Tuesday, November 3, 2015

എൻ എസ് എസ് നേതൃത്വം ഓർമ്മിക്കാൻ

എൻ എസ് എസ് കോളേജിലെ നിയമനത്തിന്‌ പന്ത്രണ്ടു ലക്ഷം രൂപ നിരുപാധികം ആവശ്യപ്പെട്ടതു സംബന്ധിച്ച എന്റെ ഫേസ് ബുക്ക് പോസ്റ്റ് സമുദായത്തെ വേദനിപ്പിക്കുന്നതും, മലർന്നു കിടന്നു തുപ്പുന്നതിനു തുല്യവുമാണെന്ന് യൂണിയൻ സെക്രട്ടറി.

പിന്നല്ലാതെ എന്തു ചെയ്യണമായിരുന്നു നായർ സാർ? സാറു പറഞ്ഞതു പോലെ സുകുമാരൻ നായർ സാറിന്റെ അടുത്തു പോയി ചോദിച്ചാൽ എന്തു സംഭവിക്കുമായിരുന്നു? വെറുതേ ഒന്നു കാണാൻ കയറിയ സുരേഷ് ഗോപിയുടെ അനുഭവം ആരും മറന്നിട്ടില്ല. അതവിടെ നിൽക്കട്ടെ.

യൂണിയൻ സെക്രട്ടറിയുടെ വാദം, മന്നത്തപ്പൂപ്പൻ ഉള്ള കാലം മുതൽ എൻ എസ് എസ് നിയമനത്തിനു പണം വാങ്ങാറുണ്ട്. അതുപോലെ ഇപ്പോഴും ചെറിയൊരു സംഭാവന ആവശ്യപ്പെട്ടു എന്നാണ്‌. ഒരു ശരാശരി നായർക്ക് പന്ത്രണ്ടു ലക്ഷം രൂപ അങ്ങു പറഞ്ഞതു പോലെ ‘നിസ്സാരമായ - ചെറിയൊരു' തുകയാണെങ്കിൽ പിന്നെ സാമ്പത്തിക സംവരണമെന്നൊക്കെ പറഞ്ഞ് എൻ എസ് എസ് തന്നെ കയ്യടി വാങ്ങാൻ ശ്രമിക്കുന്നതിൽ എന്ത് ആത്മാർത്ഥതയാണുള്ളത്?

ഇത്തരം വിഷയങ്ങൾ പൊതുമാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുന്നതിനെ നേതൃത്വം ഭയക്കുന്നതെന്തിന്‌? അധികാരിവർഗ്ഗമല്ലാതെ മറ്റൊരു കുഞ്ഞു പോലും എന്റെ കത്തിനെ എതിർത്തോ സമുദായനേതൃത്വത്തിനെ ന്യായീകരിച്ചോ കണ്ടില്ലല്ലോ. അധികാരിവർഗ്ഗത്തിൽ തന്നെ കൃത്യമായി പറഞ്ഞാൽ അങ്ങുൾപ്പെടെ മൂന്നേ മൂന്നു പേരാണ്‌ നേതൃത്വത്തെ ന്യായീകരിച്ചത്. മറ്റുള്ളവരെല്ലാം മൗനം ദീക്ഷിക്കുകയോ യോജിപ്പു പ്രകടിപ്പിക്കുകയോ ആയിരുന്നു. ഈ വിഷയത്തിൽ നേതൃത്വത്തിന്റെ നിലപാട്‌ ശരിയാണ്‌ എന്ന് നൂറു ശതമാനം അങ്ങേയ്ക്കോ മറ്റാർക്കെങ്കിലുമോ ഉറപ്പുള്ള പക്ഷം ഇതാ ഈ പൊതു മാധ്യമത്തിൽ ഒരു തുറന്ന ചർച്ചയ്ക്കു ക്ഷണിക്കുന്നു. എന്താ പോരുന്നോ??? എന്റേതു തെറ്റിദ്ധാരണയാണെങ്കിൽ തിരുത്താൻ ഞാൻ തയ്യാറാണ്‌. നിങ്ങളുടേത് തെറ്റായ നയസമീപനമാണെങ്കിൽ തിരുത്താൻ നിങ്ങൾ തയ്യാറാകുമോ?

ഞാനെന്ന നായർ മലർന്നു കിടന്നു തുപ്പിയാൽ എന്റെ മുഖത്തു വീണതിന്റെ ബാക്കിയേ നിങ്ങളുടെയൊക്കെ ദേഹത്തു വീഴുള്ളൂ സർ. കാരണം, ഞാൻ നേരിൽ സൂചിപ്പിച്ചതു പോലെ തന്നെ ഇന്നത്തെ വില നോക്കിയാൽ ഒരു കോടിയോ അതിനു മുകളിലോ വില വരുന്ന തറവാട്ടുമുതൽ സമുദായോദ്ധാരണത്തിന്‌ ഇഷ്ടദാനം കൊടുത്ത പാരമ്പര്യമുള്ളവൻ അതേ സമുദായത്തിന്റെ അപചയത്തെ വിമർശിക്കുന്നത് മലർന്നു കിടന്നു തുപ്പലാണെങ്കിൽ ആ തുപ്പൽ കൂടുതൽ വീഴുന്നത് അവന്റെ മുഖത്തു തന്നെയാണ്‌. അല്ല, സമുദായനേതൃത്വം സമുദായാംഗങ്ങളോട് അക്ഷരാർത്ഥത്തിൽ ചെയ്യുന്നതും അതു തന്നെയാണല്ലോ... മുഖത്തു കാർക്കിച്ചു തുപ്പൽ...

ഞങ്ങൾ ഇനിയും ഈ വ്യവസ്ഥിതിയോടു പൊരുതുക തന്നെ ചെയ്യും. നായന്മാർ നന്നാകുമെന്നുള്ള പ്രതീക്ഷകൊണ്ടൊന്നുമല്ല. പക്ഷേ ഞങ്ങൾ പൊരുതി വീഴുന്നതു വരെയും പറയും. ഇന്നു മന്നത്തപ്പൂപ്പനുണ്ടായിരുന്നെങ്കിൽ അദ്ദേഹം മറ്റൊരു വിമോചനസമരം നടത്തിയേനേ. ഈ ചീഞ്ഞുനാറിയ വ്യവസ്ഥിതിയിൽ നിന്നും നേതൃത്വത്തിൽ നിന്നും താൻ പടുത്തുയർത്തിയ എൻ എസ് എസ്സിനെ രക്ഷിക്കാനായി. മരിച്ചുവീഴുമെങ്കിൽ അതു യുദ്ധഭൂമിയിലെന്ന പ്രഘ്യാപിതവ്രതത്തെ ഉപാസിക്കുന്ന നായന്മാരെ കണ്ടിട്ടുണ്ടോ നേതാക്കന്മാർ? പുതുതായി പൊട്ടിമുളച്ച ആദർശബോധമൊന്നുമല്ല ഞങ്ങൾക്കത്. പണ്ടുമുണ്ടായിരുന്നു അങ്ങനെയുള്ള നായന്മാർ... പെരുന്നയിലുള്ളവർക്ക് നായന്മാരെക്കുറിച്ച് അത്ര പിടിയില്ലാഞ്ഞിട്ടാണ്‌.

No comments: