Wednesday, November 4, 2015

KSRTC V/S TNSTC

KSRTC ലാഭകരമല്ലെന്ന് മാറിമാറി വരുന്ന സര്‍ക്കാരുകള്‍ മുറവിളി കൂട്ടുമ്പോള്‍, മിനിമം ബസ് ചാര്‍ജ്ജ് ഓര്‍ഡിനറി ബസുകളില്‍ 7 രൂപയായി നില്‍ക്കുമ്പോള്‍ തൊട്ടയല്‍ സംസ്ഥാനമായ തമിഴ് നാട്ടിലേക്ക് അധികൃതര്‍ ഒന്നു നോക്കുന്നത് നന്നായിരിക്കും. തമിഴ്‌നാട്ടിലെ ഓര്‍ഡിനറി (വൈറ്റ് ബോര്‍ഡുള്ള വണ്ടികള്‍) ബസുകളില്‍ ഇപ്പൊഴും മിനിമം ചാര്‍ജ്ജ് 3 രൂപ മാത്രമാണ്. നമ്മുടെ എക്സ്പ്രസ്സ് വണ്ടികളില്‍ മിനിമം ചാര്‍ജ്ജ് 15 രൂപ ആയിരിക്കുമ്പോള്‍ അവിടത്തെ പച്ച ബോര്‍ഡുള്ള എക്സ്പ്രസ് ബസുകളില്‍ 6 രൂപയോ മറ്റോ ആണ് മിനിമം ചാര്‍ജ്ജ്.

ഇനി ചില വ്യത്യാസങ്ങള്‍

KSRTC മനുഷ്യന്‍ കൈ കാണിച്ചാലും നിര്‍ത്താതെ പോകും. അഥവാ ആരെങ്കിലും കൈ കാണിക്കുന്നതു കണ്ടാല്‍ സ്പീഡ് കൂട്ടും. ആളിറങ്ങേണ്ട സ്റ്റോപ്പില്‍ കയറാന്‍ ആളുണ്ടെങ്കില്‍ അവര്‍ക്ക് ഓടിയെത്താന്‍ കഴിയാത്ത അകലത്തില്‍ കൊണ്ടു നിര്‍ത്തി ആളിറക്കി വിട്ടു പോകും.

ആളെ വിളിച്ചു കയറ്റുക പോയിട്ട് കയറാന്‍ ചെല്ലുന്നവനെക്കൂടി കയറ്റാതിരിക്കാന്‍ നോക്കും

വണ്ടി കണ്ടമാനം റെയിസ് ചെയ്ത് ഓടിക്കുക വഴി ഇന്ധന നഷ്ടം, തേയ്മാനം, അറ്റകുറ്റപ്പണി

ഏതു വലിയ ട്രാഫിക് ജാമിലും വണ്ടി ഓഫ് ചെയ്യില്ല. എത്ര സമയം വേണമെങ്കിലും വണ്ടി ഓണ്‍ ആയി തന്നെ നിര്‍ത്തും.

സര്‍വ്വീസുകള്‍ എത്ര നഷ്ടത്തിലായാലും ഒരു പട്ടിയും ചോദിക്കില്ല. (അങ്ങനെയാരും ചോദിക്കാനുള്ള ലക്ഷണം കാണുന്നില്ല)

വണ്ടികള്‍

ഏതു ഭൂപ്രകൃതിക്കും ഇണങ്ങുന്ന വണ്ടികള്‍. ഏതു കയറ്റവും KSRTC കയറും പോലെ മറ്റൊരു നാട്ടിലെയും ബസ് സര്‍വ്വീസുകള്‍ കയറുമെന്ന് തോന്നുന്നില്ല. (ഇന്ത്യാ മഹാരാജ്യത്തെ 4-5 സംസ്ഥാനങ്ങളിലെ പൊതു വണ്ടികളിലേ ഈയുള്ളവന്‍ കയറിയിട്ടുള്ളൂ)

ധാരാളം വായുസഞ്ചാരമുള്ള ജാലകങ്ങള്‍

കൈകാലുകള്‍ നിവര്‍ത്തി വച്ച് സുഖമായി യാത്ര ചെയ്യാന്‍ കഴിയുന്ന സീറ്റുകള്‍

മിക്ക വണ്ടികളും വൃത്തിയുള്ളവയുമാണ്

അഭ്യസ്തവിദ്യരായ കണ്ടക്ടര്‍മാര്‍ - ഇംഗ്ലീഷും ഒരു പരിധി വരെയെങ്കിലും ഹിന്ദിയും, ഇതര ഭാഷകളും കൈകാര്യം ചെയ്യാനുള്ള കഴിവും മിക്കവര്‍ക്കുമുണ്ട്

TNSTC ആളില്ലെങ്കില്‍ സൂപ്പര്‍ ഡീലക്സ് പോലും കണ്ടിടത്തെല്ലാം നിര്‍ത്തി ആളെ വിളിച്ചു കയറ്റും.

വണ്ടി കാലിക്ക് ഓടിച്ച് സ്റ്റാന്‍ഡില്‍ കൊണ്ടുവന്നാല്‍ ചോദിക്കാനും പറയാനും മുകളില്‍ ആളുണ്ട് (ഒരു സംഭവത്തിനു ഞാന്‍ സാക്ഷിയാണ്)

വണ്ടിയില്‍ ആളെ വിളിച്ചു കയറ്റുന്നതില്‍ ഡ്രൈവര്‍ക്കോ, കണ്ടക്ടര്‍ക്കോ യാതൊരു മാനക്കേടും തോന്നാറില്ല.

ജനങ്ങള്‍ - വണ്ടിയില്‍ കയറിയാല്‍ ഏതു വിധേനയും ടിക്കറ്റ് എടുക്കുക എന്നതാണ് അവരുടെ ആദ്യ പണി

ഏതു പാട്ട വണ്ടിയും ഒരു നിവൃത്തിയുണ്ടെങ്കില്‍ അവര്‍ സര്‍വ്വീസിനിറക്കും

ദീര്‍ഘദൂര സര്‍വ്വീസുകളില്‍ ഡ്രൈവറും കണ്ടക്ടറും മാറിമാറി വണ്ടി ഓടിക്കുകയും ടിക്കറ്റ് കൊടുക്കുകയും ചെയ്യുന്നു.

ഏറിയ ശതമാനം കണ്ടക്ടര്‍മാര്‍ക്കും തമിഴല്ലാതെ ആംഗ്യഭാഷ പോകും വശമില്ല

വണ്ടി റെയിസ് ചെയ്ത് ഓടിക്കുകയേ ഇല്ല. ട്രാഫിക് ജാം ഒരല്പം സമയമെടുക്കുമെന്നു കണ്ടാല്‍ മിക്ക ഡ്രൈവര്‍മാരും അപ്പോള്‍ വണ്ടി ഓഫ് ചെയ്യുന്നു.

വണ്ടികള്‍

സര്‍വ്വത്ര പാട്ടകള്‍

SETC (സ്റ്റേറ്റ് എക്സ്പ്രസ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍) എന്ന മുതലുകള്‍ ആണെങ്കില്‍ പരമാവധി നാല്‍പ്പതു കിലോമീറ്റര്‍ വേഗതയില്‍ കൂടുതല്‍ ഓടുമെന്നു തന്നെ തോന്നുന്നില്ല. (അള്‍ട്രാ ഡീലക്സ് എന്നൊക്കെയാണ് എഴുതി വച്ചേക്കുന്നത്!) അതു വച്ച് അവര്‍ ചെന്നൈയില്‍ നിന്നും, ഊട്ടിയില്‍ നിന്നുമൊക്കെ കേരളത്തിലേക്കും ബാംഗ്ലൂരിലേക്കും, പുതുച്ചേരിയിലേക്കുമൊക്കെ പ്രതിദിന സര്‍വ്വീസുകള്‍ നടത്തുന്നു.

എല്ലാ സര്‍വ്വീസുകളും ലാഭത്തില്‍!

പല ബസുകളിലും കാലു പോലും നേരേ ചൊവ്വേ നിവര്‍ത്തി വയ്ക്കാന്‍ പോലും കഴിയില്ല.

ആന പിടിച്ചാല്‍ അനങ്ങാത്ത ഫൈബര്‍ ഗ്ലാസ്സുകളാണ് ചില ബസുകളുടെ ജനാല. ചിലവയുടേതാവട്ടെ രണ്ടു പ്ലാസ്റ്റിക്ക് കഷണങ്ങളില്‍ താങ്ങി നിര്‍ത്താവുന്ന ഉയര്‍ത്തി വയ്ക്കാവുന്ന ഗ്ലാസ്സുകളും. പ്ലാസ്റ്റിക്ക് ഒടിഞ്ഞോ അതില്‍ നിന്നു വഴുതിയോ അതു താഴെ വീണാല്‍ അവിടെ കൈ വച്ചിരിക്കുന്നവനു പരമ സുഖം (അനുഭവസ്ഥന്‍)

ഇനി ചിന്തിക്കൂ

KSRTC ഗംഭീര നഷ്ടത്തില്‍
തമിഴ്‌നാട്‌ ബസ് സര്‍വ്വീസുകള്‍ ലാഭത്തില്‍

എന്തുകൊണ്ട്?

No comments: