Tuesday, November 3, 2015

എം. ബി. രാജേഷിനൊരു തുറന്ന കത്ത്

Published on: March 8, 2015

എം ബി രാജേഷ്. നിങ്ങൾ ഒരു പ്രദേശത്തിന്റെ എം പി ആണെന്നാണല്ലോ വയ്പ്പ്.

നാളിതു വരെയായി ആ പ്രദേശത്തിന്റെ വികസനത്തിനു വേണ്ടി, അവിടുത്തെ പട്ടിണിപ്പാവങ്ങളുടെ പുരോഗതിക്കു വേണ്ടി, അവരുടെ ആരോഗ്യം, വിദ്യാഭ്യാസം, ഭക്ഷണം, സുരക്ഷിതത്വം, സ്ത്രീകൾ, കുട്ടികൾ, വൃദ്ധർ, അവിടത്തെ പ്രകൃതി തുടങ്ങി എന്തെങ്കിലും ഒന്നിനു വേണ്ടി ആത്മാർത്ഥമായി എന്തെങ്കിലും ചെയ്ത ചരിത്രം നിങ്ങൾക്കു ചൂണ്ടിക്കാണിക്കാനുണ്ടോ?

എം പി ഫണ്ടു കൊണ്ടു നിർമ്മിച്ച കാഴ്ചവസ്തുക്കളുടെ പേരുകളാണെങ്കിൽ ഒരു നിമിഷം; നാലു ലൈറ്റും ഒരു തൂണുമടങ്ങുന്ന ഹൈമാസ്റ്റ് ലൈറ്റ് പോസ്റ്റിന്‌ അടങ്കൽ തുക പത്തോ അതിലധികമോ ലക്ഷം, പത്തു ലക്ഷത്തോളം ചിലവാക്കിയ വെയിറ്റിംഗ് ഷെഡ്‌, കോടികളുടെ കക്കൂസ്‌ തുടങ്ങിയ എം പി / എം എൽ എ മാരുടെ ക്ലീഷേ നമ്പറുകളല്ലാതെ നിങ്ങളുടെ ആത്മാർത്ഥതയും, അദ്ധ്വാനവും വിലയിരുത്താൻ കഴിയുന്ന ഒരു പ്രവർത്തി, ഒരേയൊരെണ്ണം????? പാലക്കാട്ടു നിന്നും വളരേ ദൂരെയുള്ള കാവാലത്തിരുന്നു കൊണ്ട് നോക്കുമ്പോൾ കാണാൻ തക്ക യാതൊന്നുമില്ലാത്തതു കൊണ്ടു ചോദിച്ചതാണ്‌.

ജനം വോട്ടു ചെയ്തു ജയിപ്പിച്ച എം പി ആയിരിക്കേ, അവരുടെ നന്മയ്ക്കായി പ്രവർത്തിക്കാൻ ബാദ്ധ്യസ്ഥനും, കടപ്പെട്ടവനുമായിരിക്കേ, ജനങ്ങളുടെ പണം ശമ്പളമായും, ഫെസിലിറ്റികളായും എണ്ണി വാങ്ങി പോക്കറ്റിലിട്ടു കൊണ്ട്, അതേ ജനങ്ങളെ കഴുതകളാക്കാൻ വേണ്ടി സ്വന്തം മണ്ഡലത്തിൽ വില കുറഞ്ഞ ഉപവാസനാടകമാടിയ കാപട്യത്തിനുടമയല്ലേ താങ്കൾ?

അതേ സമരം പരമദയനീയമായി പരാജയപ്പെട്ടപ്പോൾ, പ്രധാനമന്ത്രിയുടെ ഗ്രാമങ്ങളെ ദത്തെടുക്കൽ പദ്ധതിയെയും, എം പി ഫണ്ടുകളെയും കുറിച്ചുള്ള ജനങ്ങളുടെ ചോദ്യ ശരങ്ങൾ പൊറുതി മുട്ടിച്ചപ്പോൾ അതേ സമരപ്പന്തലിലിരുന്നു കൊണ്ട് ‘എഴുതിക്കൊടുത്തു, നരേന്ദ്ര മോഡി എന്തു തരുമെന്നു നോക്കാം’ എന്ന നാണം കെട്ട, ഒരു ഉത്തരവാദിത്വപ്പെട്ട ജനപ്രതിനിധിയുടെ വ്യക്തിത്വവും, ക്രിയാശേഷിയും വട്ടപ്പൂജ്യമെന്ന് അടിവരയിടുന്ന പ്രസ്താവന ഫേസ്‌ ബുക്ക് വഴി നടത്തിയ അഭിനവ യുവ തുർക്കിയല്ലേ നിങ്ങൾ?

സഭ കൂടുന്ന മണിക്കൂറുകൾക്ക് ലക്ഷങ്ങൾ ചിലവാക്കി ഭാരതീയ ജനത നിങ്ങൾക്കിരിപ്പിടം നൽകിയ പാർലമെന്റ് മന്ദിരത്തിലെ വിലപ്പെട്ട മണിക്കൂറുകളിൽ, സ്വന്തം മണ്ഡലത്തിൽ പട്ടിണി കിടക്കുന്ന, രോഗം കൊണ്ടും ദാരിദ്ര്യം കൊണ്ടും ദുരിതമനുഭവിക്കുന്ന, പീഡിപ്പിക്കപ്പെടുന്ന, ചൂഷണം ചെയ്യപ്പെടുന്ന ജനവിഭാഗങ്ങളെക്കുറിച്ചു യാതൊന്നും സംസാരിക്കാനില്ലാതെ, ദ്രോണാചാര്യ അവാർഡിന്റെ പേരു മാറ്റുന്നതിനെക്കുറിച്ച് ചോദ്യം ചോദിച്ച കേവലം ശിശുപ്രായനായ അൽപ്പബുദ്ധിക്കുടമയല്ലേ നിങ്ങൾ?

നിങ്ങളെപ്പോലെയുള്ളവരുടെ നേതൃത്വത്തിലും, സാരഥ്യത്തിലും ആടിയുലഞ്ഞ് അടിവേരിളകിപ്പോയ പ്രസ്ഥാനമല്ലേ ഇടതു പക്ഷവും, അതിന്റെ നിഴൽ പറ്റി വളർന്നു പാതി വഴിയിൽ വളർച്ച മുരടിച്ചു നിൽക്കുന്ന എസ് എഫ് ഐ, ഡി വൈ എഫ് ഐ പോലെയുള്ള യുവജനപ്രസ്ഥാനങ്ങളും??? അതേ പ്രസ്ഥാനങ്ങളുടെ ഇന്നത്തെ ശോചനീയാവസ്ഥയും, ആശയ ദാരിദ്ര്യവും, ഇച്ഛാശക്തിയില്ലായ്മയും, അന്തഃസ്സംഘടനാ വിഘടനവും, അതിനു പിന്നിലെ അകം പൊള്ളയായ തത്വശാസ്ത്രവും എന്നേ വഴി പിഴച്ചു പോയ ഉദ്ദേശശുദ്ധിയും വെളിവാക്കുവാൻ, അസ്തിത്വവും, വ്യക്തിത്വവും നഷ്ടപ്പെട്ട നിങ്ങളുടെ പാർട്ടി നടത്തിയ 51 ന്റെ നീചഗണിതം വികൃതമാകിയ ഒരു മനുഷ്യന്റെ മുഖത്തേക്കാൾ വികൃതമായിത്തീർന്ന പ്രസ്ഥാനം ഇന്ന്‌ എഴുന്നള്ളിച്ചു നടക്കുന്ന, നാടു നീങ്ങിയ ഹിന്ദു സന്യാസിമാരുടേയും, ഇല്ല ഇല്ല എന്നു നിങ്ങളും നിങ്ങളുടെ വർഗ്ഗവും നൂറായിരം തവണ ആണയിട്ട ദൈവങ്ങളുടെയും, ദേവാലയങ്ങളുടെയും, ദേവകലകളുടെയും ചിത്രണം ചാർത്തിയ വർണ പോസ്റ്ററുകളും തന്നെ ധാരാളമല്ലേ?

ഇങ്ങനെ നാശത്തിലേക്കു കൂപ്പു കുത്തുന്ന ഒരു സംഘടനയുടെ കാലിക ശക്തിയും പ്രസക്തിയും എത്ര തുച്ഛമെന്നു തിരിച്ചറിയാതെ, അതിനെ ശക്തിപ്പെടുത്തുവാൻ പോന്ന യാതൊന്നും ചെയ്യാതെ ബീഫ്‌ ഫെസ്റ്റിവൽ പോലെയുള്ള വാചാടോപങ്ങളിലും, അതു നൽകുന്ന നാണം കെട്ട പ്രശസ്തിയിലും അഭിരമിക്കുവാൻ നാണമുണ്ടോ നേതാവേ?

അൽപമെങ്കിലും സാമൂഹിക പ്രതിബദ്ധത സ്വന്തമായുണ്ടെങ്കിൽ, സ്വന്തം മണ്ഡലത്തിലെ പാവങ്ങൾക്കു വേണ്ടി എന്തെങ്കിലും ചെയ്യൂ, അവർക്ക് ദിവസം ഒരു നേരത്തെ ഭക്ഷണം ഉറപ്പാക്കൂ, എന്നിട്ടു മതേതരപ്രവർത്തനത്തിലും, മാംസക്കൊതിയന്മാർക്കു മസാലയരയ്ക്കലും, മത-വർഗ്ഗീയ പ്രീണനവും ചെയ്ത് വിപ്ലവം നടത്താം. അതല്ലേ ചെയ്യേണ്ടത് നേതാവേ??? അല്ലേ???

No comments: