Tuesday, February 3, 2009

ഉടുതുണി പൊക്കല്‍ മത്സരം

ഒരാള്‍ മറ്റൊരാളെ ഉടുതുണി പൊക്കി കാണിച്ചാല്‍ അതിനര്‍ത്ഥമെന്താണ്?


ഈ ചോദ്യത്തിന് ഉത്തരം പറയാന്‍ ഇക്കഴിഞ്ഞ ഉജാല ഏഷ്യാനെറ്റ് അവാര്‍ഡ്‌ നിശയുടെ സംഘാടകര്‍ ബാദ്ധ്യസ്ഥരാണ്. സാമൂഹികപ്രതിബദ്ധതയുണ്ടെന്ന് അവകാശപ്പെടുന്ന പ്രസ്തുത ചാനല്‍, തിരുവനന്തപുരത്തിന്‍റെ വിവിധഭാഗങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന പ്രത്യേക സ്ക്രീനിലൂടെ തത്സമയം കാണുവാന്‍ മലയാളിയെ മാടി വിളിച്ച പ്രസ്തുത പരിപാടി ഇനിയൊരര്‍ത്ഥത്തില്‍ അവരുടെ പരസ്യവാചകത്തെ അന്വര്‍ത്ഥമാക്കും വിധത്തില്‍ ‘നേരോടെ’ ‘നിര്‍ഭയം’തന്നെയായിരുന്നു അവതരിപ്പിച്ചത്. നേരോടെ നിര്‍ഭയം നിരന്തരം എന്നതിന്‍റെ കൂടെ നിര്‍ലജ്ജം എന്നൊരനുബന്ധം കൂടി എഴുതിച്ചേര്‍ക്കേണ്ടിയിരിക്കുന്നു എന്നു തോന്നിപ്പോയി ഈ പരിപാടി കണ്ടപ്പോള്‍.


പൊതുസ്ഥലത്ത് ഉടുതുണിയഴിച്ചാല്‍ നൂറു രൂപ മുതല്‍ പിഴയീടാക്കാന്‍ വകുപ്പുള്ള നാട്ടില്‍ ക്ഷണിക്കപ്പെട്ട സദസ്സിനു മുന്‍പില്‍, പദ്മശ്രീയും, പദ്മഭൂഷണും എല്ലാം നല്‍കി രാഷ്ട്രം ആദരിച്ചിട്ടുള്ള ഒരു പിടി കലാകാരന്മാരെയും സാംസ്കാരിക നായകന്മാരെയുമെല്ലാം വേദിയിലിരുത്തിക്കൊണ്ട്‌ ഡാന്‍സ്‌ എന്ന പേരില്‍ അവതരിപ്പിച്ച ഒരിനം ടി വിയിലൂടെ കണ്ടിട്ടു പോലും ലജ്ജ തോന്നി.


ന്യായീകരണങ്ങള്‍ എന്തു തന്നെ വേണമെങ്കിലും ആയിക്കോട്ടെ. ഒറ്റ കാഴ്ച്ചയില്‍ ഒരു തുണി ശരീരത്തില്‍ തൂക്കിയിട്ട്‌ കാണേണ്ടവരു കണ്ടോ എന്ന രീതിയിലുള്ള ആ കോപ്രായം കണ്ടാല്‍ മിണ്ടാതിരിക്കാന്‍ ബുദ്ധിമുട്ടാണ്. ഇതിന്‍റെ പേരില്‍ പകല്‍മാന്യനെന്നോ, കപടസദാചാരവാദിയെന്നോ തുടങ്ങി നിലവിലിരിക്കുന്ന എന്തു പേരിട്ടു വിളിച്ചാലും ഇനി അതല്ല പുതിയ വല്ല പേരും കണ്ടു പിടിച്ചു വിളിച്ചാലും കുഴപ്പമില്ല. സ്കിന്‍ വെയറുകള്‍ പോലുള്ള വസ്ത്രങ്ങള്‍ ധരിച്ചിട്ടുണ്ട്‌ എന്ന അവകാശവാദത്തിന് മനസ്സാക്ഷിക്കു മുന്‍പില്‍ എന്തു പ്രസക്തി? ഒറ്റ നോട്ടത്തില്‍ തുണിയില്ലാതെ അഴിഞ്ഞാടുക തന്നെ.


മലയാളികളോട്‌ മുഴുവനും കാട്ടിയില്ലെങ്കിലും ആ പരിപാടി വേദിയിലിരുന്നു കണ്ടവരോടോ, അതുമല്ലെങ്കില്‍ തിരുവനന്തപുരം നിവാസികളോടു മാത്രമെങ്കിലും അല്പം മാന്യത കാണിക്കാമായിരുന്നു സംഘാടകര്‍ക്ക്. ക്ഷണിച്ചു വരുത്തിയിരുത്തിയിട്ട്... അയ്യേ


ഇന്നലെ കണ്ട മറ്റൊരു കാഴ്ച്ച, ശ്രീമഹാഭാഗവതം എന്ന സീരിയല്‍ (അബദ്ധത്തില്‍ ഒന്നു കണ്ടു പോയതാണ്) അതില്‍ ഒരു സന്യാസി രാജകുമാരിയോടു ചോദിക്കുന്നു ‘അതിഥി’ എന്ന വാക്കിന്‍റെ അര്‍ത്ഥം എന്താണ്? രാജകുമാരി പറയുന്നു ‘അതിഥി എന്നാല്‍ വിരുന്നുകാരന്‍‘ ബലേ ഭേഷ്... മലയാളികെളെ ഭക്തിയില്‍ ആറാടിക്കാനും, പ്രബുദ്ധരാക്കാനുമൊക്കെ കോണ്ട്രാക്റ്റെടുത്തിരിക്കുന്ന പ്രസ്തുത പരിപാടിയുടെ തിരക്കഥാകൃത്തോ, നിര്‍മ്മാതാവോ, ചാനലുകാരോ (ഇനി ഇവരൊക്കെ ആരായാലും) മേല്പറഞ്ഞപോലെ കണ്ടുകൊണ്ടിരിക്കുന്ന സാധാരണ മനുഷ്യരോടോ, ചെയ്യുന്ന പ്രവൃത്തിയോടോ അല്പമെങ്കിലും സമര്‍പ്പണമുണ്ടെങ്കില്‍, അതിഥി എന്ന വാക്കിന്‍റെ ശരിയായ അര്‍ത്ഥം അതിലൂടെ പറയണമായിരുന്നു. അതോ ഇനി സീരിയലില്‍ കൂടി വിജ്ഞാനം പകര്‍ന്നാല്‍ ശരിയാവില്ലെന്നുണ്ടോ?


മണ്ടത്തരങ്ങളുടെ ഫാക്ടറി ആയിക്കൊണ്ടിരിക്കുകയാണ് നമ്മുടെ ചാനലുകള്‍. നിങ്ങളോട് വിനയപൂര്‍വം ഒന്നുണര്‍ത്തിച്ചോട്ടേ
കഷ്ടം...!

11 comments:

ചാണക്യന്‍ said...

ഗ് ര്‍ ഗ് ര്‍.....ഗ് ര്‍....(ചിങ്കം ഗര്‍ജ്ജിച്ചതാ)

സോറി ഈ രണ്ട് പരിപാടിയും ഞാന്‍ കണ്ടില്ല..

ജിജ സുബ്രഹ്മണ്യൻ said...

ഇതൊക്കെ കാണാൻ ആയിരിക്കുമല്ലോ കുറെ ആളുകൾ അവിടെ പോയി ഇരുന്നത് !

പകല്‍കിനാവന്‍ | daYdreaMer said...

നീരോടെ , നിരന്തരം , നിര്‍ലജ്ജം.. !!!
കാണാറില്ല.. !!

മുക്കുവന്‍ said...

'am not a lion.. simple mukkuvan, still I want to agree with you...

the dance and the introduction for the dance was so pathetic...

fasten your seat belt :)

what a shame to have such a nonsense dance? yea... a night club feeling :)

അനില്‍ശ്രീ... said...

പബ്ബില്‍ പോയ രാമസേന എന്തുകൊണ്ട് ഇവിടെ ചെന്നില്ല എന്ന് ഈ പരിപാടി കണ്ടപ്പോള്‍ തോന്നിയിരുന്നു. കുടുംബവുമായി പോയിരുന്ന് കാണാന്‍ പറ്റിയ കാബറേ ആയിരുന്നു ആ പരിപാടി.

കറുത്തേടം said...

തികച്ചും ശരിയായ ഒരു വിലയിരുത്തല്‍.
"തിഥി നോക്കാതെ വരുന്നവന്‍ അതിഥി" - ഇതെന്കിലും അറിയാതെ സംവിധായകന്‍ എന്ന് ഞെളിഞ്ഞു നടക്കുന്ന ഭക്തി സീരിയല്‍ സംവിധായകരോട് ഒരു വാക്ക്.
താനൊക്കെ വേറെ വല്ല പണിയും നോക്കുന്നതാവും നല്ലത്.
പിന്നെ ഇവനീ പടച്ചുവിടുന്നതൊക്കെ ശരിയെന്നു കരുതുന്ന ജന പമ്പര വിഡ്ഢികള്‍.
നമ്പൂതിരി മാരുടെ സംസാര ശൈലി, അമ്പലങ്ങളിലെ ചിട്ടകള്‍, പുരാണ കഥകള്‍ തുടങ്ങിയോന്നിലും ഒരു ഗ്രാഹ്യവും ഇല്ലാതെയുള്ള ഒരു തരം കോമാളിത്തരം.
വാലറ്റം: പെണ്‍ മക്കളെ ബാറിലും പബ്ബിലും അയക്കാന്‍ കാത്തു നില്‍ക്കുന്ന ഒരു കൂട്ടം രാജ്യമാണ് അപ്പൊ കുറച്ചു തുണി പൊക്കല്‍ ഒക്കെ ആവാം.

Thaikaden said...

(Enikku njaan aayal mathi) Kaanunnavarellam kazhuthakalum sanghatakarellam pandithanmarum aanennu thonnikkanum.

സുദേവ് said...

മണ്ടത്തരങ്ങളുടെ ഫാക്ടറി ....നൂറു ശതമാനം കറക്ട്.....

സുദേവ് said...

നേര്‍-കാഴ്ചയില്‍ ഒരു അപ്പ്രൂവലിന്റെ ആവശ്യമുണ്ടോ മാഷേ ?നേര്‍ക്ക്‌ നേരെയുള്ള ഒരു ചര്‍ച്ച തന്നെ നടക്കെട്ടെന്നെ !!!

സുദേവ് said...

നേര്‍-കാഴ്ചയില്‍ ഒരു അപ്പ്രൂവലിന്റെ ആവശ്യമുണ്ടോ മാഷേ ?നേര്‍ക്ക്‌ നേരെയുള്ള ഒരു ചര്‍ച്ച തന്നെ നടക്കെട്ടെന്നെ !!!

കാവാലം ജയകൃഷ്ണന്‍ said...

സന്ദര്‍ശിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു.

പ്രിയപ്പെട്ട സുദേവ്; കവിതകള്‍, ഹൃദയത്തുടിപ്പുകള്‍, നേര്‍ക്കാഴ്ച എന്നീ മൂന്നു ബ്ലോഗുകളില്‍ നേര്‍ക്കാഴ്ചയില്‍ മാത്രമാണ് കമന്‍റ് മോഡറേഷന്‍ നൂറു ശതമാനവും സെറ്റ് ചെയ്തിരിക്കുന്നത്. സമുദായം, മതം തുടങ്ങിയ കാര്യങ്ങളില്‍ അസുഖകരമായ ചില കമന്‍റുകള്‍ കടന്നു കൂടുന്നുണ്ടോ എന്ന സംശയത്തെ തുടര്‍ന്നാണ് അങ്ങനെ ചെയ്യേണ്ടി വന്നത്. ദയവായി സഹകരിക്കുമെന്നു പ്രതീക്ഷിക്കുന്നു.