Tuesday, November 3, 2015

എൻ എസ് എസ് ജനറൽ സെക്രട്ടറിക്കൊരു തുറന്ന കത്ത്

ബഹുമാനപ്പെട്ട എൻ എസ് എസ് ജനറൽ സെക്രട്ടറി, ശ്രീ സുകുമാരൻ നായർ സാർ...

ഇക്കഴിഞ്ഞ 13 ന് എൻ എസ് എസ് ആസ്ഥാനത്തു വച്ച് ആഘോഷപൂർവ്വം നടന്ന മഹാത്മാഗാന്ധി സർവ്വകലാശാലയുടെ അദ്ധ്യാപക ഇന്റർവ്യൂ സംബന്ധിച്ച് ചിലതൊക്കെ അങ്ങയോടു പറയാതിരിക്കുക വയ്യ.


ഈ ഇന്റർവ്യൂവിന്, ക്ഷണം കിട്ടിയിട്ടും ഒരു അപേക്ഷക അതിൽ പങ്കെടുത്തില്ല. അതു മൂലം അങ്ങയുടെയും ബോർഡിന്റെയും വിലയേറിയ സമയവും, ആ അപേക്ഷകയുടെ ആത്മാഭിമാനവും സംരക്ഷിക്കപ്പെട്ടു. എന്നാൽ, സമുദായോന്നമനത്തിനായി പടുത്തുയർത്തിയ നായർ സർവ്വീസ് സൊസൈറ്റിയുടെ ഉദ്ദേശലക്ഷ്യങ്ങളും, മന്നത്തുപദ്മനാഭൻ എന്ന മഹാത്മാവിന്റെ സ്വപ്നങ്ങളും ഇനിയൊരുയർത്തെഴുന്നേൽപ്പിനു പ്രതീക്ഷയില്ലാത്ത വിധം കുഴിച്ചു മൂടപ്പെടുക കൂടി ചെയ്തു എന്ന് ഞാൻ പറഞ്ഞാൽ അങ്ങേയ്ക്കതു നിഷേധിക്കാനാവുമോ?






ഈ അഭിമുഖത്തിന് വരാതിരുന്ന അപേക്ഷകയുടെ വിദ്യാഭ്യാസയോഗ്യതകളിൽ ഏറ്റവും ഉയരെ നിൽക്കുന്ന ചിലവ, എം.എ യും, ബി എഡും, യു ജി സി യുടെ നെറ്റും (പാസാവാൻ നന്നേ പ്രയാസമുള്ള ഈ പരീക്ഷ രണ്ടു പ്രാവശ്യം -ആദ്യം പാസായതിനു ശേഷം രണ്ടാമത് കൂട്ടുകാരിയുടെ കൂടെ കൂട്ടു പോയി എഴുതിയും- പാസായിട്ടുണ്ട് അവർ) മദ്രാസ് ഐ ഐ ടി യിൽ നിന്നും പി എച്ച് ഡി യും, സ്വന്തമായി അഞ്ചോളം അന്താരാഷ്ട്ര പബ്ളിക്കേഷനുകളും, മൂന്നിലധികം അന്താരാഷ്ട്ര സെമിനാറുകളിൽ അവതരിപ്പിച്ച പ്രബന്ധങ്ങളും, ലോകമറിയുന്ന ഗുരുതുല്യരായ വ്യക്തിത്വങ്ങളുടെ അഭിനന്ദനങ്ങളുമാണ്. ഈ അപേക്ഷക വിദ്യാർത്ഥിനിയായിരിക്കേ, പ്രസിദ്ധീകൃതമായ ഒരു ലേഖനത്തിന്റെ പേരിൽ ആന്ധ്ര യൂണിവേഴ്സിറ്റി, ഗിതം യൂണിവേഴ്സിറ്റി, ആന്ധ്ര ബാ ബാപ്പു സെന്റർ എന്നിവിടങ്ങളിൽ വിവിധ യൂണിവേഴ്സിറ്റികളുടെ വൈസ് ചാൻസലർമാരും, സ്വാതന്ത്ര്യസമരസേനാനികളും, രാഷ്ട്രീയക്കാരുമടങ്ങുന്ന പ്രൗഢമായ സദസ്സുകൾ പ്രത്യേക ക്ഷണിതാവായി സ്വീകരിച്ച് പൊന്നാടയണിയിച്ച് ആദരിക്കുകയും, അഭിനന്ദനങ്ങൾ അർപ്പിക്കുകയും ചെയ്തിട്ടുണ്ട്.





ഇനി, ഈ അപേക്ഷക, അഭിമുഖത്തിനു ക്ഷണം കിട്ടിയിട്ടും അതിൽ പങ്കെടുക്കാതെയിരുന്നത് എന്തു കൊണ്ടെന്നു കൂടി അങ്ങറിയണം. കേവലം ഒരു ഫോൺ കോളിലൂടെ അങ്ങേയ്ക്കറിയാൻ കഴിയും, പത്താം ക്ലാസ്സ് മുതൽ എൻ എസ് എസ്സിന്റെ വകയായിക്കൂടി അവർ നേടിയിട്ടുള്ള സ്കോളർഷിപ്പുകൾ എന്തൊക്കെയെന്ന്. സാമ്പത്തിക പരാധീനതയുടെ പടു കുഴിയിൽ നിന്നും ഇച്ഛാശക്തിയും, കഠിനാദ്ധ്വാനവും കൊണ്ട്, നിരവധിയായ സ്കോളർഷിപ്പുകളും ധനസഹായവും കൊണ്ടു മാത്രം പഠിച്ച് ഈ നിലയിലെത്തിയ ഒരു പ്രതിഭയാണവർ. അതോടൊപ്പം തന്നെ മൂന്നു തവണ കലാതിലകമായി തിരഞ്ഞെടുക്കപ്പെടുകയും,പ്രസിദ്ധീകൃതങ്ങളായ നിരവധി കവിതാനിധികളുടെ ഉടമയുമാണവർ. കീഴ്വഴക്കമനുസരിച്ച് കരയോഗം വഴിയായി ഹെഡ് ഓഫീസിൽ ലഭിക്കേണ്ടതായ ഒരു കത്തിനു വേണ്ടി സമീപിച്ചപ്പോൾ ലഭിച്ച മറുപടി 12 ലക്ഷം രൂപ രൊക്കം നൽകാമെന്ന് ഉറപ്പു തന്നാൽ മാത്രമേ കത്തു തരികയുള്ളൂ എന്നാണ്.
 

 സർ, എനിക്കുറപ്പിച്ചു പറയാൻ കഴിയും, കഴിഞ്ഞ ദിവസം താങ്കളുടെ അഭിമുഖമേശയ്ക്കിപ്പുറം ഞാൻ മുകളിൽ വിവരിച്ചത്ര വിദ്യാഭ്യാസയോഗ്യതയോ, കഴിവുകളോ ഉള്ള ഒരു ഉദ്യോഗാർത്ഥി പോലും ഇരുന്നിട്ടുണ്ടാവില്ലെന്ന്. ഇതേ അപേക്ഷക ഇതിനു തൊട്ടു മുൻപു നടന്ന കേരള യൂണിവേഴ്സിറ്റിക്കു വേണ്ടിയുള്ള ഇന്റർവ്യൂവിൽ താങ്കളടക്കമുള്ള പാനലിനെ അഭിമുഖീകരിച്ചതും ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടതുമാണെന്നു കൂടി ഓർമ്മിപ്പിക്കട്ടെ. പിന്നീട് അതേക്കുറിച്ച് അവിടെ നിന്നും ഒരു അറിയിപ്പും ലഭിക്കാതിരുന്നതിന്റെ കാരണവും ‘പണം കിട്ടാൻ’ ഇടയില്ല എന്ന ബോദ്ധ്യമാണെന്നും കരുതിക്കോട്ടേ?

സ്വന്തം സമുദായത്തിൽ തന്നെയുള്ള, സ്വന്തം അദ്ധ്വാനത്താൽ പഠിച്ചുയർന്നു വന്ന ഒരു അപേക്ഷകയ്ക്ക് പോലും 100% മെറിറ്റ് അനുവദിക്കുമെങ്കിൽ മാത്രം ഒരു ഉദ്യോഗം നൽകാൻ പോലും കഴിയാത്ത ഈ സമുദായസംഘടന എന്തിയാണു സർ ഞങ്ങൾക്ക്? ആരും ഇവിടെ സൗജന്യമൊന്നും ചോദിച്ചിട്ടില്ല. എൻ എസ് എസ് ആവശ്യപ്പെടുന്ന മുഴുവൻ തുകയും പലിശ ചേർത്ത് ശമ്പളം കിട്ടുന്ന മുറയ്ക്ക് തിരിച്ചടയ്ക്കാനുള്ള ഒരു സാവകാശം മാത്രമേ ആ അപേക്ഷകയ്ക്കു വേണ്ടിയിരുന്നുള്ളൂ. അതു പോലും ചെയ്ത് ഒരു സമുദായാംഗത്തെ സഹായിക്കാനോ, അയാളുടെ അഭിമാനകരമായ അദ്ധ്വാനത്തെയും, മെറിറ്റിനെയും അംഗീകരിക്കാനോ, പ്രോത്സാഹിപ്പിക്കാനോ അന്യസംസ്ഥാനത്തെ യൂണിവേഴ്സിറ്റികൾ പോലും സഹർഷം അതു ചെയ്തിട്ടും സ്വന്തം സമുദായത്തിന്റെ തറവാടായ എൻ എസ് എസ്സിനും, ആ തറവാട്ടുകാരണവരായ അങ്ങേയ്ക്കും കഴിയാതെ പോകുന്നുവെങ്കിൽ, ഇവിടെ പരാജയപ്പെട്ടു പോകുന്നത് ആരാണ് സർ? അങ്ങോ? നമ്മുടേ സമുദായമോ? അതോ ഞങ്ങൾ അംഗങ്ങളോ? അതോ ഋഷിതുല്യമായ ജീവിതം നയിച്ച് പിടിയരിയും, ദാനഭൂമിയും വാങ്ങി ഉറുമ്പു കൂട്ടി വയ്ക്കുന്നതു പോലെ നായരുടെ അഭിമാനസൗധത്തിന്റെ ഊടും പാവും ചേർത്തു വച്ച നമ്മുടെ സമുദായാചാര്യൻ ശ്രീ മന്നത്തപ്പൂപ്പനാണോ എൻ എസ് എസ്സിന്റെ ഈ ശോചനീയാവസ്ഥയുടെയും, വ്യവസ്ഥിതിയുടെയും മുൻപിൽ തോറ്റു പോകുന്നത്?

അങ്ങു പറയണം സർ, എൻ എസ് എസ് പ്രസ്ഥാനം നായന്മാർക്കു വേണ്ടി നിലകൊള്ളുന്ന ഒന്നല്ലേ? അല്ലെങ്കിൽ അങ്ങേയ്ക്കതു തുറന്നു പറയാം. ഒരിക്കൽക്കൂടി ഞങ്ങൾ ഒന്നിനും, ഒരാവശ്യത്തിനും എൻ എസ് എസ് സ്ഥാപനങ്ങളുടെയോ കരയോഗങ്ങളുടെയോ പടി ചവിട്ടാതിരുന്നു കൊള്ളാം. അതല്ലയെങ്കിൽ എൻ എസ് എസ്സിന്റെ, അങ്ങ് സാരഥ്യം വഹിക്കുന്ന ഈ ഡയറക്ടർ ബോർഡിന്റെയെങ്കിലും നയമെന്തെന്നു വ്യക്തമാക്കാൻ തയ്യാറാവണം.

ഉന്നതവിദ്യാഭ്യാസമുള്ള, കഴിവുള്ള, ആത്മാഭിമാനമുള്ള വ്യക്തികൾക്ക് യാതൊരു പ്രയോജനവുമില്ലാതെ അങ്ങയെപ്പോലെയുള്ള അധികാരിവർഗ്ഗത്തിനു മുൻപിൽ വന്ന് നട്ടെല്ലു വളയ്ക്കുവാൻ കഴിഞ്ഞെന്നു വരില്ല. അത് അവരുടെ അഹങ്കാരമല്ല, പ്രത്യുത അവർ ആർജ്ജിച്ചെടുത്ത ബോധവും, ബോദ്ധ്യവുമാണെന്നു കൂടി വിനയപൂർവ്വം അറിയിക്കട്ടെ.

സമുദായത്തെ നോക്കി നിരന്തരം പല്ലിളിക്കുന്ന നേതൃത്വത്തിനു മുൻപിൽ ഇതികർത്തവ്യതാമൂഢതയോടെ

ഒരു നാണം കെട്ട നായർ

No comments: