Wednesday, April 14, 2010

വിഷു ! പങ്കുവയ്ക്കലിന്‍റെ മഹദ്സന്ദേശം

ഭാരതീയരുടെ, വിശേഷിച്ച് കേരളീയരുടെ ഓരോ ആഘോഷങ്ങളും മഹത്തായ ഒരു സന്ദേശത്തിന്‍റെ അനുസ്മരണങ്ങളാണ്. അതുകൊണ്ടു തന്നെ നാം ആഘോഷങ്ങളേക്കാള്‍ ആചാരങ്ങള്‍ക്കും, ധനത്തേക്കാള്‍ ധര്‍മ്മത്തിനും പരിഗണന നല്‍‍കിയിരുന്നു. ഓണം, വിഷു, തുടങ്ങിയവയെല്ലാം മഹത്തായ സന്ദേശങ്ങളാല്‍ സമ്പന്നമാണ്.

നമ്മുടെ ഇന്നത്തെ കൃഷിമന്ത്രി ശ്രീ മുല്ലക്കര രത്നാകരന്‍റെ മനോഹരമായ ഒരു പ്രസംഗം ഓണത്തെ സംബന്ധിച്ചു കേള്‍ക്കുവാനിടയായി. നാമെല്ലാം വിജയം ആഘോഷിക്കുന്നവരാണ്. ജയിച്ചു വരുന്നവരെ സ്വീകരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. എന്നാല്‍ തോറ്റു പോയവനെ സ്വീകരിക്കാന്‍ പോന്ന വിശാലതയിലേക്ക് മനസ്സിനെ നയിക്കുന്ന മഹത്തായ സന്ദേശം ഉള്‍ക്കൊള്ളുന്നതാണത്രേ ഓണം!. എത്ര മഹത്തായ ഭാവന. ജീവിതത്തിലെ വീഴ്ചകളെപ്പോലും തുറന്ന മനസ്സോടെ വിശാലമായ അര്‍ത്ഥത്തില്‍ ഉള്‍‍കൊള്ളാനുള്ള സന്ദേശമാണ് അതില്‍ ഉള്‍‍ചേര്‍ന്നിരിക്കുന്നത്!

വിഷുവിനും പകര്‍ന്നു നല്‍‍കുവാനുണ്ട് ഒരുപിടി മഹത്തായ സന്ദേശങ്ങളും, ഓര്‍മ്മപ്പെടുത്തലുകളും. അതിലൊന്നാണ് വിഷുവും കൃഷ്ണനുമായുള്ള ബന്ധം. വിഷുദിനത്തില്‍ കൃഷ്ണനെന്തു കാര്യം? എന്നാല്‍ വിഷുവിനും കൃഷ്ണനും പിന്നില്‍ മറ്റൊരു കഥാപാത്രം കൂടിയുണ്ട്. ഭഗവാന്‍റെ സഖാവായിരുന്ന ഒരു ദരിദ്രബാലകന്‍. അതുകൊണ്ടു തന്നെ, പങ്കുവയ്ക്കലിന്‍റെ, സാഹോദര്യത്തിന്‍റെ ഉത്കൃഷ്ടമായ സന്ദേശവും ആഹ്വാനവുമായി നാം വിഷുവിനെ കരുതേണ്ടതുണ്ട്.

കൃഷ്ണന്‍റെ ബാല്യകാലം, ഭഗവാന്‍റെ കാര്‍വര്‍ണ്ണമാര്‍ന്ന മേനിയില്‍ നീലവാനിലെ സ്വര്‍ണ്ണമേഘം പോലെ ഒരു പൊന്നരഞ്ഞാണമുണ്ടായിരുന്നു. നിറയെ മുത്തുമണികളുള്ള, നടക്കുമ്പോള്‍ കിണുകിണെ കിലുങ്ങുന്ന ഒരു പൊന്നരഞ്ഞാണം. ഒരിക്കല്‍ ലീലാവിനോദങ്ങള്‍ക്കിടയില്‍ ഭഗവാന്‍ ആ അരഞ്ഞാണം തന്‍റെ കൂട്ടുകാരനായ ദരിദ്രബാലകനു സമ്മാനിച്ചു. ആ ബാലകന്‍ അതുമായി സ്വന്തം വീട്ടിലെത്തിയപ്പോള്‍, നീ ഇതു മോഷ്ടിച്ചതല്ലേ എന്ന് മാതാപിതാക്കള്‍ വഴക്കു പറഞ്ഞു. ഇതെനിക്കു കണ്ണന്‍ തന്നതാണെന്ന കുട്ടിയുടെ വാക്കുകളെ അവര്‍ വിശ്വസിച്ചില്ല. ഇത്ര വിലപിടിച്ച, രത്നങ്ങള്‍ പതിച്ച അരഞ്ഞാണം നിനക്കു സമ്മാനിക്കുകയോ? നീ ഇതു മോഷ്ടിച്ചതു തന്നെ എന്നവര്‍ പറഞ്ഞു. അവനെ അടിച്ചു. വഴക്കു പറഞ്ഞു. കുഞ്ഞുമനസ്സില്‍‍ താങ്ങാനാവാത്ത ദുഃഖം അലയടിച്ചു. അവന്‍ ആ അരഞ്ഞാണം വലിച്ചെറിഞ്ഞു.

ആ അരഞ്ഞാണം ചെന്നു വീണിടത്ത് ഒരു മരമുണ്ടായി. അതുവളര്‍ന്ന് പൂവിട്ടു. ആ പൂങ്കുലകള്‍ എല്ലാം കണ്ണന്‍റെ പൊന്നരഞ്ഞാണം പോലെ മനോഹരമായ സ്വര്‍ണ്ണവര്‍ണ്ണമായ മണികളോടു കൂടിയതായിരുന്നു. അതാണത്രേ കണിക്കൊന്ന. ഇതു കഥയാവാം. എന്നാല്‍ കഥയുടെ തലം വിട്ടു ചിന്തിക്കുമ്പോള്‍ എത്രയോ മഹത്തായ ഒരു സന്ദേശമാണ് നമുക്കു ലഭിക്കുക.

വിലമതിക്കാനാവാത്ത രത്നങ്ങള്‍ പതിച്ച പൊന്നരഞ്ഞാണം, കേവലനായ ഒരു കൂട്ടുകാരനു സമ്മാനിക്കുന്നതിലൂടെ പങ്കു വച്ചു ജീവിക്കുക എന്ന മനോഹരമായ ഒരു ജീവിതരീതിയെ നമുക്കു പറഞ്ഞു തരുന്നു!. കഠോപനിഷത്തില്‍ ത്യേനത്യക്തേന ഭൂഞ്ജീഥാ എന്നൊരു വരിയുണ്ട്. ത്യാഗം ചെയ്തു ഭുജിക്കുക അഥവാ പങ്കു വച്ചു ഭക്ഷിക്കുക എന്നാണര്‍ത്ഥം. ഇതല്ലേ യഥാര്‍ഥ സോഷ്യലിസം?!!!

ഓണം വിഷു തുടങ്ങിയ എല്ലാ വിശേഷങ്ങള്‍ക്കും പ്രധാനമായ ഒന്നാണ് എല്ലാവരും ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുക എന്നത്. ഐക്യമത്യത്തിന്‍റെയും മേല്‍‍സൂചിപ്പിച്ച പങ്കിട്ടു കഴിക്കുന്നതിന്‍റെയും ആനന്ദം, അതിലൂടെ നാമറിയാതെ തന്നെ മനസ്സിനുണ്ടാവുന്ന വിശാലത, സന്തോഷം, നന്‍‍മ ഇവയുടെയൊക്കെ മൂല്യങ്ങള്‍ വളരെ വലുതാണ്. ഇന്ന് ഓണമെന്നും വിഷുവെന്നുമൊക്കെ പറഞ്ഞ് നാം പാശ്ചാത്യസംസ്കാരത്തെ പിന്‍‍തുടര്‍ന്നോ അതോ ഇതാണ് പുരോഗതിയെന്നു തെറ്റിദ്ധരിച്ചോ റസ്റ്റോറന്‍റുകളിലേക്കും, റെഡിമേഡ് ഭക്ഷണശാലകളിലേക്കും കൂട്ടം കൂട്ടമായി വേര്‍പിരിഞ്ഞു പോകുമ്പോള്‍, ഒരു കാലത്ത് നമുക്ക് ലഭ്യമായിരുന്ന ഈ മഹാസൌഭാഗ്യത്തെ വരും തലമുറകള്‍ക്കു നിഷേധിക്കുകയാണ് ചെയ്യുന്നത്.

പണ്ടുകാലത്ത് കുട്ടികള്‍ക്ക് വളര്‍ച്ചയുടെ ഭാഗമായിത്തന്നെ സംസ്കാരം വളര്‍ന്നു വരുമായിരുന്നു. അവര്‍ കണ്ടു വളരുന്ന അന്തരീക്ഷം, വീട്ടിലെയും നാട്ടിലെയും ജീവിതരീതി, പെരുമാറ്റ മര്യാദകള്‍, ആചാരങ്ങള്‍ ഇവയൊക്കെ കണ്ടും, അനുഭവിച്ചും പഠിക്കാനുള്ള ക്ലാസ്സുമുറികളായിരുന്നു അവന്‍റെ ചുറ്റുപാടുകള്‍. ഇന്ന് എല്ലാവരും തിരക്കിലാണ്. കുട്ടികള്‍ക്ക് വിദ്യാലയങ്ങളില്‍ നിന്നു കിട്ടുന്ന അറിവു തന്നെ തുച്ഛം, അതുപോലും മുഴുവന്‍ പഠിക്കാനുള്ള സമയം അവനില്ല. അവനറിയുന്ന ആതിഥേയത്വം സായിപ്പിന്‍റേതാണ്. കത്തിയും ഫോര്‍ക്കുമുപയോഗിച്ച് മനോഹരമായി ഭക്ഷണം കഴിക്കാന്‍ അവനറിയാം. എന്നാല്‍ നിലത്ത് ഇലയിട്ട് ചമ്രം പടഞ്ഞിരുന്നു കഴിക്കാന്‍ അവനറിയില്ല. ഇരു കൈകളും കൂപ്പി നമസ്കാരം പറയുന്നതിന്‍റെ ധന്യത അവന്‍ ഇന്നോളം അനുഭവിച്ചിട്ടുണ്ടാവില്ല. ഈശ്വരവിശ്വാസികളെങ്കിലും നാമം ജപിക്കുന്നതിന്‍റെയും, ക്ഷേത്രസോപാനത്തിലെ അഷ്ടപദി കേട്ട്, ക്ഷേത്രാങ്കണത്തില്‍ പ്രദക്ഷിണം ചെയ്യുന്നതിന്‍റെയും അനുഭൂതിയെന്തെന്ന് ഒരുപക്ഷേ അവനറിയില്ല, ഇങ്ങനെ ആധുനികം എന്നു കരുതി നാം തിരുത്തി ശീലിക്കുന്ന പല കാര്യങ്ങളും നമ്മുടേതായ ഒരു സംസ്കാരത്തിന്‍റെ തായ്‌വേരറുക്കുകയാണ്.

ഇന്നത്തെ സാമൂഹിക ചുറ്റുപാടില്‍ തീര്‍ച്ചയായും നാം സായിപ്പിന്‍റെ സംസ്കാരം പഠിച്ചിരിക്കുന്നതു നല്ലതു തന്നെ. ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ അവനെ കൂടുതല്‍ മികച്ച വിദ്യാഭ്യാസവും, തൊഴിലും ഉറപ്പാക്കുന്നതില്‍ വളരെ വലിയ പങ്കു വഹിക്കുന്നുണ്ട്. അത് അതാവശ്യവുമാണ്. പക്ഷേ ഇതുപോലെയുള്ള അപൂര്‍വ്വ നിമിഷങ്ങള്‍, അപൂര്‍വ്വമായി വരുന്ന നമ്മുടേതായ ആഘോഷങ്ങള്‍, ദിവസവും അവന്‍ ഉണ്ട് ഉറങ്ങുന്ന സ്വന്തം വീട് ഇവിടെയൊക്കെ നമ്മുടേതായ സാംസ്കാരികമൂല്യങ്ങളുമായി പരിചയിക്കാനും, അനുശീലിക്കാനുമുള്ള വേദിയാക്കി മാറ്റാന്‍ നാം ശ്രമിക്കണം. നമുക്കു ലഭിച്ച സൌഭാഗ്യം വരും തലമുറകള്‍ക്ക് പകര്‍ന്നു നല്‍കാന്‍ ആദ്യമേ സൂചിപ്പിച്ച പങ്കിട്ടു ജീവിക്കുക എന്ന വിഷുസന്ദേശം നമുക്ക് പ്രചോദനമാകട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് എല്ലാവര്‍ക്കും സ്നേഹത്തിന്‍റെയും, ഐക്യത്തിന്‍റെയും, സമൃദ്ധിയുടെയും വസന്തപുഷ്പങ്ങള്‍ വിടര്‍ന്നുനില്‍ക്കുന്ന ഒരു വിഷു ആശംസിക്കുന്നു.


© ജയകൃഷ്ണന്‍ കാവാലം