Tuesday, November 3, 2015

ഗുരുദേവനും കമ്യൂണിസ്റ്റുകളും

ശ്രീനാരായണഗുരുദേവനെക്കുറിച്ച് ഘോരഘോരം വാദിക്കുന്ന സി പി എമ്മുകാരെ കാണുമ്പോൾ ചിരിക്കണോ സഹതപിക്കണോ എന്നു മനസ്സിലാകുന്നില്ല. പ്രീണനരാഷ്ട്രീയത്തിനും സ്വജനപക്ഷപാതത്തിനും കുപ്രസിദ്ധവും, ഇന്നത്തെ സമൂഹത്തിൽ ഏറ്റവുമധികം ജാതി-മത ചിന്തകൾ കുത്തിക്കയറ്റി ഭിന്നിപ്പിച്ചു മുതലെടുക്കാൻ ശ്രമിക്കുന്ന ഏക രാഷ്ട്രീയകക്ഷിയുമായ സി പി എം തന്നെ പറയണം ഗുരുദേവന്റെ മാഹാത്മ്യം! ഇന്നത്തെ ദേശാപമാനിയിലുമുണ്ടായിരുന്നു കുറേ പേജ് വ്യാജവാർത്തകൾക്ക് അടിസ്ഥാനമുണ്ടാക്കാനായി ആത്മാർത്ഥതയുടെ കണിക പോലുമില്ലാത്ത സി പി എമ്മിന്റെ ഗുരുദേവാദർശപ്രസംഗം.

ഗുരുദേവൻ, ജാതി-മതങ്ങൾക്കുപരിയായി ചിന്തിക്കുകയും, ആ ചിന്താധാരയെ പ്രചരിപ്പിക്കുകയും ചെയ്ത ആൾ തന്നെയായിരുന്നു. എന്നാൽ ഒരിക്കലും സനാതനധാർമ്മികമൂല്യങ്ങളിൽ നിന്നും പരീക്ഷണാർത്ഥം പോലും വ്യതിചലിച്ചിട്ടില്ലാത്ത ഹൈന്ദവസന്യാസിയുമായിരുന്നു. നൂറു ശതമാനവും സനാതനധർമ്മി. മതപരിവർത്തനത്തെ നഖശിഖാന്തം എതിർത്തിരുന്ന ആൾ കൂടിയാണ്‌ ഗുരുദേവൻ. അതിന്റെ നിരവധി ഉദാഹരണങ്ങളിലൊന്നാണ്‌, ഗുരുദേവന്റെ അനുഗ്രഹാശിസ്സുകളോടെ, അദ്ദേഹത്തിന്റെ ഇച്ഛാനുസാരം ശ്രീ കുമാരനാശാൻ രചിച്ച, മതപരിവർത്തന രസവാദമെന്ന ലഘുഗ്രന്ഥം. സ്വജാതിയിൽ ഉള്ളവരുടെ പോലും മതപരിവർത്തനോത്സുകതയെ യുക്തായുക്തം ഖണ്ഡിക്കുകയും, നിരുൽസാഹപ്പെടുത്തുകയും ചെയ്യുക മാത്രമല്ല സനാതനധാർമ്മികമൂല്യങ്ങളെയും, അതിന്റെ ഉത്കൃഷ്ടവശങ്ങളെയും വസ്തുതാപരമായി മഹത്വപ്പെടുത്തുക കൂടി ചെയ്തിട്ടുണ്ട് അതിൽ. അതു കൂടാതെ തന്നെ, ഗുരുദേവന്റെ കാലത്തു തന്നെ, മതപ്രബോധനത്തിനായി എസ് എൻ ഡി പി യോഗം കടുത്ത സാമ്പത്തികപരാധീനതകളെ നേരിടുന്ന അവസരത്തിൽ പോലും പണം ചിലവാക്കി പണ്ഡിതന്മാരെയും നിയോഗിച്ചു പോന്നു.

ഗുരുദേവദർശനങ്ങളിലോ, സൂക്തങ്ങളിലോ ഒന്നിൽപോലും സനാതനധർമ്മത്തെ പുകഴ്ത്തുകയും, വാഴ്ത്തുകയും പരമതപ്രവേശത്തെ ശക്തിയുക്തം നിരുൽസാഹപ്പെടുത്തുകയുമല്ലാതെ ചെയ്തിട്ടില്ല. ഗുരുദേവൻ സനാതനധർമ്മിയായിരുന്നു. എന്നാൽ ഗുർദേവദർശനങ്ങൾ ലോകത്തിനു മുഴുവൻ ശ്രേയസ്കരവുമായിരുന്നു. പലമതസാരവുമേകമെന്നേ ഗുരുദേവൻ അരുളിച്ചെയ്തിട്ടുള്ളൂ. അല്ലാതെ പല മതവും ഏകമെന്നോ ഒന്നു മറ്റൊന്നിനേക്കാൾ ഉത്കൃഷ്ടമെന്നോ പറഞ്ഞിട്ടില്ല. അതുമല്ല, സ്വധർമ്മത്തിന്റെ ഔന്നത്യത്തെ ധാരാളമായി പ്രബോധനം ചെയ്തിട്ടുമുണ്ട്. സ്വന്തം മതത്തെക്കുറിച്ച് ആധികാരികമായി ഒന്നും പറയാനില്ലാത്തവനാണ്‌ മറ്റു മതത്തെ കുറ്റപ്പെടുത്തുകയും ഇകഴ്ത്തുകയും ചെയ്യുന്നത്. ഗുരുദേവന്‌ അതിന്റെ ആവശ്യമില്ലായിരുന്നു. മാത്രവുമല്ല ഒരു യോഗിവര്യന്റെ മാർഗ്ഗവും അതല്ല. അതുകൊണ്ടു തന്നെ മറ്റു മതങ്ങളുടെ കുറവുകൾ തേടി നടക്കാത സ്വധർമ്മത്തിന്റെ മേന്മകളെ അനുഷ്ഠിക്കുകയും, പഠിപ്പിക്കുകയും ചെയ്തു ഗുരുദേവൻ. ശ്രീനാരായണഗുരുദേവവിരചിതമായ എല്ലാ കീർത്തനങ്ങളും, ശ്ലോകങ്ങളും സനാതനധർമ്മസിദ്ധാന്തങ്ങളിൽ ആഴത്തിൽ വേരുള്ളവയുമായിരുന്നു. അങ്ങനെയുള്ള ഗുരുദേവൻ സനാതനധർമ്മിയല്ലായിരുന്നു എന്നൊക്കെ പ്രത്യക്ഷത്തിലും പരോക്ഷത്തിലും സ്ഥാപിക്കാൻ ശ്രമിക്കുന്നവരുടെ ഉദ്ദേശലക്ഷ്യങ്ങൾ ദുരൂഹവും, അപകടകരവുമാണ്‌.

അവിടം കൊണ്ടും രക്ഷയില്ലെന്നു കണ്ട് ഗുരുദേവവിഗ്രഹങ്ങൾ തച്ചുടയ്ക്കുകയും, അത് സംഘപരിവാറിന്റെ തലയിൽ കെട്ടി വയ്ക്കാൻ ശ്രമിക്കുകയും ചെയ്യുന്ന രാഷ്ട്രീയ ക്രിമിനലിസവും, ആശയപാപ്പരത്തവും സി പി എമ്മിനു മാത്രം അവകാശപ്പെട്ടതും, അവർ പണ്ടേ തുടർന്നു വന്നതുമായ പാരമ്പര്യമാണ്‌.

എസ് എൻ ഡി പിയുടെ ഉത്കർഷത്തെക്കുറിച്ചോർത്തുള്ള അടങ്ങാത്ത ആശങ്കയൊന്നുമല്ല, പ്രത്യുത, നഷ്ടപ്പെട്ടു പോകുന്ന ഭീമമായ വോട്ടുകൾ മാത്രമാണ്‌ സി പി എമ്മിന്റെ ഇന്നത്തെ വിഷയം. അത് സാമാന്യബുദ്ധിയുള്ള ആർക്കും മനസ്സിലാവുന്നതുമാണ്‌. ഇന്നിന്റെ സാഹചര്യത്തിൽ ഇത്തരത്തിൽ ഗുരുദേവപ്രതിമ തകർക്കുകയോ അക്രമം നടത്തുകയോ ചെയ്യേണ്ട സാഹചര്യം സംഘപരിവാറിനെന്നല്ല മറ്റൊരു സംഘടനയ്ക്കുമില്ല. അത് സി പി എമ്മിന്റെ നിലനിൽപ്പിനു വേണ്ടിയുള്ള നാടകം മാത്രമാണെന്ന് മനസ്സിലാക്കാൻ ഈയൊരൊറ്റക്കാരണം മതി. മാത്രവുമല്ല സംഘപരിവാറിന്റെ സംസ്കാരവും, ഗുരുക്കന്മാരെയും അവരുടെ സ്മാരകങ്ങളെയും സംരക്ഷിക്കുകയെന്നതല്ലാതെ നശിപ്പിക്കുകയെന്നതല്ല. അക്രമവും, കൊള്ളിവയ്പ്പും സ്വാർത്ഥലാഭത്തിനു വേണ്ടിയുള്ള നശീകരണവൃത്തിയും സി പി എമ്മിന്റെ മാത്രം കുത്തകയാണെന്നത് നിരവധി തവണ തെളിയിക്കപ്പെട്ടിട്ടുള്ളതും അവസരം കിട്ടിയിട്ടുള്ളപ്പോഴൊക്കെ അവരുടെ തന്നെ നേതാക്കന്മാർ അതു വിളിച്ചു പറഞ്ഞിട്ടുള്ളതുമാണെന്നതു കൂടി ചേർത്തു ചിന്തിക്കുമ്പോൾ ചിത്രം പൂർണ്ണമായി.

No comments: