Tuesday, November 3, 2015

ചോദ്യോത്തരങ്ങൾ

ദിഗംബരൻ എന്ന പേരിൽ ഒരു വിദ്വാൻ സംഘപരിവാർ പ്രസ്ഥാനങ്ങളുടെ, വിശേഷിച്ച് ആർ എസ് എസ്സിന്റെ രാഷ്ട്രബോധത്തെ ചോദ്യം ചെയ്തുകൊണ്ടും കമ്യൂണിസ്റ്റു പ്രസ്ഥാനങ്ങളുടെ സമരചരിത്രങ്ങളെ സ്ഥാപിക്കാൻ ശ്രമിച്ചു കൊണ്ടുമിട്ട ഒരു പോസ്റ്റിലെ പരാമർശങ്ങളും അവയ്ക്കുള്ള മറുപടികളുമാണ് താഴെ. സ്വന്തം പേരിൽ ഒരു ലേഖനമെഴുതാൻ പോലും ആത്മവിശ്വാസമോ, ചങ്കുറപ്പോ, ത്രാണിയോ ഇല്ലാത്തവരുടെ വാചാടോപങ്ങൾ മറുപടി അർഹിക്കുന്നില്ലെങ്കിലും, ചിലതെല്ലാം ഓർമ്മിപ്പിക്കുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു...

1. “നായയുടെ വാല് കുഴലില്‍ ഇട്ട് നേരെയാക്കാന്‍” ശ്രമിയ്ക്കുന്നത് പോലൊരു വ്യഥാവ്യായാമം ആണ്, ആ.ഭാ.സക്കാരെ ചരിത്രം പഠിപ്പിയ്ക്കാന്‍ പോകുന്നത് എന്ന് അറിയാം. >>>>>

ഇതേ വാക്കുകൾ തന്നെയാണ് കമ്യൂണിസ്റ്റ് പുരോഗമന വാദികളെ നല്ല സംസ്കാരം പഠിപ്പിക്കാൻ തുനിയുന്നവരോടും എനിക്ക് പറയാനുള്ളത്. നായയുടെ വാല് പന്തീരാണ്ടു കുഴലിലിട്ടാലും....

2. പക്ഷെ ചരിത്രം അറിയാത്ത ഒരു പുതുതലമുറയെ “ആശയകുഴപ്പത്തില്‍” ആക്കാന്‍ ഉള്ള ഒരു ശ്രമമല്ലേ എന്ന് തോന്നിയതിനാല്‍,>>>>>>>>

അതേ... അക്ഷരാഭ്യാസം പോലുമില്ലാതിരുന്ന ഒരു തലമുറയെ പാർട്ടി ക്ലാസ്സുകളിൽ വിളിച്ചിരുത്തി അന്നത്തെ നേതാക്കൾ പറഞ്ഞു, ഇതൊക്കെ കമ്യൂണിസ്റ്റ് ചെയ്തതാണ്. ക്ഷേത്രപ്രവേശന സത്യാഗ്രഹം കമ്യൂണിസ്റ്റാണ്. മാറ് മറയ്ക്കൽ കമ്യൂണിസ്റ്റിന്റെയാണെന്നെല്ലാം... പാവത്തുങ്ങൾ വിശ്വസിച്ചു. ഇന്ന് അതേ മനുഷ്യരുടെ പിൻഗാമികൾ തങ്ങൾ സമർത്ഥമായി കബളിപ്പിക്കപ്പെട്ടത് തിരിച്ചറിഞ്ഞ് പിൻവാങ്ങിയപ്പോൾ ഒരു കാലത്ത് അവരെ ആകർഷിക്കാൻ 'നമ്മുടേത്' എന്ന് പറഞ്ഞ് ഉയർത്തിപ്പിടിക്കുകയും കവലപ്രസംഗങ്ങളിൽ പാടിപ്പുകഴ്ത്തുകയും ചെയ്ത ഗുരുദേവനടക്കമുള്ള യഥാർഥ സാമൂഹ്യപരിഷ്കർത്താക്കളെ പരസ്യമായി കുരിശിലേറ്റി തങ്ങളുടെ യഥാർഥ മുഖമെന്തെന്നും കാണിച്ചു കൊടുക്കുന്നു കമ്യൂണിസ്റ്റുകൾ. അപ്പോൾ ആർക്കാണ് ആശയക്കുഴപ്പം? ആരെയാണ് ആശയക്കുഴപ്പത്തിലാക്കാൻ ശ്രമിക്കുന്നത്?

3. ഇന്ത്യയില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി ഉണ്ടായത് 1936ല്‍ അല്ല.
കൃത്യമായി പറഞ്ഞാല്‍ 1925 ഡിസംബർ 26ല്‍....ആ ദിവസം കാൻപൂരിൽ വച്ചാണ്‌ ബ്രിട്ടീഷ് ഇന്ത്യയിലെ വിവിധ കമ്മ്യൂണിസ്റ്റ്സംഘങ്ങളുടെ ആദ്യത്തെ സമ്മേളനം നടക്കുന്നത്. എന്നാല്‍ ഈ സമ്മേളനം നടക്കുന്നതിന് വളരെ മുന്‍പ് തന്നെ, ഇന്ത്യയിലെ പല ഭാഗത്തും ആയി കമ്മ്യുണിസ്റ്റ് ഗ്രൂപ്പുകള്‍ പ്രവര്‍ത്തിച്ചിരുന്നു. >>>>>>

അതേയതേ അന്ന് പക്ഷേ ഈ ഗ്രൂപ്പിന്റെ പേര് ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ് എന്നായിരുന്നു എന്നേയുള്ളൂ. ക്ഷേത്രസത്യാഗ്രഹങ്ങളിലൊക്കെ പങ്കെടുത്ത എ കെ ജി അടക്കമുള്ളവർ കോണ്‍ഗ്രസ്സുകാരായി സമരം ചെയ്തത് ഭാവിയിൽ വരാനിരിക്കുന്ന മാക്രിസ്റ്റുപാർട്ടിക്ക് നിരോധനം വരുമെന്നുള്ളതു കൊണ്ടായിരിക്കണം.

4. കമ്മ്യുണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ രാജ്യദ്രോഹ ക്രിമിനല്‍ കുറ്റമായി കണക്കാക്കി ബ്രിട്ടീഷുകാര്‍ നിരോധിച്ച അക്കാലത്ത്, രഹസ്യമായി ആയിരുന്നു ഈ ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം.>>>>>>

ഇന്നെന്താണു വ്യത്യാസം? വെട്ടിക്കൊലയും, കുത്തിക്കൊലയുമൊക്കെ പിന്നെ രാജ്യസേവനമാണോ? സമരം ചെയ്ത് വ്യവസായസംരംഭങ്ങൾ പൂട്ടിക്കുന്നത് ധർമ്മം പുനഃസ്ഥാപിക്കാനാണോ? പെരുവഴിയിലിറങ്ങി ചുംബനാഭാസം നടത്തുന്നത് സാംസ്കാരിക മുന്നേറ്റമാണോ? ബീഫ് ഫെസ്റ്റുകൾ പട്ടിണിനിർമ്മാർജ്ജനവും മതേതരത്വപ്രഘോഷണവുമാണോ? മതഃപ്രീണനം രാഷ്ട്രപുനർനിർമ്മിതിക്ക് വേണ്ടിയാണോ? സ്വന്തം രാജ്യത്തെ രാജ്യാന്തര അവാർഡു ജേതാവു പോലും ഫത്വ നേരിട്ടപ്പോൾ വായിൽ അമ്പഴങ്ങ വച്ചോണ്ടിരുന്നവർ ശത്രുരാജ്യത്തെ കലാകാരന് സ്വാഗതം പറഞ്ഞത് നാട്ടിൽ ഐക്യമത്യം വളർത്താനാണോ?

5. “ബ്രിട്ടീഷ് സാമ്രാജ്യത്തെ തകര്‍ത്ത് ഇന്ത്യയെ സ്വതന്ത്രരാജ്യം ആക്കാന്‍ സായുധ വിപ്ലവം നടത്താന്‍ ഗൂഡാലോചന നടത്തി എന്നായിരുന്നു” അവര്‍ക്കെതിരെ ചുമത്തിയ കുറ്റം. >>>>

കമ്യൂണിസ്റ്റുകൾ...... ഇന്ത്യയെ സ്വതന്ത്രയാക്കാൻ വിപ്ലവം നയിച്ചു എന്ന് അല്ലേ??? ഉവ്വ...  വിശ്വസിച്ചു...ശരി... എന്നിട്ട്???

6. അന്ന് നിലവില്‍ ഉണ്ടായിരുന്ന നിയമം അനുസരിച്ച് കോടതി നടപടികള്‍ സെന്‍സര്‍ ചെയ്യാതെ റിപ്പോര്‍ട്ട് ചെയ്യാന്‍ പത്രങ്ങള്‍ക്ക് അവകാശം ഉണ്ടായിരുന്നു. അതിനാല്‍ ഈ കേസിന്റെ വിചാരണയും റിപ്പോര്‍ട്ടുകളും വഴി കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തെ കുറിച്ച് രാജ്യമാകെ ചര്‍ച്ച നടക്കാനും, അത് വഴി കമ്മ്യുണിസ്റ്റ് ആശയങ്ങള്‍ക്ക് നല്ല പ്രചാരണം കിട്ടാനും ഇടയായി. >>>>>>>>

ഇന്നും സെൻസർ ചെയ്യാതെ പത്രവാർത്തകൾ ജനങ്ങൾ അറിയുന്നത് കൊണ്ടാണല്ലോ കമ്യൂണിസ്റ്റെന്നു കേൾക്കുമ്പോൾ ജനം ഞെട്ടുന്നത്. ഇന്നും നല്ല പ്രചാരണം കിട്ടുന്നുണ്ട്. കമ്യൂണിസ്റ്റ് കയ്യിലിരുപ്പിനെക്കുറിച്ച്.......

7. ഇന്ത്യന്‍ നാഷണല്‍ കൊണ്ഗ്രെസ്സില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച്, അതിനുള്ളില്‍ ഇടതുപക്ഷ-സോഷ്യലിസ്റ്റ് ഗ്രൂപ്പുകള്‍ ഉണ്ടാക്കി പ്രവര്‍ത്തനം വ്യാപകം ആക്കുക. ഇന്ത്യന്‍ നാഷണല്‍ കൊണ്ഗ്രെസ്സിനുള്ളില്‍ ഒരു സോഷ്യലിസ്റ്റ് ഗ്രൂപ്പ് ഉണ്ടാക്കാനും, അത് വഴി വിജയകരമായി സ്വന്തം സംഘടനാ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ട് പോകാനും കമ്മ്യുണിസ്റ്റ് പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു.>>>>>>>>>>>

ഇത് തന്നെയാണ് ആദ്യമേ പറഞ്ഞത്. ഇതൊരുമാതിരി ബിൻ ലാദനെ പിടിച്ച പട്ടാളക്കാരനിലൊരുവനെ പിടിച്ചു നാട്ടിൽ കൊണ്ടുവന്നിട്ട്, ലാദനെ പിടിക്കാൻ ഞങ്ങൾ യു എസ് മിലിട്ടറിയിൽ കയറിക്കൂടിയതാണെന്ന് പറയുന്നത് പോലിരിക്കുന്നു. ഇങ്ങനെയും ചരിത്രമെഴുതാൻ കമ്യൂണിസ്റ്റ് ചരിത്രകാരന്മാർക്കല്ലാതെ മറ്റാർക്കും കഴിയില്ല. സമ്മതിച്ചു.

8. കേരളത്തിലും ഇത്തരത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോൺഗ്രസ്സ്‌ സംഘടനയുടെ ഉള്ളില്‍ കോൺഗ്രസ്സ് സോഷ്യലിസ്റ്റ്‌ വിഭാഗം എന്ന ലേബലില്‍ ആയിരുന്നു കമ്മ്യുണിസ്റ്റുകാരുടെ പ്രവര്‍ത്തനം. അക്കാലത്ത് നടന്ന ഗുരുവായൂര് സത്യാഗ്രഹം അടക്കമുള്ള എല്ലാ സാമൂഹിക പ്രക്ഷോഭങ്ങളിലും കമ്മ്യുണിസ്റ്റ് പ്രവര്‍ത്തകര്‍ ഈ വിധം സജീവമായി പങ്കെടുത്തു.>>>>>>>>

'നാണം' എന്ന് പറയുന്നത് ഒരു ബിരുദമല്ല. അതൊരു വികാരമാണ്. അത് തനിയെ ഉണ്ടാകേണ്ടതും, അവനവന്റെ സാംസ്കാരിക സാഹചര്യങ്ങൾക്കനുസരിച്ച് വികാസം പ്രാപിക്കേണ്ടതുമാകുന്നു.

9. “ഭൂപരിഷ്കരണം”, “വിദ്യാഭ്യാസ സംരക്ഷണം”, “തൊഴിലാളികളുടെ അവകാശ സംരക്ഷണം”, “സമ്പൂര്‍ണ്ണ സാക്ഷരത” എന്നിവയൊക്കെ കേരളത്തില്‍ സാധ്യമായതില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ പങ്ക് നിഷേധിയ്ക്കാന്‍, തലയ്ക്കു വെളിവുള്ള ആരെകൊണ്ടും കഴിയില്ല. >>>>>>>

ഭൂപരിഷ്കരണം... ഇന്ദിരാഗാന്ധി കണ്ട സ്വപ്നം. (ഞാൻ കണ്ട സ്വപ്നം നീയെങ്ങനറിഞ്ഞു എന്ന് ചോദിക്കുമ്പോൾ നിന്റെ സ്വപ്നത്തിൽ ഞാനുമുണ്ടായിരുന്നില്ലേ, അങ്ങനറിഞ്ഞു എന്ന് പറയുന്ന ന്യായം)

വിദ്യാഭ്യാസ സംരക്ഷണം... എന്ന്?എവിടെ?എപ്പോൾ? ആര് സംരക്ഷിച്ചു? എന്നിട്ടെവിടെ?

തൊഴിലാളികളുടെ അവകാശസംരക്ഷണം... നോക്കു കൂലിയുടെ കാര്യമായിരിക്കും.

സമ്പൂർണ്ണ സാക്ഷരത... അതേ അക്ഷരം പഠിച്ചു വിവരം വച്ചപ്പോഴാണ് നാട്ടിലെ കമ്യൂണിസം എന്താണെന്നും കമ്യൂണിസ്റ്റുകൾ ആരാണെന്നും പൊതുജനത്തിന് മനസ്സിലായത്...

10. അയിത്തച്ചോടനം നടത്തിയത് കൊണ്ട് കേരളത്തിൽ ജാതിചിന്തയും അയിത്തവും ഒക്കെ 1917 സ്വിച്ചിട്ട പോലെ നിന്നു എന്നു വിശ്വസിക്കണമെങ്കിൽ‌ >>>>>>>>>>

ജാതി ചിന്ത എപ്പോഴും മനസ്സിൽ  കൊണ്ടു നടക്കുകയും, വാക്കിലും, ചിന്തയിലും പ്രവർത്തിയിലുമെന്നു വേണ്ട സകലമാന ഇടപാടുകളിലും ജാതി-മത വിഷങ്ങൾ കുത്തി വച്ച് ജനങ്ങളെ ഭിന്നിപ്പിക്കുകയും ചെയ്യുന്നതിൽ കമ്യൂണിസ്റ്റ് നേതാക്കളുടെയത്ര ബദ്ധശ്രദ്ധരായവർ മറ്റാരാണുള്ളത്? കുറെ വർഷങ്ങൾ വിദ്യാഭ്യാസ വകുപ്പടക്കമുള്ള വകുപ്പുകൾ ഭരിച്ചു കൊണ്ട് കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലിരുന്നിട്ടും, ഇപ്പറയുന്ന ജാതി വിരോധികൾ എന്തേ ഒന്നാം ക്ലാസ്സിലെ അപേക്ഷാഫോമിൽ നിന്ന് പോലും ജാതിക്കോളം നീക്കം ചെയ്യാഞ്ഞത്?

11. ജാതിഭ്രാന്തിന്റെ പീഡനങ്ങള്‍ പിന്നെയും വളരെകാലം തുടര്‍ന്നു. ഒരു ദിവസം ഒരുമിച്ചിരുത്തി പന്തിഭോജനം നടത്തിയ ശേഷം ............>>>>>>>>>>>>>

ഒരു ദിവസം പോലും സഖാവേ എന്ന് വിളിക്കുന്നവരോടൊപ്പമിരുന്ന് പന്തിഭോജനം കഴിച്ച ചരിത്രം കമ്യൂണിസ്റ്റ് വല്ല്യമ്പ്രാന്മാർക്കില്ലല്ലോ...

12. ജാതി മത വ്യത്യാസം നോക്കാതെ അടിച്ചമര്‍ത്തപ്പെട്ടവന്റെ കുടിലുകളില്‍ ചെന്ന് കയറി ആ അശരണരുടെ സ്നേഹത്തിന്റെ നേരകഞ്ഞിയില്‍ ഒരു പങ്ക് പറ്റി, കമ്മ്യുണിസ്റ്റ് സഖാക്കള്‍ ആ ജാതിഭ്രാന്തിന്റെ വേലിക്കെട്ടുകള്‍ തകര്‍ക്കുകയായിരുന്നു.>>>>>>>>>

ഉവ്വുവ്വ.... അശരണരുടെ കഞ്ഞിക്കലത്തിൽ ജാതി-മത-വർഗ്ഗീയ വിഷം കലക്കി എന്ന് പറയുന്നതാവും കൂടുതൽ യോജിക്കുക.

13. കേരളത്തിന്റെ മണ്ണില്‍ ശ്രീ നാരായണഗുരുവും, അയ്യന്‍കാളിയും, ചട്ടമ്പി സ്വാമികളും, വി.ടി.ഭട്ടതിരിപ്പാടും, സഹോദരന്‍ അയ്യപ്പനും ഒക്കെ വിതച്ച ജാതി, മതഭേദങ്ങള്‍ക്ക് എതിരെയുള്ള പോരാട്ടം മുന്നോട്ടു കൊണ്ട് പോയതും, അതിനെ ഇന്നത്തെ ആധുനിക സാമൂഹിക ക്രമത്തില്‍ എത്തിച്ചതിലും ഒക്കെ കമ്മ്യുണിസ്റ്റ് പ്രസ്ഥാനം വഹിച്ച നിര്‍ണ്ണായക പങ്കിനെ തള്ളികളയാന്‍, സ്വന്തം തൊഴിലിനോട് സത്യസന്ധത പുലര്‍ത്തുന്ന ഒരു ചരിത്രകാരനും കഴിയില്ല.>>>>>>>>>>>>>>>>

ഉവ്വ ഇവരെല്ലാം കമ്യൂണിസ്റ്റ്കാരായിരുന്നു. അമ്പലങ്ങളല്ല വിദ്യാലയങ്ങളാണ് നമുക്കാവശ്യമെന്നു പറഞ്ഞ ഗുരുദേവനു തന്നെ അമ്പലം പണിഞ്ഞ് അതിനു മുന്നിൽ കവല പ്രസംഗം നടത്തിയതാണോ കമ്യൂണിസ്റ്റ് പിന്തുടർന്ന ഗുരുദേവാദർശം? കള്ള്, ചെത്തരുത്, വിൽക്കരുത്, കുടിക്കരുതെന്ന് ഗുരുദേവൻ പറഞ്ഞപ്പോൾ, കള്ളു ചെത്തുകാർക്ക് വേണ്ടി യൂണിയനുണ്ടാക്കിയതാണോ കമ്യൂണിസ്റ്റുകൾ ചെയ്ത  ഗുരുദേവാദർശപ്രചാരണം? ജാതി ചോദിക്കരുത് പറയരുതെന്ന് ആഹ്വാനം ചെയ്ത മഹാരഥന്മാരുടെ പോലും ജാതി പറഞ്ഞ് വോട്ട് പിടിച്ചതാണോ കമ്യൂണിസ്റ്റുകൾ സാമൂഹിക ക്രമത്തിൽ കൊണ്ടുവന്ന ജാതിരാഹിത്യം?

14. 1957 ല്‍ അധികാരത്തില്‍ വന്ന ആദ്യകമ്മ്യുണിസ്റ്റ് സര്‍ക്കാര്‍, ജന്മിത്വം അവസാനിപ്പിച്ച് “കൃഷിഭൂമി കര്‍ഷകന്” എന്ന ലക്ഷ്യത്തോടെ കൊണ്ട് വരാന്‍ ശ്രമിച്ച ഭൂപരിഷ്കരണ നിയമത്തിനെതിരെ സംസ്ഥാനമൊട്ടുക്കും പ്രതിഷേധിച്ച പിന്തിരിപ്പന്മാരുടെ കൂട്ടത്തില്‍ ബി.ജെ.പിക്കാരുടെ ആദ്യരാഷ്ട്രീയ രൂപമായ “ജനസംഘവും” ഉണ്ടായിരുന്നു.>>>>>>>>>>>>>>>

ഇത് പറയുമ്പോൾ കുറച്ച് വിശദമായി തന്നെ പറയേണ്ടി വരും. അങ്ങനെയങ്ങ് ഒറ്റ വാക്കിൽ പറഞ്ഞു പോയാലെങ്ങനെയാ?

അന്നിന്റെ സാമൂഹിക വ്യവസ്ഥിതിയിൽ, കൂലി, നെല്ല് ആയും, മറ്റ് ജീവിത സാമഗ്രികളുമായും, ജീവിത സാഹചര്യങ്ങളായും (വീട്, സ്ഥലം, കൃഷിയിടം തുടങ്ങിയവ) മറ്റുമാണ് നൽകിയിരുന്നത്. അത് അർഹതപ്പെട്ട അളവിലോ ന്യായത്തിലോ ഒന്നുമായിരുന്നില്ല പലരും ചെയ്തിരുന്നതെന്നത് വാസ്തവം തന്നെ. എങ്കിലും, തൊഴിലാളിയുടെ കുടുംബത്തിലെ കല്യാണം മുതലുള്ള വിശേഷങ്ങളുൾപ്പെടെയുള്ള മുഴുവൻ കാര്യങ്ങൾക്കും ഉത്തരവാദിത്വം അവൻ ജോലി ചെയ്തു കൊടുക്കുന്നവനുണ്ടായിരുന്നു. (പലരും അത് ധർമ്മനീതിയോടെ ചെയ്തിട്ടില്ല എന്ന് തന്നെ ആവർത്തിക്കുന്നു) എന്നാൽ കാലക്രമത്തിൽ ശമ്പളം പണമായി നൽകുന്ന വ്യവസ്ഥിതി വന്നു. (കമ്യൂണിസ്റ്റുകൾ കയറിട്ടു കെട്ടി വലിച്ചു കൊണ്ടു വന്ന അവസ്ഥയൊന്നുമല്ല. കാലാനുഗതമായ മാറ്റം) തുടർന്ന് ഭാരതം സ്വതന്ത്രയായി. അടിസ്ഥാന ശമ്പളത്തിന് നിയതമായ നിയമവും വ്യവസ്ഥയുമുണ്ടായി. ഇതിൽ പലതും നിയമമാക്കിയത് കേന്ദ്രം ഭരിച്ചിരുന്ന കോണ്ഗ്രസ് സർക്കാർ ആണ്. ജവഹർലാൽ നെഹ്‌റു മുതൽ രാജീവ്‌ഗാന്ധി വരെയുള്ളവരുടെ കാലത്ത്. അതവിടെ നിൽക്കട്ടെ...

ഒരു കർഷകൻ കൃഷിയിറക്കണമെങ്കിൽ, ആദ്യം കള വെട്ടിത്തെളിച്ച്, ഉഴുത് നിലമൊരുക്കണം. അതിനു ശേഷം വിത്ത് വില കൊടുത്തു വാങ്ങിയോ, കരുതലിൽ നിന്നോ തയ്യാറാക്കി വിതയ്ക്കണം, വളമിടണം, ഇടയ്ക്കു കള പറിക്കണം, കൊയ്യണം, മെതിക്കണം, പതിര് പിടിക്കണം, ഈ പ്രവർത്തികൾക്കെല്ലാം കൂലി (നിയമം വന്നതിനു ശേഷമുള്ള കാര്യമാണ്) കൃത്യമായി കൊടുക്കണം. അങ്ങനെ ഇത്രയും നിക്ഷേപം നടത്തി കൃഷി ചെയ്ത് കൊയ്ത്തും മെതിയും കഴിഞ്ഞ സമയങ്ങളിൽ 'നമ്മളു കൊയ്യും വയലെല്ലാം നമ്മുടേതാണെന്ന' കാപ്ഷനോടെ നിഷ്കളങ്കരായ തൊഴിലാളികളെ വിഷം കുത്തി വച്ച് ഇളക്കി വിട്ട്, ഒരു മനുഷ്യന്റെയോ അഥവാ ഒരു കുടുംബത്തിന്റെയോ ഒരു വർഷത്തെ അദ്ധ്വാനത്തെയും, പണച്ചിലവിനെയും, അവന്റെ വരും വർഷത്തേയ്ക്കുള്ള കരുതലിനെയും കൊള്ളയടിച്ച ചരിത്രമാണ് കുട്ടനാടൻ കമ്യൂണിസ്റ്റുകൾക്കുള്ളത്. ഈ പരസ്യഗുണ്ടായിസത്തിനെതിരെ പിടിച്ചു നിൽക്കാൻ കഴിയാതെ പാടവരമ്പിൽ ഹൃദയം പൊട്ടി വീണ അസംഖ്യം കർഷകരുണ്ട്. ഈ പച്ചയായ മനുഷ്യാവകാശധ്വംസനത്തിനും, സാമൂഹിക വിരുദ്ധതയ്ക്കും, ധർമ്മത്തിന്റെയോ, നീതിയുടെയോ ലവലേശമില്ലാത്തതുമായ ദേശദ്രോഹവൃത്തിക്കുമെതിരേയാണ് ജനസംഘം പോലെയുള്ള സംഘടനകൾ നില കൊണ്ടത്. അല്ലാതെ കമ്യൂണിസ്റ്റുകളുടെ അടിസ്ഥാന അവകാശസ്ഥാപനമെന്ന മഹാ ഉദ്യമത്തിനെതിരേയല്ല. എന്നാൽ ഈ സാമൂഹിക അവസ്ഥകളും, പ്രസ്തുത സംഘടനകളും കർഷകരും തൊഴിലാളി വർഗ്ഗത്തിനെതിരാണെന്ന തരത്തിൽ ദുർവ്യാഖ്യാനം ചെയ്ത് അറിവോ ലോകപരിചയമോ ഇല്ലാതിരുന്ന പാവം കർഷകത്തൊഴിലാളികളെ സമർത്ഥമായി വഞ്ചിച്ച് തങ്ങളോടൊപ്പം നിർത്തി ഒരു സമൂഹത്തിന്റെ കാർഷിക പുരോഗതിക്ക് തുരങ്കം വച്ചവരാണ് കമ്യൂണിസ്റ്റുകൾ.

15. ബ്രിട്ടീഷുകാരുടെ അനുഗ്രഹാശസ്സുകളോടെ ആയിരുന്നു രാഷ്ട്രീയ സ്വയം സേവക സംഘം എന്ന ആര്‍.എസ്.എസ്സിന്റെ ജനനം>>>>>>>>>>.

ഇത് പറയുന്ന നിങ്ങൾ തന്നെ പറയുന്നു ബ്രിട്ടീഷുകാർ ഗുരുജിയെ പിടിച്ചു ജയിലിലിട്ടെന്നും, മാപ്പെഴുതിക്കൊടുത്ത് ഗുരുജി മോചനം നേടിയെന്നും. അപ്പോൾ ആർ എസ് എസ്  ബ്രിട്ടീഷുകാർക്ക് അനുകൂലമായിരുന്നോ പ്രതികൂലമായിരുന്നോ? ഇതിലേതു വിശ്വസിക്കണം???

16. സ്വാതന്ത്ര്യ സമര പോരാട്ടത്തില്‍ താണ ജാതിക്കാരെയും, മുസ്ലീങ്ങളെയും പങ്കെടുപ്പിയ്ക്കുന്നതില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ നാഷണല്‍ കൊണ്ഗ്രെസ്സില്‍ നിന്നും രാജി വെച്ച ഹെഡ്ഗെവാര്‍ എന്നയാള്‍, ചാതുര്‍വര്‍ണ്ണ്യ വ്യവസ്ഥയെ പിന്തുടരുന്ന ഒരു സാമൂഹിക ജീവിതത്തെ സ്വപ്നം കണ്ട് ഉണ്ടാക്കിയ ആര്‍.എസ്.എസ്സിലെ ആദ്യകാല സര്‍സഞ്ചാലക്കുമാര്‍ എല്ലാം മറാത്താ ബ്രാഹ്മന്മാര്‍ ആയിരുന്നു.>>>>>>>

1939 ൽ പൂനയിലെ  ആർ എസ് എസ് കാര്യാലയം സന്ദർശിച്ച ഡോ. ബി. ആർ. അംബേദ്‌ക്കറുടെയും അതിനും മുൻപേ 1934 ൽ മഹാത്മാ ഗാന്ധിയുടേയും  വാക്കുകൾ ഈ ആരോപണം ഖണ്ഡിക്കാൻ പര്യാപ്തമായതാണ്. അതിപ്രകാരമാണ്.

"ഞാൻ ആദ്യമായാണ്‌ സംഘപ്രവർത്തകരുടെ ഒരു കേന്ദ്രം സന്ദർശിക്കുന്നത്. ഇവിടെ സവർണ്ണ ജാതിയെന്നോ അവർണ്ണ ജാതിയെന്നോ തിരിച്ചറിയുകപോലും ചെയ്യാതെ, അത്തരമൊരു വത്യാസത്തിനു നിലനിൽപ്പുണ്ട് എന്നുപോലും തിരിച്ചറിയാൻ സാധിക്കാത്തവിധം എല്ലാവരിലും സമത്വഭാവന ദർശിച്ചതിൽ ഞാൻ സന്തോഷവാനാണ്."

1934-ൽ മഹാത്മാഗാന്ധി, മഹാദേവ് ദേശായിയുടെയും മീരാബെഹന്റെയും കൂടെ വർധയിലെ ആർ.എസ്.എസ് കേന്ദ്രം സന്ദർശിച്ചപ്പോൾ പ്രവർത്തകരുടെ അച്ചടക്കവും തൊട്ടുകൂടായിമയുടെ പ്രതിഫലനം ഇല്ലാതെയുമുള്ള പ്രവർത്തനങ്ങൾ കണ്ടപ്പോൾ ആശ്ചര്യപ്പെടുകയും ഇങ്ങനെ പറയുകയും ചെയ്തു.

“ ഞാൻ നിങ്ങളുടെ കേന്ദ്രം സന്ദർശിച്ചപ്പോൾ നിങ്ങളുടെ അച്ചടക്കവും തോട്ടുകൂടായിമ ഇല്ലാത്തതും കണ്ട് വളരെയധികം അത്ഭുതപ്പെട്ടു." (source: Wikipedia)

17. കമ്മ്യുനിസ്ടുകാര്‍ നേരിട്ട പോലെ ബ്രിട്ടീഷ് സര്‍ക്കാരിന്റെ നിരോധനമോ, അടിച്ചമര്‍ത്തലോ, അറസ്റ്റും ജയില്‍വാസവും ഒന്നുമോ, ആര്‍.എസ്.എസ് ഒരിയ്ക്കലും നേരിട്ടിട്ടില്ല.>>>>>>>>

ഓഹോ, എന്നിട്ടാണോ ഗുരുജിയെ ബ്രിട്ടീഷുകാർ ജയിലിലിട്ടെന്ന് നിങ്ങൾ പറയുന്നത്?

18. രൂപീകൃതമായതു മുതൽ ഇന്നു വരെ ഭാരതം എന്ന ജനാധിപത്യ മതേതര രാജ്യത്തെ നശിപ്പിക്കാൻ ശ്രമിച്ച ഒരു സംഘടന വേറെ ഉണ്ടോ എന്ന് സംശയമാണ്.>>>>

1947-ൽ നടന്ന ഭാരത വിഭജനം ലക്ഷക്കണക്കിന്‌ ഹിന്ദുക്കളും മുസ്ലീങ്ങളും സിഖുകാരും കലാപത്തിൽ നിന്നും രക്ഷപെടാൻ വേണ്ടി കഷ്ട്ടപ്പെട്ടിരുന്ന കലാപങ്ങളും അക്രമങ്ങളും നിറഞ്ഞതായിരുന്നു. പുതുതായി രൂപംകൊണ്ട ഭാരതത്തിലെ, ജവഹർലാൽ നെഹ്രു ഭരണത്തെ മറിച്ചിടാനുള്ള ശ്രമം തടഞ്ഞ ആർ.എസ്.എസിനെ, അറിയപ്പെടുന്ന ഗാന്ധിയനും ഇന്ത്യയിലെ ഉയർന്ന സിവിലിയൻ അവാർഡ് ജേതാവുമായിരുന്ന ഡോക്ടർ ഭഗവാൻദാസ് "വളരെ ഉത്സാഹത്തോടെ സ്വയം ത്യജിക്കുന്ന കുട്ടികൾ" എന്ന് വിശേഷിപ്പിക്കുകയുണ്ടായി (source: Wikipedia)

സ്വതന്ത്രമായ ഉടനേ തകർന്നടിയാൻ തുടങ്ങിയ രാഷ്ട്രത്തെ കരുത്തോടെ കാത്തു സൂക്ഷിച്ചത് രാഷ്ട്രീയ സ്വയം സേവക സംഘമാണെന്ന്. അല്ലാതെ മാക്രിസ്റ്റുപാർട്ടിയും വാലുമാക്രികളും കൂടിയല്ലെന്ന്. മനസ്സിലായോ???

19. സ്വാതന്ത്ര്യ സമരം നടക്കുമ്പോൾ മാങ്ങ പറിക്കാൻ പോയ രാഷ്ട്രീയ സ്വയം സേവക സംഘം ബ്രിട്ടീഷുകാരോടുള്ള വിധേയത്വവും മറച്ചു വെക്കുന്നില്ല.>>>>>>>>>>>>>>>

സ്വാതന്ത്ര്യ സമരത്തിന്റെ കാലഘട്ടത്തിൽ വീട്ടിലെ പത്തായത്തിനുള്ളിൽ കയറിയിരുന്ന കമ്യൂണിസ്റ്റുകളാണ് സ്വയം സേവകർ മാങ്ങ പറിക്കാൻ പോയെന്ന് ആക്ഷേപിക്കുന്നത്. സ്വാതന്ത്ര്യ സമരവും കഴിഞ്ഞ് അവനവൻ കാലൂന്നി നിൽക്കുന്ന രാജ്യവും ചൈനയും തമ്മിൽ യുദ്ധമുണ്ടായപ്പോൾ ഭാരത സൈനികർക്ക് രക്തം കൊടുക്കാൻ സന്നദ്ധരായ പാർട്ടി പ്രവർത്തകരെയും തല മൂത്ത നേതാക്കന്മാരെയും പോലും മൂരാച്ചിയെന്നു മുദ്രകുത്തി താക്കീത് ചെയ്ത പാരമ്പര്യമുള്ള കമ്യൂണിസ്റ്റ് പ്രസ്ഥാനം, രാജ്യപുരോഗതിക്കോ, വ്യാവസായിക, സാംസ്കാരിക പുരോഗതിക്കോ ഉതകുന്ന ഏതൊരു സംരംഭത്തെയും വൈരാഗ്യബുദ്ധ്യാ പ്രതിരോധിക്കുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനം എന്ത് അടിസ്ഥാനയോഗ്യതയുടെ പേരിലാണ് രാഷ്ട്രീയസ്വയംസേവക സംഘത്തിന്റെയും അതിലെ സ്വയം സേവകരുടെയും ആത്മാർപ്പണത്തെയും ദേശസ്നേഹത്തെയും വിമർശിക്കുന്നതും ചോദ്യം ചെയ്യുന്നതും?

20. കേരളത്തില്‍ താണജാതിക്കാരെയും, അന്യമതസ്ഥരെയും ദ്രോഹിയ്ക്കാനും, അടിച്ചമര്‍ത്താനും കൂട്ട് നിന്ന ഒരു ചരിത്രപാരമ്പര്യം മാത്രം ഉള്ള>>>>>>>>>>>.

ഈ പരാമർശം എല്ലാ അർത്ഥത്തിലും യോജിക്കുന്നത് കമ്യൂണിസ്റ്റുകൾക്കാണ്. കൃത്യമായി പറഞ്ഞാൽ സി പി ഐ എം എന്ന സംഘടനയ്ക്ക്. മറ്റൊരു ചരിത്രപാമ്പര്യവും നിങ്ങൾക്കവകാശപ്പെടാനില്ല എന്നിരിക്കെ സ്വന്തം അസ്ഥിത്വസംരക്ഷണത്തിനായി നിലവിളിക്കുന്ന ചിതലെടുത്ത ഒരു തത്വസംഹിതയുടെ പാരവശ്യമായി കണ്ട് ഈ 'പുലമ്പലുകളെ' തള്ളിക്കളയാൻ പോന്ന മാനസിക വ്യാപ്തി ഞങ്ങൾക്കുണ്ട്.

21. കമ്മ്യുണിസ്റ്റ് പ്രസ്ഥാനങ്ങളുടെ കേരളത്തിലെ സ്ഥാനം അളക്കാന്‍ മാത്രം ധാര്‍മികതയോ, ചരിത്ര പിന്തുണയോ നിങ്ങള്‍ക്കില്ല>>>>>>>>

അതേ നിങ്ങളുടെ സ്ഥാനമെന്തെന്നത് നിങ്ങൾ തന്നെ ഇവിടെ ആവർത്തിക്കുന്നു. കമ്യൂണിസ്റ്റുപ്രസ്ഥാനങ്ങളുടെ കേരളത്തിലെ സ്ഥാനവും, പ്രസക്തിയും, നയവും, കാപട്യവും സുവ്യക്തമായി മനസ്സിലാക്കിയ ഒരു ജനതയാണ് ഇന്ന് അവരെ വേലിക്കു പുറത്തു നിർത്തിയിരിക്കുന്നതും. ആശങ്കയോടെയും, ഭയപ്പാടോടെയും, അവജ്ഞയോടെയും നോക്കിക്കാണുന്നതും. ഈ പരമസത്യം തിരിച്ചറിയാത്ത ഏതെങ്കിലുമൊരു വർഗ്ഗം ഇന്നീ നാട്ടിൽ അവശേഷിക്കുന്നുണ്ടെങ്കിൽ അത് അവർ മാത്രമാണെന്നതും അവരുടെ മുൻകാല ചരിത്രത്തിന്റെയും അപഗ്രഥന ബോധത്തിന്റെയും വെളിച്ചത്തിൽ ഒരത്ഭുതമേയല്ല.

No comments: