Tuesday, November 3, 2015

മദ്യമാംസാദികൾ വേദവ്യാഖ്യാനങ്ങളിൽ

ശ്രീരാമൻ ബീഫ് കഴിക്കുമായിരുന്നു, കള്ളു കുടിക്കുമായിരുന്നു തുടങ്ങിയ അവകാശവാദങ്ങൾ ബീഫ് ഫെസ്റ്റിന്റെ പശ്ചാത്തലത്തിൽ രൂഢമൂലമാവുന്നുണ്ട്.

തൻകാര്യലാഭത്തിനായി പറഞ്ഞുണ്ടാക്കുന്ന ഇത്തരം ആരോപണങ്ങൾ മറുപടിയർഹിക്കുന്നില്ലെങ്കിലും, തെറ്റിദ്ധാരണയുണ്ടാവാനിടയുള്ള ശരിയായ അർത്ഥം അറിയാൻ ആഗ്രഹിക്കുന്നവർ നിരവധിയാണ്‌. വ്യാഖ്യാനങ്ങളിലെ പൊരുത്തക്കേടുകളും മനഃപ്പൂർവ്വമുള്ള കുടിലതയുമാണ്‌ പലപ്പോഴും ഇതിനു കാരണം.

അത്യന്തം വിശാലവും ഗഹനവുമായ സനാതനധർമ്മത്തിന്റെ ശാസ്ത്രങ്ങളിലും, ആചരണ-ഉപാസനാപദ്ധതികളിലും വിവിധങ്ങളായ ക്രമങ്ങൾ അനുശാസിക്കുന്നുണ്ട്. അവയെ അതിന്റെ പൂർണ്ണാർഥത്തിൽ ഉൾക്കൊള്ളാതിരുന്നാൽ അബദ്ധം പിണയുന്നതിൽ അത്ഭുതമെന്തിന്‌?

ആദ്യമേ തന്നെ ഒന്നു ചോദിക്കട്ടെ. ശ്രീരാമൻ അഥവാ മാംസാഹാരിയായിരുന്നെങ്കിൽ എന്താണ്‌ കുഴപ്പം? രജോഗുണപ്രധാനികളായ ക്ഷത്രിയ കുലത്തിൽ ജനിച്ചയാളാണ്‌
ശ്രീരാമൻ. കഴിച്ചാലും കുഴപ്പമൊന്നുമില്ല. അതുമല്ല ഇനി ഒരു സന്യാസി തന്നെ വിഹിതമായ മാംസം ഭക്ഷണമായി ഉപയോഗിച്ചാലും എന്താണ്‌ തെറ്റ്? സമ്യക്കായി
ന്യാസം ചെയ്യുന്ന സന്യാസിക്ക് - ഇഹ പര ബന്ധങ്ങളെയെല്ലാം ഉപേക്ഷിച്ച് സർവ്വസംഗപരിത്യാഗിയായി മാറിയ യോഗിവര്യന്‌ ആഹാരം ഒരു ഭോഗവസ്തുവല്ല. അത് തന്റെ ആത്മാവു കുടികൊള്ളുന്ന ശരീരത്തിന്റെ സന്ധാരണോപാധി മാത്രമാണ്‌.
കിട്ടുന്നത് ഭക്ഷിക്കുക. ഒന്നിനോടും മമതാഭേദമില്ലാതെ ജീവൻ
നിലനിർത്താനാവശ്യമുള്ള ഭക്ഷണം മാത്രം സേവിക്കുക. ആ മനോനിലയിലെത്തിയവരുടെ കാര്യമാണ്‌ പറഞ്ഞത്. അങ്ങനെയുള്ളവർക്ക് പാപ-പുണ്യങ്ങളെന്ന ഭേദവ്യത്യാസമില്ല. ഇനി വിഷയത്തിലേക്കു വരാം.

സോമലത - അഥവാ ശതാവരി - യിൽ നിന്നുമുണ്ടാക്കുന്ന സോമരസം ഏതോ വീര്യം കൂടിയ മദ്യമാണെന്നു വരെ വ്യാഖ്യാനിച്ച മഹാന്മാർ നമുക്കുണ്ട്. എന്തിനേറേ, ഭാഗവത
യജ്ഞവേദികളിൽ പോലും ഇത്തരം വ്യാഖ്യാനങ്ങൾ കേൾക്കാം.

ഇനി മദ്യം തന്നെ ഉപയോഗിച്ചെന്നാണെങ്കിൽ പോലും, മദ്യമെന്താണെന്ന് അറിഞ്ഞിട്ട് അതേക്കുറിച്ചു ചിന്തിക്കണം. ഇവിടെ നാട്ടുകാർ കള്ളു കുടിക്കുന്ന രീതിയെക്കുറിച്ചേയല്ല പറയുന്നത്. മിതവും ശാസ്ത്രീയവുമായ മദ്യത്തിന്റെ ധർമ്മവും താന്ത്രിക ധർമ്മത്തിലെ അതിന്റെ പ്രസക്തിയുമാണ്‌ വിഷയം.

മദ്യപാനം കൊണ്ട് പ്രത്യക്ഷത്തിൽ സംഭവിക്കുന്നതെന്താണ്‌? ബോധ മനസ്സ്‌ അബോധമനസ്സിലേക്ക് ലയിക്കുന്നു. സത്യ-മിഥ്യാ ഭേദമില്ലാതെ ഏകാത്മകതയിൽ എത്തുന്നു. എന്നാൽ നമ്മൾ കുടിക്കുന്നതിന്റെ ‘അളവ്‌’  നമ്മെ കൊണ്ടെത്തിക്കുന്നത് ബോധമില്ലായ്മ എന്ന പരിപൂർണ്ണ അന്ധതയിലേക്കാണ്‌. കാള
കാടി കുടിക്കുന്നതു പോലെ എടുത്തു കമിഴ്ത്തുന്ന കലാപരിപാടി മാത്രം വശമുള്ളവന്‌ മദ്യത്തിന്റെ ഇത്തരം ലക്ഷ്യങ്ങളും, ഉപാസനാപദ്ധതികളിലെ അതിന്റെ ധർമ്മവും മനസ്സിലാവില്ല.

ഇവിടെ അതല്ല പറയുന്നത്. അബോധമായതിനെ ബോധത്തിലേക്ക് സ്വാംശീകരിച്ച്, മിഥ്യയെ സത്യത്തിന്റെ ഉണ്മയിലേക്ക് ലയിപ്പിക്കുന്ന പ്രതീകമാകുന്നു ഇവിടെ മദ്യം. ശിവൻ ലയങ്കരനാണ്‌. സർവ്വവും സനാതനസത്യത്തിൽ ലയിപ്പിക്കുന്ന സംഹാരകാരകൻ. ജീവാത്മാവിനെ പരമാത്മാവിലേക്കു ലയിപ്പിക്കുന്ന യോഗസാധനയുടെ ഒരു പ്രതീകമായി മദ്യമെന്ന ലയകാരിയെ കുലാർണ്ണവതന്ത്രം കണക്കാക്കിയിട്ടുണ്ട്. ശാക്തേയോപാസനാപദ്ധതികളിലെ പഞ്ചമകാരങ്ങൾ എന്നറിയപ്പെടുന്ന മദ്യം, മാംസം, മൈഥുനം തുടങ്ങിയവകളൊക്കെയും ലൗകിക ജീവിതത്തിൽ വർജ്ജ്യമെന്നോ, നിയന്ത്രിതമെന്നോ കണക്കാക്കുമ്പോൾ ഇവ ഉപാസനാപദ്ധതികളോട് ചേരുന്നതിന്റെ ശാസ്ത്രീയവശം ചിന്തിക്കാതെയാണ്‌ പലരും ഇവയെ എടുത്തുയർത്തിക്കാട്ടി പ്രയോഗിക്കുന്നത്.

അറിവുകേടു കൊണ്ടു വന്നു ഭവിക്കുന്ന തകരാറുകൾ വേറേ.
പ്രത്യക്ഷഗണപതിഹോമമെന്ന പേരിൽ ആനയെ ഇരുത്തി, ദേവനു ലഭിക്കേണ്ട ഹവിസ്സു തീറ്റിക്കുന്ന ഏർപ്പാട് ഈയിടെ തുടങ്ങിയതാണ്‌. ഫലമോ? യജ്ഞം അതിന്റെ ലക്ഷ്യം കാണാതെ പോകുന്നു. കാഴ്ചക്കാരന്‌ വിരുന്നൊരുക്കൽ മാത്രമായി മാറുന്നു വൈദികമായ ഒരു മഹദ്കർമ്മം. ഹവിസ്സിന്റെ യഥാർഥ അധികാരിയിൽ സമർപ്പിതമാവാത്ത നൈവേദ്യം എന്തു ഫലമാണ്‌ നൽകുക? വെറും പാഴ്‌വേലയായി അത് പരിണമിക്കുന്നു. അഥവാ ഇങ്ങനെയൊരു വ്യത്യാസത്തെക്കുറിച്ച് ദേവഹിതം തേടിയിട്ടാണോ ഈ ചടങ്ങുകൾ പുനഃക്രമീകരിച്ചത്?

വൈദികകർമ്മങ്ങൾ ആർഭാടമാക്കേണ്ടത് അതിന്റെ ഭക്തിയിലും സമർപ്പണത്തിലുമാൺ അല്ലാതെ ഇത്തരം അലങ്കാരങ്ങളിലും കെട്ടുകാഴ്ചകളിലുമല്ല എന്ന് ഇവയ്ക്കൊക്കെ നേതൃത്വം നൽകുന്നവർ ചിന്തിക്കേണ്ടതുണ്ട്.

രാമായണമെന്നല്ല, പുരാണങ്ങളെയും,  വേദഭാഗങ്ങളെപ്പോലും അപനിർമ്മിച്ച് അതിനെ വളച്ചൊടിച്ച കഥകൾ നിരവധിയുണ്ട്. ഒരുദാഹരണം പറയാം. ഇന്നലെ വായിച്ചതാണ്‌, മാലി രാമായണത്തിന്റെ ഒരു വേർഷൻ...

അതിൽ, വനവാസത്തിനായി പുറപ്പെട്ട ലക്ഷ്മണൻ, ഇടക്ക് അൽപ്പനേരം ഉറങ്ങി ക്ഷീണം തീർത്തുവെന്ന് വ്യക്തമായി എഴുതിയിരിക്കുന്നു. 14 വർഷം ബ്രഹ്മചര്യം ദീക്ഷിച്ച് ഉറങ്ങാതെയിരിക്കുന്ന ഒരുവനേ ഇന്ദ്രജിത്തിനെ കൊല്ലാൻ
കഴിയുകയുള്ളൂ എന്ന് വരമുണ്ട്. അതു കൊണ്ടാണ്‌ വനയാത്രയിൽ ഊർമ്മിള ലക്ഷ്മണനെ അനുഗമിക്കാതെയിരുന്നതും. സ്വാഭാവിക സാംഗത്യം വച്ചു നോക്കിയാൽ, ഊർമ്മിള സീതയ്ക്കു സഖിയായി അവരോടൊപ്പം പോകേണ്ടതാണ്‌. അങ്ങനെ നൈഷ്ഠികബ്രഹ്മചര്യവും, 14 വർഷത്തെ നിദ്രാവിഹീനത്വവും സുപ്രസിദ്ധമായ ലക്ഷ്മണനാണ്‌ ഇടക്കു ചായ കുടിച്ച് ഉച്ചമയക്കം നടത്തിയെന്ന് എഴുതി വച്ചിരിക്കുന്നത്.

ഇതു പോലെ നിരവധി ഉദാഹരണങ്ങൾ. കൂട്ടിച്ചേർക്കലുകൾ, അഥവാ വികലവ്യാഖ്യാനങ്ങൾ അറിയാതെ വന്ന പിഴവുകളായും, മനഃപ്പൂർവ്വം ആശയഗതിയെ തടസ്സപ്പെടുത്താനും വികലമാക്കുവാനും വേണ്ടി തിരുകി കയറ്റിയതായും ഇവകളിലുണ്ട്.

മറ്റൊന്നുള്ളത് വ്യാഖ്യാനങ്ങളിലെ പിഴവുകളാണ്‌. അതും രണ്ടു തരത്തിൽ വന്നു ചേരുന്നു. ഒന്ന് അൽപ്പജ്ഞാനവും മറ്റൊന്ന് മനഃപ്പൂർവ്വമുള്ള അപനിർമ്മിതിയും. സംസ്കൃതഭാഷയെ വൈദികമെന്നും ലൗകികമെന്നും രണ്ടായി തരം തിരിച്ചിരിക്കുന്നു എന്ന് ആചാര്യ എം ആർ രാജേഷ് ഉദാഹരണസഹിതം വിശദീകരിച്ചു തരുന്നുണ്ട്. വൈദിക സംസ്കൃതം ലൗകിക സംസ്കൃതത്തെ അപേക്ഷിച്ച് ഗഹനവും, ഗൂഢവുമാണ്‌. അതിന്റെ അർത്ഥ വ്യാകരണ മാനങ്ങളും നിയമങ്ങളും വ്യത്യസ്തമാണ്‌. വേദമന്ത്രങ്ങളെ ഗൂഢമെന്നും രഹസ്യമെന്നും പറയപ്പെടുന്നത് അതു കൊണ്ടാണ്‌. ഋജുവായതോ കേവലം ഭാഗികമായതോ ആയ വായനയിൽ ഗ്രഹിക്കാൻ കഴിയുന്നവയല്ല അതിന്റെ അർഥങ്ങൾ. വായനയോടൊപ്പം, തന്റെ പാണ്ഡിത്യവും, മനനസിദ്ധിയും ചേർത്ത് സംസ്കരിച്ചെടുത്ത് സാക്ഷാത്കരിക്കേണ്ടവയാണ്‌ വേദാർത്ഥങ്ങൾ.

ഗോരസം / ഗവ്യം എന്ന വാക്കിനെ യഥാർത്ഥ അർത്ഥത്തിൽ നോക്കിയാൽ, പാൽ, വെണ്ണ, തൈര്‌, ചാണകം, ഗോമൂത്രം എന്നൊക്കെ അർത്ഥം പറയാൻ കഴിയുന്നതു പോലെ തന്നെ ഗോമാംസം എന്നും അർത്ഥം പറയാം. ഇതിൽ ഏത് അർത്ഥം കൽപ്പിക്കണമെന്നത് വ്യാഖ്യാതാവിന്റെ മനനവൈഭവവും, പാണ്ഡിത്യവും, യുക്തിബോധവുമനുസരിച്ചാണ്‌. ചൊവ്വേ നേരേ ചിന്തിക്കുന്നവന്‌ യഥാർഥ അർത്ഥം തെളിഞ്ഞു വരും. ഗോരസം ചേർത്ത അന്നം എന്നത് പാൽപ്പായസമാണെന്നിരിക്കേ തലതിരിഞ്ഞ കമ്യൂണിസ്റ്റുകൾ വ്യാഖ്യാനിച്ചു വരുമ്പോൾ അത് ചാണകം ചേർത്ത ചോറെന്നോ, ഗോമാംസം ചേർത്ത ചോറെന്നോ അർത്ഥം പറയും.

പഠിച്ച് - മനനം ചെയ്ത് സാക്ഷാത്കരിക്കേണ്ടവയെ കേവലം ഉപരിപ്ലവമായ വാച്യാർത്ഥങ്ങളിൽ കടിച്ചു തൂങ്ങി ദുർവ്യാഖ്യാനം ചെയ്ത് അതിന്റെ യഥാർഥ ലക്ഷ്യവുമായി യാതൊരു ബന്ധവുമില്ലാത്ത മാനങ്ങൾ നൽകി സമൂഹത്തിനു
നൽകിയവർക്ക് വ്യക്തമായ ലക്ഷ്യങ്ങളുമുണ്ടായിരുന്നു. ചില പടുവിഡ്ഢികൾ അതും എഴുന്നള്ളിച്ചു കൊണ്ടു നടന്ന് സ്വന്തം പൈതൃകത്തെ വിലകുറച്ചു കാണുന്നതിന്‌ വേദകാരനോ, ഇതിഹാസകാരനോ, പുരാണകർത്താക്കളോ എന്തു പിഴച്ചു?

© കാവാലം ജയകൃഷ്ണൻ

No comments: