Tuesday, November 3, 2015

എന്തും വിളിച്ചു കൂവാനുള്ള ലൈസൻസായി ഗ്രന്ഥരചനയെ കാണുന്നവർ

മുൻ ഐ പി എസ് ഉദ്യോഗസ്ഥനായിരുന്നു എന്നു പറയപ്പെടുന്ന എസ്. എം. മുഷ്‌രിഫ് എന്നൊരു മഹാൻ എഴുതിയ കർക്കരയെ കൊന്നതാര്‌ എന്നൊരു പുസ്തകം (ചവറ്‌) കയ്യിൽ കിട്ടി. മുംബൈ ഭീകരാക്രമണത്തിന്റെ നിഗൂഢതകൾ വെളിവാക്കുന്നുവെന്ന ടാഗ് ലൈനോടു കൂടിയ പത്തിരുനൂറ്റമ്പതോളം പേജുകൾ വരുന്ന ശുദ്ധ അസംബന്ധം അച്ചടിവർഗ്ഗീയവാദത്തിന്റെയും തീവ്രവാദോന്മുഖമായ അസത്യപ്രചാരണത്തിന്റെയും ഒന്നാന്തരം ഉദാഹരണമായാണ്‌ തോന്നിയത്.

കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയെയും മറ്റു രഹസ്യാന്വേഷണ ഏജൻസികളെയും പ്രത്യക്ഷത്തിൽ അവഹേളിക്കുകയും വെല്ലുവിളിക്കുകയും ചെയ്തിരിക്കുന്ന പ്രസ്തുത (വി)കൃതി കഷ്ടപ്പെട്ടു സമർഥിക്കാൻ ശ്രമിച്ചിരിക്കുന്നത് താഴെ പറയുന്ന കാര്യങ്ങളാണ്‌.

1. മുംബൈ ഭീകരാക്രമണം സംഘപരിവാറിന്റെ - അതായത് ബ്രാഹ്മണരുടെ - ആസൂത്രണമായിരുന്നു.

2. മുംബൈ ഭീകരാക്രമണത്തിൽ കർക്കറെയെ കൊന്നത് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ ചുമതലപ്പെടുത്തിയ ബ്രാഹ്മണരായിരുന്നു

3. ഇന്റലിജൻസ് ബ്യൂറോ ബ്രാഹ്മണർ നയിക്കുന്ന ഹിന്ദുരാഷ്ട്രം കെട്ടിപ്പടുക്കാനുള്ള അജണ്ടയോടെ നടത്തുന്ന ഏജൻസിയാണ്‌.

4. അജ്മൽ കസബ് എന്ന ഭാരതം തൂക്കിലേറ്റിയ തീവ്രവാദിയെ നേപ്പാളിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

5. അജ്മൽ കസബ് മുംബൈ ഭീകരാക്രമണത്തിൽ പങ്കെടുത്തിട്ടേയില്ല

6. കസബിനെ നേപ്പാളിൽ നിന്നു പിടി കൂടി ഈ ആക്രമണത്തിൽ പ്രതി ചേർക്കുകയായിരുന്നു.

7. കസബിന്റെ ചിത്രങ്ങൾ പോലും ഇന്റലിജൻസ് ബ്യൂറോ കൃത്രിമമായുണ്ടാക്കി തെളിവായി ചേർക്കുകയായിരുന്നു.

8. മുംബൈ ആക്രമണം നടത്തിയത് ഭാരതീയരായ ഹിന്ദു തീവ്രവാദികളായിരുന്നു.

9. മുംബൈ ഭീകരാക്രമണത്തിന്റെ ആകെ ലക്ഷ്യം കർക്കറെയെ കൊല്ലുക എന്ന ഇന്റലിജൻസ് ബ്യൂറോയുടെ -അഥവാ ബ്രാഹ്മണരുടെ- അജണ്ട മാത്രമായിരുന്നു.

10. അതിൽ സർക്കാരും, മാധ്യമങ്ങളും, കോടതിയും, അന്വേഷണ ഏജൻസികളുമെല്ലാം മനഃപ്പൂർവ്വം ഒരു സമുദായത്തെ താറടിച്ചു കാണിക്കാൻ വേണ്ടി നടത്തിയ ശ്രമമല്ലാതെ മറ്റൊന്നുമില്ല.

ഇവന്റെ തലക്കകത്ത് കളിമണ്ണാണെന്നല്ല ഏതോ കൂടിയ ഇനം വിഷമാണെന്നു വേണം പറയാൻ. ഇത്രയും പരസ്യമായി തോന്നിവാസം പടച്ചു വിട്ടിട്ട് ഇത് ശ്രദ്ധയിൽ പെടാഞ്ഞോ അതോ വില കൽപ്പിക്കേണ്ടതില്ലെന്നു കരുതിയോ ഇയാൾ അറസ്റ്റ് ചെയ്യപ്പെടാത്തത്? അജ്മൽ കസബ് തോക്കുമേന്തി ആക്രമണം അഴിച്ചു വിടുന്നതിന്റെ ഫോട്ടോയും വീഡിയോയും നാമെല്ലാം കണ്ടതാണ്‌. അവനെ നർക്കോ അനാലിസിസിനു വിധേയനാക്കുന്ന വീഡിയോ ഇപ്പൊഴും ഇന്റർനെറ്റിൽ ലഭ്യമാണ്‌. കോടതിയിലും, മറ്റ് ചോദ്യം ചെയ്യലുകളിലുമെല്ലാം അവൻ കുറ്റം സമ്മതിച്ചതുമാണ്‌. എന്നിട്ട് ഇയാൾ പറയുന്നു അവൻ നിരപരാധിയും, നേപ്പാളിൽ നിന്നു പിടി കൂടിയവനും, പോലീസ് കസ്റ്റഡിയിൽ വച്ച് കുറ്റം സമ്മതിപ്പിച്ചതുമാണെന്ന്‌.

ഇയാൾ ആരെയാണ്‌, ഏതു മുഖമാണ്‌ രക്ഷിക്കാൻ ശ്രമിക്കുന്നത്? ഇയാൾ എങ്ങനെ ഇത്ര കാലം പൊലീസ് സർവ്വീസിൽ ജോലി ചെയ്തു എന്നത് അത്യന്തം അത്ഭുതമുളവാക്കുന്നു. ഭാരതത്തെ ഞെട്ടിച്ച ഒരു കൊടും തീവ്രവാദിയെ വെള്ള പൂശിക്കൊണ്ട് ഒരു രാജ്യത്തെ നീതിന്യായവ്യവസ്ഥയെയും, ദേശീയ അന്വേഷണ ഏജൻസികളെയും കരി വാരിത്തേയ്ക്കാനും, ഒരു സമുദായത്തെ അപകീർത്തിപ്പെടുത്താനും മാത്രമുള്ളതായിരുന്നോ ഈ പുസ്തകം? അതുമല്ല മറ്റേതെങ്കിലും രഹസ്യ അജണ്ട ഇതിനു പിന്നിലുണ്ടോ? രാജ്യത്തെ ജനങ്ങളുടെയിടയിൽ തെറ്റിദ്ധാരണ പരത്താനും, അസ്വസ്ഥത നിറയ്ക്കാനുമുള്ള സംഘടിത ശ്രമങ്ങളോടു ചേർത്തു വായിക്കണം ഇത്തരം രാജ്യദ്രോഹപരമായ നീക്കങ്ങളെ.

സാധാരണ ഏതൊരു ഗ്രന്ഥകർത്താവും തന്റെ പുസ്തകത്തിൽ സ്വന്തം വിലാസവും, ഫോട്ടോയും രേഖപ്പെടുത്തുന്ന ഇക്കാലത്ത് ഇതു രണ്ടുമില്ലാതെ തലയും വാലുമില്ലാത്ത ഒരു പൊത്തകം പടച്ചു വിട്ടിരിക്കുന്ന ഭീരുത്വമാണ്‌ ഈ ചവറു ബുക്കിന്റെ ആകെ മൊത്തം മുഖലക്ഷണം. മലയാളത്തിൽ പ്രസിദ്ധീകരിച്ചിരിക്കുന്നതോ തേജസ്‌ പബ്ലിക്കേഷൻസ്‌. 120 രൂപാ കൊടുത്ത് ഈ അസംബന്ധം വാങ്ങി വായിച്ചവനൊക്കെ തലയ്ക്ക് ഓളമാണെന്നേ പറയാൻ നിവൃത്തിയുള്ളൂ.

ഗ്രന്ഥകർത്താവിനും, പ്രസാധകർക്കുമെതിരേ രാജ്യദ്രോഹത്തിനും, അപകീർത്തിക്കും ചുമത്താവുന്ന വകുപ്പുകളൊക്കെ ചുമത്തി കേസെടുക്കുകയാണ്‌ വേണ്ടത്.

No comments: