Tuesday, November 3, 2015

പൂടവിചാരം

അനീതി ഏതു മറ്റവൻ കാണിച്ചാലും അത് അനീതി തന്നെയാണ്‌.

നിത്യജീവിതത്തിൽ നാം ഉദാസീനതയോടെ കണ്ണടച്ചു വിടുന്ന ഒരു കൊടും അനീതിയാണ്‌ ബാർബർ ഷോപ്പുകളിലെ സേവനനിരക്കുകൾ. ‘രോമം വടിക്കുന്നവനോട് കണക്കു പറയണ്ട’, ‘നാണക്കേട്‌’ തുടങ്ങിയ മനുഷ്യന്റെ കോംപ്ലക്സുകളെ ഇത്രയധികം അനുകൂലമാക്കി, മുതലെടുക്കുന്ന മറ്റൊരു തൊഴിൽ മേഖല ഇല്ലെന്നു തന്നെ പറയാം.

ഏതാനും നാളുകൾക്കുള്ളിൽ തലവെട്ടു കൂലി കഴുത്തുവെട്ടായി മാറിയത് പലരും ശ്രദ്ധിച്ചിട്ടുണ്ടാവില്ല, അഥവാ കാണാത്ത ഭാവം നടിക്കുന്നതിനു പിന്നിൽ മേൽപ്പറഞ്ഞ കോംപ്ലക്സ് (അല്ലാതിതിനെ മറ്റെന്തു പേരിട്ടു വിളിക്കണം?) മാത്രമാവാം.

15 മിനിറ്റ് ജോലിക്ക് 70 രൂപ മുതൽ മുകളിലോട്ട് ലഭിക്കുന്ന മറ്റേതൊരു സാധാരണ തൊഴിൽ മേഖലയാണ്‌ ഇന്ന് നമ്മുടെ നാട്ടിൽ നിലവിലുള്ളത്? ഗൾഫ് മേഖലകളിലെ ചാർജ്ജിന്‌ ഒപ്പമോ, അതിൽ കൂടുതലോ ആണ്‌ ഇന്ന് കേരളത്തിലെ കട്ടിംഗ് ആൻഡ് ഷേവിംഗ് ചാർജ്ജ്.

ഇതൊക്കെ കണ്ണടയ്ക്കുമ്പൊഴും എത്ര ചിന്തിച്ചിട്ടും ന്യായീകരണം കണ്ടെത്താൻ കഴിയാത്ത അനീതി, മുടി വെട്ടുന്നതിന്‌ 70 രൂപ ചാർജ്ജുള്ളപ്പോൾ, അതിന്റെ പകുതി പോലും പണിയോ, സമയമോ, കത്രിക തുടങ്ങിയവയുടെ തേയ്മാനം മുഖവിലയ്ക്കെടുത്താൽ അതു പോലുമോ ആവശ്യമില്ലാത്ത, കേവലം ഒരു മുറി ബ്ലേഡ് കൊണ്ട് കാര്യം സാധിക്കുന്ന മൊട്ടയടിക്കലിന്‌ ഈടാക്കുന്ന തുക 100 മുതൽ മുകളിലോട്ടാണ്‌. എന്തു ന്യായീകരണമാണിതിനുള്ളത്? തുടർന്നു വരുന്ന ഏതാനും മാസങ്ങൾ തനിക്കു നഷ്ടമാവുന്ന വെട്ടലിന്റെ (വെട്ടിക്കലിന്റെ) നഷ്ടപരിഹാരം മുൻകൂറായി ഇരയിൽ നിന്നും (അതേ, ഇര മാത്രമാകുന്നു നമ്മൾ) ഈടാക്കുന്ന കൊടും അനീതി അല്ലാതെ മറ്റെന്താണിത്?

വെട്ടുന്നവനല്ലാതെ വെട്ടിക്കുന്നവനും, വെട്ടിക്കപ്പെടുന്നവനും അസോസിയേഷനും, യൂണിയനും മണ്ണാങ്കട്ടയുമൊന്നും ഇല്ലെന്നതാവുമോ ഈ പകൽക്കൊള്ളയുടെ പ്രേരകയാഥാർത്ഥ്യം?

No comments: