Tuesday, November 3, 2015

എൻ എസ് എസ് പടവലങ്ങ പോലെ വളരുമ്പോൾ

ഒരു കത്തിലോ, ഒരു കുറിപ്പിലോ, ഒട്ടനവധി ലേഖനങ്ങളിലോ തീരുന്നതല്ല നായർ സർവ്വീസ് സൊസൈറ്റിയുടെ പരിതാപകരമായ അപചയങ്ങളുടെ നീണ്ട പട്ടിക. ഇതു സംബന്ധിച്ച ഒരു ദീർഘപരമ്പരയ്ക്കു തന്നെസാധ്യതയും ഇന്നു സമുദായം നേരിടുന്ന ഈ ദുർഘടസന്ധിയിൽ അതിനു സാധുതയുമുണ്ട്.

അഴിമതി, സ്വജനപക്ഷപാതം, താൻപോരിമ, ധാർഷ്ട്യം തുടങ്ങിയവകളുടെ സാകാരനാമധേയമായി മാറിയിരിക്കുന്ന നായർ സർവ്വീസ് സൊസൈറ്റിയുടെ തലസ്ഥാനത്തേക്ക് ഇവൻ ആദ്യമായി വണ്ടി കയറുന്നത് എന്റെ പതിനഞ്ചാമത്തെ വയസ്സിലാണ്‌. രാമങ്കരി എൻ എസ് എസ് സ്കൂളിലെ ക്ളാർക്കിന്റെ മേശവലിപ്പിൽ അനന്തമായി നീണ്ടുകിടക്കുന്ന അസംഖ്യം പാൻപരാഗിന്റെ മാലയും, അതിനു മുൻപിലെ അലമാരയിൽ എഴുതിയൊട്ടിച്ചിരിക്കുന്ന ‘പുകയില തിന്നല്ലേ അതു കൊല്ലും’ എന്ന സർക്കാർ പരസ്യവും ഇതിനെല്ലാം മുന്നിലിരിക്കുന്ന അഹങ്കാരത്തിനു കയ്യും കാലും വച്ച അന്നത്തെ കണക്കപ്പിള്ളയുമായിരുന്നു അന്നത്തെ ഇവന്റെ പ്രശ്നം. അന്ന്, സ്കൂൾ മാനേജർ ശ്രീ രവീന്ദ്രനാഥൻ സാറിനോട്, അങ്ങിപ്പോൾ എന്റെ കൂടെ വരാമെങ്കിൽ മേശവലിപ്പിൽ നിന്നും പാൻപരാഗിന്റെ മാല ഞാനെടുത്തു തരാമെന്നു പറഞ്ഞതും, അദ്ദേഹം അതേക്കുറിച്ച് അന്വേഷണം നടത്തിയതുമാണ്‌. ഫലമോ, എന്നെ തപ്പി കുറേ നാൾ അവിടത്തെ സാറന്മാർ അലഞ്ഞു.

അതേ വിദ്യാലയത്തിൽ പ്ലസ് ടു അദ്ധ്യാപകരായി ജോലിക്കു കയറിയവരിൽ, മാത്തമാറ്റിക്സ്, കെമിസ്ട്രി, സുവോളജി തുടങ്ങിയ വിഷയങ്ങൾ പഠിപ്പിച്ചിരുന്ന ആകെ നാലോ അഞ്ചോ അദ്ധ്യാപകരാണ്‌ ജോലി നിലവിലിരിക്കേ ദീർഘകാല അവധിയിൽ ഗൾഫിൽ പോയി അവിടെയും ജോലി ചെയ്തിരുന്നത്. കൃത്യമായി പറഞ്ഞാൽ മസ്കറ്റിലെ ഇന്ത്യൻ സ്കൂളിൽ വരെ അത്തരത്തിൽ ജോലി ചെയ്തിരുന്ന അദ്ധ്യാപികമാരുണ്ട്. (ഒരു പക്ഷേ ഇപ്പൊഴും അവർ അതു തന്നെയാവും ചെയ്തുകൊണ്ടിരിക്കുന്നതും)

ആ വർഷത്തെ സ്കൂളിന്റെ ആദ്യ പ്ലസ് ടു ബാച്ചിൽ വിജയിച്ചത് വെറും മൂന്നു പേർ! അത് അദ്ധ്യാപകരുടെ കൊണവതികാരം കൊണ്ടല്ല, ആ കുട്ടികളുടെ കഠിനാദ്ധ്വാനം കൊണ്ടാണ്‌. അന്നത്തെ ജനറൽസെക്രട്ടറി പണിക്കർ സാറും ജനറൽ സെക്രട്ടറിയെ ഭരിക്കുന്ന നായരായി ഇന്നത്തെ ജനറൽ സെക്രട്ടറിയും.

ഈ വിഷയം ചൂണ്ടിക്കാട്ടി, കൃത്യമായി പറഞ്ഞാൽ ആറു പേജുകൾ വരുന്ന ഒരു കത്ത് ഞാനയച്ചത് പെരുന്നയിലെ നായന്മാർ അത്ര പെട്ടെന്നൊന്നും മറന്നിരിക്കാനിടയില്ല. (പരതിയാൽ എന്റെ ആർക്കൈവുകളിൽ അതിന്നുമുണ്ടാവും) അതേ തുടർന്നായിരുന്നില്ലേ പ്രസ്തുത അദ്ധ്യാപികമാരിലൊരാൾ - ഇനിയും കൃത്യമായി പറഞ്ഞാൽ പണിക്കർസാറിന്റെ ഒരു അടുത്ത ബന്ധു- രായ്ക്കു രാമാനം ആലക്കോട് സ്കൂളിൽ ഓടി വന്നു ജോയിൻ ചെയ്തത്. പക്ഷേ അവർ വീണ്ടും ഗൾഫിലേക്കു തന്നെ പോയി എന്നും കേട്ടു. ഇതു പറഞ്ഞു കേട്ടറിവാണ്‌. ഇനി നീ എൻ എസ് എസ്സിലോട്ടു കത്തയച്ചാൽ അവർ എനിക്കിട്ടു പണിയുമെന്ന്, എൻ എസ് എസ്സിന്റെ ആശ്രിതനായ എന്റെ മറ്റൊരു ബന്ധു എന്റെ മുന്നിൽ സങ്കടഹർജ്ജി സമർപ്പിക്കുമ്പോൾ എനിക്കു പ്രായം പതിനേഴ്.

തീർന്നില്ല, ഏതാനും വർഷം മുൻപേ, ഒരു സാമൂഹ്യദ്രോഹി, നായന്മാരുടെ അമ്മപെങ്ങന്മാരെ അടച്ചാക്ഷേപിച്ചു കൊണ്ട് ബ്ലോഗെഴുതിയപ്പൊഴും ഇവനു കത്തെഴുതേണ്ടി വന്നിട്ടുണ്ട്. അത് പണിക്കർസാറിന്റെ അവസാന കാലഘട്ടം... ഏകദേശം ഒരു മാസത്തെ നിസ്സംഗതയ്ക്കു ശേഷം വാട്ട് കൈൻഡ് ഓഫ് നായർ യൂ ആർ എന്ന് നിവൃത്തികേടു കൊണ്ടു ചോദിക്കേണ്ടി വന്നു അതിനെതിരേ നിയമനടപടികൾ ആരംഭിക്കാൻ. ഓർക്കണം... പതിയെ തീ പിടിച്ചു വന്ന്‌ ബഡവാഗ്നിയായി പരിണമിക്കേണ്ടിയിരുന്ന ഒരു ആഭ്യന്തരകലാപത്തിന്റെ വിത്തുകോശമായിരുന്നു ആ ബ്ലോഗ്. നിയമബിരുദധാരിയായിരുന്ന ആ കുറ്റവാളി ഒരു പക്ഷേ ലക്ഷ്യം വച്ചിരുന്നതും നായർ-ക്രിസ്ത്യൻ കലാപമായിരുന്നിരിക്കാം അതിനോടാണ്‌ എല്ലാ രേഖകളും സഹിതം മുന്നറിയിപ്പു കൊടുത്തിട്ടും നേതൃത്വം ഒരു മാസത്തിലേറെ നീണ്ടു നിന്ന ക്രിമിനൽ സൈലൻസ് പാലിച്ചത്. പണിക്കർ സാർ കേസ് കൊടുത്ത് മൂന്നിന്റന്ന് സൈബർ സെൽ ആ ക്രിമിനലിനെ അറസ്റ്റു ചെയ്യുകയും ചെയ്തു.  കേസ് പുരോഗമിക്കവേ അയാൾ മരണപ്പെട്ടുവെന്ന് ഇടക്കാരോ പറഞ്ഞു കേട്ടു...  (ഈ വിഷയത്തിലെ എഴുത്തുകളും, പത്രറിപ്പോർട്ടുകളും എന്റെ ആർക്കൈവിലുണ്ട്)

അപ്പോൾ പറഞ്ഞു വന്നത്, നായന്മാരെ -കൂടിയ, മന്നത്തപ്പൂപ്പനെക്കാൾ വളരെയധികം കൂടിയ നായന്മാരെ- നന്നാക്കുകയെന്ന കീറാമുട്ടിയുമായി ജയകൃഷ്ണൻ ഗുസ്തി തുടങ്ങിയത് ‘ചെവിയിൽ പൂട’ കിളിർക്കുന്നതിനും മുൻപാണ്‌.

ഇന്നും എൻ എസ് എസിലെ അദ്ധ്യാപകരുടെ നിലവിലെ സ്ഥിരസാന്നിദ്ധ്യം പരിശോധിച്ചാൽ എത്ര പേർ നിലവിലുള്ള നിയമങ്ങളെ പച്ചയായി ദുർവ്വിനിയോഗം ചെയ്തും, പഴുതുകളുപയോഗിച്ചും, നിയമലംഘനം തന്നെ നടത്തിയും വിദേശങ്ങളിലുണ്ടെന്നു മനസ്സിലാക്കാം. എൻ എസ് എസ് സ്കൂളുകളുടെ വിദ്യാഭ്യാസ നിലവാരം പടവലങ്ങ പോലെ വളരുന്നതിന്റെ മൂലകാരണവും ഇതൊക്കെത്തന്നെയാണ്‌.

ഇത്രയധികം ഇൻഫ്രാസ്ട്രക്ചറും, ഭൂസ്വത്തുമുള്ള മറ്റൊരു സമുദായസ്ഥാപനവും ഇല്ലെന്നത് നിസ്തർക്കമാണെന്നിരിക്കേ, ഈ വിഭവങ്ങളെയൊന്നും -അവനവന്റെ വർഗ്ഗം നന്നാവട്ടെയെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ച കുറേപ്പേരുടെ ഔദാര്യമാണിതെല്ലാം- വേണ്ട രീതിയിൽ സംരക്ഷിക്കാതെയും പരിപോഷിപ്പിക്കാതെയും കേവലം പണമെണ്ണിക്കൊടുക്കുന്നവനെ മാത്രം വല്ല വിധേനയും യു ജി സി മാർഗ്ഗനിർദ്ദേശങ്ങളുമായി പൊരുത്തപ്പെടുന്ന നാലു കടലാസ്സുകളുടെ മാത്രം പിൻബലത്തിൽ നിയമിച്ചും, അവർക്ക് യഥേഷ്ടം തോന്നിവാസം കാണിക്കാനുള്ള അവസരമൊരുക്കിയും നേതൃത്വം ഒരു വലിയ ജനതയുടെ പ്രതീക്ഷയും, അഭിമാനവുമായ ഈ സംരംഭത്തെ പച്ചയായി വ്യഭിചരിക്കുകയാണ്‌.

ഇന്റർവ്യൂ എന്ന പ്രഹസനങ്ങൾക്കാവട്ടെ; സർക്കാർ പ്രതിനിധിയായോ, അക്കാഡമിക് എക്സ്പർട്ടായോ വരുന്നവർ പോലും മാനേജ്‌മെന്റിന്റെ ഇംഗിതത്തിനടിയിൽ തുല്യം ചാർത്തി പിരിയുന്ന ദയനീയാവസ്ഥ.

ഓർക്കണം, അഭ്യസ്ഥവിദ്യരായ കഴിവുള്ള ഉദ്യോഗാർത്ഥികൾ വെളിയിൽ നോക്കി നിൽക്കുമ്പോഴാണ്‌ ഈ ദുര്യോഗം. സർവ്വീസ് സൊസൈറ്റിയുടെ അടിസ്ഥാന ബൈലോ പോലും തന്നിഷ്ടപ്രകാരം പൊളിച്ചെഴുതിയിട്ടുണ്ടോ എന്ന സംശയം പ്രബലമാണ്‌. കാരണം, നിയമബിരുദമുള്ള ഒരാൾക്കു മാത്രം അലങ്കരിക്കാൻ കഴിയുന്ന എൻ എസ് എസ് ജനറൽസെക്രട്ടറിയുടെ സിംഹാസനത്തിൽ ഇന്നത്തെ സെക്രട്ടറി ഏതു മാനദണ്ഡം അടിസ്ഥാനമാക്കിയാണിരിക്കുന്നതെന്ന് ഇനിയും മനസ്സിലാകുന്നില്ല. അഥവാ അദ്ദേഹം നിയമബിരുദധാരിയാണെന്നാണ്‌ അവകാശവാദമെങ്കിൽ, സർട്ടിഫിക്കറ്റ് കാണണ്ട, കൊലക്കേസു വാദിച്ചു ജയിക്കുകയും വേണ്ട വെറും IPC 268 ആം വകുപ്പു പ്രകാരം സമർപ്പിക്കപ്പെട്ട വെറുമൊരു പബ്ളിക് നൂയിസെൻസ് കേസിന്മേലെങ്കിലും, ബാർ കൗൺസിൽ അക്രഡിറ്റേഷനോടെ സന്നതെടുത്ത് കോട്ടിട്ടു പോയി ഒരു ജാമ്യമെടുത്തു കാണിക്കാൻ കഴിയുമോ സുകുമാരൻ സാറിന്‌? അഥവാ എന്നെങ്കിലും ചെയ്തിട്ടുണ്ടോ???

കഴിയില്ല. കാരണം സർട്ടിഫിക്കറ്റ് എവിടെ നിന്നും എങ്ങനെയും കിട്ടും. പക്ഷേ റെഗുലർ നിയമപഠനത്തിലൂടെ അംഗീകൃത സർട്ടിഫിക്കറ്റ് നേടാതെ ബാർ കൗൺസിൽ അക്രഡിറ്റേഷൻ കൊടുക്കില്ല. സന്നതെടുക്കാനും കഴിയില്ല. അതു തന്നെ കാരണം. അപ്പോൾ പിന്നെ ഈ നിയമബിരുദമെന്ന ടിഷ്യു പേപ്പറിന്‌ എന്താണു വില? ദീർഘവീക്ഷണത്തോടെ സമുദായാചാര്യൻ ചെയ്ത ഒരു നല്ല നിയമത്തെ നിർവ്വ്യാജം വ്യഭിചരിച്ചിരിക്കുന്നു എന്നാണോ അതിനർത്ഥം?

എൻ എസ് എസ് എസിൽ. കൊണ്ടും കൊടുത്തും നടന്ന ഈ കാലയളവിൽ എന്നാണ്‌?, എങ്ങനെയാണ്‌?, എപ്പോഴാണ്‌?, എവിടെ നിന്നാണ്‌? അദ്ദേഹം നിയമബിരുദം സമ്പാദിച്ചതെന്ന് അറിയാത്തതു കൊണ്ടാണ്‌ ഇത്രയും പറഞ്ഞത്. തെറ്റാണെങ്കിൽ തിരുത്തണം. ഈ തെറ്റു തിരുത്തൽ ഒരു വലിയ സമൂഹത്തിന്‌ അദ്ദേഹത്തിനു മേലുള്ള സംശയത്തിന്റെ പുകമറ നീക്കാനുപകരിക്കും.

വിദ്യാഭ്യാസത്തിന്റെ വിലയറിയുന്ന ഒരാൾ അനുവദിക്കുകയോ, വച്ചു പൊറുപ്പിക്കുകയോ ചെയ്യുന്ന കാര്യങ്ങളല്ല എൻ എസ് എസ് വിദ്യാലയങ്ങളിൽ നടക്കുന്നതെന്ന് എന്നാണ്‌ ഇനി നേതൃത്വം തിരിച്ചറിയുക? ഓരോ സ്കൂളിലെയും പഠന നിലവാരത്തെ കഴിഞ്ഞ 20 വർഷത്തെ താരതമ്യപഠനം ചെയ്തു നോക്കിയാൽ മനസ്സിലാകും അവിടയുണ്ടായിരിക്കുന്ന ഭീകരമായ ഇടിവും, അപകടകരമായ വീഴ്ചയും, ശിക്ഷാർഹമായ ഉദാസീനതയും, ലജ്ജാകരമായ ധർമ്മച്യുതിയും

No comments: