Tuesday, November 3, 2015

രാമനോ രാവണനോ?

രാമായണ-മഹാഭാരത കഥകളെ നോക്കുമ്പോൾ, രണ്ടിലും തെളിഞ്ഞു നിൽക്കുന്ന രണ്ടു ഗംഭീരമാനസന്മാരാണ്‌ രാവണനും, ദുര്യോധനനും.

ഈയിടെയായി പലർക്കും - പലർക്കുമെന്നു പറഞ്ഞാൽ ചില ഭാഗവതകാരന്മാർക്കു വരെ - രാവണനോടും, ദുര്യോധനനോടും അളവിൽ കവിഞ്ഞ ആദരവും, മമതയും കൂടി വന്നിട്ടുള്ളതു കാണാം. കലികാലവൈഭവം...

രാവണൻ ശക്തൻ തന്നെയായിരുന്നു. എന്താ സംശയം. അപാരമായ തപഃശ്ശക്തി സമ്പാദിച്ചവൻ, പരന്ന അറിവു നേടിയവൻ, ലോകം മുഴുവൻ കീഴടക്കിയവൻ എല്ലാം ശരി തന്നെ. പക്ഷേ രാവണൻ നേടിയ അറിവിനെ ജ്ഞാനമെന്നു വിളിക്കുക വയ്യ. സത്യത്തെ തിരിഞ്ഞവനെയാണ്‌ ജ്ഞാനിയെന്നു വിളിക്കുക. പരമമായ സത്യം അവതാരരൂപം പൂണ്ടു കൺമുന്നിലെഴുന്നള്ളിയപ്പൊഴും യുദ്ധോത്സുകനായി പോർ വിളി നടത്തിയ രാവണനെങ്ങനെ ജ്ഞാനിയാകും? ജടാടവീഗളജ്ജ്വല... എന്ന പ്രൗഢഗംഭീരമായ ശിവസ്തുതി വിരചിച്ച രാവണന്റെ ഭക്തി അമരത്വമെന്നോ, ദ്വിഗ്‌വിജയമെന്നോ ഉള്ള ലക്ഷ്യം മാത്രം മുന്നിൽക്കണ്ടുള്ളതായിരുന്നുവെന്നു പറഞ്ഞാൽ ഖണ്ഡിക്കാൻ മറ്റെന്തുപായമാണ്‌ വിമർശകർക്കുള്ളത്?

രാമായണവ്യാഖ്യാതാക്കൾ (വ്യാഖ്യാനത്തൊഴിലാളികൾ) രാവണനെ മഹത്വവത്ക്കരിക്കുന്ന മറ്റൊരു സംഗതിയാണ്‌, തന്റെ തടവിൽ കഴിഞ്ഞ സീതാദേവിയെ രാവണൻ തൊട്ടു പോലുമില്ല എന്നത്. രാവണന്റെ ചരിത്രം പരിശോധിച്ചാലറിയാം, രാവണൻ നീചനായ ഒരു സ്ത്രീലമ്പടനായിരുന്നുവെന്ന്‌. എന്നിട്ടും സീതാദേവിയെ തൊട്ടില്ല? തന്റെ അനുജനും, മകനും, മന്ത്രിമാരുമെല്ലാം സീതാപതിയാൽ കൊല ചെയ്യപ്പെട്ടപ്പൊഴും രാവണൻ സീതയെ തൊട്ടില്ല? എന്തുകൊണ്ട്???

സീതാപഹരണസമയത്തു പോലും രാവണൻ സീതാദേവിയെ തൊട്ടിട്ടില്ല. അതു രാവണൻ മാന്യമഹാദേഹമായതുകൊണ്ടല്ല, മറിച്ച് നിരവധി ഉഗ്രശാപങ്ങൾ തനിക്കുമേലുണ്ടെന്ന തിരിച്ചറിവായിരുന്നു. പരസ്ത്രീയെ തൊടുന്നതായാൽ തൽക്ഷണം മരിക്കുമെന്നു വരെയുള്ള ശാപങ്ങൾ രാവണനു മേലുണ്ടായിരുന്നുവെന്നറിയണമെങ്കിൽ രാമായണം വ്യാഖ്യാനിക്കാനിരിക്കുന്നതിനു മുൻപേ അതു പഠിക്കണം. ആ ഘോരശാപങ്ങളേക്കുറിച്ചുള്ള അറിവും രാവണനുണ്ടായിരുന്നു. ശാപവേളയിലൊന്നും യാതൊരു ചലനവുമില്ലാതെ കാണപ്പെട്ട രാക്ഷസരാജാവിന്റെയുള്ളിൽ പക്ഷേ ശാപം നൽകിയവരുടെ തപഃശ്ശക്തിയെക്കുറിച്ചും, അതിന്റെ ഫലത്തെക്കുറിച്ചും ഉത്തമ ബോദ്ധ്യമുണ്ടായിരുന്നു.

ഇക്കാര്യങ്ങൾ ബോധപൂർവ്വം മറച്ചു കൊണ്ടോ, അതല്ല, അറിവില്ലായ്മകൊണ്ടോ രാവണനെ മഹത്വവത്കരിക്കുമ്പോൾ ശ്രീരാമനെ എവിടെക്കൊണ്ടു നിർത്തുന്നുവെന്നും നോക്കുക. കേവലമൊരു അലക്കുകാരന്റെ വാക്കു കേട്ട് തന്റെ പത്നിയെ വനത്തിലുപേക്ഷിച്ചവൻ...

രാജനൈതികതയുടെ മഹോന്നതപാഠങ്ങളെ തന്റെ ത്യാഗോജ്ജ്വലമായ ജീവിതത്തിലൂടെ പഠിപ്പിച്ച ദേവാവതാരത്തെ താഴ്ത്തിക്കെട്ടാനും, അതു കേട്ട് ആനന്ദിക്കാനും കലിയുഗസന്തതികൾക്ക്‌ പ്രിയം കൂടും.

അതു പോലെ തന്നെയാണ്‌ ദുര്യോധനനെ പറഞ്ഞു പറഞ്ഞ് സുയോധനനും, യുഗപുരുഷനുമാക്കുന്ന പാടവം. ദുര്യോധനന്റെ സദ്‌ഗുണങ്ങളെന്നു വിശേഷിപ്പിക്കപ്പെടുന്നതെല്ലാം തന്റെ സഹോദരങ്ങളോടോ, പാർശ്വവർത്തികളോടോ ചെയ്തിട്ടുള്ള കേവലം ഔദാര്യങ്ങൾ മാത്രമായിരുന്നു. ലാഭം പ്രതീക്ഷിക്കാതെ ദുര്യോധനൻ നടപ്പാക്കിയ ഒരു പ്രവർത്തി പോലും ചൂണ്ടിക്കാണിക്കുക വയ്യ.

ഈ രണ്ട് ഇതിഹാസകഥാപാത്രങ്ങളിലും ഉയർന്നു നിൽക്കുന്ന ഭാവം എല്ലാ അതിരുകളും ലംഘിച്ചു നിൽക്കുന്ന അഹങ്കാരം മാത്രമായിരുന്നു. ഹരിനാമകീർത്തനത്തിന്റെ ആദ്യവരികളെ അവലംബിച്ചാൽ, ഓംകാരസ്വരൂപനായിരിക്കേണ്ട മനുഷ്യനിൽ നിന്നും, ഞാനെന്നും ഈശ്വരനെന്നുമുള്ള ദ്വൈതഭാവം ഉണർന്നപ്പോഴുണ്ടായ വിനാശകാരിയായ ആങ്കാരം - അഹങ്കാരം. അതിന്റെ പരിണിതഫലമായ സർവ്വനാശത്തിന്‌ രണ്ടുപേരും കീഴടങ്ങുന്ന ദയനീയമായ കാഴ്ച്ച നാം കാണുന്നു. രണ്ടു പേരും ചക്രവർത്തിമാർ. വമ്പൻ സൈന്യത്തിനുടമകൾ, ഒരു ഗോപാലകന്റെയും, രാജകുമാരനെങ്കിലും ആ സമയം വെറുമൊരു മുനികുമാരൻ മാത്രമായ ശ്രീരാമന്റെയും സാത്വികപ്രഭാവത്തിൽ പൊലിഞ്ഞുപോയ രണ്ടു നീചരാശികൾ. ഇതല്ലാതെ മറ്റെന്താണവർ?

No comments: