Tuesday, November 3, 2015

ശ്രീമാൻ പോൾ സക്കറിയ അറിയാൻ

സംവരണം അവസാനിപ്പിക്കാൻ സമയമായി എന്ന് പറയുന്നത് ഫാസിസമാണെന്ന് അപലപിക്കുന്ന ശ്രീ.സക്കറിയയ്ക്ക് ഭരണഘടനയെക്കുറിച്ച് വലിയ ഗ്രാഹ്യമില്ലെന്നു തോന്നുന്നു.

സംവരണം നിർദ്ദേശിച്ചിരിക്കുന്ന അതേ ഭരണഘടനയിൽ ശ്രീ അംബേദ്‌ക്കർ തന്നെ, അതിനു കാലാവധി പാലിക്കണമെന്നും നിർദ്ദേശിച്ചിരുന്നു. എന്നാൽ അത് ഇക്കാലമത്രയും നിർത്തലാക്കാതെ തുടർന്നത് രാഷ്ട്രീയക്കാരുടെ സങ്കുചിതമായ പ്രീണനതാൽപര്യത്തിന്റെ ഭാഗമാണ്.

സാഹിത്യ അക്കാദമി അന്നും ഇന്നും എന്നും മാറി മാറി വരുന്ന രാഷ്ട്രീയപ്പാർട്ടികളുടെ ചട്ടുകമായേ പ്രവർത്തിച്ചിട്ടുള്ളൂ എന്നത് ഒരു നഗ്നയാഥാർഥ്യമായി ഞങ്ങൾ ജനങ്ങളുടെ മുൻപിൽ നിൽക്കേ താങ്കൾ ആരെ സന്തോഷിപ്പിക്കാൻ വേണ്ടിയാണ് ഈ പ്രഹസനവുമായി രംഗപ്രവേശം ചെയ്തിരിക്കുന്നതെന്ന് മനസ്സിലാകുന്നില്ല.


എഴുത്തുകാർ നിലകൊള്ളേണ്ടതും, നിലനിൽക്കേണ്ടതും സ്വതന്ത്രവും നിഷ്പക്ഷവുമായ സർഗ്ഗഭൂമികയിലാണ്. അങ്ങനെയുള്ളവർ ഒന്നുകിൽ രാഷ്ട്രീയം പറയരുത്. പറയുന്നെങ്കിൽ തങ്ങളുടെ സൃഷ്ടികളെ നെഞ്ചോടു ചേർത്ത ഒരു സമൂഹത്തെയും തന്നെത്തന്നെയും വഞ്ചിക്കുന്ന തരത്തിൽ, തനിക്കു തന്നെ ബോദ്ധ്യമുള്ള വസ്തുതകളെ മനഃപ്പൂർവ്വം മറച്ചു വച്ചു കൊണ്ട് ദാ ഇത്തരത്തിലാവരുത്...


എഴുത്തുകാർ സമൂഹത്തിൽ ചലനം സൃഷ്ടിക്കേണ്ടത് തങ്ങളുടെ സർഗ്ഗസമ്പന്നത കൊണ്ടും അഗ്നിയെ ആവാഹിച്ച ധിഷണ കൊണ്ടുമാവണം. അല്ലാതെ പൊതുനിരത്തിൽ നഗ്നനായോ കോപ്രായം കാണിച്ചോ ജനശ്രദ്ധ കാംഷിക്കുന്നവരെപ്പോലെ കേവലം അർത്ഥശൂന്യവും ആത്മാർത്ഥതയുടെ ലവലേശമില്ലാത്തതുമായ വാചാടോപം കൊണ്ടല്ല എന്ന് അങ്ങയെപ്പോലൊരാളോട് പറയേണ്ടി വരുന്നതിൽ അത്യന്തം ഖേദമുണ്ട്. കാരണം അങ്ങും സാംസ്കാരിക കേരളത്തിന്റെ ബഹുമുഖങ്ങളിൽ ഒന്നായാണല്ലോ അറിയപ്പെടുന്നതെന്നതു തന്നെ.
https://www.facebook.com/photo.php?fbid=10153195096226662&set=a.10151808828871662.1073741827.522106661&type=3

No comments: