Thursday, March 19, 2009

വിഷമുള്ള മനുഷ്യന്‍ !

ഹസന്‍ കുഞ്ഞ് ചേട്ടന്‍ ലോറിയുടെ ഓയില്‍ ചെക്ക് ചെയ്തിരുന്നത് മിക്കവാറും വൈകുന്നേരങ്ങളിലായിരുന്നു. വണ്ടിയുടെ ബോണറ്റ് തുറന്ന് ദിവസവും ചെയ്യാറുള്ള ചില കാര്യങ്ങള്‍ക്കു ശേഷം ഹസന്‍ കുഞ്ഞ് ചേട്ടന്‍ നീട്ടി വിളിക്കും മോനേ... എന്ന്. മിക്കവാറും ഒരു വിളിയുടെ ആവശ്യമില്ലാതെ തന്നെ ഞാനവിടെ ഹാജര്‍ ഉണ്ടാവും. വണ്ടിയുടെ ഓയില്‍ ചെക്ക് ചെയ്യുക എന്നത് ഹസന്‍ കുഞ്ഞ് ചേട്ടന്‍ എനിക്കനുവദിച്ചു തന്ന അവകാശമായിരുന്നു. കറുത്ത പ്ലാസ്റ്റിക്ക് പിടിയുള്ള നീളമുള്ള ആ സ്കെയില്‍ വലിച്ചൂരി ഹസന്‍ ചേട്ടന്‍റെ കയ്യില്‍ കൊടുക്കുക എന്നിട്ടു രണ്ടു പേരും കൂടി അതു പരിശോധിക്കുക ഈ നിസ്സാര പ്രവൃത്തിയോട്‌ എന്തു കൊണ്ടോ എനിക്കു വലിയ താല്പര്യമായിരുന്നു. അന്നെനിക്ക് ഈ പണി ചെയ്യണമെങ്കില്‍ വണ്ടിയുടെ ബമ്പറില്‍ കയറി നില്‍ക്കണം.

ആദ്യം സ്കെയില്‍ ഊരിയെടുത്ത് തുണി കൊണ്ട്‌ നന്നായി തുടച്ചതിനു ശേഷം രണ്ടാമതും ഇട്ട് ഊരിയെടുത്താണ് ഓയില്‍ ലെവല്‍ പരിശോധിക്കുന്നത്.

എഞ്ചിന്‍റെ ഹൃദയത്തിലേക്ക് നീണ്ടു പോകുന്ന ആ സ്കെയില്‍ പരിശോധിക്കുന്നതിലൂടെ വണ്ടിയെ മുഴുവനും അറിയാന്‍ കഴിയുന്നതു പോലെ ഒരു തോന്നല്‍. മനുഷ്യന്‍റെ മനസ്സിലേക്കു കടന്നു ചെല്ലുന്ന ഒരു പ്രതീതി ദിവസവും ഞാന്‍ അത്ഭുതത്തോടെ അനുഭവിച്ചു വന്നു.

മനുഷ്യരുടെ കാര്യവും അങ്ങനെയാണ്. തുടച്ചെടുത്ത സ്കെയില്‍ പോലെ, മുന്‍‍വിധികളൊന്നുമില്ലാതെ, സ്വതന്ത്രമായി ഒരു മനുഷ്യനെ സമീപിച്ചാല്‍ നമുക്കയാളുടെ ഹൃദയം തൊട്ടറിയാം. നന്മയുടെ ആഴവും, കാലുഷ്യത്തിന്‍റെ അളവും വ്യക്തമായി തിരിച്ചറിയാം. പൊതുവേ മനുഷ്യരോടുള്ള സമീപനത്തില്‍ ഇത്തരമൊരു ആദര്‍ശം പുലര്‍ത്തിപ്പോരുവാന്‍ പരമാവധി ശ്രമിക്കാറുണ്ട്‌. അങ്ങനെ നമ്മള്‍ തിരിച്ചറിയുന്ന ചില വ്യക്തിത്വങ്ങളുണ്ട്‌. ബാഹ്യപ്രകൃതത്തില്‍ നിന്നും വിഭിന്നമായി നില നില്‍ക്കുന്ന അത്ഭുത ലോകം അവരില്‍ ദര്‍ശിക്കുക അത്ഭുതത്തോടെയാവും.

അടുത്തിടെ പരിചയപ്പെട്ട ചില വ്യക്തികളെ മുന്‍‍നിര്‍ത്തിയേ അല്ല ഈ കുറിപ്പെഴുതുന്നത്.

പൊതുസ്ഥലങ്ങളില്‍ എന്നും മാന്യതയുടെ കുപ്പായം ധരിച്ചു മാത്രം പ്രത്യക്ഷപ്പെടുന ചിലരുണ്ട്‌. സംസാരം, പെരുമാറ്റം തുടങ്ങിയവ വളരെ ആകര്‍ഷകമാക്കി, സഹജീവികളുടെ ഉന്നമനമാണ് എന്‍റെ സന്തോഷം എന്ന മുദ്രാവാചകം നിരന്തരം മറ്റുള്ളവരെ ഓര്‍മ്മിപ്പിച്ച് എന്തിനും എവിടെയും മുന്‍‍പന്തിയില്‍ നില്‍ക്കുന്നവര്‍. എന്നാല്‍ അകമറിയും തോറും അവരോട് ആദ്യമൊക്കെ നമുക്കു തോന്നിയേക്കാവുന്ന പരിഗണന (പരിഗണന മാത്രം. പലരും ധരിക്കുന്നതു പോലെ ആരാധനയോ, വിധേയത്വമോ ആര്‍ക്കും തോന്നില്ല ഇക്കൂട്ടരോട്‌. ചില വിഢികള്‍ക്കൊഴികെ) സഹതാപമായി മാറും നമുക്കവരോട്‌. ‘ഞാന്‍ സര്‍വ്വസമ്മതന്‍‘ എന്ന പൊള്ളയായ ആത്മവിശ്വാസത്തിന്‍റെ മൂഢസ്വര്‍ഗ്ഗത്തില്‍ വിരാജിക്കുന്നവരോട്‌ വേറെ എന്തു തോന്നാന്‍?

സമൂഹത്തെ തന്നെ വിഷലിപ്‌തമാക്കുന്ന മറ്റൊരുകൂട്ടരുണ്ട്‌. സ്വയം അധഃകൃതനെന്നു വിധിച്ച് വൃണം വമിക്കുന്ന അപകര്‍ഷതയോടെ മാത്രം സമൂഹത്തെ നോക്കിക്കാണുന്നവര്‍. മാന്യന്‍ എന്നു കരുതി അവരെ സമീപിക്കുമ്പോള്‍ വളരെ പെട്ടെന്ന് തന്നെ ഈ വര്‍ഗ്ഗീയവിഷം തിരിച്ചറിയുകയും ചെയ്യും. വിശിഷ്യാ അല്‍‍പം വിദ്യാഭ്യാസമോ, തരക്കേടില്ലാത്ത തൊഴിലോ കൂടിയുണ്ടെങ്കില്‍ പറയുകയും വേണ്ട. സര്‍വ്വതിനെയും പുച്ഛത്തോടെ മാത്രം നോക്കിക്കാണുവാന്‍ കഴിയുന്ന ഇവര്‍ മാനസികരോഗികള്‍ എന്നതില്‍ സംശയമില്ല. പ്രത്യേകിച്ചും അധികാരസ്ഥാനങ്ങളില്‍ ഇവര്‍ കടന്നു കൂടിയാല്‍ സമൂഹത്തിന് വന്നു ഭവിച്ചേക്കാവുന്ന വിപത്ത് വളരെ വലുതാണ്.

മനുഷ്യനെ മനുഷ്യനായി കാണാന്‍ കഴിയുകയും, സ്വയം ഒരു മനുഷ്യനായി നിലനില്‍ക്കുകയും ചെയ്യുക എന്നത് അത്ര വലിയ പ്രയാസമുള്ള കാര്യമൊന്നുമല്ല. കറ പുരളാത്ത ഒരു മനസ്സുണ്ടാവണമെന്നു മാത്രം. ഉള്ളില്‍ വൃത്തികെട്ട വിഷം അത് വ്യക്തിപരമായാലും, രാഷ്ട്രീയമായാലും, വര്‍ഗ്ഗീയമായാലും, മതപരമായാലും എന്തു തന്നെയായാലും ചുമക്കുന്നവര്‍ക്ക് ഒരിക്കലും മനുഷ്യനായി നിലനില്‍ക്കുക സാദ്ധ്യമല്ല തന്നെ.

മറ്റൊരു കൂട്ടരുണ്ട്‌. നേര്‍ക്കു നേര്‍ നിന്ന് നല്ല വാക്കു പറയും. പിന്നാമ്പുറത്ത് പോയി അസഭ്യവും പറയും. ഇത്തരം മാനസിക വൈകല്യമുള്ളവരെ ഷണ്ഡന്മാരെന്നു വിളിക്കാമോ എന്നറിയില്ല. കാരണം ഷണ്ഡത്വം ഒരു ശാരീരിക വൈകല്യം മാത്രമാണല്ലോ. നേര്‍ക്കു നേര്‍ സം‌വദിക്കുവാനുള്ള ആര്‍ജ്ജവം ഇല്ലാത്തവരാണിവര്‍. എന്നാലോ മറ്റുള്ളവരെ ദ്വേഷിക്കുന്നതിലൂടെ കിട്ടുന്ന പൈശാചികാനന്ദത്തിന്‍റെ ലഹരിയില്ലാതെ ഇവര്‍ക്കു നിലനില്‍‍പ്പില്ല തന്നെ. എന്നാല്‍ ഇവരറിയുന്നില്ല സ്വയം ദ്രവിക്കുകയാണിവരെന്ന്.

ഇപ്പറഞ്ഞ കൂട്ടരെയൊക്കെ ഓരോ സമൂഹത്തിലും, നാമോരോരുത്തരുടെ ചുറ്റിലും നമുക്കു കാണുവാന്‍ സാധിക്കും. നോക്കിക്കാണുവാനുള്ള കണ്ണുകള്‍ തുറന്നിരുന്നാല്‍ മാത്രം മതി.

അറപ്പുളവാക്കുന്ന ഇത്തരം മനോവൈകല്യമുള്ളവരെ നിരന്തരം കണ്ടുമുട്ടുന്നവരാണ് നാമോരോരുത്തരും. പ്രതിവിധി ഒന്നു മാത്രം. സ്വയം മനുഷ്യനായി നിലനില്‍ക്കുക.

(അനുഭവത്തില്‍ നിന്നു പറയുന്നത്)

© ജയകൃഷ്ണന്‍ കാവാലം

5 comments:

അനില്‍@ബ്ലോഗ് // anil said...

അനുഭവം ഗുരു എന്ന് പ്രമാണം !
:)

അനില്‍@ബ്ലോഗ് // anil said...

അനുഭവം ഗുരു എന്ന് പ്രമാണം.
:)
ആദ്യം ഇട്ട കമന്റ് സേവായില്ലെ ന്ന് ഒരു സംശയം.

ജിജ സുബ്രഹ്മണ്യൻ said...

മനുഷ്യർ പല തരക്കാരല്ലേ മാഷേ.ഓരോരുത്തർക്ക് അവരുടെ മനസ്സു പോലെയെ ജീവിക്കാനാവൂ.അതു മറ്റുള്ളവർക്കുണ്ടാക്കുന്ന വെറുപ്പോ വിദ്വേഷമോ ഒന്നും അവർ തീരെ ഗൗനിക്കാറില്ല.

ചാണക്യന്‍ said...

ബഹുജനം പല വിധം.....

മാണിക്യം said...

നല്ല ലേഖനം..
മനുഷ്യനെ മനുഷ്യനായി കാണാന്‍ കഴിയുക
സ്വയം ഒരു മനുഷ്യനായ് നില നില്‍ക്കുക.
ശരിയാണ് ഉള്ളില്‍ വിഷം ചുമന്നാല്‍ പുറത്തേക്ക് വ്യമിക്കുന്നതും വിഷം തന്നെയാവും ആ കൂട്ടരുടെ കൂടെ നിന്നാല്‍ വിഷപുകയേറ്റ് ചുറ്റും ഉള്ളവരും ദ്രവിക്കും!!