Saturday, April 25, 2009

ലൈംഗികത പാപമല്ല, പുണ്യമാണ്. (കൂട്ടുകാരന്‍റെ ചോദ്യത്തിന് ഉത്തരം)



ഒരു പക്ഷേ മനുഷ്യന്‍ ഏറ്റവുമധികം ചോദിച്ചിട്ടുള്ള ഒരു ചോദ്യമായിരിക്കും ‘ലൈംഗികത പാപമോ’ എന്നത്. കൂട്ടുകാരന്‍റെ ചില സംശയങ്ങള്‍ ശ്രദ്ധയില്‍ പെടുകയുണ്ടായി. എന്നാല്‍ കേവലം ഒരു കമന്‍റിലൂടെ ഇത് ചര്‍ച്ച ചെയ്യുക എന്നത് അസാദ്ധ്യമാണെന്നു തോന്നുന്നു. കമന്‍റുകള്‍ക്ക്‌ പോസ്റ്റിനേക്കാള്‍ വളരെ ദൈര്‍ഘ്യമേറിയേക്കാം എന്നതു തന്നെ കാരണം.

‘മതമില്ലാത്ത ജീവന്‍‘ എന്ന ആശയത്തിന് അര്‍ദ്ധമുണ്ടോ എന്ന അദ്ദേഹത്തിന്‍റെ ചോദ്യത്തിന് ആത്മീയ തലത്തില്‍ ഉത്തരമുണ്ട്‌. ആത്മാവ്‌ ഗുണ-ദോഷ-വികാര-വിചാരാദികളില്‍ നിന്നെല്ലാം സ്വതന്ത്രമെന്ന്‌ അഥവാ നിര്‍ഗ്ഗുണമെന്ന്‌ വേദാന്തം പറയുന്നെങ്കില്‍; തീര്‍ച്ചയായും ആ ജീവന്‍ മതരഹിതം തന്നെയാവേണ്ടതല്ലേ? ഹൈന്ദവര്‍ ബ്രഹ്മം എന്നു വിളിക്കുന്നതും, ക്രൈസ്തവര്‍ അരൂപി എന്നു വിളിക്കുന്നതും, ഇസ്ലാം അള്ളാ എന്നു വിളിക്കുന്നതും ഈ നിര്‍ഗ്ഗുണചൈതന്യത്തെ തന്നെ. ആ പരിശുദ്ധവും നിര്‍ഗ്ഗുണവുമായ ജീവന് മതമില്ല തന്നെ.

കേവലം അഭിപ്രായം എന്ന നിലയില്‍ നിന്നും -മനുഷ്യന്‍റെ ശാരീരികവും, ബൌദ്ധികവും, ആത്മീയവുമായ നിലനില്‍‍പ്പിനും, ഉന്നമനത്തിനും വേണ്ടി കാലാകാലങ്ങളില്‍ ലഭ്യമായിട്ടുള്ള അഭിപ്രായങ്ങളും, നിര്‍ദ്ദേശങ്ങളും തന്നെയാണ് മതങ്ങള്‍ എന്ന സമൂഹങ്ങളായി രൂപാന്തരം പ്രാപിച്ചതെന്നു കരുതാം.- നന്മയെ മാത്രം ലക്ഷ്യം വച്ച് ലഭ്യമായ ആ അഭിപ്രായങ്ങളെ പിന്‍‍തുടര്‍ന്ന സമൂഹങ്ങളില്‍ പക്ഷേ കാലുഷ്യം കലരുകയും അവര്‍ തമ്മില്‍ തമ്മില്‍ വാളെടുക്കുകയും ചെയ്തു. അതുമല്ലെങ്കില്‍ ബാഹ്യശക്തികള്‍ കുത്തി വച്ച വിഷം അവരെക്കൊണ്ടു വാളെടുപ്പിച്ചു. അതുകൊണ്ടു തന്നെ അഹിംസയും, പരസ്പരസ്നേഹവും, ത്യാഗവുമൊക്കെ വിളംബരം ചെയ്ത ആ മതങ്ങളില്‍ നിന്നും അവര്‍ പുറത്താവുകയും ചെയ്തു. വിഡ്ഡികള്‍. ആയുധമെടുത്തു സഹജീവിയെ ആക്രമിക്കുന്ന ഹിന്ദു എന്നോ, ക്രിസ്ത്യന്‍ എന്നോ ഇസ്ലാം എന്നോ, ബുദ്ധിസ്റ്റ് എന്നോ ജൈനിസ്റ്റ് എന്നോ സിഖ് എന്നോ അവകാശപ്പെടുന്നവരൊന്നും ആ അവകാശവാദത്തിന് ഒരു കാരണവശാലും യോഗ്യരല്ല. കാരണം ആ മതസംഹിതകളില്‍ പരസ്പര ദ്വേഷണം അനുശാസിച്ചിട്ടില്ല തന്നെ. ഇനി അത്തരം ഒരു അഭിപ്രായം പ്രസ്തുത ഗ്രന്ധങ്ങളിലോ തത്വസംഹിതകളിലോ ഉണ്ടെന്നു നിസ്സംശയം ബോദ്ധ്യമായാല്‍ അവകളെ കടലിലെറിയുകയോ, അഗ്നിയിലെരിക്കുകയോ ചെയ്യുകയാണ് ബുദ്ധിയും, യുക്തിയും, കൈമുതലായുള്ള ലോകനന്മ ആഗ്രഹിക്കുന്ന ഓരോ പൌരന്‍റെയും ധര്‍മ്മവും, കടമയും.

കൂട്ടുകാരന്‍ ചോദിച്ചതു പോലെ ജീവികളിലെ ലൈംഗികോര്‍ജ്ജമല്ല പ്രേമവും സ്നേഹവുമായി പുറത്തു വരുന്നത്. ലൈംഗികോര്‍ജ്ജത്തിന്‍റെ പ്രാകട്യത്തെ ‘കാമം’ എന്നു വിളിക്കുവാന്‍ മാത്രമേ സാധിക്കുകയുള്ളൂ. വെറും കാമം മാത്രം.

സ്നേഹത്തെ നിര്‍വ്വചിക്കുക പ്രയാസകരമെങ്കിലും ചില തരംതിരിവുകള്‍ സ്നേഹത്തിനുണ്ട്‌. സ്നേഹം എന്ന പൊതുവായ പേരില്‍ അറിയപ്പെടുന്ന ഈ അനുഭവം പകുതി ഭൂമിയിലും പകുതി സ്വര്‍ഗ്ഗത്തിലുമാണെന്നു പറയാം. അതായത്‌ സ്നേഹത്തെ; കാമം, പ്രണയം,ഇഷ്ടം,ബഹുമാനം,വാത്സല്യം,പ്രേമം എന്നിങ്ങനെ തരം തിരിക്കാവുന്നതാണ്. വ്യക്തമായ വ്യത്യാസം ഇതിനുണ്ട്‌.

കാമം: കേവലം താമസഗുണം മാത്രമാണിത്. കേവലം ഇന്ദ്രിയസുഖത്തിനു വേണ്ടി മാത്രം ഉണ്ടാവുന്നതും, നിലനില്‍ക്കുന്നതുമായ ഒരു അധമവികാരം മാത്രമാണ് കാമം. സ്വാര്‍ത്ഥതയുടെ മാത്രം സന്തതി. ഇതിന്‍റെ നില ഭൂമിക്കും, പാതാളത്തിനും അടിയിലെന്നു വേണം കരുതാന്‍.

പ്രണയം: പ്രണയത്തില്‍ വിട്ടുവീഴചക്ക് അവസരങ്ങളും, സാദ്ധ്യതയുമുണ്ട്‌. എന്നാല്‍ സ്വാര്‍ത്ഥതയും ഉണ്ട്‌. ഏതെങ്കിലും അര്‍ത്ഥത്തില്‍ ‘സ്വന്തമാക്കാനല്ലാതെ’ ആരും പ്രണയിക്കാറില്ലല്ലോ. മാത്രവുമല്ല ഇവിടെ കാമത്തിന്‍റെ സാമീപ്യവും സ്ഥിരമായോ, താല്‍ക്കാലികമായോ ദര്‍ശിക്കാവുന്നതാണ്. ഒന്നുകില്‍ ശരീരം, അല്ലെങ്കില്‍ തിരിച്ചുമുള്ള സ്നേഹം, പരിഗണന അങ്ങനെ സ്വാര്‍ത്ഥതയുടെ പ്രാകട്യം തീര്‍ച്ചയായും പ്രണയത്തില്‍ ദൃശ്യമാണ്. ഇതിന്‍റെ നില ഭൂമിയിലാണ്.

ഇഷ്ടം: ഇവിടെ സ്വാര്‍ത്ഥതയുടെ തോത്‌ നേര്‍പകുതിയോ അതിലേറെയോ ആണ്. ഒരു മിഠായി. ‘എനിക്കിതിഷ്ടമാണ്’ എന്ന് ഒരാള്‍ പറഞ്ഞാല്‍ അതില്‍ ‘എനിക്കിതു കിട്ടിയാല്‍ നന്നായിരുന്നു’ എന്നൊരു സ്വാര്‍ത്ഥലാഭേച്ഛ കൂടിയില്ലേ?. അതു പോലെ എനിക്ക് ആ പെണ്‍കുട്ടിയെ ഇഷ്ടമാണ് എന്ന് ഒരുവന്‍ പറയുമ്പോള്‍ അവിടെയും കിട്ടിയാല്‍ നന്ന് എന്നൊരു സ്വാര്‍ത്ഥത ഒളിഞ്ഞിരിപ്പുണ്ട്‌. ഇഷ്ടവും സ്വാര്‍ത്ഥമയം തന്നെ. ഇതിന്‍റെയും നില ഭൂമിയിലത്രേ.

ബഹുമാനം: മാതാപിതാക്കള്‍, ഗുരുക്കന്മാര്‍ തുടങ്ങിയവരോട്‌ നമുക്കുണ്ടാവുന്ന സ്നേഹമാണ് ബഹുമാനം. ഇവിടെ സ്വാര്‍ത്ഥതയുടെ അംശം വളരെ വളരെ കുറവു തന്നെ എങ്കിലും സ്വാര്‍ത്ഥതയുടെ സാമീപ്യമുണ്ട്‌. മാതാപിതാക്കളെ നാം സ്നേഹിക്കുമ്പോള്‍ അവരുടെ സ്നേഹം നാം തിരിച്ചും കൊതിക്കുന്നു. അവരുടെ പരിഗണന കാംക്ഷിക്കുന്നു. അതു പോലെ തന്നെ ഗുരുക്കന്മാരില്‍ നിന്നും തിരിച്ചുള്ള വാത്സല്യവും, വിദ്യയുമെല്ലാം നാം കാംക്ഷിക്കുന്നു. അതു കൊണ്ടു തന്നെ ബഹുമാനവും സംശുദ്ധമായ സ്നേഹമാണെന്നു പറയുക വയ്യ. എന്നാല്‍ ശുദ്ധസ്നേഹത്തോട്‌ വളരെ ചേര്‍ന്നു നില്‍ക്കുന്നു എന്നു പറയാം.

വാത്സല്യം: ഇത്‌ പൊതുവേ മക്കളോടോ, ശിഷ്യന്മാരോടോ എല്ലാം തോന്നുന്ന സ്നേഹമാണ്. ഇവിടെയും ബഹുമാനത്തിന്‍റെ കാര്യത്തിലെന്ന പോലെ തിരിച്ചൊരു ‘പ്രതീക്ഷ’ ഉണ്ടു തന്നെ.

അവസാനമായി പ്രേമം: ഇത്‌ ഈശ്വരനോട്‌ തോന്നേണ്ട വികാരമാണ്. സ്വാര്‍ത്ഥതയുടെ, പ്രതീക്ഷയുടെ ലവലേശമില്ലാത്ത ഈ സ്നേഹമത്രേ സ്വര്‍ഗ്ഗീയവും, ആത്മീയവുമായ പരമാനന്ദപ്രദായകമായ ദിവ്യാനുഭവം. പ്രേമം അത്‌ സര്‍വ്വ ചരാചരങ്ങളോടുമാകാം. ഇവിടെ പ്രതീക്ഷകള്‍ ഒന്നുമില്ല. ത്യാഗം മാത്രം. എന്തും നല്‍കുക. എന്തും ത്യജിക്കുക. ഒന്നും പ്രതീക്ഷിക്കാതിരിക്കുക. മഴ പൊഴിയുന്നതു പോലെ, അഗ്നി എരിയുന്നതു പോലെ ആ ദിവ്യമായ പ്രേമത്തില്‍ സ്വയം അലിഞ്ഞില്ലാതാവുക. ആ അവസ്ഥ ഏതൊരുവന് ഏതൊന്നിനോടുണ്ടാകുന്നുവോ അപ്പോള്‍ മാത്രമേ അതിനെ പ്രേമം എന്ന വാക്കുകൊണ്ട്‌ വിശേഷിപ്പിക്കുവാന്‍ സാധിക്കയുള്ളൂ. ഈ അവസ്ഥയില്‍ താണ ഒരവസ്ഥയെ പ്രേമം എന്ന വാക്കുപയോഗിച്ചു വിളിക്കുന്നതു പോലും പാപമാണ്.

ചുരുക്കിപ്പറഞ്ഞാള്‍ നാം നമ്മുടെ കൈക്കുമ്പിള്‍ ജലധാരയില്‍ മലര്‍ത്തിപ്പിടിക്കുന്നതു പോലെയാണ് ഇഷ്ടം. കുറേ കയ്യില്‍ വീഴും ബാക്കി വെളിയിലും. ഉള്ളില്‍ വീഴുന്നത്‌ അവനവനു സ്വന്തം. എന്നാല്‍ പ്രേമം തുറന്നിരിക്കുന്ന കയ്യില്‍ കമഴ്ന്നിരിക്കുന്ന മറുകൈ പോലെ സുഭദ്രമാണ്. ഉള്ളിലുള്ളതിനു കുടയായി, തണലായി, ആശ്രയമായി യാതൊരു പ്രതിഭലേച്ഛയുമില്ലാതെ നിലകൊള്ളുന്ന അവസ്ഥ. അവരെ നമുക്ക്‌ യോഗികള്‍ എന്നും വിളിക്കാം.


ഇങ്ങനെ സ്നേഹത്തെ തരം തിരിച്ചു കാണുമ്പോള്‍ യഥാര്‍ത്ഥ സ്നേഹത്തില്‍ ലൈംഗികതക്കുള്ള സ്ഥാനം എത്ര തുച്ഛമെന്നു മനസ്സിലാകും.

എന്നാല്‍ ആത്മീയാനന്ദവും, ലൈംഗീകാനന്ദവും തമ്മില്‍ വളരെ വലിയ അന്തരമുണ്ട്‌. ലൈംഗീകാനന്ദം ക്ഷണികവും കേവലം ഇന്ദ്രിയം കൊണ്ട് മാത്രം അനുഭവവേദ്യവുമാകുന്ന ഒന്നാണെങ്കില്‍, ആത്മീയാനന്ദം-യോഗാനന്ദം-പരമാമന്ദം അത്‌ നിത്യവും, ശരീരം കൊണ്ടും, മനസ്സു കൊണ്ടും ആസ്വാദ്യവുമാണ്. രോഗാവസ്ഥയില്‍ പോലും നേടാവുന്നതും, ആനന്ദം പകരുന്നതുമായ ഒന്നാണ് ആത്മീയാനന്ദം.

ഷഡാധാരോപാസന എന്ന യോഗശാസ്ത്രം ഒരിക്കലും ലൈംഗീകാനന്ദത്തിന്‍റെ ബദല്‍ തേടിയുള്ള മനുഷ്യന്‍റെ യാത്രയുടെ ഫലമല്ല.

ലൈംഗികത പാപമെന്ന്‌ ഈയുള്ളവന്‍ വായിച്ചും, അനുഭവിച്ചും അറിഞ്ഞിട്ടുള്ള ഒരു തത്വങ്ങളും പറഞ്ഞിട്ടില്ല. ഭാര്യാഭര്‍തൃലൈംഗികബന്ധം ധര്‍മ്മമെന്നും, പുണ്യമെന്നും, ശ്രേയസ്കരമെന്നും; വ്യഭിചാരം ഹീനമെന്നും, പാപമെന്നും ആകയാല്‍ വര്‍ജ്ജ്യമെന്നുമത്രേ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ എല്ലാ മതങ്ങളും അനുശാസിക്കുന്നത്.

ഹൈന്ദവസ്ത്രീകള്‍ വിവാഹശേഷം നെറുകയില്‍ സിന്ദൂരമണിയാറുണ്ട്‌. മുടി രണ്ടായി പകുത്തു കെട്ടിയ അവസ്ഥയെ സ്ത്രീയോനിയായി തന്ത്രശാസ്ത്രം പരിഗണിക്കുന്നു. അവിടെ ചാര്‍ത്തിയ സിന്ദൂരം ‘ഇവളുടെ കന്യകാത്വം ഒരു പുരുഷനാല്‍ ഛേദിക്കപ്പെട്ടിരിക്കുന്നു, അഥവാ ഇവള്‍ ഒരു പുരുഷന്‍റെ സം‍രക്ഷണയിലാണ്’ എന്ന പ്രതീകമാണ് നല്‍കുന്നതെന്ന് യുഗാചാര്യനായ ഹരിസ്വാമികള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ആത്മീയശാസ്ത്രങ്ങള്‍ ലൈംഗികതയ്ക്കു നല്‍കിയ അംഗീകാരം തന്നെയല്ലേ ഇതും? അപ്പോള്‍ എങ്ങനെയാണ് മതങ്ങള്‍ ലൈംഗീകതയ്ക്ക് എതിരാണ് എന്നു പറയുവാന്‍ കഴിയുന്നത്?

ബലാത്സംഗം ചെയ്യുന്നവന്‍, അത് ചെയ്യപ്പെടുന്നയാളുടെ അനുവാദമില്ലാതെ -ആ പദം സൂചിപ്പിക്കുന്നതു പോലെ തന്നെ- ബലാല്‍ക്കാരമായി വെറും കാമത്തിന്‍റെ മാത്രം പ്രചോദനത്താല്‍ ഭോഗിക്കുകയാണ് ചെയ്യുന്നത്‌. ഇത്‌ നീചവൃത്തി തന്നെ. മനുഷ്യന്‍ സദാ ഇതു തന്നെ ചിന്തിച്ചിരിക്കുന്നു എന്ന കൂട്ടുകാരന്‍റെ അഭിപ്രായത്തോട്‌ തൊണ്ണൂറു ശതമാനവും യോജിക്കുന്നു. കാരണം സമൂഹത്തിന്‍റെ സദാചാര നിയമങ്ങളോ, ബാഹ്യമായ അഭിമാനബോധമോ മൂലം അവനില്‍ തടവിലാക്കപ്പെട്ടിരിക്കുന്ന ഈ തീക്ഷ്ണവികാരത്തെ ലഘൂകരിക്കുവാനോ, ഇല്ലായ്മ ചെയ്യുവാനോ വേണ്ടതൊന്നും അവന്‍ ചെയ്യുന്നില്ല. ഇല്ലായ്മ ചെയ്യുക അസാദ്ധ്യമെന്നു തന്നെ കരുതാം. ആഹാര രീതി, ചിന്ത, പ്രവൃത്തി, ധ്യാനം, സത്സംഗം തുടങ്ങിയ നിരവധി മാര്‍ഗ്ഗങ്ങളിലൂടെ ഇത്തരം നീചവികാരങ്ങളെ നിയന്ത്രണവിധേയമാക്കുവാന്‍ സാധിക്കും. മേല്‍ പറഞ്ഞതു പോലെ ധാര്‍മ്മിക വശം കൈവെടിയുമ്പോള്‍ മാത്രമാണ് ഇത്‌ നീചവൃത്തിയാകുന്നതും. അപ്രകാരം മനസ്സിനെ പാകപ്പെടുത്തിയ ഒരുവനെ നഗ്നതയോ, സിനിമയോ, ഇറുകിയ വസ്ത്രങ്ങളോ ഒന്നും തന്നെ വികാരം കൊള്ളിക്കുന്നില്ല. അപ്പോള്‍ നമ്മുടെ സ്വാതന്ത്ര്യത്തില്‍ കൈ വക്കുന്നത്‌ നമ്മള്‍ തന്നെയല്ലേ?

ലൈംഗികത പാപമല്ല. അത്‌ ലോകത്തിലെ ഉദാത്തവും, ദൈവീകവുമായ ഒരു ക്രിയയും, കലയുമാണ്. ഗൃഹസ്ഥാശ്രമികളായ ഓരോരുത്തരും ആചരിക്കേണ്ട ധര്‍മ്മമെന്നും നാം പഠിക്കേണ്ടതുണ്ട്‌. എന്നാല്‍ അത്‌ എപ്രകാരം ധര്‍മ്മച്യുതി സംഭവിക്കാതെ, ശ്രേയസ്കരമാക്കാം എന്നത്‌ നാമാണ് തീരുമാനിക്കേണ്ടത്.

© ജയകൃഷ്ണന്‍ കാവാലം

10 comments:

Unknown said...

നന്നായി

ramanika said...

Sex is not taboo. It is a must for forward movement of the world. But I cannot tolerate rape in the name of sex. When we look around us, birds, animals all have sex but only at a particular season .Man only has no time or season for sex.

Sex is a beautiful thing. When two persons of opposite sex meet, talk, start to like each other and they do not feel any guilty either at the time of sex or after that, that is sex. One should be able to cherish those moments even after passage of time, that is real sex.

ബഷീർ said...

ലൈംഗികത പാപമല്ല .... ധർമ്മച്യുതി സംഭവിക്കാതെ എങ്ങിനെ ശ്രേയസ്കരമാക്കാം എന്നത് നാമാണ് തീരുമാനിക്കേണ്ടത്.. ശരി തന്നെ. പക്ഷെ അത് നമ്മുടെ ഓരോരുത്തരുടെയും ധാർമ്മിക ബോധത്തിനടിസ്ഥാനപ്പെടുത്തി വ്യത്യസ്ഥമായിരിക്കും.

അങ്കിള്‍ said...

:)

കൂട്ടുകാരന്‍ | Friend said...

ഓഷോയുടെ ഒരു പുസ്തകം വായിച്ചപോഴുണ്ടായ്‌ സംശയമാണ് ഞാനിവിടെ നിങ്ങളൊട് പങ്കു വച്ചത്. ജയകൃഷ്ണന്‍ ഹിന്ദു ആല്മീയതയുടെ അഗാധ തലങ്ങളില്‍ തനിക്കുള്ള അറിവുകള്‍ ഇവിടെ പങ്കു വച്ചിട്ടും ഉണ്ട്. വളരെ നന്ദി. പക്ഷെ... പിന്നെയും സംശയം ബാകി. എല്ലാ മനുഷ്യരിലും ഈശ്വരചൈതന്യം ഉണ്ടെങ്കില്‍ ഭാര്യ ഭര്‍തൃ ബന്ധം എല്ലാ അര്‍ത്ഥത്തിലും ഈശ്വരീയമല്ലേ? ഹിന്ദു ദൈവങ്ങളില്‍ ഉമ മഹേശ്വരനമാരെ ശ്രദ്ധിക്കുക. അര്‍ദ്ധ നാരീശ്വരന്. അതായത് സ്വന്തം ഭാര്യക്ക്‌ തുല്യ സ്ഥാനം. മനുഷ്യന്‍ ആദ്യമായി ആല്മീയാനന്ദം സാധിച്ചത് ലൈഗീകതയിലൂടെ ആണെന്ന് ഓഷോ പറയുമ്പോ അതിനെ തള്ളിക്കളയാനും മാത്രം തെളിവുകള്‍ എവിടെയും ഉണ്ടെന്നു തോന്നുന്നില്ല. അതുകൊണ്ട് ലൈംഗീകൊര്ജതെ വെറും കാമ പ്രകടനം മാത്രമായുള്ള അധമ വികാരത്തോട് ഉപമിക്കാതെ... ഞാന്‍ നേരത്തെ പറഞ്ഞത് പോലെ ഒരു ദൈവിക കാര്യം ചെയ്യുന്ന പ്രതീതി ഉളവാക്കി മനസ്സ് ശുദ്ധവും, പവിത്രവും ശാന്തവുമാക്കി ചെയ്യുമ്പോ ഉണ്ടാകുന്ന അനുഭൂതി തന്നെയല്ലേ യഥാര്‍ഥ ആല്മീയാനന്ദം? പക്ഷെ ഇന്ന് ജീവിച്ചിരിക്കുന്ന മനുഷ്യരില്‍ എത്ര ശതമാനം പേര്‍ ഈ പ്രവര്‍ത്തിയെ ഈശ്വരീയമായി കാണുന്നുണ്ട്? ചില സ്ത്രീകള്‍ക്ക് ഇപ്പോഴും താനെന്തോ പാപം ചെയുന്ന മട്ടിലാണ്‌ ഭര്‍ത്താവിനെ സമീപിക്കുന്നത്. അതുപോലെ തന്നെ പുരുഷന്മാരും? ആരാണ് അവരെകൊണ്ട് അങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്? അതാണ് എന്റെ യഥാര്‍ത്ഥ ചോദ്യം?

കാവാലം ജയകൃഷ്ണന്‍ said...

പ്രിയ കൂട്ടുകാരാ,

ആത്മീയതയുടെ ആഴങ്ങളിലൊന്നും സഞ്ചരിക്കേണ്ട കാര്യമില്ലാതെ തന്നെ സ്വതന്ത്ര ചിന്തയിലൂടെ ഗ്രഹിക്കാവുന്ന ഒരു കാര്യം മാത്രമാണിത്. എന്നാല്‍ പറയുന്ന കാര്യങ്ങളുടെ ആധികാരികതയ്ക്കു വേണ്ടി ചിലതു സൂചിപ്പിച്ചുവെന്നു മാത്രം. ഭാര്യാഭര്‍തൃബന്ധം ശ്രേഷ്ഠമെന്ന് മേല്‍‍സൂചിപ്പിച്ചത് താങ്കള്‍ ശ്രദ്ധിച്ചിരിക്കുമല്ലോ. ഭാര്യക്ക് തുല്യസ്ഥാനം തന്നെയാണുള്ളതും.

എന്നാല്‍ മനുഷ്യന്‍ ‘ആത്മീയാനന്ദം‘ ആദ്യമായറിഞ്ഞത് ലൈംഗീകതയിലൂടെയാണെന്ന താങ്കളുടെ പ്രസ്താവനയോടേ എനിക്കെതിര്‍പ്പുള്ളൂ. സ്നേഹത്തിലൂടെയാണെന്ന് പറഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായും അംഗീകരിക്കാമായിരുന്നു. കാരണം സ്നേഹത്തിന് ദിവ്യമായ-ആത്മീയമായ ഒരു തലമുണ്ടെന്നതു തന്നെ. ലൈംഗീകോര്‍ജ്ജം കാമപ്രകടനം എന്ന നിലയില്‍ നിന്നുയരണമെങ്കില്‍ അതില്‍ തീര്‍ച്ചയായും കാമപൂരണം എന്ന ലക്ഷ്യം മാത്രമല്ലാതെ ഈശ്വരീയമായ സ്നേഹത്തിന്‍റെ ഊര്‍ജ്ജം കൂടിയുണ്ടാവണം.

താങ്കള്‍ പറഞ്ഞതു ശരി തന്നെ. അധികമാരും ഈ പ്രവര്‍ത്തിയെ ഈശ്വരീയമായി കാണാറില്ല. എന്നാല്‍ സ്മൃതിയും, ശാക്തേയവും നിഷ്കര്‍ഷിക്കുന്ന രഹസ്യാത്മകത പുലര്‍ത്തണം എന്നത് വളരെ ഗഹനമായ ഒരു കാര്യമാണ്. അതായത്‌ പ്രപഞ്ച സൃഷ്ടിയുടെ പ്രതീകവത്കരണമാണ്.‘സൃഷ്ടി‘ എന്നത് ഇന്നും അജ്ഞാതമായ ഒരു രഹസ്യമാണ്. ലൈംഗികബന്ധത്തിന്‍റെ പ്രധാനലക്ഷ്യം പ്രത്യുല്പാദനമെന്നിരിക്കെ ആ പ്രക്രിയയില്‍ പോലും പ്രപഞ്ച സൃഷ്ടിയുടെ രഹസ്യാത്മക ഭാവത്തെ പ്രതീകവത്കരിക്കുകയാണ് തന്ത്രശാസ്ത്രം ചെയ്തിരിക്കുന്നത്. പ്രത്യുല്പാദനപ്രക്രിയ രഹസ്യമായി എന്ന നിഷ്കര്‍ഷ തന്ത്രശാസ്ത്രം മുന്‍പോട്ടു വച്ചിരിക്കുന്നതിന്‍റെ അടിസ്ഥാനം ഇതാണ് എന്ന് എത്രയോ തെളിവുകള്‍ നിരത്തി താന്ത്രികാചാര്യനായ ശ്രീമദ്‌ ഹരിസ്വാമികള്‍ നമുക്കു ബോദ്ധ്യമാക്കിത്തരുന്നു.

മനുഷ്യന്‍ ഭാര്യാഭര്‍തൃബന്ധത്തെ പാപം എന്ന മനസ്സോടെ വീക്ഷിക്കുന്നത് അവന്‍റെ അറിവില്ലായ്മ മാത്രം. അതിന് ശാസ്ത്രങ്ങള്‍ എന്തു പിഴച്ചു?. ഒരു പക്ഷേ വ്യവസ്ഥിതിയായിരിക്കാം അവരെക്കൊണ്ട്‌ അങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്‌. അപ്പൊഴും ശാസ്ത്രമല്ല തന്നെ.

അഭിപ്രായം പങ്കു വച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു.

പാര്‍ത്ഥന്‍ said...

പ്രേമം ആത്മസമർപ്പണമാണ്‌. അത്‌ താങ്കൾ വ്യക്തമായി തന്നെ പറഞ്ഞിരിക്കുന്നു.

ഏറനാടന്‍ said...

ചര്‍ച്ചാസ് നടക്കട്ടെ. അതിരുകളില്ലാത്ത... മൂര്‍ച്ഛയുള്ള ഒരു വിഷയചര്‍ച്ച, കേള്‍ക്കുന്നുണ്ട്.

ഏറനാടന്‍ said...

ചര്‍ച്ചാസ് നടക്കട്ടെ. അതിരുകളില്ലാത്ത... മൂര്‍ച്ഛയുള്ള ഒരു വിഷയചര്‍ച്ച, കേള്‍ക്കുന്നുണ്ട്.

കാവാലം ജയകൃഷ്ണന്‍ said...

അഭിപ്രായം പങ്കുവച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു