Tuesday, November 3, 2015

ആനകളില്ലാതെ അമ്പാരിയില്ലാതെ...

മലയാളിയുടെ ഉത്സവങ്ങൾക്ക് ഒഴിച്ചു കൂടാനാവാത്ത രണ്ടു കാര്യങ്ങളായി, ആനയും, വെടിക്കെട്ടും മാറിയിരിക്കുന്നു. സമഭാവനയുടെയും, വിശ്വസ്നേഹത്തിന്റെയും വിശാലദർശനങ്ങൾ ഉൾക്കൊള്ളുന്ന സനാതനധർമ്മികൾക്ക് ഇതൊരപവാദമാണ്.

നമ്മുടെ വേദ-പുരാണാദികളായ ഗ്രന്ഥങ്ങളിലോ, തന്ത്രശാസ്ത്രത്തിലോ, മറ്റു ക്ഷേത്രാനുബന്ധിയോ, ആചാരാനുഷ്ഠാനസംബന്ധിയോ ആയ ഒരു ശാസ്ത്രഗ്രന്ഥങ്ങളിലും ഈ രണ്ടു കാര്യങ്ങൾ പറഞ്ഞിട്ടില്ല എന്നത് ഒന്നാമത്തെ കാര്യം. രണ്ടാമതായി ഇതിൽ നാം ദർശിക്കേണ്ടത് മനുഷ്യത്വം ആണ്. ക്ഷേത്രം, ഉത്സവം ഇവകളിലൊക്കെ ദൈവീകതയാണ് നാം മുഖ്യമായി പരിഗണിക്കേണ്ടത്.

ഒന്നാലോചിച്ചു നോക്കൂ. മനുഷ്യന്റെ നയനസുഖത്തിനു വേണ്ടി മാത്രം, കാട്ടിൽ സ്വൈര്യമായി വിഹരിക്കേണ്ട ഒരു ജീവി, ശരീരശാസ്ത്രപരമോ, മാനസികമോ ആയി   നാട്ടിൽ ജീവിക്കാൻ പോന്ന യാതൊരു സവിശേഷതയുമില്ലാത്ത ഒരു ജീവി, തണലും വെള്ളവും പറ്റി കഴിയേണ്ട ജീവി, കൂട്ടം കൂടി മാത്രം ജീവിക്കാറുള്ള ഒരു ജീവി; പൊരിവെയിലത്ത്, താൻ തളയ്ക്കപ്പെട്ട ചങ്ങലയിലും, ചട്ടവ്രണത്തിലും നൊന്തും, വെന്തും ഭഗവാന്റെ തിടമ്പേറ്റി നിൽക്കുന്നു. ആ നിർദ്ദോഷ ജീവിയുടെ ശിരസ്സിൽ എഴുന്നള്ളിയിരിക്കുന്ന കരുണാമയൻ സന്തോഷവാനാകുന്നതെങ്ങനെ?

ഈശ്വരന് മനുഷ്യനും, ആനയും, പാമ്പും, ഉറുമ്പും, പൂവും, പുൽക്കൊടിയും വരെ ഒന്നാണ്.  ഒരു പക്ഷേ ചിന്തിക്കാനും, മനനം ചെയ്യാനും, തിരിച്ചറിവോടെ പ്രവർത്തിക്കാനും കഴിയുന്ന മനുഷ്യരോടുള്ളതിനേക്കാൾ വാത്സല്യവും കരുതലും ഭഗവാന് ഈ സാധു ജീവികളോടുണ്ടാവാം... ആദ്ധ്യാത്മിക കാര്യങ്ങളിലും മറ്റു ദൈനംദിന കാര്യങ്ങളിലും നിരന്തരം നവീകരണത്തിനും, തിരുത്തലുകൾക്കും തയ്യാറാവാത്ത ഒരു ജനത അധഃപ്പതനത്തിലേക്കു കൂപ്പുകുത്തുമെന്ന സത്യം നാം മനസ്സിലാക്കേണ്ടതുണ്ട്. ക്ഷേത്രങ്ങളിൽ അതതു കാലങ്ങളിൽ ഭരമേൽക്കുന്ന ഉത്സവ കമ്മറ്റി നടത്തിപ്പുകാർ ഇത്തരം അനാചാരങ്ങൾ നിർത്തലാക്കുവാൻ ആർജ്ജവത്തോടെ മുൻപോട്ടു വരേണ്ടതുണ്ട്.

ആനപ്പുറത്തെഴുന്നള്ളിപ്പ് ശാസ്ത്രമോ ആചാരമോ അല്ല, അതൊരു കീഴ്വഴക്കത്തിന്റെ പേരിൽ വേരുറച്ചു പോയ അനാചാരം മാത്രമാണ്. അഥവാ ആനപ്പുറത്ത് എഴുന്നള്ളിയാൽ മാത്രം സന്തോഷിക്കുന്ന ഒരു ഈശ്വരനിൽ സനാതനധർമ്മി വിശ്വസിക്കാതിരിക്കുക. അതല്ലെങ്കിൽ, അതിനു തക്കതായ ശാരീരിക, മാനസിക സവിശേഷതകളോടെ ഈശ്വരൻ ആ ജീവിയെ ജനിപ്പിക്കണമായിരുന്നു.

ഭാരതീയ ആദ്ധ്യാത്മിക ദർശനങ്ങളിൽ ആഴത്തിൽ അറിവുള്ള സംപൂജ്യ സ്വാമികൾ ശ്രീ ചിദാനന്ദപുരി മഹാരാജിന്റെ വാക്കുകൾ ഈ വിഷയത്തിൽ ആധികാരികമാണ്. സ്വാമിജി ആനയെഴുന്നള്ളത്തിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പൂജനീയ ഡോ. എൻ ഗോപാലകൃഷ്ണൻ സാറും ശാസ്ത്രാടിസ്ഥാനത്തിലും, യുക്തിഭദ്രമായും ഇക്കാര്യത്തെ പിൻതാങ്ങുന്നു.

ആഘോഷങ്ങൾ പാടില്ലെന്ന് ആരും പറയുന്നില്ല. ശില്പചാരുതയുടെ ഉദാത്തമാതൃകകളാവുന്ന രഥത്തിലോ,, സഹസ്രദളപത്മത്തിൽ ഗായത്രി ചൊല്ലി ജ്ഞാനത്തെയുണർത്തിയ വൈദികന്റെ ശിരസ്സിലോ ഭഗവാൻ എഴുന്നള്ളട്ടെ. രഥങ്ങൾ ഒരു സാംസ്കാരിക വൈവിദ്ധ്യം മാത്രമല്ല കുറച്ചു പേർക്ക് തത്സംബന്ധിയായി തൊഴിൽ കൂടി നല്കും. നമ്മുടെ ഉത്സവകാലങ്ങൾ കുറച്ചു കലാകാരന്മാർക്ക് വരുമാനവും, അതിലൂടെ പ്രചോദനവും ലഭിക്കുന്നതാവട്ടെ. ആനയെ എത്രമാത്രം ദ്രോഹിച്ചും, വേദനിപ്പിച്ചും, ഭീഷണിപ്പെടുത്തിയും, പീഡിപ്പിച്ചുമാണ് ഉത്സവങ്ങൾക്ക് എഴുന്നള്ളിക്കുന്നതെന്ന് ഓരോ ഹൈന്ദവനും തിരിച്ചറിയുക.

മറ്റൊന്നുള്ളത് വെടിയും കതിനയുമാണ്. പല ക്ഷേത്രങ്ങളിലും കാര്യസാദ്ധ്യത്തിനും മറ്റുമായി ദേവതയുടെ ഇഷ്ടവഴിപാടെന്ന പേരിൽ വെടിവഴിപാട് ബോർഡുകൾ കണ്ടിട്ടുണ്ട്. ശബ്ദകോലാഹലം കേട്ട് സന്തോഷിക്കുന്ന ദൈവം!. ഒന്ന് മനസ്സിലാക്കുക, ഈശ്വരന്റെ നാദം അത് സാക്ഷാൽ പ്രണവമാണ്. സംശുദ്ധമായ ഓംകാരം. ഓംകാരത്തിൽ സന്തോഷിക്കുന്നവനാണ് ഈശ്വരൻ അല്ലാതെ കതിന പൊട്ടിച്ച് കാതിന് അലോസരമുണ്ടാക്കുന്ന പരിസ്ഥിതിക്ക് ഹാനി വരുത്തുന്ന, ജീവിവർഗ്ഗത്തിന് ഭീഷണിയുണ്ടാക്കുന്ന ശബ്ദത്തിൽ സന്തോഷിക്കുന്നവനല്ല. ഭക്തഹൃദയത്തിൽ നിന്നും ആർദ്രമായൊഴുകുന്ന നാമജപത്തേക്കാൾ അവന് പ്രിയങ്കരമായ മറ്റൊരു ശബ്ദവും ഈ പ്രപഞ്ചത്തിലുണ്ടാവില്ല. ദേവപ്രീതിക്ക് നാമം ജപിക്കുക.

സാമാന്യബുദ്ധി കൊണ്ടു ചിന്തിക്കൂ, കരിമരുന്ന് എന്ന രാസവസ്തു കണ്ടു പിടിച്ചിട്ട് എത്ര കാലമായിക്കാണും? അതിനു മുൻപ് ഈ ദേവത സന്തോഷിച്ചിരുന്നില്ലേ? ശുദ്ധമായ ചൂഷണമാണ് ഇതിനു പിന്നിൽ. ആരാധനാലയങ്ങളോടനുബന്ധിച്ചുള്ള ഇത്തരം ഏർപ്പാടുകൾക്കു വിലക്കേർപ്പെടുത്തുവാനും, അവിടങ്ങളിലെ കരിമരുന്നു ലൈസൻസ് റദ്ദു ചെയ്യുവാനും സർക്കാരുകൾ തയ്യാറാവണം. എത്രയെത്ര അപകടങ്ങൾ നമുക്ക് നൽകിയ പാഠം നാം തിരിച്ചറിയാത്തതെന്തു കൊണ്ടാണ്? കഴിഞ്ഞ ദിവസം അരുവിത്തുറ പള്ളിയിൽ ഉണ്ടായ അപകടം ഇത്തരത്തിൽ അവസാനത്തേതാണ്. കുറച്ചു മനുഷ്യരുടെ ചൂഷണബുദ്ധിയിലും ലാഭേച്ഛയിലും നാം നമ്മുടെ പണവും ആരോഗ്യവും പണയം വയ്ക്കേണ്ടതുണ്ടോ?

ഒരു വർഷം ആനയ്ക്കും, വെടിക്കെട്ടിനുമായി ചിലവഴിക്കുന്ന വമ്പിച്ച തുക കൊണ്ട് ഒരു നിർദ്ധനന് വീടു വച്ചു നല്കൂ, ആരോരുമില്ലാത്ത ഒരു കുഞ്ഞിനെ സംരക്ഷിക്കൂ, ഒരാള്ക്കെങ്കിലും ചികിത്സ ലഭ്യമാക്കൂ... കരുണാമയന്റെ അളവറ്റ പ്രീതിയും സന്തോഷവും ഒരു ഗ്രാമം മുഴുവനും ലഭിക്കും, ക്ഷേത്രസങ്കേതങ്ങൾ ഹിന്ദുവിന് അഭയവും ആശ്രയവും നല്കട്ടെ. അറിവും, അർത്ഥവും, ലക്ഷ്യബോധവും, ധർമ്മബോധവും ലഭിക്കുന്ന യാഗശാലകളാവട്ടെ ഓരോ ക്ഷേത്രാങ്കണവും.

ക്ഷേത്രഭരണത്തിലും നടത്തിപ്പിലും ശാസ്ത്രബോധവും, ലക്ഷ്യബോധവും ആചാരാനുഷ്ഠാനങ്ങളെക്കുറിച്ച് ശാസ്ത്രീയ അറിവ് അടിസ്ഥാനമായെങ്കിലും ഉള്ളവരുമായ യുവാക്കൾ കടന്നു വരേണ്ടതുണ്ട്. നിരന്തരശ്രദ്ധാലുക്കളായ ഒരു യുവ സമൂഹത്തിന്റെ ക്രിയാത്മക ഇടപെടൽ തീർച്ച യായും നമ്മുടെ ക്ഷേത്രാങ്കണങ്ങൾ ആവശ്യപ്പെടുന്നു.  ഇനി വരും കാലങ്ങളിലെങ്കിലും ആനയും വെടിക്കെട്ടുമുണ്ടെങ്കിൽ ഞങ്ങൾ പിരിവു തരില്ല എന്നു പറയാനുള്ള ആർജ്ജവം ഹൈന്ദവർ കാണിക്കേണ്ടിയിരിക്കുന്നു. എന്നാലല്ലാതെ ഈ ജന്തുഹിംസയ്ക്കും, ചൂഷണത്തിനും അറുതിയുണ്ടാവില്ല.

No comments: