Tuesday, November 3, 2015

വ്രതവും വികാരവും

 Published on: December 22, 2014

1984 -85 ആണ്ടുകൾ. വൃശ്ചികമാസാരംഭം മുതൽ വ്രതമെടുത്ത് ശ്രീ ഭൂതനാഥന്റെ മല ചവിട്ടാനായി കാവാലത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും, നടന്നും, ബോട്ടിലുമൊക്കെയായി അയ്യപ്പന്മാർ പോകുമായിരുന്നു. ഇവൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള വഴിയിലൂടെ മൂലേശേരി എന്ന സ്ഥലത്ത് ചെന്നു വേണം ബോട്ടോ, കടത്തു വള്ളമോ കയറാൻ.

ശരണഘോഷങ്ങളുമായി ഇഹപരസ്മരണകളെല്ലാം ഇരുമുടിയിലാക്കി ഓംകാരരൂപന്റെ ജീവൽസ്വരൂപമായി മാറിയ ശരീരികൾ അതുവഴി കടന്നു പോകുമ്പോൾ ‘എനിക്കും പോണം’ എന്നുറക്കെ കരഞ്ഞുകൊണ്ട് പിന്നാലെ ഓടിയിരുന്ന ഒരു ബാല്യം എനിക്കുണ്ടായിരുന്നു.

എന്റെ പാവം അമ്മ ഒരുപാടു ബുദ്ധിമുട്ടിയിട്ടുണ്ട് ആ ഉദ്യമത്തിൽ നിന്നും ഇവനെ പിൻതിരിപ്പിക്കാൻ. ‘അവിടെച്ചെന്നാൽ മോക്ഷം കിട്ടും’ എന്ന ശരണകീർത്തനത്തിലെ ആകർഷകത്വമോ, എല്ലാവരും പോണപോലെ എനിക്കും പോകാനുള്ള കൊതിയോ, ഏതോ ഒന്നിലുള്ള കൗതുകം പൂണ്ട ബാലകൂതൂഹലമോ ഒന്നുമായിരുന്നില്ല ഇവന്റെ മനസ്സിൽ ഓരോ മണ്ഡലകാലവും ഈ അളവില്ലാത്ത ആഗ്രഹവും, അതിനായുള്ള കണ്ണുനീരും നിറച്ചത് പ്രത്യുത പൂർവ്വജന്മങ്ങളിലെല്ലാം കാടും മലയും കടന്ന് വ്രതശുദ്ധിയുടെ നിറവിൽ ഇവൻ കണ്ടെത്തിയെ ആ ആത്മചൈതന്യത്തിലേക്കുള്ള ഉത്ക്കടമായ ആകർഷണം, ആ അഭൗമാനുഭൂതിയുടെ ജന്മാന്തരസ്മരണയായിരുന്നു മൂന്നോ, നാലോ വയസ്സുള്ള ഇവനെ ശരണപാതയിലേക്ക് മാടിവിളിച്ചിരുന്നതെന്ന് ഉറപ്പിച്ചു പറയാൻ, ഇതെഴുതുന്ന നേരത്തു പോലും എന്റെ കൺകളെയും, ഇതെഴുതുന്ന കീബോർഡിനെപ്പോലും നനയിച്ചു കളയുന്ന കണ്ണുനീരിന്‌ കരുത്തുണ്ട്.

അമ്മയും, അപ്പൂപ്പനും മാത്രമുള്ള ഇവന്റെ വീട്. അച്ഛൻ വിദേശത്ത്. കൊണ്ടു പോകാൻ ആരുമില്ല. എല്ലാ വർഷവും ഭഗവാനു നെയ്ത്തേങ്ങ നിറച്ചുകൊണ്ടു പോകുന്ന, പിൽക്കാലത്ത് എന്റെ സംപൂജ്യഗുരുനാഥനായ ശ്രീ രാധസ്വാമി, പലപ്പോഴും നടന്നാണ്‌ മലചവിട്ടുന്നത്. അതും മകരവിളക്കിന്റെ തിരക്കിൽ. എങ്കിലും അദ്ദേഹം സന്നദ്ധത പ്രകടിപ്പിച്ചു. ആ പ്രായത്തിൽ, അതിലേറെ വികൃതിയുമായ ഇവനെ അയക്കാൻ എല്ലാവരും മടിച്ചു. ഈ കണ്ണീർ തപസ്യ വീണ്ടും എല്ലാ വൃശ്ചികമാസങ്ങളിലും തനിയാവർത്തനം ചെയ്തു. ഒരു വർഷം -അന്നെനിക്കെത്ര വയസെന്നോർമ്മയില്ല- ആ തിരുസന്നിധി പൂകാനുള്ള അദമ്യമായ ഇച്ഛ ഇവനെക്കൊണ്ട് സ്വയം വ്രതമെടുപ്പിച്ചു. ഒരു പ്രഭാതത്തിൽ ഒന്നും പറയാതെ അമ്പലത്തിൽ പോയി മടങ്ങിയ ഇവന്റെ കഴുത്തിൽ അയ്യപ്പമുദ്ര കണ്ട് അമ്മയും, അപ്പൂപ്പനും പരിഭ്രമിച്ചു. കൊണ്ടുപോകാനാരുമില്ലാതെ, വഴിയോ, കാലമോ തിരിയാത്ത വെറും ബാലകനായ ഇവൻ മാലയിട്ടു വ്രതമാരംഭിച്ചിരിക്കുന്നു. എന്തു ചെയ്യണമെന്നറിയാതെ അമ്മ വിഷമിച്ചു. അടുത്തു താമസിക്കുന്ന അമ്മയുടെ സഹോദരൻ വ്രതമെടുത്തു മല ചവിട്ടുന്നു. ഇവൻ പോയി മാലയിട്ടു വ്രതവും തുടങ്ങി, ഇവനെക്കൂടി നീയൊന്നു കൊണ്ടുപോകണമെന്ന് അമ്മ അമ്മാവനോടപേക്ഷിച്ചു. സാദ്ധ്യമല്ലെന്ന മറുപടി. എല്ലാ ദിവസവും രാധസ്വാമിയുടെ കൈപിടിച്ച് പള്ളിയറക്കാവ് ദേവീക്ഷേത്രത്തിലെ അയ്യപ്പവിഗ്രഹത്തിനു മുൻപിൽ നിന്നിവൻ അതിമോഹത്തോടെ ശരണം വിളിച്ചു...

ദിവസങ്ങൾ കടന്നു പോയി. ഒരു ദിവസം വീട്ടിലെ കാര്യസ്ഥനായിരുന്ന മനുഷ്യൻ അപ്പൂപ്പനെ കാണാനെത്തി. ഇവന്റെ വൃത്താന്തങ്ങളറിഞ്ഞ അദ്ദേഹം പറഞ്ഞു. കുട്ടനെ ആരും കൊണ്ടുപോകണ്ട. എനിക്കു വ്രതമുണ്ട്. ഞാൻ കൊണ്ടു പോകും. അപ്പൊഴും ഇവന്റെ വികൃതിയറിയുന്ന എല്ലാവർക്കും പരിഭ്രമമുണ്ടായിരുന്നെങ്കിലും ഒട്ടൊരാശ്വാസമായി. അങ്ങനെ ആ കൈപിടിച്ചാണ്‌ ഇവൻ ആദ്യമായി സന്നിധാനത്തെത്തുന്നത്.

ഒന്നിനുമല്ലായിരുന്നു, യാതൊന്നിനുമല്ലായിരുന്നു ഇവന്റെയാ തീവ്രയജ്ഞം. കരുണാമൂർത്തിയായ ആ കളകോമളരൂപമൊന്നു കൺനിറച്ചു കാണാൻ. ഇവനൊന്നും പറയാനോ, പരിഭവിക്കാനോ, ആവശ്യപ്പെടാനോ ഇല്ലായിരുന്നു. ഒന്നു കാണാൻ മാത്രം. കണ്ടു. കൺനിറയെ കണ്ടു.

വീണ്ടും ഏതാനും വർഷങ്ങളുടെ ഇടവേളകൾക്കു ശേഷം കൂട്ടു ചേർന്നും, പിന്നീട്‌ ഒറ്റയ്ക്കും -ഒറ്റക്കായിരുന്നില്ല, ശ്രീശബരീശന്റെ ഭൂതഗണങ്ങൾ, ആരുമില്ലാത്തവർക്ക് എല്ലാമായുള്ളവന്റെ ദിവ്യസാന്നിദ്ധ്യം, കൂട്ടായി വരേണമേ കൊച്ചു കടുത്ത സ്വാമിയേ... എന്നു വിളിച്ചു കറുപ്പുകച്ച ചുറ്റിയ ഇവന്റെ ഗദ്ഗദകണ്ഠത്തിലെ പ്രണവം കേട്ടോടിയെത്തിയ ഭഗവദ് ദാസൻ... ഈ സംരക്ഷണവലയം ഇവനു ചുറ്റുമുണ്ടായിരുന്നത് ആരറിഞ്ഞു? ആദ്യമായി (ജനദൃഷ്ടിയിൽ മാത്രം) ഒറ്റക്ക് അയ്യപ്പനെക്കാണാൻ ഇവൻ കെട്ടും താങ്ങി ഇറങ്ങിയ പുറകേ, അമ്മാവൻ ഓടി വന്ന് അമ്മയോട് ചോദിച്ചു, ഒറ്റക്കു പോയി, ഇനി തിരിച്ചു വന്നില്ലെങ്കിൽ എന്തു ചെയ്യുമെന്ന്. എന്റെ അമ്മ, തപസ്വിനി, കണ്ണു നിറയാതെ, കണ്ഠമിടറാതെ പറഞ്ഞു, അയ്യപ്പനവനെ വേണം, ഭഗവാനവനെ എടുത്തെന്നു ഞാൻ കരുതുമെന്ന്. ഈ ശരീരം പടിയിറങ്ങിപ്പോയതേ എല്ലാവരും കണ്ടുള്ളൂ. ആ പരാത്പരനിൽ വിലയം ചെയ്തു ഭ്രമണം ചെയ്തിരുന്ന ഇവന്റെ അദൃശ്യചേതനയെ ആരും കണ്ടില്ല, കോടിസൂര്യപ്രഭകളഭിഷേകമാടുന്ന ബ്രഹ്മാണ്ഡസംരക്ഷകന്റെ രക്ഷ ഇവനെ പൊതിഞ്ഞു സംരക്ഷിച്ചതും ആരുമറിഞ്ഞില്ല. ഇവൻ തിരിച്ചെത്തി... ഒരു പുൽക്കൊടി നാമ്പു പോലും ഇവനെ പോറലേൽപിച്ചതില്ല... തുടർന്നും എത്രയോ വർഷങ്ങൾ...

ഇത്രയും പറഞ്ഞത്, ശബരിമലയെന്ന ദിവ്യമല മനസ്സിൽ മലം ചുമന്നു നടക്കുന്നവർക്ക് മാലിന്യമലയായി തോന്നാം, പക്ഷേ ഞങ്ങൾ കോടികൾക്ക് അത് മോക്ഷമലയാണ്‌, സത്യമലയാണ്‌, ജന്മമാലിന്യങ്ങളകറ്റുന്ന പുണ്യമലയാണ്‌. അത് ഞങ്ങളെപ്പോലുള്ളവർക്ക് വിശ്വാസത്തിലുമുപരിയായ വികാരമാവുന്നതിന്‌ ഞങ്ങൾ പോലുമറിയാത്ത കാരണമുണ്ടെന്ന് ചൂണ്ടിക്കാണിക്കാനായിരുന്നു.

ഇവിടെ, ഭക്തനും ഭക്തവൽസലനും ഒരേ പേരാണ്‌ അയ്യപ്പൻ!. ആ പരംപൊരുളിലേക്കുള്ള ശരണപാതയിൽ തീർത്ഥയാത്രക്കു വിഘാതം സൃഷ്ടിക്കാൻ വൃഥാപരിശ്രമിക്കുന്ന ദുർജ്ജന്മങ്ങൾ ഞങ്ങൾക്ക് മറ്റൊരു കല്ലോ മുള്ളോ... അതിനപ്പുറം യാതൊരു വിലയും നൽകാതെ ഇവരെയൊക്കെ കടന്നു പോകാൻ ഞങ്ങളുടെ മനസ്സിൽ ഒരേയൊരു ലക്ഷ്യം... അത് ശബരിമാമല!
ആ വ്രതശുദ്ധിയുടെ പരിപാവനതയെ വാക്കുകൊണ്ടായാലും, നോക്കുകൊണ്ടായാലും, ചിന്ത കൊണ്ടു പോലും കളങ്കപ്പെടുത്താൻ ശ്രമിച്ചാൽ, കാലകാലസുതന്റെ നിത്യദാസന്മാർക്ക് പൊറുത്തു തരാൻ കഴിഞ്ഞെന്നു വരില്ല. വ്രതമെടുത്ത് സർവ്വവും അയ്യപ്പനിൽ സമർപ്പിച്ച്, പരംപൊരുളിനെ മാത്രം മനോവാൿകായങ്ങളിലാവാഹിക്കുന്ന വ്രതശരീരിയായ അയ്യപ്പനാവില്ല, അവരെ തൊഴുതു മാറി നിൽക്കുന്ന വ്രതമില്ലാത്ത ഭഗവദ്ഭക്തരെന്നത് ഓർമ്മയുണ്ടായാൽ പലർക്കും നന്ന്. നിയമത്തിന്റെ ഏതു തലം വരെയും, ജനകീയവും, രാജ്യതാൽപര്യങ്ങൾക്കു വിരുദ്ധമല്ലാത്തതും, ഒരു ഭക്തന്റെ പരിധി ലംഘിക്കാത്തതുമായ ഏതറ്റം വരെയും ചെന്നെത്താൻ അതു ചിലപ്പോൾ ഞങ്ങളെ പ്രേരിപ്പിച്ചെന്നിരിക്കും.

ഇതൊരോർമ്മപ്പെടുത്തലാണ്‌. പലരും കരുതുന്ന കേവലതയല്ല ഞങ്ങൾക്ക് ശബരിമലയും, അയ്യപ്പനും. അയ്യപ്പന്മാർക്കു മതമില്ല, ഭഗവാനുമില്ല മതം. ഞങ്ങൾക്ക് ആരും ശത്രുക്കളുള്ളതായി ഞങ്ങൾ വിശ്വസിക്കില്ല, അഥവാ ഉണ്ടെങ്കിൽ അതു ഞങ്ങളിൽ തന്നെയുള്ള കാമക്രോധാദികളെന്നു ഞങ്ങൾ വിശ്വസിക്കുന്നു. ഞങ്ങൾക്കും ആരോടും ശത്രുതയില്ല. എന്നാൽ ഓർക്കുക, കണ്ഠത്തിലല്ല, ആത്മാവിൽ മുദ്രചാർത്തിയാണ്‌ അയ്യപ്പഭക്തർ പുലരുന്നത്. ആ മുദ്രയെ സംരക്ഷിക്കാൻ ഞങ്ങൾക്ക് ഭഗവദനുഗ്രഹം വേണ്ടുവോളമുണ്ട്. അതിനു ഞങ്ങൾക്കറിയുകയും ചെയ്യാം., അതിന്റെ പവിത്രതയെ വിദൂരസ്വപ്നത്തിൽ പോലും കളങ്കപ്പെടുത്താൻ നിസ്സാരരായ നിങ്ങളെക്കൊണ്ടാവില്ല. അതിനെ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമായ പ്രഭാവലയത്തിന്റെ തീക്ഷ്ണത അതോടടുത്തു നോക്കുമ്പൊഴേ നിങ്ങളറിയൂ... ആ സാഹസത്തിനൊരുങ്ങുന്നതിനു മുൻപേ സൂര്യമണ്ഡലത്തിലേക്ക് പറന്നടുക്കാൻ ശ്രമിച്ച മാംസദാഹിയായ കഴുകന്റെ ചിറകുകൾ എങ്ങനെയിരിക്കുമെന്നു നിങ്ങൾ സ്വയം ഊഹിച്ചു നോക്കുക.

സ്വാമി ശരണം

No comments: