Tuesday, November 3, 2015

അടുക്കളത്തോട്ടത്തിലേക്കു നടക്കാം

published on fb, dated: july 27, 2015

മലയാളി അടുക്കളത്തോട്ടത്തിലേക്ക് ശ്രദ്ധിക്കേണ്ട കാലം കുറ്റകരമാം വിധം അതിക്രമിച്ചിരിക്കുന്നു. തമിഴ്നാട് പോലെയുള്ളിടങ്ങളിൽ നിന്നും വന്നെത്തുന്ന മാരകരാസവസ്തുക്കൾ നിറഞ്ഞ പച്ചക്കറികൾ നമ്മിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കി വയ്ക്കുന്നുണ്ട്.

മലയാളിയുടെ ഇടയിലെ കാൻസർ രോഗികളുടെ എണ്ണം പരിശോധിച്ചാൽ നമുക്കതു ബോദ്ധ്യമാകും. മാംസാഹാരത്തിൽ നിന്നും ഉണ്ടാകുന്നതിലും വലിയ അളവിൽ ഇന്ന് വിഷം കലർന്ന പഴം പച്ചക്കറികളിലൂടെ നാം രോഗികളാകുന്നുണ്ടെന്നതാണ്‌ വസ്തുത. അതിർത്തി കടന്നെത്തുന്ന ഇവ ശരിയായ രീതിയിൽ പരിശോധിക്കാനുള്ള സംവിധാനവും നമുക്കില്ല. അഥവാ ഉണ്ടെങ്കിൽ തന്നെ അതിനു വേണ്ടി വരുന്ന ഭാരിച്ച ചിലവും ഇതിനെ പ്രായോഗികമായി നിയന്ത്രിക്കുന്നതിനു തടസ്സമാണ്‌.

തമിഴൻ കൃഷി നടത്തുന്നത് രണ്ടു രീതിയിലാണ്‌. ഒന്ന് കക്കൂസ് മാലിന്യവും, രാസവളവും, പലതരം കീടനാശിനികൾ ഒരു തരം പശയുമായി കലർത്തിയ മിശ്രിതവും തളിച്ച്. മറ്റൊന്ന് മിതമായ വളവും ലഘുവായ കീടനാശിനി പ്രയോഗവും ചെയ്ത്. ആദ്യം പറഞ്ഞത് നേരേ കേരളത്തിലോട്ടും, രണ്ടാമത്തേത് തമിഴന്റെ ഉപയോഗത്തിനും. ഇത് പലരും നേരിൽ ബോദ്ധ്യപ്പെട്ട കാര്യമാണ്‌. ചോദിച്ചാൽ, ഇതു മലയാളി മക്കൾക്ക്, ഇതു തമിഴ് മക്കൾക്ക് എന്ന് കൃത്യമായ ഉത്തരവും അവൻ പറയും. ചോദിക്കുന്നവൻ മലയാളിയാണെന്നു തിരിച്ചറിയാതെ പച്ചത്തമിഴിൽ ചോദിക്കണമെന്നു മാത്രം.

ഈയിടെ തമിഴ്നാട്ടിൽ നിന്നും വരുന്ന പച്ചക്കറികളിലെ വമ്പിച്ച വിഷാംശത്തെക്കുറിച്ചു റിപ്പോർട്ട് ചെയ്ത കേരളത്തിലെ ഉദ്യോഗസ്ഥയ്ക്കെതിരെ വക്കീൽ നോട്ടീസ് അയക്കുകയാണ്‌ അവിടത്തെ കീടനാശിനി വിതരണക്കാർ ചെയ്തത്. അതായത് നമ്മൾ വിഷം കഴിക്കാൻ വിധിക്കപ്പെട്ടവരാണെന്ന് അവർ തീരുമാനിക്കുന്നു.

മല്ലിയില, കറിവേപ്പില തുടങ്ങിയവയിൽപ്പോലും മാരകമായ അളവിൽ വിഷാംശം. തമിഴ്നാട്ടിൽ നിന്നു കയറ്റുമതി ചെയ്യുന്ന പച്ചക്കറികൾ പലതും നിരോധിച്ചിരിക്കുന്ന വിദേശരാജ്യങ്ങൾ വരെയുണ്ട്.

മുന്തിരിത്തോട്ടങ്ങളിൽ കണ്ടുവന്നിരുന്ന കിളികളെ ഓടിക്കാനായുള്ള കാവൽമാടങ്ങൾ ഇന്നപ്രത്യക്ഷമായിരിക്കുന്നു. കാരണം തിരക്കിയാൽ തമിഴൻ പറയും, ഇപ്പോൾ ഇത് കിളികൾ വന്നു തിന്നാറില്ല. തിന്നാൽ അവ ചത്തു പൊയ്ക്കൊള്ളുമെന്ന്. ഇത് നമ്മുടെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണ്‌. അവയാണ്‌ നാമും നമ്മുടെ കുഞ്ഞുങ്ങളും കഴിക്കുന്നത്.

നിറം, വിഷം, മാലിന്യം, മായം ഇവകളാൽ സമ്പന്നമാണ്‌ നാമിന്നു കഴിക്കുന്ന പലതും.

സമയമോ, സ്ഥലമോ ആവശ്യമേയില്ലാത്ത ഒന്നാണ്‌ അടുക്കളത്തോട്ടമെന്നത് എന്റെ അനുഭവമാണ്‌. അടുക്കളവാതിൽക്കൽ നാലു പൊട്ടിയ ബക്കറ്റു വയ്ക്കാനുള്ള ഇടമുണ്ടെങ്കിൽ, ടെറസിലോ വരാന്തയിലോ അൽപം ഇടമുണ്ടെങ്കിൽ, വാങ്ങി ഉപയോഗിച്ചു വലിച്ചെറിയുന്ന പത്തു പെപ്സി ബോട്ടിലും ഒരുപിടി മണ്ണുമുണ്ടെങ്കിൽ സ്വയം ചെയ്യാവുന്ന ലാഭകരവും അതിലുപരി വിഷവിമുക്തവുമായ ഭക്ഷ്യവസ്തു ഉൽപ്പാദനം സാദ്ധ്യമാവുന്ന ഒന്നാണിത്. അടുക്കളയിലെ ഉപയോഗശേഷമുള്ള വെള്ളവും, പച്ചക്കറി അരിയുന്ന വേസ്റ്റും വേണ്ടി വന്നാൽ അൽപ്പം കടലപ്പിണ്ണാക്കോ, ഒരു പിടി ചാണകമോ കൂടിയുണ്ടെങ്കിൽ മറ്റൊന്നുമില്ലാതെ തന്നെ ഒരു വീട്ടിലെ ദൈനംദിന ആവശ്യങ്ങൾക്കുള്ള പച്ചക്കറികൾ നമുക്കുൽപ്പാദിപ്പിക്കാം. കീടങ്ങളുടെ ശല്യം അധികരിച്ചാൽ ലളിതമായി ഉണ്ടാക്കാവുന്ന പുകയിലക്കഷായം പോലെയുള്ള ജൈവകീടനാശിനികൾ കൊണ്ട് അവയെ നിയന്ത്രിക്കാനും കഴിയും.

സീസണൽ ആയി ഇടനിലക്കാർ ഉൾപ്പെടെയുള്ളവരുടെ ചൂഷണത്തിനിരയായി വിഷം വിലയ്ക്കു വാങ്ങി ഭക്ഷിക്കുന്ന പ്രവണതയിൽ നിന്നും നാം മാറിച്ചിന്തിച്ചില്ലെങ്കിൽ രോഗാതുരമായ ഒരു തലമുറയ്ക്ക് നാം അടിവളം ചേർക്കുകയാണെന്ന വസ്തുത മറക്കരുത്.

സാമ്പത്തികലാഭം മറ്റൊന്നാണ്‌. ഉദാഹരണത്തിന്‌, വിഷുവിനു രണ്ടു ദിവസം മുൻപു വരെ കിലോ 20 രൂപയിൽ കിടന്ന ബീൻസിന്‌ വിഷു വില കിലോ 90. ഉൽപ്പാദകനായ തമിഴനും കന്നഡിഗനും കേരളത്തിൽ വിഷു വന്നതും പോയതും അറിഞ്ഞതു പോലുമില്ല. അവിടെ അന്നും കിലോ വില രണ്ടും നാലുമൊക്കെത്തന്നെ. ഇവിടെ സീസൺ മുതലെടുത്ത് വിലകൂട്ടിയതും ലാഭമുണ്ടാക്കിയതും ഇടനിലക്കാരും പ്രാദേശിക കച്ചവടക്കാരും മാത്രമാണ്‌. ഈ വൻ ചൂഷണത്തിന്‌ നാം നിന്നു കൊടുക്കേണ്ടതുണ്ടോ? എന്നിട്ടോ? വാങ്ങി കഴിക്കുന്നത് മാരക വിഷവും. ഇന്നു കേരളത്തിൽ നിരോധിച്ചിരിക്കുന്ന ഫ്യൂറഡാൻ, എൻഡോ സൾഫാൻ തുടങ്ങിയ എല്ലാ റെഡ്‌ ലേബൽഡ് കീടനാശിനികളും തമിഴ്‌നാട്ടിൽ സുലഭവും നിരോധനം ഇല്ലാത്തവയുമാണ്‌. ഇവിടെ നിരോധിച്ചിട്ടെന്തു കാര്യം? ഇവിടുത്തുകാർ കഴിക്കുന്നത് ഇവയ്ക്കൊന്നും യാതൊരു നിയന്ത്രണവുമില്ലാത്ത ഇടങ്ങളിൽ ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങളാണ്‌.

പ്രബുദ്ധരായ മലയാളികൾ ക്രിയാത്മകമായി വഞ്ചിക്കപ്പെടുന്ന കാഴ്ചയാണ്‌ നമ്മുടെ ഭക്ഷ്യസംസ്കാരം വെളിവാക്കിത്തരുന്നത്. ഫാസ്റ്റ്ഫുഡ്‌, പൊറോട്ട തുടങ്ങിയവയൊക്കെ നമ്മുടെ ഭക്ഷ്യസംസ്കാരത്തിൽ വില്ലൻ വേഷം കെട്ടി നിൽക്കുമ്പൊഴും അവയേക്കാളുപരിയായി അരങ്ങു തകർത്ത് നാശം വിതയ്ക്കുന്നവ യാതൊരു നിയന്ത്രണവും നിരീക്ഷണവുമില്ലാത അതിർത്തി കടന്നെത്തുന്ന സസ്യോൽപ്പന്നങ്ങളാണെന്നതിൽ സംശയമേ വേണ്ട.

ഇതിനു ക്രിയാത്മകവും, പ്രായോഗികവുമായ പോംവഴി നാം സ്വയംപര്യാപ്തതയിലേക്കു തിരിയുക എന്നതു മാത്രമാണ്‌. പ്രാദേശികമായി ജൈവപച്ചക്കറിയെ പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ തലത്തിലും ഉദാരമായ പദ്ധതികൾ ആവിഷ്ക്കരിക്കേണ്ടതുണ്ട്. വ്യാവസായിക ഉൽപ്പാദനത്തെ പ്രോത്സാഹിപ്പിക്കുകയും, സബ്‌സിഡി, നികുതിയിളവ്‌ തുടങ്ങിയ ആനുകൂല്യങ്ങളിലൂടെ കർഷകരെ ആകർഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യാൻ സർക്കാർ തയ്യാറായാൽ ചികിത്സ, രോഗനിവാരണം തുടങ്ങിയ മേഖലകളിൽ ഇന്നുണ്ടായിക്കൊണ്ടിരുന്ന ഭാരിച്ച ചിലവിന്റെ പകുതി പോലും വരില്ല. ഇനി പലിശരഹിത വായ്പകൾ അനുവദിച്ചാലും, പാട്ടരഹിതമായി സർക്കാർ ഭൂമി ജൈവകൃഷിക്കായി വിട്ടു നൽകിയാൽപ്പോലും ആരോഗ്യകരമായ ഒരു സമൂഹത്തിന്റെ നിലനിൽപ്പിന്റെ പ്രശ്നമാകയാൽ അതിൽ ലാഭമല്ലാതെ നഷ്ടമൊന്നുമുണ്ടാകുകയില്ല.

വ്യാവസായികോൽപ്പാദനവും, സർക്കാർ പദ്ധതികളുമൊക്കെ രണ്ടാമത്തെ കാര്യം. പക്ഷേ നാം ആദ്യം സ്വന്തം അടുക്കളമുറ്റത്തു നിന്നും തുടങ്ങേണ്ടിയിരിക്കുന്നു. ഓണക്കാലം തുടങ്ങുകയായി. അതിർത്തി കടന്ന് മാരകവിഷങ്ങളുടെ ഘോഷയാത്രയും തുടങ്ങിക്കഴിഞ്ഞു. ഇനിയെങ്കിലും മാറിച്ചിന്തിച്ചില്ലെങ്കിൽ, അധികനാൾ ഓണമുണ്ണാൻ മലയാളി അവശേഷിക്കില്ല എന്ന യാഥാർഥ്യം നമ്മളെ കർമ്മോന്മുഖരാക്കട്ടെ എന്നാശംസിക്കുന്നു.

No comments: