Tuesday, November 3, 2015

ഗാന്ധിജിയും കാമഭ്രാന്തന്മാരും!

ഗാന്ധിജി സമരം ചെയ്തില്ലേ? പിന്നെന്തുകൊണ്ട് ഞങ്ങൾക്കുമായിക്കൂടാ... പൊതുസ്ഥലത്ത് സമരമെന്ന പേരും പറഞ്ഞ് ആഭാസവൃത്തി ചെയ്ത് അതിൽ ആനന്ദം കണ്ടെത്തി കഴിയുന്ന കുറേ ജന്മങ്ങളുടെ ചോദ്യമാണ്‌.

ഗാന്ധിജിയും കാമഭ്രാന്തന്മാരും!
ഒരു ജനതയുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള തീവ്രാഭിലാഷവും, അതിനു വേണ്ടി ഒരു തപസ്യയെന്ന പോലെ അനുഷ്ഠിച്ച മഹാത്യാഗത്തോടൊപ്പം, പൊതുസ്ഥലത്തും അല്ലാതെയും സ്വാർത്ഥലാഭത്തിനു വേണ്ടിയും, കാമപൂരണത്തിനു വേണ്ടിയും, സ്വന്തം രതികാംക്ഷകളുടെ ക്ഷണികശാന്തിക്കായി തോന്നുന്നിടത്ത് വച്ച്‌ തോന്നുന്നതു ചെയ്യാനുള്ള (പട്ടികൾ യാത്ര ചെയ്യുന്നിടത്തെല്ലാം മൂത്രവിസർജ്ജനം ചെയ്യുന്നതു പോലെ > ഈ ഉപമ പട്ടികൾ വായിക്കില്ലാത്തതു കൊണ്ട് എനിക്കു കടി കിട്ടില്ല ഉറപ്പ്)സമരാഭാസം ചേർത്തു വച്ചിട്ട് ഞങ്ങളും ഗാന്ധിമാർഗ്ഗത്തിലാണെന്ന്... എങ്ങനെയുണ്ട് ചേരും പടി?

ഗാന്ധിജി നയിച്ച ഒരു സത്യാഗ്രഹത്തിന്റെയെങ്കിലും ചരിത്രമോ, പൊരുളോ, സത്യദീക്ഷയോ, ധർമ്മ നിഷ്ഠയോ, നീതി ബോധമോ, ആദർശ വിശുദ്ധിയോ, സമർപ്പണ ബോധമോ, പ്രതിപക്ഷ ബഹുമാനമോ എന്തെന്ന് കേട്ടുകേൾവിയെങ്കിലും ഉള്ളവർക്ക് ഇത്തരമൊരു താരതമ്യത്തിന്‌ നാവുയരില്ല. എന്റെ സത്യാന്വേഷണ പരീക്ഷണകഥയെന്ന അദ്ദേഹത്തിന്റെ ആത്മകഥ ആ ജീവിതത്തിന്റെയും കാഴ്ചപ്പാടിന്റെയും വളരെ ചെറിയൊരു പരിച്ഛേദം മാത്രമാണ്‌. ശ്രീമദ് ഭഗവദ് ഗീത ഭൗതിക ആദ്ധ്യാത്മിക വ്യവഹാരങ്ങളുടെ ന്യായാന്യായങ്ങളെ വേദാന്തദർശനത്തിലൂടെ വെളിവാക്കുന്നുവെങ്കിൽ, ജീവിതവ്യവഹാരങ്ങളിലെ ന്യായാന്യായ വിചിന്തനവും, ആത്മീയതയിലുറച്ച ഭൗതിക ജീവിതത്തിന്റെയും സാമൂഹിക സമത്വത്തിന്റെയും ഇതിഹാസം രചിച്ച മാനവഗീതയാണ്‌ അദ്ദേഹത്തിന്റെ ജീവിതം. ആ ഗീതയുടെ ഫലശ്രുതി മാത്രമാണ്‌ ‘എന്റെ സത്യാന്വേഷണ പരീക്ഷണ കഥ’. കേവലം ആ ഗ്രന്ഥത്തിലെ ചെറിയൊരദ്ധ്യായത്തിലൂടെ കടന്നു പോയാൽ പോലും മനുഷ്യ ജീവിതത്തിലെ കാമക്രോധാദി വികാരങ്ങൾക്ക് അദ്ദേഹം നല്കിയിരിക്കുന്ന തുച്ഛമായ വിലയെന്തെന്നും, അതിന്റെ ഉപോത്പന്നങ്ങളായ മഹാനാശങ്ങളെ അദ്ദേഹം എത്രകണ്ട് ഭയപ്പെട്ടിരുന്നുവെന്നും, അതിനെ അകറ്റി നിർത്താൻ എത്ര ബദ്ധശ്രദ്ധനായിരുന്നുവെന്നും മനസ്സിലാക്കാവുന്നതേയുള്ളൂ. സ്വന്തം ഭക്ഷണശീലങ്ങളെക്കൂടി ഉടച്ചുവാർക്കാൻ അദ്ദേഹം ഉദ്യമിച്ചതിലെ പ്രധാന പ്രചോദനം കാമവികാരങ്ങൾക്കു മേലുള്ള ആധിപത്യകാംക്ഷയായിരുന്നുവെന്നത് അറിയണമെങ്കിൽ ഗാന്ധിയെ അറിയണം, ആ ജീവിതമറിയണം, ഒരു മതഗ്രന്ഥം പഠിക്കുന്ന മാനസിക വിശുദ്ധിയോടെ ആ ജീവിതഗന്ധിയായ അനുഭവക്കുറിപ്പുകളിലൂടെ കടന്നു പോകണം, ഒരു പ്രവാചകനെ പിന്തുടരുന്ന ആത്മസമർപ്പണത്തോടെ മഹാത്മാവു നയിച്ച ജീവിതമെന്തെന്ന് കൃതജ്ഞത വറ്റാത്ത കണ്ണുകൾ കൊണ്ട് നോക്കിക്കാണണം.

ഗാന്ധിജി അവലംബിച്ച സമരദീക്ഷകൾ ഓരോന്നും ഓരോ മഹത്തായ ലക്ഷ്യങ്ങൾക്കു വേണ്ടിയുള്ള തപശ്ചര്യകളായിരുന്നുവെങ്കിൽ, സമരമെന്ന ഓമനപ്പേരിൽ പൊതുജനങ്ങളുടെ സ്വസ്ഥജീവിതത്തിൽ അസ്വസ്ഥദർശനമുണ്ടാക്കിക്കൊണ്ട് ഇവർ കാട്ടിക്കൂട്ടുന്ന ആഭാസ നാടകത്തിന്‌ എന്ത് ലക്ഷ്യമാണുള്ളത്? എന്തു സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള എന്തു സമരമാണിത്?

നിങ്ങൾക്കിഷ്ടമില്ലാത്തതു കൊണ്ട് നിങ്ങളെതിർക്കുന്നു, ഇതിനു മുൻപ് ഉമ്മ വച്ചതിന്‌ ആരെയെങ്കിലും ശിക്ഷിച്ചിട്ടുണ്ടോ? ഉമ്മ വയ്ക്കുന്നവരെ അകത്താക്കാൻ ഇന്ത്യൻ പീനൽ കോഡിൽ വകുപ്പുണ്ടോ? ഇപ്പറയുന്ന നിങ്ങൾ ജീവിതത്തിൽ ഇതേവരെ ചുംബിച്ചിട്ടേയില്ലേ? ഇത്തരം മുട്ടാപ്പോക്കുകൾ കൊണ്ട് പ്രതികരിക്കുന്നവരുടെ വായ മൂടിക്കെട്ടാൻ ശ്രമിക്കുന്നതല്ലാതെ എന്ത് ഉത്കൃഷ്ടമായ നേട്ടം സമൂഹത്തിനോ, അവനവനു പോലുമെങ്കിലുമോ ഉണ്ടാക്കുവാനാണ്‌ ഒരു സമൂഹത്തിന്റെ പ്രൗഢമായ സംസ്കാരത്തെയും, ജീവിത രീതിയെയും വളർന്നു വരുന്ന ഇനിയൊരു തലമുറയുടെ അഭ്യുന്നതിയിലേക്കുള്ള പ്രയാണത്തെയും, അവരുടെ സദ്ഭാവനയെയും, ചിന്താമണ്ഡലത്തെയും കൂടി മലീമസമാക്കുന്ന ഇത്തരം നടപടികളിലൂടെ ഇക്കൂട്ടർ ശ്രമിക്കുന്നതെന്നു മനസ്സിലാവുന്നില്ല.

ആത്യന്തികമായി, രണ്ടുപേരുടെ അശ്ലീലവൃത്തിക്ക് കുടപിടിച്ച ഒരു ഹോട്ടൽ -പൊതുസ്ഥലം- കുറേപ്പേർ തല്ലിപ്പൊളിച്ചതിനെതിരേയാണ്‌ ഈ മർക്കടമുഷ്ടിയെന്നോർക്കണം. നിയമവഴികളിൽ നിന്നു വ്യതിചലിച്ച് അക്രമത്തിന്റെ മാർഗ്ഗം സ്വീകരിച്ചത് തെറ്റു തന്നെയാണ്‌. അത് ന്യായീകരിക്കത്തക്ക കാര്യമേയല്ല. പക്ഷേ ഈയൊരു സംഭവത്തിനെതിരേ വ്യാപകമായ കിസ്സ് മൽസരം സംഘടിപ്പിക്കുന്നവന്മാരുടെ തലയ്ക്ക് ഓളമെന്നല്ല, അവരുടെയൊക്കെ തലമണ്ടയിൽ അടങ്ങാത്ത ഭോഗേച്ഛയുടേയും, അളവില്ലാത്ത വകതിരിവില്ലായ്മയുടേയും, തിന്നുന്നത് എല്ലിനിടയിൽ കയറുന്നതോ അതോ തിന്നതു പോരാഞ്ഞതോ ഇനി അതുമല്ല ഒരു തൊഴിലുമില്ലാത്തവന്റെ വിഭ്രാന്തിയോ, ജീവിത നൈരാശ്യമോ അഗ്നിപർവ്വതസ്ഫോടനം സംഭവിച്ച് ഉരുകിത്തിളച്ചൊഴുകുന്ന ലാവാപ്രവാഹമാണെന്ന് ഞാൻ പറയും.

No comments: