Wednesday, November 4, 2015

റെയിൽവേ...

Published on: November 30, 2014

റെയിൽവേ സൗകര്യങ്ങൾ വർദ്ധിപ്പിച്ചു കൊണ്ട് റെയിൽവേ സ്വകാര്യവൽക്കരിച്ചാൽ, അടിസ്ഥാന സൗകര്യങ്ങൾക്കുള്ള ചിലവുകൾ സാധാരണക്കാരന്‌ താങ്ങാനാവുമോ എന്നത് ഒരു ആശങ്കയാണ്‌. ഇപ്പോൾ തന്നെ പലയിടത്തും പല രീതിയിലാണ്‌. ഉദാഹരണം, ശൗചാലയങ്ങൾ. ഉപയോഗിക്കുന്നതിന്‌ എഴുതി വച്ചിരിക്കുന്ന (റെയിൽവേ നിശ്ചയിരിക്കുന്നത്) തുകയല്ല പല സ്ഥലങ്ങളിലും വാങ്ങുന്നത്. കോൺട്രാക്റ്റ് എടുക്കുന്നവൻ ഒരു ജീവനക്കാരനെ കാവലിരുത്തി, വൈകുന്നേരം നിശ്ചിത തുക തന്നേക്കണം എന്ന് അന്ത്യശാസനവും നല്കി പോയാൽ, പാവം ജീവനക്കാരൻ എന്തു ചെയ്യും? തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലെ ജീവനക്കാരൻ പറഞ്ഞത് ദിവസം എന്തു ചെയ്താലും 1000 രൂപ മുതലാളിക്കു കൊടുക്കണമെന്ന്. അതിനും പുറമേ അയാളുടെ ശമ്പളവും സമ്പാദിക്കണം.

അതു പോലെ കുടിവെള്ളം. കേരളത്തിൽ മാത്രമാണ്‌ കുടിവെള്ളത്തിന്‌ പ്രിന്റഡ് വില ഈടാക്കുന്നതു കണ്ടിട്ടുള്ളത്. അയൽ സംസ്ഥാനങ്ങളിൽ പ്രത്യേകിച്ചു തമിഴ് നാട്ടിൽ ഇരുപതു രൂപയിൽ കുറച്ച് പതിനഞ്ചു രൂപ മാക്സിമം റീട്ടെയിൽ പ്രൈസ് ഉള്ള കുടിവെള്ളം കിട്ടില്ല. ഈ പകൽക്കൊള്ളയ്ക്കെതിരെ പല തവണ സ്വരമുയർത്തേണ്ടി വന്നിട്ടുണ്ട്. അഞ്ചു രൂപയല്ല, പച്ചയായ അനീതിയും മുതലെടുപ്പുമാണ്‌ പ്രശ്നം. റെയിൽവേ സ്വകാര്യവൽകരിച്ചാൽ ഒരു പക്ഷേ ഇത്തരം ചെറുകിട കച്ചവടങ്ങൾ നിന്നെന്നു തന്നെയും വരാം. ഒപ്പം സാധനങ്ങൾക്ക് ഏകീകൃതമെങ്കിലും വളരെ ഉയർന്ന വില നൽകേണ്ടി വരുമെന്ന് നാം ആശങ്കപ്പെടേണ്ടതുണ്ട്. 20 രൂപ വിലയുള്ള ഒരു സോഫ്റ്റ് ഡ്രിങ്കിന്‌ എയർപോർട്ടിൽ നൽകേണ്ട വില അറുപതോ അതിനു മുകളിലോ ആണ്‌. (ഇത് അനുവദിച്ചു കൊടുക്കുന്ന നിയമം ഏതായാലും അത് സാധാരണക്കാരനോട് അനീതി തന്നെയാണ്‌ ചെയ്യുന്നത്)

ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാസ്ഥാപനവും, കുത്തനെ കൂട്ടിക്കൊണ്ടിരിക്കുന്ന ബസ് ചാർജ്ജ് വർദ്ധനയിൽ നിന്ന് സാധാരണക്കാരന്റെ ആകെ ആശ്രയവുമായ റെയിൽ യാത്രാസംവിധാനത്തിൽ അഴിച്ചു പണി നടത്തുമ്പോൾ ഇത്തരം അടിസ്ഥാനകാര്യങ്ങളിൽ കർശനമായ നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാരിനു കഴിയാത്ത പക്ഷം ജനം വലയും എന്നതിൽ സംശയം വേണ്ട.

എന്നാൽ കാലാനുസൃതമായ മാറ്റങ്ങളെ നാം സ്വാഗതം ചെയ്യേണ്ടതുണ്ട്. ചൂഷണങ്ങളെ പ്രതിരോധിക്കാനുള്ള ആർജ്ജവം പലപ്പോഴും നാം കാണിക്കാറില്ലെന്നത് ഒരു ദുഃഖസത്യമാണ്‌. കയറ്റിറക്കു നിരക്കുകളിൽ പോലും ഒരു ഏകീകൃത വ്യവസ്ഥ സംസ്ഥാനത്തിനകത്തു പോലുമില്ലെന്നത് ഒരു ദുഃഖസത്യമാണ്‌. എല്ലാവർക്കും ഒരു പോലെ വാചകമടിച്ചും, വില പേശിയും തുക കുറക്കാനുള്ള കഴിവും സാമർത്ഥ്യവുമില്ലെന്നിരിക്കേ, ഒരു ട്രോളിക്ക് ഇത്ര ഒരു കെട്ടിന്‌  ഇത്ര എന്നൊക്കെ എഴുതി വയ്ക്കാതെ അതിന്‌ ഒരു ഉദ്യോഗസ്ഥനെ തന്നെ നിയമിക്കുകയോ, സ്റ്റേഷനിൽ ഡ്യൂട്ടിയിലുള്ള പോലീസ്‌ ഉദ്യോഗസ്ഥരെ തൂക്കത്തിന്‌ ആനുപാതികമായി പണം സ്വീകരിച്ച് സാധനം കയറ്റി ഇറക്കാൻ അധികാരപ്പെടുത്തുകയും അതിന്‌ ലിഖിതമായ ഒരു വ്യവസ്ഥ ഉണ്ടാക്കി പ്രദർശിപ്പിക്കുകയും, അത് കമ്പ്യൂട്ടർ വഴി നടപ്പാക്കുകയും (തൂക്കം. തുക എന്നിവയടക്കം) ചെയ്യാൻ സാധിച്ചാൽ അത് ജീവിതത്തിന്റെ കെട്ടുഭാണ്ഡങ്ങളും ചുമന്ന് നെട്ടോട്ടമോടുന്ന സാധാരണക്കാരന്‌ വലിയൊരു ആശ്വാസമാവും. (പ്രീ പെയ്ഡ് ഓട്ടോ സംവിധാനം മാതൃകയാക്കാവുന്നതാണ്‌. എന്നാൽ അവിടെ പലയിടങ്ങളിലും -ഉദാഹരണം ചെന്നൈ- നടക്കുന്ന ഒത്തുകളി തടയപ്പെടാൻ ഉന്നത അധികാരികൾ ശ്രദ്ധിക്കുകയും വേണം), പരിസര ശുചിത്വം, ഭക്ഷണങ്ങളുടെ നിലവാരവും, ശുചിത്വവും, സുരക്ഷ തുടങ്ങിയ കാര്യങ്ങളിലും ശ്രദ്ധ ചെലുത്തേണ്ടതാണ്‌. കമ്പാർട്ട്മെന്റിൽ മദ്യപിച്ചിട്ടു കയറുന്നതും, പുക വലിക്കുന്നതും അന്വേഷിക്കേണ്ട ചുമതല ഞങ്ങൾക്കില്ല എന്നാണ്‌ കഴിഞ്ഞ റിപ്പബ്ളിക് ദിനത്തിൽ ‘ഗാന്ധി’ എന്നു പേരുള്ള ഒരു പോലീസ് എ എസ് ഐ തിരുവനന്തപുരം ചെന്നൈ വണ്ടിയിൽ ഞങ്ങളോട് പറഞ്ഞത് ! പരാതിപ്പെട്ടാൽ വാദി പ്രതിയാവുകയേ ഉള്ളൂ. എന്നിട്ടും ഗാന്ധി എന്ന പേരിൽ റിപ്പബ്ളിക് ദിനത്തിൽ തന്നെ ഒരുത്തൻ ഈ വർത്തമാനം പറഞ്ഞത് അങ്ങു ഡെൽഹി വരെ എഴുതി അറിയിച്ചിട്ടും ഒരു സാറന്മാരും പ്രതികരിച്ചില്ല എന്നത് ഒരു അത്ഭുതമേയല്ല. ഇത്തരം കയറൂരി നടക്കുന്ന ഉദ്യോഗസ്ഥരെയും നിലക്കു നിർത്താൻ സർക്കാരിനു കഴിയണം. അല്ലാത്തിടത്തോളം ഹൈ ടെക് റെയിൽവേ സ്റ്റേഷനുകൾ ഹൈടെക് ചൂഷണത്തിനു വേദിയാകാനുള്ള സാദ്ധ്യത വളരെ വളരെ കൂടുതലാണ്‌...

NB: ഇനിയിപ്പോ പ്രധാനമന്ത്രി വന്ന് റെയിൽവേയുടെ കക്കൂസിനു കാവലിരിക്കണമെന്ന് കൂടി പറഞ്ഞേക്കരുത്. ഇതൊക്കെ നോക്കിയും കണ്ടും നടപ്പാക്കാനാണ്‌ ജനം ശമ്പളം കൊടുത്ത് ഉദ്യോഗസ്ഥന്മാരെ വച്ചിരിക്കുന്നത്...

No comments: