Tuesday, November 3, 2015

കേരളം വിളങ്ങുന്നു കോമളം മാണിസംഘർഷപൂരിതം

Published on: March 13, 2015

കഴിഞ്ഞ ഒന്നോ ഒന്നരയോ മാസമായി കേരളത്തിലെ വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഒരേ ശബ്ദത്തിൽ പറയുന്നു, മാണി ബജറ്റ് അവതരിപ്പിക്കാൻ പാടില്ല എന്ന്. ആ ബഹുജനവികാരത്തെയും ആവശ്യത്തെയും മാനിക്കാതെ ഞാൻ തന്നെ അവതരിപ്പിക്കും എന്ന വാശി ഒന്നുകിൽ ധാർഷ്ട്യമാണ്‌. അതല്ലെങ്കിൽ, ഈ ബജറ്റ് അവതരിപ്പിച്ചേ മതിയാവൂ എന്ന അവസ്ഥയിൽ മാണി മറ്റാർക്കോ കടപ്പെട്ടിരിക്കുന്നു എന്നു വേണം കരുതാൻ. കടപ്പാടിന്റെ പേരിലെങ്കിൽ എന്തായാലും അത് കേരള സംസ്ഥാനത്തെ പൗരന്മാരോടല്ല, മറിച്ച് മറ്റേതോ തല്പര കക്ഷികളോടാണെന്നുതിൽ സംശയമേ വേണ്ട.

ഇന്നു തലസ്ഥാനത്ത് ഉണ്ടായ - ഇപ്പൊഴും തുടരുന്ന സർവ്വ കോലാഹലങ്ങൾക്കും ഉത്തരവാദി കെ എം മാണിയും, മുഖ്യമന്ത്രിയുമാണെന്നതിൽ എന്താണ്‌ സംശയം? ഭരണകക്ഷി നിലനിൽക്കുന്നത് സംസ്ഥാനത്തെ ജനങ്ങൾക്കു വേണ്ടിയോ അതോ സ്വാർത്ഥതാൽപര്യങ്ങൾക്കു വേണ്ടിയോ അതോ മറ്റു വല്ലവർക്കും വേണ്ടിയോ? ഈ നാശനഷ്ടങ്ങളുടെ - അറിഞ്ഞു കൊണ്ടു വരുത്തി വച്ച നാശനഷ്ടങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് മന്ത്രി സഭ രാജി വയ്ക്കാനുള്ള മാന്യതയെങ്കിലും യു ഡി എഫ് ഗവൺമെന്റ് കാണിക്കണം.

മാധ്യമങ്ങൾക്കു മുൻപിൽ വന്ന് വമ്പിച്ച അഹങ്കാരത്തോടെ, പുച്ഛത്തോടെ, വെല്ലു വിളിയോടെ, ധാർഷ്ട്യത്തോടെ സർവ്വോപരി ഉളുപ്പില്ലാതെ, യാതൊരു പ്രതിബദ്ധതയുമില്ലാതെ അവതരിപ്പിച്ച ബജറ്റ് വിവരണമോ??? നിത്യോപയോഗസാധനങ്ങൾക്കു വരെ നികുതിയും വിലവർദ്ധനയുമായി സാധാരണക്കാരന്‌ ഒരു പ്രയോജനവും ചെയ്യാത്ത പ്രത്യുത കനത്ത പ്രഹരമേൽപ്പിക്കുന്ന ഒന്ന്. വന്നിട്ടും പോയിട്ടും റബ്ബർ കർഷകർക്കു കൊള്ളാം. എന്നു വച്ചാൽ പാലാക്കാർക്ക്...

ഭാരതം കണ്ട എക്കാലത്തെയും നാണം കെട്ട രാഷ്ട്രീയ വിരോധാഭാസവും, കേരള നിയമസഭയിലെ കറുത്ത ദിനവും... രാജിയിൽ കുറഞ്ഞ മറ്റൊരു പരിഹാരവുമില്ല ഈ ധാർഷ്ട്യത്തിനും ഏകാധിപത്യത്തിനും.

No comments: