Tuesday, November 3, 2015

കൂപമണ്ഡൂകത്തിന്റെ സർഗ്ഗവിലാസങ്ങൾ

വിശ്വസാഹിത്യത്തിൽ, ഒരു കൂപമണ്ഡൂകത്തിന്റെ വില മാത്രമേ അരുന്ധതി റോയിക്ക്‌ അവകാശപ്പെടാനുള്ളൂ. മഹാസമുദ്രത്തോളം പോരുന്ന പെരുമയും, പൊരുളുമുള്ള അസംഖ്യം കൃതികളുമായി തട്ടിച്ചു നോക്കുമ്പോഴെന്നല്ല, താരതമ്യേന വളരെ ചെറിയ ഒരു കൂട്ടം ആളുകൾ സംസാരിക്കുന്ന, മലയാള സാഹിത്യത്തിൽ, ആടുജീവിതത്തിന്‌ അവകാശപ്പെടാനുള്ളതിലും എത്രയോ താഴെ മാത്രമാണ്‌ ഗോഡ്‌ ഓഫ്‌ സ്മോൾ തിങ്ക്സ്‌ ഉൾക്കൊള്ളുന്ന മൂല്യവും, മുദ്രയും.

വ്യാപ്തിയുള്ള ജീവിതവും, ജീവിത വ്യവസ്ഥിതിയുമുള്ള ഭാരതീയ കഥാപാത്രങ്ങളെ ഏതൊരു ചെറിയ ഫ്രെയിമിലൊതുക്കിയാലും, പാശ്ചാത്യലോകം അതിൽ അത്ഭുതം കൂറും. അത്‌ രണ്ടു സാംസ്കാരിക ഭൂമികകളിൽ വസിക്കുന്നവർക്ക്‌ പരസ്പരം തോന്നുന്ന അത്ഭുതമെന്നതിലുപരി മറ്റൊന്നുമില്ല തന്നെ. അങ്ങനെ ചിന്തിക്കുമ്പോൾ ആറു നീന്തുന്നവനും, പെപ്പരപെരപെര പേരപ്പനുമൊക്കെ ഒരു വിഷയമേ ആവുന്നില്ല മലയാളിക്ക്‌. ഇത്തരം കുറേ പൊള്ളയായ ഗിമ്മിക്കുകൾ കൊണ്ട്‌ പുകമറ തീർക്കാൻ കഴിഞ്ഞതിനപ്പുറം യാതൊരു ക്രിയാത്മക ഇടപെടലുകളും നടത്തിയിട്ടില്ലാത്ത ഒരു (വി)കൃതി ബുക്കർ പ്രൈസ്‌ കരസ്ഥമാക്കിയപ്പോൾ ബുക്കർ എന്ന വിഖ്യാതപുരുഷനും, അദ്ദേഹത്തിന്റെ പേരിൽ സ്ഥാപിതമായ അവാർഡും തുലോം തുച്ഛമായ നിലയിലേക്ക്‌ തരം താഴ്ത്തപ്പെട്ടു എന്നു പരിതപിക്കുവാനേ നിവൃത്തിയുള്ളൂ.

ചുരുക്കത്തിൽ, യാതൊരു ഉൾക്കാമ്പുമില്ലാത്ത ഒരു പുസ്തകത്തിനു ലഭിച്ച, അൽപ്പം കനമുള്ള ഒരു അവാർഡിന്റെ താരത്തിളക്കത്തിന്റെ പ്രഭാവലയത്തിൽ അഭിരമിച്ചു കൊണ്ടാണ്‌ അരുന്ധതി റോയി ഇന്നും ദേശവിരുദ്ധത നിറയുന്ന പ്രസ്താവനകൾ കൊണ്ടും, പ്രവർത്തികൾ കൊണ്ടും ജനങ്ങളുടെ കണ്ണിൽ പൊടിയിടാനും, സിരകളിൽ വിഷം കലർത്താനും ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌. ജനമനസ്സുകളിൽ നിന്നും വിസ്മൃതിയിലാണ്ടു പൊയ്ക്കൊണ്ടിരിക്കുന്ന തന്റെ താരത്തിളക്കത്തെ നില നിർത്താനുള്ള തത്രപ്പാട്‌. മറ്റുള്ളവരുടെ ശ്രദ്ധ ക്ഷണിക്കാൻ കോമാളിത്തരം കാട്ടുന്ന ഒരു കുഞ്ഞിന്റെ ചാപല്യത്തിന്‌ ഇതിലും എത്രയോ അന്തസ്സും, സൗന്ദര്യവുമുണ്ട്‌!

പക്ഷേ, ഒരു പൗരൻ എന്ന നിലയിൽ, ഭാരതത്തിൽ അധിവസിച്ചുകൊണ്ട് ഭാരതീയന്റെ ആത്മാഭിമാനത്തിനു മേൽ കരി വാരിത്തേയ്ക്കുന്ന അവരുടെ ജൽപ്പനങ്ങൾ പലപ്പോഴും അതിരു കടക്കുന്നു. 1909 നും 1946 നുമിടയിൽ ഗാന്ധിജി പറഞ്ഞതും എഴുതിയതുമായ കാര്യങ്ങളിൽ വർഷങ്ങളുടെ ഗവേഷണം നടത്തി എന്നവകാശപ്പെട്ടു കൊണ്ട്‌ അവർ നടത്തിയ അധിക്ഷേപം ഏതൊരു ഭാരതീയനും ഉൾക്കൊ‍ാൻ കഴിയുന്നതല്ല; കുറേ ദേശവിരുദ്ധർക്കൊഴിച്ച്.

ഗാന്ധിജിയെക്കുറിച്ച് എന്തറിഞ്ഞെന്നാണ്‌, എന്തു പഠിച്ചെന്നാണ്‌ ഇവർ അവകാശപ്പെടുന്നത്? ആ ജീവിതത്തിന്റെ നേരും, നേർമ്മയും, നൈർമ്മല്യവും,തന്റേടവും, വിശ്വമാനവസ്നേഹവും അവരുടെ സുദീർഘവായനയിലെങ്ങും അവരെ സ്പർശിച്ചില്ലയെങ്കിൽ, അവർ ഒന്നുകിൽ ഗാന്ധിയെ അല്ലായിരിക്കും വായിച്ചിരിക്കുക. അതുമല്ലെങ്കിൽ അവരുടെ ഭാഷാവബോധവും, മനനശേഷിയും, മനഃസ്സാക്ഷിയും കൂടി അവരെ ക്രൂരമായി വഞ്ചിച്ചിരിക്കാം.ഗോഡ് ഓഫ് സ്മോൾ തിങ്ക്സ് എഴുതിയ ബുദ്ധി വച്ചു നോക്കിക്കണ്ടതിന്റെ കുഴപ്പവുമാകാം ഇതൊക്കെ.

എന്തായിരുന്നാലും, ഭാരതീയ സൈനികരെയും, ഭാരതത്തിന്റെ സമാദരണീയനും, മഹാത്മാവുമായ രാഷ്ട്രപിതാവിനെയും, സാങ്കേതികരംഗത്തെ കുതിച്ചു ചാട്ടത്തെയും, സ്വയം പര്യാപ്തതയെപ്പോലും ദുഷ്ടലാക്കോടെ പരസ്യമായി വിമർശിക്കുകയും, കുറ്റപ്പെടുത്തുകയും ചെയ്യുന്ന അവർ മാത്രമേ ഒരു ഏജന്റ് അഥവാ ചാരൻ ആവാൻ തരമുള്ളൂ. അത് ഏതെങ്കിലും വിദേശ കോർപ്പറേറ്റുകളുടേതാണോ അതോ ഭാരതം നശിച്ചു കാണാൻ ആഗ്രഹിക്കുന്ന ഏതെങ്കിലും ശത്രു രാജ്യത്തിന്റേതാണോ എന്നത് അന്വേഷിക്കേണ്ട ചുമതല രാജ്യത്തിനുണ്ട്.

ഗാന്ധിജിയെ വായിച്ചറിഞ്ഞവർക്കറിയാം, ഉച്ചനീചത്വങ്ങൾക്കുപരിയായി അദ്ദേഹം ദളിതനോടും, സമ്പന്നനോടും. സാധാരണക്കാരോടും സമീപിച്ചിരുന്നതെങ്ങനെയെന്ന്‌. അന്ന് അവർക്കു വേണ്ടി ചിന്തിക്കുകയും പ്രയത്നിക്കുകയും ചെയ്തിട്ടുള്ള എത്ര പേർ ഉണ്ടായിരുന്നു?

സാമൂഹ്യപരിഷ്കർത്താവെന്നോ, പാവങ്ങളുടെ അപ്പൊസ്തലയെന്നോ ഒക്കെ സ്വയം അവകാശപ്പെടുന്ന അരുന്ധതി എന്തു ചെയ്തു ദളിതർക്കു വേണ്ടി? പോട്ടെ, മറ്റാർക്കെങ്കിലും വേണ്ടി? ഇവരുടെ ഈ ദേശവിരുദ്ധപ്രവർത്തനങ്ങൾ നിരീക്ഷിക്കപ്പെടേണ്ടതുണ്ട്. ഇതൊരു പെയ്‌ഡ്‌ സർവ്വീസ്‌ ആവാതെ തരമില്ല തന്നെ.

http://www.mathrubhumi.com/story.php?id=532881

No comments: