Thursday, May 9, 2013

സനാവുള്ളയുടെ കൊല നമ്മോടും ചിലതു പറയുന്നുണ്ട്



സനാവുള്ളയോട് ചെയ്തതു ക്രൂരത തന്നെ. അത് ശിക്ഷാര്‍ഹമായ കുറ്റവും, ഇന്ത്യന്‍ ആദര്‍ശങ്ങള്‍ക്ക് വിരുദ്ധവും, രാജ്യത്തിന്റെ യശസ്സിന് മങ്ങലേല്‍പ്പിക്കുന്നതും തന്നെ. 100% ശരി. എന്നാല്‍ ആ കുറ്റകൃത്യത്തെ രാജ്യത്തെ ബഹുഭൂരിപക്ഷം ഏതെങ്കിലുമൊക്കെ വിധത്തില്‍ ന്യായീകരിക്കുന്നതിനു പിന്നില്‍ ചില ശരികളുണ്ട്‌. അവരുടേതായ ശരികള്‍.

രാജ്യത്ത് അതിക്രമിച്ചു കയറി നമ്മുടെ പട്ടാളക്കാരുടെ തലകളറുത്ത് മൃഗീയമായി കൊലപ്പെടുത്തി. നമ്മുടെ രാജ്യം ഭരിക്കുന്ന സര്‍ക്കാര്‍എന്തു ചെയ്തു? ഒന്നും ചെയ്തില്ല. പകരം രാജ്യസേവനത്തിനിടയില്‍ മരിച്ചു വീണവരുടെ യൂണിഫോമിട്ട കബന്ധങ്ങളേറ്റു വാങ്ങി ലോകരാജ്യങ്ങള്‍ക്കു മുന്‍പില്‍ നൂറ്റിയിരുപത്തിയഞ്ചു കോടി ജനങ്ങളുടെ ആത്മാഭിമാനത്തിനു മേല്‍ കരിങ്കൊടി കെട്ടി.

സരബ്‌ജിത്‌സിംഗ് എന്ന ഒരു ഇന്ത്യന്‍ പൌരനെ മൃഗീയമായി ആക്രമിച്ചു. അയാള്‍ ആശുപത്രിയില്‍ കിടന്ന നാളുകളില്‍ പോലും അയാളുടെ മോചനത്തിനോ, അയാള്‍ക്കു നല്ല ചികിത്സ ഉറപ്പാക്കുന്നതിനോ, വിശ്വസ്തതയുള്ള ഇന്ത്യന്‍ഡോക്ടര്‍മാരെ ചികിത്സകരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തുന്നതിനോ വേണ്ടി നമ്മുടെ ഭരണകൂടം യാതൊന്നും ചെയ്തില്ല. അയാള്‍ എങ്ങനെ മരിച്ചു എന്നു പോലും അറിയപ്പെടുന്നതിനാവശ്യമായ പ്രധാന തെളിവുകള്‍, പോസ്റ്റ്മോര്‍ട്ടം ചെയ്യുമ്പോള്‍ നിര്‍ണ്ണായകമായ രേഖകള്‍ ലഭിച്ചേക്കാവുന്ന (പ്രധാനമായും ഔഷധങ്ങള്‍, മറ്റു ഫോറിന്‍ കെമിക്കലുകള്‍, വിഷം ഇവയുടെ സാന്നിദ്ധ്യം തിരിച്ചറിയാന്‍ സഹായിക്കുന്ന ആമാശയം, വൃക്ക ഇവകള്‍) ആന്തരികാവയവങ്ങള്‍ നീക്കം ചെയ്ത നിലയില്‍ ഒരു മൃതദേഹത്തോടു കാണിക്കേണ്ടുന്ന യാതൊരുവിധ മര്യാദയും, രണ്ടു രാജ്യങ്ങളുടെയിടയില്‍ അനുവര്‍ത്തിച്ചിരിക്കേണ്ട കേവല മര്യാദ പോലുമില്ലാതെ -ഇവന്മാര്‍ക്കിത്രയൊക്കെ മതി- എന്ന ലാഘവത്തോടെ എറിഞ്ഞു കൊടുത്ത അയാളുടെ മൃതദേഹം ഏറ്റുവാങ്ങി അയാളെ 'വീരപുത്രന്‍' എന്ന് വിശേഷിപ്പിച്ച് ഭരണകൂടത്തിന്റെ നട്ടെല്ലില്ലായ്മയെ ദേശീയ പതാകയില്‍ പുതപ്പിച്ചു ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ടു.

ഇത്തരം ആണത്തമില്ലായ്മകളുടെ മാത്രം ആസ്ഥാനമായി ഭരണസിരാകേന്ദ്രങ്ങള്‍ മാറുമ്പോള്‍ ജനം നിയമം കയ്യിലെടുത്താല്‍ അത് പ്രധാനമായും ഭരണകൂടത്തിന്റെ കെടുകാര്യസ്ഥതയ്ക്കു നേരേ ലോകരാജ്യങ്ങളുടെ പുച്ഛശരങ്ങളേറ്റു വാങ്ങേണ്ട അവസ്ഥ സംജാതമാക്കുന്നു. അവിടെയും ഒന്നും ചെയ്യാനാവാതെ നില്‍ക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. പാകിസ്ഥാനില്‍ മരിച്ച സ്വന്തം നാട്ടിലെ പൌരനു വേണ്ടി യാതൊന്നും ചെയ്യാന്‍ കഴിയാതെ നോക്കി നിന്നു, രാജ്യത്തെ ജയിലില്‍ ശിക്ഷയനുഭവിച്ചു കഴിയുന്ന ഒരു വിദേശപൌരന്റെ സുരക്ഷിതത്വത്തിനായി ഒന്നും ചെയ്യാതിരുന്നു, അയാളുടെ നേരേ ആക്രമണമുണ്ടായപ്പോള്‍ സുപ്രീം കോടതി വേണ്ടി വന്നു അതേക്കുറിച്ച് വിശദീകരണം തേടാന്‍ ഇങ്ങനെ ഉദാസീനതയുടെ തോരണമായി മാറി രാജ്യത്തെ ഭരണസംവിധാനമെന്നത് ദുഃഖകരമാണ്.

ഇത്രയും സംഭവിച്ചു കഴിഞ്ഞ ഒരു അന്താരാഷ്ട്രസംഭവപരമ്പരയുടെ കണക്ക്.

രാജ്യാന്തരപ്രതിസന്ധികള്‍ക്കു പ്രതിവിധി കാണുന്നതില്‍ സര്‍ക്കാര്‍ എന്തു ചെയ്തു? ഡല്‍ഹിയില്‍ ഒരു പെണ്‍‌കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടു കൊല ചെയ്യപ്പെട്ടു. ഗവണ്മെന്റ് എന്തു ചെയ്തു? വന്‍ ജനാവലി രാജ്യതലസ്ഥാനം കീഴ്മേല്‍ മറിച്ചപ്പോള്‍ മാതൃകാപരമായ നിലപാടുകള്‍ക്കു പകരം ആ പ്രക്ഷോഭത്തെ പലവിധ മാര്‍ഗ്ഗങ്ങളിലൂടെ അമര്‍ച്ച ചെയ്തു. അന്നും ലോകജനതക്കു മുന്‍പില്‍ ഇന്ത്യന്‍ ജനത നാണം കെട്ടു നിന്നു. അവള്‍ക്കും കൊടുത്തു ‘വീരപുത്രി’ എന്നൊരു ബഹുമതി. അതിലെ കുറ്റവാളികളെ പോലും സൂക്ഷിക്കാന്‍ നമ്മുടെ ജയില്‍ സംവിധാനങ്ങള്‍ക്കു കഴിഞ്ഞോ? പോലീസിന്റെ മൂക്കിനു താഴെ ആത്മഹത്യ വരെ സംഭവിച്ചു!

ഈയവസ്ഥയില്‍ ജനം അവരവരുടേതായ വഴികളില്‍ പ്രതിരോധം തീര്‍ത്തു തുടങ്ങുന്നു എന്ന ഭീതിദമായ അവസ്ഥയിലേക്ക് രാജ്യം നീങ്ങുന്നു. ഒരു സരബ്‌ജിത്‌സിംഗിനു പകരം ഒരു സനാവുള്ളയുടെ ജീവനൊടുങ്ങി. രാജ്യം ചെയ്യാതിരുന്ന പ്രതിരോധം ജയിലില്‍ കിടന്ന ഒരു ക്രിമിനല്‍ അവന്റേതായ സംസ്കാരത്തിലൂടെ നിര്‍വ്വഹിച്ചു. രാജ്യം കൊടുക്കേണ്ടിയിരുന്ന താക്കീത് ഒരു പൌരന്‍ നല്‍കിയപ്പോള്‍ അത് വീണ്ടും രാജ്യത്തിന്റെ ഐശ്വര്യത്തിന് കരിനിഴല്‍ വീഴ്ത്തി. നാളെ ഒരു ഡല്‍ഹി പെണ്‍കുട്ടിയുടെ ആത്മാഭിമാനത്തിനു പകരം ചോദിക്കാന്‍ ഒരു ജനസമൂഹം നിയമം കയ്യിലെടുത്താല്‍, ഏതൊരു കൊടും കുറ്റകൃത്യത്തിനും നേരേ കണ്ണടച്ചിരിക്കുന്ന സര്‍ക്കാരിന് അതില്‍ വളരെ വലിയ ഉത്തരവാദിത്വം ഉണ്ടായിരിക്കും.

സ്വന്തം രാജ്യത്തിന്റെ അതിര്‍ത്തി ലംഘിച്ച് ഒരു അയല്‍‌രാജ്യം കിലോമീറ്ററുകള്‍ കടന്നു കയറി ടെന്റടിച്ചിട്ട് അക്ഷരം മിണ്ടാതെ നോക്കുകുത്തിയായിരിക്കുന്ന ഒരു സര്‍ക്കാര്‍ ഈ ലോകചരിത്രത്തില്‍ തന്നെ ആദ്യമായിരിക്കാം. റോമാനഗരം കത്തിയെരിഞ്ഞപ്പോള്‍ വീണവായിച്ച ചക്രവര്‍ത്തിയുടെ ഇന്ത്യന്‍ പതിപ്പ്! ഇവിടെ വീണ മാത്രമല്ല കഴിവുകേടുകളുടെ കൈകൊട്ടിക്കളിയും കൂടി ചേര്‍ത്തെഴുതണം.

നിഷ്ക്രിയവും, നിര്‍ഗ്ഗുണവുമായ ഭരണകൂടങ്ങള്‍ക്കെതിരേ വിപ്ലവം ജ്വലിച്ചുയര്‍ന്ന കഥകള്‍ ലോകചരിത്രത്തില്‍ ധാരാളമുണ്ട്. അവയുടെ തനിയാവര്‍ത്തനങ്ങള്‍ക്ക് കളമൊരുങ്ങുന്നത് നിര്‍ജ്ജീവമായ ഭരണസംവിധാനങ്ങള്‍ വീണ്ടും നിലവില്‍ വരുമ്പോഴാണെന്നത്, രാഷ്ട്ര നേതാക്കള്‍ മറക്കാതിരിക്കുക. വോട്ടു നല്‍കി അയച്ചവരെ തിരിച്ചു വിളിക്കാനുള്ള അധികാരമേ ജനങ്ങള്‍ക്കില്ലാതെയുള്ളൂ, ക്ഷമ കെടുന്ന പൌരാവലിയുടെ നിസ്സഹായതയില്‍ നിന്നും ഉയിര്‍ക്കൊള്ളുന്ന ആത്മരോഷത്തിന്റെ തീ പടര്‍ന്നാല്‍ അതില്‍ ദഹിക്കാതിരിക്കാന്‍ പോന്ന താപക്ഷമതയൊന്നും ജനാധിപത്യരാജ്യത്തിന്റെ രാഷ്ട്രീയ സിംഹാസനങ്ങള്‍ക്കില്ലെന്ന യാഥാര്‍ത്ഥ്യം ദന്തഗോപുരങ്ങളില്‍ സ്തുതിഗീതങ്ങളാലപിക്കുന്ന ആസ്ഥാനഗായകര്‍ ഇടക്കിടെ ഓര്‍ത്തു പാടുന്നതും നന്ന്...

3 comments:

ശ്രീ said...

എന്തു പറയാനാനു മാഷേ...

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

നീതി നിർവഹണം ജനങ്ങൾ ചെയ്തു തുടങ്ങിയാൽ ??

ബഷീർ said...

ജനങ്ങൾ നിയമം കൈയ്യിലെടുത്താൽ പിന്നെ രാജ്യത്ത് ജീവിക്കാൻ കഴിയില്ല..