Tuesday, September 30, 2008

ഈദ് ആശംസകള്‍


എല്ലാവര്‍ക്കും ഈദ് ആശംസകള്‍

ചിത്രത്തില്‍ ക്ലിക്ക് ചെയ്യൂ, വലുതായി കാണൂ

Thursday, September 18, 2008

ഭരണകൂടമേ വ്യഭിചാരശാലകള്‍ പണിയൂ

മാവേലി വാണിരുന്ന മലയാളനാട്ടിലെ, പ്രബുദ്ധരായ ഞങ്ങള്‍ മലയാളികളുടെ നായകന്മാരേ ഇവിടെ വ്യഭിചാരശാലകള്‍ പണിതാലും. അവിടെ നിവസിക്കുന്ന ഓരോ ലൈംഗിക തൊഴിലാളിക്കും എല്ലാ വിധ സം രക്ഷണവും നല്‍കിയാലും. വ്യഭിചരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സബ്സീഡി നിരക്കില്‍ പഞ്ചായത്ത്, വാര്‍ഡ്, സ്വയം സഹായ സംഘങ്ങള്‍ വഴിയെല്ലാം ധനസഹായം അനുവദിച്ചാലും. ജാര സംസര്‍ഗ്ഗം നിയമം കൊണ്ടു സം രക്ഷിച്ചാലും.

എന്തുകൊണ്ടെന്നാല്‍ എന്‍റെ നാട്ടിലെ കുഞ്ഞുങ്ങള്‍ക്ക് ജീവിക്കണം. അവരുടെ ഉദരങ്ങളില്‍ സ്വപിതാവിന്‍റെയോ, സ്വസഹോദരന്‍റെയോ ജീവാംശം പതിക്കാതിരിക്കട്ടെ... കന്യകാഗര്‍ഭങ്ങളില്‍ അഗ്നിപര്‍വ്വതങ്ങള്‍ പുകയാതിരിക്കട്ടെ... ഇനി വരും തലമുറകള്‍ ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ ചോദ്യചിഹ്നങ്ങളാകാതിരിക്കട്ടെ... ശാന്തരാകട്ടെ ഇന്നാട്ടിലെ കാമചാരികള്‍. അവരുടെ കൈപ്പിടിയില്‍ പിഞ്ചു ബാല്യങ്ങള്‍ ഞെരിഞ്ഞു പൊലിയാതിരിക്കട്ടെ...

ഹേ ഭരണകൂടമേ എന്‍റെ നാട്ടില്‍ വ്യഭിചാരശാലകളും, ജാരസംസര്‍ഗ്ഗവും നിയമം കൊണ്ട് സം രക്ഷിച്ചാലും. എന്‍റെ നാടേ നീ പൊറുക്കുക. എന്‍റെ വിശ്വാസങ്ങളേ, എന്‍റെ പൈതൃകമേ, എന്‍റെ നാടിന്‍റെ നന്മയേ നിങ്ങള്‍ നിത്യാന്ധകാരത്തില്‍ തപസ്സിരുന്നാലും. വിഷപ്പുക ശ്വസിച്ച് ഒടുങ്ങട്ടെ ഞങ്ങള്‍

അഞ്ചല്‍ക്കാരന്‍ പറയുന്നതു കേള്‍ക്കൂ...

Saturday, September 13, 2008

അച്യുതാനന്ദന്‍ അതു പറഞ്ഞു


ശ്രീ വി എസ് അച്യുതാനന്ദനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കുന്ന സമയത്ത് ചിലരെങ്കിലും പറഞ്ഞ ഒരു കാര്യമാണ് അദ്ദേഹത്തിന് വിദ്യാഭ്യാസം കുറവാണെന്നത്. ശരിയാണ് അനുഭവം കൊണ്ട്‌ ചിലപ്പോള്‍ സമ്പന്നനെങ്കിലും ഔപചാരിക വിദ്യാഭ്യാസം വളരെ കുറവു തന്നെയാണ്. എന്നാല്‍ ഇന്നലെ അദ്ദേഹത്തിന്‍റെ ഓണാശംസ ടി വിയില്‍ കണ്ടപ്പോള്‍ എന്തുകൊണ്ടോ പൊതുവേ രാഷ്ട്രീയത്തോടോ, രാഷ്ട്രീയക്കാരോടോ യാതൊരു മമതയുമില്ലാത്ത എനിക്ക് അല്പം ബഹുമാനം തോന്നിപ്പോയി.

അച്യുതാനന്ദനേക്കാള്‍ വളരെ വളരെ വിദ്യാഭ്യാസമുള്ള ആള്‍ക്കാരാണല്ലോ ഇന്നത്തെ ദൃശ്യമാദ്ധ്യമങ്ങളിലെ അവതാരകരായി വന്നു നിന്ന് ജനങ്ങളെ പരീക്ഷിക്കുന്നത്. കൂടാതെ ജേര്‍ണലിസ്റ്റുകള്‍ എന്നും പറഞ്ഞ് ഒരു കൂട്ടര്‍ കാണിക്കുന്ന വിഡ്ഢിത്തരങ്ങള്‍ വേറെയും. അക്ഷരശുദ്ധി വഴിയേ പോയിട്ടില്ലാത്ത ഇക്കൂട്ടരില്‍ ഏകദേശം 99.99% പേരും സ്ഥിരം ഉപയോഗിക്കുന്ന ഒരു വാക്കാണ് ‘ഹാര്‍ദ്ദവമായി’ സ്വാഗതം ചെയ്യുക. ഇന്നലത്തെ മുഖ്യമന്ത്രിയുടെ പ്രസംഗത്തില്‍ തീര്‍ച്ചയായും ആ വാക്ക് അങ്ങനെ തന്നെയാണ് പ്രതീക്ഷിച്ചത്. എന്നാല്‍ വിദ്യാഭ്യാസമില്ലെന്നു ചിലരെങ്കിലും പുഛിക്കുന്ന മുഖ്യമന്ത്രി വളരെ വ്യക്തമായി പറഞ്ഞത് ‘ഹാര്‍ദ്ദമായ ആശംസകള്‍‘ എന്നായിരുന്നു. വളരെ കാലങ്ങള്‍ക്കു ശേഷം ദൃശ്യമാദ്ധ്യമത്തില്‍ക്കൂടി വൃത്തികെട്ട രീതിയിലല്ലാതെ ചൊവ്വേ നേരേ ആ വാക്ക് കേള്‍ക്കാന്‍ കഴിഞ്ഞത് സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയില്‍ നിന്നായി എന്നത് സന്തോഷം നല്‍കുന്നു. വിവരക്കേടു വിളമ്പുന്ന വിദ്യാസമ്പന്നന്മാര്‍ കേട്ടു പഠിച്ചാലും, ചിലതെങ്കിലും (എല്ലാമല്ല) വിദ്യാഭ്യാസം കുറവുള്ള മുഖ്യമന്ത്രിയില്‍ നിന്നും.

വിട്ടു പോയത്‌: വിദ്യ കുറവായിരിക്കും. പക്ഷേ ഉള്ളത് നന്നായി ഉപയോഗിക്കാന്‍ അദ്ദേഹത്തിനു കഴിയുന്നുണ്ടല്ലോ.

Tuesday, September 9, 2008

ചിത്രത്തില്‍ ക്ലിക്ക് ചെയ്യൂ... വലുതായി കാണൂ