Tuesday, May 18, 2010

ജാതിബോധം രാഷ്ട്രബോധത്തിലൂടെ ഉന്‍‍മൂലനം ചെയ്യുക

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ബ്ലോഗുകളില്‍ തുടര്‍ന്നു വരുന്ന, ഒരു കേസിനെ സംബന്ധിക്കുന്ന ചര്‍ച്ചകള്‍, നിഷ്പക്ഷമതികളെന്നും, പുരോഗമന ചിന്താഗതിയുടെ പ്രചാരകരും, പ്രയോക്താക്കളുമെന്നും തെറ്റിദ്ധരിച്ചു പോയ കുറേപ്പേരുടെ കപടമുഖങ്ങള്‍ വെളിച്ചത്തു കൊണ്ടുവരാന്‍ സാധിക്കുന്നുവെന്നത് ഒരു സത്യമാണ്.

ഇവിടെ ഏറ്റവും വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കുന്നത്, ആഭ്യന്തര കലാപം ലക്ഷ്യം വച്ചു കൊണ്ട് നടന്ന ഒരു അസഭ്യവര്‍ഷത്തെ അതിന്‍റെ കാതലായ, ഗൂഢാലോചന, കരുതിക്കൂട്ടിയുള്ള അവഹേളനം, കലാപം സൃഷ്ടിക്കാനുള്ള മനഃപ്പൂര്‍വ്വമായ ശ്രമം, സൈബര്‍ നിയമങ്ങളുടെ ലംഘനം, ഭരണഘടന വാഗ്ദാനം ചെയ്തിട്ടുള്ള എല്ലാ സമൂഹങ്ങള്‍ക്കും അര്‍ഹമായ മാന്യതയെ അവഹേളിക്കുക വഴി നടത്തുന്ന ഭരണഘടനാലംഘനം എന്ന നിയമലംഘനം തുടങ്ങിയ വസ്തുതകളെ തമസ്കരിച്ചുകൊണ്ട് മനഃപ്പൂര്‍വ്വമായി കുറ്റാരോപിതന്‍ കേവലം ഒരു തൂലികാനാമം മാത്രമാണുപയോഗിച്ചത് എന്ന് ഇതിനെ നിസ്സാരവല്‍ക്കരിക്കുന്നവര്‍ ജാതി-മത-വര്‍ണ്ണ-വര്‍ഗ്ഗങ്ങള്‍ക്കതീതരും രാജ്യസ്നേഹികളും എന്ന് അവകാശപ്പെടുന്നതു കാണുമ്പോള്‍ ഇപ്പറഞ്ഞ വിശേഷണങ്ങളുടെ അര്‍ത്ഥവും വ്യാഖ്യാനവും നമ്മുടെ ഭരണഭാഷകൂടിയായ മലയാളത്തില്‍ പില്‍ക്കാലത്തേതില്‍ നിന്നും വിഭിന്നമാവുകയോ, തിരുത്തപ്പെടുകയോ ചെയ്തിട്ടുണ്ടോ എന്ന് പുതുതായി ഇറങ്ങിയ നിഘണ്ടുക്കളില്‍ പരതേണ്ടിയിരിക്കുന്നു!

കുറ്റാരോപിതനായ ബ്ലോഗര്‍ വെറുതേ ഒരു തൂലികാനാമം സ്വീകരിക്കുകയല്ലായിരുന്നു. മറിച്ച് ഒരു സമുദായത്തെ അവഹേളിക്കുക എന്ന കുറ്റകൃത്യം; വ്യക്തിനാമം, മതം, മത ചിഹ്നം, അപരന്‍റെ ചിത്രം, അദ്ധ്യാപകന്‍ എന്ന ബഹുമാന്യനാമത്തെ തന്‍റെ വാക്കുകള്‍ക്ക് ആധികാരികത നല്‍കുവാന്‍ വിനിയോഗിക്കുക, അതിനു ശക്തി നല്‍കുവാന്‍ പതിറ്റാണ്ടുകളുടെ (റിട്ടയര്‍ ചെയ്യുന്നതു വരെയുള്ള പതിറ്റാണ്ടുകള്‍) ജീവിതപരിചയം എന്ന പ്രസ്താവന ഇവയിലൂടെ മറ്റൊരു മതത്തിന്‍റെ മുകളില്‍ കെട്ടി വയ്ക്കുക എന്ന കുറ്റമാണ് ചെയ്തത്.

ഇന്നു നടക്കുന്ന ചര്‍ച്ചകളില്‍ ചരിത്ര സത്യങ്ങള്‍ എന്ന് ആവര്‍ത്തിച്ചു പറയുന്ന പ്രസ്തുത ബ്ലോഗിലെ അസത്യങ്ങളായ അസഭ്യങ്ങളെയും പ്രസ്തുത കുറ്റകൃത്യത്തെയും ന്യായീകരിക്കുക വഴി നിലവിലിരിക്കുന്ന കേസിനെ, ആ വ്യവഹാരത്തിനു തീര്‍പ്പു കല്‍‍പ്പിക്കേണ്ട ജുഡിഷ്യറിയെ വെല്ലു വിളിക്കുക എന്ന കോടതിയലക്ഷ്യ നടപടിയാണ് അവര്‍ ചെയ്യുന്നത്.

മറ്റൊരു പരാതി, ബഹുമാനപ്പെട്ട എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി എന്തിനാണ് ഈ കേസില്‍ ഇടപെട്ടതെന്നതാണ്. നായര്‍ എന്ന പേരില്‍ വിളിക്കപ്പെടുന്ന ഒരു സമൂഹത്തിന്‍റെ നായകസ്ഥാനത്തിരിക്കുന്ന ആളാണ് അദ്ദേഹം. ആ സമുദായത്തിലുള്ള ഓരോ വ്യക്തിയുടേയും ക്ഷേമവും, അഭിമാനവും സം‍രക്ഷിക്കാന്‍ ബാധ്യതയുള്ള പദവിയില്‍ ഇരിക്കുന്ന ആള്‍. പുരാതീന കാലം മുതല്‍ ഇന്നുവരെയുള്ള നായന്മാരെയും അവരുടെ അമ്മപെങ്ങന്മാരെയും അപമാനിച്ചാല്‍ മറ്റാരാണ് അതിനു മറുപടി പറയേണ്ടത്? ഇക്കാര്യത്തില്‍ അദ്ദേഹത്തെക്കാള്‍ അര്‍ഹനായ വ്യക്തി ആരാണ്?

കുറ്റാരോപിതനായ വ്യക്തി പോലും അവകാശപ്പെട്ടിട്ടില്ല ഇത് ചരിത്ര പഠനമാണെന്ന്, പക്ഷെ ഇക്കാര്യത്തില്‍ ചോര തിളച്ചവര്‍ ഇതിനെ ചരിത്ര പഠനമെന്ന പൊന്നാടയണിക്കുവാനാണ് ശ്രമിക്കുന്നത്. പഠനമെങ്കില്‍ തന്നെ, എന്തുകൊണ്ടാണ് നായര്‍ സമുദായത്തെ തിരഞ്ഞെടുത്ത്? സ്വന്തം സമുദായത്തില്‍ പഠിക്കാന്‍ പറ്റിയ ഒരു ചരിത്രം ഇല്ലായിരുന്നോ? ഒരു സമുദായത്തിന്‍റെ ആചാരാനുഷ്ഠാനങ്ങളെപ്പോലും തെറിവാക്കുകള്‍ കൊണ്ട് അവഹേളിക്കുന്നത് കണ്ട് ക്ഷമയോടെ പോകണമായിരുന്നു എന്നാണോ ഇവരുടെ ആഗ്രഹം? പൊതുസ്ഥലത്ത് അസഭ്യം പറയുക എന്നതും പൊലീസ് നിയമപ്രകാരം കുറ്റകൃത്യം തന്നെ. തെളിവും സാഹചര്യവുമനുസരിച്ച് പിഴയും തടവുമൊക്കെ കിട്ടാവുന്ന കുറ്റം തന്നെ. ആവിഷ്കാരസ്വാതന്ത്ര്യമെന്നു പറഞ്ഞ് പൌരന്മാരായ ഒരു ജനസമൂഹത്തെ തിരഞ്ഞു പിടിച്ച് അവരുടെ നെഞ്ചത്ത് കുതിരകയറുന്നത് ഒരു രാജ്യത്തെയും, ഒരു നിയമ വ്യവസ്ഥയും ന്യായീകരിക്കുമെന്നു തോന്നുന്നില്ല.

ഒരു കാലത്ത് നായര്‍ സമൂഹം കയ്യാളിയിരുന്ന പദവികള്‍, അവര്‍ക്കുണ്ടായിരുന്ന ബൌദ്ധികവും, സാംസ്കാരികവുമായ മേന്മകള്‍, ഇന്നും തുടരുന്ന അവരുടെ ആത്മാഭിമാന ബോധം ഇവയില്‍ ഇനിയും ഔഷധം കണ്ടു പിടിച്ചിട്ടില്ലാത്ത അസൂയ എന്ന മാരക രോഗം മനസ്സിനെ ബാധിച്ചവര്‍ അവസരം കിട്ടുമ്പോഴെല്ലാം ആ വിഷം സമൂഹത്തിലേക്കു വമിക്കുന്നത് ഇന്നും ഇന്നലെയും തൂടങ്ങിയതല്ലെന്നറിയാം. അതിനൊന്നും മറുപടി പറയുകയുമല്ല ഈ ലേഖകന്‍റെ ലക്ഷ്യം. എന്നാല്‍ പരസ്പരം ഇണങ്ങിയും, സ്നേഹിച്ചും, സഹകരിച്ചും ജീവിക്കുന്ന നാട്ടിലെ രണ്ടു സമൂഹങ്ങളുടെയിടയില്‍ സ്പര്‍ദ്ധ വളര്‍ത്തുക എന്ന, നാടിന്‍റെ സമാധാനത്തിനും, അച്ചടക്കത്തിനും തുരങ്കം വയ്ക്കുന്ന ഗൂഢലക്ഷ്യത്തിന്‍റെ ആവിഷ്ക്കാരസ്വാതന്ത്ര്യം തടയപ്പെടേണ്ടതാണ്.

ഈ കേസിനെ വിമര്‍ശിക്കുന്നവര്‍ക്ക് ഈ സത്യങ്ങള്‍ ഒന്നും അറിയാഞ്ഞല്ല. എന്നാല്‍ എല്ലാവരും വിധേയപ്പെട്ടു ജീവിക്കേണ്ട രാജ്യത്തിന്‍റെ നിയമവാഴ്ചയോടുള്ള വിയോജനക്കുറിപ്പുകളായേ ഇവയെ കാണുവാന്‍ കഴിയുകയുള്ളൂ. എന്തുകൊണ്ട്‌ ഇവര്‍ നിയമത്തെ പേടിക്കുന്നു? കുറ്റം ചെയ്തവരും, ചെയ്തുകൊണ്ടിരിക്കുന്നവരും, ചെയ്യാന്‍ ആഗ്രഹിക്കുന്നവരും മാത്രമേ നിയമത്തെ ഭയപ്പെടേണ്ടതുള്ളൂ. അത്തരം ഭയത്തില്‍ നിന്നുടലെടുത്ത വിലാപങ്ങളാണിവ. എന്ത് അസംബന്ധവും ചെയ്യാനുള്ള സ്വാതന്ത്ര്യം തങ്ങള്‍ക്കു ലഭ്യമാകണം എന്ന വാശി
അച്ചടക്കമുള്ള ഒരു രാജ്യത്തെ പൌരസമൂഹത്തിനു ചേര്‍ന്നതല്ല.


ഇവിടെ ജാതിക്കും മതങ്ങള്‍ക്കും എതിരായി ഘോരഗര്‍ജ്ജനങ്ങള്‍ നടത്തുന്നവരുടെ കാപട്യം മനസ്സിലാകണമെങ്കില്‍ ഒരേയൊരു കാര്യം ശ്രദ്ധിച്ചാല്‍ മതി. അവര്‍ നിലനില്‍ക്കുന്ന സമുദായത്തിനെതിരേ ഒരക്ഷരം കൊണ്ടു പോലും അവര്‍ വിമര്‍ശിക്കില്ല. ഇതിലെന്ത് നിഷ്പക്ഷത? ഇതിലെന്തു സത്യസന്ധത? അതോ ആത്മീയവും, ബൌദ്ധികവും, വൈയക്തികവുമായി പൂര്‍ണ്ണത കൈവരിച്ച ഒരു സമുദായമാണതെന്ന് അവര്‍ വിശ്വസിക്കുന്നതുകൊണ്ടാണോ? അല്ല, അങ്ങനെ പൂര്‍ണ്ണത കൈവരിച്ച ഒരു സമുദായം ഉണ്ടോ?

ഈ ചര്‍ച്ചകള്‍ക്കിടയില്‍ ഉയര്‍ന്നു വന്ന ഏറ്റവും ബാലിശവും, ഏറെ ചിരിപ്പിച്ചതുമായ ഒരു ചോദ്യമാണ്, സമുദായത്തെ ചോദ്യം ചെയ്യുന്നതിനെതിരെ പ്രതികരിക്കുന്നു; എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികളെ വിമര്‍ശിച്ചാല്‍ കുറ്റമില്ലാത്തതെന്താണെന്ന്. സമുദായം ഒരു പ്രത്യേക ജീവിത രീതിയും, ആചാരാനുഷ്ഠാനങ്ങളടക്കമുള്ള കാര്യങ്ങളില്‍ ഏകതാബോധവുമുള്ള കുറേ വ്യക്തികളുടെ സമൂഹമാണ്. കുറേ വ്യക്തികള്‍ ചേര്‍ന്ന ഒരു വലിയ വ്യക്തിത്വം. അത് വ്യക്ത്യധിഷ്ഠിതം തന്നെ. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍, പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ രാഷ്ട്രത്തെ സംബന്ധിക്കുന്നതാണ്. ജനാധിപത്യ രാജ്യമായ ഇന്‍ഡ്യയിലെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ നിരന്തരം വിമര്‍ശിക്കപ്പെടുകയും, നവീകരിക്കപ്പെടുകയും (തെറി വിളിക്കപ്പെടുകയല്ല) ചെയ്യേണ്ടത് രാജ്യത്തിന്‍റെ പുരോഗതിയുടെയും വളര്‍ച്ചയുടെയും ആവശ്യമാണ്. രാജ്യപുരോഗതിക്കു വേണ്ടി നിലനില്‍ക്കുന്ന ഒരു രാഷ്ട്രീയപ്പാര്‍ട്ടിയെ വിമര്‍ശിക്കാനുള്ള ഒരു പൌരന്‍റെ സ്വാതന്ത്ര്യം, ഭരണഘടന നിയമം കൊണ്ട് സുരക്ഷിതമാക്കിയിട്ടുള്ളതും, സം‍രക്ഷിക്കുന്നതുമായ വ്യക്തിസ്വാതന്ത്ര്യത്തിന്‍റെയും, വിശ്വാസങ്ങളുടെയും, ആചാരങ്ങളുടെയും മേല്‍ കടന്നു കയറാന്‍ വേണമെന്ന് ശഠിക്കുന്നതിലെ യുക്തി എനിക്കു മനസ്സിലാകുന്നില്ല.

മറ്റൊരു തമാശ, സിനിമകളും, കലകളുമെല്ലാം നായരുടെ കഥകള്‍ പറയുന്നു എന്നതാണ്. പിന്നെ നസ്രാണിയുടെ കഥകളും. ആകയയല്‍ നായരും നസ്രാണിയും സവര്‍ണ്ണ ഫാസിസ്റ്റുകളാണത്രേ! ഒരു കഥാകാരന്‍ അല്ലെങ്കില്‍ കലാകാരന്‍ അയാള്‍ക്കിഷ്ടമുള്ള കഥയോ കലയോ സ്വീകരിക്കട്ടെ. എന്തിനാണ് അയാളുടെ സ്വാതന്ത്ര്യത്തില്‍ കൈകടത്തുന്നത്? സൌകര്യമുണ്ടെങ്കില്‍ മാത്രം ആ കലയെ സ്വാഗതം ചെയ്താല്‍ പോരേ? ഏതു വിശ്വാസപ്രമാണങ്ങളിലും ഊന്നി -രാജ്യതാല്പര്യങ്ങള്‍ക്ക് വിരുദ്ധമല്ലാത്തതും, മറ്റു വ്യക്തിത്വത്തെയോ സമൂഹത്തെയോ ഒരര്‍ത്ഥത്തിലും മുറിപ്പെടുത്താത്തതുമായ- കലാസൃഷ്ടികള്‍ നടത്താന്‍ ഭരണഘടന സ്വാതന്ത്ര്യം തന്നിട്ടുണ്ട്. സ്വന്തമായി കഥയുള്ളവര്‍ക്ക് ആര്‍ക്കും അതെഴുതുകയോ, ഇഷ്ടമുള്ള മമധ്യമത്തിലൂടെ അവതരിപ്പിക്കുകയോ ആവാം. അങ്ങനെ ഉണ്ടാവുന്നുമുണ്ട്. അതൊന്നും കാണാന്‍ ഒരു പ്രത്യേക സമൂഹത്തെ മാത്രം ലക്ഷ്യം വച്ചിറങ്ങിയിട്ടുള്ളവര്‍ക്ക് കണ്ണുകള്‍ ഇല്ലാതെ പോയതിന് മറ്റുള്ളവര്‍ എന്തു പിഴച്ചു???

നമ്മുടെ രാജ്യത്തെ സര്‍ക്കാര്‍ രേഖകളില്‍ നിന്നും ജാതി-മത നാമങ്ങള്‍ ഉന്മൂലനം ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്. അല്ലാതെ ജാതി വികാരം കളയാന്‍ ജാതിഭ്രാന്തു പറയുകയും അസഭ്യവര്‍ഷം നടത്തുകയുമല്ല ഇതിനു പ്രതിവിധി.

സാധാരണക്കാരന്‍റെ ഭാഷ, സംസാരഭാഷ, നാട്ടുഭാഷ, അവര്‍ണ്ണന്‍റെ ഭാഷ എന്നിങ്ങനെയുള്ള വിശേഷണത്തോടെ അശ്ലീലവും, അസഭ്യവും പ്രചരിപ്പിക്കുന്നവര്‍ സാധാരണക്കാരനോടും, നാടിനോടും, അയാള്‍ ഉദാഹരിക്കുന്ന ജനസമൂഹത്തോടും, സര്‍വ്വോപരി മാതൃഭാഷയോടും വലിയ അപരാധം ചെയ്യുകയാണ്. സാധാരണക്കാരന്‍റെ സാംസ്കാരിക മൂല്യങ്ങളെ ഇകഴ്ത്തിക്കാണിക്കുന്നതിലൂടെ രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരന്‍റെ മുഖത്ത് കരി വാരിത്തേയ്ക്കുകയാണ്. മഹാത്മാഗാന്ധി എന്ന സാധാരണക്കാരന്‍; ലോകം കണ്ട ഏറ്റവും വിപ്ലവകരമായ സഹനസമരത്തിലൂടെ, സവര്‍ണ്ണാധിപത്യം സുശക്തമായിരുന്ന കാലഘട്ടത്തില്‍ നിന്നും സാധാരണ ജനങ്ങളെ പുരോഗതിയിലേക്കു കൈപിടിച്ചു നടത്തിയത് തെറിഭാഷ പറഞ്ഞിട്ടായിരുന്നില്ല. മിതവും, മൃദുവുമായ, മധുരതരമായ ഭാഷയിലൂടെ തന്നെയാണ്. യേശുദേവനും, ശ്രീകൃഷ്ണനും, പ്രവാചകന്‍ മുഹമ്മദ് നബിയും കഴിഞ്ഞാല്‍ ലോകത്ത് ഇത്രയധികം ആരാധകരുള്ള മറ്റൊരു വ്യക്തിത്വം ഇല്ലെന്നു തന്നെ പറയാം. ഗാന്ധിജിയെ ഒന്നു സ്പര്‍ശിച്ചതിനെക്കുറിച്ച് ഉള്‍‍പ്പുളകത്തോടെ ആരാധ്യനായ കഥാകാരന്‍ ശ്രീ വൈക്കം മുഹമ്മദ് ബഷീര്‍ എഴുതിയിട്ടുണ്ട്. നമ്മുടെ രാഷ്ട്രപിതാവായ അദ്ദേഹം പ്രാകൃതഭാഷയിലൂടെയല്ല ജനങ്ങളെ പ്രബുദ്ധരാക്കിയത്.

അധഃപ്പതിച്ച ഒരു വലിയ ജനസമൂഹത്തിന്‍റെ ആത്മാവില്‍ പ്രബുദ്ധതയുടെയും, ആത്മീയ ചൈതന്യത്തിന്‍റെയും സൂര്യകിരണം ആദ്യമായി പതിപ്പിച്ച വിപ്ലവകാരിയായ ആത്മീയാചാര്യന്‍ ശ്രീനാരായണഗുരുദേവന്‍ ഉപയോഗിച്ചിരുന്ന ഭാഷയും അസഭ്യമായിരുന്നില്ല. ശാന്തഗംഭീരമായ, മനോഹരമായ ഭാഷ തന്നെയായിരുന്നു. അദ്ദേഹത്തിന്‍റെ സമകാലീനനായിരുന്ന മഹാകവി കുമാരനാശാന്‍ ശക്തമായ സംസ്കൃതസ്വാധീനമുള്ള കാവ്യസൂനങ്ങളിലൂടെ സംവദിച്ചതും സാധാരണ ജനങ്ങളോടായിരുന്നു. ഇന്നത്തെയത്ര സാക്ഷരത പോലുമില്ലായിരുന്ന അക്കാലത്തും ജനം അതു നെഞ്ചേറ്റി വാങ്ങുക തന്നെ ചെയ്തു. നൂറാം വാര്‍ഷികം ആഘോഷിച്ച മറ്റേതൊരു സാഹിത്യകൃതിയുണ്ട് മലയാളത്തില്‍?

സാധാരണക്കാരന്‍റെയും, കീഴാളര്‍ എന്ന വിശേഷണത്തിന്‍ കീഴില്‍ വീര്‍പ്പു മുട്ടിക്കഴിഞ്ഞിരുന്ന വലിയ ഒരു ജനസമൂഹത്തിന്‍റെയും സം‍രക്ഷണത്തിനും, ഉന്നമനത്തിനും വളരെയധികം ഊന്നല്‍ കൊടുത്തിരിക്കുന്ന ഒരു ഭരണഘടനയാണ് ഡോ.അംബേദ്‌കര്‍ എഴുതിയുണ്ടാക്കിയ ഇന്‍ഡ്യന്‍ ഭരണഘടന. അതും പ്രൌഢമായ ഭാഷയിലാണ് അല്ലാതെ അപരിഷ്കൃതമായ ഭാഷയിലല്ല വിരചിതമായിട്ടുള്ളത്. ഇതെല്ലാം വിസ്മരിച്ചുകൊണ്ടാണ്‌ സാധാരണക്കാരന്‍റെ ഭാഷ അപരിഷ്കൃതവും അസഭ്യവുമെന്ന് ഏകപക്ഷീയമായി പ്രഘ്യാപിക്കുന്നത്.

സമൂഹത്തിനു നേരേ - അത് ഏതൊരു സമൂഹവുമായിക്കോട്ടെ- ഉണ്ടാകുന്ന കടന്നാക്രമണങ്ങള്‍ക്കു തടയിടേണ്ടത് രാഷ്ട്രബോധവും, പിറന്ന മണ്ണിനോട്‌ കൂറുമുള്ള ഓരോ പൌരന്‍റെയും കടമയും, ധര്‍മ്മവുമാണ്. നമ്മില്‍ ആ ബോധം ശക്തിപ്രാപിക്കേണ്ടതിന്‍റെ ആവശ്യകത വളരെ വലുതാണ്.

എന്തിഹ തിരുമുഖം താഴ്ത്തി നീയിരിക്കുന്നു
നിന്തിരുവടി,യമ്മേ നിഭൃതം കരയ്കയോ...

മഹാകവി ഭൂമിദേവിയോടു ചോദിച്ച ഈ ചോദ്യം ഞാന്‍ കടമെടുക്കട്ടെ, എന്‍റെ പിറന്ന നാടിനോടു ചോദിക്കാന്‍...


17 comments:

Anonymous said...

താങള്‍ വളരെ നന്നായി കാര്യങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു.

നായര്‍ എന്നു കേള്‍ക്കുമ്പോള്‍ അസ്സൂയ മൂത്തു മനോരോഗം ബാധിച്ചു ഉറഞ്ഞു തുള്ളി സ്വന്തം ഭാഷയെപ്പോലും വ്യഭിചരിക്കുന്ന ചില ജാതി ഭ്രാന്തന്മാര്‍ക്ക് ഇതൊന്നും മനസ്സിലാകുന്നില്ല.

Rejith said...

സമുദായം വിമര്‍ശനാതീയം എന്നതിനോട് യോജിപ്പില്ല. എല്ലാ സമുദായങ്ങളിലും ഒരുപാട് അനാചാരങ്ങള്‍ നിലനിന്നിരുന്ന സ്ഥലമാണ് കേരളം. അതെല്ലാം വിമര്‍ശനവും പരിഷ്കരണവും ഒക്കെ മൂലമാണ് ഇന്നത്തെ അവസ്ഥയില്‍ എത്തിയത്. മുന്‍ കാലംങ്ങളില്‍ ഉന്നത ജാതിക്കാര്‍ക്കിടയില്‍ മോശമായ ഒരു സാമൂഹിക ക്രമം ഇല്ലെന്നു സ്ഥാപിക്കനാണോ നോക്കുന്നതു. അത് കണ്ണടച്ച് ഇരുട്ടക്കളെ ആവൂ..
ഷൈന്‍ എന്നാ ബ്ലോഗ്ഗര്‍ ഉപയോഗിച്ച ഭാഷയോട് യോജിപ്പില്ല.

Anonymous said...

ചെറിയ വിയോജിപ്പ്,

ഇന്ത്യന്‍ ഭരണഘടനാ ശ്രീ അംബേദ്ക്കര്‍ മാത്രം എഴുതി ഉണ്ടാക്കിയതല്ല. അദ്ദേഹം അതില്‍ വലിയ ഒരു പങ്കു വഹിച്ചു എന്ന് പറയുന്നതാവും ശരി.
ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്നത് ഗാന്ധിജി ആണ് എന്ന് പറയുന്നത് പോലെ പുകഴ്ത്തി പതിഞ്ഞ ഒന്ന് മാത്രം ആണ് ഇതും. മറ്റു ഘടകങ്ങളെ കുറച്ചു കാട്ടുന്നതും ഒരുതരത്തില്‍ അസത്യമല്ലേ?

മലമൂട്ടില്‍ മത്തായി said...

Apologies for commenting in English. After reading this post, I have the following doubts:

1. Who appointed NSS President as the leader of all Nairs? Did all the Nairs have a vote and elect him as their president?

2. Is the self respect of Nairs so fragile that a blog post was enough to hurt it? Was it not possible for another person (a Nair possibly) to write a cogent and consistent reply for that argument? That should have been the first thing to be done rather than bringing in the Police. After all democracy is all about dissent and debate.

3. All that has happened so far is that a case has been charged against a person. No court has given any verdict on this issue, so far. Is it not a good idea to pontificate after the verdict from the court?

ഒരു യാത്രികന്‍ said...

നന്നായി ജയകൃഷ്ണന്‍.....നായര്‍ സമുദായവും മാറ്റങ്ങളെ അംഗീകരിക്കയും കാലോചിതമായ മാറ്റങ്ങള്‍ സ്വീകരിക്കയും ചെയ്തിട്ടുണ്ട്.അത് മനസ്സിലാക്കാതെയുള്ള ഓരിയിടലുകള്‍ക്ക് അതിനെറെ വിലയെ കൊടുക്കേണ്ടതുള്ളു........സസ്നേഹം

Rejith said...

സമുദായത്തെ വിമര്‍ശിക്കാനുള്ള യോഗ്യത തീരുമാനിക്കുന്നത്‌ സമുദായം തന്നെയാണോ? വിമര്‍ശിച്ച ആളുടെ ഭാഷയും ഉദ്ദേശവും തെറ്റായിരുന്നിരിക്കാം. പക്ഷെ അയാള്‍ പറഞ്ഞത്തില്‍ കാര്യമുണ്ടോ എന്നാണ് നോക്കേണ്ടത്. പണ്ട് പറ്റിയ തെറ്റുകള്‍ പിന്നീട് മിണ്ടരുതെന്ന് പറയരുത്. പറഞ്ഞ കാര്യങ്ങളില്‍ കഴമ്പില്ല എന്നുണ്ടയിരുന്നെങ്കില്‍ സമുദായം അതിനെതിരെ ഉള്ള വസ്തുതകള്‍ പുറത്തു കൊണ്ടുവരുന്നതായിരുന്നു നല്ലത്. അങ്ങനെ ചെയ്‌താല്‍ പിന്നെ ഭാവിയില്‍ ഇക്കാര്യങ്ങള്‍ ആരും ഡിസ്കസ് ചെയ്തു തല പുന്നക്കേണ്ടി വരില്ലല്ലോ.

നിസ്സഹായന്‍ said...

സര്‍ക്കാര്‍ രേഖകളില്‍ നിന്ന് ജാതി നാമങ്ങള്‍ കളയുന്നതിനു മുന്‍പ് അതിലും എളുപ്പമുള്ള മറ്റൊരു കാര്യം പറയട്ടെ. സ്വന്തം പേരിനുപിറകിലെ ജാതിവാലുകള്‍ ആദ്യം ഉപേക്ഷിക്കുന്നതല്ലേ ചേതമില്ലാത്ത കാര്യം. ആരോടും കണക്കു പറയേണ്ടല്ലോ ! ജാതിനാമം കളയാന്‍ അവര്‍ണനെ പ്രേരിപ്പിക്കുക വഴി അവന്റെ പിച്ചച്ചട്ടിയില്‍ വീണ്ടും കൈയിട്ടു വാരുകയല്ലേ സവര്‍ണന്റെ സൃഗാല ബുദ്ധി!

കാവാലം ജയകൃഷ്ണന്‍ said...

രഞ്ജിത്,

സമുദായം വിമര്‍ശനാതീതമെന്നല്ല, സമുദായത്തെ വിമര്‍ശിക്കാന്‍ യോഗ്യതയുള്ളവരുണ്ട്. തെറി വിളിച്ചിട്ടാണോ വിമര്‍ശിക്കുന്നത്? ഒരു സമുദായത്തെ വിമര്‍ശിക്കുന്നവന് ആ സമുദായത്തെക്കുറിച്ച് അല്‍‍പ്പമെങ്കിലും ധാരണ വേണ്ടേ? അതുമല്ല അയാളുടെ ലക്ഷ്യമെന്തായിരുന്നുവെന്നതും വ്യക്തം. സമുദായ നവീകരണമോ, ഉദ്ധാരണമോ ഒന്നുമായിരുന്നില്ലല്ലോ ലക്ഷ്യം? മുന്‍‍കാലങ്ങളിലെന്നല്ല എല്ലാക്കാലങ്ങളും എല്ലാ സമുദായങ്ങളിലും ശരിതെറ്റുകള്‍ ഉണ്ടായിട്ടുണ്ട്. പല ആവര്‍ത്തി തിരുത്തപ്പെട്ടിട്ടുമുണ്ട്.

മലമൂട്ടില്‍ മത്തായി: എന്‍ എസ് എസ് ജനറല്‍ സെക്രട്ടറിയുടെ കസേരക്ക് ഇങ്ങു തതഴെ കരയോഗങ്ങള്‍ വരെ വേരുകളുണ്ട്. അല്ലാതെ ഏകാധിപതി അല്ല

2. ഒരാളുടെ മുഖത്തു നോക്കി അസഭ്യം പറഞ്ഞാല്‍ കേട്ടു ക്ഷമിക്കുന്ന എത്ര പേരെ താങ്കള്‍ക്കറിയാം?

3. ഞാന്‍ ഈ കുറിപ്പില്‍ ഒരിടത്തും പ്രസ്തുത വ്യക്തിയെ പേരെടുത്തു പറഞ്ഞിട്ടില്ലല്ലോ? ഉണ്ടെങ്കില്‍ സദയം ചൂണ്ടിക്കാണിക്കുക

രഞ്ജിത്: തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നത് ആരായാലും സ്വാഗതാര്‍ഹം തന്നെ. പക്ഷേ ഇവിടെ അതൊന്നുമല്ലായിരുന്നല്ലോ സംഭവിച്ചത്. അതുകൊണ്ടു തന്നെയാണല്ലോ പൊലീസ് നടപടിയെടുത്തതും. താങ്കള്‍ ആ ബ്ലോഗ് വയിച്ചിട്ടില്ല എന്നു കരുതുന്നു.

നിസ്സഹായന്‍: കളയുകയാണെങ്കില്‍ എല്ലാ ജാതിനാമവും എടുത്തു കളയണം. അല്ലെങ്കില്‍ എല്ലാം നിലനിര്‍ത്തണം. എന്താ ഒപ്പം സം‌വരണവും പൊയ്പ്പോകുമെന്ന ഭയമാണോ? സം‌വരണം അര്‍ഹതപ്പെട്ടവര്‍ക്ക് കിട്ടുക തന്നെ വേണം. അതില്‍ സംശയമൊന്നുമില്ല. ഇന്ന് പിച്ചച്ചട്ടി കയ്യിലുള്ള ആരെയെങ്കിലും ഒന്നു കാണിച്ചു തരുമോ?

കമന്‍റ് മോഡറേഷനെതിരെ ആത്മരോഷവുമായി ഒരു മഹാന്‍ അവതരിച്ചിരുന്നു. എന്‍റെ എല്ലാ ബ്ലോഗുകളിലും മോഡറേഷനുണ്ട്. വിമര്‍ശനങ്ങളും, വിയോജിപ്പുകളുമടക്കം എല്ലാ കമന്‍റുകളും പ്രസിദ്ധീകരിക്കാറുമുണ്ട്. പക്ഷേ ചൊറിയാന്‍ വരുന്നവരെ അടുപ്പിക്കാറില്ലാത്തതിനാലും, പ്രസ്തുത മഹാന്‍ പറഞ്ഞത് കമന്‍റ് മോഡറേഷനെക്കുറിച്ചാണെങ്കിലും ഉള്ളിലിരുപ്പ് എന്തിനെക്കുറിച്ചൊക്കെയോ ഉള്ള അടങ്ങാത്ത വേദന ആയതിനാലും അസഭ്യം ഒന്നുമില്ലെങ്കിലും മനഃപ്പൂര്‍വ്വം പബ്ലിഷ് ചെയ്യുന്നില്ല. അതു വേണമെങ്കില്‍ സ്വന്തം ബ്ലോഗില്‍ ഇട്ടു നിലവിളിച്ചു കൊള്ളുക. (ഇനിയിപ്പോള്‍ അനോണികള്‍ വരുമായിരിക്കും)

ഷൈജൻ കാക്കര said...

കോടതിയിലിരിക്കുന്ന ഒരു കേസ്സിനെ പറ്റി ചർച്ച ചെയ്താലും കോടതിയലക്ഷ്യമാകുമോ?

എങ്കിൽ കഷ്ടമാകും!

കാവാലം ജയകൃഷ്ണന്‍ said...

ഇല്ല, തെറ്റിധാരനാജനകവും, പ്രകോപനപരവുമായ രീതിയില്‍ സം‌വദിക്കുന്നത് പ്രതി ചേര്‍ക്കപ്പെടാന്‍ സാദ്ധ്യതയുണ്ടെന്നാണെന്‍റെ നിഗമനം. കൃത്യമായി അറിയാമെങ്കില്‍ നോക്കിയിട്ടു പറയാം

ബിജു ചന്ദ്രന്‍ said...

ആരാണാ മഹാന്‍ ? ഇന്നലെ സൂരജ് ഇട്ട വളരെ പ്രസക്തമായ ഒരു കമന്റ്‌ കണ്ടിരുന്നു. അത് എവിടെപ്പോയി? എന്തായാലും ഇന്നലെ സൂരജ് ഇട്ട കമന്റിനു താഴെ ഒരു ഒപ്പ്. :-)

കാവാലം ജയകൃഷ്ണന്‍ said...

ബിജു ചന്ദ്രന്‍: താങ്കള്‍ പറഞ്ഞതു പോലെ സൂരജ് എന്നു പേരുള്ള ആരും ഇവിടെ കമന്‍റുകള്‍ ഇട്ടിട്ടില്ലല്ലോ? മറ്റേ ‘മഹാന്‍റെ‘ കമന്‍റൊഴികെ മറ്റൊന്നും ഡിലീറ്റ് ചെയ്തിട്ടുമില്ല.

കാവാലം ജയകൃഷ്ണന്‍ said...

നിസ്സഹായന്‍: താങ്കള്‍ ഇട്ട ഒരു കമന്‍റ് ഒഴിവാക്കിയിട്ടുണ്ട്. സദയം ക്ഷമിക്കുക. അതിനു കാരണം, ഒന്നമതായി പ്രകോപനപരവും, രണ്ടാമതായി അടിസ്ഥാനമോ, അവലംബമോ, ആധികാരികതയോ ഇല്ലാത്ത കേവലം പ്രസ്താവന മാത്രമാണെന്നതുമാണ്. എന്‍റെ വീക്ഷണത്തിനെതിരായതുകൊണ്ടല്ല പ്രസിദ്ധീകരിക്കാഞ്ഞത്. എനിക്കു യോജിപ്പില്ലാത്ത കാര്യം തന്നെ, എങ്കിലും...

കാവാലം ജയകൃഷ്ണന്‍ said...

Axe Effect(1), Anonymous(2), നിസ്സഹായന്‍ (2) ഇത്രയും കമന്‍റുകള്‍ ഒഴിവാക്കുന്നു. പ്രിയ സുഹൃത്തുക്കളേ. നിങ്ങളുടെ കമന്‍റുകള്‍ കേവലം പരസ്പരം ഓരോ ജാതിയുടെയും പേരു പറഞ്ഞു കൊണ്ടുള്ള അവഹേളനം ആണ്. അതിലുപരി മറ്റൊന്നും ഇതില്‍ കാണാനില്ല. നായരെ അധിക്ഷേപിച്ചതിനെതിരെ പ്രതിഷേധിച്ചു എന്നതു കൊണ്ട് മറ്റൊരു സമുദായത്തെ അധിക്ഷേപിക്കുന്നതിനെ ഞാന്‍ പ്രോത്സാഹിപ്പിക്കും എന്നര്‍ത്ഥമില്ല. അതുകൊണ്ട് (റഫറന്‍സുകള്‍ സഹിതം നല്‍‍കിയിരിക്കുന്ന വിശദീകരണത്തിന് ആധികാരികതയുണ്ടാവാം. എങ്കിലും) ഇവിടെ നിക്ഷ്പക്ഷമതി ആയിരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ദയവായി സഹകരിക്കുക. സ്നേഹപൂര്‍വ്വം

കാവാലം ജയകൃഷ്ണന്‍ said...

പണ്ടെന്നോ ഏതോ സായിപ്പ് ഇവിടെ വന്ന് അയാള്‍ക്ക് തോന്നിയത് എഴുതി വച്ചു എന്നു പറഞ്ഞ് നമ്മളെന്തിനു തമ്മില്‍ തല്ലണം? സായിപ്പാരാ ഇങ്ങു കേരളത്തില്‍ നടക്കുന്ന കാര്യങ്ങളേക്കുറിച്ച് ഗവേഷണം നടത്താന്‍??? ഇവിടെ ഇപ്പോഴുള്ള കാര്യങ്ങള്‍ക്കു തന്നെ സമാധാനം ഉണ്ടാക്കുവാന്‍ നമുക്കാര്‍ക്കും കഴിയുന്നുമില്ല, സമയവുമില്ല. അപ്പോഴാണ് സായിപ്പു പറഞ്ഞെന്നു പറഞ്ഞ് പരസ്പരം സഹകരിച്ചും സ്നേഹിച്ചും കഴിയേണ്ട രണ്ടു കൂട്ടര്‍ തമ്മില്‍ തല്ലാന്‍ നോക്കുന്നത്. കൂട്ടരേ നിങ്ങളുടെയൊക്കെ ഉള്ളില്‍ മാത്രമാണീന്ന് വര്‍ഗ്ഗീയ വിഷം ഉള്ളത്. ബാക്കിയുള്ളതൊക്കെ ഏറെക്കുറെ ഒലിച്ചു പോയിരിക്കുന്നു.

ജോഷി രവി said...

കടമ്മനിട്ട പറഞ്ഞ വാക്കുകള്‍ ഓര്‍ത്തു പോകുന്നു, മകനേ നീ മാന്യന്‍ ആകാതെ മനുഷ്യനാവു എന്നു... ജയകൃഷ്ണനോടും എനിക്കു പറയാനുള്ളത്‌ അതു തന്നെ.. വെറും നായര്‍ ആകാതെ മനുഷ്യനാവാന്‍ ശ്രമിക്കൂ...

കാവാലം ജയകൃഷ്ണന്‍ said...

purakkadan: പ്രിയ സുഹൃത്തേ, ഞാന്‍ ഒരു നായര്‍ എന്ന നിലയില്‍ ചിന്തിച്ചിരുന്നെങ്കില്‍, ഇവിടെ തീര്‍ച്ചയായും പബ്ലിഷ് ചെയ്തിരിക്കേണ്ടുന്ന കമന്‍റുകള്‍ ചിലതുണ്ട്. ഇപ്പൊഴും ‘മനുഷ്യന്‍‘ എന്ന നിലയില്‍ ചിന്തിക്കുന്നതുകൊണ്ടാണ് അതു പബ്ലിഷ് ചെയ്യാതിരിക്കുന്നത്. ജാതി,മത ചിന്തയോടെ നേരിലോ, ബ്ലോഗിലോ ഇന്നേവരെ ആരെയും ഞാന്‍ കണ്ടിട്ടുമില്ല, പെരുമാറിയിട്ടുമില്ല. എന്നെ നേരില്‍ അറിയുന്നവര്‍ക്കെല്ലാം അറിയുന്ന കാര്യവുമാണത്. എന്നാല്‍, നായര്‍ എന്ന ഒരു സമുദായത്തില്‍ ഇന്നും നിലനില്‍ക്കുന്ന (സര്‍ക്കാര്‍ രേഖകളില്‍ പോലും) എനിക്ക് എന്‍റെ പൂര്‍വ്വികപരമ്പരകളെ അടച്ചാക്ഷേപിക്കുന്നത് (അത് എന്ത് അധഃപ്പതിച്ച ചേതോവികാരത്തിന്‍റെയോ, അപകര്‍ഷതയുടെയോ, മാനസിക വൈകല്യത്തിന്‍റെയോ പേരിലായാല്‍ പോലും) ക്ഷമയോടെ നോക്കി നില്‍ക്കുവാന്‍ ആയില്ലെന്നു വരും. താങ്കള്‍ക്കു കഴിയുമെങ്കില്‍ ആ ക്ഷമയെ ഞാന്‍ ആദരിക്കുന്നു. പക്ഷേ എനിക്കു കഴിയില്ല. ‘മനുഷ്യന്‍‘ ആയി നിലനില്‍ക്കുന്നതിന്‍റെ ഗുണം തന്നെയാണ് പ്രതികരിക്കുക എന്നത്.