Tuesday, March 31, 2009

ചേര്‍ത്തലയില്‍ വന്നതു പുലിയല്ല... പക്ഷേ ഒരു സന്ദേശം കിട്ടിയിരുന്നു

ചേര്‍ത്തലയില്‍ വന്നതു പുലിയല്ല... പക്ഷേ...???

ഇന്നലെ ഒരു ദിവസം മുഴുവന്‍ മലയാളികളെ ഉദ്വേഗത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്തിയ അഭ്യൂഹം മുന്നോട്ടു വയ്ക്കുന്ന ചില ചിന്തകളുണ്ട്‌.

പുലികളായാലും, തീവ്രവാദികളായാലും ‘വരുന്നു’,‘വന്നു’ എന്നിങ്ങനെയുള്ള സംശയം ഉണ്ടായപ്പൊഴേ പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും ഇത്രയധികം ജാഗ്രത പാലിച്ചതിനു പിന്നില്‍ തീര്‍ച്ചയായും മുംബൈ ആക്രമണത്തിന്‍റെ പശ്ചാത്തലം തന്നെയാണ്. അതല്ലെങ്കില്‍ നാം ഇന്നലെ കണ്ട ഉന്മേഷമൊന്നും അവര്‍ കാണിക്കാനിടയില്ല. എന്നാല്‍ പറഞ്ഞു വരുന്നത് ജനങ്ങളുടെ കാര്യമാണ്.

നാമിവിടെ തമ്മില്‍ തല്ലിയും, തൊഴുത്തില്‍ കുത്തിയും, പരസ്പരം ചെളിവാരിയെറിഞ്ഞും സമയം കളയുന്നതിനിടയില്‍ പുറത്തു നിന്നൊരു നുഴഞ്ഞു കയറ്റത്തിന്‍റെ സാദ്ധ്യതകളെക്കുറിച്ച് ബോധവാന്മാരാകേണ്ടതുണ്ട്‌. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന വെള്ളക്കാരന്‍റെ നയം ഇന്ന്‌ ഏറ്റെടുത്തിരിക്കുന്നത് വിവിധ മത-രാഷ്ട്രീയ കക്ഷികളാണ്. മുംബൈ നഗരത്തെ സംബന്ധിച്ചിടത്തോളം ജനബാഹുല്യവും ദിനം പ്രതി അപരിചിതര്‍ വന്നു പോകുന്ന സാഹചര്യവും, ന്യൂനപക്ഷം മാത്രം വരുന്ന ഒരു വിഭാഗത്തിന്‍റെ അനുകൂല നിലപാടുകളും മാത്രമേ അവര്‍ക്ക് അനുകൂല ഘടകമാകുന്നുള്ളൂ. ‘ജീവിക്കാന്‍‘ വേണ്ടി വിവിധ സ്ഥലങ്ങളില്‍ നിന്നും വന്നു ചേര്‍ന്നിട്ടുള്ള ജനങ്ങള്‍ക്ക് ഇതൊന്നും വിഷയമല്ല. അവരുടെ ദിനചര്യകളില്‍ ഇത്തരം പ്രവണതകളെ അനുകൂലിക്കാനോ, പ്രതികൂലിക്കാനോ ഉള്ള സമയവുമില്ല. എന്നാല്‍ പരസ്പര ഐക്യം എന്നൊന്നുണ്ട്‌.

നേരിട്ടുള്ള അനുഭവത്തിന്‍റെ വെളിച്ചത്തില്‍ പറയട്ടെ, ഓണമായാലും, വിഷുവായാലും, മറ്റേത്‌ മലയാളികളുടെ തനതായ ആഘോഷങ്ങളായാലും അതിന്‍റേതായ സൌന്ദര്യത്തിലും, സമഭാവനയിലും ആഘോഷിക്കപ്പെടുന്നത് ഇന്ന്‌ മുംബൈ, ഡല്‍ഹി പോലെയുള്ള കുടിയേറിപ്പാര്‍ക്കുന്ന മലയാളികള്‍ക്കിടയില്‍ മാത്രമാണ്. നമ്മള്‍ കേരളത്തില്‍ ആ സമയം എന്തു ചെയ്യുന്നു??? ഒരു വിഭാഗം മദ്യപാന മത്സരത്തില്‍ വ്യാപൃതരാവുമ്പോള്‍, മറുവിഭാഗം ഓണമായാലും, വിഷുവായാലും വിലക്കു വാങ്ങുന്നു!!!

ഈ വിരോധാഭാസത്തിനു കാരണം മലയാളിയുടെ മടി തന്നെയാണ്. അതു മാത്രവുമല്ല, പരസ്പര സ്നേഹമില്ലായ്മ, സഹവര്‍ത്തിത്വമില്ലായ്മ തുടങ്ങിയ വിഷങ്ങള്‍ ഇത്തരം കൂട്ടായ ആഘോഷങ്ങളില്‍ നിന്നും നമ്മെ ഒറ്റപ്പെടുത്തുന്നു. ഈ ഒറ്റപ്പെടല്‍ നാം ഇന്നനുഭവിക്കുന്നത് സാംസ്കാരിക തലങ്ങളില്‍ മാത്രമല്ല ജീവിതത്തിന്‍റെ എല്ലാ തലങ്ങളിലും നമുക്കൊരുമയില്ലാതായിരിക്കുന്നു. പോരാത്തത് മതമെന്നും, രാഷ്ട്രീയമെന്നും ഉള്ള പേരുകളില്‍ അവരും ചെയ്യുന്നു.

കഴിഞ്ഞ ദിവസങ്ങളിലായി ടെലിവിഷന്‍ ചാനലുകള്‍ സംഘടിപ്പിക്കുന്ന തിരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ വാക്കേറ്റവും, കയ്യേറ്റവും ഉണ്ടാകാത്ത ഒരെണ്ണം പോലും കണ്ടില്ല എന്നത് അതീവ ഗൌരവത്തോടെയും, സൂക്ഷ്മതയോയും നിര്‍വ്വഹിക്കപ്പെടേണ്ട ഒരു രാഷ്ട്രീയപ്രക്രിയയൊടുള്ള ജനങ്ങളുടെ സമീപനത്തെയാണ് ചൂണ്ടിക്കാണിക്കുന്നത്.

മുംബൈ നഗരം അത്ഭുതപ്പെടുത്തുന്ന വേഗതയിലാണ് തീവ്രവാദി ആക്രമണങ്ങളില്‍ നിന്നായാലും, മറ്റേതു ദുരന്തങ്ങളില്‍ നിന്നായാലും പൂര്‍വ്വസ്ഥിതിയിലേക്ക് മാറുന്നത്. അതിനുള്ള വലിയൊരു കാരണം അവിടത്തെ ജനങ്ങളുടെ ഐക്യത്തേക്കാളുപരി, മറ്റുള്ളവന്‍റെ ജീവിതത്തില്‍ എത്തി വലിഞ്ഞു നോക്കി കുറ്റങ്ങളും കുറവുകളും കണ്ടെത്താനുള്ള സമയമില്ലായ്മ കൂടിയാണ്.

കേരളത്തില്‍ അത്തരമൊരു അവസ്ഥയുണ്ടായാല്‍ കാലഘട്ടങ്ങള്‍ തന്നെ വേണ്ടിവരും പൂര്‍വ്വസ്ഥിതി കൈവരിക്കുവാന്‍. ശരീരത്തില്‍ വൈറസ്‌ ബാധിച്ചാല്‍ ആന്‍റിബയോട്ടിക്ക് കഴിക്കുക എന്നതൊരു അനിവാര്യതയായി വന്നേക്കാം. എന്നാല്‍ വൈറസും ആന്‍റിബയോട്ടിക്കും പകരുന്ന ക്ഷീണം മാറുന്നത് അവന്‍റെ ആരോഗ്യത്തെ അനുസരിച്ചിരിക്കും. അതേ പോലെ ദുര്‍ബ്ബലമായ സാമൂഹിക അന്തരീക്ഷത്തില്‍ ഒരു ആക്രമണം നടത്തുവാന്‍ എളുപ്പമാണ്. അവിടെ അക്രമികളുടെ അഴിഞ്ഞാട്ടത്തിനും, അനിവാര്യതയായി വരുന്ന സൈനികനടപടികള്‍ക്കും ശേഷം സമൂഹം പൂര്‍വ്വസ്ഥിതിയിലേക്കു വരണമെങ്കില്‍ ആ സമൂഹത്തിന് ഐക്യവും, ശക്തിയും ഉണ്ടായേ മതിയാകൂ.

മാവേലി നാടുവാണീടും കാലം എന്ന് ഓണത്തിനെങ്കിലും, വിലക്കുവാങ്ങിയ പ്ലാസ്റ്റിക്ക് സദ്യ ഉണ്ണുന്നതിനിടയില്‍ നമുക്കു പാടാം. വെറുതേ പാടുമ്പോള്‍ എന്തായിരുന്നു ആ വരികളുടെ അര്‍ത്ഥമെന്ന് വെറുതേ... വെറുതേ മാത്രമെങ്കിലും ഒന്നോര്‍ക്കാം.

© ജയകൃഷ്ണന്‍ കാവാലം

Thursday, March 19, 2009

വിഷമുള്ള മനുഷ്യന്‍ !

ഹസന്‍ കുഞ്ഞ് ചേട്ടന്‍ ലോറിയുടെ ഓയില്‍ ചെക്ക് ചെയ്തിരുന്നത് മിക്കവാറും വൈകുന്നേരങ്ങളിലായിരുന്നു. വണ്ടിയുടെ ബോണറ്റ് തുറന്ന് ദിവസവും ചെയ്യാറുള്ള ചില കാര്യങ്ങള്‍ക്കു ശേഷം ഹസന്‍ കുഞ്ഞ് ചേട്ടന്‍ നീട്ടി വിളിക്കും മോനേ... എന്ന്. മിക്കവാറും ഒരു വിളിയുടെ ആവശ്യമില്ലാതെ തന്നെ ഞാനവിടെ ഹാജര്‍ ഉണ്ടാവും. വണ്ടിയുടെ ഓയില്‍ ചെക്ക് ചെയ്യുക എന്നത് ഹസന്‍ കുഞ്ഞ് ചേട്ടന്‍ എനിക്കനുവദിച്ചു തന്ന അവകാശമായിരുന്നു. കറുത്ത പ്ലാസ്റ്റിക്ക് പിടിയുള്ള നീളമുള്ള ആ സ്കെയില്‍ വലിച്ചൂരി ഹസന്‍ ചേട്ടന്‍റെ കയ്യില്‍ കൊടുക്കുക എന്നിട്ടു രണ്ടു പേരും കൂടി അതു പരിശോധിക്കുക ഈ നിസ്സാര പ്രവൃത്തിയോട്‌ എന്തു കൊണ്ടോ എനിക്കു വലിയ താല്പര്യമായിരുന്നു. അന്നെനിക്ക് ഈ പണി ചെയ്യണമെങ്കില്‍ വണ്ടിയുടെ ബമ്പറില്‍ കയറി നില്‍ക്കണം.

ആദ്യം സ്കെയില്‍ ഊരിയെടുത്ത് തുണി കൊണ്ട്‌ നന്നായി തുടച്ചതിനു ശേഷം രണ്ടാമതും ഇട്ട് ഊരിയെടുത്താണ് ഓയില്‍ ലെവല്‍ പരിശോധിക്കുന്നത്.

എഞ്ചിന്‍റെ ഹൃദയത്തിലേക്ക് നീണ്ടു പോകുന്ന ആ സ്കെയില്‍ പരിശോധിക്കുന്നതിലൂടെ വണ്ടിയെ മുഴുവനും അറിയാന്‍ കഴിയുന്നതു പോലെ ഒരു തോന്നല്‍. മനുഷ്യന്‍റെ മനസ്സിലേക്കു കടന്നു ചെല്ലുന്ന ഒരു പ്രതീതി ദിവസവും ഞാന്‍ അത്ഭുതത്തോടെ അനുഭവിച്ചു വന്നു.

മനുഷ്യരുടെ കാര്യവും അങ്ങനെയാണ്. തുടച്ചെടുത്ത സ്കെയില്‍ പോലെ, മുന്‍‍വിധികളൊന്നുമില്ലാതെ, സ്വതന്ത്രമായി ഒരു മനുഷ്യനെ സമീപിച്ചാല്‍ നമുക്കയാളുടെ ഹൃദയം തൊട്ടറിയാം. നന്മയുടെ ആഴവും, കാലുഷ്യത്തിന്‍റെ അളവും വ്യക്തമായി തിരിച്ചറിയാം. പൊതുവേ മനുഷ്യരോടുള്ള സമീപനത്തില്‍ ഇത്തരമൊരു ആദര്‍ശം പുലര്‍ത്തിപ്പോരുവാന്‍ പരമാവധി ശ്രമിക്കാറുണ്ട്‌. അങ്ങനെ നമ്മള്‍ തിരിച്ചറിയുന്ന ചില വ്യക്തിത്വങ്ങളുണ്ട്‌. ബാഹ്യപ്രകൃതത്തില്‍ നിന്നും വിഭിന്നമായി നില നില്‍ക്കുന്ന അത്ഭുത ലോകം അവരില്‍ ദര്‍ശിക്കുക അത്ഭുതത്തോടെയാവും.

അടുത്തിടെ പരിചയപ്പെട്ട ചില വ്യക്തികളെ മുന്‍‍നിര്‍ത്തിയേ അല്ല ഈ കുറിപ്പെഴുതുന്നത്.

പൊതുസ്ഥലങ്ങളില്‍ എന്നും മാന്യതയുടെ കുപ്പായം ധരിച്ചു മാത്രം പ്രത്യക്ഷപ്പെടുന ചിലരുണ്ട്‌. സംസാരം, പെരുമാറ്റം തുടങ്ങിയവ വളരെ ആകര്‍ഷകമാക്കി, സഹജീവികളുടെ ഉന്നമനമാണ് എന്‍റെ സന്തോഷം എന്ന മുദ്രാവാചകം നിരന്തരം മറ്റുള്ളവരെ ഓര്‍മ്മിപ്പിച്ച് എന്തിനും എവിടെയും മുന്‍‍പന്തിയില്‍ നില്‍ക്കുന്നവര്‍. എന്നാല്‍ അകമറിയും തോറും അവരോട് ആദ്യമൊക്കെ നമുക്കു തോന്നിയേക്കാവുന്ന പരിഗണന (പരിഗണന മാത്രം. പലരും ധരിക്കുന്നതു പോലെ ആരാധനയോ, വിധേയത്വമോ ആര്‍ക്കും തോന്നില്ല ഇക്കൂട്ടരോട്‌. ചില വിഢികള്‍ക്കൊഴികെ) സഹതാപമായി മാറും നമുക്കവരോട്‌. ‘ഞാന്‍ സര്‍വ്വസമ്മതന്‍‘ എന്ന പൊള്ളയായ ആത്മവിശ്വാസത്തിന്‍റെ മൂഢസ്വര്‍ഗ്ഗത്തില്‍ വിരാജിക്കുന്നവരോട്‌ വേറെ എന്തു തോന്നാന്‍?

സമൂഹത്തെ തന്നെ വിഷലിപ്‌തമാക്കുന്ന മറ്റൊരുകൂട്ടരുണ്ട്‌. സ്വയം അധഃകൃതനെന്നു വിധിച്ച് വൃണം വമിക്കുന്ന അപകര്‍ഷതയോടെ മാത്രം സമൂഹത്തെ നോക്കിക്കാണുന്നവര്‍. മാന്യന്‍ എന്നു കരുതി അവരെ സമീപിക്കുമ്പോള്‍ വളരെ പെട്ടെന്ന് തന്നെ ഈ വര്‍ഗ്ഗീയവിഷം തിരിച്ചറിയുകയും ചെയ്യും. വിശിഷ്യാ അല്‍‍പം വിദ്യാഭ്യാസമോ, തരക്കേടില്ലാത്ത തൊഴിലോ കൂടിയുണ്ടെങ്കില്‍ പറയുകയും വേണ്ട. സര്‍വ്വതിനെയും പുച്ഛത്തോടെ മാത്രം നോക്കിക്കാണുവാന്‍ കഴിയുന്ന ഇവര്‍ മാനസികരോഗികള്‍ എന്നതില്‍ സംശയമില്ല. പ്രത്യേകിച്ചും അധികാരസ്ഥാനങ്ങളില്‍ ഇവര്‍ കടന്നു കൂടിയാല്‍ സമൂഹത്തിന് വന്നു ഭവിച്ചേക്കാവുന്ന വിപത്ത് വളരെ വലുതാണ്.

മനുഷ്യനെ മനുഷ്യനായി കാണാന്‍ കഴിയുകയും, സ്വയം ഒരു മനുഷ്യനായി നിലനില്‍ക്കുകയും ചെയ്യുക എന്നത് അത്ര വലിയ പ്രയാസമുള്ള കാര്യമൊന്നുമല്ല. കറ പുരളാത്ത ഒരു മനസ്സുണ്ടാവണമെന്നു മാത്രം. ഉള്ളില്‍ വൃത്തികെട്ട വിഷം അത് വ്യക്തിപരമായാലും, രാഷ്ട്രീയമായാലും, വര്‍ഗ്ഗീയമായാലും, മതപരമായാലും എന്തു തന്നെയായാലും ചുമക്കുന്നവര്‍ക്ക് ഒരിക്കലും മനുഷ്യനായി നിലനില്‍ക്കുക സാദ്ധ്യമല്ല തന്നെ.

മറ്റൊരു കൂട്ടരുണ്ട്‌. നേര്‍ക്കു നേര്‍ നിന്ന് നല്ല വാക്കു പറയും. പിന്നാമ്പുറത്ത് പോയി അസഭ്യവും പറയും. ഇത്തരം മാനസിക വൈകല്യമുള്ളവരെ ഷണ്ഡന്മാരെന്നു വിളിക്കാമോ എന്നറിയില്ല. കാരണം ഷണ്ഡത്വം ഒരു ശാരീരിക വൈകല്യം മാത്രമാണല്ലോ. നേര്‍ക്കു നേര്‍ സം‌വദിക്കുവാനുള്ള ആര്‍ജ്ജവം ഇല്ലാത്തവരാണിവര്‍. എന്നാലോ മറ്റുള്ളവരെ ദ്വേഷിക്കുന്നതിലൂടെ കിട്ടുന്ന പൈശാചികാനന്ദത്തിന്‍റെ ലഹരിയില്ലാതെ ഇവര്‍ക്കു നിലനില്‍‍പ്പില്ല തന്നെ. എന്നാല്‍ ഇവരറിയുന്നില്ല സ്വയം ദ്രവിക്കുകയാണിവരെന്ന്.

ഇപ്പറഞ്ഞ കൂട്ടരെയൊക്കെ ഓരോ സമൂഹത്തിലും, നാമോരോരുത്തരുടെ ചുറ്റിലും നമുക്കു കാണുവാന്‍ സാധിക്കും. നോക്കിക്കാണുവാനുള്ള കണ്ണുകള്‍ തുറന്നിരുന്നാല്‍ മാത്രം മതി.

അറപ്പുളവാക്കുന്ന ഇത്തരം മനോവൈകല്യമുള്ളവരെ നിരന്തരം കണ്ടുമുട്ടുന്നവരാണ് നാമോരോരുത്തരും. പ്രതിവിധി ഒന്നു മാത്രം. സ്വയം മനുഷ്യനായി നിലനില്‍ക്കുക.

(അനുഭവത്തില്‍ നിന്നു പറയുന്നത്)

© ജയകൃഷ്ണന്‍ കാവാലം

Thursday, March 5, 2009

കാമഭ്രാന്തന്മാരുടെ സ്വന്തം നാട്‌

ഈയടുത്തു നടന്ന ഒരു സംഭവം. യാഹൂ മെസ്സഞ്ചറിന്‍റെ പബ്ലിക് ചാറ്റ് റൂമില്‍ വെറുതേ കറങ്ങി നടന്ന സമയം. എനിക്കൊരു പേഴ്സണല്‍ മെസ്സേജ്‌ കിട്ടുന്നു. ഹലോ... ഞാന്‍ തിരിച്ചു പറഞ്ഞു ഹലോ. ഞാന്‍ അപര്‍ണ്ണ. ഞാന്‍ പറഞ്ഞു ശരി പറയൂ അപര്‍ണ്ണ. ഇത്രയുമായപ്പൊഴേ എനിക്കൊരു സംശയം, ഒരു കാരണവശാലും എന്നെ അറിയാത്ത ഒരു പെണ്ണിന് എന്നോടെന്താവും സംസാരിക്കാനുള്ളത്? രണ്ടിലൊന്നറിഞ്ഞിട്ടു തന്നെ കാര്യം എന്ന് ഉറപ്പിച്ചു. തുടര്‍ന്ന്‌ എന്‍റെ പേര്, വിദ്യാഭ്യാസം, ജോലി, കല്യാണം കഴിഞ്ഞതാണോ തുടങ്ങി ഒരു കൂട്ടം ചോദ്യങ്ങള്‍. അവിവാഹിതന്‍ എന്ന സത്യമൊഴിച്ച് ബാക്കി എല്ലാത്തിനും ഒന്നാം തരം കള്ളങ്ങള്‍ മറുപടി പറഞ്ഞു. സ്ത്രീ എന്ന് സ്വയം പരിചയപ്പെടുത്തി അടുത്തു കൂടിയപ്പൊഴേ തോന്നിയ സംശയം അടുത്ത ചോദ്യത്തിലൂടെ സത്യമെന്നു തിരിച്ചറിഞ്ഞു. എനിക്കു സെക്സില്‍ താല്പര്യമുണ്ടോ എന്നറിയണം അപര്‍ണ്ണക്ക്.


അതിനു താല്പര്യമില്ലാത്തതായി ഈ ലോകത്തില്‍ ഏതെങ്കിലും ജീവികളുണ്ടോ എന്നു ഞാന്‍ തിരിച്ചു ചോദിച്ചു. പിന്നീട്‌ ചോദിച്ച ചോദ്യങ്ങള്‍ കണ്ട്‌ ഞാന്‍ ഞെട്ടി. അത് പച്ച സുവോളജി ആയതിനാല്‍ വിശദീകരിക്കുന്നില്ല. എന്തായാലും ഇവരുടെ വിലാസം അറിയുക എന്നു തന്നെ തീരുമാനിച്ച് തിരിച്ചും മറിച്ചും ചോദിച്ചപ്പോള്‍ അറിഞ്ഞത്, തിരുവനന്തപുരം ബീമാ പള്ളിയുടെ ഭാഗം കേന്ദ്രീകരിച്ചാണവര്‍ പ്രവര്‍ത്തിക്കുന്നതെന്നാണ്. പതിനഞ്ചു വയസ്സു മുതല്‍ ഇരുപത്തിയൊന്നു വയസ്സു വരെയുള്ള പെണ്‍കുട്ടികള്‍ക്ക്‌ ആയിരം രൂപയും, അതിനു മുകളില്‍ നാല്‍‍പ്പതു വയസ്സു വരെ പ്രായമുള്ളവര്‍ക്ക് അതില്‍ കുറവുമാണത്രേ പ്രതിഫലം. പ്രതിഫലത്തിലെ വ്യത്യാസം എന്തുകൊണ്ടാണിങ്ങനെയെന്ന് ചോദിച്ചപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്ന മറുപടിയാണ് ലഭിച്ചത്. പതിനഞ്ചു വയസ്സു മുതല്‍ പ്രായമുള്ള പെണ്‍കുട്ടികളുടെ അമ്മമാരാണത്രേ രണ്ടാമത്തെ കാറ്റഗറിയിലുള്ളവര്‍! രക്തം പരിശോധിച്ച റിസള്‍ട്ടും കാണിക്കണം ഇടപാടിന്.


ഇത്രയുമെഴുതിയത് നമ്മുടെ നാട്ടിലെ അരാജകത്വത്തെ അല്പം കൂടി ഗൌരവപൂര്‍വം നേരിടുവാന്‍ നാമൊരോരുത്തരും സന്നദ്ധമാകണമെന്ന് ഓര്‍മിക്കുവാനാണ്. മാത്രവുമല്ല ബീമ പള്ളിയുടെ പരിസരവാസികളായ ചിലര്‍ക്ക് ബ്ലോഗുകള്‍ ഉള്ളതായും അറിയുന്നു. അവര്‍ ദയവായി ശ്രദ്ധിക്കുമെന്നും കരുതുന്നു.


ഒന്നു മനസ്സിലാക്കണം, ഇന്‍ഡ്യന്‍ ഭരണഘടനയനുസരിച്ച് പതിനഞ്ച് വയസ്സുള്ള ഒരു കുട്ടി മൈനര്‍ ആണ്. പത്താം ക്ലാസ്സില്‍ പഠിക്കേണ്ട ഈ കുട്ടികള്‍ ഇത്തരം ഒരു തൊഴിലിനിറങ്ങിത്തിരിക്കുന്നത് നമ്മുടെ നാടിന്‍റെ വ്യവസ്ഥിതിയുടെ തകരാറെന്നേ പറയാന്‍ കഴിയൂ. ഇതിനെ നേരിടുവാന്‍ സര്‍ക്കാര്‍ മാത്രമല്ല ബാദ്ധ്യസ്ഥര്‍. കേരളത്തില്‍ അങ്ങോളമിങ്ങോളം സഞ്ചരിച്ചാല്‍ നൂറു മീറ്റര്‍ ചുറ്റളവില്‍ ഒരു ക്ലബ് എന്നരീതിയില്‍ യുവജനസംഘടനകളും, പൌരസമിതികളും പ്രവര്‍ത്തിക്കുന്നുണ്ട്‌. രാഷ്ട്രത്തിന്‍റെ സദാചാരത്തിനും, മൂല്യങ്ങള്‍ക്കും വെല്ലുവിളിയാകുന്ന ഇത്തരം ഇടപാടുകളെ നേരിടുവാന്‍ യുവജനങ്ങള്‍ ബാദ്ധ്യസ്ഥരും അവര്‍ക്കതിനുള്ള കരുത്തും ഉണ്ടെന്ന് നാം തിരിച്ചറിയുക തന്നെ വേണം. കേവലം രാഷ്ട്രീയം കളിച്ചു നടക്കുകയല്ല മറിച്ച് ഇത്തരം വ്രണിതമായ പ്രവൃത്തികളെ ഉന്‍‍മൂലനാശം വരുത്തുക തന്നെ വേണം.


മറ്റൊന്നുള്ളത് കേരളത്തിലെ അറിയപ്പെടുന്ന ഒരു ആരാധനാലയത്തിന്‍റെ പേരാണ് അവര്‍ ലാന്‍ഡ്‌മാര്‍ക്കായി പറയുന്നതെന്നാണ്. ഇവിടെയാണ് പ്രിയമുള്ളവരേ മതവികാരം വ്രണപ്പെടേണ്ടതും പ്രതികരിക്കേനതും. സ്ത്രീപുരുഷബന്ധങ്ങളിലും, ലൈംഗികതയിലും സുവ്യക്തമായ കാഴ്ചപ്പാടുകളും, നിബന്ധനകളും, മാര്‍ഗ്ഗരേഖകളും മുന്നോട്ടു വച്ചിരിക്കുന്ന വിപുലവും മഹത്തരവുമായ ഒരു മതത്തിന്‍റെ ആരാധനാലയത്തിന്‍റെ പേര് ഇത്തരം അശ്ലീലവൃത്തി ചെയ്യുന്നവര്‍ ഉരിയാടുന്നതു തന്നെ പ്രതിഷേധമര്‍ഹിക്കുന്നു. ആ ഭാഗങ്ങളില്‍ ചെറുപ്പക്കാരായ ആണ്‍പിള്ളേര്‍ ഇല്ലേ എന്ന് സംശയം തോന്നിപ്പോവുകയാണ്.


അമ്മയും മകളും ഒത്തൊരുമിച്ച് വ്യഭിചരിക്കാന്‍ പോവുക എന്നത് ഒരു ഇന്‍ഡ്യക്കാരന്‍ എന്ന നിലയില്‍ യാതൊരു തലത്തിലും നമുക്ക്‌ ഉള്‍ക്കൊള്ളുവാനോ, ന്യായീകരിക്കുവാനോ, അംഗീകരിക്കുവാനോ കഴിയുന്ന കാര്യമല്ല എന്നുറപ്പുള്ളവരെങ്കിലും ഇതിനെതിരെ മുന്‍പോട്ടു വരണമെന്നും, ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നവരെ യാതൊരു സങ്കോചവും കൂടാതെ നിയമപാലകര്‍ക്ക് കൈമാറണമെന്നും അഭ്യര്‍ത്ഥിക്കുകയാണ്. ഇത്‌ നമ്മുടെ നാടിന്‍റെ നിലനില്‍‍പ്പിനും നമ്മുടെയൊക്കെ അമ്മയും, പെങ്ങളും, മകളും... തീര്‍ച്ചയായും നമ്മുടെ നാട്ടിലെ പുരുഷന്മാരും അടക്കമുള്ള പ്രബുദ്ധരായ ഒരു ജനതയുടെ സം‍രക്ഷണത്തിനും, സ്വാതന്ത്ര്യത്തിനും, അഭിമാനത്തിനും നാം പിന്‍‍തുടര്‍ന്നു പോരുന്ന മഹത്തായ പാരമ്പര്യത്തിനും എതിരെയുള്ള വെല്ലുവിളിയായി കരുതാതെ വയ്യ.


ഇനിയുമുണ്ട്‌ ആഗോളതലത്തില്‍ സമ്പന്നരായ സ്ത്രീകളുടെ ഡാറ്റാബേസ് കൊടുക്കുന്നു എന്നു പറഞ്ഞ് മുംബൈയില്‍ നിന്നും വരുന്ന് അസംഖ്യം മെസ്സേജുകള്‍. യാഹൂ മെസ്സഞ്ചറിന്‍റെ പബ്ലിക് ചാറ്റ് റൂമുകളില്‍ അല്പ സമയമെങ്കിലും ചിലവഴിച്ചിട്ടുള്ളവര്‍ അത് കാണാതിരുന്നിട്ടുണ്ടാവില്ല. മനുഷ്യന്‍റെ ബലഹീനതയോ സ്ത്രീകളെയോ മാത്രമല്ല ഇവര്‍ കച്ചവടച്ചരക്കാക്കുന്നത് മറിച്ച് ഒരു രാജ്യത്തിന്‍റെ മുഴുവന്‍ അഭിമാനത്തെക്കൂടിയാണ് ലോകമെമ്പാടുമുള്ള ഉപയോക്താക്കള്‍ക്ക്‌ ഇത്തരം പരസ്യങ്ങള്‍ അയച്ചു കൊടുക്കുന്നതിലൂടെ ഇവര്‍ കപ്പല്‍ കയറ്റുന്നത്. ഇത്തരത്തിലുള്ള മൂന്നോ നാലോ പേരുടെ വിലാസങ്ങള്‍ അറിയുവാന്‍ ഞാന്‍ ആവതും ശ്രമിച്ചിട്ടുള്ളതാണ്. എന്നാല്‍ ഒരു പ്രലോഭനത്തിനും പിടി കൊടുക്കാതെ അവര്‍ യഥേഷ്ടം വിഹരിക്കുന്നു. ഒരുത്തന്‍ എന്‍റെ പ്രലോഭനത്തില്‍ വീണ് എന്നെ വിശ്വസിപ്പിക്കുവാനായി ഒരു പാസ്സ്‌വേഡ് ഇട്ടു പൂട്ടിയ ഒരു ഡാറ്റബേസ്‌ എനിക്കയച്ചു തരിക വരെ ചെയ്തു. ഞാനതു കള്ള പാസ്സ്‌വേഡിട്ട് തുറന്നപ്പോള്‍ മലയാളികളുടേതടക്കമുള്ള സ്ത്രീകളുടെ ചിത്രങ്ങള്‍ അതിലുണ്ടായിരുന്നു. ആരാണിവര്‍ക്ക് ധൈര്യം കൊടുക്കുന്നത്? ആരാണിതിനുത്തരവാദി? ഉപഭോക്താക്കളില്ലാതെ ഒരു വ്യവസായവും നിലനില്‍ക്കില്ല എന്ന സത്യത്തിന്‍റെ വെളിച്ചത്തില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് നമ്മില്‍ ആരൊക്കെയാണ്?


ദൈവത്തിന്‍റെ സ്വന്തം നാടോ അതോ കാമഭ്രാന്തന്മാരുടെ സ്വന്തം നാടോ കേരളം? നാളെ ഇന്‍ഡ്യ ഒരു ലൈംഗികവ്യവസായരാജ്യമായാണോ അറിയപ്പെടാന്‍ പോകുന്നത്? ഇതിനുത്തരം നല്‍കാന്‍ ഓരോ പൌരനും ബാദ്ധ്യസ്ഥരാണ്.


© ജയകൃഷ്ണന്‍ കാവാലം