങ്ങൾക്കു ചൂണ്ടിക്കാണിക്കാനുണ്ടോ?

എം പി ഫണ്ടു കൊണ്ടു നിർമ്മിച്ച കാഴ്ചവസ്തുക്കളുടെ പേരുകളാണെങ്കിൽ ഒരു നിമിഷം; നാലു ലൈറ്റും ഒരു തൂണുമടങ്ങുന്ന ഹൈമാസ്റ്റ് ലൈറ്റ് പോസ്റ്റിന്‌ അടങ്കൽ തുക പത്തോ അതിലധികമോ ലക്ഷം, പത്തു ലക്ഷത്തോളം ചിലവാക്കിയ വെയിറ്റിംഗ് ഷെഡ്‌, കോടികളുടെ കക്കൂസ്‌ തുടങ്ങിയ എം പി / എം എൽ എ മാരുടെ ക്ലീഷേ നമ്പറുകളല്ലാതെ നിങ്ങളുടെ ആത്മാർത്ഥതയും, അദ്ധ്വാനവും വിലയിരുത്താൻ കഴിയുന്ന ഒരു പ്രവർത്തി, ഒരേയൊരെണ്ണം????? പാലക്കാട്ടു നിന്നും വളരേ ദൂരെയുള്ള കാവാലത്തിരുന്നു കൊണ്ട് നോക്കുമ്പോൾ കാണാൻ തക്ക യാതൊന്നുമില്ലാത്തതു കൊണ്ടു ചോദിച്ചതാണ്‌.

ജനം വോട്ടു ചെയ്തു ജയിപ്പിച്ച എം പി ആയിരിക്കേ, അവരുടെ നന്മയ്ക്കായി പ്രവർത്തിക്കാൻ ബാദ്ധ്യസ്ഥനും, കടപ്പെട്ടവനുമായിരിക്കേ, ജനങ്ങളുടെ പണം ശമ്പളമായും, ഫെസിലിറ്റികളായും എണ്ണി വാങ്ങി പോക്കറ്റിലിട്ടു കൊണ്ട്, അതേ ജനങ്ങളെ കഴുതകളാക്കാൻ വേണ്ടി സ്വന്തം മണ്ഡലത്തിൽ വില കുറഞ്ഞ ഉപവാസനാടകമാടിയ കാപട്യത്തിനുടമയല്ലേ താങ്കൾ?

അതേ സമരം പരമദയനീയമായി പരാജയപ്പെട്ടപ്പോൾ, പ്രധാനമന്ത്രിയുടെ ഗ്രാമങ്ങളെ ദത്തെടുക്കൽ പദ്ധതിയെയും, എം പി ഫണ്ടുകളെയും കുറിച്ചുള്ള ജനങ്ങളുടെ ചോദ്യ ശരങ്ങൾ പൊറുതി മുട്ടിച്ചപ്പോൾ അതേ സമരപ്പന്തലിലിരുന്നു കൊണ്ട് ‘എഴുതിക്കൊടുത്തു, നരേന്ദ്ര മോഡി എന്തു തരുമെന്നു നോക്കാം’ എന്ന നാണം കെട്ട, ഒരു ഉത്തരവാദിത്വപ്പെട്ട ജനപ്രതിനിധിയുടെ വ്യക്തിത്വവും, ക്രിയാശേഷിയും വട്ടപ്പൂജ്യമെന്ന് അടിവരയിടുന്ന പ്രസ്താവന ഫേസ്‌ ബുക്ക് വഴി നടത്തിയ അഭിനവ യുവ തുർക്കിയല്ലേ നിങ്ങൾ?

സഭ കൂടുന്ന മണിക്കൂറുകൾക്ക് ലക്ഷങ്ങൾ ചിലവാക്കി ഭാരതീയ ജനത നിങ്ങൾക്കിരിപ്പിടം നൽകിയ പാർലമെന്റ് മന്ദിരത്തിലെ വിലപ്പെട്ട മണിക്കൂറുകളിൽ, സ്വന്തം മണ്ഡലത്തിൽ പട്ടിണി കിടക്കുന്ന, രോഗം കൊണ്ടും ദാരിദ്ര്യം കൊണ്ടും ദുരിതമനുഭവിക്കുന്ന, പീഡിപ്പിക്കപ്പെടുന്ന, ചൂഷണം ചെയ്യപ്പെടുന്ന ജനവിഭാഗങ്ങളെക്കുറിച്ചു യാതൊന്നും സംസാരിക്കാനില്ലാതെ, ദ്രോണാചാര്യ അവാർഡിന്റെ പേരു മാറ്റുന്നതിനെക്കുറിച്ച് ചോദ്യം ചോദിച്ച കേവലം ശിശുപ്രായനായ അൽപ്പബുദ്ധിക്കുടമയല്ലേ നിങ്ങൾ?

നിങ്ങളെപ്പോലെയുള്ളവരുടെ നേതൃത്വത്തിലും, സാരഥ്യത്തിലും ആടിയുലഞ്ഞ് അടിവേരിളകിപ്പോയ പ്രസ്ഥാനമല്ലേ ഇടതു പക്ഷവും, അതിന്റെ നിഴൽ പറ്റി വളർന്നു പാതി വഴിയിൽ വളർച്ച മുരടിച്ചു നിൽക്കുന്ന എസ് എഫ് ഐ, ഡി വൈ എഫ് ഐ പോലെയുള്ള യുവജനപ്രസ്ഥാനങ്ങളും??? അതേ പ്രസ്ഥാനങ്ങളുടെ ഇന്നത്തെ ശോചനീയാവസ്ഥയും, ആശയ ദാരിദ്ര്യവും, ഇച്ഛാശക്തിയില്ലായ്മയും, അന്തഃസ്സംഘടനാ വിഘടനവും, അതിനു പിന്നിലെ അകം പൊള്ളയായ തത്വശാസ്ത്രവും എന്നേ വഴി പിഴച്ചു പോയ ഉദ്ദേശശുദ്ധിയും വെളിവാക്കുവാൻ, അസ്തിത്വവും, വ്യക്തിത്വവും നഷ്ടപ്പെട്ട നിങ്ങളുടെ പാർട്ടി നടത്തിയ 51 ന്റെ നീചഗണിതം വികൃതമാകിയ ഒരു മനുഷ്യന്റെ മുഖത്തേക്കാൾ വികൃതമായിത്തീർന്ന പ്രസ്ഥാനം ഇന്ന്‌ എഴുന്നള്ളിച്ചു നടക്കുന്ന, നാടു നീങ്ങിയ ഹിന്ദു സന്യാസിമാരുടേയും, ഇല്ല ഇല്ല എന്നു നിങ്ങളും നിങ്ങളുടെ വർഗ്ഗവും നൂറായിരം തവണ ആണയിട്ട ദൈവങ്ങളുടെയും, ദേവാലയങ്ങളുടെയും, ദേവകലകളുടെയും ചിത്രണം ചാർത്തിയ വർണ പോസ്റ്ററുകളും തന്നെ ധാരാളമല്ലേ?

ഇങ്ങനെ നാശത്തിലേക്കു കൂപ്പു കുത്തുന്ന ഒരു സംഘടനയുടെ കാലിക ശക്തിയും പ്രസക്തിയും എത്ര തുച്ഛമെന്നു തിരിച്ചറിയാതെ, അതിനെ ശക്തിപ്പെടുത്തുവാൻ പോന്ന യാതൊന്നും ചെയ്യാതെ ബീഫ്‌ ഫെസ്റ്റിവൽ പോലെയുള്ള വാചാടോപങ്ങളിലും, അതു നൽകുന്ന നാണം കെട്ട പ്രശസ്തിയിലും അഭിരമിക്കുവാൻ നാണമുണ്ടോ നേതാവേ?

അൽപമെങ്കിലും സാമൂഹിക പ്രതിബദ്ധത സ്വന്തമായുണ്ടെങ്കിൽ, സ്വന്തം മണ്ഡലത്തിലെ പാവങ്ങൾക്കു വേണ്ടി എന്തെങ്കിലും ചെയ്യൂ, അവർക്ക് ദിവസം ഒരു നേരത്തെ ഭക്ഷണം ഉറപ്പാക്കൂ, എന്നിട്ടു മതേതരപ്രവർത്തനത്തിലും, മാംസക്കൊതിയന്മാർക്കു മസാലയരയ്ക്കലും, മത-വർഗ്ഗീയ പ്രീണനവും ചെയ്ത് വിപ്ലവം നടത്താം. അതല്ലേ ചെയ്യേണ്ടത് നേതാവേ??? അല്ലേ???

കേരളം വിളങ്ങുന്നു കോമളം മാണിസംഘർഷപൂരിതം

Published on: March 13, 2015

കഴിഞ്ഞ ഒന്നോ ഒന്നരയോ മാസമായി കേരളത്തിലെ വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഒരേ ശബ്ദത്തിൽ പറയുന്നു, മാണി ബജറ്റ് അവതരിപ്പിക്കാൻ പാടില്ല എന്ന്. ആ ബഹുജനവികാരത്തെയും ആവശ്യത്തെയും മാനിക്കാതെ ഞാൻ തന്നെ അവതരിപ്പിക്കും എന്ന വാശി ഒന്നുകിൽ ധാർഷ്ട്യമാണ്‌. അതല്ലെങ്കിൽ, ഈ ബജറ്റ് അവതരിപ്പിച്ചേ മതിയാവൂ എന്ന അവസ്ഥയിൽ മാണി മറ്റാർക്കോ കടപ്പെട്ടിരിക്കുന്നു എന്നു വേണം കരുതാൻ. കടപ്പാടിന്റെ പേരിലെങ്കിൽ എന്തായാലും അത് കേരള സംസ്ഥാനത്തെ പൗരന്മാരോടല്ല, മറിച്ച് മറ്റേതോ തല്പര കക്ഷികളോടാണെന്നുതിൽ സംശയമേ വേണ്ട.

ഇന്നു തലസ്ഥാനത്ത് ഉണ്ടായ - ഇപ്പൊഴും തുടരുന്ന സർവ്വ കോലാഹലങ്ങൾക്കും ഉത്തരവാദി കെ എം മാണിയും, മുഖ്യമന്ത്രിയുമാണെന്നതിൽ എന്താണ്‌ സംശയം? ഭരണകക്ഷി നിലനിൽക്കുന്നത് സംസ്ഥാനത്തെ ജനങ്ങൾക്കു വേണ്ടിയോ അതോ സ്വാർത്ഥതാൽപര്യങ്ങൾക്കു വേണ്ടിയോ അതോ മറ്റു വല്ലവർക്കും വേണ്ടിയോ? ഈ നാശനഷ്ടങ്ങളുടെ - അറിഞ്ഞു കൊണ്ടു വരുത്തി വച്ച നാശനഷ്ടങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് മന്ത്രി സഭ രാജി വയ്ക്കാനുള്ള മാന്യതയെങ്കിലും യു ഡി എഫ് ഗവൺമെന്റ് കാണിക്കണം.

മാധ്യമങ്ങൾക്കു മുൻപിൽ വന്ന് വമ്പിച്ച അഹങ്കാരത്തോടെ, പുച്ഛത്തോടെ, വെല്ലു വിളിയോടെ, ധാർഷ്ട്യത്തോടെ സർവ്വോപരി ഉളുപ്പില്ലാതെ, യാതൊരു പ്രതിബദ്ധതയുമില്ലാതെ അവതരിപ്പിച്ച ബജറ്റ് വിവരണമോ??? നിത്യോപയോഗസാധനങ്ങൾക്കു വരെ നികുതിയും വിലവർദ്ധനയുമായി സാധാരണക്കാരന്‌ ഒരു പ്രയോജനവും ചെയ്യാത്ത പ്രത്യുത കനത്ത പ്രഹരമേൽപ്പിക്കുന്ന ഒന്ന്. വന്നിട്ടും പോയിട്ടും റബ്ബർ കർഷകർക്കു കൊള്ളാം. എന്നു വച്ചാൽ പാലാക്കാർക്ക്...

ഭാരതം കണ്ട എക്കാലത്തെയും നാണം കെട്ട രാഷ്ട്രീയ വിരോധാഭാസവും, കേരള നിയമസഭയിലെ കറുത്ത ദിനവും... രാജിയിൽ കുറഞ്ഞ മറ്റൊരു പരിഹാരവുമില്ല ഈ ധാർഷ്ട്യത്തിനും ഏകാധിപത്യത്തിനും.

കേരള നിയമസഭയിൽ ഇരിക്കാൻ യോഗ്യനായ ഒരേയൊരാൾ

Published on: March 15, 2015

കേരള നിയമസഭയിൽ ഇരിക്കാൻ യോഗ്യനായ ഒരേയൊരാൾ താനാണെന്ന് ഇന്നൊരിക്കൽ കൂടി തെളിയിച്ചു ശ്രീ ഗണേഷ് കുമാർ. ഒരു സാമാജികന്റെ മിതത്വവും, മാന്യതയും കാത്തു സൂക്ഷിച്ച ഒരേയൊരാൾ അദ്ദേഹം മാത്രമായിരുന്നു.

ഗണേഷ് കുമാറിനെ ആരോപണങ്ങളിൽ (അതേ ആരോപണങ്ങൾ മാത്രം) പെടുത്തി മന്ത്രിസ്ഥാനത്തു നിന്നും ഇറക്കി വിട്ടവരുടെ താൽപര്യങ്ങൾ ചെറുതല്ലായിരുന്നു. അറിഞ്ഞോ അറിയാതെയോ മുതിർന്ന നേതാവും, വിശാലമായ രാഷ്ട്രീയപാരമ്പര്യവുമുള്ള അദ്ദേഹത്തിന്റെ അച്ഛൻ കൂടി അതിനു കൂട്ടു നിന്നു എന്നത് ദുഃഖകരമാണ്‌. പക്ഷേ ഒന്നു ചോദിക്കട്ടേ...

ഇന്നത്തെ അവസ്ഥയിൽ, ഒരു മന്ത്രി, അല്ലെങ്കിൽ എം. എൽ. എ. എന്നത് തീർച്ചയായും ഒരു ഉദ്യോഗം തന്നെയാണ്‌. മാന്യമായ ശമ്പളം, അലവൻസുകൾ, പെൻഷൻ തുടങ്ങിയവ ലഭിക്കുന്ന ഒരു തൊഴിൽ കൂടിയാണ്‌ അത്. ജനപ്രതിനിധി എന്ന ബാദ്ധ്യതയും, പ്രതിബദ്ധതയും കൂടി ഉൾച്ചേരുമ്പോൾ ആ തൊഴിലിന്‌ മഹത്വവും, മൂല്യവും ഉയരുന്നു. ഒപ്പം ഉത്തരവാദിത്വവും.

ആ ഉത്തരവാദിത്വബോധത്തോട്‌ ഇത്ര കണ്ടു നീതി പുലർത്തിയിട്ടുള്ള മറ്റൊരു സാമാജികൻ ഈയടുത്ത കാലത്തെന്നെങ്കിലും കേരളനിയമസഭയുടെ പടികൾ ചവിട്ടിക്കയറിയിട്ടുണ്ടോ?

സരിത, തേക്കടി, മാങ്ങാത്തൊലിയെന്നൊക്കെപ്പറഞ്ഞ് നാടിനു ഗുണം ചെയ്യുന്ന, സത്യസന്ധനായ ഒരുവനെ അപമാനിക്കാവുന്നതിന്റെ പരമാവധി അപമാനിച്ച് ഇറക്കി വിട്ടവർ, അതിനു കുട പിടിച്ചവർ ഒന്നു ചിന്തിക്കുക, സ്വകാര്യ ജീവിതത്തിൽ (ഇനി ചെയ്തെങ്കിൽ തന്നെ) അയാൾ പെണ്ണു പിടിക്കുകയോ, കള്ളു കുടിക്കുകയോ എന്തു വേണമെങ്കിൽ ചെയ്യട്ടെ. ഉത്തരവാദിത്വമുള്ള ഒരു പദവിയിലിരുന്നു കൊണ്ട്‌ ആ പദവിയിൽ നിക്ഷിപ്തമായിരുന്ന കർത്തവ്യത്തിൽ നിന്ന് അദ്ദേഹം പിൻമാറിയിരുന്നോ? ആ പദവി ദുർവ്വിനിയോഗം ചെയ്തിരുന്നോ? രണ്ടുമില്ല. എന്നാൽ സർക്കാരിന്റെ - അഥവാ ജനങ്ങളുടെ - സ്ഥിരം ശമ്പളവും, മറ്റലവൻസുകളും, തുടർന്ന് പെൻഷനും വാങ്ങിക്കൊണ്ട് ജോലി ചെയ്യുന്ന ചീഫ് സെക്രട്ടറിമാർ മുതൽ താഴെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാർ വരെയുള്ളവർ ഇതൊന്നും ചെയ്യുന്നില്ലെന്നുറപ്പാണോ? തന്റെ മുന്നിൽ സ്വന്തം ഭർത്താവിന്റെ മരണാനന്തര ആനുകൂല്യങ്ങൾക്കു കൈ നീട്ടുന്ന വിധവയുടെ മടിക്കുത്തിൽ കയറിപ്പിടിക്കാൻ പോലും മടിയില്ലാത്ത മാന്യന്മാർ ബ്യൂറോക്രസിയുടെ ഭാഗമായിരുന്നിട്ടില്ലേ? അവരൊക്കെ ഗംഭീരമായി സർവ്വീസ്‌ തികച്ച് അടുത്തൂൺ പറ്റി രാജകീയമായി ജീവിതം ആഘോഷിക്കുന്നില്ലേ?

അതൊക്കെ പോട്ടെ, ഇതേ സരിത വിഷയം തന്നെയെടുത്താൽ മേൽപ്പറഞ്ഞ രണ്ടു വിഷയത്തിലും (ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യലും, സ്വന്തം കർത്തവ്യത്തെ വ്യഭിചരിക്കലും) തെറ്റു പ്രവർത്തിച്ചവർ ഇന്നും നമ്മുടെ നിയമസഭയിലില്ലേ? ബഹുമാന്യ നേതാക്കൾ പരസ്ത്രീയുടെ കിടപ്പുമുറിയിലും, എന്തിന്‌, കൂടെ കെട്ടിമറിയുന്ന സചിത്ര വാർത്തകൾ വരെ കണ്ട്‌ മലയാളി അന്തം വിട്ടില്ലേ. അവരൊക്കെ ചോദ്യം ചെയ്യപ്പെട്ടോ? ശിക്ഷിക്കപ്പെട്ടോ? അപമാനിക്കപ്പെട്ടോ? എല്ലാത്തിനും കുട പിടിച്ചവൻ ഇന്നും മുഖ്യമന്ത്രിക്കസേരയിൽ ഇല്ലേ?

പിന്നെന്തിന്‌ ഗണേഷ് കുമാർ വിധിക്കപ്പെട്ടു? ഒറ്റ ഉത്തരമേയുള്ളൂ. സത്യസന്ധതയുടെ പേരിൽ. രണ്ടാമതൊരിക്കൽ നിയമസഭയുടെ മദ്ധ്യത്തിൽ തന്റെ കൈവശമിരുന്ന ഫയലുകൾ ഉയർത്തിക്കാട്ടി, തെളിവുസഹിതം അഴിമതിയെ ഉയർത്തിക്കാട്ടിയപ്പോൾ, അദ്ദേഹത്തിനെതിരെ നടപടിയാവശ്യപ്പെടുകയാണ്‌ ഉത്തരവാദിത്വപ്പെട്ടവർ ചെയ്തത്. ലജ്ജയില്ലാതെ നാം പൗരന്മാരെന്ന കഴുതകൾ അതും കണ്ടു. മിണ്ടാതിരുന്നു.

ആവർത്തിച്ചു പറയട്ടെ, കേരളനിയമസഭയിൽ സത്യസന്ധനായ, ആത്മാർത്ഥതയുള്ള, ജനങ്ങളോടും നാടിനോടും പ്രതിബദ്ധതയുള്ള ആണൊരുത്തനുണ്ടെങ്കിൽ അതു ഗണേഷ് കുമാർ മാത്രമാണ്‌. ആ സത്യം ഇന്നിതാ ഒരിക്കൽക്കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു. സ്നേഹാദരം ശ്രീ ഗണേഷ് കുമാർ...

മാണിബജറ്റിലെ മാനിപ്പുലേഷൻസ്

Published on: March 14, 2015

കോടതിയിൽ കയറിയാൽ അഭിഭാഷകർ, ന്യാധിപൻ ഉണ്ടെങ്കിലും ഇല്ലെങ്കിലും ന്യായാസനത്തെ (ജഡ്ജി ഇരിക്കുന്ന കസേരയെ) ശിരസ്സു കുനിച്ചു വണങ്ങിയതിനു ശേഷമാണ്‌ ഇരിക്കുന്നത്. അതു പോലെ തന്നെ നിയമസഭയിലെ നടപടിക്രമങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ പോലും ഓൺ ദി റെസ്പെക്റ്റഡ് ചെയർ എന്നാണ്‌ ഉപയോഗിക്കാറ്‌. അതായത് വ്യക്തിക്കല്ല, ആ സ്ഥാനത്തിന്‌ - കസേരയ്ക്ക് - ആണ്‌ പദവിയും, മൂല്യവും.

ബജറ്റ് നടപടിക്രമത്തിൽ, സ്പീക്കർ തന്റെ കസേരയിൽ ഇരുന്നു കൊണ്ട് ബജറ്റ് അവതരണത്തിന്‌ ധനമന്ത്രിയെ ക്ഷണിക്കുകയും, അത് സമർപ്പിച്ചിട്ടുണ്ടെന്ന അറിയിപ്പിനെ തുടർന്ന് അവതരണത്തിനുള്ള അനുമതി നൽകുകയും ചെയ്തതിനു ശേഷം മാത്രമേ ബജറ്റ് അവതരിപ്പിക്കാൻ പാടുള്ളൂ എന്നതാണ്‌ ചട്ടം.

ഭാരതത്തിന്റെ ഭരണഘടന അനുശാസിക്കുന്ന വ്യവസ്ഥ ഇങ്ങനെയാണെന്നിരിക്കേ, മേൽപ്പറഞ്ഞ നടപടികളൊന്നും പൂർത്തിയാക്കാതെ നടത്തിയ ബജറ്റ് അവതരണം നഗ്നമായ ചട്ടലംഘനവും അതു കൊണ്ടു തന്നെ അസാധുവുമാണ്‌.

ഡയസിന്റെ ഏതോ മൂലയിൽ നിന്നുകൊണ്ട് ആംഗ്യം കാണിച്ചു വിളിച്ചു എന്നും മറ്റുമുള്ള സ്പീക്കറുടെ ബാലിശമായ അവകാശവാദത്തെ മുഖവിലയ്ക്കെടുക്കുക വയ്യ. അത്ര ധൃതി കൂട്ടി ചെയ്യാൻ അത് യുദ്ധഭൂമിയോ, നടന്നത് മിലിട്ടറി ആക്ഷനോ അല്ല. പൗരന്മാർ തിരഞ്ഞെടുത്തയച്ച ജനപ്രതിനിധികളാണ്‌ സഭയിലുണ്ടായിരുന്നത്.

മാത്രവുമല്ല, സഭയുടെ മുൻപിൽ ഔദ്യോഗികമായി അവതരിപ്പിക്കുന്നതിനു മുൻപേ, മാധ്യമങ്ങൾ അടക്കമുള്ളവരുടെ മുൻപിൽ ബജറ്റ് വെളിപ്പെടുത്തി എന്ന ക്രിമിനൽ കുറ്റം കൂടി ഇതിനോടകം തന്നെ 12 ബജറ്റുകൾ അവതരിപ്പിച്ച, കേരളത്തില ഏറ്റവും മുതിർന്ന ഒരു രാഷ്ട്രീയപ്രവർത്തകനും, ഉത്തരാവിത്വപ്പെട്ട ജനപ്രതിനിധിയും, സർവ്വോപരി നിയമ മന്ത്രി വരെ ആയിരുന്നിട്ടുള്ള ധനമന്ത്രി ചെയ്തിരിക്കുന്നു.

അക്ഷന്തവ്യമായ കുറ്റം തന്നെയാണിത്. ‘നിയമം അറിയില്ല എന്നത് നിയമലംഘനത്തിനു ന്യായീകരണമാകുന്നില്ല’ എന്നു കൂടി വിശദീകരണമുള്ള ഭാരതീയ നിയമസംഹിതകളിലോ, ഭരണഘടനയിലോ പരതിയാൽ പോലും ഈ പ്രവർത്തിയെ ക്ഷമാപൂർവ്വം പരിഗണിക്കാൻ കഴിയുന്ന യാതൊരു ലൂപ്പ് ഹോളും ഇല്ലെന്നതാണ്‌ യാഥാർഥ്യം.

ഈയവസ്ഥയിൽ ബഹുമാനപ്പെട്ട ഗവർണ്ണർ ഒരു സമ്പൂർണ്ണ ജനദ്രോഹ ബജറ്റു കൂടിയായ ഈ പ്രഹസനത്തെ നിരുപാധികം അസ്ഥിരപ്പെടുത്തിക്കൊണ്ട് നിയമനടപടിക്കു ശുപാർശ ചെയ്യണമെന്ന് താൽപര്യപ്പെടുന്നു. ഇതു തന്നെയാണ്‌ കേരളത്തിലെ നിഷ്പക്ഷരും, നിയമവാഴ്ച കാംക്ഷിക്കുന്നവരുമായ എല്ലാവരുടേയും ആഗ്രഹം.

മാംസാഹാരവും, മാനവജീവിതവും, വേദങ്ങളും

ഈയുള്ളവന്റെ പരിമിതമായ അറിവിൽ മാംസാഹാരത്തെ വേദാന്തം നിരോധിച്ചു കാണുന്നില്ല. എന്നാൽ മനുഷ്യന്റെ നിത്യവ്യവഹാരങ്ങളിൽ ബുദ്ധി, യുക്തി, തത്വം എന്നീ മൂന്നു ഘടകങ്ങളെക്കൊണ്ടു സമീപിക്കേണ്ടതുണ്ട്. അങ്ങനെ ചിന്തിക്കുമ്പോൾ ചില വസ്തുതകൾ തെളിഞ്ഞു വരുന്നു.

സർവ്വചരാചരങ്ങളെയും ജീവൽസ്വരൂപമായി ദർശിക്കുന്ന സനാതനധർമ്മശാസ്ത്രത്തിൽ ചീര കഴിക്കുന്നവനും, ചേരയെ കഴിക്കുന്നവനും ഒരു പോലെ തന്നെയല്ലേ? ചീരയിലും ചേരയിലും ജീവൻ പകർന്നിരുന്ന ഈശ്വരചൈതന്യം മാറിയാൽ, രണ്ടും ജഡം. വെറും ശവം.

എന്നാൽ ചീരയെ സ്വാഗതം ചെയ്യുകയും ചേരയെ - അഥവാ മാംസത്തെ നിരുൽസാഹപ്പെടുത്തേണ്ടതിന്റെയും സാഹചര്യത്തെ ചിന്തിക്കുമ്പോൾ കഴിഞ്ഞ ദിവസം രാജൻ തോമസ് സാർ പറഞ്ഞു തന്ന ലളിതവും എന്നാൽ യുക്തിഭദ്രവുമായ ഒരു മറുപടിയാണ്‌ ഏറെ അനുയോജ്യമായിത്തോന്നുന്നത്.

പച്ചക്കറികൾ, ഏതുമാവട്ടെ, അവ അറുത്തെടുത്തോ, കുഴിച്ചെടുത്തോ, പറിച്ചെടുത്തോ (ഉദാഹരണം ചീര, ചേമ്പ്, പാവക്ക) ഉപയോഗിക്കുമ്പോൾ നാം അതിലെ ജീവാംശത്തെ പൂർണ്ണമായും ഇല്ലാതാക്കുന്നില്ല. തുടർന്നു വളരുവാനും, നിലനിൽക്കുവാനുമുള്ള അവസരം അവയ്ക്കുണ്ടെന്നതാണ്‌ ഏറ്റവും വലിയ കാര്യം. നമ്മുടെ നിലനിൽപ്പിനായി മറ്റൊന്നിന്റെ നിലനിൽപ്പിനെ നിശ്ശേഷം ഇല്ലായ്മ ചെയ്യാതെയുള്ള ജീവിതശൈലി. അത് തീർച്ചയായും ഭാരതീയ ചിന്താപദ്ധതികൾ മുൻപോട്ടു വയ്ക്കുന്ന അഹിംസാത്മകവും, സമഭാവനയിലും സഹവർത്തിത്വത്തിലും അധിഷ്ഠിതവുമായ ജീവിതശൈലി തന്നെയാണ്‌. ഒന്നു ചീഞ്ഞു മറ്റൊന്നിനു വളമാവാതെ, പകരം രണ്ടും നിലനിൽക്കുകയെന്ന സമഭാവന.

എന്നാൽ ഒരു ജീവിയെ കൊന്നു തിന്നുമ്പോൾ അതിന്റെ ജീവിതം എന്നെന്നേയ്ക്കുമായി അവസാനിക്കുകയാണ്‌.

മറ്റൊന്ന്, നമ്മുടെ - മനുഷ്യന്റെ - ജൈവഘടനയാണ്‌. മാംസാഹാരിയാകുവാൻ വേണ്ട യാതൊരു ജൈവസവിശേഷതയും മനുഷ്യശരീരത്തിലെല്ലെന്നത് ശാസ്ത്രം പണ്ടേ തെളിയിച്ചു കഴിഞ്ഞതാണ്‌.

മാംസാഹാരികളിൽ കണ്ടു വരുന്നത്ര മാരകരോഗങ്ങളും, മാനസിക വൈകല്യങ്ങളും സസ്യാഹാരികളിൽ ഇല്ല എന്നതും ശാസ്ത്രം അടിവരയിടുന്ന സത്യമാണ്‌.

ജീവികളെ, പ്രത്യേകിച്ചും കന്നുകാലികളെ കൊല്ലുമ്പോൾ ഒന്നിന്റെ മുൻപിൽ വച്ചാണ്‌ മറ്റൊന്ന് കൊല ചെയ്യപ്പെടുന്നത്. ഇതു കണ്ടു നിൽക്കുന്ന, അടുത്തത് തന്റെയൂഴമെന്നു തിരിച്ചറിയുന്ന അവയുടെ ഉള്ളിൽ അഗാധമായ മരണഭയം നിമിത്തമുണ്ടാകുന്ന ഹോർമോണുകൾ മാരകരോഗകാരികളാണെന്നതും ആധുനിക ശാസ്ത്രം ചൂണ്ടിക്കാണിക്കുന്നു.

ആധുനിക കാലത്തിൽ മാംസാഹാരത്തോട്‌ മുഖം തിരിക്കേണ്ടതിന്റെ പ്രധാന ആവശ്യം ഇതിലൊക്കെ ഉപരിയാണ്‌. അത് ഹൃദയം കൊണ്ടു കൂടി ചിന്തിക്കേണ്ടതാണ്‌. ഒന്നാമതായി, മനുഷ്യൻ ഭക്ഷിക്കാനായി ഉപയോഗിക്കുന്ന നാൽക്കാലികളുടെ കാര്യമാണ്‌. നേരിട്ടറിവുള്ളതും, പറഞ്ഞറിയുന്നതുമായ കാര്യങ്ങളാണിവ. ഒരു ആയുസ്സു മുഴുവൻ മനുഷ്യനു വേണ്ടി പണിയെടുത്ത ജീവികൾ, പാലിനും, ഉഴവിനും, ഭാരം വലിയ്ക്കുന്നതിനും തുടങ്ങി ക്രൂരനായ മനുഷ്യന്റെ വിനോദാർത്ഥം പോരടിക്കാൻ വരെ വിധിക്കപ്പെട്ട പാവം മിണ്ടാപ്രാണികൾ. ഉപയോഗശേഷം അവയെ ക്രൂരമായ വിധം കൊല ചെയ്യുന്നു.

മൃഗങ്ങളെ വണ്ടിയിൽ കയറ്റി കൊണ്ടു പോകുമ്പോൾ നിശ്ചിത എണ്ണം മാത്രമേ ഒരു വണ്ടിയിൽ കയറ്റാവൂ എന്ന നിർദ്ദേശം നിലനിൽക്കുമ്പൊഴും അവയൊന്നും ആരും പാലിക്കുന്നില്ല. കുത്തി നിറച്ചു കൊണ്ടു പോകുന്ന അവ, ഉറങ്ങാതിരിക്കാൻ, ഉറക്കം മൂലം കിടന്നു സ്ഥലം കൂടുതൽ ഉപയോഗിക്കാതിരിക്കാൻ അവയുടെ കണ്ണുകളിലും, മലദ്വാരത്തിലും മുളകരച്ചു തേയ്ക്കാറുള്ളത് മാംസാഹാരികൾ അറിയുന്നുണ്ടോ? കിലോമീറ്ററുകൾ നടത്തിക്കൊണ്ടു പോകുന്ന അവയുടെ മേൽ വീഴാറുള്ള ചാട്ടവാറടികൾ നെഞ്ചിൽ കൊണ്ടിട്ടുണ്ടോ? കൊല ചെയ്യുന്നതിന്റെ തലേ ദിവസം ഉലക്ക പോലെയുള്ള കഠിനമായ വസ്തുക്കൾ കൊണ്ട് ദേഹം മുഴുവൻ തല്ലിച്ചതച്ച് കഴുത്തറ്റം വെള്ളത്തിലിറക്കി നിർത്തും, പിറ്റേ ദിവസമാകുമ്പോൾ നീരു വന്ന് മാംസത്തിനു തൂക്കം കൂടും, ഒരു പാവം ജീവിയുടെ മാംസം വില കൊടുത്ത് തൂക്കി വാങ്ങി നാവിൽ വെള്ളമൂറി വീട്ടിലേയ്ക്കു നടക്കുമ്പോൾ തലേ ദിവസം ആ മിണ്ടാപ്രാണി അനുഭവിച്ച നരകവേദന ഓർക്കാറുണ്ടോ ആരെങ്കിലും?

ഇവിടെ ഹൃദയം പറയുന്നതു കേൾക്കുമോ അതോ മൂന്നോ നാലോ ഇഞ്ചു നീളം വരുന്ന നാവിന്റെ രുചിതൃഷ്ണയ്ക്ക് അടിമപ്പെടുമോ നിങ്ങൾ?

ഈ ലോകത്തിലുള്ളതെല്ലാം മനുഷ്യനു തിന്നാനുള്ളതാണെന്ന ധാരണയും, പ്രഘ്യാപനവും മനുഷ്യന്റെ ധാർഷ്ട്യം മാത്രമാണ്‌. വിവേചനബുദ്ധിയുള്ള മനുഷ്യന്റെ വിരോധാഭാസം.

ചിദാനന്ദപുരി സ്വാമിജി പറഞ്ഞത് ഓർക്കുന്നു, കൊന്നു തിന്നാൻ വേണ്ടി ഒരു ജീവിയെ വളർത്താൻ പോന്ന ക്രൂരത മനുഷ്യനു മാത്രം അവകാശപ്പെട്ടതാണ്‌.

ലോകത്ത് ഒരു ജീവിയും ഇന്നത്തെ എന്റെ ആഹാരം ഇന്നതായിരിക്കണം എന്നു തീരുമാനിച്ച് ഭക്ഷണം തേടിയിറങ്ങാറില്ല. മനുഷ്യനല്ലാതെ. ഈ സ്വാർത്ഥതയെ മറ്റൊരു ന്യായീകരണം കൊണ്ടും മൂടി വയ്ക്കുവാനാകില്ല. ഞാൻ മനുഷ്യനാണെന്ന നികൃഷ്ടാവകാശവാദമൊഴികെ മറ്റൊരു മറുപടിയുമില്ല അടങ്ങാത്ത ഈ മാംസദാഹത്തിന്‌.

© കാവാലം ജയകൃഷ്ണൻ

കൂപമണ്ഡൂകത്തിന്റെ സർഗ്ഗവിലാസങ്ങൾ

വിശ്വസാഹിത്യത്തിൽ, ഒരു കൂപമണ്ഡൂകത്തിന്റെ വില മാത്രമേ അരുന്ധതി റോയിക്ക്‌ അവകാശപ്പെടാനുള്ളൂ. മഹാസമുദ്രത്തോളം പോരുന്ന പെരുമയും, പൊരുളുമുള്ള അസംഖ്യം കൃതികളുമായി തട്ടിച്ചു നോക്കുമ്പോഴെന്നല്ല, താരതമ്യേന വളരെ ചെറിയ ഒരു കൂട്ടം ആളുകൾ സംസാരിക്കുന്ന, മലയാള സാഹിത്യത്തിൽ, ആടുജീവിതത്തിന്‌ അവകാശപ്പെടാനുള്ളതിലും എത്രയോ താഴെ മാത്രമാണ്‌ ഗോഡ്‌ ഓഫ്‌ സ്മോൾ തിങ്ക്സ്‌ ഉൾക്കൊള്ളുന്ന മൂല്യവും, മുദ്രയും.

വ്യാപ്തിയുള്ള ജീവിതവും, ജീവിത വ്യവസ്ഥിതിയുമുള്ള ഭാരതീയ കഥാപാത്രങ്ങളെ ഏതൊരു ചെറിയ ഫ്രെയിമിലൊതുക്കിയാലും, പാശ്ചാത്യലോകം അതിൽ അത്ഭുതം കൂറും. അത്‌ രണ്ടു സാംസ്കാരിക ഭൂമികകളിൽ വസിക്കുന്നവർക്ക്‌ പരസ്പരം തോന്നുന്ന അത്ഭുതമെന്നതിലുപരി മറ്റൊന്നുമില്ല തന്നെ. അങ്ങനെ ചിന്തിക്കുമ്പോൾ ആറു നീന്തുന്നവനും, പെപ്പരപെരപെര പേരപ്പനുമൊക്കെ ഒരു വിഷയമേ ആവുന്നില്ല മലയാളിക്ക്‌. ഇത്തരം കുറേ പൊള്ളയായ ഗിമ്മിക്കുകൾ കൊണ്ട്‌ പുകമറ തീർക്കാൻ കഴിഞ്ഞതിനപ്പുറം യാതൊരു ക്രിയാത്മക ഇടപെടലുകളും നടത്തിയിട്ടില്ലാത്ത ഒരു (വി)കൃതി ബുക്കർ പ്രൈസ്‌ കരസ്ഥമാക്കിയപ്പോൾ ബുക്കർ എന്ന വിഖ്യാതപുരുഷനും, അദ്ദേഹത്തിന്റെ പേരിൽ സ്ഥാപിതമായ അവാർഡും തുലോം തുച്ഛമായ നിലയിലേക്ക്‌ തരം താഴ്ത്തപ്പെട്ടു എന്നു പരിതപിക്കുവാനേ നിവൃത്തിയുള്ളൂ.

ചുരുക്കത്തിൽ, യാതൊരു ഉൾക്കാമ്പുമില്ലാത്ത ഒരു പുസ്തകത്തിനു ലഭിച്ച, അൽപ്പം കനമുള്ള ഒരു അവാർഡിന്റെ താരത്തിളക്കത്തിന്റെ പ്രഭാവലയത്തിൽ അഭിരമിച്ചു കൊണ്ടാണ്‌ അരുന്ധതി റോയി ഇന്നും ദേശവിരുദ്ധത നിറയുന്ന പ്രസ്താവനകൾ കൊണ്ടും, പ്രവർത്തികൾ കൊണ്ടും ജനങ്ങളുടെ കണ്ണിൽ പൊടിയിടാനും, സിരകളിൽ വിഷം കലർത്താനും ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌. ജനമനസ്സുകളിൽ നിന്നും വിസ്മൃതിയിലാണ്ടു പൊയ്ക്കൊണ്ടിരിക്കുന്ന തന്റെ താരത്തിളക്കത്തെ നില നിർത്താനുള്ള തത്രപ്പാട്‌. മറ്റുള്ളവരുടെ ശ്രദ്ധ ക്ഷണിക്കാൻ കോമാളിത്തരം കാട്ടുന്ന ഒരു കുഞ്ഞിന്റെ ചാപല്യത്തിന്‌ ഇതിലും എത്രയോ അന്തസ്സും, സൗന്ദര്യവുമുണ്ട്‌!

പക്ഷേ, ഒരു പൗരൻ എന്ന നിലയിൽ, ഭാരതത്തിൽ അധിവസിച്ചുകൊണ്ട് ഭാരതീയന്റെ ആത്മാഭിമാനത്തിനു മേൽ കരി വാരിത്തേയ്ക്കുന്ന അവരുടെ ജൽപ്പനങ്ങൾ പലപ്പോഴും അതിരു കടക്കുന്നു. 1909 നും 1946 നുമിടയിൽ ഗാന്ധിജി പറഞ്ഞതും എഴുതിയതുമായ കാര്യങ്ങളിൽ വർഷങ്ങളുടെ ഗവേഷണം നടത്തി എന്നവകാശപ്പെട്ടു കൊണ്ട്‌ അവർ നടത്തിയ അധിക്ഷേപം ഏതൊരു ഭാരതീയനും ഉൾക്കൊ‍ാൻ കഴിയുന്നതല്ല; കുറേ ദേശവിരുദ്ധർക്കൊഴിച്ച്.

ഗാന്ധിജിയെക്കുറിച്ച് എന്തറിഞ്ഞെന്നാണ്‌, എന്തു പഠിച്ചെന്നാണ്‌ ഇവർ അവകാശപ്പെടുന്നത്? ആ ജീവിതത്തിന്റെ നേരും, നേർമ്മയും, നൈർമ്മല്യവും,തന്റേടവും, വിശ്വമാനവസ്നേഹവും അവരുടെ സുദീർഘവായനയിലെങ്ങും അവരെ സ്പർശിച്ചില്ലയെങ്കിൽ, അവർ ഒന്നുകിൽ ഗാന്ധിയെ അല്ലായിരിക്കും വായിച്ചിരിക്കുക. അതുമല്ലെങ്കിൽ അവരുടെ ഭാഷാവബോധവും, മനനശേഷിയും, മനഃസ്സാക്ഷിയും കൂടി അവരെ ക്രൂരമായി വഞ്ചിച്ചിരിക്കാം.ഗോഡ് ഓഫ് സ്മോൾ തിങ്ക്സ് എഴുതിയ ബുദ്ധി വച്ചു നോക്കിക്കണ്ടതിന്റെ കുഴപ്പവുമാകാം ഇതൊക്കെ.

എന്തായിരുന്നാലും, ഭാരതീയ സൈനികരെയും, ഭാരതത്തിന്റെ സമാദരണീയനും, മഹാത്മാവുമായ രാഷ്ട്രപിതാവിനെയും, സാങ്കേതികരംഗത്തെ കുതിച്ചു ചാട്ടത്തെയും, സ്വയം പര്യാപ്തതയെപ്പോലും ദുഷ്ടലാക്കോടെ പരസ്യമായി വിമർശിക്കുകയും, കുറ്റപ്പെടുത്തുകയും ചെയ്യുന്ന അവർ മാത്രമേ ഒരു ഏജന്റ് അഥവാ ചാരൻ ആവാൻ തരമുള്ളൂ. അത് ഏതെങ്കിലും വിദേശ കോർപ്പറേറ്റുകളുടേതാണോ അതോ ഭാരതം നശിച്ചു കാണാൻ ആഗ്രഹിക്കുന്ന ഏതെങ്കിലും ശത്രു രാജ്യത്തിന്റേതാണോ എന്നത് അന്വേഷിക്കേണ്ട ചുമതല രാജ്യത്തിനുണ്ട്.

ഗാന്ധിജിയെ വായിച്ചറിഞ്ഞവർക്കറിയാം, ഉച്ചനീചത്വങ്ങൾക്കുപരിയായി അദ്ദേഹം ദളിതനോടും, സമ്പന്നനോടും. സാധാരണക്കാരോടും സമീപിച്ചിരുന്നതെങ്ങനെയെന്ന്‌. അന്ന് അവർക്കു വേണ്ടി ചിന്തിക്കുകയും പ്രയത്നിക്കുകയും ചെയ്തിട്ടുള്ള എത്ര പേർ ഉണ്ടായിരുന്നു?

സാമൂഹ്യപരിഷ്കർത്താവെന്നോ, പാവങ്ങളുടെ അപ്പൊസ്തലയെന്നോ ഒക്കെ സ്വയം അവകാശപ്പെടുന്ന അരുന്ധതി എന്തു ചെയ്തു ദളിതർക്കു വേണ്ടി? പോട്ടെ, മറ്റാർക്കെങ്കിലും വേണ്ടി? ഇവരുടെ ഈ ദേശവിരുദ്ധപ്രവർത്തനങ്ങൾ നിരീക്ഷിക്കപ്പെടേണ്ടതുണ്ട്. ഇതൊരു പെയ്‌ഡ്‌ സർവ്വീസ്‌ ആവാതെ തരമില്ല തന്നെ.

http://www.mathrubhumi.com/story.php?id=532881

ഇ എം എസ് എന്ന പ്രായോഗികബുദ്ധിജീവി

ആ കാലഘട്ടത്തിലെ നമ്പൂതിരി വിഭാഗത്തിലെ ഏറ്റവും ബുദ്ധിമാനായ നമ്പൂതിരിയായിരുന്നു ഇ എം എസ് നമ്പൂതിരിപ്പാട്. കേരളം വിപ്ലവാത്മകമായ ഒരു മാറ്റത്തിനു വിധേയമാകുന്നത് സസൂക്ഷ്മം നിരീക്ഷിച്ച അദ്ദേഹം, വരും കാലങ്ങളിൽ ജന്മിത്വത്തിനും, പ്രഭുത്വത്തിനും സംഭവിക്കാൻ പോകുന്ന തിരിച്ചടി മുൻകൂട്ടി കണ്ടു. എന്നാൽ തന്റെ മേൽക്കോയ്മ്മയെ അടിയറ വയ്ക്കാൻ മനസ്സില്ലാതിരുന്ന അദ്ദേഹം, അന്നിന്റെ രാഷ്ട്രീയത്തെ തന്റെ ആയുധമാക്കി. ഫലമോ, ജനാധിപത്യകേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയായിത്തന്നെ - അഥവാ, മാറിയ കാലഘട്ടത്തിലെ രാജപദവിയിൽ തന്നെ - ഇ എം എസ് തുടർന്നു. ഭാവിയിലേക്ക് ഒന്നും കരുതി വയ്ക്കാൻ തല്പരനല്ലാതിരുന്ന അദ്ദേഹം, ഉള്ള ജീവിതം വളരെ പ്രാക്ടിക്കലായി കണ്ടു, അതിനു വേണ്ടി പ്രയത്നിച്ചു, പൂർണ്ണ വിജയം കാണുകയും ചെയ്തു. നാളേയ്ക്കു വേണ്ടി കരുതേണ്ടതില്ലെന്നും നിലനിൽപ്പിനു വേണ്ടി എന്തും ചെയ്യാമെന്നുമുള്ള സ്മൃതി, ചാണക്യനീതി തുടങ്ങിയ ഗ്രന്ഥങ്ങളിലെ തത്വങ്ങളെ ഇത്രയധികം പ്രാക്ടിക്കലാക്കിയ വേറെ ഏതൊരു ബ്രാഹ്മണനെയാണ് സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ ചൂണ്ടിക്കാണിക്കാനാവുക? അതുകൊണ്ടു തന്നെ കേരളത്തിലെ കമ്യൂണിസ്റ്റു പ്രസ്ഥാനങ്ങളെ ആദ്യമായി പറ്റിച്ച ബ്രാഹ്മണനും അങ്ങനെ ഇ എം എസ ആയി... എന്താ എതിരഭിപ്രായമുണ്ടോ ആർക്കെങ്കിലും?

ആനകളില്ലാതെ അമ്പാരിയില്ലാതെ...

മലയാളിയുടെ ഉത്സവങ്ങൾക്ക് ഒഴിച്ചു കൂടാനാവാത്ത രണ്ടു കാര്യങ്ങളായി, ആനയും, വെടിക്കെട്ടും മാറിയിരിക്കുന്നു. സമഭാവനയുടെയും, വിശ്വസ്നേഹത്തിന്റെയും വിശാലദർശനങ്ങൾ ഉൾക്കൊള്ളുന്ന സനാതനധർമ്മികൾക്ക് ഇതൊരപവാദമാണ്.

നമ്മുടെ വേദ-പുരാണാദികളായ ഗ്രന്ഥങ്ങളിലോ, തന്ത്രശാസ്ത്രത്തിലോ, മറ്റു ക്ഷേത്രാനുബന്ധിയോ, ആചാരാനുഷ്ഠാനസംബന്ധിയോ ആയ ഒരു ശാസ്ത്രഗ്രന്ഥങ്ങളിലും ഈ രണ്ടു കാര്യങ്ങൾ പറഞ്ഞിട്ടില്ല എന്നത് ഒന്നാമത്തെ കാര്യം. രണ്ടാമതായി ഇതിൽ നാം ദർശിക്കേണ്ടത് മനുഷ്യത്വം ആണ്. ക്ഷേത്രം, ഉത്സവം ഇവകളിലൊക്കെ ദൈവീകതയാണ് നാം മുഖ്യമായി പരിഗണിക്കേണ്ടത്.

ഒന്നാലോചിച്ചു നോക്കൂ. മനുഷ്യന്റെ നയനസുഖത്തിനു വേണ്ടി മാത്രം, കാട്ടിൽ സ്വൈര്യമായി വിഹരിക്കേണ്ട ഒരു ജീവി, ശരീരശാസ്ത്രപരമോ, മാനസികമോ ആയി   നാട്ടിൽ ജീവിക്കാൻ പോന്ന യാതൊരു സവിശേഷതയുമില്ലാത്ത ഒരു ജീവി, തണലും വെള്ളവും പറ്റി കഴിയേണ്ട ജീവി, കൂട്ടം കൂടി മാത്രം ജീവിക്കാറുള്ള ഒരു ജീവി; പൊരിവെയിലത്ത്, താൻ തളയ്ക്കപ്പെട്ട ചങ്ങലയിലും, ചട്ടവ്രണത്തിലും നൊന്തും, വെന്തും ഭഗവാന്റെ തിടമ്പേറ്റി നിൽക്കുന്നു. ആ നിർദ്ദോഷ ജീവിയുടെ ശിരസ്സിൽ എഴുന്നള്ളിയിരിക്കുന്ന കരുണാമയൻ സന്തോഷവാനാകുന്നതെങ്ങനെ?

ഈശ്വരന് മനുഷ്യനും, ആനയും, പാമ്പും, ഉറുമ്പും, പൂവും, പുൽക്കൊടിയും വരെ ഒന്നാണ്.  ഒരു പക്ഷേ ചിന്തിക്കാനും, മനനം ചെയ്യാനും, തിരിച്ചറിവോടെ പ്രവർത്തിക്കാനും കഴിയുന്ന മനുഷ്യരോടുള്ളതിനേക്കാൾ വാത്സല്യവും കരുതലും ഭഗവാന് ഈ സാധു ജീവികളോടുണ്ടാവാം... ആദ്ധ്യാത്മിക കാര്യങ്ങളിലും മറ്റു ദൈനംദിന കാര്യങ്ങളിലും നിരന്തരം നവീകരണത്തിനും, തിരുത്തലുകൾക്കും തയ്യാറാവാത്ത ഒരു ജനത അധഃപ്പതനത്തിലേക്കു കൂപ്പുകുത്തുമെന്ന സത്യം നാം മനസ്സിലാക്കേണ്ടതുണ്ട്. ക്ഷേത്രങ്ങളിൽ അതതു കാലങ്ങളിൽ ഭരമേൽക്കുന്ന ഉത്സവ കമ്മറ്റി നടത്തിപ്പുകാർ ഇത്തരം അനാചാരങ്ങൾ നിർത്തലാക്കുവാൻ ആർജ്ജവത്തോടെ മുൻപോട്ടു വരേണ്ടതുണ്ട്.

ആനപ്പുറത്തെഴുന്നള്ളിപ്പ് ശാസ്ത്രമോ ആചാരമോ അല്ല, അതൊരു കീഴ്വഴക്കത്തിന്റെ പേരിൽ വേരുറച്ചു പോയ അനാചാരം മാത്രമാണ്. അഥവാ ആനപ്പുറത്ത് എഴുന്നള്ളിയാൽ മാത്രം സന്തോഷിക്കുന്ന ഒരു ഈശ്വരനിൽ സനാതനധർമ്മി വിശ്വസിക്കാതിരിക്കുക. അതല്ലെങ്കിൽ, അതിനു തക്കതായ ശാരീരിക, മാനസിക സവിശേഷതകളോടെ ഈശ്വരൻ ആ ജീവിയെ ജനിപ്പിക്കണമായിരുന്നു.

ഭാരതീയ ആദ്ധ്യാത്മിക ദർശനങ്ങളിൽ ആഴത്തിൽ അറിവുള്ള സംപൂജ്യ സ്വാമികൾ ശ്രീ ചിദാനന്ദപുരി മഹാരാജിന്റെ വാക്കുകൾ ഈ വിഷയത്തിൽ ആധികാരികമാണ്. സ്വാമിജി ആനയെഴുന്നള്ളത്തിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പൂജനീയ ഡോ. എൻ ഗോപാലകൃഷ്ണൻ സാറും ശാസ്ത്രാടിസ്ഥാനത്തിലും, യുക്തിഭദ്രമായും ഇക്കാര്യത്തെ പിൻതാങ്ങുന്നു.

ആഘോഷങ്ങൾ പാടില്ലെന്ന് ആരും പറയുന്നില്ല. ശില്പചാരുതയുടെ ഉദാത്തമാതൃകകളാവുന്ന രഥത്തിലോ,, സഹസ്രദളപത്മത്തിൽ ഗായത്രി ചൊല്ലി ജ്ഞാനത്തെയുണർത്തിയ വൈദികന്റെ ശിരസ്സിലോ ഭഗവാൻ എഴുന്നള്ളട്ടെ. രഥങ്ങൾ ഒരു സാംസ്കാരിക വൈവിദ്ധ്യം മാത്രമല്ല കുറച്ചു പേർക്ക് തത്സംബന്ധിയായി തൊഴിൽ കൂടി നല്കും. നമ്മുടെ ഉത്സവകാലങ്ങൾ കുറച്ചു കലാകാരന്മാർക്ക് വരുമാനവും, അതിലൂടെ പ്രചോദനവും ലഭിക്കുന്നതാവട്ടെ. ആനയെ എത്രമാത്രം ദ്രോഹിച്ചും, വേദനിപ്പിച്ചും, ഭീഷണിപ്പെടുത്തിയും, പീഡിപ്പിച്ചുമാണ് ഉത്സവങ്ങൾക്ക് എഴുന്നള്ളിക്കുന്നതെന്ന് ഓരോ ഹൈന്ദവനും തിരിച്ചറിയുക.

മറ്റൊന്നുള്ളത് വെടിയും കതിനയുമാണ്. പല ക്ഷേത്രങ്ങളിലും കാര്യസാദ്ധ്യത്തിനും മറ്റുമായി ദേവതയുടെ ഇഷ്ടവഴിപാടെന്ന പേരിൽ വെടിവഴിപാട് ബോർഡുകൾ കണ്ടിട്ടുണ്ട്. ശബ്ദകോലാഹലം കേട്ട് സന്തോഷിക്കുന്ന ദൈവം!. ഒന്ന് മനസ്സിലാക്കുക, ഈശ്വരന്റെ നാദം അത് സാക്ഷാൽ പ്രണവമാണ്. സംശുദ്ധമായ ഓംകാരം. ഓംകാരത്തിൽ സന്തോഷിക്കുന്നവനാണ് ഈശ്വരൻ അല്ലാതെ കതിന പൊട്ടിച്ച് കാതിന് അലോസരമുണ്ടാക്കുന്ന പരിസ്ഥിതിക്ക് ഹാനി വരുത്തുന്ന, ജീവിവർഗ്ഗത്തിന് ഭീഷണിയുണ്ടാക്കുന്ന ശബ്ദത്തിൽ സന്തോഷിക്കുന്നവനല്ല. ഭക്തഹൃദയത്തിൽ നിന്നും ആർദ്രമായൊഴുകുന്ന നാമജപത്തേക്കാൾ അവന് പ്രിയങ്കരമായ മറ്റൊരു ശബ്ദവും ഈ പ്രപഞ്ചത്തിലുണ്ടാവില്ല. ദേവപ്രീതിക്ക് നാമം ജപിക്കുക.

സാമാന്യബുദ്ധി കൊണ്ടു ചിന്തിക്കൂ, കരിമരുന്ന് എന്ന രാസവസ്തു കണ്ടു പിടിച്ചിട്ട് എത്ര കാലമായിക്കാണും? അതിനു മുൻപ് ഈ ദേവത സന്തോഷിച്ചിരുന്നില്ലേ? ശുദ്ധമായ ചൂഷണമാണ് ഇതിനു പിന്നിൽ. ആരാധനാലയങ്ങളോടനുബന്ധിച്ചുള്ള ഇത്തരം ഏർപ്പാടുകൾക്കു വിലക്കേർപ്പെടുത്തുവാനും, അവിടങ്ങളിലെ കരിമരുന്നു ലൈസൻസ് റദ്ദു ചെയ്യുവാനും സർക്കാരുകൾ തയ്യാറാവണം. എത്രയെത്ര അപകടങ്ങൾ നമുക്ക് നൽകിയ പാഠം നാം തിരിച്ചറിയാത്തതെന്തു കൊണ്ടാണ്? കഴിഞ്ഞ ദിവസം അരുവിത്തുറ പള്ളിയിൽ ഉണ്ടായ അപകടം ഇത്തരത്തിൽ അവസാനത്തേതാണ്. കുറച്ചു മനുഷ്യരുടെ ചൂഷണബുദ്ധിയിലും ലാഭേച്ഛയിലും നാം നമ്മുടെ പണവും ആരോഗ്യവും പണയം വയ്ക്കേണ്ടതുണ്ടോ?

ഒരു വർഷം ആനയ്ക്കും, വെടിക്കെട്ടിനുമായി ചിലവഴിക്കുന്ന വമ്പിച്ച തുക കൊണ്ട് ഒരു നിർദ്ധനന് വീടു വച്ചു നല്കൂ, ആരോരുമില്ലാത്ത ഒരു കുഞ്ഞിനെ സംരക്ഷിക്കൂ, ഒരാള്ക്കെങ്കിലും ചികിത്സ ലഭ്യമാക്കൂ... കരുണാമയന്റെ അളവറ്റ പ്രീതിയും സന്തോഷവും ഒരു ഗ്രാമം മുഴുവനും ലഭിക്കും, ക്ഷേത്രസങ്കേതങ്ങൾ ഹിന്ദുവിന് അഭയവും ആശ്രയവും നല്കട്ടെ. അറിവും, അർത്ഥവും, ലക്ഷ്യബോധവും, ധർമ്മബോധവും ലഭിക്കുന്ന യാഗശാലകളാവട്ടെ ഓരോ ക്ഷേത്രാങ്കണവും.

ക്ഷേത്രഭരണത്തിലും നടത്തിപ്പിലും ശാസ്ത്രബോധവും, ലക്ഷ്യബോധവും ആചാരാനുഷ്ഠാനങ്ങളെക്കുറിച്ച് ശാസ്ത്രീയ അറിവ് അടിസ്ഥാനമായെങ്കിലും ഉള്ളവരുമായ യുവാക്കൾ കടന്നു വരേണ്ടതുണ്ട്. നിരന്തരശ്രദ്ധാലുക്കളായ ഒരു യുവ സമൂഹത്തിന്റെ ക്രിയാത്മക ഇടപെടൽ തീർച്ച യായും നമ്മുടെ ക്ഷേത്രാങ്കണങ്ങൾ ആവശ്യപ്പെടുന്നു.  ഇനി വരും കാലങ്ങളിലെങ്കിലും ആനയും വെടിക്കെട്ടുമുണ്ടെങ്കിൽ ഞങ്ങൾ പിരിവു തരില്ല എന്നു പറയാനുള്ള ആർജ്ജവം ഹൈന്ദവർ കാണിക്കേണ്ടിയിരിക്കുന്നു. എന്നാലല്ലാതെ ഈ ജന്തുഹിംസയ്ക്കും, ചൂഷണത്തിനും അറുതിയുണ്ടാവില്ല.

Feeling_Amazing_with_Doctors_Of_ജനകീയ_ഡോക്ടർ

Published on FB, Date: April 30, 2015

ഞാൻ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത സുകുമാരൻ വൈദ്യരുടെ വീഡിയോ വച്ച് അദ്ദേഹത്തെ  അപമാനിച്ചും കുറ്റപ്പെടുത്തിയും കൊണ്ട് ജനകീയ ഡോക്ടർ എന്ന ഗ്രൂപ്പിൽ ഒരു ചർച്ച (ചർച്ച എന്ന് പറയാൻ പറ്റില്ല ആധുനിക ഡാക്കിട്ടരന്മാരുടെ കൂക്കിവിളി) നടക്കുന്നുണ്ടായിരുന്നു. അവിടെ ഇവൻ ചോദിച്ച കുറെ ചോദ്യങ്ങളും അതിന് അണ്ണന്മാർ നല്കിയ ഉത്തരങ്ങളുമാണ് ചുവടെ. വായിച്ചു നോക്കുക. ഇത്തരക്കാരെ തിരിച്ചറിയുക. ഏതായാലും അവസാനം ഉത്തരം മുട്ടിയപ്പോൾ നമ്മളെ ബ്ലോക്കി തടിയൂരി ;) :)  അവർക്കതല്ലേ അറിയൂ... കാലേൽ മുള്ളു കയറി ചെല്ലുന്നവനെ കുറെ നാൾ പിഴിഞ്ഞിട്ട് കാലു മുറിച്ചു വിടുന്ന പണി... വായിച്ചു നോക്കുക... രസകരമാണ്.

NB: കുറെ കമന്റുകൾ അണ്ണന്മാർ സമയാസമയങ്ങളിൽ ഡിലീറ്റ് ചെയ്തിട്ടുള്ളത് ഇക്കൂട്ടത്തിലില്ല.  :)

Kavalam Jayakrishnan @Satheesh Kumar 'DEXONA' എന്ന ഇൻജക്ഷൻ എന്താണെന്നും, എന്തിനാണെന്നും ഒന്ന് പറയാമോ? താങ്കൾ ആധുനിക ഡോക്ടർ അല്ലേ... ശാസ്ത്രബോധമുള്ള പൌരൻ എന്ന നിലയിലോ, അതുള്ളതോ ഇല്ലാത്തതോ ആയ ഡോക്ടർ എന്ന നിലയിലോ പറഞ്ഞാൽ മതി. (ഈ ചോദ്യം വിഷയാനുബന്ധി തന്നെ)
1 hr · Edited · Like · 1

Ashwathy Peethu Dexona യ്ക്കെന്താ ഈ പോസ്റ്റില്‍ കാര്യം ? അതിനെക്കുറിച്ച് സംവദിക്കാന്‍ വേറൊരു പോസ്ടിടുന്നതല്ലേ ഉചിതം ശ്രീ കാവാലം ?
1 hr · Like · 1

Kavalam Jayakrishnan Ashwathy Peethu അദ്ദേഹം മറുപടി പറയട്ടെ. ഈ പോസ്റ്റിലെ വിഷയവുമായി ഡെക്സോണയ്ക്കു ഒരു കാര്യമുണ്ട്. അതുകൊണ്ടാണ് ചോദ്യം വിഷയാനുബന്ധിയാണെന്ന് ആദ്യമേ പറഞ്ഞത്.
1 hr · Like

Omar Mukthar Dexona is the trade name for dexamethasone. Dexamethasone is a life saving drug. It has saved lakhs of people from sure death. It is included in the WHO list of essential drugs. Now tell us what is the relevence of your question Kavalam Jayakrishnan
1 hr · Unlike · 3

Kavalam Jayakrishnan Omar Mukthar ഒരു ഉപചോദ്യം കൂടി, ഏത് അവസ്ഥയിലുള്ള രോഗികൾക്കാണ് ഇത് നിർദ്ദേശിക്കാറുള്ളത്? പ്രാരംഭദിശ? പ്രോഗ്രസിംഗ് സ്റ്റേജ്? അതോ അടിയന്തരഘട്ടത്തിലോ?
1 hr · Like

Omar Mukthar Cant give u a general statement. In modern medicine each medicine is given in a specific situation. Generally it is an anti inflammatory, anti allergic, immunosuppressive ,and it is a wonderful drug to lower the the cerebral oedema
1 hr · Edited · Unlike · 1

Satheesh Kumar ആദ്യം എന്നെയൊന്നു പഠിപ്പിക്കൂ എന്നിട്ട് ഞാൻ ചോദ്യം ചോദിക്കാം എന്ന ലൈനിലാണ് താങ്കളെങ്കിൽ , dexona ഉപയോഗിക്കുന്ന നിരവദി അസുഖങ്ങളും അതിന്റെ സ്റ്റെജുകലും ഡോസുകളും ഒക്കെ പറയാൻ ഈ പോസ്റ്റ്‌ മതിയാവാതെ വരും. അത് മാത്രമല്ലല്ലോ ഇവിടെ dexona യെ പറ്റി സൗജന്യ ക്ലാസ്സ്‌ ഉണ്ടെന്നു താങ്കളോടാരാ പറഞ്ഞത് അത് കൊണ്ട് ചോദിക്കാനുള്ളത് നേരിട്ട് ചോദിക്കുക
1 hr · Edited · Like · 2

Anand Prasad T S
1 hr · Like

Kavalam Jayakrishnan പറയാം.

നിരവധി സ്റ്റേജുകളും അവസ്ഥകളും എന്നൊക്കെ പറയുമ്പോൾ താങ്കൾ കൈകാര്യം ചെയ്യുന്ന ശാസ്ത്രത്തിൽ തന്നെ ആധികാരികമായ, ഉറപ്പുള്ള ഒരു മറുപടി നല്കാൻ താങ്കൾ വിസമ്മതിക്കുന്നു, അഥവാ ഭയക്കുന്നു, അതുമല്ലെങ്കിൽ ഇതൊക്കെയെന്തിനു താനറിയണം ഞാൻ തരും താൻ തിന്നോ എന്ന തരത്തിലുള്ള ചില പി എച്ച് സി യിലെ ഡോക്കിട്ടർമാർ പാവം പിടിച്ച ഗ്രാമീണനോടു കാണിക്കുന്ന തരം ധാർഷ്ട്യം. അതെന്തുമാവട്ടെ. വിഷയത്തിലേക്കു വരാം.

ഈ പറഞ്ഞ ഡെക്സോണ ജലദോഷത്തിനും, വെറും പനിക്കും തുടങ്ങി വയറു വേദനക്ക് വരെ കൊടുക്കുന്ന ആധുനിക ഡോക്ടർമാരെ പലയിടത്തും കാണാൻ കഴിയും. എന്തിന്? ആ മരുന്നിന്റെ അതിവേഗ പ്രവർത്തനം മൂലം 'കൈപ്പുണ്യമുള്ള' ഡോക്ടർ എന്ന് പേരു കിട്ടാൻ. ഡെക്സോണ ഒരു ഉദാഹരണം മാത്രം.

ഒരു ആയുർവേദ ചികിത്സകന്റെ ചികിത്സയെക്കുറിച്ചുള്ള അനുഭവസാക്ഷ്യങ്ങൾ അടക്കമുള്ള ഒരു വീഡിയോ വച്ച് പോസ്റ്റ്മോർട്ടം ചെയ്യാനിരിക്കുന്ന നിങ്ങളുടെ വർഗ്ഗത്തിൽ പെട്ടവർ തന്നെ ഇത് ചെയ്യുമ്പോൾ ഡിഗ്രി, കടലാസ്സിൽ ഇല്ല എന്ന പേരിൽ അനുഭവസമ്പന്നനായ ഒരു വൈദ്യനെ പുച്ഛിക്കുന്ന നിങ്ങളുടെ ഉദ്ദേശശുദ്ധിക്ക് എന്ത് വില തരണം?

സൈഡ് ഇഫക്ടുകൾ ഇല്ലാത്ത അലോപ്പതി മരുന്നുകൾ തുലോം കുറവാണെന്ന വസ്തുത നിലനിൽക്കേ ഒരു രോഗിയുടെ ശാരീരികക്ഷമത പോലും വക വെക്കാതെ ഇംഗ്ലീഷ് ഡോക്ടർ മാര് തങ്ങൾക്കു കമ്മീഷൻ കൂടുതൽ നല്കുന്ന കമ്പനികളുടെ ആന്റി ബയോട്ടിക്കുകളും, പെയിൻ കില്ലറുകളും അടക്കമുള്ള മരുന്നുകൾ രോഗിയിൽ പ്രയോഗിക്കുന്നുണ്ട്. ആധുനിക ഡോക്ടർമാർ ടോയ്ലറ്റിൽ ഉപയോഗിക്കുന്ന ടിഷ്യൂ മുതൽ അവർക്കും ബന്ധുക്കൾക്കും വരെയായി ഓഫർ ചെയ്യപ്പെടുന്ന വമ്പൻ പായ്ക്കേജുകൾക്കു വേണ്ടി ചെയ്യുന്നത് ജനസേവനം. പരിമിതമായ തുക വാങ്ങിക്കൊണ്ടോ, സൗജന്യമായോ ചിലർ തങ്ങളുടെ അറിവിനെ ഉപയോഗിച്ച് ചികിത്സ നടത്തുന്നത് ഉടായിപ്പ് അല്ലേ? ലജ്ജയില്ലേ നിങ്ങൾക്ക് ഇത് പറയാൻ തന്നെ?

മൂക്കിൽ പനിയുമായി വരുന്നവനെ പോലും പിടിച്ച് ഐ സി യു വിൽ ഇടുന്ന, കണ്ണിൽ കരടു പോയവനെ പിടിച്ച് തിമിരശസ്ത്രക്രിയ നടത്തുന്ന, ഗ്യാസ്ട്രൈറ്റിസിന് കാർഡിയാക് ഇന്റൻസീവ് നിർദ്ദേശിക്കുന്ന, കാലുളുക്കി ചെന്നവനെ എം ആർ ഐ സ്കാനിംഗിനു (സ്വന്തം ലാബിലേക്ക്) ഓടിക്കുന്ന, തന്റെ ഫീസ് മുഴുവൻ കൌണ്ടറിൽ അടയ്ക്കാതെ അത്യാസന്ന നിലയിൽ കഴിയുന്ന രോഗിയെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കാത്ത, നിസ്സാര കാര്യങ്ങളുടെ പേരിൽ 'ജീവൻ രക്ഷിക്കുക' എന്ന മഹാദൗത്യത്തിനു നിയോഗിക്കപ്പെട്ടവർ താൻ കീറി മുറിച്ചിട്ടവനെപ്പോലും തിരിഞ്ഞു നോക്കാതെ സമരം പ്രഘ്യാപിക്കുന്ന, തൊഴിലിനെ യാതൊരു എത്തിക്സോ, മനുഷ്യത്വമോ ഇല്ലാതെ പച്ചയായി വ്യഭിചരിക്കുന്ന ധാരാളം പേരുള്ള (എല്ലാവരും എന്ന് ഒരിക്കലും ഒരിക്കലും ഞാൻ പറയില്ല. പക്ഷേ ചിലർ) ഒരു വിഭാഗത്തിലെ അംഗമായി നിന്ന് കൊണ്ട് അവരെയൊന്നും എതിർക്കാതെ, അവർക്കെതിരെ ഒരു ചെറുവിരൽ പോലും അനക്കാതെ ആയുർവ്വേദം എന്ന മഹത്തായ ശാസ്ത്രത്തെയും ഭാരത സർക്കാർ പോലും മെഡിക്കൽ കോളേജുകളും മറ്റ്‌ ആശുപത്രികളും നടത്തുകയും, അംഗീകരിക്കുകയും ചെയ്തിട്ടുള്ള ചികിത്സാ സമ്പ്രദായത്തെയും, അതിന്റെ വക്താക്കളെയും, പ്രയോക്താക്കളെയും, ഗുണഭോക്താക്കളെയും ആക്ഷേപിക്കുന്ന തരത്തിൽ തരം താണ പ്രസ്താവനകളും, പോസ്റ്റുകളും ഇറക്കുന്ന നിങ്ങളുടെയൊക്കെ മനസ്ഥിതി കാണുമ്പോൾ നിങ്ങളിലെ കച്ചവടക്കണ്ണിനേക്കാൾ മുന്നിട്ടു നില്ക്കുന്നത് മറ്റുള്ളവരെ അംഗീകരിക്കാനോ, താൻ പഠിച്ചതിനപ്പുറം മറ്റൊരറിവുണ്ടെന്ന് അംഗീകരിക്കാനോ തയ്യാറാവാത്ത മനസ്സിന്റെ ജുഗുപ്സാവഹമായ ജീർണ്ണതയാണ്. അത് മാത്രമാണ്.
51 mins · Edited · Like · 1

John Thekkekara സര്‍വ്വജ്ഞരുടെ ലോകം
54 mins · Like

Meenakshi Sundaresan Satheesh kumar-sir-parayunnathellam-sariyanu-adhehathine-aarum-vicharana-cheyyenda-karyamilla-enganeyulla-kure-kallanmar-lokathund-athu-adheham-thurannu-kanikkumbol-namukk-abhimanikkam
50 mins · Like

Kavalam Jayakrishnan Meenakshi Sundaresan വസ്തുതാപരമായി വിമർശിക്കട്ടെ. എതിർക്കട്ടെ. സ്വാഗതം ചെയ്യാം. അനുഭവസാക്ഷ്യങ്ങളടങ്ങുന്ന വീഡിയോ പോസ്റ്റു ചെയ്തു കൊണ്ട് അന്ധമായി കുറ്റം പറയുന്നതിന് എന്ത് ന്യായീകരണമാണുള്ളത്? ആയുർവ്വേദത്തിലും, അലോപ്പതിയിലും എന്നല്ല എല്ലാ വിഭാഗത്തിലും കള്ളന്മാരുണ്ട്. ഞാൻ ആയുർവ്വേദത്തിന്റെ പ്രചാരകനുമല്ല. പലപ്പോഴും ആയുർവ്വേദത്തെയും അലോപ്പതിയും ഹോമിയോയും ഒക്കെ ആശ്രയിക്കാറുള്ള സാധാരണക്കാരിൽ ഒരുവനായ എനിക്ക് എല്ലാവരെയും ഒരു പോലെയേ കാണാൻ കഴിയുന്നുള്ളൂ. ആരും വ്യത്യസ്തരല്ല
45 mins · Like · 1

Satheesh Kumar  പ്രിയപ്പെട്ട കാവാലം ചേട്ടാ ആദുനിക വൈധ്യത്തിലെ മാൽ പ്രാക്ടീസ് തീർച്ചയായും എതിര്ക്കപ്പെടെണ്ടത് തന്നെയാണ്. അത് പലപ്പോഴായി ഈ ഗ്രൂപ്പിൽ ഞാൻ തന്നെ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. എന്നാൽ ആദുനിക വൈദ്യത്തിൽ മാൽ പ്രാക്ടീസ് നടക്കുന്നുണ്ട് എന്നത് കപട വൈദ്യന് ന്യായീകരണമാവുന്നതെങ്ങനെ ?

ആദുനിക വൈധ്യത്തിലെ മാൽ പ്രാക്ടീസ് മറ്റൊരു വിഷയമാണ് , അത് ചേട്ടൻ വേറെ തന്നെ ഒരു പോസ്റ്റ്‌ തുടങ്ങൂ നമുക്ക് ചര്ച്ച ചെയ്യാം . സമൂഹത്തിനു ഉപകാരപ്പെടുകേം ചെയ്യും

ഇത്തരം ചർച്ചയ്ക്കിടയിൽ അത് കേറ്റുന്നതിന്റെ ഉദ്ധേശ ശുദ്ദിയെ സംശയിച്ചു പോകുന്നു
44 mins · Like · 1

Omar Mukthar വസ്തുതാപരമായി വിമർശിക്കട്ടെ. എതിർക്കട്ടെ. സ്വാഗതം ചെയ്യാം. ///pulse ഇല്ലാത്ത സ്ഥലത്ത് pulse പിടിച്ചുനോക്കി രോഗനിര്നയം നടത്തുന്ന ഒരു fraudine ന്യായീകരിക്കാൻ ചിലര് കാണിക്കുന്ന ഉളുപ്പില്ലാത്ത വ്യഗ്രത അത്ഭുതപ്പെടുത്തുന്നു.
40 mins · Like · 1

Kavalam Jayakrishnan Omar Mukthar അദ്ദേഹം പൾസ് തന്നെയാണ് നോക്കിയതെന്ന് താങ്കൾക്കുറപ്പുണ്ടോ എന്നു വേണമെങ്കിൽ വാദത്തിനു വേണ്ടി ചോദിക്കാം. അത് ഞാൻ ചോദിക്കുന്നില്ല. ഞാൻ മുകളിൽ അക്കമിട്ടു പറഞ്ഞ ആധുനിക ചികിത്സകന്മാരെക്കുറിച്ചുള്ള എല്ലാ കാര്യങ്ങൾക്കും മൌനം ദീക്ഷിക്കാൻ പോന്ന ഉളുപ്പില്ലായ്കയേക്കാൾ എത്രയോ മാന്യവും, മഹത്തരവുമാണ് വസ്തുതാപരമായല്ലാതെ അന്ധമായി വിമർശിക്കരുത് എന്ന് പറയുന്നതിലെ ആർജ്ജവം?
31 mins · Like · 1

Omar Mukthar pulse അല്ലാതെ ഇതു നാടിയാണ് അദ്ദേഹം പിടിക്കുന്നത്‌? Kavalam Jayakrishnan?
27 mins · Like

Kavalam Jayakrishnan Omar Mukthar അതേക്കുറിച്ച് എനിക്കൊന്നും അറിയില്ല എന്ന് ഞാൻ ആദ്യമേ പറഞ്ഞല്ലോ...
26 mins · Like

Satheesh Kumar കാവാലം ചേട്ടാ ഈ വിഷയം ഇവിടെ ചര്ച്ച ചെയ്യുക . മറ്റേ വിഷയത്തിന് വേറെ പോസ്റ്റ്‌ ഇടുക. ദയവായി ഇവിടെ ട്രോൾ കളിക്കരുത്
24 mins · Like

Omar Mukthar അതെപ്പറ്റി വ്യക്തമായി അറിയുന്നവർ അതിലടങ്ങിയ തട്ടിപ്പ് തുറന്നു കാണിക്കുമ്പോൾ പിന്നെ താങ്കള് എന്തിനു വികാര ഭരിതനാകുന്നു? Kavalam Jayakrishnan
22 mins · Like · 1

Kavalam Jayakrishnan Omar Mukthar അദ്ദേഹം രോഗിയുടെ കൈ പിടിച്ചിരിക്കുന്നത് കണ്ടപ്പോൾ തന്നെ അദ്ദേഹം വ്യാജനാണെന്നങ്ങു മനസ്സിലായോ? ഞാൻ ആവർത്തിച്ചു പറയുന്നു നിങ്ങൾക്ക് അത്ര ഉറപ്പുണ്ടെങ്കിൽ ബോർഡ് വരെ സ്ഥാപിച്ചു കൊണ്ട് അദ്ദേഹം നടത്തുന്ന സ്ഥാപനത്തിനെതിരേ കേസ് ഫയൽ ചെയ്യുക. എന്താ അത് പറയുമ്പോൾ ആരും മിണ്ടാത്തത്?
19 mins · Like · 1

Meenakshi Sundaresan Kavalam-jayakrishnan-ningalk-oru-paniyum-ellea-kashdam
14 mins · Like · 1

Satheesh Kumar കേസ് വേറെ ചർച്ച വേറെ. ഒന്ന് മറ്റൊന്നിനു പകരമാവില്ല. നിങ്ങൾ ചർച്ച ചെയ്തു ജനങ്ങളെ സത്യം അറിയിക്കല്ലേ പകരം രഹസ്യമായി കേസ് കൊടുക്കൂ , അത് ഞങ്ങൾ തഞ്ചത്തിൽ ഒതുക്കിക്കോളാം എന്ന മട്ടിലാണ് ചേട്ടന്റെ വെല്ലുവിളി. കേസിന്റെ ഗതിയൊക്കെ എന്താവും എന്ന് ആർക്കാ അറിയാത്തത്
11 mins · Like · 1

Kavalam Jayakrishnan  ഓഹ്  എന്ന്. അതായത് ഇവിടെ കിടന്ന് എങ്ങനെ വേണമെങ്കിലും വാചകമടിക്കാം. കോടതിയിലാകുമ്പോൾ ചുമ്മാ വാദിച്ചാൽ മാത്രം പോര തെളിയിക്കുക കൂടി വേണമല്ലോ അല്ലേ? നിങ്ങൾ കേസ് കൊടുത്ത് ധാരാളം പബ്ലിസിറ്റിയും കൊടുത്തോളൂ... ഒരു പ്രശ്നവുമില്ല. എനിക്കദ്ദേഹത്തെ അറിയുകയുമില്ല. ചുമ്മാ ഉരുളല്ലേ ഡോക്കിട്ടരേ

Radhakrishnan Rkv സുഹൃത്തുക്കളെ ആരും ആരുടെയും സത്രുവല്ല .ഞാൻ ഒരിക്കൽ കൂടി പറയുന്നു ഏതു ശാസ്ത്രമായാലും അതിനു അതിന്റേതായ സത്യവും
ധര്മ്മവും ഉണ്ട് ഇല്ലാത്തതു athu കൈകാര്യം ചെയുന്ന ആളുകള്ക്കാന്
9 mins · Unlike · 2

Radhakrishnan Rkv പിന്നെ സുകുമാരൻ വൈദ്യരുടെ മകൻ ഒരു ഡോക്ടർ കൂടിയാണ് എന്ന്അറിയണം

ജനകീയ ഡോക്ടേഴ്സിലെ അഡ്‌മിൻസ് അറിയാൻ

Published on FB, Dated: May 1, 2015

Tagged to: Nami Tha​ Naiju Naj​ James Bright​ Krishnadas Pathiyil​ Jaya Prakashan​ Drabjith Puliyakkadi​ Arun Mangalath​DrVinod B Nair Ajith Kumar Narayanan​

Dinesh Din​ Sreekanth M Radhakrishnan​ Thomas Antony​ Jeevan Jacob​ Varghese KV​ @DrJacqueline Archangel Michael @Janitor FP @Sughosh Mitra

ജനകീയ ഡോക്ടർ എന്ന ഗ്രൂപ്പിലെ താഴെ പറഞ്ഞിരിക്കുന്നതു പോലെയുള്ള ചില തല്പര കക്ഷികളുടെ വിഷപാതത്തിന്‌ നിങ്ങൾ എല്ലാ പേരുടേയും മൗനാനുവാദവും, അംഗീകാരവും ഉണ്ടോ എന്നു കൂടി അറിയാൻ വേണ്ടിയാണ്‌ അഡ്മിൻസ് ആയ നിങ്ങളെ എല്ലാവരെയും (കഥാനായകൻ ഒഴികെ - അയാളെ ഇവിടേക്കു ക്ഷണിക്കേണ്ടതുണ്ടെന്നു തോന്നുന്നില്ല. ഇന്നലെ തന്നെ ഒന്നും പറയാനില്ലാതിരുന്നതു കൊണ്ടാണല്ലോ തടിയൂരിയത്‌.) മെൻഷൻ ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം, ഈ ഗ്രൂപ്പിന്റെ അഡ്‌മിൻമാരിൽ ഒരുവൻ (അയാളും ഡാക്കിട്ടർ ആണെന്നാണ്‌ വയ്പ്പ്)  സൗജന്യമായി ചികിത്സ ചെയ്യുന്ന ഒരു ആയുർവ്വേദ ചികിത്സകനായ വയോധികനെ ഉഡായിപ്പിന്റെ തമ്പുരാൻ എന്ന ശീർഷകത്തിൽ യാതൊരു അടിസ്ഥാനവുമില്ലാതെ അവഹേളിക്കുന്നതു കാണാൻ ഇടയായി. അതേ തുടർന്ന് അയാളുടെ ഉദ്ദേശശുദ്ധിയെ 100% സംശയിച്ചുകൊണ്ടു തന്നെ ഞാനടക്കം ചിലർ ചർച്ചയിൽ പങ്കെടുക്കുകയും ചില ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തു. ചില ചോദ്യങ്ങൾ അപ്പപ്പോൾ ഡിലീറ്റ് ചെയ്യപ്പെട്ടു. ആ സമയം അവശേഷിച്ച കമന്റുകളെല്ലാം കൂടി ഇതാ ഈ പോസ്റ്റിനു തൊട്ടു മുൻപായി ഞാൻ പോസ്റ്റ് ചെയ്തിട്ടുണ്ട്. അവസാനം ഈ മഹാൻ ചെയ്ത പണി, ഗ്രൂപ്പിൽ നിന്നും ഈയുള്ളവനെ പുറത്താക്കി, ചോദ്യങ്ങൾക്കു വിരാമമിട്ടു എന്നതാണ്‌.

ഇന്നലെയാണ്‌ ഭിഷഗ്വരന്റെ ക്ലീൻ സ്യൂട്ടിനുള്ളിൽ കയറി നടക്കുന്ന ചിലരുടെയെങ്കിലും ഉള്ളിലെ ജീർണ്ണത ഒന്നു കൂടി തെളിവായി കാണാൻ ഇടയായത്. അസഭ്യമൊന്നും പറയാതെ, വ്യക്തിഹത്യ നടത്താതെ ഞാൻ നടത്തിയ പ്രസ്താവനകളോടൊന്നും പ്രതികരിക്കാനുള്ള ആർജ്ജവമില്ലാതെ ചോദ്യം ചോദിക്കുന്നവനിൽ നിന്നും ഒളിച്ചോടുന്ന ഭീരുത്വം. എന്തായാലും, സ്വന്തം അറിവിന്റെയും ഡിഗ്രിയുടെയും പേരിൽ ഊറ്റം കൊള്ളുന്ന ഒരുത്തന്‌ തീരെയും ഭൂഷണമല്ല. അതു മാത്രമല്ല അതയാളുടെ അല്പത്തരത്തെ വിളിച്ചറിയിക്കുന്നു.

ജനകീയ ഡോക്ടർ എന്ന ഗ്രൂപ്പ് പൊതു ജനത്തിന്‌ എന്തെങ്കിലും നല്ലതു ചെയ്യുകയും അറിവ്‌ പങ്കു വയ്ക്കുകയും ചെയ്യാൻ ഉദ്ദേശിച്ചുള്ളതാണെന്നായിരുന്നു ഇതു വരെ കരുതിയിരുന്നത്. എന്നാൽ ഇപ്പോൾ മനസ്സിലാവുന്നു, ഇത് ഒരേ തൊഴിൽ ചെയ്യുന്ന ഇതു പോലെയുള്ള (എല്ലാവരെയും ഉദ്ദേശിക്കുന്നില്ല) കുറേ പ്രൊഫഷണലുകൾക്ക് മറ്റുള്ളവരെ കൂക്കി വിളിക്കാനും, ഏകപക്ഷീയമായ ധാർഷ്ട്യപ്രകടനങ്ങൾ നടത്തി സ്വന്തം അഹമ്മതിയുടെ പാരമ്യത്തിൽ ഉന്മത്തരായി പ്രകടനം നടത്താനുമുള്ള ഒരു അവനവൻ കളരിയാണെന്ന്. അതിലെ ചില ഡോക്ടേഴ്സിനെയെങ്കിലും എനിക്ക് അറിയാം. അവരുടെ വ്യക്തിത്വം ആകർഷിച്ചിട്ടുമുണ്ട്. പക്ഷേ പ്രിയ സുഹൃത്തുക്കളേ പറയാതെ വയ്യ, ഇത്തരം വ്യക്തികൾ നിങ്ങളെ ഒന്നടങ്കം കരി വാരിത്തേയ്ക്കുകയാണ്‌.

ഒരു രോഗിയോ, ഡോക്ടറോ അല്ലാത്ത ഞാനൊക്കെ അവിടെ അംഗമായിരുന്നിട്ടുണ്ടെങ്കിൽ അതൊരിക്കലും സ്വകാര്യലാഭേച്ഛ ലക്ഷ്യം വച്ചല്ലായിരുന്നു. അതൊക്കെ പോകട്ടെ, ലക്ഷങ്ങളുടെ കൃഷിയിടമായ ഹൃദയചികിത്സാരംഗത്ത് ഒരു ജ്ഞാനവൃദ്ധന്റെ സൗജന്യസേവനത്തിനെ പുച്ഛിക്കുന്നതിലൂടെ ഈ മഹാന്മാരുടെ ഏക ലക്ഷ്യം, തങ്ങളുടെ വരുമാനത്തിന്‌ ഇത്തരം ചികിത്സകർ മൂലം ഉണ്ടായേക്കാവുന്ന ഇടിവ്‌ ഓർത്തുള്ള ഭയം മാത്രമാണ്‌. ജുഗുപ്സാവഹമായ മനോനിലയെന്നു മാത്രമേ ഇതിനെ വിശേഷിപ്പിക്കാൻ കഴിയൂ...

നിങ്ങൾ ഒന്നു മനസ്സിലാക്കുക, ലോകത്ത് ഒരു ആയുർവ്വേദ ആശുപത്രിയിലും രോഗിയെ പ്രവേശിപ്പിക്കുമ്പോൾ "രോഗിക്ക് എന്തു വന്നാലും ഞങ്ങൾക്ക് ഉത്തരവാദിത്വമില്ല, എന്തു സംഭവിച്ചാലും ആശുപത്രി ഫീസ്‌ മുഴുവൻ അടച്ചോണം" എന്ന് രോഗിയുടെ ബന്ധുക്കളെ കൊണ്ട് എഴുതി ഒപ്പിട്ടു വാങ്ങാറില്ല. അതു ചെയ്യുന്ന ഒരേയൊരു വിഭാഗം നിങ്ങൾ ആധുനിക ചികിത്സകരുടെ അറവുശാലകളിൽ മാത്രമാണ്‌. എന്താണതിനർത്ഥം? നിങ്ങളിൽ ബഹുഭൂരിപക്ഷത്തിനും തങ്ങളുടെ കഴിവിലോ, അറിവിലോ, തങ്ങൾ കൊടുക്കുന്ന മരുന്നിലോ ആത്മവിശ്വാസം ഇല്ലെന്നതല്ലേ? അതേ സമയം രോഗി തിരിച്ച് നിങ്ങളോട്‌ ഒപ്പിട്ടു തരാൻ ആവശ്യപ്പെടുന്നുവെന്നു വയ്ക്കുക,‘നിങ്ങൾ തരുന്ന മരുന്നിന്‌ എന്തെങ്കിലും സൈഡ്‌ ഇഫക്ട് ഉണ്ടായാൽ അത് നിങ്ങളുടെ ഉത്തരവാദിത്വത്തിലായിരിക്കും എന്ന് എഴുതി ഒപ്പിട്ടു തരാൻ ധൈര്യമുള്ള എത്ര ഡോക്ടർമാർ നിങ്ങളുടെ കൂട്ടത്തിലുണ്ട്?

തങ്ങൾക്കറിവില്ലാത്തതെല്ലാം അസത്യമെന്ന ചിന്താഗതി പമ്പര വിഡ്ഢികൾക്കു മാത്രം ഭൂഷണമായിട്ടുള്ളതാണ്‌. നിങ്ങൾ പഠിച്ചിട്ടില്ലെന്നു കരുതി ആയുർവ്വേദമെന്ന മഹാശാസ്ത്രം മൂല്യമില്ലാത്തതാവുന്നില്ല. അതിന്റെ പ്രയോക്താക്കളോ, ഗുണഭോക്താക്കളോ ആയവർ ധാരാളമുണ്ട്. ഇനിയും ഉണ്ടാവുക തന്നെ ചെയ്യും. അതു നിങ്ങൾക്കറിയില്ലെന്നു കരുതി അതിനെ പുച്ഛിക്കുകയും, അപഹസിക്കുകയും ചെയ്യുന്നത് വിദ്യാഭ്യാസമുള്ള മാന്യനായ ഒരു വ്യക്തിക്കോ, പ്രൊഫഷണലിനോ, വിദ്യാർത്ഥിക്കോ ചേർന്ന സംസ്കാരമല്ല.

ഞാൻ പ്രാർത്ഥിക്കുന്നു, അയാളെ പോലെയുള്ള ഡോക്ടർമാരെ ജീവിതത്തിൽ ഒരു കാലത്തും കണ്ടുമുട്ടാൻ ഇടവരരുതേയെന്ന്‌... ഡോക്ടർമാർക്കും കുറച്ചു മനഃസ്സാക്ഷിയൊക്കെ ആവാം... മനഃസ്സാക്ഷിയുള്ള ഡോക്ടർക്ക് മരുന്നുകമ്പനികൾ കമ്മീഷനിൽ കുറവൊന്നും വരുത്തില്ല.

എയർപ്പോർട്ട് ജീവനക്കാരും പൊതുജനവും...

Published on June 12, 2015

പല തവണത്തെ അനുഭവമാണ്‌.

നെടുമ്പാശ്ശേരി എയർപോർട്ട്

ചെക്കൗട്ട് ചെയ്ത് ബാഗേജുകളുമായി ഇറങ്ങി വരുമ്പോൾ മുന്നിൽ വിനയാന്വിതരായി ഒന്നോ രണ്ടോ ഉദ്യോഗസ്ഥർ. ചിലപ്പോൾ യൂണിഫോമിൽ, പലപ്പോഴും യൂണിഫോമിൽ അല്ലാതെ.

സാർ, മദ്യം കൊണ്ടു വന്നിട്ടുണ്ടോ?

ഇല്ല

കയ്യിൽ ചുരുട്ടിപ്പിടിച്ച ഡോളർ നീട്ടി വീണ്ടും വിനയത്തോടെ

സർ എങ്കിൽ ഡ്യൂട്ടി ഫ്രീയിൽ നിന്നു രണ്ടു ബോട്ടിൽ വാങ്ങിത്തരുമോ... ഇതാ കൃത്യം പണമുണ്ട്...

ഇത് ഈ തെണ്ടികളുടെ സ്ഥിരം പണിയാണ്‌. അന്നു യാത്ര ചെയ്ത പാസ്പോർട്ടുണ്ടെങ്കിലെ അവിടത്തെ ഡ്യൂട്ടി ഫ്രീകളിൽ നിന്നും പർച്ചേസിംഗ് സാദ്ധ്യമാകൂ. അതും ഫോറിൻ കറൻസി തന്നെ കൊടുക്കുകയും വേണം. അതിനാണ്‌ ഈ കാലുപിടുത്തം. ഈ അസുഖം മനസ്സിലായതു മുതൽ ചോദിച്ചാൽ ബാഗു നിറയെ മദ്യമാണെന്ന മട്ടിൽ വച്ചു കാച്ചും. വിദേശത്തു നിന്നും ഉറ്റവരെ കാണാനായി ഓടിയെത്തുന്നവർക്ക് ഇവനൊക്കെ കള്ളു വാങ്ങിക്കൊടുക്കാനും, മാമാപ്പണി ചെയ്യാനുമല്ലേ നേരം.

തിരുവനന്തപുരം എയർപോർട്ട്

ഒന്നിലധികം പ്രാവശ്യം അവിടത്തെ ഉദ്യോഗസ്ഥരോട്‌ പരുഷമായി സംസാരിക്കേണ്ടി വന്നിട്ടുണ്ട്‌. ഒന്നോ അതിലധികമോ അന്താരാഷ്ട്ര എയർപോർട്ടുകൾ താണ്ടി സ്വന്തം രാജ്യത്തെത്തുന്ന പൗരന്മാരോട് അവന്മാരുടെ പെരുമാറ്റവും, ആക്രോശവും കേട്ടാൽ തോന്നും നമ്മൾ അഭയാർത്ഥികളായി ഇവന്റെയൊക്കെ ഔദാര്യം ഇരന്നു ചെല്ലുന്നതാണെന്ന്.

മേൽസൂചിപ്പിച്ച രണ്ടു സന്ദർഭങ്ങളിലും സംസ്ഥാനസർക്കാരിന്റെ സ്റ്റാഫുകൾ, അഥവാ ഡെപ്യൂട്ടേഷനിൽ എമിഗ്രേഷനിലും മറ്റും എത്തുന്ന ഉദ്യോഗസ്ഥരാണ്‌ കഥാപാത്രങ്ങൾ. എന്റെയനുഭവത്തിൽ ഇന്നേവരെ ഒരൊറ്റ സി. ഐ. എസ്‌. എഫ്. ഉദ്യോഗസ്ഥനും ഇത്തരത്തിലോ, മറ്റേതെങ്കിലും തരത്തിലോ ഉപദ്രവിക്കാൻ വന്നിട്ടുള്ളതായി ഓർമ്മയില്ല. കർശനമായും, നിശിതമായുമുള്ള പരിശോധനകൾ നടത്തി അവർ ആളെ കയറ്റി വിടുന്നു. അവിടെ ചെന്നു ഷോ കാണിക്കാതിരുന്നാൽ മാത്രം മതി.

എയർപോർട്ടുകളിൽ നിന്നും സർവ്വീസ്‌ നടത്തുന്ന സ്വകാര്യ ഓട്ടോ, ടാക്സികൾ പോലും അവിടത്തെ ഉദ്യോഗസ്ഥരുമായി കൈ കോർത്തു കൊണ്ട് പകൽക്കൊള്ള നടത്തുന്നുണ്ട്. ഇങ്ങനെ വിമാനത്താവളം കേന്ദ്രീകരിച്ചു നടക്കുന്ന ഏതൊരു അഴിമതിയും അവിടുത്തെ ഉദ്യോഗസ്ഥർ ആരെങ്കിലും അറിയാതെയോ അനുവദിക്കാതെയോ നടക്കുന്നില്ല എന്നത് അതുവഴി യാത്ര ചെയ്തിട്ടുള്ള ഏതൊരാൾക്കും അനുഭവപ്പെടുന്ന പച്ചപ്പരമാർത്ഥമാണ്‌.

സി.ഐ.എസ്.എഫ്‌. ജവാന്മാർ അതിക്രമം കാട്ടിയതിനെ ന്യായീകരിക്കുന്നില്ല. എത്ര വലിയ വെല്ലുവിളിയുണ്ടായാലും മനസ്സാന്നിദ്ധ്യം കൈ വിടാൻ പാടില്ലാത്തവർ തന്നെയാണവർ. അഥവാ കുറച്ചു പേർ അതിനു മുതിർന്നാൽ മറ്റുള്ളവർ അതിനെ നിയന്ത്രിക്കണമായിരുന്നു. പക്ഷേ സംസ്ഥാന-കേന്ദ്ര ഉദ്യോഗസ്ഥർ തമ്മിലുള്ള ഇന്റേണൽ പൊളിറ്റിക്സ് എത്രമാത്രമുണ്ടെന്നോ, അതെത്ര രൂക്ഷമാണെന്നോ, ഈ ജവാന്മാർ എത്ര കണ്ട് പീഡനം അനുഭവിക്കുന്നുണ്ടെന്നോ, എത്ര കാലത്തെ സഹനത്തിനു ശേഷമുള്ള പ്രതികരണമാണിതെന്നോ, അവർ ഇതിനു മുൻപ്‌ എത്ര വട്ടം ഇതിനെതിരേ പരാതിപ്പെട്ടിട്ടുണ്ടെന്നോ, പ്രത്യേകിച്ചു അന്യസംസ്ഥാനക്കാരും, അന്യ ഭാഷക്കാരുമായ ഇവർ എത്ര അളവിൽ പാർശ്വവൽക്കരിക്കപ്പെടുകയും, സമ്മർദ്ദത്തിലാവുകയും ചെയ്തിട്ടുണ്ടെന്നോ ഉള്ള യാഥാർഥ്യം നമ്മൾ അറിയുന്നില്ല. സി.ഐ.എസ്‌.എഫിന്റെ അക്രമത്തെ പർവ്വതീകരിക്കുന്ന മാധ്യമങ്ങൾ അതേക്കുറിച്ച് അന്വേഷിക്കുന്നുമില്ല, മിണ്ടുന്നുമില്ല.

സുരക്ഷാച്ചുമതലയിലുണ്ടായിരുന്നവരുടെ ഒരു വശത്തെ വലിയ ഉത്തരവാദിത്വവും, മറുവശത്തെ സമ്മർദ്ദങ്ങളും നാം സമചിത്തതയോടെ മനസ്സിലാക്കേണ്ടതുണ്ട്.

സാങ്കേതികമായി ഇത്തരം പ്രതിസന്ധികളൊന്നുമില്ലാത്ത, മലയാളികളായ ഉദ്യോഗസ്ഥർ റൺവേ ഉപരോധിച്ചതടക്കമുള്ള കൊടും ക്രിമിനൽ സ്വഭാവമുള്ള കൃത്യങ്ങളെ എന്തുകൊണ്ടാണ്‌ ഈ മാധ്യമങ്ങൾ വിമർശിക്കാത്തതും, അതേക്കുറിച്ച് അന്വേഷിക്കാത്തതും? എല്ലാവരെയും സുരക്ഷാപരിശോധനയ്ക്കു വിധേയരാക്കുമ്പോൾ ചിലർ മാത്രം അതിനു വിസമ്മതിക്കുന്നതിനു കാരണമെന്താണ്‌?

ഒന്നു മനസ്സിലാക്കുക...

published on june 12, 2015

ഭാരതസൈന്യത്തിന്റെ ചരിത്രത്തിൽ, ഇവൻ ഈ കുറിപ്പെഴുതുന്ന ഈ നിമിഷം വരെയും നാം ഒരു രാജ്യത്തേക്കും അങ്ങോട്ടു കയറി ആക്രമിച്ച ചരിത്രമില്ല. കഴിഞ്ഞ ഗവൺമെന്റിന്റെ ഭരണകാലത്ത് തീവ്രവാദികൾ നമ്മുടെ രാജ്യത്തു വന്നു, നമുക്കു കാവൽ നിന്ന ജവാന്റെ തലയറുത്തു കൊണ്ടു പോയി. അറുത്തെടുത്ത തല പോലുമില്ലാതെ, കേവലം കബന്ധങ്ങൾ സംസ്കരിക്കാനായി വിട്ടുകൊടുത്ത ഹിജഡകളായിരുന്നു അന്നീ രാജ്യം ഭരിച്ചിരുന്നത്. പകരം, പാകിസ്ഥാനുമായി ക്രിക്കറ്റു കളിക്കാനില്ലെന്നു പറഞ്ഞു പ്രതിഷേധിച്ച ആഗോള ഷണ്ഡത്വം. കോടിക്കണക്കിനു ഭാരതമക്കളുടെ മുഖത്തു മലവിസർജ്ജനം നടത്തിയ നടപടി. അത് എക്കാലത്തെയും ഭാരതസൈനികചരിത്രത്തിലെ ജുഗുപ്സാവഹമായ ഒരു സംഭവമായി ആത്മാഭിമാനമുള്ളവന്റെ മനസ്സിൽ തങ്ങി നിൽക്കും.

ഇന്ന്‌, നമ്മുടെ രാജ്യത്തു കടന്നു വന്ന് 18 ജവാന്മാരെ കൊലചെയ്ത്, അതിർത്തിക്കപ്പുറത്തെ സുരക്ഷിത താവളത്തിൽ പോയി ഉല്ലാസപൂർവ്വം കഴിഞ്ഞ ഒരുത്തനും ബാക്കിയില്ല. ഇവിടെ വന്ന് അക്രമം കാണിച്ചിട്ട് എവിടെപ്പോയൊളിച്ചാലും തേടിപ്പിടിച്ചു വകവരുത്തുവാനുള്ള തന്റേടവും, ന്യായവും ഒരു സ്വതന്ത്രപരമാധികാര രാഷ്ട്രമായ ഭാരതത്തിനുണ്ട്. സർവ്വോപരി, രാജ്യത്തിനു വേണ്ടി കുറേപ്പേർ കൂട്ടക്കൊല ചെയ്യപ്പെടുമ്പോൾ, അവരുടെ ശരീരം അഗ്നിയേറ്റുവാങ്ങുന്നതിനു മുൻപേ തന്നെ അതിന്‌ ഉചിതം ചോദിക്കുവാനുള്ള ധാർമ്മികബാദ്ധ്യത, അവരുടെ സഹോദരങ്ങളായ ഓരോ സൈനികനും, അവരെ നയിക്കുന്ന ഭാരതത്തിന്റെ പ്രധാനമന്ത്രിക്കും, സർവ്വസൈന്യാധിപനായ രാഷ്ട്രപതിക്കുമുണ്ട്. ആ ധർമ്മബോധം ഇതിനു മുൻപുണ്ടായിരുന്നവർക്ക് ഇല്ലാതെ പോയതിനു പിന്നിൽ, വിദേശചാരന്മാർക്ക് അടിയറവച്ച തങ്ങളുടെ സിംഹാസനങ്ങളായിരുന്നോ, അതോ പുരുഷനു പറഞ്ഞിട്ടില്ലാത്ത ഭീരുത്വമായിരുന്നോ എന്നു മാത്രം ചിന്തിച്ചാൽ മതി.

ഒളിച്ചും പാത്തും നുഴഞ്ഞു കയറിയല്ല ഭാരതത്തിന്റെ ധീരപുത്രന്മാർ ആ തീവ്രവാദികൾക്ക് നരകത്തിന്റെ കോട്ടവാതിൽ തുറന്നു കൊടുത്തത്. കൃത്യമായ സൈനികനടപടികളിലൂടെ തന്നെയായിരുന്നു. ലോകചരിത്രത്തിൽ, ഇസ്രായേലിന്റെ തീവ്രവാദവിരുദ്ധ കമാണ്ടോ ഏജൻസിയായ ‘mistaravim’ പോലെയുള്ള സംഘടനകൾ, ഒരു പക്ഷേ mistaravim മാത്രം ചെയ്തിട്ടുള്ള, ചെയ്യാറുള്ള നടപടി. അമേരിക്ക, ബിൻ ലാദനെ ഇത്തരത്തിൽ പിടി കൂടിയിട്ടുള്ളതും ഇക്കൂട്ടത്തിൽ ഓർക്കാം.

ഓരോ ഭാരതീയന്റെയും ആത്മാഭിമാനത്തിനു തങ്കപ്പതക്കം ചാർത്തിയ ഈ സൈനിക നടപടിയെ വിമർശിക്കുന്നവർ ഒന്നു പറയുക, അയൽവാസി ഒരു കാരണവുമില്ലാതെ നിങ്ങളുടെ വീട്ടിൽ കയറി വന്ന് നിങ്ങളുടെ സഹോദരനെ കൊന്നിട്ടു പോയാൽ, അവന്റെ വീട്ടിലേക്കു ഞാൻ പോകില്ല എന്നു പറഞ്ഞു നിങ്ങൾ അടങ്ങിയിരിക്കുമോ?

എന്റെ രാജ്യം സർവ്വതന്ത്രസ്വതന്ത്രയായ പരമാധികാര രാഷ്ട്രമാണ്‌. അവിടെ അധിവസിക്കുന്ന കോടിക്കണക്കായ ജനങ്ങളുടെ ക്ഷേമത്തോടൊപ്പം, അയൽരാജ്യങ്ങൾക്കും നൻമചെയ്യുന്ന, വസുധൈവകുടുംബകമെന്ന ഭാരതീയ ധർമ്മബോധത്തെ ചിന്തയിലും പ്രവർത്തിയിലും സ്വീകരിച്ച ഒരു പ്രധാനമന്ത്രിയും, ഇച്ഛാശക്തിയും, ക്രിയാശക്തിയും, ജ്ഞാനബുദ്ധിയാൽ നിയന്ത്രിക്കപ്പെടുന്ന സുശക്തമായ ഒരു സൈന്യവും നമുക്കുണ്ട്. ആരോഗ്യകരവും, ഊഷ്മളവുമായ നയതന്ത്രബന്ധങ്ങൾ അയൽരാജ്യങ്ങളുമായി നാം വച്ചു പുലർത്തുന്നുണ്ട്. അവിടെ ലോകജനതതിയുടെ പൊതുശത്രുക്കളായ തീവ്രവാദികൾ കടന്നു വന്നാൽ, അവർ പോകുന്ന വഴി പോയി തീർത്തുകളയാനുള്ള തന്റേടവും കരുത്തും എന്റെ നാടിനുണ്ട്. അങ്ങോട്ടു കയറി എന്റെ സൈന്യം നൽകുന്ന ശിക്ഷയേറ്റു വാങ്ങാൻ താൽപര്യമില്ലാത്തവർ ഇങ്ങോട്ടു നുഴഞ്ഞു കയറി അക്രമം നടത്താതിരിക്കുക എന്നതു മാത്രമാണ്‌ ഏക പ്രതിരോധമാർഗ്ഗം.

കൃത്യവും, നിശിതവുമായ പ്രതികരണമുണ്ടായപ്പോൾ, തീവ്രവാദമനസ്സുള്ള മുഷറഫിനെപ്പോലെയുള്ളവർ അണുവായുധമെന്നും, ആക്രമണമെന്നും മറ്റും പുലമ്പിത്തുടങ്ങിയത് നാം ആർജ്ജിച്ച കരുത്തിന്റെയും, സ്വയം പ്രതിരോധ സംവിധാനങ്ങളുടെയും പേരിലുള്ള നടുക്കവും, അസ്വസ്ഥതയും, ഉള്ളു കിടുങ്ങുന്ന ഭയവുമാണെന്നു നമുക്കു തിരിച്ചറിയാം. അവരോടും ഒന്നു മാത്രമേ പുഞ്ചിരി തൂകിക്കൊണ്ട് ഉപദേശിക്കാനുള്ളൂ, അങ്ങോട്ടു കിട്ടണ്ട എന്നുണ്ടെങ്കിൽ ഇങ്ങോട്ടു മാന്തിക്കൊണ്ടു വരാതിരിക്കുക.

എന്റെ നാടിനു ജീവൻ സമർപ്പിച്ച ഓരോ സൈനികന്റെയും മക്കൾക്ക് ഇനി തലയുയർത്തി നടക്കാം. അവരുടെ പിതാക്കളുടെ ചിതയടങ്ങുന്നതിനു മുൻപേ, ഈ ചതി ചെയ്തവർ നരകത്തിലെത്തി. അവർക്ക് - ഭാരതീയന്‌ - ചോദിക്കാനും പറയാനും, അവരെ സംരക്ഷിക്കാനും ആണൊരുത്തൻ നെടുനായകത്വം വഹിക്കുന്ന ഒരു ഗവൺമെന്റും, ഉരുക്കു കോട്ട പോലെ ഒരു മഹാസൈന്യവുമുണ്ട്.

വന്ദേ മാതരം

രാമനോ രാവണനോ?

രാമായണ-മഹാഭാരത കഥകളെ നോക്കുമ്പോൾ, രണ്ടിലും തെളിഞ്ഞു നിൽക്കുന്ന രണ്ടു ഗംഭീരമാനസന്മാരാണ്‌ രാവണനും, ദുര്യോധനനും.

ഈയിടെയായി പലർക്കും - പലർക്കുമെന്നു പറഞ്ഞാൽ ചില ഭാഗവതകാരന്മാർക്കു വരെ - രാവണനോടും, ദുര്യോധനനോടും അളവിൽ കവിഞ്ഞ ആദരവും, മമതയും കൂടി വന്നിട്ടുള്ളതു കാണാം. കലികാലവൈഭവം...

രാവണൻ ശക്തൻ തന്നെയായിരുന്നു. എന്താ സംശയം. അപാരമായ തപഃശ്ശക്തി സമ്പാദിച്ചവൻ, പരന്ന അറിവു നേടിയവൻ, ലോകം മുഴുവൻ കീഴടക്കിയവൻ എല്ലാം ശരി തന്നെ. പക്ഷേ രാവണൻ നേടിയ അറിവിനെ ജ്ഞാനമെന്നു വിളിക്കുക വയ്യ. സത്യത്തെ തിരിഞ്ഞവനെയാണ്‌ ജ്ഞാനിയെന്നു വിളിക്കുക. പരമമായ സത്യം അവതാരരൂപം പൂണ്ടു കൺമുന്നിലെഴുന്നള്ളിയപ്പൊഴും യുദ്ധോത്സുകനായി പോർ വിളി നടത്തിയ രാവണനെങ്ങനെ ജ്ഞാനിയാകും? ജടാടവീഗളജ്ജ്വല... എന്ന പ്രൗഢഗംഭീരമായ ശിവസ്തുതി വിരചിച്ച രാവണന്റെ ഭക്തി അമരത്വമെന്നോ, ദ്വിഗ്‌വിജയമെന്നോ ഉള്ള ലക്ഷ്യം മാത്രം മുന്നിൽക്കണ്ടുള്ളതായിരുന്നുവെന്നു പറഞ്ഞാൽ ഖണ്ഡിക്കാൻ മറ്റെന്തുപായമാണ്‌ വിമർശകർക്കുള്ളത്?

രാമായണവ്യാഖ്യാതാക്കൾ (വ്യാഖ്യാനത്തൊഴിലാളികൾ) രാവണനെ മഹത്വവത്ക്കരിക്കുന്ന മറ്റൊരു സംഗതിയാണ്‌, തന്റെ തടവിൽ കഴിഞ്ഞ സീതാദേവിയെ രാവണൻ തൊട്ടു പോലുമില്ല എന്നത്. രാവണന്റെ ചരിത്രം പരിശോധിച്ചാലറിയാം, രാവണൻ നീചനായ ഒരു സ്ത്രീലമ്പടനായിരുന്നുവെന്ന്‌. എന്നിട്ടും സീതാദേവിയെ തൊട്ടില്ല? തന്റെ അനുജനും, മകനും, മന്ത്രിമാരുമെല്ലാം സീതാപതിയാൽ കൊല ചെയ്യപ്പെട്ടപ്പൊഴും രാവണൻ സീതയെ തൊട്ടില്ല? എന്തുകൊണ്ട്???

സീതാപഹരണസമയത്തു പോലും രാവണൻ സീതാദേവിയെ തൊട്ടിട്ടില്ല. അതു രാവണൻ മാന്യമഹാദേഹമായതുകൊണ്ടല്ല, മറിച്ച് നിരവധി ഉഗ്രശാപങ്ങൾ തനിക്കുമേലുണ്ടെന്ന തിരിച്ചറിവായിരുന്നു. പരസ്ത്രീയെ തൊടുന്നതായാൽ തൽക്ഷണം മരിക്കുമെന്നു വരെയുള്ള ശാപങ്ങൾ രാവണനു മേലുണ്ടായിരുന്നുവെന്നറിയണമെങ്കിൽ രാമായണം വ്യാഖ്യാനിക്കാനിരിക്കുന്നതിനു മുൻപേ അതു പഠിക്കണം. ആ ഘോരശാപങ്ങളേക്കുറിച്ചുള്ള അറിവും രാവണനുണ്ടായിരുന്നു. ശാപവേളയിലൊന്നും യാതൊരു ചലനവുമില്ലാതെ കാണപ്പെട്ട രാക്ഷസരാജാവിന്റെയുള്ളിൽ പക്ഷേ ശാപം നൽകിയവരുടെ തപഃശ്ശക്തിയെക്കുറിച്ചും, അതിന്റെ ഫലത്തെക്കുറിച്ചും ഉത്തമ ബോദ്ധ്യമുണ്ടായിരുന്നു.

ഇക്കാര്യങ്ങൾ ബോധപൂർവ്വം മറച്ചു കൊണ്ടോ, അതല്ല, അറിവില്ലായ്മകൊണ്ടോ രാവണനെ മഹത്വവത്കരിക്കുമ്പോൾ ശ്രീരാമനെ എവിടെക്കൊണ്ടു നിർത്തുന്നുവെന്നും നോക്കുക. കേവലമൊരു അലക്കുകാരന്റെ വാക്കു കേട്ട് തന്റെ പത്നിയെ വനത്തിലുപേക്ഷിച്ചവൻ...

രാജനൈതികതയുടെ മഹോന്നതപാഠങ്ങളെ തന്റെ ത്യാഗോജ്ജ്വലമായ ജീവിതത്തിലൂടെ പഠിപ്പിച്ച ദേവാവതാരത്തെ താഴ്ത്തിക്കെട്ടാനും, അതു കേട്ട് ആനന്ദിക്കാനും കലിയുഗസന്തതികൾക്ക്‌ പ്രിയം കൂടും.

അതു പോലെ തന്നെയാണ്‌ ദുര്യോധനനെ പറഞ്ഞു പറഞ്ഞ് സുയോധനനും, യുഗപുരുഷനുമാക്കുന്ന പാടവം. ദുര്യോധനന്റെ സദ്‌ഗുണങ്ങളെന്നു വിശേഷിപ്പിക്കപ്പെടുന്നതെല്ലാം തന്റെ സഹോദരങ്ങളോടോ, പാർശ്വവർത്തികളോടോ ചെയ്തിട്ടുള്ള കേവലം ഔദാര്യങ്ങൾ മാത്രമായിരുന്നു. ലാഭം പ്രതീക്ഷിക്കാതെ ദുര്യോധനൻ നടപ്പാക്കിയ ഒരു പ്രവർത്തി പോലും ചൂണ്ടിക്കാണിക്കുക വയ്യ.

ഈ രണ്ട് ഇതിഹാസകഥാപാത്രങ്ങളിലും ഉയർന്നു നിൽക്കുന്ന ഭാവം എല്ലാ അതിരുകളും ലംഘിച്ചു നിൽക്കുന്ന അഹങ്കാരം മാത്രമായിരുന്നു. ഹരിനാമകീർത്തനത്തിന്റെ ആദ്യവരികളെ അവലംബിച്ചാൽ, ഓംകാരസ്വരൂപനായിരിക്കേണ്ട മനുഷ്യനിൽ നിന്നും, ഞാനെന്നും ഈശ്വരനെന്നുമുള്ള ദ്വൈതഭാവം ഉണർന്നപ്പോഴുണ്ടായ വിനാശകാരിയായ ആങ്കാരം - അഹങ്കാരം. അതിന്റെ പരിണിതഫലമായ സർവ്വനാശത്തിന്‌ രണ്ടുപേരും കീഴടങ്ങുന്ന ദയനീയമായ കാഴ്ച്ച നാം കാണുന്നു. രണ്ടു പേരും ചക്രവർത്തിമാർ. വമ്പൻ സൈന്യത്തിനുടമകൾ, ഒരു ഗോപാലകന്റെയും, രാജകുമാരനെങ്കിലും ആ സമയം വെറുമൊരു മുനികുമാരൻ മാത്രമായ ശ്രീരാമന്റെയും സാത്വികപ്രഭാവത്തിൽ പൊലിഞ്ഞുപോയ രണ്ടു നീചരാശികൾ. ഇതല്ലാതെ മറ്റെന്താണവർ?

സീരിയൽ താരത്തിന്റെ കണ്ണെഴുത്തും, അരുവിക്കരയുടെ തലയിലെഴുത്തും

Published on June 25, 2015
..................................................................................

മേഘ്‌നയെന്ന ടെലിവിഷൻ നടി,വാഹനത്തിലിരുന്നു മേയ്ക്കപ്പിടാൻ കഴിയുന്നില്ല എന്നു പറഞ്ഞതിനെ പരിഹാസ്യമാക്കുന്ന രാഷ്ടീയ അജണ്ടയെ സഹതാപത്തോടെ മാത്രമേ നോക്കിക്കാണാൻ കഴിയുള്ളൂ. ക്രിയാത്മകമായ മറ്റൊരു ആരോപണങ്ങളും രാഷ്ടീയ ആയുധമാക്കാൻ ഇല്ലാതെ പോയ ഭരണപ്രതിപക്ഷങ്ങളുടെ ലജ്ജാകരമായ അധഃപ്പതനം. ആശയദാരിദ്ര്യം. രാഷ്ട്രപുരോഗതിയേക്കുറിച്ച് ഒന്നും പറയാനില്ലാത്ത അവസ്ഥ.

മേഘ്‌ന പറഞ്ഞതെന്താണ്‌? മേഘ്‌ന ഒരു പ്രൊഫഷണൽ പ്രാസംഗികയല്ല. രാഷ്ടീയ സമവാക്യങ്ങളിലൂടെ സഞ്ചരിച്ച്, കുടിലമായ വാഗ്‌വൈഭവത്തിലൂടെ തന്റെ മുൻപിൽ നിൽക്കുന്നവരെ പാട്ടിലാക്കാൻ പോന്ന ഐന്ദ്രജാലികതയൊന്നും സ്വായത്തമാക്കിയിട്ടില്ലാത്ത, ഒരു രാഷ്ട്രീയക്കാരിയല്ലാത്ത സാധാരണ വനിത. ഒന്നു നോക്കിയാലറിയാം, അരുവിക്കരയിലെ ഭാരതീയ ജനതാപാർട്ടിയുടെ പ്രചാരണങ്ങളിലെല്ലാം ഭാഗഭാക്കാകുന്നത് ഒരു രാഷ്ട്രീയ പാരമ്പര്യവും അവകാശപ്പെടാനില്ലാത്ത, പൊതു സമൂഹത്തിൽ ജീവിക്കുന്ന സാധാരണ മനുഷ്യരാണ്‌. അവർക്ക് പറയാനുണ്ടാവുക മനുഷ്യനു മനസ്സിലാവാത്ത രാഷ്ട്രീയ സൂത്രവാക്യങ്ങളാവില്ല. അവനവൻ അനുഭവിക്കുന്ന കാര്യങ്ങളും, നിഷ്പക്ഷമതിയായി ജീവിക്കുന്നവന്റെ കാഴ്ചപ്പാടുകളും, സാധാരണക്കാരന്റെ വികസനസ്വപ്നങ്ങളുമാണ്‌. ആ സാധാരണക്കാരന്റെ വികസന സങ്കൽപ്പത്തോട്‌ രാജേട്ടനും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പാർട്ടിയും ചേർന്നു നിൽക്കുന്നതു കൊണ്ടാണ്‌ അവർ രാജേട്ടനോടൊപ്പം കൂടിയതെന്നതിൽ എന്താണു സംശയം? അതുകൊണ്ടു തന്നെ അത് സാധാരണക്കാരന്റെ ശബ്ദമാകുന്നു. അതിനെ വിമർശിക്കുകയും പരിഹസിക്കുകയും ചെയ്യുന്നവർ പൊതുസമൂഹത്തിന്റെ സ്വപ്നങ്ങളോടും, കാഴ്ചപ്പാടുകളോടും എത്ര കണ്ട് അകന്നു നിൽക്കുന്നുവെന്ന് അതിലൂടെ തന്നെ വ്യക്തമാവുകയാണ്‌.

മുഖ്യശ്രേണിയിൽ ജനഹിതമറിയാൻ കാത്തു നിൽക്കുന്നത് അന്തരിച്ച മുൻ എം. എൽ. ഏ. യുടെ മകനും, മുൻ നിയമമന്ത്രിയും, സ്പീക്കറുമൊക്കെയായിരുന്ന ശ്രീ എം വിജയകുമാറുമാണ്‌. ഒരു കൊടിക്കീഴിലുമല്ലാതെ, മാറി നിന്ന് കേരള രാഷ്ട്രീയത്തെ നോക്കിക്കണ്ട ഒരു വ്യക്തിയെന്ന നിലയിൽ, ശ്രീ എം വിജയകുമാറിന്റെ ആദർശശുദ്ധിയിൽ എനിക്കു മതിപ്പുണ്ടെങ്കിലും, അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പാർട്ടിയുടെ ഇന്നത്തെ ശോചനീയാവസ്ഥയിൽ ഇനി വരുന്ന എട്ടു മാസങ്ങൾ അദ്ദേഹത്തിന്‌ യാതൊന്നും ചെയ്യാൻ കഴിയില്ലെന്നത് ഉറപ്പാണ്‌. പ്രതിപക്ഷത്തിന്റെ ധർമ്മം പോലും അനുഷ്ഠിക്കാൻ കഴിയാതെ കിതയ്ക്കുകയാണ്‌ ഇന്ന് ഇടതു പക്ഷം. യുവനേതാക്കളാവട്ടെ ബീഫ് ഫെസ്റ്റും, ചുംബനസമരങ്ങളും ആഘോഷിച്ച്, നിയമസഭയുടെ ലക്ഷങ്ങൾ വില വരുന്ന സമയത്തെ അവാർഡുകൾക്ക് പേരുമാറ്റം നിർദ്ദേശിച്ചും, കയ്യാങ്കളി നടത്തിയും ജനാധിപത്യവ്യവസ്ഥിതിയെയും, പ്രക്രിയയെയും സക്രിയമായി വ്യഭിചരിക്കുന്നു. മുതിർന്ന നേതാക്കളോ, പരസ്പരം ചെളി വാരിയെറിഞ്ഞും, ഉൾപ്പാർട്ടി രാഷ്ട്രീയവും തൊഴുത്തിൽക്കുത്തും നടത്തിയും കാലക്ഷേപം ചെയ്യുന്നു.

സ്വരമുയർത്തേണ്ട എത്രയെത്ര സംഭവങ്ങൾക്ക് ഇക്കഴിഞ്ഞ കാലങ്ങളിൽ രാഷ്ട്രീയകേരളം കുറ്റകരമായ മൗനം ദീക്ഷിച്ചു? ഉദ്പാദകരുടെ കൈയ്യിൽ നിന്നും കേവലം പത്തിൽ താഴെ മാത്രം വിലയ്ക്കു സംഭരിക്കുന്ന പഴം പച്ചക്കറികളുടെ പ്രാദേശിക വില ഇന്നും മുപ്പതിനും നാൽപ്പതിനും മുകളിൽ കിടന്നു കളിക്കുമ്പോൾ, ഇടനിലക്കാർ കൊള്ളലാഭം കൊയ്യുമ്പോൾ സാധാരണക്കാർക്കു വേണ്ടി നിലകൊള്ളുന്നുവെന്നവകാശപ്പെടുന്ന സർക്കാരും, പ്രതിപക്ഷവും എന്തു ചെയ്തു?

മാരക രാസവിഷങ്ങൾ അതിർത്തി കടന്നു വരുമ്പോൾ അതിനെതിരേ ഒരു ചെറുവിരലനക്കാൻ പോലും കഴിയാത്ത നിഷ്ക്രിയത്വത്തിലേക്ക് നമ്മുടെ ജനപ്രതിനിധികൾ ഉൾവലിയുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് പച്ചക്കൊടി കാണിക്കുകയാണെന്ന് ആരാണ്‌ ചിന്തിക്കേണ്ടത്? ഇതിനെതിരേ മുൻമന്ത്രി ശ്രീ ബിനോയ് വിശ്വം നടത്തിയ ഇടപെടൽ മാത്രമാണ്‌ അഭിനന്ദനാർഹമായ ഒരേയൊരു വാർത്ത.

ഭരണപക്ഷമാവട്ടെ, അഴിമതിയിലും, കള്ളിലും, പെണ്ണിലും മുങ്ങിക്കുളിച്ചു നിൽക്കുന്നു. ശ്രീ കാർത്തികേയന്റെ മകനെ സഹതാപ വോട്ടിനായി മത്സര രംഗത്തിറക്കിയ അതേ നേതൃത്വം തന്നെയാണ്‌, അദ്ദേഹത്തിന്റെ അച്ഛൻ - മുൻ സ്പീക്കർ അന്തരിച്ച് ഔദ്യോഗിക ദുഃഖാചരണം അവസാനിക്കുന്നതിനു മുൻപേ തന്നെ അദ്ദേഹം ഇരുന്നിരുന്ന അതേ കസേരയ്ക്കു മുൻപിൽ, അതേ നിയമസഭാമന്ദിരത്തിൽ കേരള രാഷ്ട്രീയചരിത്രത്തിലെ എക്കാലത്തെയും ജനദ്രോഹ ബജറ്റിന്റെ പേരിൽ ലഡു വിതരണം നടത്തി ആഘോഷം പൊടിപൊടിച്ചത്. സഹപ്രവർത്തകർക്കില്ലാത്ത സഹതാപം എന്തിന്‌ പൊതുജനത്തിന്‌?

നാടു ഭരിക്കുന്നവനെ തിരഞ്ഞെടുക്കുമ്പോൾ സഹതാപമല്ല, കർമ്മശേഷിയാണ്‌ ജനം പരിഗണിക്കേണ്ടത്. രാജഗോപാൽ കേരള നിയമസഭയിൽ ഏകാംഗമായേക്കാം, പക്ഷേ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന സുശക്തമായ പാർട്ടിയാണ്‌ കേന്ദ്രത്തിൽ ഭരിക്കുന്നതെന്നത് ആശ്വാസകരമാണ്‌. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് അതേ കാരണം കൊണ്ടു തന്നെ ഊർജ്ജവും, പിൻതുണയുമുണ്ടാവും. എം. എൽ. എ. എന്ന നിലയിൽ അരുവിക്കരയിൽ ഈ വരുന്ന എട്ടു മാസങ്ങളിൽ ആർക്കെങ്കിലും എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ അത് രാജഗോപാലിനു മാത്രമാണ്‌ എന്ന് ഇതിലൂടെ വ്യക്തമാകും. അഴിമതിയുടെ കറ പുരളാത്ത സംശുദ്ധമായ കൈകളും, സാത്വികമായ ജീവിതവും, അദ്ദേഹത്തിന്റെ മുൻകാല പ്രവർത്തനങ്ങളെക്കുറിച്ചുള്ള ജനങ്ങളുടെ ഊഷ്മളമായ സ്മരണയും അദ്ദേഹത്തിന്‌ മുതൽക്കൂട്ടാണ്‌.

നിയമസഭയിൽ, സ്വന്തം കക്ഷിയിൽ പെട്ട ഒരു എം. എൽ. എ. തന്നെ പൊതുമരാമത്തിലെ അഴിമതിയെക്കുറിച്ച് രേഖകൾ ഉയർത്തിക്കാട്ടി പ്രസംഗിച്ചപ്പോൾ അദ്ദേഹത്തിന്റെ എം. എൽ. എ. സ്ഥാനം കളയാൻ കുതന്ത്രം മെനഞ്ഞ ഭരണപക്ഷത്തെ ജനം എങ്ങനെ വിശ്വസിക്കും? കുംഭകോണങ്ങളുടെയും, പെൺവാണിഭത്തിന്റെയും, കോഴയുടെയും, കോഴിയുടെയും നീണ്ട നിര മലീമസമാക്കിയ ഭരണപക്ഷത്തിന്റെ വികൃതമുഖത്തേയ്ക്ക് പൊതുജനത്തിന്‌ എങ്ങനെ സഹതാപത്തോടെ നോക്കാൻ കഴിയും? ഞങ്ങൾ എങ്ങനെ പരിഗണിക്കും നിങ്ങളെ?

ഇത്രയും അസംതൃപ്തിയും, അഴിമതിയും, അനീതിയും, സ്വജനപക്ഷപാതവും, ജനദ്രോഹ നയങ്ങളും അരങ്ങു വാഴുന്ന ഒരു സർക്കാരിനെതിരേ ചെറുവിരലനക്കാൻ പോലും ത്രാണി നഷ്ടപ്പെട്ട പ്രതിപക്ഷത്തെ ഞങ്ങൾ എങ്ങനെ സ്വാഗതം ചെയ്യും?

ഇനിയൊരു ഭാഗ്യപരീക്ഷണമാണോ, അതോ ഉറപ്പായ സേവനത്തെ ഹാർദ്ദമായി സ്വീകരിക്കലാണോ വേണ്ടതെന്ന് അരുവിക്കരയിലെ ജനങ്ങൾ തീരുമാനിക്കട്ടെ.

© കാവാലം ജയകൃഷ്ണൻ

തെരുവുസ്ത്രീകൾ

മനുഷ്യന്റെ ഉൽപ്പത്തിയോളം തന്നെ പഴക്കമുണ്ട്‌, അവന്റെ ഭോഗതൃഷ്ണയ്ക്കും. അതു കേവലം ലൈംഗികതയിൽ മാത്രം ഒതുങ്ങിക്കൂടുന്നവയല്ലെങ്കിലും. ലോകത്തെ ഏറ്റവും പുരാതനമായ തൊഴിലായി വേശ്യാവൃത്തി പറയപ്പെടുന്നത്‌ ഒരു പക്ഷേ അതിനാലാവാം.

ജീവസന്ധാരണത്തിനായി മാംസം വിൽക്കുന്നവരെ മാത്രമേ പൊതു സമൂഹം വേശ്യയെന്നോ, അഭിസാരികയെന്നോ വിളിക്കാൻ ധൈര്യപ്പെടാറുള്ളൂ. എന്നാൽ കടിഞ്ഞാണില്ലാത്ത ആസക്തിയുടെയും, കേവലം പോക്കറ്റ്‌ മണിയുണ്ടാക്കാനുള്ള എളുപ്പവഴിയെന്ന പേരിലും, അധികാര-സ്വാധീനങ്ങൾക്കു വേണ്ടിയുമൊക്കെ മറ്റുള്ളവർക്കു ശരീരം കാഴ്ചവയ്ക്കുന്നവരെ ആ പേരിൽ വിളിക്കാൻ ഇന്നും സമൂഹത്തിനിഷ്ടമല്ല. അഥവാ ഭയക്കുന്നു.

കുറച്ചു ദിവസം മുൻപേ തിരുവനന്തപുരം വരെ പോയി. ചില കാര്യങ്ങൾ ചെയ്തു തീർത്ത്‌, ചിലരെയൊക്കെ കണ്ടു മടങ്ങിയപ്പോൾ സന്ധ്യയായി. പഴവങ്ങാടി ഗണപതിയുടെ തിരുമുൻപിലെത്തി തൊഴുതു മടങ്ങുമ്പോൾ ഒരനുഭവമുണ്ടായി. ആ അനുഭവം അസ്വസ്ഥതയോ, ആശങ്കയോ, ആശ്വാസമോ അതല്ല മറ്റേതൊരു വികാരമാണ്‌ മനസ്സിനുണ്ടാക്കിയതെന്നു പറയാൻ കഴിയില്ല.

ക്ഷേത്രദർശനം കഴിഞ്ഞ്‌ തിരികെ തമ്പാനൂരിലേക്കു നടക്കുമ്പോൾ വഴിയിലെ ഇരുളടഞ്ഞ ഏതോ മൂലയിൽ നിന്നും ഒരു ‘ശൂ’ വിളി. ശബ്ദം കേട്ടിടത്തേയ്ക്കു നോക്കിയപ്പോൾ മദ്ധ്യവയസ്കരായ രണ്ടു സ്ത്രീകൾ. തിരുവനന്തപുരം ഭാഷയിൽ പോരുന്നോ എന്നു ചോദിച്ചു. ഞാൻ മെല്ലെ അവർക്കരികിലേക്കു നീങ്ങി നിന്ന് ചോദിച്ചു, ‘അമ്മമാർക്ക് എവിടെയാണ്‌ പോകേണ്ടത്’ എന്ന്.

മനഃപ്പൂർവമായി വരുത്തിയ വ്യാജമായ ശൃംഗാരഭാവം പടർന്നിരുന്ന രണ്ടു പേരുടെയും മുഖങ്ങൾ തെല്ലൊന്നിരുണ്ട് സഹജമായ മാതൃവാത്സല്യത്തിലേക്കു തെളിയുന്നതും, അവർ പരസ്പരം മുഖാമുഖം നോക്കുന്നതും ഞാൻ കണ്ടു.

എനിക്കറിയാമായിരുന്നു... അമ്മ... അതേ അമ്മ എന്ന മഹാമന്ത്രത്തിന്റെ ഐന്ദ്രജാലികത. ഏതശുദ്ധിയേയും ശുദ്ധമാക്കാൻ പോന്ന വിശുദ്ധി. ആ വിളിയിൽ മാതൃഭാവം കൈവരിക്കാത്ത മനസ്സുകളുണ്ടോ? അതിനിയൊരു നിശാചരിയാണെങ്കിൽ പോലും...

അവരുടെ മുഖത്ത് ജാള്യതയോ, കുറ്റബോധമോ ഞാൻ കണ്ടതേയില്ല. അവർ നിറഞ്ഞ പുഞ്ചിരിയോടെ മറുപടി പറഞ്ഞു. എങ്ങും പോകണ്ട മക്കളേ, പരിചയമുള്ളയാളാണെന്നു കരുതി വിളിച്ചതാണ്‌‘

ശരിയെന്നു പറഞ്ഞു തിരികെ നടക്കുമ്പോൾ ഞാൻ ചിന്തിച്ചു. അമ്മേയെന്ന വിളി അവരിലുണ്ടാക്കിയ അന്തഃപ്പരിവർത്തനം, വാണിജ്യബുദ്ധിയെ സാധാരണത്വത്തിലേക്കെത്തിച്ച പശ്ചാത്തലം; അതൊരു പക്ഷേ അവരുടെ ജീവിതസാഹചര്യങ്ങളായിരിക്കാം. സ്വന്തം മക്കൾക്കോ, ശയ്യാവലംബിയായ ഭർത്താവിനോ വേണ്ടി ഈ തൊഴിലിനിറങ്ങിയതായിരിക്കുമോ അവർ? എന്തായാലും ഒന്നുറപ്പാണ്‌, പച്ചമനുഷ്യന്റെ ചിന്തയ്ക്കോ നീതിശാസ്ത്രങ്ങൾക്കോ നീതീകരിക്കാൻ കഴിയാത്ത അപരാധികളല്ല അവർ. തുച്ഛമായ വരുമാനത്തിൽ കഴിയുന്നവരുടെയും, ദാരിദ്ര്യം അനുഭവിക്കുന്നവരുടെയും ലക്ഷണങ്ങളുള്ള രണ്ടു പാവം അമ്മമാർ.

അനിയന്ത്രിതമായ വികാരവിക്ഷോഭം മൂലമോ, മറ്റു പല ന്യായീകരണങ്ങളുടെ പേരിലോ വ്യഭിചരിക്കുന്നവരെക്കാൾ ഇവർക്കു മാന്യതയുണ്ട്. ഇവരിൽ നന്മയുണ്ട്. അമ്മേ എന്ന വിളി പരിവർത്തനം തീർക്കുന്നത് അങ്ങനെയുള്ളവരിൽ മാത്രമായിരിക്കും. അവരെ അങ്ങനെയാക്കിയ പൊതുസമൂഹം തന്നെയാണ്‌ അവരെ വേശ്യകളെന്നു വിളിച്ചധിക്ഷേപിക്കുന്നതും ഇരുൾമറവിൽ അവരെ ഒളികണ്ണിട്ടു നോക്കി പ്രാപിക്കാൻ ആഗ്രഹിക്കുന്നതെന്നുമുള്ള വിരോധാഭാസം വേദനാജനകമാണ്‌.

ശ്രീപദ്മനാഭന്റെ  മണ്ണിൽ അവർക്ക് സാത്വികവും, ഉത്കൃഷ്ടവും നന്മനിറഞ്ഞതുമായ ഒരു ജീവിതം ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു