Tuesday, May 18, 2010

ജാതിബോധം രാഷ്ട്രബോധത്തിലൂടെ ഉന്‍‍മൂലനം ചെയ്യുക

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ബ്ലോഗുകളില്‍ തുടര്‍ന്നു വരുന്ന, ഒരു കേസിനെ സംബന്ധിക്കുന്ന ചര്‍ച്ചകള്‍, നിഷ്പക്ഷമതികളെന്നും, പുരോഗമന ചിന്താഗതിയുടെ പ്രചാരകരും, പ്രയോക്താക്കളുമെന്നും തെറ്റിദ്ധരിച്ചു പോയ കുറേപ്പേരുടെ കപടമുഖങ്ങള്‍ വെളിച്ചത്തു കൊണ്ടുവരാന്‍ സാധിക്കുന്നുവെന്നത് ഒരു സത്യമാണ്.

ഇവിടെ ഏറ്റവും വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കുന്നത്, ആഭ്യന്തര കലാപം ലക്ഷ്യം വച്ചു കൊണ്ട് നടന്ന ഒരു അസഭ്യവര്‍ഷത്തെ അതിന്‍റെ കാതലായ, ഗൂഢാലോചന, കരുതിക്കൂട്ടിയുള്ള അവഹേളനം, കലാപം സൃഷ്ടിക്കാനുള്ള മനഃപ്പൂര്‍വ്വമായ ശ്രമം, സൈബര്‍ നിയമങ്ങളുടെ ലംഘനം, ഭരണഘടന വാഗ്ദാനം ചെയ്തിട്ടുള്ള എല്ലാ സമൂഹങ്ങള്‍ക്കും അര്‍ഹമായ മാന്യതയെ അവഹേളിക്കുക വഴി നടത്തുന്ന ഭരണഘടനാലംഘനം എന്ന നിയമലംഘനം തുടങ്ങിയ വസ്തുതകളെ തമസ്കരിച്ചുകൊണ്ട് മനഃപ്പൂര്‍വ്വമായി കുറ്റാരോപിതന്‍ കേവലം ഒരു തൂലികാനാമം മാത്രമാണുപയോഗിച്ചത് എന്ന് ഇതിനെ നിസ്സാരവല്‍ക്കരിക്കുന്നവര്‍ ജാതി-മത-വര്‍ണ്ണ-വര്‍ഗ്ഗങ്ങള്‍ക്കതീതരും രാജ്യസ്നേഹികളും എന്ന് അവകാശപ്പെടുന്നതു കാണുമ്പോള്‍ ഇപ്പറഞ്ഞ വിശേഷണങ്ങളുടെ അര്‍ത്ഥവും വ്യാഖ്യാനവും നമ്മുടെ ഭരണഭാഷകൂടിയായ മലയാളത്തില്‍ പില്‍ക്കാലത്തേതില്‍ നിന്നും വിഭിന്നമാവുകയോ, തിരുത്തപ്പെടുകയോ ചെയ്തിട്ടുണ്ടോ എന്ന് പുതുതായി ഇറങ്ങിയ നിഘണ്ടുക്കളില്‍ പരതേണ്ടിയിരിക്കുന്നു!

കുറ്റാരോപിതനായ ബ്ലോഗര്‍ വെറുതേ ഒരു തൂലികാനാമം സ്വീകരിക്കുകയല്ലായിരുന്നു. മറിച്ച് ഒരു സമുദായത്തെ അവഹേളിക്കുക എന്ന കുറ്റകൃത്യം; വ്യക്തിനാമം, മതം, മത ചിഹ്നം, അപരന്‍റെ ചിത്രം, അദ്ധ്യാപകന്‍ എന്ന ബഹുമാന്യനാമത്തെ തന്‍റെ വാക്കുകള്‍ക്ക് ആധികാരികത നല്‍കുവാന്‍ വിനിയോഗിക്കുക, അതിനു ശക്തി നല്‍കുവാന്‍ പതിറ്റാണ്ടുകളുടെ (റിട്ടയര്‍ ചെയ്യുന്നതു വരെയുള്ള പതിറ്റാണ്ടുകള്‍) ജീവിതപരിചയം എന്ന പ്രസ്താവന ഇവയിലൂടെ മറ്റൊരു മതത്തിന്‍റെ മുകളില്‍ കെട്ടി വയ്ക്കുക എന്ന കുറ്റമാണ് ചെയ്തത്.

ഇന്നു നടക്കുന്ന ചര്‍ച്ചകളില്‍ ചരിത്ര സത്യങ്ങള്‍ എന്ന് ആവര്‍ത്തിച്ചു പറയുന്ന പ്രസ്തുത ബ്ലോഗിലെ അസത്യങ്ങളായ അസഭ്യങ്ങളെയും പ്രസ്തുത കുറ്റകൃത്യത്തെയും ന്യായീകരിക്കുക വഴി നിലവിലിരിക്കുന്ന കേസിനെ, ആ വ്യവഹാരത്തിനു തീര്‍പ്പു കല്‍‍പ്പിക്കേണ്ട ജുഡിഷ്യറിയെ വെല്ലു വിളിക്കുക എന്ന കോടതിയലക്ഷ്യ നടപടിയാണ് അവര്‍ ചെയ്യുന്നത്.

മറ്റൊരു പരാതി, ബഹുമാനപ്പെട്ട എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി എന്തിനാണ് ഈ കേസില്‍ ഇടപെട്ടതെന്നതാണ്. നായര്‍ എന്ന പേരില്‍ വിളിക്കപ്പെടുന്ന ഒരു സമൂഹത്തിന്‍റെ നായകസ്ഥാനത്തിരിക്കുന്ന ആളാണ് അദ്ദേഹം. ആ സമുദായത്തിലുള്ള ഓരോ വ്യക്തിയുടേയും ക്ഷേമവും, അഭിമാനവും സം‍രക്ഷിക്കാന്‍ ബാധ്യതയുള്ള പദവിയില്‍ ഇരിക്കുന്ന ആള്‍. പുരാതീന കാലം മുതല്‍ ഇന്നുവരെയുള്ള നായന്മാരെയും അവരുടെ അമ്മപെങ്ങന്മാരെയും അപമാനിച്ചാല്‍ മറ്റാരാണ് അതിനു മറുപടി പറയേണ്ടത്? ഇക്കാര്യത്തില്‍ അദ്ദേഹത്തെക്കാള്‍ അര്‍ഹനായ വ്യക്തി ആരാണ്?

കുറ്റാരോപിതനായ വ്യക്തി പോലും അവകാശപ്പെട്ടിട്ടില്ല ഇത് ചരിത്ര പഠനമാണെന്ന്, പക്ഷെ ഇക്കാര്യത്തില്‍ ചോര തിളച്ചവര്‍ ഇതിനെ ചരിത്ര പഠനമെന്ന പൊന്നാടയണിക്കുവാനാണ് ശ്രമിക്കുന്നത്. പഠനമെങ്കില്‍ തന്നെ, എന്തുകൊണ്ടാണ് നായര്‍ സമുദായത്തെ തിരഞ്ഞെടുത്ത്? സ്വന്തം സമുദായത്തില്‍ പഠിക്കാന്‍ പറ്റിയ ഒരു ചരിത്രം ഇല്ലായിരുന്നോ? ഒരു സമുദായത്തിന്‍റെ ആചാരാനുഷ്ഠാനങ്ങളെപ്പോലും തെറിവാക്കുകള്‍ കൊണ്ട് അവഹേളിക്കുന്നത് കണ്ട് ക്ഷമയോടെ പോകണമായിരുന്നു എന്നാണോ ഇവരുടെ ആഗ്രഹം? പൊതുസ്ഥലത്ത് അസഭ്യം പറയുക എന്നതും പൊലീസ് നിയമപ്രകാരം കുറ്റകൃത്യം തന്നെ. തെളിവും സാഹചര്യവുമനുസരിച്ച് പിഴയും തടവുമൊക്കെ കിട്ടാവുന്ന കുറ്റം തന്നെ. ആവിഷ്കാരസ്വാതന്ത്ര്യമെന്നു പറഞ്ഞ് പൌരന്മാരായ ഒരു ജനസമൂഹത്തെ തിരഞ്ഞു പിടിച്ച് അവരുടെ നെഞ്ചത്ത് കുതിരകയറുന്നത് ഒരു രാജ്യത്തെയും, ഒരു നിയമ വ്യവസ്ഥയും ന്യായീകരിക്കുമെന്നു തോന്നുന്നില്ല.

ഒരു കാലത്ത് നായര്‍ സമൂഹം കയ്യാളിയിരുന്ന പദവികള്‍, അവര്‍ക്കുണ്ടായിരുന്ന ബൌദ്ധികവും, സാംസ്കാരികവുമായ മേന്മകള്‍, ഇന്നും തുടരുന്ന അവരുടെ ആത്മാഭിമാന ബോധം ഇവയില്‍ ഇനിയും ഔഷധം കണ്ടു പിടിച്ചിട്ടില്ലാത്ത അസൂയ എന്ന മാരക രോഗം മനസ്സിനെ ബാധിച്ചവര്‍ അവസരം കിട്ടുമ്പോഴെല്ലാം ആ വിഷം സമൂഹത്തിലേക്കു വമിക്കുന്നത് ഇന്നും ഇന്നലെയും തൂടങ്ങിയതല്ലെന്നറിയാം. അതിനൊന്നും മറുപടി പറയുകയുമല്ല ഈ ലേഖകന്‍റെ ലക്ഷ്യം. എന്നാല്‍ പരസ്പരം ഇണങ്ങിയും, സ്നേഹിച്ചും, സഹകരിച്ചും ജീവിക്കുന്ന നാട്ടിലെ രണ്ടു സമൂഹങ്ങളുടെയിടയില്‍ സ്പര്‍ദ്ധ വളര്‍ത്തുക എന്ന, നാടിന്‍റെ സമാധാനത്തിനും, അച്ചടക്കത്തിനും തുരങ്കം വയ്ക്കുന്ന ഗൂഢലക്ഷ്യത്തിന്‍റെ ആവിഷ്ക്കാരസ്വാതന്ത്ര്യം തടയപ്പെടേണ്ടതാണ്.

ഈ കേസിനെ വിമര്‍ശിക്കുന്നവര്‍ക്ക് ഈ സത്യങ്ങള്‍ ഒന്നും അറിയാഞ്ഞല്ല. എന്നാല്‍ എല്ലാവരും വിധേയപ്പെട്ടു ജീവിക്കേണ്ട രാജ്യത്തിന്‍റെ നിയമവാഴ്ചയോടുള്ള വിയോജനക്കുറിപ്പുകളായേ ഇവയെ കാണുവാന്‍ കഴിയുകയുള്ളൂ. എന്തുകൊണ്ട്‌ ഇവര്‍ നിയമത്തെ പേടിക്കുന്നു? കുറ്റം ചെയ്തവരും, ചെയ്തുകൊണ്ടിരിക്കുന്നവരും, ചെയ്യാന്‍ ആഗ്രഹിക്കുന്നവരും മാത്രമേ നിയമത്തെ ഭയപ്പെടേണ്ടതുള്ളൂ. അത്തരം ഭയത്തില്‍ നിന്നുടലെടുത്ത വിലാപങ്ങളാണിവ. എന്ത് അസംബന്ധവും ചെയ്യാനുള്ള സ്വാതന്ത്ര്യം തങ്ങള്‍ക്കു ലഭ്യമാകണം എന്ന വാശി
അച്ചടക്കമുള്ള ഒരു രാജ്യത്തെ പൌരസമൂഹത്തിനു ചേര്‍ന്നതല്ല.


ഇവിടെ ജാതിക്കും മതങ്ങള്‍ക്കും എതിരായി ഘോരഗര്‍ജ്ജനങ്ങള്‍ നടത്തുന്നവരുടെ കാപട്യം മനസ്സിലാകണമെങ്കില്‍ ഒരേയൊരു കാര്യം ശ്രദ്ധിച്ചാല്‍ മതി. അവര്‍ നിലനില്‍ക്കുന്ന സമുദായത്തിനെതിരേ ഒരക്ഷരം കൊണ്ടു പോലും അവര്‍ വിമര്‍ശിക്കില്ല. ഇതിലെന്ത് നിഷ്പക്ഷത? ഇതിലെന്തു സത്യസന്ധത? അതോ ആത്മീയവും, ബൌദ്ധികവും, വൈയക്തികവുമായി പൂര്‍ണ്ണത കൈവരിച്ച ഒരു സമുദായമാണതെന്ന് അവര്‍ വിശ്വസിക്കുന്നതുകൊണ്ടാണോ? അല്ല, അങ്ങനെ പൂര്‍ണ്ണത കൈവരിച്ച ഒരു സമുദായം ഉണ്ടോ?

ഈ ചര്‍ച്ചകള്‍ക്കിടയില്‍ ഉയര്‍ന്നു വന്ന ഏറ്റവും ബാലിശവും, ഏറെ ചിരിപ്പിച്ചതുമായ ഒരു ചോദ്യമാണ്, സമുദായത്തെ ചോദ്യം ചെയ്യുന്നതിനെതിരെ പ്രതികരിക്കുന്നു; എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികളെ വിമര്‍ശിച്ചാല്‍ കുറ്റമില്ലാത്തതെന്താണെന്ന്. സമുദായം ഒരു പ്രത്യേക ജീവിത രീതിയും, ആചാരാനുഷ്ഠാനങ്ങളടക്കമുള്ള കാര്യങ്ങളില്‍ ഏകതാബോധവുമുള്ള കുറേ വ്യക്തികളുടെ സമൂഹമാണ്. കുറേ വ്യക്തികള്‍ ചേര്‍ന്ന ഒരു വലിയ വ്യക്തിത്വം. അത് വ്യക്ത്യധിഷ്ഠിതം തന്നെ. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍, പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ രാഷ്ട്രത്തെ സംബന്ധിക്കുന്നതാണ്. ജനാധിപത്യ രാജ്യമായ ഇന്‍ഡ്യയിലെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ നിരന്തരം വിമര്‍ശിക്കപ്പെടുകയും, നവീകരിക്കപ്പെടുകയും (തെറി വിളിക്കപ്പെടുകയല്ല) ചെയ്യേണ്ടത് രാജ്യത്തിന്‍റെ പുരോഗതിയുടെയും വളര്‍ച്ചയുടെയും ആവശ്യമാണ്. രാജ്യപുരോഗതിക്കു വേണ്ടി നിലനില്‍ക്കുന്ന ഒരു രാഷ്ട്രീയപ്പാര്‍ട്ടിയെ വിമര്‍ശിക്കാനുള്ള ഒരു പൌരന്‍റെ സ്വാതന്ത്ര്യം, ഭരണഘടന നിയമം കൊണ്ട് സുരക്ഷിതമാക്കിയിട്ടുള്ളതും, സം‍രക്ഷിക്കുന്നതുമായ വ്യക്തിസ്വാതന്ത്ര്യത്തിന്‍റെയും, വിശ്വാസങ്ങളുടെയും, ആചാരങ്ങളുടെയും മേല്‍ കടന്നു കയറാന്‍ വേണമെന്ന് ശഠിക്കുന്നതിലെ യുക്തി എനിക്കു മനസ്സിലാകുന്നില്ല.

മറ്റൊരു തമാശ, സിനിമകളും, കലകളുമെല്ലാം നായരുടെ കഥകള്‍ പറയുന്നു എന്നതാണ്. പിന്നെ നസ്രാണിയുടെ കഥകളും. ആകയയല്‍ നായരും നസ്രാണിയും സവര്‍ണ്ണ ഫാസിസ്റ്റുകളാണത്രേ! ഒരു കഥാകാരന്‍ അല്ലെങ്കില്‍ കലാകാരന്‍ അയാള്‍ക്കിഷ്ടമുള്ള കഥയോ കലയോ സ്വീകരിക്കട്ടെ. എന്തിനാണ് അയാളുടെ സ്വാതന്ത്ര്യത്തില്‍ കൈകടത്തുന്നത്? സൌകര്യമുണ്ടെങ്കില്‍ മാത്രം ആ കലയെ സ്വാഗതം ചെയ്താല്‍ പോരേ? ഏതു വിശ്വാസപ്രമാണങ്ങളിലും ഊന്നി -രാജ്യതാല്പര്യങ്ങള്‍ക്ക് വിരുദ്ധമല്ലാത്തതും, മറ്റു വ്യക്തിത്വത്തെയോ സമൂഹത്തെയോ ഒരര്‍ത്ഥത്തിലും മുറിപ്പെടുത്താത്തതുമായ- കലാസൃഷ്ടികള്‍ നടത്താന്‍ ഭരണഘടന സ്വാതന്ത്ര്യം തന്നിട്ടുണ്ട്. സ്വന്തമായി കഥയുള്ളവര്‍ക്ക് ആര്‍ക്കും അതെഴുതുകയോ, ഇഷ്ടമുള്ള മമധ്യമത്തിലൂടെ അവതരിപ്പിക്കുകയോ ആവാം. അങ്ങനെ ഉണ്ടാവുന്നുമുണ്ട്. അതൊന്നും കാണാന്‍ ഒരു പ്രത്യേക സമൂഹത്തെ മാത്രം ലക്ഷ്യം വച്ചിറങ്ങിയിട്ടുള്ളവര്‍ക്ക് കണ്ണുകള്‍ ഇല്ലാതെ പോയതിന് മറ്റുള്ളവര്‍ എന്തു പിഴച്ചു???

നമ്മുടെ രാജ്യത്തെ സര്‍ക്കാര്‍ രേഖകളില്‍ നിന്നും ജാതി-മത നാമങ്ങള്‍ ഉന്മൂലനം ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്. അല്ലാതെ ജാതി വികാരം കളയാന്‍ ജാതിഭ്രാന്തു പറയുകയും അസഭ്യവര്‍ഷം നടത്തുകയുമല്ല ഇതിനു പ്രതിവിധി.

സാധാരണക്കാരന്‍റെ ഭാഷ, സംസാരഭാഷ, നാട്ടുഭാഷ, അവര്‍ണ്ണന്‍റെ ഭാഷ എന്നിങ്ങനെയുള്ള വിശേഷണത്തോടെ അശ്ലീലവും, അസഭ്യവും പ്രചരിപ്പിക്കുന്നവര്‍ സാധാരണക്കാരനോടും, നാടിനോടും, അയാള്‍ ഉദാഹരിക്കുന്ന ജനസമൂഹത്തോടും, സര്‍വ്വോപരി മാതൃഭാഷയോടും വലിയ അപരാധം ചെയ്യുകയാണ്. സാധാരണക്കാരന്‍റെ സാംസ്കാരിക മൂല്യങ്ങളെ ഇകഴ്ത്തിക്കാണിക്കുന്നതിലൂടെ രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരന്‍റെ മുഖത്ത് കരി വാരിത്തേയ്ക്കുകയാണ്. മഹാത്മാഗാന്ധി എന്ന സാധാരണക്കാരന്‍; ലോകം കണ്ട ഏറ്റവും വിപ്ലവകരമായ സഹനസമരത്തിലൂടെ, സവര്‍ണ്ണാധിപത്യം സുശക്തമായിരുന്ന കാലഘട്ടത്തില്‍ നിന്നും സാധാരണ ജനങ്ങളെ പുരോഗതിയിലേക്കു കൈപിടിച്ചു നടത്തിയത് തെറിഭാഷ പറഞ്ഞിട്ടായിരുന്നില്ല. മിതവും, മൃദുവുമായ, മധുരതരമായ ഭാഷയിലൂടെ തന്നെയാണ്. യേശുദേവനും, ശ്രീകൃഷ്ണനും, പ്രവാചകന്‍ മുഹമ്മദ് നബിയും കഴിഞ്ഞാല്‍ ലോകത്ത് ഇത്രയധികം ആരാധകരുള്ള മറ്റൊരു വ്യക്തിത്വം ഇല്ലെന്നു തന്നെ പറയാം. ഗാന്ധിജിയെ ഒന്നു സ്പര്‍ശിച്ചതിനെക്കുറിച്ച് ഉള്‍‍പ്പുളകത്തോടെ ആരാധ്യനായ കഥാകാരന്‍ ശ്രീ വൈക്കം മുഹമ്മദ് ബഷീര്‍ എഴുതിയിട്ടുണ്ട്. നമ്മുടെ രാഷ്ട്രപിതാവായ അദ്ദേഹം പ്രാകൃതഭാഷയിലൂടെയല്ല ജനങ്ങളെ പ്രബുദ്ധരാക്കിയത്.

അധഃപ്പതിച്ച ഒരു വലിയ ജനസമൂഹത്തിന്‍റെ ആത്മാവില്‍ പ്രബുദ്ധതയുടെയും, ആത്മീയ ചൈതന്യത്തിന്‍റെയും സൂര്യകിരണം ആദ്യമായി പതിപ്പിച്ച വിപ്ലവകാരിയായ ആത്മീയാചാര്യന്‍ ശ്രീനാരായണഗുരുദേവന്‍ ഉപയോഗിച്ചിരുന്ന ഭാഷയും അസഭ്യമായിരുന്നില്ല. ശാന്തഗംഭീരമായ, മനോഹരമായ ഭാഷ തന്നെയായിരുന്നു. അദ്ദേഹത്തിന്‍റെ സമകാലീനനായിരുന്ന മഹാകവി കുമാരനാശാന്‍ ശക്തമായ സംസ്കൃതസ്വാധീനമുള്ള കാവ്യസൂനങ്ങളിലൂടെ സംവദിച്ചതും സാധാരണ ജനങ്ങളോടായിരുന്നു. ഇന്നത്തെയത്ര സാക്ഷരത പോലുമില്ലായിരുന്ന അക്കാലത്തും ജനം അതു നെഞ്ചേറ്റി വാങ്ങുക തന്നെ ചെയ്തു. നൂറാം വാര്‍ഷികം ആഘോഷിച്ച മറ്റേതൊരു സാഹിത്യകൃതിയുണ്ട് മലയാളത്തില്‍?

സാധാരണക്കാരന്‍റെയും, കീഴാളര്‍ എന്ന വിശേഷണത്തിന്‍ കീഴില്‍ വീര്‍പ്പു മുട്ടിക്കഴിഞ്ഞിരുന്ന വലിയ ഒരു ജനസമൂഹത്തിന്‍റെയും സം‍രക്ഷണത്തിനും, ഉന്നമനത്തിനും വളരെയധികം ഊന്നല്‍ കൊടുത്തിരിക്കുന്ന ഒരു ഭരണഘടനയാണ് ഡോ.അംബേദ്‌കര്‍ എഴുതിയുണ്ടാക്കിയ ഇന്‍ഡ്യന്‍ ഭരണഘടന. അതും പ്രൌഢമായ ഭാഷയിലാണ് അല്ലാതെ അപരിഷ്കൃതമായ ഭാഷയിലല്ല വിരചിതമായിട്ടുള്ളത്. ഇതെല്ലാം വിസ്മരിച്ചുകൊണ്ടാണ്‌ സാധാരണക്കാരന്‍റെ ഭാഷ അപരിഷ്കൃതവും അസഭ്യവുമെന്ന് ഏകപക്ഷീയമായി പ്രഘ്യാപിക്കുന്നത്.

സമൂഹത്തിനു നേരേ - അത് ഏതൊരു സമൂഹവുമായിക്കോട്ടെ- ഉണ്ടാകുന്ന കടന്നാക്രമണങ്ങള്‍ക്കു തടയിടേണ്ടത് രാഷ്ട്രബോധവും, പിറന്ന മണ്ണിനോട്‌ കൂറുമുള്ള ഓരോ പൌരന്‍റെയും കടമയും, ധര്‍മ്മവുമാണ്. നമ്മില്‍ ആ ബോധം ശക്തിപ്രാപിക്കേണ്ടതിന്‍റെ ആവശ്യകത വളരെ വലുതാണ്.

എന്തിഹ തിരുമുഖം താഴ്ത്തി നീയിരിക്കുന്നു
നിന്തിരുവടി,യമ്മേ നിഭൃതം കരയ്കയോ...

മഹാകവി ഭൂമിദേവിയോടു ചോദിച്ച ഈ ചോദ്യം ഞാന്‍ കടമെടുക്കട്ടെ, എന്‍റെ പിറന്ന നാടിനോടു ചോദിക്കാന്‍...


Saturday, May 15, 2010

സൈബര്‍ കേസ്‌, ചിത്രകാരന് ഒരു തുറന്ന കത്ത്

മുഖ്താര്‍ എന്ന സുഹൃത്തിന്‍റെ http://www.muktharuda.co.cc/2010/05/blog-post_14.html ഈ ലിങ്കില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ശ്രീ. ചിത്രകാരന്‍റെ ചില പരാമര്‍ശങ്ങള്‍ക്കുള്ള മറുപടിയാണിത്.

പ്രിയ സുഹൃത്തേ,

(മനുഷ്യന്മാരാകാന്‍ ഈ ചൂലുകള്‍ക്ക് ഭാഗ്യമുണ്ടാകട്ടെ എന്നാശംസിക്കുന്നു !!!) ഇത് താങ്കളുടെ ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനയെങ്കില്‍, പ്രസ്തുത ചൂലിലെ ഒരു ഈര്‍ക്കിലി ആയെങ്കിലും എന്നെയും ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ താങ്കള്‍ തീര്‍ച്ചയായും ഒരു വിശദീകരണം അര്‍ഹിക്കുന്നു.

കുറ്റകൃത്യങ്ങള്‍ക്ക് പല മുഖങ്ങളുണ്ട്. കുറ്റവാളികള്‍ക്ക് പല ലക്ഷ്യങ്ങളും. അത്തരത്തിലൊന്നായിരുന്നു ‘വിചിത്ര കേരളം’ എന്ന പേരില്‍ കേരളത്തിലെ ഒരു സമുദായത്തെ ഒന്നടങ്കം ആക്ഷേപിച്ചുകൊണ്ടും, അവരുടെ അമ്മപെങ്ങന്മാരെ ജുഗുപ്സാവഹമായ രീതിയില്‍ അപമാനിച്ചുകൊണ്ടും തുടര്‍ന്നു വന്നിരുന്ന ബ്ലോഗ്.

നാട്ടിലെ രണ്ടു സമൂഹങ്ങളെ തമ്മിലടിപ്പിക്കുക എന്ന ലക്ഷ്യമായിരുന്നു ഇതിനു പിന്നില്‍. ഹിന്ദുവായ ഒരാള്‍ ക്രിസ്ത്യാനിയുടെ പേരില്‍, (പേര് വ്യാജം, തൊഴില്‍ വ്യാജം, അവകാശപ്പെടുന്ന പ്രായം വ്യാജം എന്നു വേണ്ട സര്‍വ്വം വ്യാജമയം) ഇത്തരം അവഹേളനങ്ങള്‍ നടത്തുമ്പോള്‍, വീണ്ടുവിചാരമില്ലാതെ ആരെങ്കിലും ക്രിസ്ത്യാനിയെയും ചീത്ത വിളിക്കും. വിഷയം മതമായതുകൊണ്ട് വര്‍ഗ്ഗീയ കലാപം ഉടലെടുക്കുന്നതിന് വലിയ കാലതാമസവും ഉണ്ടാകില്ല. ഇങ്ങനെ തമ്മില്‍ തല്ലി സഹജീവികള്‍ നശിച്ചു കാണാന്‍ എന്തിന് ആഗ്രഹിക്കുന്നു???

ഒറ്റനോട്ടത്തില്‍ ഇതൊരു തീവ്രവാദപരിവേഷമാണ് തോന്നിച്ചത്. (ഇന്ന് നമ്മള്‍ കേള്‍ക്കുന്ന വാര്‍ത്തകളെല്ലാം അമ്പരപ്പിക്കുന്നതാണല്ലോ...) ശ്രീ. അഭിമന്യുവിന്‍റെ ബ്ലോഗിലാണ് ഇതിനെതിരെയുള്ള പ്രതിഷേധം ആദ്യമായി കണ്ടത്. തുടര്‍ന്ന് സൈബര്‍ സെല്‍, ഹൈടെക് സെല്‍ തുടങ്ങിയവയിലേക്ക് ഓരോ കത്തുകള്‍ അയച്ചിരുന്നു. നേരില്‍ വിളിച്ച് വിവരം അറിയിക്കുകയും ചെയ്തു. ഒരു കോപ്പി നായന്മാരുടെ തലസ്ഥാനത്തേക്കും അയച്ചു. അപ്പൊഴും ഇതു സംഗതി തീവ്രവാദമാണോ എന്ന ഭയം (അതേ ഭയം തന്നെയാണ്, എന്‍റെ നാട്‌ ഒരു കലാപവേദിയായി കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇത്തരം പ്രവണതകളെ നാം ഭയക്കേണ്ടിയിരിക്കുന്നു.) അധികരിച്ചു വന്നപ്പോള്‍, പ്രവാസികാര്യമന്ത്രിയായിരുന്ന ഡോ. ശശി തരൂരിനും (അദ്ദേഹം നായരായതു കൊണ്ടല്ല, മറിച്ച് ഞാന്‍ ഒരു പ്രവാസി ആയതുകൊണ്ടാണ്) ഒരു മെയില്‍ കാച്ചി. നമ്മുടെ ബ്ലോഗില്‍ തന്നെയുള്ള മറ്റു പലരും സൈബര്‍ സെല്ലില്‍ പരാതിപ്പെട്ടതായി കേള്‍ക്കുന്നു. അങ്ങനെ ഇന്നലെ രാവിലെയാണ് നാട്ടില്‍ നിന്നും ഒരറിയിപ്പു കിട്ടുന്നത്, ഡേയ് ലവനു പണി കിട്ടിയെടാ എന്ന്. കൃതാര്‍ത്ഥമായി.

ഇനിയെങ്കിലും ഇത്തരം ചുറ്റിക്കളികളുമായി ഇറങ്ങുന്നവര്‍ സൂക്ഷിക്കുക. ഇന്‍ഡ്യയിലെ തന്നെ ഏറ്റവും മികച്ച സൈബര്‍ കുറ്റാന്വേഷണ സംഘം ആണ് കേരള പൊലീസിന്‍റേത്. ഇതുവരെ അന്വേഷിച്ച ഒരു കേസ്‌ പോലും തെളിയിക്കാതിരുന്ന ചരിത്രം സൈബര്‍ സെല്ലിന് എന്‍റെയറിവിലില്ല. പിന്നെന്തിനാണ് വെറുതേ അവര്‍ത്തിച്ചു പരീക്ഷണങ്ങള്‍ നടത്തുന്നത്?

ഇതിനെതിരെ പ്രതികരിച്ചത് ഞാന്‍ ഒരു നായരായതു കൊണ്ടോ, നായര്‍ സമുദായത്തെ പറഞ്ഞതു കൊണ്ടോ മാത്രം അല്ല. ഏതു സമുദായത്തെ ആര് അവഹേളിച്ചാലും അത് ഒരു രാജ്യത്തിന്‍റെ അഖണ്ഡതയ്ക്കു തുരങ്കം വയ്ക്കുന്ന നടപടിയാണ്. മറ്റൊന്നുള്ളത്, നായര്‍ സമുദായത്തില്‍ ജനിച്ച് പേരിന്‍റെ അറ്റത്ത് പണിക്കര്‍ എന്ന് (അന്തസ്സോടെ തന്നെയാണ്) ഔദ്യോഗികമായി ഇന്നും ഉപയോഗിക്കുന്ന എനിക്ക് അച്ഛനപ്പൂപ്പന്മാരെയും, അമ്മപെങ്ങന്‍‍മാരെയും അധിക്ഷേപിക്കുന്നതു കണ്ടാല്‍ മിണ്ടാതെ നിക്കാന്‍ ആവില്ല. താങ്കള്‍ ന്യായീകരിക്കുന്നതു പോലെ അദ്ദേഹം ചെയ്തതില്‍ തെറ്റൊന്നും ഇല്ലായിരുന്നെങ്കില്‍ പിന്നെ എന്തു കൊണ്ട് അറസ്റ്റുണ്ടായി? അത് രാജ്യത്തിന്‍റെ നിയമവ്യവസ്ഥക്ക് എതിരായ പ്രവൃത്തി ചെയ്തതു കൊണ്ടല്ലേ? സാമൂഹ്യബോധമുള്ള പൌരന്മാര്‍ നിയമവാഴ്ചയെ മാനിക്കുകയല്ലേ വേണ്ടത്? ഒരു പരാതി ആയി അല്ല മറിച്ച് അറിയിപ്പായി മാത്രമാണ് ഞാന്‍ കത്തയച്ചതും.

തമ്മില്‍ തല്ലിക്കുക എന്നതു മാത്രമായിരുന്നു ആ ബ്ലോഗിന്‍റെ ആത്യന്തികമായ ലക്ഷ്യം. നിയമം അറിയുന്ന ഒരാള്‍ തന്നെ ഇതു ചെയ്തതില്‍ അത്ഭുതപ്പെടാനേ തരമുള്ളൂ. ഒരു പൊതുസേവനസങ്കേതം ദുര്‍വിനിയോഗം ചെയ്യുന്നവര്‍ക്ക് ഇതൊരു മുന്നറിയിപ്പാകട്ടെയെന്നു പ്രത്യാശിക്കുന്നു.

താങ്കളുടെ വിമര്‍ശനങ്ങളെ ഖണ്ഡിക്കുകയല്ല മറിച്ച് ബോദ്ധ്യമാകുന്ന വിശദീകരണം നല്‍‍കുവാന്‍ ശ്രമിക്കുന്നുവെന്നു മാത്രം. എന്തു കൊണ്ടാണ് ഒരു ഇ മെയിലില്‍ ഒതുക്കാമായിരുന്ന ഈ കാര്യങ്ങള്‍ ഒരു തുറന്ന കത്തായി എഴുതുന്നതെന്നു വച്ചാല്‍ ഈ നടപടിയെ ആശങ്കയോടെയോ, സംശയത്തോടെയോ, ജാതി ചിന്തയുടെ നിഴലിലോ നോക്കിക്കാണുന്നവരുണ്ടെങ്കില്‍ അവര്‍ക്കു കൂടിയുള്ള വിശദീകരണമാണ്. താങ്കള്‍ക്ക് എന്‍റെ ഉദ്ദേശ്യശുദ്ധി ബോദ്ധ്യമായിട്ടുണ്ടാകുമെന്നു വിശ്വസിക്കുന്നു.