Tuesday, November 3, 2015

അൽപ്പം വർഗ്ഗീയം

ഹൈന്ദവക്ഷേത്രങ്ങൾ ഹിന്ദുക്കൾക്കായി വിട്ടുകൊടുക്കണമെന്ന  ഒരു പരാതി കോടതി മുൻപാകെ എത്തിയാൽ പ്രധാനമായും ഉണ്ടാകുന്ന എതിർവാദങ്ങൾ രണ്ടാണ്‌. ഒന്ന് രാജഭരണത്തിൻ കീഴിൽ ഉണ്ടായിരുന്ന ക്ഷേത്രങ്ങളുടെയും, സ്വത്തുക്കളുടെയും സ്വാഭാവിക അവകാശം രാജഭരണം മാറി ജനാധിപത്യം വന്നപ്പോൾ അത് ഗവൺമെന്റിൽ എത്തിച്ചേരും എന്ന അവകാശവാദം. എന്നാൽ രാജാക്കന്മാർ ഹൈന്ദവർ ആയിരുന്നുവെന്നും, അതുകൊണ്ടാണ്‌ രാജനിർമ്മിതങ്ങളായ ക്ഷേത്രങ്ങൾ മാത്രം രാജാവിന്റെ അധീനതയിൽ ഇരിക്കുകയും, എന്നാൽ അതേ രാജാക്കന്മാർ തന്നെ നിർമ്മിച്ചതും, അവർ ദാനം നൽകിയ സ്ഥലത്ത് നിർമ്മിച്ചവയുമായ ഇതര ആരാധനാലയങ്ങൾ അതതു സംഘടനകൾക്കു വിട്ടു കൊടുക്കുകയും ചെയ്തത്. രാജാവിന്റെ സ്വത്തായിരുന്ന ഭൂമി എന്നതാണ്‌ അവകാശവാദത്തിന്റെ അടിസ്ഥാനമെങ്കിൽ, രാജാവിന്റെ തന്നെ സ്വത്തായിരുന്ന ഇതര ആരാധനാലയങ്ങളും സർക്കാർ തിരിച്ചു പിടിക്കേണ്ടതാണ്‌. കാരണം ഹിന്ദുവായിരുന്ന രാജാവ്‌ ഹൈന്ദവ ആരാധനാലയങ്ങളുടെ നടത്തിപ്പ് സ്വയം നടത്തുകയും മറ്റുള്ളവ അതതു മതസ്ഥരെ ഏൽപ്പിക്കുകയുമായിരുന്നല്ലോ. അപ്പോൾ ഫലത്തിൽ -യുക്തിചിന്തയിൽ- അവയും രാജാവിന്റേതു തന്നെ. നീതിയുക്തമായ ഈ വാദഗതി അംഗീകരിച്ചാൽ ഒന്നുകിൽ രാജാവ്‌ ദാനം നൽകിയ ഇതര ആരാധനാലയങ്ങളും സർക്കാർ ഏറ്റെടുക്കുകയോ, അല്ലെങ്കിൽ ഇന്ന്‌ ദേവസ്വം ബോർഡ് എന്ന വെള്ളാനപ്പുറത്ത് എഴുന്നള്ളിക്കുന്ന ദേവനെയും, ദേവസ്വത്തെയും കുളിപ്പിച്ച് ശുദ്ധിയാക്കി ഹിന്ദുക്കൾക്ക് തിരികെ ഏൽപ്പിക്കുകയോ ചെയ്യാൻ കോടതി വിധിക്കേണ്ടി വരും.

ഈയവസ്ഥയിൽ ഉന്നയിക്കാവുന്ന ഏറ്റവും വലുതും, പ്രബലവുമായ മറ്റൊരു മറുവാദം, ഹിന്ദുക്കളുടെ സ്വത്ത് ഹിന്ദുക്കൾക്കു കൊടുക്കണമെങ്കിൽ ആർക്ക് കൊടുക്കും എന്നതാണ്‌. ഹിന്ദുക്കൾക്ക് ഏകീകൃതമായ ഒരു സംഘടനയില്ല എന്നത് ഇക്കാര്യത്തിൽ ഒരു വലിയ വെല്ലുവിളി തന്നെയാണ്‌. നിലയ്ക്കൽ സമരത്തിന്റെ സമയത്ത് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ കെ. കരുണാകരൻ ഇത്തരമൊരു മറുചോദ്യം ഉന്നയിച്ചിരുന്നതായി ശ്രീ കുമ്മനം രാജശേഖരൻ ജിയുടെ ഒരു ഓർമ്മക്കുറിപ്പിൽ ഈയിടെ വായിക്കുകയുണ്ടായി. അന്ന് സത്യാനന്ദസരസ്വതി എന്ന തേജോമയനായ ഒരു താപസശ്രേഷ്ഠന്റെ സാരഥ്യമില്ലായിരുന്നുവെങ്കിൽ ആ ധർമ്മയുദ്ധത്തിൽ ഒരു കൂട്ടം ധർമ്മാർത്ഥികളുടെ രഥചക്രം കൊടും ചതിയുടെയും, മറുവാദങ്ങളുടെയും പൂഴിമണ്ണിൽ താഴ്ന്നു പോകുമായിരുന്നു. ഓർക്കുക, നാടു ഭരിക്കുന്നവരുടെ പോലും താൽപര്യങ്ങൾ നീതിക്കു വേണ്ടിയല്ല മറിച്ച് വോട്ടിനും, പണത്തിനും വേണ്ടി മാത്രമാണ്‌ നിലനിൽക്കുന്നത്. അല്ലാത്ത പക്ഷം ദൈവമില്ലെന്നു പറയുന്ന കമ്യൂണിസ്റ്റിനും ഏകദൈവത്തിൽ മാത്രം വിശ്വസിക്കുന്ന സെമിറ്റിക് മതങ്ങളുടെ അണികൾക്കും ശ്രീപദ്മനാഭനോടും, അയ്യപ്പനോടും, ഗുരുവായൂരപ്പനോടുമൊന്നും ചങ്ങാത്തം തോന്നേണ്ട കാര്യമില്ലല്ലോ. ആ തേജോവാടങ്ങളുടെ പരിശുദ്ധിയിൽ ഉപാസകന്മാർക്കോ, ആശ്രിതർക്കോ, ദാസന്മാർക്കോ, ഭക്തന്മാർക്കോ ഇല്ലാത്ത താല്പര്യവും, ആത്മാർത്ഥതയും രാഷ്ട്രീയക്കാർക്കുണ്ടാവുമ്പോൾ അതിനെ സംശയദൃഷ്ടിയോടെയല്ല, അതിനു പിന്നിലെ കുടിലത തിരിച്ചറിഞ്ഞുറപ്പിച്ച തീക്ഷ്ണദൃഷ്ടിയോടെ തന്നെ വേണം നോക്കിക്കാണാൻ.

നായർ സർവ്വീസ് സൊസൈറ്റി, എസ്. എൻ ഡി. പി, പുലയർ മഹാസഭ, വിശ്വകർമ്മ മഹാസഭ... ഇങ്ങനെ പലതായി ചിതറിയും പലപ്പോഴും ഭിന്നിച്ചും നിൽക്കുന്ന ഹൈന്ദവസംഘടനകൾ ഏകമനസ്സോടെ ഒന്നാവുകയാണ്‌ ആദ്യം വേണ്ടത്. അതിനായി എല്ലാ സംഘടനകളിലെയും അംഗങ്ങളെ ഉൾക്കൊള്ളിച്ചു കൊണ്ട് ഇനിയൊരു ട്രസ്റ്റ് തന്നെ രൂപീകരിക്കേണ്ടി വന്നാലും കുഴപ്പമില്ല. എല്ലാ ജാതിസംഘടനകളുടെയും ലയനം എന്നതൊന്നും സ്വപ്നത്തിൽ പോലും കണ്ട് സമയം പാഴാക്കേണ്ടതില്ല. ഇന്നത്തെയെന്നല്ല ഇനിയൊരു നൂറു കൊല്ലത്തേക്കെങ്കിലുമുള്ള നമ്മുടെ സാമൂഹിക വ്യവസ്ഥിതിയിൽ, കുടിലബുദ്ധികളും, കുത്തിത്തിരിപ്പുകാരുമായ ഒരു രാഷ്ട്രീയക്കാരനെങ്കിലും മലയാളമണ്ണിൽ ഉള്ളിടത്തോളം കാലമെങ്കിലും അത്തരത്തിലൊരു ലയനം സാധ്യമല്ല തന്നെ.

ട്രസ്റ്റ് ആയാലും, ഉണ്ടാകാവുന്ന അഴിമതിയുടെ സാദ്ധ്യതയാണ്‌ ഇനി ഉയർന്നു വന്നേക്കാവുന്ന ഉപവാദം. ഇവിടെ ഹൈന്ദവർ ഹൃദയം കൊണ്ടു ചിന്തിക്കേണ്ട ഒരു കാര്യമുണ്ട്. ധനമുള്ളിടത്ത് അഴിമതിയുടെ സാധ്യതയും തീർച്ചയായുമുണ്ടാവും. നിതാന്തജാഗ്രതയ്ക്കപ്പുറം നമുക്കതിനെ പ്രതിരോധിക്കാൻ പോന്ന ശാശ്വതമായ മാർഗ്ഗങ്ങൾ ഒന്നും തന്നെയില്ല. എങ്കിലും ഹിന്ദുവിന്റെ ധനത്തിൽ ഹിന്ദു അഴിമതി കാട്ടിയാലും അവശേഷിക്കുന്നതെന്തെങ്കിലും ഹിന്ദുവിൽ തന്നെ നിലനിൽക്കും. ഞാനീ പറയുന്നത് വർഗ്ഗീയതയാണെങ്കിൽ അതു ഞാനങ്ങു സഹിച്ചു. പക്ഷേ ഒരു ചില്ലിക്കാശു പോലും ഹൈന്ദവർക്കോ, അവർ അനുദിനം പിരിവു നടത്തുന്ന, വെറും ബിസിനസ് സ്ഥാപനം മാത്രമാക്കി മാറ്റിയിരിക്കുന്ന ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിനോ, വികസനത്തിനോ നൽകാതെ കൊള്ളയടിക്കുകയും, അതും പോരാഞ്ഞ് ക്ഷേത്രങ്ങളിൽ നിന്നും ഞങ്ങൾക്കൊന്നും കിട്ടുന്നില്ല പകരം കുറേ കോടികൾ സർക്കാരിൽ നിന്നെടുത്ത് ഹൈന്ദവദേവന്മാർക്കു ചിലവിനു കൊടുക്കുകയാണെന്നു അവകാശപ്പെടുന്ന നന്ദിയും നാണവും കെട്ട സർക്കാരും, അവരുടെ പിണിയാളുകളും ചേർന്നു കൊള്ളയടിക്കുന്നതിലും എന്തു കൊണ്ടും ഭേദം തന്നെയാണ്‌ ഹൈന്ദവസ്വത്ത് ഹൈന്ദവർ തന്നെ കൈകാര്യം ചെയ്യുകയോ, അതു കൊള്ളയടിക്കുകയോ, കയ്യിട്ടു വാരുകയോ എന്തു വേണമെങ്കിലും ചെയ്യുന്നത്. ഇങ്ങനെ പോലുമൊരു ഐകമത്യബോധം നമുക്കിടയിലില്ലാത്തതു കൊണ്ടാണ്‌ സ്വന്തം മണ്ണും, സ്വന്തം ദേവനും കണ്ട അണ്ടന്റെയും അടകോടന്റെയും കാൽക്കീഴിൽ ഞെരിയുമ്പൊഴും, ഭഗവാനു ഭക്തൻ കാണിക്ക സമർപ്പിക്കുന്ന കാശും കൊണ്ട് കൊള്ളക്കാർ പോവുകയും ചെയ്യുമ്പോൾ അക്ഷരം മിണ്ടാൻ ത്രാണിയില്ലാതെ ഹിന്ദുവിന്‌ നിന്നു പോവേണ്ടി വരുന്നത്.

സ്വന്തം കാലിന്നടിയിലെ മണ്ണുറപ്പിച്ചിട്ടു മതി നമുക്ക് ഇതര മതസ്ഥരുടെ കാര്യങ്ങളിൽ കുറ്റം കണ്ടെത്തുകയും, അഭിപ്രായപ്രകടനം നടത്തുകയും ചെയ്യുന്നത്. കടന്നാക്രമണങ്ങളെ ചെറുക്കണമെന്നാണെങ്കിൽ ആദ്യം ചെറുക്കേണ്ടതും, തുരത്തേണ്ടതും യാതൊരു ആത്മാർത്ഥതയുമില്ലാത്ത കുറേ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും കൈകളിൽ നിന്നും നമ്മുടെ ആശ്രയവും, അഭയവും, അഭിമാനവും, അഭിവൃദ്ധിക്കും ഐശ്വര്യത്തിനും കാരണവുമായ നമ്മുടെ ദേവനെയും, ദേവന്റെ സ്വത്തിനെയും സ്വതന്ത്രമാക്കുകയാണ്‌. അതിനുവേണ്ടി സ്വരമുയർത്തി ആഹ്വാനം ചെയ്യുവാൻ ‘സംഘടിച്ചു ശക്തരാവുക’ എന്ന ശ്രീഗുരുദേവ വചനത്തോളം ഉജ്ജ്വലമായ മുദ്രാവാക്യം മറ്റൊന്നില്ല തന്നെ.

No comments: