Tuesday, November 3, 2015

സീരിയൽ താരത്തിന്റെ കണ്ണെഴുത്തും, അരുവിക്കരയുടെ തലയിലെഴുത്തും

Published on June 25, 2015
..................................................................................

മേഘ്‌നയെന്ന ടെലിവിഷൻ നടി,വാഹനത്തിലിരുന്നു മേയ്ക്കപ്പിടാൻ കഴിയുന്നില്ല എന്നു പറഞ്ഞതിനെ പരിഹാസ്യമാക്കുന്ന രാഷ്ടീയ അജണ്ടയെ സഹതാപത്തോടെ മാത്രമേ നോക്കിക്കാണാൻ കഴിയുള്ളൂ. ക്രിയാത്മകമായ മറ്റൊരു ആരോപണങ്ങളും രാഷ്ടീയ ആയുധമാക്കാൻ ഇല്ലാതെ പോയ ഭരണപ്രതിപക്ഷങ്ങളുടെ ലജ്ജാകരമായ അധഃപ്പതനം. ആശയദാരിദ്ര്യം. രാഷ്ട്രപുരോഗതിയേക്കുറിച്ച് ഒന്നും പറയാനില്ലാത്ത അവസ്ഥ.

മേഘ്‌ന പറഞ്ഞതെന്താണ്‌? മേഘ്‌ന ഒരു പ്രൊഫഷണൽ പ്രാസംഗികയല്ല. രാഷ്ടീയ സമവാക്യങ്ങളിലൂടെ സഞ്ചരിച്ച്, കുടിലമായ വാഗ്‌വൈഭവത്തിലൂടെ തന്റെ മുൻപിൽ നിൽക്കുന്നവരെ പാട്ടിലാക്കാൻ പോന്ന ഐന്ദ്രജാലികതയൊന്നും സ്വായത്തമാക്കിയിട്ടില്ലാത്ത, ഒരു രാഷ്ട്രീയക്കാരിയല്ലാത്ത സാധാരണ വനിത. ഒന്നു നോക്കിയാലറിയാം, അരുവിക്കരയിലെ ഭാരതീയ ജനതാപാർട്ടിയുടെ പ്രചാരണങ്ങളിലെല്ലാം ഭാഗഭാക്കാകുന്നത് ഒരു രാഷ്ട്രീയ പാരമ്പര്യവും അവകാശപ്പെടാനില്ലാത്ത, പൊതു സമൂഹത്തിൽ ജീവിക്കുന്ന സാധാരണ മനുഷ്യരാണ്‌. അവർക്ക് പറയാനുണ്ടാവുക മനുഷ്യനു മനസ്സിലാവാത്ത രാഷ്ട്രീയ സൂത്രവാക്യങ്ങളാവില്ല. അവനവൻ അനുഭവിക്കുന്ന കാര്യങ്ങളും, നിഷ്പക്ഷമതിയായി ജീവിക്കുന്നവന്റെ കാഴ്ചപ്പാടുകളും, സാധാരണക്കാരന്റെ വികസനസ്വപ്നങ്ങളുമാണ്‌. ആ സാധാരണക്കാരന്റെ വികസന സങ്കൽപ്പത്തോട്‌ രാജേട്ടനും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പാർട്ടിയും ചേർന്നു നിൽക്കുന്നതു കൊണ്ടാണ്‌ അവർ രാജേട്ടനോടൊപ്പം കൂടിയതെന്നതിൽ എന്താണു സംശയം? അതുകൊണ്ടു തന്നെ അത് സാധാരണക്കാരന്റെ ശബ്ദമാകുന്നു. അതിനെ വിമർശിക്കുകയും പരിഹസിക്കുകയും ചെയ്യുന്നവർ പൊതുസമൂഹത്തിന്റെ സ്വപ്നങ്ങളോടും, കാഴ്ചപ്പാടുകളോടും എത്ര കണ്ട് അകന്നു നിൽക്കുന്നുവെന്ന് അതിലൂടെ തന്നെ വ്യക്തമാവുകയാണ്‌.

മുഖ്യശ്രേണിയിൽ ജനഹിതമറിയാൻ കാത്തു നിൽക്കുന്നത് അന്തരിച്ച മുൻ എം. എൽ. ഏ. യുടെ മകനും, മുൻ നിയമമന്ത്രിയും, സ്പീക്കറുമൊക്കെയായിരുന്ന ശ്രീ എം വിജയകുമാറുമാണ്‌. ഒരു കൊടിക്കീഴിലുമല്ലാതെ, മാറി നിന്ന് കേരള രാഷ്ട്രീയത്തെ നോക്കിക്കണ്ട ഒരു വ്യക്തിയെന്ന നിലയിൽ, ശ്രീ എം വിജയകുമാറിന്റെ ആദർശശുദ്ധിയിൽ എനിക്കു മതിപ്പുണ്ടെങ്കിലും, അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പാർട്ടിയുടെ ഇന്നത്തെ ശോചനീയാവസ്ഥയിൽ ഇനി വരുന്ന എട്ടു മാസങ്ങൾ അദ്ദേഹത്തിന്‌ യാതൊന്നും ചെയ്യാൻ കഴിയില്ലെന്നത് ഉറപ്പാണ്‌. പ്രതിപക്ഷത്തിന്റെ ധർമ്മം പോലും അനുഷ്ഠിക്കാൻ കഴിയാതെ കിതയ്ക്കുകയാണ്‌ ഇന്ന് ഇടതു പക്ഷം. യുവനേതാക്കളാവട്ടെ ബീഫ് ഫെസ്റ്റും, ചുംബനസമരങ്ങളും ആഘോഷിച്ച്, നിയമസഭയുടെ ലക്ഷങ്ങൾ വില വരുന്ന സമയത്തെ അവാർഡുകൾക്ക് പേരുമാറ്റം നിർദ്ദേശിച്ചും, കയ്യാങ്കളി നടത്തിയും ജനാധിപത്യവ്യവസ്ഥിതിയെയും, പ്രക്രിയയെയും സക്രിയമായി വ്യഭിചരിക്കുന്നു. മുതിർന്ന നേതാക്കളോ, പരസ്പരം ചെളി വാരിയെറിഞ്ഞും, ഉൾപ്പാർട്ടി രാഷ്ട്രീയവും തൊഴുത്തിൽക്കുത്തും നടത്തിയും കാലക്ഷേപം ചെയ്യുന്നു.

സ്വരമുയർത്തേണ്ട എത്രയെത്ര സംഭവങ്ങൾക്ക് ഇക്കഴിഞ്ഞ കാലങ്ങളിൽ രാഷ്ട്രീയകേരളം കുറ്റകരമായ മൗനം ദീക്ഷിച്ചു? ഉദ്പാദകരുടെ കൈയ്യിൽ നിന്നും കേവലം പത്തിൽ താഴെ മാത്രം വിലയ്ക്കു സംഭരിക്കുന്ന പഴം പച്ചക്കറികളുടെ പ്രാദേശിക വില ഇന്നും മുപ്പതിനും നാൽപ്പതിനും മുകളിൽ കിടന്നു കളിക്കുമ്പോൾ, ഇടനിലക്കാർ കൊള്ളലാഭം കൊയ്യുമ്പോൾ സാധാരണക്കാർക്കു വേണ്ടി നിലകൊള്ളുന്നുവെന്നവകാശപ്പെടുന്ന സർക്കാരും, പ്രതിപക്ഷവും എന്തു ചെയ്തു?

മാരക രാസവിഷങ്ങൾ അതിർത്തി കടന്നു വരുമ്പോൾ അതിനെതിരേ ഒരു ചെറുവിരലനക്കാൻ പോലും കഴിയാത്ത നിഷ്ക്രിയത്വത്തിലേക്ക് നമ്മുടെ ജനപ്രതിനിധികൾ ഉൾവലിയുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് പച്ചക്കൊടി കാണിക്കുകയാണെന്ന് ആരാണ്‌ ചിന്തിക്കേണ്ടത്? ഇതിനെതിരേ മുൻമന്ത്രി ശ്രീ ബിനോയ് വിശ്വം നടത്തിയ ഇടപെടൽ മാത്രമാണ്‌ അഭിനന്ദനാർഹമായ ഒരേയൊരു വാർത്ത.

ഭരണപക്ഷമാവട്ടെ, അഴിമതിയിലും, കള്ളിലും, പെണ്ണിലും മുങ്ങിക്കുളിച്ചു നിൽക്കുന്നു. ശ്രീ കാർത്തികേയന്റെ മകനെ സഹതാപ വോട്ടിനായി മത്സര രംഗത്തിറക്കിയ അതേ നേതൃത്വം തന്നെയാണ്‌, അദ്ദേഹത്തിന്റെ അച്ഛൻ - മുൻ സ്പീക്കർ അന്തരിച്ച് ഔദ്യോഗിക ദുഃഖാചരണം അവസാനിക്കുന്നതിനു മുൻപേ തന്നെ അദ്ദേഹം ഇരുന്നിരുന്ന അതേ കസേരയ്ക്കു മുൻപിൽ, അതേ നിയമസഭാമന്ദിരത്തിൽ കേരള രാഷ്ട്രീയചരിത്രത്തിലെ എക്കാലത്തെയും ജനദ്രോഹ ബജറ്റിന്റെ പേരിൽ ലഡു വിതരണം നടത്തി ആഘോഷം പൊടിപൊടിച്ചത്. സഹപ്രവർത്തകർക്കില്ലാത്ത സഹതാപം എന്തിന്‌ പൊതുജനത്തിന്‌?

നാടു ഭരിക്കുന്നവനെ തിരഞ്ഞെടുക്കുമ്പോൾ സഹതാപമല്ല, കർമ്മശേഷിയാണ്‌ ജനം പരിഗണിക്കേണ്ടത്. രാജഗോപാൽ കേരള നിയമസഭയിൽ ഏകാംഗമായേക്കാം, പക്ഷേ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന സുശക്തമായ പാർട്ടിയാണ്‌ കേന്ദ്രത്തിൽ ഭരിക്കുന്നതെന്നത് ആശ്വാസകരമാണ്‌. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് അതേ കാരണം കൊണ്ടു തന്നെ ഊർജ്ജവും, പിൻതുണയുമുണ്ടാവും. എം. എൽ. എ. എന്ന നിലയിൽ അരുവിക്കരയിൽ ഈ വരുന്ന എട്ടു മാസങ്ങളിൽ ആർക്കെങ്കിലും എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ അത് രാജഗോപാലിനു മാത്രമാണ്‌ എന്ന് ഇതിലൂടെ വ്യക്തമാകും. അഴിമതിയുടെ കറ പുരളാത്ത സംശുദ്ധമായ കൈകളും, സാത്വികമായ ജീവിതവും, അദ്ദേഹത്തിന്റെ മുൻകാല പ്രവർത്തനങ്ങളെക്കുറിച്ചുള്ള ജനങ്ങളുടെ ഊഷ്മളമായ സ്മരണയും അദ്ദേഹത്തിന്‌ മുതൽക്കൂട്ടാണ്‌.

നിയമസഭയിൽ, സ്വന്തം കക്ഷിയിൽ പെട്ട ഒരു എം. എൽ. എ. തന്നെ പൊതുമരാമത്തിലെ അഴിമതിയെക്കുറിച്ച് രേഖകൾ ഉയർത്തിക്കാട്ടി പ്രസംഗിച്ചപ്പോൾ അദ്ദേഹത്തിന്റെ എം. എൽ. എ. സ്ഥാനം കളയാൻ കുതന്ത്രം മെനഞ്ഞ ഭരണപക്ഷത്തെ ജനം എങ്ങനെ വിശ്വസിക്കും? കുംഭകോണങ്ങളുടെയും, പെൺവാണിഭത്തിന്റെയും, കോഴയുടെയും, കോഴിയുടെയും നീണ്ട നിര മലീമസമാക്കിയ ഭരണപക്ഷത്തിന്റെ വികൃതമുഖത്തേയ്ക്ക് പൊതുജനത്തിന്‌ എങ്ങനെ സഹതാപത്തോടെ നോക്കാൻ കഴിയും? ഞങ്ങൾ എങ്ങനെ പരിഗണിക്കും നിങ്ങളെ?

ഇത്രയും അസംതൃപ്തിയും, അഴിമതിയും, അനീതിയും, സ്വജനപക്ഷപാതവും, ജനദ്രോഹ നയങ്ങളും അരങ്ങു വാഴുന്ന ഒരു സർക്കാരിനെതിരേ ചെറുവിരലനക്കാൻ പോലും ത്രാണി നഷ്ടപ്പെട്ട പ്രതിപക്ഷത്തെ ഞങ്ങൾ എങ്ങനെ സ്വാഗതം ചെയ്യും?

ഇനിയൊരു ഭാഗ്യപരീക്ഷണമാണോ, അതോ ഉറപ്പായ സേവനത്തെ ഹാർദ്ദമായി സ്വീകരിക്കലാണോ വേണ്ടതെന്ന് അരുവിക്കരയിലെ ജനങ്ങൾ തീരുമാനിക്കട്ടെ.

© കാവാലം ജയകൃഷ്ണൻ

No comments: