Tuesday, November 3, 2015

ആർ എസ് എസ്സും വർഗ്ഗീയതയും ആനുകാലിക രാഷ്ട്രീയബുദ്ധിയും

വർഷങ്ങൾക്കു മുൻപുള്ള ഒരു കാലം... തിരുവനന്തപുരത്തെ നഗരവീഥിയിലൂടെ ദീപുവിന്റെ പൾസറിന്റെ പുറകിലിരുന്ന് ഇവൻ യാത്ര ചെയ്യുന്നു...

ദീപു പറഞ്ഞു, പണിക്കരേ രാഷ്ട്രീയസ്വയംസേവക സംഘത്തിന്റെ വാർത്താബോർഡിനായി കുറച്ചു വാചകങ്ങൾ എഴുതിത്തരണം.

മറുചോദ്യമായി ഞാൻ ചോദിച്ചത്, ആർ എസ് എസ് കൊലപാതകപ്പാർട്ടിയല്ലേ എന്നാണ്‌. ആർ എസ് എസ്സ് എന്ന സംഘടനയെക്കുറിച്ച് പൊതുസമൂഹത്തിൽ പലരിലുമുള്ള പൊതുധാരണയിൽ നിന്നുണ്ടായ മറുചോദ്യം മാത്രമായിരുന്നു അത്. ആ ധാരണ ജനമനസ്സിൽ നിറച്ചതാവട്ടെ കോൺഗ്രസ്സും കമ്യൂണിസ്റ്റുമുൾപ്പെടുന്ന ഇന്നാട്ടിലെ കുത്സിതബുദ്ധികളും. എന്നാൽ ദീപുവിന്റെ വിശദീകരണം, എക്കാലത്തേക്കുമായി ഈ സംഘടനയെ നെഞ്ചോടു ചേർത്തു വയ്ക്കുവാൻ പോന്നതായിരുന്നു. ദീപു പറഞ്ഞു,

രാഷ്ട്രത്തിനു വേണ്ടി പരപ്രേരണ കൂടാതെ സ്വയം ത്യജിച്ചു കൊണ്ട് സേവനം ചെയ്യുന്നവരുടെ സംഘടനയാണ്‌ ആർ എസ് എസ്. ആർ എസ് എസ്സിന്‌ ഭാരതത്തിൽ ജീവിക്കുന്ന എല്ലാവരും, ജാതി-മത വേലിക്കെട്ടുകളില്ലാതെ സഹോദരങ്ങളാണ്‌. അവരുടെ ഏതാവശ്യത്തിനും സ്വന്തം ആവശ്യങ്ങൾ മറന്നു കൊണ്ട് മുന്നിൽ നിന്നു സേവിക്കുന്നവരാണ്‌ സ്വയം സേവകർ.

എനിക്കു പിന്നെയും സംശയം. അപ്പോൾ ആർ എസ് എസ്സുകാർ കൊന്നിട്ടുള്ളതോ???? (ആ അടുത്തയിടക്ക് അങ്ങനെയൊരു വാർത്ത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നുവെന്നു തോന്നുന്നു) ക്ഷമാപൂർവ്വം ദീപു വീണ്ടും മറുപടി പറഞ്ഞു,

അക്രമവും, കൊലപാതകവും സംഘത്തിന്റെ വഴിയല്ല. മാനവസേവയാണ്‌ മാധവസേവ എന്നതാണ്‌ സംഘത്തിന്റെ ആദർശം. എന്നാൽ ആ മഹനീയാദർശത്തെ അതിലംഘിച്ചു കൊണ്ട് ചില അനിഷ്ട സംഭവങ്ങൾ നടന്നിട്ടുണ്ടാവാം. അത് വൈകാരികമാണ്‌. ദീപു തുടർന്നു...

എല്ലാ വൈകുന്നേരങ്ങളിലും ഒന്നിച്ചിരിക്കുകയും, ഒന്നിച്ചു പ്രവർത്തിക്കുകയും ചെയ്യുന്ന, പരസ്പരം ചെളി വെള്ളം തട്ടിത്തെറിപ്പിച്ചും, ഭക്ഷണം പങ്കിട്ടും കളി പറഞ്ഞും തോളോടു തോൾ ചേർന്നു നടന്ന കളിക്കൂട്ടുകാരൻ... അവനെ ഒരു ദിവസം കുറേ അക്രമികൾ വന്ന് ഛിന്നഭിന്നമായി കൊത്തിയരിഞ്ഞു കൊന്നു കളഞ്ഞാൽ നാമെങ്ങനെ പ്രതികരിക്കും? നിയമത്തിനു വിധേയമായി ജീവിക്കാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ പോലും ഒരു നിമിഷം നാം വൈകാരികവിക്ഷോഭത്തിനു കീഴടങ്ങിപ്പോയെന്നു വരില്ലേ? അങ്ങനെയുണ്ടായിട്ടുള്ള അക്രമങ്ങളാണ്‌ ആർ എസ് എസ്സ് ചെയ്തു എന്ന തരത്തിൽ പർവ്വതീകരിക്കപ്പെടുന്നത്. അതു പക്ഷേ സംഘത്തിന്റെ കാഴ്ചപ്പാടിൽ ഒരിക്കലും നീതീകരിക്കപ്പെടുന്നില്ല എന്നും ദീപു കൂട്ടിച്ചേർത്തു.

ശരിയാണ്‌. നമുക്കു പ്രിയമുള്ളവർ. ആത്മാവുകൊണ്ടടുത്തവരുടെ വേദന ഒരു പക്ഷേ നമ്മെ നിയന്ത്രണത്തിന്റെ പരിധികൾ ലംഘിക്കുവാൻ പ്രേരിപ്പിച്ചേക്കാം. അത്തരം ഒറ്റപ്പെട്ട സംഭവങ്ങളുടെ പഴിയും പേരുദോഷവും പക്ഷേ സംഘടനയുടെ തലയിലാണു വന്നു വീണിട്ടുള്ളതെന്നതാണ്‌ സത്യം. സംഘടനയോട് അടുക്കുന്നതിനു മുൻപ് എനിക്കു തോന്നിയ ഈ സംശയങ്ങൾ തുടർന്നുള്ള കാലങ്ങളിൽ സംശയത്തിന്റെ കണിക പോലുമില്ലാത്ത വണ്ണം ദൂരീകരിക്കപ്പെട്ടു. ആരും പറഞ്ഞു തന്നല്ല. നേരിട്ടുള്ള അനുഭവത്തിലൂടെ.

സംഘത്തിന്റെ പ്രവർത്തനങ്ങളിൽ, സംഘം നേരിട്ടു നടത്തുന്ന വിദ്യാലയത്തിൽ പ്രവർത്തിച്ചിരുന്ന നാളുകളിൽ ഇവിടങ്ങളിലെല്ലാം നേരിൽ അനുഭവിച്ചു ബോദ്ധ്യപ്പെട്ട യാഥാർഥ്യം ആർ എസ് എസ് ജാതി-മത-വർണ്ണ-വർഗ്ഗ ചിന്തകളെ അവജ്ഞയോടെ അകറ്റി നിർത്തി രാഷ്ട്രസാഹോദര്യത്തിനും രാഷ്ട്രോത്കർഷത്തിനുമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നുവെന്നാണ്‌.

ഭാരതീയ വിദ്യാപീഠത്തിലെ ഒരു സ്റ്റാഫ് മീറ്റിംഗിൽ, അറിയാതെ ‘നമ്മൾ ഹിന്ദുക്കൾ’ എന്നോ മറ്റോ പരാമർശിച്ച ഒരു സഹോദരിയോട് അതു വരെ കണ്ടിട്ടില്ലാത്ത വിധം ക്രുദ്ധനായി പ്രതികരിക്കുകയും, ഇത് ഹിന്ദുക്കളുടെ സ്ഥാപനമല്ല, ഭാരതീയരുടെ വിദ്യാലയമാണ്‌, മേലിൽ ഇതാവർത്തിക്കരുതെന്ന് ശാസിക്കുകയും ചെയ്ത സ്കൂൾ സെക്രട്ടറിയുടെ വാക്കുകളെ ഇന്നും ഒരു ദിവ്യമന്ത്രത്തിന്റെ പവിത്രതയോടെ ഞാൻ മനസ്സിൽ ആരാധിക്കുന്നുണ്ട്.

സമസ്തമേഖലകളിലും ആർ എസ് എസ് നടത്തുന്ന പ്രവർത്തനം പരിശോധിച്ചാൽ ജാതി-മത ചിന്തകളെ അവർ തീണ്ടാപ്പാടകലെ നിർത്തിയിരിക്കുന്നതു നമുക്കു ബോദ്ധ്യമാകും. അതിനാദ്യം സംഘമെന്താണെന്നറിയണം. സംഘത്തോടടുത്തു നിന്ന് സംഘത്തെ നിരീക്ഷിക്കണം. സംഘവുമായി പുലബന്ധം പോലുമില്ലാത്ത, സ്വന്തമായോ, സ്വന്തം പ്രസ്ഥാനത്തിലോ യാതൊരു തത്വദീക്ഷയുമില്ലാത്ത മാക്രികളോടു ചോദിച്ചിട്ടും അവർ പറയുന്നതു കേട്ടുമാകരുത് ആർ എസ് എസ്സിനെക്കുറിച്ച് വിലയിരുത്തേണ്ടത്.

ഈ നാടിന്റെ ഋജുവായ തുടർച്ചയ്ക്കും, വളർച്ചയ്ക്കും ഭഗവദ്ധ്വജമേന്തി, സമർപ്പണബുദ്ധിയോടെ, ത്യാഗസന്നദ്ധതയോടെ ഊണും, ഉറക്കവും, സ്വജീവിതം പോലും മറന്ന് മുന്നിൽ നിന്നു നയിക്കുവാൻ സന്നദ്ധരായ രാഷ്ട്രസ്നേഹികളുടെ കൂട്ടായ്മയാണ്‌ ആർ എസ് എസ്. ഈ സംഘടനയുടെ മഹനീയമായ ദിവ്യപ്രഭാവം കൊണ്ടാവാം, മാലിന്യങ്ങൾ അടിഞ്ഞു കൂടാറില്ല ആർ എസ് എസ്സിൽ. രാഷ്ട്രീയത്തിൽ നിന്നും സ്വതന്ത്രമായി നിലകൊണ്ട് രാഷ്ട്രസേവനത്തിൽ വ്യാപൃതരാവുന്ന സംഘത്തിന്റെ അച്ചടക്കവും, ജീവിത നിഷ്കർഷകളും കാരണമായി തന്നെ തോന്നിവാസികൾക്ക് പിടിച്ചു നിൽക്കാൻ കഴിയാതെ അവർ സ്വയം ഒഴിവായിപ്പോകുന്നു ആർ എസ് എസ്സിൽ നിന്ന്. മാത്രവുമല്ല, ആർ എസ് എസ്സ് വ്യക്തികൾക്കു നേട്ടമുണ്ടാക്കാൻ പോന്ന സംഘടനയല്ല. അതിൽ നിന്നും സ്വകാര്യ ലാഭങ്ങളൊന്നും നേടാനില്ല. പ്രത്യുത നാം ത്യജിക്കേണ്ടിയുമിരിക്കുന്നു...

രാഷ്ട്രീയ സ്വയംസേവകസംഘത്തെയും, മറ്റു സഹോദരസംഘടനകളെയുമെല്ലാം വർഗ്ഗീയത ആരോപിച്ച് പൊതു സമൂഹത്തിൽ നിന്നും അകറ്റി നിർത്താൻ ഇന്നാട്ടിലെ രാഷ്ട്രീയപ്രസ്ഥാനങ്ങൾ ബദ്ധശ്രദ്ധരായി മത്സരിക്കുന്നതിന്റെ മുഖ്യകാരണവും കളങ്കമില്ലാത്ത, കളങ്കപ്പെടുവാൻ സാദ്ധ്യതയില്ലാത്ത അതിന്റെ ദിവ്യവ്യക്തിത്വമാണ്‌. ആർ എസ് എസ്സിന്റെ സാന്നിദ്ധ്യത്തിൽ അഴിമതിയോ, സ്വജനപക്ഷപാതമോ, ധാർഷ്ട്യമോ, അനീതിയോ വാഴില്ല എന്ന തിരിച്ചറിവിൽ നിന്നുണ്ടാവുന്ന ഭയം. ഇവകളൊന്നും കൂടാതെ തങ്ങൾക്കും തങ്ങളുടെ പ്രസ്ഥാനങ്ങൾക്കും നിലനിൽപ്പില്ലെന്ന തിരിച്ചറിവ്‌. എന്തനീതിയും ആ നിമിഷം തന്നെ എതിർക്കപ്പെടുകയും, പ്രതിരോധിക്കപ്പെടുകയും ചെയ്യുമെന്ന അനുഭവത്തിലൂന്നിയ വെളിപാട്‌. അതു കൊണ്ടു തന്നെയാണ്‌ ചില വിദ്യാർത്ഥിരാഷ്ട്രീയപ്രസ്ഥാനങ്ങളുടെ പോലും അസഹനീയമായ അതിക്രമങ്ങൾക്കു മുന്നിൽപ്പോലും നിഷ്ക്രിയരും നിശ്ശബ്ദരുമാകുന്ന ഇക്കൂട്ടർ ആർ എസ് എസ്സിനെയും സംഘപരിവാർ പ്രസ്ഥാനങ്ങളെയും എതിർക്കാൻ കൈ മെയ് മറന്ന് ഒന്നിക്കുന്നത്.

മറ്റൊന്നുള്ളത്, ആർ എസ് എസ്സിന്റെ ഹിന്ദുത്വവാദമെന്ന ആരോപണമാണ്‌. സിന്ധുനദീതടസംസ്ക്കാരത്തിന്റെ പിന്തുടർച്ചക്കാരായ ഭാരതീയരെ സിന്ധുക്കളെന്നും, തുടർന്ന് ഹിന്ദുക്കളെന്നും വിളിക്കപ്പെട്ട ചരിത്രം നമുക്കറിവുള്ളതാണ്‌. അവിടെ ജാതി-മത വ്യത്യാസം കൽപ്പിച്ചുള്ള സംബോധനയേയല്ല എന്നതാണ്‌ യാഥാർഥ്യം. ഹൈന്ദവരെന്നാൽ ഹിന്ദുസ്ഥാനികൾ അഥവാ ഭാരതീയർ എന്ന വിശാലകാഴ്ചപ്പാടാണ്‌ സംഘത്തിന്റേത്. അത് കൃത്യമായി അറിയാമെങ്കിലും തൽപരകക്ഷികൾ അതിനെ മറച്ചു വച്ചു കൊണ്ടു തന്നെയാണ്‌ ദേ കണ്ടില്ലേ ആർ എസ് എസ് ഹിന്ദുവെന്നു പറയുന്നു, അത് സനാതനധർമ്മികൾക്കു മാത്രമുള്ള സംഘടനയാണെന്ന് മറ്റുള്ളവരുടെയുള്ളിൽ സംശയത്തിന്റെയും ആശങ്കയുടെയും വിഷവിത്തു പാകുന്നത്. ആർ എസ് എസ്സിന്റെ സേവനപ്രവർത്തനങ്ങളിൽ എവിടെയെങ്കിലും ജാതി തിരിച്ച് സമൂഹത്തെ മാറ്റി നിർത്തിയ ചരിത്രം ചൂണ്ടിക്കാണിക്കാനുണ്ടാവുമോ ഇക്കൂട്ടർക്ക്?

നിയതമായ ജീവിതചര്യയും, സുവ്യക്തമായ കാഴ്ചപ്പാടും, സുതാര്യമായ മനസ്സും, നല്ല ഗുണങ്ങളോടെയുള്ള സ്വഭാവവുമായി ഒരു പൗരനെ വാർത്തെടുക്കുന്നതിൽ ഈ സംഘടന വഹിച്ചിട്ടുള്ള പങ്ക് വളരെ വലുതാണ്‌.

ഒരിക്കൽ അനിൽ ചേട്ടൻ സ്വകാര്യസംഭാഷണമധ്യേ പറയുകയുണ്ടായി... ഞാനിതു വരെ കള്ളു കുടിച്ചിട്ടില്ല, ഒരു മുറി ബീഡി പോലും വലിക്കുകയോ, മറ്റൊരു ലഹരിയോടും താൽപര്യം തോന്നുകയോ, സ്ത്രീ വിഷയത്തിൽ താൽപര്യം തോന്നുകയോ ചെയ്തിട്ടില്ല കാരണം ഓർമ്മ വച്ച കാലം മുതൽ സംഘവുമായി ചേർന്ന്, അവിടുത്തെ സംസ്കാരം പഠിച്ച് വളർന്നതിന്റെ ഗുണമാണതെന്ന്. ആർക്കും ആരാധന തോന്നുന്ന എന്റെ ചേട്ടന്റെ വ്യക്തിത്വം രൂപപ്പെടുന്നതിൽ ആർ എസ് എസ് വഹിച്ച സ്ഥാനം ചേട്ടന്റെ വാക്കുകളിൽക്കൂടി തന്നെ തിരിച്ചറിയുമ്പോൾ ഭാരതത്തിന്റെ മഹനീയസംസ്കാരത്തിന്റെ ഉത്കർഷത്തിനായി അഹോരാത്രം ചിന്തിക്കുകയും, പ്രവർത്തിക്കുകയും, പ്രയത്നിക്കുകയും ചെയ്യുന്ന കോടാനു കോടി ഭാരതമക്കളോടൊപ്പം ആർദ്രഹൃദയത്തോടെ പ്രണമിക്കുന്നു... അഗ്നിവർണ്ണത്തിൽ ഭാരതഭൂമികയുടെ അനന്തവിഹായസ്സിൽ പാറിപ്പറക്കുന്ന ഭഗവദ്ധ്വജത്തിനു മുൻപിൽ...

അമ്മേ... നിനക്കു പകരം തരാനുള്ളത്, ഞങ്ങളുടെ ജീവിതമാണ്‌, ജീവനാണ്‌, സ്വപ്നങ്ങളും, പ്രതീക്ഷകളും, പ്രത്യാശകളുമാണ്‌... അവസാനതുടിപ്പിലും ഞങ്ങൾ നിനക്കായി സേവനസജ്ജരാണ്‌...

ഭാരത് മാതാ കീ ജയ്

No comments: