Tuesday, November 3, 2015

യാക്കൂബ് മേമന്റെ വധശിക്ഷയെ സംബന്ധിച്ച്

യാക്കൂബ് മേമന്റെ വധശിക്ഷയെ സംബന്ധിച്ച് സമൂഹത്തിൽ അറിയപ്പെടുന്നവരും അല്ലാത്തവരുമായുള്ളവരുടെ അസ്ഥാനത്തെ ധാർമ്മികരോഷപ്രഹസനം ലജ്ജാകരമാണ്‌. ശശി തരൂർ, മാർക്കണ്ഡേയ കട്ജു തുടങ്ങിയവരുടെ പ്രസ്താവനകൾ എന്തു ലക്ഷ്യം മുന്നിൽക്കണ്ടുള്ളതാണെന്നും അവർക്ക് രാഷ്ട്രത്തോടുള്ള പ്രതിപത്തിയും നിയമവ്യവസ്ഥയോടുള്ള ആദരവും എത്രമാത്രമെന്നോ ചിന്തിച്ചു പോകുന്നു.

ശശി തരൂരിനെക്കുറിച്ചു ചിന്തിച്ചാൽ, ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി സ്ഥാനത്തേക്കു മത്സരിക്കുക  വരെ ചെയ്ത ആളാണെന്നാണ്‌ അദ്ദേഹത്തിന്റെ വാക്കുകളുടെ ആധികാരികത സ്ഥാപിക്കാൻ ചിലർ എടുത്തു പറയുന്നത്. ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി സ്ഥാനത്തേക്കു മത്സരിക്കുകയോ, സെക്രട്ടറി തന്നെ ആവുകയോ ചെയ്യുക എന്നത് ഭാരതത്തിന്റെ നീതിന്യായ വ്യവസ്ഥയെ ചോദ്യം ചെയ്യാനുള്ള അധികാരമാകുന്നില്ല. ഭാരതത്തിലെ ഏതൊരു സാധാരണ പൗരനുമുള്ളതിൽ കവിഞ്ഞ യാതൊരു പ്രത്യേകാവകാശവും ജുഡിഷ്യറിക്കു മുൻപിൽ പ്രധാനമന്ത്രിക്കു പോലുമില്ല. മാത്രവുമല്ല, മാന്യശ്രീമാൻ ശശി തരൂർ ജനപ്രതിനിധിയുടെ കുപ്പായമിട്ട ശേഷം ആദ്യമുണ്ടാക്കിയ വിവാദം ദേശീയ ഗാനത്തോട് മര്യാദകേടു കാണിച്ചതിന്റെ പേരിലാണ്‌. ഭാരതഭരണഘടന പ്രാധാന്യത്തോടെ സൂക്ഷിക്കുന്നതും നിയമം കൊണ്ടു സംരക്ഷിച്ചിരിക്കുന്നതുമായ (Prevention of Insults to National Honour Act, 1971, Section 3b) ദേശീയഗാനത്തിനു പോലും അർഹമായ വില നൽകാത്ത ഒരാളുടെ സുപ്രീം കോടതി വിധിയെയും, രാഷ്ട്രപതിയുടെ തീരുമാനത്തെയും, രാജ്യതാൽപര്യത്തെയും സംബന്ധിച്ച പ്രസ്താവനയ്ക്ക് എന്തു പ്രസക്തി?

നിയമവിദഗ്ധരിൽ ഒന്നാമനായ രാം ജഡ്‌മലാനി, മാർക്കണ്ഡേയ കഡ്‌ജു തുടങ്ങിയവർക്കൊക്കെ വേണമെങ്കിൽ കോടതിയിൽ മേമനു വേണ്ടി ഹാജരാകാനുള്ള പൂർണ്ണസ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടന നൽകിയിട്ടുണ്ട്. നീണ്ട 21 വർഷങ്ങൾ മേമനും അയാളുടെ വക്കീലന്മാർക്കും മുൻപിൽ ഉണ്ടായിരുന്നു. ഇന്നിപ്പോൾ ഈ സെന്റി അടിക്കുന്ന കഡ്‌ജുവിനോ, മലാനിക്കോ ഒക്കെ വേണമെങ്കിൽ കേസിൽ കക്ഷി ചേരുകയോ നിയമവഴിയിലൂടെ അയാളെ സംരക്ഷിക്കുകയോ ചെയ്യാമായിരുന്നു. ഇതൊന്നുമല്ല, ചരിത്രത്തിലാദ്യമായി, അയാളെ തൂക്കിലേറ്റുന്നതിനു മണിക്കൂറുകൾക്കുള്ളിൽ വരെ -പാതിരാത്രിയിൽപ്പോലും!-  ബഹുമാനപ്പെട്ട കോടതി, അതിൻമേലുള്ള വാദം ഉദാരപൂർവ്വം കേൾക്കുകയും ചെയ്തതാണ്‌. 257 പേരെ അരുംകൊല ചെയ്ത പ്രതിക്കുവേണ്ടിയാണ്‌ കോടതി ഈ ഔദാര്യം കാട്ടിയതെന്നു കൂടി ഓർക്കണം. കാരണം ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്നുള്ള ഭാരതത്തിന്റെ മാതൃകാപരവും, ഉത്കൃഷ്ടവുമായ നിയമവ്യവസ്ഥയുടെ മഹോന്നതമായ ആദർശം. ഇത്രയും കാലം തുടർന്ന വാദപ്രതിവാദങ്ങൾക്കു പുൻപിൽ ബഹുമാനപ്പെട്ട ന്യായാസനത്തിലിരുന്നത് ഈ കട്ജു തന്നെ ആയിരുന്നെങ്കിലും മറിച്ചൊരു വിധി പ്രസ്താവിക്കാൻ അയാൾക്കു കഴിയുമായിരുന്നില്ല. അത് അദ്ദേഹത്തിനും നന്നായി അറിയാവുന്ന കാര്യം തന്നെയാണ്‌. ഇതിപ്പോൾ അടുത്ത ഇലക്ഷനു നിക്കാൻ വല്ല പ്ലാനും കാണും. റിട്ടയർ ചെയ്തു വീട്ടിലിരിക്കുവല്ലേ... അതിന്റെ പേരിലുള്ള പ്രീണനരാഷ്ട്രീയവാദത്തിലുപരി മറ്റൊന്നുമായി തോന്നുന്നില്ല.

ഭാരതത്തിന്റെ നീതിന്യായവ്യവസ്ഥയും വ്യവഹാരനടപടികളും മുൻപോട്ടു പോകുന്നത് നിശിതവും, നിയതവുമായ, ലോകത്തിൽ ഇന്നു നിലവിലിരിക്കുന്നതിൽ ഏറ്റവും സമഗ്രമെന്നു തന്നെ പറയാവുന്നതും പല ലോകരാജ്യങ്ങളും കടം കൊണ്ടിട്ടുള്ളതുമായ ലിഖിതമായ നിയമാവലിയുടെ നൂൽപ്പാലത്തിലൂടെയാണ്‌. അവിടെ വ്യക്തിതാൽപര്യങ്ങൾക്കു പ്രസക്തിയില്ല. അതറിയുകയും, പ്രാക്ടീസ് ചെയ്യുകയും ചെയ്തിരുന്നവർ ഇത്തരത്തിൽ പറയുമ്പോൾ അതിൽ വ്യക്തമായ രാഷ്ട്രീയവും ഗൂഢമായ ലക്ഷ്യവും കാണാതിരിക്കാൻ കഴിയുന്നില്ല.

ഈ വിഷയത്തിൽ പലരും സംസാരിക്കുന്നത് അവ്യക്തമായതോ വികലമായതോ ആയ മനുഷ്യാവകാശബോധത്തിന്റെ ഭാഷയാണ്‌. ലോകത്തെ ഒരു രാജ്യത്തിന്റെയും നിയമസംഹിതകൾ അംഗീകരിക്കുന്ന തത്വമല്ല ഇത്. രണ്ടാമത്തെ കൂട്ടർ യെച്ചൂരിയെപ്പോലെയുള്ള രാഷ്ട്രീയക്കാരാണ്‌. അവരെ സംബന്ധിച്ചും രാഷ്ട്രീയലാഭം മുൻപിൽ വച്ചുള്ള പ്രീണന നയമെന്നതിലുപരി ഇതിന്‌ മറ്റൊരർത്ഥവും കൊടുക്കാൻ നിവൃത്തിയില്ല. കാരണം, സി പി എം ഭരണത്തിലിരുന്ന കാലഘട്ടങ്ങളിലും അല്ലാത്തപ്പൊഴും അവർ അഴിച്ചു വിട്ടിട്ടുള്ള അക്രമങ്ങളുടെയും, അരും കൊലകളുടെയും, മനുഷ്യാകാശധ്വംസനത്തിന്റെയും കണക്കെടുത്താൽ അത് രാജ്യം തൂക്കിലേറ്റിയ കുറ്റവാളികളേക്കാൾ എത്രയോ മടങ്ങു കൂടുതൽ വരും? കേരളത്തിൽ തന്നെ സി പി എമ്മിന്റെ കൊലപാതകരാഷ്ട്രീയത്തിന്റെ ഗ്രാഫ് എവിടെയെത്തി നിൽക്കുന്നു? അങ്ങനെയുള്ള അവരുടെ ഈ ആദർശപ്രസംഗത്തേക്കാൾ എത്രയോ സ്വാഗതാർഹമാണ്‌ തെരുവു വേശ്യയുടെ ചാരിത്ര്യപ്രസംഗം.

അഭിനവഭാരതത്തിന്റെ സാംസ്കാരികഭൂപടത്തിൽ അന്യം നിന്നു പൊയ്ക്കൊണ്ടിരിക്കുന്ന, രാഷ്ട്രീയ ഭാരതത്തിൽ രേഖപ്പെടുത്താവുന്ന ഒരു പ്രവർത്തി പോലും കാഴ്ചവയ്ക്കാൻ കഴിയാതെ പകച്ചു നിൽക്കുന്ന, കേരളത്തെ സംബന്ധിച്ചാണെങ്കിൽ പേരിനു പ്രതിപക്ഷക്കസേരകളിൽ വന്നിരുന്നു ബഹളം വച്ച് കാപ്പിയും കുടിച്ചു പിരിയാൻ മാത്രം വിധിക്കപ്പെട്ട ഇക്കൂട്ടരുടെ വിലാപത്തിന്‌ എന്തു വില നൽകണം? ആദ്യം പ്രതിപക്ഷധർമ്മം എന്തെന്ന് തിരിച്ചറിഞ്ഞു പ്രവർത്തിക്കട്ടെ. സഹപ്രവർത്തകരുടെ മനുഷ്യാവകാശങ്ങൾക്കു വില കൊടുക്കട്ടെ, സഹജീവികളെ കൊന്നൊടുക്കുന്നതു നിർത്തട്ടെ എന്നിട്ട് വലിയ വലിയ കാര്യങ്ങളെക്കുറിച്ചൊക്കെ പ്രസംഗിക്കാം. നഷ്ടപ്പെട്ട സ്വത്വം തിരികെപ്പിടിക്കാൻ ബീഫ് ഫെസ്റ്റും ചുംബനസമരവും, തീവ്രവാദികൾക്ക് ഐക്യദാർഢ്യവുമല്ല പകരം ക്രിയാത്മകമായ ജനസേവനവും, സുതാര്യമായ പ്രവർത്തനവും, നിർവ്യാജമായ ആദർശവുമാണാവശ്യമെന്ന് തിരിച്ചറിയുവോളം പൊതുജനം വളമിട്ടു വളർത്തുന്ന കള മാത്രമായി സി പി എം നിയമസഭയുടെ അകത്തളങ്ങളിൽ നോക്കുകുത്തിയായി അവശേഷിക്കും. ആദ്യം സ്വയം നന്നാവുക. പിന്നെ നന്നാക്കാം നാട്ടിലെ ജുഡീഷ്യറിയെ.

ഈ വിഷയത്തിൽ പ്രസ്താവനകളിറക്കുന്നതും മനുഷ്യാവകാശം പ്രസംഗിക്കുന്നതും ആരായാലും, അതിനി ബി ജെ പി നേതാവായാലും നരേന്ദ്രമോഡി തന്നെയായാലും രാജ്യതാൽപര്യങ്ങൾക്കു വിരുദ്ധമായി കാര്യങ്ങളുടെ സത്യസ്ഥിതിക്കും രാജ്യനീതിക്കും എതിരായി സംസാരിക്കുന്നവരെ വിഡ്ഢിയെന്നോ രാജ്യദ്രോഹിയെന്നോ വിളിക്കേണ്ടി വന്നാൽ പൗരബോധമുള്ള ഒരു വ്യക്തിയെന്ന നിലയിൽ അതിനു മടി കാണിക്കേണ്ട ആവശ്യമേയില്ല. യാക്കൂബ് മേമന്റെ മനുഷ്യാവകാശത്തെക്കുറിച്ചു വേവലാതിപ്പെടുന്നവർ 257 നിരപരാധികളുടെയും അവരുടെ ആശ്രിതരുടെയും മനുഷ്യാവകാശത്തെക്കുറിച്ച് ഒരു നിമിഷം പോലും ചിന്തിക്കാത്ത ജുഗൂപ്സാവഹമായ സാമൂഹ്യ-ധാർമ്മിക-ബൗദ്ധിക-നൈതിക അധഃപ്പതനം അത്ഭുതമാണുണ്ടാക്കുന്നത്.

നേരത്തെ മറ്റൊരു പോസ്റ്റിൽ വ്യക്തമാക്കിയതു പോലെ തന്നെ ഇവിടെ പ്രതി ഒരു നാരായണനോ, മത്തായിയോ ആണെങ്കിൽ പോലും എന്റെ നിലപാടിൽ മാറ്റമില്ല. രാജ്യതാൽപര്യത്തിൽ മതം കലർത്തുന്നത് ശുദ്ധ അസംബന്ധവും അവനവനിരിക്കുന്ന കൊമ്പു മുറിക്കുന്നതിനു തുല്യവുമാണ്‌. മറ്റൊരർത്ഥത്തിൽ ഇവരൊക്കെ ഈ പറയുന്നത് കോടതിയലക്ഷ്യമായി വിവക്ഷിക്കാവുന്നതാണ്‌.

ഇവർ അക്കമിട്ടു നിരത്തുന്ന ശിക്ഷിക്കപ്പെട്ടില്ലെന്നു സങ്കടപ്പെടുന്ന കുറേപ്പേരുടെ കാര്യത്തിലും ഇവരടക്കമുള്ളവർക്ക് കോടതിയെ സമീപിക്കാവുന്നതാണ്‌. മേമൻ തൂക്കുകയറിലേക്കു നടന്നടുത്ത അതേ നിയമത്തിന്റെ പാലത്തിലൂടെ തന്നെയാണ്‌ മറ്റവർ ശിക്ഷയിൽ നിന്നും ഒഴിവായത്. കോടതികൾ ഭരണകൂടങ്ങളുടെ ചട്ടുകമല്ല. കോൺഗ്രസ് ഭരിക്കുന്ന കാലഘട്ടത്തിലാണ്‌ നരേന്ദ്രമോഡിയടക്കമുള്ളവർ നിരുപാധികം കുറ്റവിമുക്തരായത്. അവർക്കെതിരേ കേസുണ്ടായിരുന്നു എന്നതു കൊണ്ട് അവർ ശിക്ഷാർഹരാണെന്നു പറയുന്ന ഇവരുടെ ചിന്തയും ബുദ്ധിയും എവിടെയാണ്‌? അതല്ല, അവർ കുറ്റവിമുക്തരായതിൽ ആക്ഷേപമുണ്ടെങ്കിൽ കോടതിയിൽ പോവുക. നിയമപരമായി അവരെ ശിക്ഷിപ്പിക്കാനുള്ള വഴി നോക്കുക. മദനിയുടെ മനുഷ്യാവകാശം പ്രസംഗിക്കുന്നവർ മദനി ശിക്ഷിക്കപ്പെടുന്നില്ല എന്ന് ആശ്വസിക്കാത്തതെന്ത്? ഇതൊരുതരം അന്ധമായ മതബോധത്തിൽ നിന്നും നീചമായ രാഷ്ട്രീയലാഭേച്ഛയിൽ നിന്നുമുണ്ടാകുന്ന നാശകാരണമായേക്കാവുന്ന അശുഭകരമായ ചിന്താരീതിയാണ്‌. 125 കോടി ജനങ്ങളുടെ സുരക്ഷയുടെയും ആത്മാഭിമാനത്തിന്റെയും പേരിൽ ഒരുത്തനെ കൊല്ലേണ്ടി വന്നാൽ അതു വേണം. അവൻ ഹിന്ദുവോ, ക്രിസ്ത്യനോ, മുസൽമാനോ ആരുമാവട്ടെ. അതുകൊണ്ടാണ്‌ നീതിദേവത കണ്ണു കെട്ടിയിരിക്കുന്നതെന്നു മനസ്സിലാക്കൂ...

1 comment:

കാവാലം ജയകൃഷ്ണന്‍ said...

അങ്ങനെ രക്തപങ്കിലമായ ആ അദ്ധ്യായം അവസാനിച്ചു. എത്ര വർഷം തടവനുഭവിച്ചാലും, നിയമനടപടികളുടെ സാങ്കേതികത്വത്തിൽ എത്ര അധികനാൾ ദുരിതമനുഭവിച്ചാലും ഒരു തീവ്രവാദി പോലും വധശിക്ഷയിൽ നിന്നു മോചിപ്പിക്കപ്പെടരുത്. അത് രാജ്യത്തെ കോടിക്കണക്കിന്‌ ജനങ്ങളുടെ സുരക്ഷയുടെയും,മനുഷ്യാവകാശത്തിന്റെയും ഇരകളുടെ മരണശേഷമുള്ള അന്തിമ നീതിയുടെയും പ്രശ്നമാണ്‌. ഇരകളുടെ ആശ്രിതരായി അവശേഷിക്കുന്ന ജനങ്ങളെ നോക്കി പല്ലിളിക്കുന്നതാവരുത് നിയമം. ഇന്ന് യാക്കൂബ് മേമൻ എന്ന തീവ്രവാദി തൂക്കിലേറ്റപ്പെട്ടപ്പോൾ നീതി ലഭിച്ചത് 257 നിരപരാധികൾക്കും അവരുടെ ആശ്രിതർക്കും സർവ്വോപരി രാജ്യത്തെ സമാധാനം കാംക്ഷിക്കുന്ന പൗരസമൂഹത്തിനുമാണ്‌. തീവ്രവാദത്തിന്‌ മരണത്തിൽക്കുറഞ്ഞ ഒരു ശിക്ഷയും നൽകാൻ നീതിപീഠം തയ്യാറാവരുത്. ഭാരതത്തിന്റെ നട്ടെല്ലുള്ള ഭരണകൂടത്തിനും, പരമോന്നത നീതിപീഠത്തിനും, രാഷ്ട്രപതിയ്ക്കും പ്രണാമം.

ഒരു രാഷ്ട്രസ്നേഹിയുടെ, മഹാനായ മനുഷ്യസ്നേഹിയുടെ ഭൗതികശരീരത്തിന്‌ മുന്നിൽ രാഷ്ട്രം അഞ്ജലീബദ്ധമായി നിൽക്കുമ്പോൾ, അദ്ദേഹത്തിന്‌ അന്തിമോപചാരമർപ്പിച്ചു കൊണ്ട് സൈന്യത്തിന്റെ ആചാരവെടി മുഴങ്ങുന്നതിനു മുൻപേ ഇങ്ങനെയൊരു സദ്‌കൃത്യം ചെയ്തു കൊണ്ട് സമാധാനം കാംക്ഷിക്കുന്ന ജനതയ്ക്ക് ഐക്യദാർഢ്യം പ്രഘ്യാപിച്ച നീതിന്യായവ്യവസ്ഥയുടെ നടപടി തികച്ചും ഉചിതമായി. ഇതു ഭാരതം, ധർമ്മരാജ്യം. ഇവിടെ യാക്കൂബ് മേമനെപ്പോലെയുള്ള കൊടും അപരാധികൾക്കു മാപ്പില്ല. വിധ്വംസകപ്രവർത്തനത്തിലേർപ്പെട്ടാൽ മരണദണ്ഡന തന്നെ വിധി. അതിനി എത്ര സംവത്സരം കഴിഞ്ഞാലും... വന്ദേ മാതരം...

Published on FB dated: July 30, 2015