Wednesday, November 4, 2015

KSRTC V/S TNSTC

KSRTC ലാഭകരമല്ലെന്ന് മാറിമാറി വരുന്ന സര്‍ക്കാരുകള്‍ മുറവിളി കൂട്ടുമ്പോള്‍, മിനിമം ബസ് ചാര്‍ജ്ജ് ഓര്‍ഡിനറി ബസുകളില്‍ 7 രൂപയായി നില്‍ക്കുമ്പോള്‍ തൊട്ടയല്‍ സംസ്ഥാനമായ തമിഴ് നാട്ടിലേക്ക് അധികൃതര്‍ ഒന്നു നോക്കുന്നത് നന്നായിരിക്കും. തമിഴ്‌നാട്ടിലെ ഓര്‍ഡിനറി (വൈറ്റ് ബോര്‍ഡുള്ള വണ്ടികള്‍) ബസുകളില്‍ ഇപ്പൊഴും മിനിമം ചാര്‍ജ്ജ് 3 രൂപ മാത്രമാണ്. നമ്മുടെ എക്സ്പ്രസ്സ് വണ്ടികളില്‍ മിനിമം ചാര്‍ജ്ജ് 15 രൂപ ആയിരിക്കുമ്പോള്‍ അവിടത്തെ പച്ച ബോര്‍ഡുള്ള എക്സ്പ്രസ് ബസുകളില്‍ 6 രൂപയോ മറ്റോ ആണ് മിനിമം ചാര്‍ജ്ജ്.

ഇനി ചില വ്യത്യാസങ്ങള്‍

KSRTC മനുഷ്യന്‍ കൈ കാണിച്ചാലും നിര്‍ത്താതെ പോകും. അഥവാ ആരെങ്കിലും കൈ കാണിക്കുന്നതു കണ്ടാല്‍ സ്പീഡ് കൂട്ടും. ആളിറങ്ങേണ്ട സ്റ്റോപ്പില്‍ കയറാന്‍ ആളുണ്ടെങ്കില്‍ അവര്‍ക്ക് ഓടിയെത്താന്‍ കഴിയാത്ത അകലത്തില്‍ കൊണ്ടു നിര്‍ത്തി ആളിറക്കി വിട്ടു പോകും.

ആളെ വിളിച്ചു കയറ്റുക പോയിട്ട് കയറാന്‍ ചെല്ലുന്നവനെക്കൂടി കയറ്റാതിരിക്കാന്‍ നോക്കും

വണ്ടി കണ്ടമാനം റെയിസ് ചെയ്ത് ഓടിക്കുക വഴി ഇന്ധന നഷ്ടം, തേയ്മാനം, അറ്റകുറ്റപ്പണി

ഏതു വലിയ ട്രാഫിക് ജാമിലും വണ്ടി ഓഫ് ചെയ്യില്ല. എത്ര സമയം വേണമെങ്കിലും വണ്ടി ഓണ്‍ ആയി തന്നെ നിര്‍ത്തും.

സര്‍വ്വീസുകള്‍ എത്ര നഷ്ടത്തിലായാലും ഒരു പട്ടിയും ചോദിക്കില്ല. (അങ്ങനെയാരും ചോദിക്കാനുള്ള ലക്ഷണം കാണുന്നില്ല)

വണ്ടികള്‍

ഏതു ഭൂപ്രകൃതിക്കും ഇണങ്ങുന്ന വണ്ടികള്‍. ഏതു കയറ്റവും KSRTC കയറും പോലെ മറ്റൊരു നാട്ടിലെയും ബസ് സര്‍വ്വീസുകള്‍ കയറുമെന്ന് തോന്നുന്നില്ല. (ഇന്ത്യാ മഹാരാജ്യത്തെ 4-5 സംസ്ഥാനങ്ങളിലെ പൊതു വണ്ടികളിലേ ഈയുള്ളവന്‍ കയറിയിട്ടുള്ളൂ)

ധാരാളം വായുസഞ്ചാരമുള്ള ജാലകങ്ങള്‍

കൈകാലുകള്‍ നിവര്‍ത്തി വച്ച് സുഖമായി യാത്ര ചെയ്യാന്‍ കഴിയുന്ന സീറ്റുകള്‍

മിക്ക വണ്ടികളും വൃത്തിയുള്ളവയുമാണ്

അഭ്യസ്തവിദ്യരായ കണ്ടക്ടര്‍മാര്‍ - ഇംഗ്ലീഷും ഒരു പരിധി വരെയെങ്കിലും ഹിന്ദിയും, ഇതര ഭാഷകളും കൈകാര്യം ചെയ്യാനുള്ള കഴിവും മിക്കവര്‍ക്കുമുണ്ട്

TNSTC ആളില്ലെങ്കില്‍ സൂപ്പര്‍ ഡീലക്സ് പോലും കണ്ടിടത്തെല്ലാം നിര്‍ത്തി ആളെ വിളിച്ചു കയറ്റും.

വണ്ടി കാലിക്ക് ഓടിച്ച് സ്റ്റാന്‍ഡില്‍ കൊണ്ടുവന്നാല്‍ ചോദിക്കാനും പറയാനും മുകളില്‍ ആളുണ്ട് (ഒരു സംഭവത്തിനു ഞാന്‍ സാക്ഷിയാണ്)

വണ്ടിയില്‍ ആളെ വിളിച്ചു കയറ്റുന്നതില്‍ ഡ്രൈവര്‍ക്കോ, കണ്ടക്ടര്‍ക്കോ യാതൊരു മാനക്കേടും തോന്നാറില്ല.

ജനങ്ങള്‍ - വണ്ടിയില്‍ കയറിയാല്‍ ഏതു വിധേനയും ടിക്കറ്റ് എടുക്കുക എന്നതാണ് അവരുടെ ആദ്യ പണി

ഏതു പാട്ട വണ്ടിയും ഒരു നിവൃത്തിയുണ്ടെങ്കില്‍ അവര്‍ സര്‍വ്വീസിനിറക്കും

ദീര്‍ഘദൂര സര്‍വ്വീസുകളില്‍ ഡ്രൈവറും കണ്ടക്ടറും മാറിമാറി വണ്ടി ഓടിക്കുകയും ടിക്കറ്റ് കൊടുക്കുകയും ചെയ്യുന്നു.

ഏറിയ ശതമാനം കണ്ടക്ടര്‍മാര്‍ക്കും തമിഴല്ലാതെ ആംഗ്യഭാഷ പോകും വശമില്ല

വണ്ടി റെയിസ് ചെയ്ത് ഓടിക്കുകയേ ഇല്ല. ട്രാഫിക് ജാം ഒരല്പം സമയമെടുക്കുമെന്നു കണ്ടാല്‍ മിക്ക ഡ്രൈവര്‍മാരും അപ്പോള്‍ വണ്ടി ഓഫ് ചെയ്യുന്നു.

വണ്ടികള്‍

സര്‍വ്വത്ര പാട്ടകള്‍

SETC (സ്റ്റേറ്റ് എക്സ്പ്രസ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍) എന്ന മുതലുകള്‍ ആണെങ്കില്‍ പരമാവധി നാല്‍പ്പതു കിലോമീറ്റര്‍ വേഗതയില്‍ കൂടുതല്‍ ഓടുമെന്നു തന്നെ തോന്നുന്നില്ല. (അള്‍ട്രാ ഡീലക്സ് എന്നൊക്കെയാണ് എഴുതി വച്ചേക്കുന്നത്!) അതു വച്ച് അവര്‍ ചെന്നൈയില്‍ നിന്നും, ഊട്ടിയില്‍ നിന്നുമൊക്കെ കേരളത്തിലേക്കും ബാംഗ്ലൂരിലേക്കും, പുതുച്ചേരിയിലേക്കുമൊക്കെ പ്രതിദിന സര്‍വ്വീസുകള്‍ നടത്തുന്നു.

എല്ലാ സര്‍വ്വീസുകളും ലാഭത്തില്‍!

പല ബസുകളിലും കാലു പോലും നേരേ ചൊവ്വേ നിവര്‍ത്തി വയ്ക്കാന്‍ പോലും കഴിയില്ല.

ആന പിടിച്ചാല്‍ അനങ്ങാത്ത ഫൈബര്‍ ഗ്ലാസ്സുകളാണ് ചില ബസുകളുടെ ജനാല. ചിലവയുടേതാവട്ടെ രണ്ടു പ്ലാസ്റ്റിക്ക് കഷണങ്ങളില്‍ താങ്ങി നിര്‍ത്താവുന്ന ഉയര്‍ത്തി വയ്ക്കാവുന്ന ഗ്ലാസ്സുകളും. പ്ലാസ്റ്റിക്ക് ഒടിഞ്ഞോ അതില്‍ നിന്നു വഴുതിയോ അതു താഴെ വീണാല്‍ അവിടെ കൈ വച്ചിരിക്കുന്നവനു പരമ സുഖം (അനുഭവസ്ഥന്‍)

ഇനി ചിന്തിക്കൂ

KSRTC ഗംഭീര നഷ്ടത്തില്‍
തമിഴ്‌നാട്‌ ബസ് സര്‍വ്വീസുകള്‍ ലാഭത്തില്‍

എന്തുകൊണ്ട്?

ചുംബനാഭാസം

Published on: November 5, 2014

സമരം! സമരമെന്ന വാക്കു കേൾക്കുമ്പോൾ പെട്ടെന്ന് മനസ്സിലെത്തുന്നത് ഒരു വശത്ത് നീതിയും, മറുവശത്ത് അനീതിയുമാണ്‌. സമരങ്ങൾ ഒന്നുകിൽ നീതിക്കുവേണ്ടി, അതുമല്ലെങ്കിൽ അനീതിക്കു വേണ്ടിയാണ്‌ എക്കാലത്തും ഉണ്ടായിട്ടുള്ളത്. എന്നാൽ സമരമെന്ന പേരിട്ടുകൊണ്ട് കഴിഞ്ഞ ദിവസം മറൈൻ ഡ്രൈവിൽ അരങ്ങേറിയ ആഭാസത്തെ പ്രസ്തുത പേരിട്ടു വിളിക്കുന്നതിലെ യുക്തിയെന്തെന്ന് ചിന്തിച്ചു പോകുന്നു.

ഇവർ പറയുകയും, പ്രചരിപ്പിക്കുകയും ചെയ്യുന്നതുപോലെ പ്രണയിക്കാനോ, ചുംബിക്കാനോ വേണ്ടിയുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമര... സോറി ആഭാസമേ ആയിരുന്നില്ല അത്. എന്നാൽ അതിന്‌ കാരണമായിപ്പറയുന്ന, ഹോട്ടൽ പ്രശ്നത്തിനെതിരേ നടന്ന ജനരോഷത്തിന്റെ കാര്യകാരണങ്ങളിലേക്ക് ജനശ്രദ്ധ തിരിയാതിരിക്കാനും, കൂടുതൽ അന്വേഷണങ്ങൾ ഉണ്ടാവാതിരിക്കാനും വേണ്ടിയുള്ള ബുദ്ധിപൂർവ്വമുള്ള നീക്കമായിരുന്നില്ലേ അതെന്ന് ന്യായമായും സംശയിക്കുന്നു.

ഇനി അഥവാ ചുംബനസ്വാതന്ത്ര്യം തന്നെയാണ്‌ വിഷയം എന്നിരിക്കട്ടെ, നടുറോഡിൽ ചുംബിക്കാനും, ഭോഗിക്കാനും മറ്റുമുള്ള സ്വാതന്ത്ര്യം തടയപ്പെടേണ്ടത് തന്നെയാണ്‌. ആരും ചെയ്യാത്ത കാര്യങ്ങളൊന്നുമല്ല ഇത്. എന്നാൽ ഓരോന്നിനും അതിന്റേതായ ഇടങ്ങളുണ്ട്. സ്വാതന്ത്ര്യമെന്ന പേരിൽ അവനവന്റെ സ്വന്തം വീടാണെങ്കിൽ കൂടി ആരും സ്വീകരണമുറിയിൽ മലമൂത്രവിസർജ്ജനം ചെയ്യാറില്ലല്ലോ? അച്ഛൻ മകളെ ചുംബിക്കുന്നതു പോലെയോ, സഹോദരൻ സഹോദരിയെ ചുംബിക്കുന്നതു പോലെയോ അല്ലേ ഇത് എന്നു ചോദിക്കുന്നവരോട്, അവരിടെ അച്ഛനമ്മമാർ അവരുടെ മുൻപിൽ വച്ചും പൊതു നിരത്തിൽ വച്ചും ചുംബിക്കാറുണ്ടോ എന്ന് മറു ചോദ്യം ചോദിക്കുകയേ നിവൃത്തിയുള്ളൂ.

ചില അലവലാതി പെണ്ണുമ്പിള്ളമാരും, അധഃപ്പതിച്ച കുടിയന്മാരുമുണ്ട്, തങ്ങളുടെ പ്രവർത്തിയെ ആരെങ്കിലും വിമർശിക്കാനിടയായാൽ, ഒന്നുകിൽ തുണി പൊക്കി കാണിക്കും, അല്ലെങ്കിൽ തെറി വിളിക്കും. ഈ അവസരങ്ങളിൽ മാന്യന്മാർ അവരെ അവരുടെ വഴിക്കു വിട്ടിട്ട് സ്ഥലം കാലിയാക്കുകയാണ്‌ പതിവ്‌. ഈ ചുംബന ആഭാസത്തിനു പിന്നിലെ മനഃശ്ശാസ്ത്രവും മറ്റൊന്നല്ല. കിട്ടിയ അവസരം മുതലാക്കിക്കളയാമെന്ന് ഞരമ്പുരോഗികളും, തൊലിയുടെ സ്ഥാനത്ത് ഒട്ടുപാലും, സർവ്വോപരി കാര്യമായ സാംസ്കാരികവൈകല്യം ബാധിച്ചവരുമായ കുറേയെണ്ണം തീരുമാനിക്കുക കൂടി ചെയ്തപ്പോൾ കേരളം കണ്ട ഏറ്റവും വലിയ ആഭാസനാടകത്തിന്‌ വേദിയാകുവാനുള്ള ദുർവ്വിധി മറൈൻ ഡ്രൈവിനെ തേടിയെത്തി.

ഒരു തൊഴിലുമില്ലാത്ത, അടക്കിപ്പിടിച്ച വൈകൃതഭാവനകളുടെ വിഷപാതവും മനസ്സിൽ പേറി നടക്കുന്ന കുറേയെണ്ണം അതിന്‌ ചൂട്ടുപിടിക്കാനും, പ്രസംഗം നടത്താനും കൂടി മുൻപോട്ടു വന്നപ്പോൾ മാധ്യമങ്ങൾക്ക് രണ്ടു ദിവസത്തേക്ക് പേജ് നിറയ്ക്കാൻ മറ്റ് അമേദ്ധ്യങ്ങൾ ചികയാതെ കഴിക്കാൻ പറ്റി.

ഇത്തരം ആഭാസങ്ങളെ പിൻതാങ്ങിക്കൊണ്ട് മുൻപോട്ടു വരുന്ന രാഷ്ട്രീയ-സാമൂഹിക നേതാക്കന്മാരെ സൂക്ഷിക്കേണ്ടതുണ്ട്. ഒരു യുവനേതാവ്‌ (ഈ യുവാവിന്‌ പത്തു നാല്പ്പതു വയസ്സു കഴിഞ്ഞു കാണും - എന്നാലും ആളെ മനസ്സിലാകാൻ പറഞ്ഞെന്നേയുള്ളൂ) ഇതിനേച്ചൊല്ലി അസഹനീയമായ വേദനയുമായി കഴിയുകയാണെന്നു കേട്ടു. ഇങ്ങനെയുള്ളവർക്ക് വോട്ട് നല്കി ജയിപ്പിക്കുന്ന പൊതുജനത്തെ കഴുതയെന്നു വിളിക്കുന്നതിൽ യാതൊരു തെറ്റുമില്ല. കഴുതകൾ പോലും അനുഭവം കൊണ്ട് പഠിക്കും.

ഹോട്ടൽ തുടങ്ങുന്നത് ആഹാരം നല്കാനാണ്‌. അല്ലാതെ കാമുകീകാമുകന്മാരുടെ അശ്ലീലഭാവനകൾക്ക് കുട ചൂടിക്കാനല്ല. അങ്ങനെയുള്ളവർക്ക് ലൈസൻസോടെ വ്യഭിചാരശാലകൾ നടത്താൻ പറ്റുന്ന ഏതെങ്കിലും രാജ്യത്തോട്ട് കുടിയേറാവുന്നതാണ്‌. കേരളം അതിനുള്ള ഇടമല്ല.

ആഭാസൻ അദ്ധ്യാപകനാവുമ്പോൾ...

Published on: November 14, 2014

സ്വജനപക്ഷപാതം ചില പരിധികൾക്കുള്ളിൽ നല്ലതാണ്‌. അതിന്റെ ആത്യന്തികമായ അടിസ്ഥാനം നന്മയാവണമെന്നും, സത്യത്തിൽ വേരൂന്നിയതാവണമെന്നും മാത്രം. സത്യത്തിന്റെ സമാന്തരപാതയിൽ അല്ലെങ്കിൽ അധർമ്മത്തിന്റെ കടന്നാക്രമണങ്ങളിൽ സ്വജനങ്ങൾക്കു വേണ്ടി നിലകൊള്ളുന്നത്‌ ധാർമ്മികതയാണെന്നു ഞാൻ വിശ്വസിക്കുന്നു. എന്നാൽ അധർമ്മിയായവൻ സ്വജനമെങ്കിൽ പോലും അവരെ സത്യത്തിന്റെ ദണ്ഡായുധം കൊണ്ടു നേരിടാൻ നാം പ്രതിജ്ഞാബദ്ധരാവേണ്ടതുണ്ട്‌. അത്തരം ധാർമ്മികബോധവും സത്യത്തിനു വേണ്ടി നിലകൊള്ളാനുള്ള ആർജ്ജവവും ഒരുവനുണ്ടാകുന്നില്ലയെങ്കിൽ അവൻ നേടിയെടുക്കുന്ന വിദ്യാഭ്യാസവും, അനുഭവജ്ഞാനവും കേവലം പാഴ്‌വേല മാത്രമാണ്‌.

ഇത്രയും പറഞ്ഞത്‌ കഴിഞ്ഞ ദിവസം എന്റെ ഒരു സഹപാഠിനിയുടെ അനുഭവക്കുറിപ്പിലൂടെ ലജ്ജാപൂർവ്വം കടന്നു പോവേണ്ടി വന്നതിനാലാണ്‌. (https:www.facebook.com/rekshma.arunkumar/posts/676696942445994?comment_id=677845565664465&offset=0&total_comments=6&ref=notif&notif_t=feed_comment_reply)

ഞാനടക്കമുള്ള യുവതലമുറയോടൊത്ത്‌ ഒന്നാം ക്ളാസ്‌ മുതൽ പഠിച്ചു വന്ന സഹോദരിമാർ. എഴുപതിനു മുകളിൽ വിദ്യാർത്ഥികളുണ്ടായിരുന്ന ഞങ്ങളുടെ ക്ലാസ്മുറിയിൽ നിന്നും പഠിക്കണമെന്ന അദമ്യമായ ആഗ്രഹത്തോടെ  റോഡോ വാഹനമോ പോലും എത്തി നോക്കിയിട്ടില്ലാത്ത എന്റെ ഗ്രാമത്തിലെ മൺവഴികളിലൂടെ തീർത്ഥയാത്ര ചെയ്തവരാണവർ. കേവലം പത്തിൽ താഴെ മാത്രം സംഖ്യ വരുന്ന പെൺകുട്ടികൾ! രണ്ടു വഴിക്കുമായി ഏഴു കിലോമീറ്ററോളമുള്ള ആ യാത്ര അവരുടെ ആഗ്രഹത്തിനു മുന്നിൽ ലളിതമായിരുന്നെങ്കിലും പെൺകുട്ടികളുടെ പരിമിതികളും സാഹചര്യങ്ങളും പരിഗണിക്കുമ്പോൾ അതത്ര നിസ്സാരമെന്നു കരുതുക വയ്യ.

അറിവിന്റെ വിലയറിയുന്നവർക്ക്‌ ആദരവും, അഭിമാനവും തോന്നുന്ന അവരുടെ സഞ്ചാരപഥങ്ങളിൽ വളർന്നു വന്ന വിഷമുള്ളിനെ നാം തിരിച്ചറിയേണ്ടതുണ്ട്‌. ഏത്‌ അദൃശ്യനിയമത്തിന്റെ സൗജന്യമാണ്‌ ഇത്തരം മുൾപ്പടർപ്പുകൾക്ക്‌ സ്വസ്ഥവും സുരക്ഷിതവുമായി വളരാൻ സഹായിക്കുന്ന നീർച്ചാലാവുന്നത്‌?

ഇത്‌ കാവാലം എന്ന ഒരു ചെറിയ ഗ്രാമത്തിലെ പെൺകുട്ടികൾ മാത്രം നേരിടുന്ന അവസ്ഥാവിശേഷമല്ല. തങ്ങളുടെ സ്വസ്ഥസഞ്ചാരങ്ങൾക്കു വിഘാതം സൃഷ്ടിക്കുന്ന ഇത്തരം വിഷച്ചെടികളെ തട്ടിമാറ്റാനല്ലാതെ അവയെ വെട്ടി നീക്കാൻ കഴിയാത്ത ദൗർബല്യത്തിനു കാരണമായ ഭീതി, പരിഷ്കൃതരെന്നവകാശപ്പെടുന്ന നമ്മുടെ സമൂഹം അവരിൽ അടിച്ചേൽപ്പിക്കുന്നതാണ്‌.

അനീതിക്കു നേരേ ഉയരുന്ന പെൺസ്വരങ്ങളെ കപടസദാചാരത്തിന്റെ മര്യാദാപാഠങ്ങൾ കൊണ്ടോ, പുരുഷമേൽക്കോയ്മയുടെ ഇരുമ്പുലക്കകൊണ്ടോ നേരിടുന്നത്‌ ഒരു പരിഷ്കൃതസമൂഹത്തിന്‌ അങ്ങേയറ്റം ലജ്ജാകരമാണ്‌. ജീവിത യാത്രയിൽ പല ദേശങ്ങളിലും സഞ്ചരിക്കാൻ ഇടയായിട്ടുണ്ട്‌. നീതിക്കു വേണ്ടി ശബ്ദിക്കുന്ന സ്ത്രീകളെ പുരുഷന്മാരോടൊപ്പം ഒരു പക്ഷേ അവരേക്കാൾ ഉപരിയായി സ്ത്രീകളും ചേർന്ന്‌ ഒറ്റപ്പെടുത്തുന്ന പ്രവണത കേരളത്തിൽ മാത്രമേ എനിക്കു കാണാൻ സാധിച്ചിട്ടുള്ളൂ. ബസ്സിലായാലും, പൊതു സ്ഥലങ്ങളിലായാലും ‘പെണ്ണ്‌ മിണ്ടരുത്‌’ എന്ന അലിഖിത നിയമം അവളുടെ ആത്മാഭിമാനത്തിനു നേരേ ചോദ്യച്ചിഹ്നമായി വർത്തിക്കുമ്പോൾ സമൂഹത്തിന്‌ തീരാക്കളങ്കം തീർത്തു കൊണ്ട്‌ സമർത്ഥമായി രക്ഷപ്പെടുന്നത്‌ നാളെ ഓരോ മകൾക്കും ഭീഷണിയായേക്കാവുന്ന ക്രിമിനലുകളാണ്‌. അത്‌ സത്യസന്ധതയുടെയും, ധർമ്മത്തിന്റെയും കാവൽക്കാരനാവേണ്ട അദ്ധ്യാപകൻ കൂടിയാകുമ്പോൾ പുഴുക്കുത്തേറ്റ നമ്മുടെ വ്യവസ്ഥിതിയെ ഉടച്ചു വാർക്കേണ്ട കാലം അതിക്രമിചിരിക്കുന്നു എന്ന്‌ ഉൾക്കിടിലത്തോടെ നാം തിരിച്ചറിയേണ്ടതുണ്ട്‌.

അദ്ധ്യാപനം എന്ന പുണ്യകർമ്മം, അതിന്റെ പവിത്രതയോടെ സംരക്ഷിക്കാൻ കഴിയാത്തവൻ, ഏതു ദൗർബല്യത്തിന്റെ മനഃശ്ശാസ്ത്രത്തിനും ന്യായീകരിക്കാൻ കഴിയാത്ത നീച വികാരങ്ങളെ മനസ്സിൽ താലോലിച്ചു കൊണ്ട്‌ വിദ്യാലയമെന്ന മഹാക്ഷേത്രത്തിൽ കാലെടുത്തു വയ്ക്കുമ്പോൾ കളങ്കപ്പെട്ടു പോവുന്നത്‌ പ്രൗഢമായ ഒരു സംസ്കാരത്തിന്റെയും, ആചാര്യദേവോ ഭവഃ എന്ന്‌ ഓരോ ഭാരതീയനും ഭക്തിയോടെ ആദരിക്കുന്ന ഒരു മഹാസിംഹാസനത്തിന്റെയും, സർവ്വോപരി അവരുടെ മുഖത്തേക്ക്‌ പ്രതീക്ഷയോടെ, ആരാധനയോടെ, നിഷ്കളങ്കമായ സ്നേഹത്തോടെ ഉറ്റു നോക്കുന്ന ഓരോ വിദ്യാർത്ഥിയുടെയും മാനസികവിശുദ്ധിയുടെയും പവിത്രതയാണ്‌. ഒരു യോഗിയുടെ മാനസിക വിശുദ്ധിയോടെ അനുഷ്ഠിക്കേണ്ട ഈ സൽക്കർമ്മത്തെ ഉള്ളിലെരിയുന്ന കാമാർത്തിയുടെ കനലുമായി, കേവലം ധനസമ്പാദനമെന്നോ, മറ്റേതെങ്കിലും സ്വാർത്ഥലാഭത്തിനു വേണ്ടിയെന്നോ കരുതി ചെയ്യുന്നവൻ ഒരിക്കലും ആ സ്ഥാനത്തിനർഹനല്ല. തോട്ടിപ്പണിക്കു പോകുന്നതാണ്‌ ഇവനൊക്കെ അഭികാമ്യം. (ആ തൊഴിൽ ചെയ്തു ജീവിക്കുന്ന നല്ല മനുഷ്യരെ ഉദ്ദേശിച്ചല്ല പറഞ്ഞത്‌)

മേൽസൂചിപ്പിച്ച ലേഖനത്തിൽ പരാമർശിച്ച വ്യക്തിയാരെന്ന്‌ വ്യക്തമായി മനസ്സിലാക്കിക്കൊണ്ടു തന്നെ പറയട്ടെ, അദ്ധ്യാപനവൃത്തിക്ക്‌ ഏതർത്ഥത്തിലും അനർഹനായ വ്യക്തിയാണയാളെന്നത്‌ എന്റെ കൂടി അനുഭവമാണ്‌. സത്യത്തിന്റെ ലജ്ജാകരമായ വൈകൃതം കൂടുതൽ തുറന്നെഴുതുന്നതിൽ നിന്നും എന്നെ കുറ്റബോധത്തോടെ പിൻതിരിപ്പിക്കുന്നു. എങ്കിലും ഏതൊരാളുടെയും അനുഭവസാക്ഷ്യത്തിനു പോരാതെ വരുന്ന അഥവാ ഉപോൽബലകമായ പിൻബലം നൽകുവാൻ ഞാൻ പ്രതിജ്ഞാപൂർവ്വം സന്നദ്ധനാണ്‌. കാരണം പ്രതിഭാധനന്മാരായ മഹാദ്ധ്യാപകരുടെ ജന്മം കൊണ്ട്‌ സമ്പന്നമായ ഒരു കുടുംബത്തിലെ ഇളം തലമുറയാണ്‌ ഞാൻ. ഋഷിതുല്യരായ ധാരാളം അദ്ധ്യാപകരുടെ അഗാധമായ പാണ്ഡിത്യത്തിൽ നിന്നുതിർന്ന വാഗ്ദ്ധോരണിയിൽ സ്വയമലിഞ്ഞിരിക്കാൻ ഭാഗ്യം സിദ്ധിച്ച ഒരു വിദ്യാർത്ഥിയാണ്‌ ഞാൻ. അദ്ധ്യാപകൻ എന്ന ആ വിശേഷണത്തിൽ ഒരു അസുരജന്മം നികൃഷ്ടഭാവനകളുടെ വിഷപാതവും വഹിച്ചുകൊണ്ട്‌ വിദ്യാർത്ഥികളെ അഭിമുഖീകരിക്കുകയും, സമൂഹത്തിൽ മാന്യനായി അഭിനയിക്കുകയും ചെയ്യുമ്പോൾ അനുഭാവപൂർവ്വം കണ്ണടച്ചാൽ അത്‌ ഗുരുനിന്ദ കൂടി ആയിപ്പോകുമെന്ന്‌ ഞാൻ വിശ്വസിക്കുന്നു.

അജ്ഞാനതിമിരാന്ധസ്യ
ജ്ഞാനാഞ്ജനശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേ നമഃ

അജ്ഞാനതിമിരം ബാധിച്ചവന്റെ കണ്ണിൽ ജ്ഞാനമാകുന്ന അജ്ഞനമെഴുതി അവന്റെ ബുദ്ധിയെ പ്രകാശമാനമാക്കുന്നവനാണ്‌ ഗുരു. അങ്ങനെയുള്ള ഗുരുവിനെ (അങ്ങനെയുള്ളവരെ മാത്രം) ഞാൻ നമിക്കുന്നു.

ശ്രോത്രിയോ/വൃജിനോ/കാമ-
ഹതോ യോ ബ്രഹ്മ വിത്തമഃ
ബ്രഹ്മണ്യുപരതശ്ശാന്തോ
നിരിന്ധന ഇവാനലഃ
അഹേതുകദയാസിന്ധുർ
ബന്ധുരാനമതാം സതാം (വിവേകചൂഡാമണി)

ഉപനിഷത്തുകൾ പഠിച്ചവനും, പാപരഹിതനും, ആഗ്രഹമുക്തി വന്നവനും, ബ്രഹ്മത്തിൽ -ഈശ്വരനിൽ - ലീനമായ മനസ്സുള്ളവനും, എരിഞ്ഞടങ്ങിയ കനൽ പോലെ ശാന്തനും, അഹേതുകമായ ദയയ്ക്ക്‌ ഇരിപ്പിടമായുള്ളവനും, സജ്ജനങ്ങൾക്ക്‌ ഉത്തമ ബന്ധുവുമായിരിക്കണം ഗുരു.... ഇത്‌ വേദാചാര്യന്മാരുടെ കാര്യത്തിൽ മാത്രമല്ല എല്ലാ അദ്ധ്യാപകർക്കും ബാധകമാണ്‌.

ആചിനോതി ച ശാസ്ത്രാർത്ഥം
ആചാരേ സ്ഥാപയത്യപി
സ്വയമാചരതേ യസ്മാ-
ദാചാര്യസ്തേന ചോച്യതേ

ശാസ്ത്രാർത്ഥങ്ങളെ സ്വരൂപിച്ചു കാട്ടുന്നവനും, അവയ്ക്കനുഗുണങ്ങളായ ശീലങ്ങളിൽ ശിഷ്യന്മാരെ ശീലിപ്പിച്ചുറപ്പിക്കുന്നവനും, സ്വയം അതാചരിക്കുന്നവനും ആരോ അവൻ മാത്രമാണ്‌ ആചാര്യൻ എന്ന സ്ഥാനത്തിനർഹൻ.

സത്യമേവ ജയതേ

റെയിൽവേ...

Published on: November 30, 2014

റെയിൽവേ സൗകര്യങ്ങൾ വർദ്ധിപ്പിച്ചു കൊണ്ട് റെയിൽവേ സ്വകാര്യവൽക്കരിച്ചാൽ, അടിസ്ഥാന സൗകര്യങ്ങൾക്കുള്ള ചിലവുകൾ സാധാരണക്കാരന്‌ താങ്ങാനാവുമോ എന്നത് ഒരു ആശങ്കയാണ്‌. ഇപ്പോൾ തന്നെ പലയിടത്തും പല രീതിയിലാണ്‌. ഉദാഹരണം, ശൗചാലയങ്ങൾ. ഉപയോഗിക്കുന്നതിന്‌ എഴുതി വച്ചിരിക്കുന്ന (റെയിൽവേ നിശ്ചയിരിക്കുന്നത്) തുകയല്ല പല സ്ഥലങ്ങളിലും വാങ്ങുന്നത്. കോൺട്രാക്റ്റ് എടുക്കുന്നവൻ ഒരു ജീവനക്കാരനെ കാവലിരുത്തി, വൈകുന്നേരം നിശ്ചിത തുക തന്നേക്കണം എന്ന് അന്ത്യശാസനവും നല്കി പോയാൽ, പാവം ജീവനക്കാരൻ എന്തു ചെയ്യും? തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലെ ജീവനക്കാരൻ പറഞ്ഞത് ദിവസം എന്തു ചെയ്താലും 1000 രൂപ മുതലാളിക്കു കൊടുക്കണമെന്ന്. അതിനും പുറമേ അയാളുടെ ശമ്പളവും സമ്പാദിക്കണം.

അതു പോലെ കുടിവെള്ളം. കേരളത്തിൽ മാത്രമാണ്‌ കുടിവെള്ളത്തിന്‌ പ്രിന്റഡ് വില ഈടാക്കുന്നതു കണ്ടിട്ടുള്ളത്. അയൽ സംസ്ഥാനങ്ങളിൽ പ്രത്യേകിച്ചു തമിഴ് നാട്ടിൽ ഇരുപതു രൂപയിൽ കുറച്ച് പതിനഞ്ചു രൂപ മാക്സിമം റീട്ടെയിൽ പ്രൈസ് ഉള്ള കുടിവെള്ളം കിട്ടില്ല. ഈ പകൽക്കൊള്ളയ്ക്കെതിരെ പല തവണ സ്വരമുയർത്തേണ്ടി വന്നിട്ടുണ്ട്. അഞ്ചു രൂപയല്ല, പച്ചയായ അനീതിയും മുതലെടുപ്പുമാണ്‌ പ്രശ്നം. റെയിൽവേ സ്വകാര്യവൽകരിച്ചാൽ ഒരു പക്ഷേ ഇത്തരം ചെറുകിട കച്ചവടങ്ങൾ നിന്നെന്നു തന്നെയും വരാം. ഒപ്പം സാധനങ്ങൾക്ക് ഏകീകൃതമെങ്കിലും വളരെ ഉയർന്ന വില നൽകേണ്ടി വരുമെന്ന് നാം ആശങ്കപ്പെടേണ്ടതുണ്ട്. 20 രൂപ വിലയുള്ള ഒരു സോഫ്റ്റ് ഡ്രിങ്കിന്‌ എയർപോർട്ടിൽ നൽകേണ്ട വില അറുപതോ അതിനു മുകളിലോ ആണ്‌. (ഇത് അനുവദിച്ചു കൊടുക്കുന്ന നിയമം ഏതായാലും അത് സാധാരണക്കാരനോട് അനീതി തന്നെയാണ്‌ ചെയ്യുന്നത്)

ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാസ്ഥാപനവും, കുത്തനെ കൂട്ടിക്കൊണ്ടിരിക്കുന്ന ബസ് ചാർജ്ജ് വർദ്ധനയിൽ നിന്ന് സാധാരണക്കാരന്റെ ആകെ ആശ്രയവുമായ റെയിൽ യാത്രാസംവിധാനത്തിൽ അഴിച്ചു പണി നടത്തുമ്പോൾ ഇത്തരം അടിസ്ഥാനകാര്യങ്ങളിൽ കർശനമായ നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാരിനു കഴിയാത്ത പക്ഷം ജനം വലയും എന്നതിൽ സംശയം വേണ്ട.

എന്നാൽ കാലാനുസൃതമായ മാറ്റങ്ങളെ നാം സ്വാഗതം ചെയ്യേണ്ടതുണ്ട്. ചൂഷണങ്ങളെ പ്രതിരോധിക്കാനുള്ള ആർജ്ജവം പലപ്പോഴും നാം കാണിക്കാറില്ലെന്നത് ഒരു ദുഃഖസത്യമാണ്‌. കയറ്റിറക്കു നിരക്കുകളിൽ പോലും ഒരു ഏകീകൃത വ്യവസ്ഥ സംസ്ഥാനത്തിനകത്തു പോലുമില്ലെന്നത് ഒരു ദുഃഖസത്യമാണ്‌. എല്ലാവർക്കും ഒരു പോലെ വാചകമടിച്ചും, വില പേശിയും തുക കുറക്കാനുള്ള കഴിവും സാമർത്ഥ്യവുമില്ലെന്നിരിക്കേ, ഒരു ട്രോളിക്ക് ഇത്ര ഒരു കെട്ടിന്‌  ഇത്ര എന്നൊക്കെ എഴുതി വയ്ക്കാതെ അതിന്‌ ഒരു ഉദ്യോഗസ്ഥനെ തന്നെ നിയമിക്കുകയോ, സ്റ്റേഷനിൽ ഡ്യൂട്ടിയിലുള്ള പോലീസ്‌ ഉദ്യോഗസ്ഥരെ തൂക്കത്തിന്‌ ആനുപാതികമായി പണം സ്വീകരിച്ച് സാധനം കയറ്റി ഇറക്കാൻ അധികാരപ്പെടുത്തുകയും അതിന്‌ ലിഖിതമായ ഒരു വ്യവസ്ഥ ഉണ്ടാക്കി പ്രദർശിപ്പിക്കുകയും, അത് കമ്പ്യൂട്ടർ വഴി നടപ്പാക്കുകയും (തൂക്കം. തുക എന്നിവയടക്കം) ചെയ്യാൻ സാധിച്ചാൽ അത് ജീവിതത്തിന്റെ കെട്ടുഭാണ്ഡങ്ങളും ചുമന്ന് നെട്ടോട്ടമോടുന്ന സാധാരണക്കാരന്‌ വലിയൊരു ആശ്വാസമാവും. (പ്രീ പെയ്ഡ് ഓട്ടോ സംവിധാനം മാതൃകയാക്കാവുന്നതാണ്‌. എന്നാൽ അവിടെ പലയിടങ്ങളിലും -ഉദാഹരണം ചെന്നൈ- നടക്കുന്ന ഒത്തുകളി തടയപ്പെടാൻ ഉന്നത അധികാരികൾ ശ്രദ്ധിക്കുകയും വേണം), പരിസര ശുചിത്വം, ഭക്ഷണങ്ങളുടെ നിലവാരവും, ശുചിത്വവും, സുരക്ഷ തുടങ്ങിയ കാര്യങ്ങളിലും ശ്രദ്ധ ചെലുത്തേണ്ടതാണ്‌. കമ്പാർട്ട്മെന്റിൽ മദ്യപിച്ചിട്ടു കയറുന്നതും, പുക വലിക്കുന്നതും അന്വേഷിക്കേണ്ട ചുമതല ഞങ്ങൾക്കില്ല എന്നാണ്‌ കഴിഞ്ഞ റിപ്പബ്ളിക് ദിനത്തിൽ ‘ഗാന്ധി’ എന്നു പേരുള്ള ഒരു പോലീസ് എ എസ് ഐ തിരുവനന്തപുരം ചെന്നൈ വണ്ടിയിൽ ഞങ്ങളോട് പറഞ്ഞത് ! പരാതിപ്പെട്ടാൽ വാദി പ്രതിയാവുകയേ ഉള്ളൂ. എന്നിട്ടും ഗാന്ധി എന്ന പേരിൽ റിപ്പബ്ളിക് ദിനത്തിൽ തന്നെ ഒരുത്തൻ ഈ വർത്തമാനം പറഞ്ഞത് അങ്ങു ഡെൽഹി വരെ എഴുതി അറിയിച്ചിട്ടും ഒരു സാറന്മാരും പ്രതികരിച്ചില്ല എന്നത് ഒരു അത്ഭുതമേയല്ല. ഇത്തരം കയറൂരി നടക്കുന്ന ഉദ്യോഗസ്ഥരെയും നിലക്കു നിർത്താൻ സർക്കാരിനു കഴിയണം. അല്ലാത്തിടത്തോളം ഹൈ ടെക് റെയിൽവേ സ്റ്റേഷനുകൾ ഹൈടെക് ചൂഷണത്തിനു വേദിയാകാനുള്ള സാദ്ധ്യത വളരെ വളരെ കൂടുതലാണ്‌...

NB: ഇനിയിപ്പോ പ്രധാനമന്ത്രി വന്ന് റെയിൽവേയുടെ കക്കൂസിനു കാവലിരിക്കണമെന്ന് കൂടി പറഞ്ഞേക്കരുത്. ഇതൊക്കെ നോക്കിയും കണ്ടും നടപ്പാക്കാനാണ്‌ ജനം ശമ്പളം കൊടുത്ത് ഉദ്യോഗസ്ഥന്മാരെ വച്ചിരിക്കുന്നത്...

Tuesday, November 3, 2015

റിപ്പോർട്ടർക്ക്

Published on: December 9, 2014
വർഷങ്ങൾക്കു മുൻപേ , എല്ലുന്തിയ തന്റെ മാറോടടക്കിപ്പിടിച്ച ഒരു ഗ്രന്ഥം പകർന്നു നൽകിയ സത്യദീക്ഷയും ആത്മവിശ്വാസവുമായി ഒരു ദരിദ്രനാരായണൻ ഭാരതജനതയെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ചു . റിപ്പോർട്ടർ  അടക്കമുള്ള കൂലിപ്രസംഗകർക്ക്  ചാരിത്ര്യപ്രസംഗം നടത്താനുള്ള സ്വാതന്ത്ര്യം പോലും ആ  സ്വാതന്ത്ര്യത്തിന്റെ  ഔദാര്യമാണ്. ആ അർദ്ധനഗ്നനായ ഫക്കീറിനെ വഴിനടത്തിയ സത്യപ്രകാശമാണ്  ഭഗവദ്ഗീത. ലോകം കണ്ടതിൽ വച്ച് ഏറ്റവും സമഗ്രവും യുക്തിഭദ്രവുമായ സെൽഫ് മാനേജ്‌മെന്റ് സയൻസ്. വിവരക്കേടിൽ നിന്നുണ്ടായ സംശയമാണ് ഭഗവദ്ഗീത ആരുടെ വിശുദ്ധഗ്രന്ഥം ആണെന്ന് റിപ്പോർട്ടർ ചാനലിനെക്കൊണ്ട് ചോദിപ്പിച്ചതെങ്കിൽ ഈ മറുപടി കൊണ്ട്  തൃപ്തിപ്പെട്ടു കൊള്ളുക.  ധാർഷ്ട്യം കൊണ്ടുള്ള ചോദ്യമാണെങ്കിൽ, തന്റെയൊന്നും ചോദ്യങ്ങൾക്ക് വില കൽപ്പിക്കേണ്ട ബാദ്ധ്യത ഭാരതജനതക്കില്ല.  അതിനു തക്ക വളർച്ച ബൗദ്ധികമായും സാങ്കേതികമായും കൈവരിച്ചതിനു ശേഷം ഇത്തരം ഭാരിച്ച വിഷയങ്ങളിൽ തലയിട്ടാൽ മതി. അതുവരെ ചുംബനവും, വ്യഭിചാരവുമൊക്കെ റിപ്പോർട്ട് ചെയ്ത് ആത്മരതിയടയാനുള്ള നിങ്ങളുടെ സർഗ്ഗവൈഭവത്തെ പരിപോഷിപ്പിച്ച് ഉദരപൂരണം നടത്തി ജീവിക്കുക. മനസ്സിലായോ?