Tuesday, March 31, 2009

ചേര്‍ത്തലയില്‍ വന്നതു പുലിയല്ല... പക്ഷേ ഒരു സന്ദേശം കിട്ടിയിരുന്നു

ചേര്‍ത്തലയില്‍ വന്നതു പുലിയല്ല... പക്ഷേ...???

ഇന്നലെ ഒരു ദിവസം മുഴുവന്‍ മലയാളികളെ ഉദ്വേഗത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്തിയ അഭ്യൂഹം മുന്നോട്ടു വയ്ക്കുന്ന ചില ചിന്തകളുണ്ട്‌.

പുലികളായാലും, തീവ്രവാദികളായാലും ‘വരുന്നു’,‘വന്നു’ എന്നിങ്ങനെയുള്ള സംശയം ഉണ്ടായപ്പൊഴേ പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും ഇത്രയധികം ജാഗ്രത പാലിച്ചതിനു പിന്നില്‍ തീര്‍ച്ചയായും മുംബൈ ആക്രമണത്തിന്‍റെ പശ്ചാത്തലം തന്നെയാണ്. അതല്ലെങ്കില്‍ നാം ഇന്നലെ കണ്ട ഉന്മേഷമൊന്നും അവര്‍ കാണിക്കാനിടയില്ല. എന്നാല്‍ പറഞ്ഞു വരുന്നത് ജനങ്ങളുടെ കാര്യമാണ്.

നാമിവിടെ തമ്മില്‍ തല്ലിയും, തൊഴുത്തില്‍ കുത്തിയും, പരസ്പരം ചെളിവാരിയെറിഞ്ഞും സമയം കളയുന്നതിനിടയില്‍ പുറത്തു നിന്നൊരു നുഴഞ്ഞു കയറ്റത്തിന്‍റെ സാദ്ധ്യതകളെക്കുറിച്ച് ബോധവാന്മാരാകേണ്ടതുണ്ട്‌. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന വെള്ളക്കാരന്‍റെ നയം ഇന്ന്‌ ഏറ്റെടുത്തിരിക്കുന്നത് വിവിധ മത-രാഷ്ട്രീയ കക്ഷികളാണ്. മുംബൈ നഗരത്തെ സംബന്ധിച്ചിടത്തോളം ജനബാഹുല്യവും ദിനം പ്രതി അപരിചിതര്‍ വന്നു പോകുന്ന സാഹചര്യവും, ന്യൂനപക്ഷം മാത്രം വരുന്ന ഒരു വിഭാഗത്തിന്‍റെ അനുകൂല നിലപാടുകളും മാത്രമേ അവര്‍ക്ക് അനുകൂല ഘടകമാകുന്നുള്ളൂ. ‘ജീവിക്കാന്‍‘ വേണ്ടി വിവിധ സ്ഥലങ്ങളില്‍ നിന്നും വന്നു ചേര്‍ന്നിട്ടുള്ള ജനങ്ങള്‍ക്ക് ഇതൊന്നും വിഷയമല്ല. അവരുടെ ദിനചര്യകളില്‍ ഇത്തരം പ്രവണതകളെ അനുകൂലിക്കാനോ, പ്രതികൂലിക്കാനോ ഉള്ള സമയവുമില്ല. എന്നാല്‍ പരസ്പര ഐക്യം എന്നൊന്നുണ്ട്‌.

നേരിട്ടുള്ള അനുഭവത്തിന്‍റെ വെളിച്ചത്തില്‍ പറയട്ടെ, ഓണമായാലും, വിഷുവായാലും, മറ്റേത്‌ മലയാളികളുടെ തനതായ ആഘോഷങ്ങളായാലും അതിന്‍റേതായ സൌന്ദര്യത്തിലും, സമഭാവനയിലും ആഘോഷിക്കപ്പെടുന്നത് ഇന്ന്‌ മുംബൈ, ഡല്‍ഹി പോലെയുള്ള കുടിയേറിപ്പാര്‍ക്കുന്ന മലയാളികള്‍ക്കിടയില്‍ മാത്രമാണ്. നമ്മള്‍ കേരളത്തില്‍ ആ സമയം എന്തു ചെയ്യുന്നു??? ഒരു വിഭാഗം മദ്യപാന മത്സരത്തില്‍ വ്യാപൃതരാവുമ്പോള്‍, മറുവിഭാഗം ഓണമായാലും, വിഷുവായാലും വിലക്കു വാങ്ങുന്നു!!!

ഈ വിരോധാഭാസത്തിനു കാരണം മലയാളിയുടെ മടി തന്നെയാണ്. അതു മാത്രവുമല്ല, പരസ്പര സ്നേഹമില്ലായ്മ, സഹവര്‍ത്തിത്വമില്ലായ്മ തുടങ്ങിയ വിഷങ്ങള്‍ ഇത്തരം കൂട്ടായ ആഘോഷങ്ങളില്‍ നിന്നും നമ്മെ ഒറ്റപ്പെടുത്തുന്നു. ഈ ഒറ്റപ്പെടല്‍ നാം ഇന്നനുഭവിക്കുന്നത് സാംസ്കാരിക തലങ്ങളില്‍ മാത്രമല്ല ജീവിതത്തിന്‍റെ എല്ലാ തലങ്ങളിലും നമുക്കൊരുമയില്ലാതായിരിക്കുന്നു. പോരാത്തത് മതമെന്നും, രാഷ്ട്രീയമെന്നും ഉള്ള പേരുകളില്‍ അവരും ചെയ്യുന്നു.

കഴിഞ്ഞ ദിവസങ്ങളിലായി ടെലിവിഷന്‍ ചാനലുകള്‍ സംഘടിപ്പിക്കുന്ന തിരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ വാക്കേറ്റവും, കയ്യേറ്റവും ഉണ്ടാകാത്ത ഒരെണ്ണം പോലും കണ്ടില്ല എന്നത് അതീവ ഗൌരവത്തോടെയും, സൂക്ഷ്മതയോയും നിര്‍വ്വഹിക്കപ്പെടേണ്ട ഒരു രാഷ്ട്രീയപ്രക്രിയയൊടുള്ള ജനങ്ങളുടെ സമീപനത്തെയാണ് ചൂണ്ടിക്കാണിക്കുന്നത്.

മുംബൈ നഗരം അത്ഭുതപ്പെടുത്തുന്ന വേഗതയിലാണ് തീവ്രവാദി ആക്രമണങ്ങളില്‍ നിന്നായാലും, മറ്റേതു ദുരന്തങ്ങളില്‍ നിന്നായാലും പൂര്‍വ്വസ്ഥിതിയിലേക്ക് മാറുന്നത്. അതിനുള്ള വലിയൊരു കാരണം അവിടത്തെ ജനങ്ങളുടെ ഐക്യത്തേക്കാളുപരി, മറ്റുള്ളവന്‍റെ ജീവിതത്തില്‍ എത്തി വലിഞ്ഞു നോക്കി കുറ്റങ്ങളും കുറവുകളും കണ്ടെത്താനുള്ള സമയമില്ലായ്മ കൂടിയാണ്.

കേരളത്തില്‍ അത്തരമൊരു അവസ്ഥയുണ്ടായാല്‍ കാലഘട്ടങ്ങള്‍ തന്നെ വേണ്ടിവരും പൂര്‍വ്വസ്ഥിതി കൈവരിക്കുവാന്‍. ശരീരത്തില്‍ വൈറസ്‌ ബാധിച്ചാല്‍ ആന്‍റിബയോട്ടിക്ക് കഴിക്കുക എന്നതൊരു അനിവാര്യതയായി വന്നേക്കാം. എന്നാല്‍ വൈറസും ആന്‍റിബയോട്ടിക്കും പകരുന്ന ക്ഷീണം മാറുന്നത് അവന്‍റെ ആരോഗ്യത്തെ അനുസരിച്ചിരിക്കും. അതേ പോലെ ദുര്‍ബ്ബലമായ സാമൂഹിക അന്തരീക്ഷത്തില്‍ ഒരു ആക്രമണം നടത്തുവാന്‍ എളുപ്പമാണ്. അവിടെ അക്രമികളുടെ അഴിഞ്ഞാട്ടത്തിനും, അനിവാര്യതയായി വരുന്ന സൈനികനടപടികള്‍ക്കും ശേഷം സമൂഹം പൂര്‍വ്വസ്ഥിതിയിലേക്കു വരണമെങ്കില്‍ ആ സമൂഹത്തിന് ഐക്യവും, ശക്തിയും ഉണ്ടായേ മതിയാകൂ.

മാവേലി നാടുവാണീടും കാലം എന്ന് ഓണത്തിനെങ്കിലും, വിലക്കുവാങ്ങിയ പ്ലാസ്റ്റിക്ക് സദ്യ ഉണ്ണുന്നതിനിടയില്‍ നമുക്കു പാടാം. വെറുതേ പാടുമ്പോള്‍ എന്തായിരുന്നു ആ വരികളുടെ അര്‍ത്ഥമെന്ന് വെറുതേ... വെറുതേ മാത്രമെങ്കിലും ഒന്നോര്‍ക്കാം.

© ജയകൃഷ്ണന്‍ കാവാലം

2 comments:

ചാണക്യന്‍ said...

നല്ല കുറിപ്പ് ജയകൃഷ്ണന്‍ കാവാലം...
ആശംസകള്‍....

ബോണ്‍സ് said...

നമ്മള്‍ ചിന്തികേണ്ട കാര്യങ്ങള്‍ തന്നെ!