Tuesday, February 3, 2009

ഉടുതുണി പൊക്കല്‍ മത്സരം

ഒരാള്‍ മറ്റൊരാളെ ഉടുതുണി പൊക്കി കാണിച്ചാല്‍ അതിനര്‍ത്ഥമെന്താണ്?


ഈ ചോദ്യത്തിന് ഉത്തരം പറയാന്‍ ഇക്കഴിഞ്ഞ ഉജാല ഏഷ്യാനെറ്റ് അവാര്‍ഡ്‌ നിശയുടെ സംഘാടകര്‍ ബാദ്ധ്യസ്ഥരാണ്. സാമൂഹികപ്രതിബദ്ധതയുണ്ടെന്ന് അവകാശപ്പെടുന്ന പ്രസ്തുത ചാനല്‍, തിരുവനന്തപുരത്തിന്‍റെ വിവിധഭാഗങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന പ്രത്യേക സ്ക്രീനിലൂടെ തത്സമയം കാണുവാന്‍ മലയാളിയെ മാടി വിളിച്ച പ്രസ്തുത പരിപാടി ഇനിയൊരര്‍ത്ഥത്തില്‍ അവരുടെ പരസ്യവാചകത്തെ അന്വര്‍ത്ഥമാക്കും വിധത്തില്‍ ‘നേരോടെ’ ‘നിര്‍ഭയം’തന്നെയായിരുന്നു അവതരിപ്പിച്ചത്. നേരോടെ നിര്‍ഭയം നിരന്തരം എന്നതിന്‍റെ കൂടെ നിര്‍ലജ്ജം എന്നൊരനുബന്ധം കൂടി എഴുതിച്ചേര്‍ക്കേണ്ടിയിരിക്കുന്നു എന്നു തോന്നിപ്പോയി ഈ പരിപാടി കണ്ടപ്പോള്‍.


പൊതുസ്ഥലത്ത് ഉടുതുണിയഴിച്ചാല്‍ നൂറു രൂപ മുതല്‍ പിഴയീടാക്കാന്‍ വകുപ്പുള്ള നാട്ടില്‍ ക്ഷണിക്കപ്പെട്ട സദസ്സിനു മുന്‍പില്‍, പദ്മശ്രീയും, പദ്മഭൂഷണും എല്ലാം നല്‍കി രാഷ്ട്രം ആദരിച്ചിട്ടുള്ള ഒരു പിടി കലാകാരന്മാരെയും സാംസ്കാരിക നായകന്മാരെയുമെല്ലാം വേദിയിലിരുത്തിക്കൊണ്ട്‌ ഡാന്‍സ്‌ എന്ന പേരില്‍ അവതരിപ്പിച്ച ഒരിനം ടി വിയിലൂടെ കണ്ടിട്ടു പോലും ലജ്ജ തോന്നി.


ന്യായീകരണങ്ങള്‍ എന്തു തന്നെ വേണമെങ്കിലും ആയിക്കോട്ടെ. ഒറ്റ കാഴ്ച്ചയില്‍ ഒരു തുണി ശരീരത്തില്‍ തൂക്കിയിട്ട്‌ കാണേണ്ടവരു കണ്ടോ എന്ന രീതിയിലുള്ള ആ കോപ്രായം കണ്ടാല്‍ മിണ്ടാതിരിക്കാന്‍ ബുദ്ധിമുട്ടാണ്. ഇതിന്‍റെ പേരില്‍ പകല്‍മാന്യനെന്നോ, കപടസദാചാരവാദിയെന്നോ തുടങ്ങി നിലവിലിരിക്കുന്ന എന്തു പേരിട്ടു വിളിച്ചാലും ഇനി അതല്ല പുതിയ വല്ല പേരും കണ്ടു പിടിച്ചു വിളിച്ചാലും കുഴപ്പമില്ല. സ്കിന്‍ വെയറുകള്‍ പോലുള്ള വസ്ത്രങ്ങള്‍ ധരിച്ചിട്ടുണ്ട്‌ എന്ന അവകാശവാദത്തിന് മനസ്സാക്ഷിക്കു മുന്‍പില്‍ എന്തു പ്രസക്തി? ഒറ്റ നോട്ടത്തില്‍ തുണിയില്ലാതെ അഴിഞ്ഞാടുക തന്നെ.


മലയാളികളോട്‌ മുഴുവനും കാട്ടിയില്ലെങ്കിലും ആ പരിപാടി വേദിയിലിരുന്നു കണ്ടവരോടോ, അതുമല്ലെങ്കില്‍ തിരുവനന്തപുരം നിവാസികളോടു മാത്രമെങ്കിലും അല്പം മാന്യത കാണിക്കാമായിരുന്നു സംഘാടകര്‍ക്ക്. ക്ഷണിച്ചു വരുത്തിയിരുത്തിയിട്ട്... അയ്യേ


ഇന്നലെ കണ്ട മറ്റൊരു കാഴ്ച്ച, ശ്രീമഹാഭാഗവതം എന്ന സീരിയല്‍ (അബദ്ധത്തില്‍ ഒന്നു കണ്ടു പോയതാണ്) അതില്‍ ഒരു സന്യാസി രാജകുമാരിയോടു ചോദിക്കുന്നു ‘അതിഥി’ എന്ന വാക്കിന്‍റെ അര്‍ത്ഥം എന്താണ്? രാജകുമാരി പറയുന്നു ‘അതിഥി എന്നാല്‍ വിരുന്നുകാരന്‍‘ ബലേ ഭേഷ്... മലയാളികെളെ ഭക്തിയില്‍ ആറാടിക്കാനും, പ്രബുദ്ധരാക്കാനുമൊക്കെ കോണ്ട്രാക്റ്റെടുത്തിരിക്കുന്ന പ്രസ്തുത പരിപാടിയുടെ തിരക്കഥാകൃത്തോ, നിര്‍മ്മാതാവോ, ചാനലുകാരോ (ഇനി ഇവരൊക്കെ ആരായാലും) മേല്പറഞ്ഞപോലെ കണ്ടുകൊണ്ടിരിക്കുന്ന സാധാരണ മനുഷ്യരോടോ, ചെയ്യുന്ന പ്രവൃത്തിയോടോ അല്പമെങ്കിലും സമര്‍പ്പണമുണ്ടെങ്കില്‍, അതിഥി എന്ന വാക്കിന്‍റെ ശരിയായ അര്‍ത്ഥം അതിലൂടെ പറയണമായിരുന്നു. അതോ ഇനി സീരിയലില്‍ കൂടി വിജ്ഞാനം പകര്‍ന്നാല്‍ ശരിയാവില്ലെന്നുണ്ടോ?


മണ്ടത്തരങ്ങളുടെ ഫാക്ടറി ആയിക്കൊണ്ടിരിക്കുകയാണ് നമ്മുടെ ചാനലുകള്‍. നിങ്ങളോട് വിനയപൂര്‍വം ഒന്നുണര്‍ത്തിച്ചോട്ടേ
കഷ്ടം...!