Tuesday, November 3, 2015

സനാതനധർമ്മത്തിന് ശത്രുവുണ്ടോ?

Published on: December 21, 2014

എന്നെപ്പോലെയൊരു കീടത്തിന്റെ സംരക്ഷണം സനാതനധർമ്മത്തിനോ, സച്ചിദാനന്ദനായ പരമാത്മാവിനോ ആവശ്യമില്ല. അതേക്കുറിച്ചെനിക്ക് ഉത്കണ്ഠയും ലവലേശമില്ല. പക്ഷേ, എന്റെയും സഹജീവികളുടെയും സ്വതന്ത്രവും, സമാധാനപൂർവ്വവുമായ ആരാധനാനുഷ്ഠാനങ്ങൾക്കും ജീവിതത്തിനും സംരക്ഷണം നേടുന്നതിനായുള്ള ഒരു കൂട്ടം സജ്ജനങ്ങളുടെ തീവ്രയജ്ഞത്തിൽ ഞാൻ ശ്രദ്ധാലുവാണ്‌.

ചുരുങ്ങിയ കാലം കൊണ്ട് ബോദ്ധ്യം വന്ന ഒരു കാര്യം, ഹൈന്ദവർക്കെന്നല്ല ഒരു മതവിഭാഗത്തിൽ പെട്ടവരുടെയും ശത്രുക്കൾ, ഒരിക്കലും മറ്റു മതസമൂഹങ്ങളല്ല എന്നതാണ്‌. മഹോന്നതമായ ആശയങ്ങളും സഹജീവിസ്നേഹവും ഉയർത്തിപ്പിടിക്കുന്നവ തന്നെയാണ്‌ ഗീതയും, ഖുർ ആനും, ബൈബിളും. (ഇതര മതഗ്രന്ഥങ്ങളിൽ ഇവ രണ്ടുമേ എനിക്കു പഠിക്കാൻ അവസരം കിട്ടിയിട്ടുള്ളൂ) ഉദാത്തമായ മാനവികതയും, സാഹോദര്യവും കരുണയും വിളംബരം ചെയ്യുന്ന പ്രസ്തുത ഗ്രന്ഥങ്ങളെ അറിഞ്ഞാദരിക്കുന്ന ഒരു ഹിന്ദുവോ, ക്രിസ്ത്യാനിയോ, മുസൽമാനോ പരസ്പരം ശത്രുത വച്ചു പുലർത്തുന്നില്ല എന്നതൊരു
വാസ്തവവും, അതെന്റെ അനുഭവവുമാണ്‌.

എന്നാൽ വിവിധ മതനാമധാരികളായ, ഇതിലെ യാതൊരു നന്മയെയും തത്വത്തിൽ ഉൾക്കൊണ്ടിട്ടില്ലാത്ത കുറേ അസുരജന്മങ്ങളാണ്‌ ഇതേ മതങ്ങളുടെ പേരു പറഞ്ഞ് പരസ്പരം പട നയിക്കുന്നത്. മതേതരന്മാർ എന്ന മുഖാവരണമണിഞ്ഞിരിക്കുന്നവരും ഇക്കാര്യത്തിൽ വ്യത്യസ്തരല്ല. ഇവർക്ക് ഒരു ദൈവത്തിലും വിശ്വാസവുമില്ല, അവനവനോടു പോലും കൂറുമില്ല. അവനവൻ കാലുറപ്പിച്ചു നിൽക്കുന്ന മണ്ണിൽ വിധ്വംസകപ്രവർത്തനത്തിലേർപ്പെടുക, അതിൽ നിന്നു കിട്ടുന്ന നീചമായ ആനന്ദത്തിൽ സ്വയം അഭിരമിക്കുക എന്ന ഗൂഢലക്ഷ്യം മാത്രമേ ഇക്കൂട്ടർക്കുള്ളൂ. ഇത്തരം നികൃഷ്ട ജന്മങ്ങളെയാണ്‌ നാം തിരിച്ചറിയേണ്ടത്.

ഒരു ഉപനിഷദ്‌വാക്യത്തിന്റെ പോലും അർത്ഥമറിയാത്തവരും, ഒരു ക്രിസ്തുവചനത്തിന്റെ പോലും സത്യം തിരിയാത്തവരും, ഒരു ഹദീസു പോലും അർത്ഥമറിഞ്ഞോതിയിട്ടില്ലാത്തവരും കേവലം പേരു കൊണ്ടു മാത്രം പ്രസ്തുത മതത്തെ പ്രതിനിധീകരിക്കുകയും, പരസ്പരദ്വേഷണത്തിനായി ആ മതനാമത്തെയും, വളച്ചൊടിച്ചു മലീമസമാക്കിയ മഹദ്‌വചനത്തെയും ഉപയോഗിക്കുമ്പോൾ നിഷ്കളങ്കരായ മറ്റുള്ളവർ കൂടി അതിൽ പ്രതി ചേർക്കപ്പെടുന്നു. മതമല്ല മനുഷ്യനെ മയക്കുന്ന കറുപ്പ്, മതത്തിന്റെയും പൊള്ളയായ തത്വശാസ്ത്രത്തിന്റെയും, നിരീശ്വരവാദമടക്കമുള്ള അരാജകവാദങ്ങളുടെയും പേരു പറഞ്ഞ് ജനഹൃദയങ്ങളിൽ മാലിന്യം നിറക്കുന്ന കറുപ്പിന്റെ സന്തതികളാണ്‌ എല്ലാ മതങ്ങളുടെയും, സമാധാനം കാംക്ഷിക്കുന്ന രാജ്യങ്ങളുടെയും നിത്യാന്ധകാരമെന്നു തിരിച്ചറിഞ്ഞ് അവരെ ഒറ്റപ്പെടുത്താത്തിടത്തോളം നാം ഇരുട്ടിൽ തപ്പുകയേ ഉള്ളൂ.

പരിശുദ്ധ കന്യകാമറിയത്തിന്റെ ചാരുവിഗ്രഹത്തിനു മുൻപിൽ പരാത്പരയായ സാക്ഷാൽ ത്രിപുരസുന്ദരിയെ ദർശിക്കാൻ കഴിയുന്നവനാണ്‌ യഥാർത്ഥ ഹിന്ദു. (ആ അനുഭവത്തെക്കുറിച്ച് ശ്രീരാമകൃഷ്ണദേവനാണെന്നു തോന്നുന്നു രേഖപ്പെടുത്തിയിരുന്നത് ഓർമ്മയിലുണ്ട്) ദേവാലയത്തിലെ കച്ചവടക്കാർക്കുമേൽ പ്രഹരമേൽപ്പിച്ച ദൈവപുത്രന്റെ ചമ്മട്ടിയിൽ, അധർമ്മധ്വംസനത്തിനായി ചമ്മട്ടിയേന്തി പാർത്ഥന്റെ സാരഥിയായ രാജീവലോചനന്റെ ദിവ്യകാരുണ്യം ദർശിക്കുന്നിടത്ത് തീർന്നു മതങ്ങൾ തമ്മിലുള്ള വേലി. ആ വിശാലകാഴ്ചപ്പാടിൽ നിന്നും ഉണർന്നു പ്രകാശിക്കുന്ന സർവ്വമത സാഹോദര്യത്തിനേ ഭാരത മണ്ണിൽ ജീവനും ജീവിതവുമുള്ളൂ. അല്ലാതെ എല്ലാ മതങ്ങളെയും പാടേ നിരസിക്കുന്നുവെന്നു വീമ്പിളക്കുകയും ഒരു മതസംഹിതക്കും ഉൾക്കൊള്ളാൻ കഴിയാത്ത വിഷം സമൂഹത്തിൽ പടർത്തുകയും ചെയ്യുന്നത് വെറും വ്യാജമായ മാനവസേവാപ്രദർശനമാണ്‌. മാധവസേവ മാനവസേവനത്തിലൂടെയെന്ന മനോഹരസങ്കൽപ്പത്തിന്റെ പ്രാധാന്യം, ഓരോ മനുഷ്യനിലും മാധവനെയാണ്‌ കാണുന്നത് അല്ലാതെ തന്റെ ഔദാര്യാർത്ഥികളായ വിധേയനെയല്ല എന്നതാണ്‌. അപ്പോൾ ചെയ്യുന്ന സേവനത്തിൻൽ നിഷ്കപടതയും, ശ്രദ്ധയും തെളിഞ്ഞു വരും.

നിഷ്കളങ്കരായ മതവിശ്വാസികളിൽ ചിലർ പരസ്പരം പക കാത്തു സൂക്ഷിക്കുന്നുണ്ടെങ്കിൽ അതിനു കാരണം മതമല്ല നേരേ മറിച്ച് ആ മതതത്വങ്ങളെ അതിവിദഗ്ദ്ധമായി തെറ്റിദ്ധരിപ്പിക്കപ്പെടുകയും, ശത്രുസ്ഥാനത്ത് നിർദ്ദോഷികളായ മറ്റു മതസ്ഥരെ അവരോധിക്കുകയും ചെയ്ത കുശാഗ്രബുദ്ധികൾ മാത്രമാണ്‌.

സമഭാവന ഉണ്ടാവുക എന്നതാണ്‌ സാഹോദര്യവും, സഹവർത്തിത്വവും, സഹകരണവും നിലനിർത്തുവാനുള്ള മാർഗ്ഗം. അല്ലാതെ സമൂലം എതിർക്കുന്നതല്ല. എന്നു കരുതി അനാവശ്യമായ കടന്നുകയറ്റങ്ങളെ കണ്ടില്ലെന്നു നടിക്കേണ്ട കാര്യമില്ല എന്ന തോന്നലിലാണ്‌ അനുഭവങ്ങൾ കൊണ്ടെത്തിച്ചിരിക്കുന്നത്. അതുകൊണ്ട് മതേതരന്റെ ആട്ടിൻതോലിനേക്കാൾ എന്തുകൊണ്ടും നല്ലത് മതവിശ്വാസിയായ ധർമ്മചാരിയുടെ സിംഹമുഖം തന്നെയാണ്‌ എന്നാണെനിക്കു തോന്നുന്നത്.

ഉത്തിഷ്ഠത ജാഗ്രത പ്രാപ്യവരാൻ നിബോധത. ഉത്തിഷ്ഠഭാരതഃ

No comments: