Wednesday, November 4, 2015

ചുംബനാഭാസം

Published on: November 5, 2014

സമരം! സമരമെന്ന വാക്കു കേൾക്കുമ്പോൾ പെട്ടെന്ന് മനസ്സിലെത്തുന്നത് ഒരു വശത്ത് നീതിയും, മറുവശത്ത് അനീതിയുമാണ്‌. സമരങ്ങൾ ഒന്നുകിൽ നീതിക്കുവേണ്ടി, അതുമല്ലെങ്കിൽ അനീതിക്കു വേണ്ടിയാണ്‌ എക്കാലത്തും ഉണ്ടായിട്ടുള്ളത്. എന്നാൽ സമരമെന്ന പേരിട്ടുകൊണ്ട് കഴിഞ്ഞ ദിവസം മറൈൻ ഡ്രൈവിൽ അരങ്ങേറിയ ആഭാസത്തെ പ്രസ്തുത പേരിട്ടു വിളിക്കുന്നതിലെ യുക്തിയെന്തെന്ന് ചിന്തിച്ചു പോകുന്നു.

ഇവർ പറയുകയും, പ്രചരിപ്പിക്കുകയും ചെയ്യുന്നതുപോലെ പ്രണയിക്കാനോ, ചുംബിക്കാനോ വേണ്ടിയുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമര... സോറി ആഭാസമേ ആയിരുന്നില്ല അത്. എന്നാൽ അതിന്‌ കാരണമായിപ്പറയുന്ന, ഹോട്ടൽ പ്രശ്നത്തിനെതിരേ നടന്ന ജനരോഷത്തിന്റെ കാര്യകാരണങ്ങളിലേക്ക് ജനശ്രദ്ധ തിരിയാതിരിക്കാനും, കൂടുതൽ അന്വേഷണങ്ങൾ ഉണ്ടാവാതിരിക്കാനും വേണ്ടിയുള്ള ബുദ്ധിപൂർവ്വമുള്ള നീക്കമായിരുന്നില്ലേ അതെന്ന് ന്യായമായും സംശയിക്കുന്നു.

ഇനി അഥവാ ചുംബനസ്വാതന്ത്ര്യം തന്നെയാണ്‌ വിഷയം എന്നിരിക്കട്ടെ, നടുറോഡിൽ ചുംബിക്കാനും, ഭോഗിക്കാനും മറ്റുമുള്ള സ്വാതന്ത്ര്യം തടയപ്പെടേണ്ടത് തന്നെയാണ്‌. ആരും ചെയ്യാത്ത കാര്യങ്ങളൊന്നുമല്ല ഇത്. എന്നാൽ ഓരോന്നിനും അതിന്റേതായ ഇടങ്ങളുണ്ട്. സ്വാതന്ത്ര്യമെന്ന പേരിൽ അവനവന്റെ സ്വന്തം വീടാണെങ്കിൽ കൂടി ആരും സ്വീകരണമുറിയിൽ മലമൂത്രവിസർജ്ജനം ചെയ്യാറില്ലല്ലോ? അച്ഛൻ മകളെ ചുംബിക്കുന്നതു പോലെയോ, സഹോദരൻ സഹോദരിയെ ചുംബിക്കുന്നതു പോലെയോ അല്ലേ ഇത് എന്നു ചോദിക്കുന്നവരോട്, അവരിടെ അച്ഛനമ്മമാർ അവരുടെ മുൻപിൽ വച്ചും പൊതു നിരത്തിൽ വച്ചും ചുംബിക്കാറുണ്ടോ എന്ന് മറു ചോദ്യം ചോദിക്കുകയേ നിവൃത്തിയുള്ളൂ.

ചില അലവലാതി പെണ്ണുമ്പിള്ളമാരും, അധഃപ്പതിച്ച കുടിയന്മാരുമുണ്ട്, തങ്ങളുടെ പ്രവർത്തിയെ ആരെങ്കിലും വിമർശിക്കാനിടയായാൽ, ഒന്നുകിൽ തുണി പൊക്കി കാണിക്കും, അല്ലെങ്കിൽ തെറി വിളിക്കും. ഈ അവസരങ്ങളിൽ മാന്യന്മാർ അവരെ അവരുടെ വഴിക്കു വിട്ടിട്ട് സ്ഥലം കാലിയാക്കുകയാണ്‌ പതിവ്‌. ഈ ചുംബന ആഭാസത്തിനു പിന്നിലെ മനഃശ്ശാസ്ത്രവും മറ്റൊന്നല്ല. കിട്ടിയ അവസരം മുതലാക്കിക്കളയാമെന്ന് ഞരമ്പുരോഗികളും, തൊലിയുടെ സ്ഥാനത്ത് ഒട്ടുപാലും, സർവ്വോപരി കാര്യമായ സാംസ്കാരികവൈകല്യം ബാധിച്ചവരുമായ കുറേയെണ്ണം തീരുമാനിക്കുക കൂടി ചെയ്തപ്പോൾ കേരളം കണ്ട ഏറ്റവും വലിയ ആഭാസനാടകത്തിന്‌ വേദിയാകുവാനുള്ള ദുർവ്വിധി മറൈൻ ഡ്രൈവിനെ തേടിയെത്തി.

ഒരു തൊഴിലുമില്ലാത്ത, അടക്കിപ്പിടിച്ച വൈകൃതഭാവനകളുടെ വിഷപാതവും മനസ്സിൽ പേറി നടക്കുന്ന കുറേയെണ്ണം അതിന്‌ ചൂട്ടുപിടിക്കാനും, പ്രസംഗം നടത്താനും കൂടി മുൻപോട്ടു വന്നപ്പോൾ മാധ്യമങ്ങൾക്ക് രണ്ടു ദിവസത്തേക്ക് പേജ് നിറയ്ക്കാൻ മറ്റ് അമേദ്ധ്യങ്ങൾ ചികയാതെ കഴിക്കാൻ പറ്റി.

ഇത്തരം ആഭാസങ്ങളെ പിൻതാങ്ങിക്കൊണ്ട് മുൻപോട്ടു വരുന്ന രാഷ്ട്രീയ-സാമൂഹിക നേതാക്കന്മാരെ സൂക്ഷിക്കേണ്ടതുണ്ട്. ഒരു യുവനേതാവ്‌ (ഈ യുവാവിന്‌ പത്തു നാല്പ്പതു വയസ്സു കഴിഞ്ഞു കാണും - എന്നാലും ആളെ മനസ്സിലാകാൻ പറഞ്ഞെന്നേയുള്ളൂ) ഇതിനേച്ചൊല്ലി അസഹനീയമായ വേദനയുമായി കഴിയുകയാണെന്നു കേട്ടു. ഇങ്ങനെയുള്ളവർക്ക് വോട്ട് നല്കി ജയിപ്പിക്കുന്ന പൊതുജനത്തെ കഴുതയെന്നു വിളിക്കുന്നതിൽ യാതൊരു തെറ്റുമില്ല. കഴുതകൾ പോലും അനുഭവം കൊണ്ട് പഠിക്കും.

ഹോട്ടൽ തുടങ്ങുന്നത് ആഹാരം നല്കാനാണ്‌. അല്ലാതെ കാമുകീകാമുകന്മാരുടെ അശ്ലീലഭാവനകൾക്ക് കുട ചൂടിക്കാനല്ല. അങ്ങനെയുള്ളവർക്ക് ലൈസൻസോടെ വ്യഭിചാരശാലകൾ നടത്താൻ പറ്റുന്ന ഏതെങ്കിലും രാജ്യത്തോട്ട് കുടിയേറാവുന്നതാണ്‌. കേരളം അതിനുള്ള ഇടമല്ല.

No comments: