Tuesday, November 3, 2015

തെരുവുസ്ത്രീകൾ

മനുഷ്യന്റെ ഉൽപ്പത്തിയോളം തന്നെ പഴക്കമുണ്ട്‌, അവന്റെ ഭോഗതൃഷ്ണയ്ക്കും. അതു കേവലം ലൈംഗികതയിൽ മാത്രം ഒതുങ്ങിക്കൂടുന്നവയല്ലെങ്കിലും. ലോകത്തെ ഏറ്റവും പുരാതനമായ തൊഴിലായി വേശ്യാവൃത്തി പറയപ്പെടുന്നത്‌ ഒരു പക്ഷേ അതിനാലാവാം.

ജീവസന്ധാരണത്തിനായി മാംസം വിൽക്കുന്നവരെ മാത്രമേ പൊതു സമൂഹം വേശ്യയെന്നോ, അഭിസാരികയെന്നോ വിളിക്കാൻ ധൈര്യപ്പെടാറുള്ളൂ. എന്നാൽ കടിഞ്ഞാണില്ലാത്ത ആസക്തിയുടെയും, കേവലം പോക്കറ്റ്‌ മണിയുണ്ടാക്കാനുള്ള എളുപ്പവഴിയെന്ന പേരിലും, അധികാര-സ്വാധീനങ്ങൾക്കു വേണ്ടിയുമൊക്കെ മറ്റുള്ളവർക്കു ശരീരം കാഴ്ചവയ്ക്കുന്നവരെ ആ പേരിൽ വിളിക്കാൻ ഇന്നും സമൂഹത്തിനിഷ്ടമല്ല. അഥവാ ഭയക്കുന്നു.

കുറച്ചു ദിവസം മുൻപേ തിരുവനന്തപുരം വരെ പോയി. ചില കാര്യങ്ങൾ ചെയ്തു തീർത്ത്‌, ചിലരെയൊക്കെ കണ്ടു മടങ്ങിയപ്പോൾ സന്ധ്യയായി. പഴവങ്ങാടി ഗണപതിയുടെ തിരുമുൻപിലെത്തി തൊഴുതു മടങ്ങുമ്പോൾ ഒരനുഭവമുണ്ടായി. ആ അനുഭവം അസ്വസ്ഥതയോ, ആശങ്കയോ, ആശ്വാസമോ അതല്ല മറ്റേതൊരു വികാരമാണ്‌ മനസ്സിനുണ്ടാക്കിയതെന്നു പറയാൻ കഴിയില്ല.

ക്ഷേത്രദർശനം കഴിഞ്ഞ്‌ തിരികെ തമ്പാനൂരിലേക്കു നടക്കുമ്പോൾ വഴിയിലെ ഇരുളടഞ്ഞ ഏതോ മൂലയിൽ നിന്നും ഒരു ‘ശൂ’ വിളി. ശബ്ദം കേട്ടിടത്തേയ്ക്കു നോക്കിയപ്പോൾ മദ്ധ്യവയസ്കരായ രണ്ടു സ്ത്രീകൾ. തിരുവനന്തപുരം ഭാഷയിൽ പോരുന്നോ എന്നു ചോദിച്ചു. ഞാൻ മെല്ലെ അവർക്കരികിലേക്കു നീങ്ങി നിന്ന് ചോദിച്ചു, ‘അമ്മമാർക്ക് എവിടെയാണ്‌ പോകേണ്ടത്’ എന്ന്.

മനഃപ്പൂർവമായി വരുത്തിയ വ്യാജമായ ശൃംഗാരഭാവം പടർന്നിരുന്ന രണ്ടു പേരുടെയും മുഖങ്ങൾ തെല്ലൊന്നിരുണ്ട് സഹജമായ മാതൃവാത്സല്യത്തിലേക്കു തെളിയുന്നതും, അവർ പരസ്പരം മുഖാമുഖം നോക്കുന്നതും ഞാൻ കണ്ടു.

എനിക്കറിയാമായിരുന്നു... അമ്മ... അതേ അമ്മ എന്ന മഹാമന്ത്രത്തിന്റെ ഐന്ദ്രജാലികത. ഏതശുദ്ധിയേയും ശുദ്ധമാക്കാൻ പോന്ന വിശുദ്ധി. ആ വിളിയിൽ മാതൃഭാവം കൈവരിക്കാത്ത മനസ്സുകളുണ്ടോ? അതിനിയൊരു നിശാചരിയാണെങ്കിൽ പോലും...

അവരുടെ മുഖത്ത് ജാള്യതയോ, കുറ്റബോധമോ ഞാൻ കണ്ടതേയില്ല. അവർ നിറഞ്ഞ പുഞ്ചിരിയോടെ മറുപടി പറഞ്ഞു. എങ്ങും പോകണ്ട മക്കളേ, പരിചയമുള്ളയാളാണെന്നു കരുതി വിളിച്ചതാണ്‌‘

ശരിയെന്നു പറഞ്ഞു തിരികെ നടക്കുമ്പോൾ ഞാൻ ചിന്തിച്ചു. അമ്മേയെന്ന വിളി അവരിലുണ്ടാക്കിയ അന്തഃപ്പരിവർത്തനം, വാണിജ്യബുദ്ധിയെ സാധാരണത്വത്തിലേക്കെത്തിച്ച പശ്ചാത്തലം; അതൊരു പക്ഷേ അവരുടെ ജീവിതസാഹചര്യങ്ങളായിരിക്കാം. സ്വന്തം മക്കൾക്കോ, ശയ്യാവലംബിയായ ഭർത്താവിനോ വേണ്ടി ഈ തൊഴിലിനിറങ്ങിയതായിരിക്കുമോ അവർ? എന്തായാലും ഒന്നുറപ്പാണ്‌, പച്ചമനുഷ്യന്റെ ചിന്തയ്ക്കോ നീതിശാസ്ത്രങ്ങൾക്കോ നീതീകരിക്കാൻ കഴിയാത്ത അപരാധികളല്ല അവർ. തുച്ഛമായ വരുമാനത്തിൽ കഴിയുന്നവരുടെയും, ദാരിദ്ര്യം അനുഭവിക്കുന്നവരുടെയും ലക്ഷണങ്ങളുള്ള രണ്ടു പാവം അമ്മമാർ.

അനിയന്ത്രിതമായ വികാരവിക്ഷോഭം മൂലമോ, മറ്റു പല ന്യായീകരണങ്ങളുടെ പേരിലോ വ്യഭിചരിക്കുന്നവരെക്കാൾ ഇവർക്കു മാന്യതയുണ്ട്. ഇവരിൽ നന്മയുണ്ട്. അമ്മേ എന്ന വിളി പരിവർത്തനം തീർക്കുന്നത് അങ്ങനെയുള്ളവരിൽ മാത്രമായിരിക്കും. അവരെ അങ്ങനെയാക്കിയ പൊതുസമൂഹം തന്നെയാണ്‌ അവരെ വേശ്യകളെന്നു വിളിച്ചധിക്ഷേപിക്കുന്നതും ഇരുൾമറവിൽ അവരെ ഒളികണ്ണിട്ടു നോക്കി പ്രാപിക്കാൻ ആഗ്രഹിക്കുന്നതെന്നുമുള്ള വിരോധാഭാസം വേദനാജനകമാണ്‌.

ശ്രീപദ്മനാഭന്റെ  മണ്ണിൽ അവർക്ക് സാത്വികവും, ഉത്കൃഷ്ടവും നന്മനിറഞ്ഞതുമായ ഒരു ജീവിതം ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു

No comments: