Wednesday, March 31, 2010

ഏഷ്യാനെറ്റേ കൊഞ്ഞനം കുത്തുകയാണോ?

ജനങ്ങള്‍ വെറും കഴുതകളാണെന്ന് വിശ്വസിക്കരുത്. നിങ്ങള്‍ കൊട്ടിഘോഷിച്ച് ഉല്‍ഘാടിച്ച ഏഷ്യാനെറ്റ് മിഡില്‍ ഈസ്റ്റ് എന്ന പേരില്‍ ഇപ്പോള്‍ പ്രവാസി മലയാളികളെ നോക്കി കൊഞ്ഞനം കുത്തിക്കൊണ്ടിരിക്കുന്ന ചാനലിനെക്കുറിച്ചു തന്നെയാണ് പറയുന്നത്. നിങ്ങള്‍ക്ക് മറ്റു ചാനലുകള്‍ പേ ചാനല്‍ ആക്കണമെങ്കില്‍ ആയിക്കോ, കാശുള്ളവന്‍ അതു കൊടുത്തു കണ്ടോളും. പുതിയ ചാനലുകള്‍ വരുന്നതും നല്ലതു തന്നെ. പക്ഷേ ഏറ്റവും കുറഞ്ഞത് പ്രവാസികളുടെ സമയ ലഭ്യതയെക്കുറിച്ച് ഒരു പഠനമെങ്കിലും നടത്തണമായിരുന്നു.

അവിടുത്തെ തല മൂത്ത മാനേജര്‍മാരൊക്കെ എവിടുന്നാണാവോ ഡിഗ്രിയെടുത്തത്? രാവിലെ എഴുന്നേറ്റ് ടി വി ഓണ്‍ ചെയ്തു നോക്കുമ്പോള്‍ കാണുന്നത് ഐഡിയ സ്റ്റാര്‍ സിംഗര്‍, വൈകുന്നേരവും അതു തന്നെ ഇതൊന്നും പോരാഞ്ഞ് അര്‍ദ്ധരാത്രിയില്‍ ടി വി ഓണ്‍ ചെയ്താലും അതേ പരിപാടി തന്നെ. ഉച്ചക്ക് ലഞ്ച് ബ്രേക്കിന് പല പ്രാവശ്യം കണ്ടു മടുത്തതാണെങ്കിലും, പകുതി ഭാഗം തികച്ചു കാണാന്‍ കഴിഞ്ഞില്ലെങ്കിലും ഒരു ചലച്ചിത്രത്തിന്‍റെ മൂലയെങ്കിലും കാണാമായിരുന്നു, ഇന്നു നോക്കിയപ്പോള്‍ ആ സ്ഥാനത്ത് മഞ്ച് സ്റ്റാര്‍ സിംഗര്‍!!!. നിങ്ങളെന്താ നാട്ടുകാരെ കൊഞ്ഞനം കുത്തി കാണിക്കുവാണോ? അതോ സ്റ്റാര്‍ സിംഗര്‍ പരിപാടിക്കാരാരെങ്കിലും നിങ്ങള്‍ക്കു കൂടോത്രം ചെയ്തോ? മീഡിയ പ്ലാനിംഗും പ്രോഗ്രാം ഷെഡ്യൂളിംഗും ഒന്നും അറിയാന്‍ മേലാത്തവരാണ്‌ അവിടെയിരിക്കുന്നതെങ്കില്‍ ഇങ്ങോട്ടു പറഞ്ഞാല്‍ മതി. (ചോദിക്കുന്ന കാശും തരേണ്ടി വരും) ശരിയാക്കി തരാം, സ്ഥിരമായി അവിടെ പണിയെടുക്കാനും കിട്ടില്ല(ഇല്ലെങ്കില്‍ നിങ്ങള്‍ക്കു തോന്നും ഏഷ്യാനെറ്റില്‍ ജോലി ചെയ്യാനുള്ള പൂതി കൊണ്ടാണെന്ന്). ഇന്‍‍ക്യുബേറ്ററില്‍ വച്ച് വിരിയിച്ചെടുക്കുന്ന മാനേജ്‌മെന്‍റ് സര്‍ട്ടിഫിക്കറ്റിന്‍റെ കുഴപ്പമാണിത്.

അതെങ്ങനെയാ ഇന്‍‍വെസ്റ്റിഗേറ്റീവ്‌ ജേര്‍ണലിസമെന്നു (അതോ ജീര്‍ണലിസമോ?) പറഞ്ഞ് ബലാത്സംഗസീനുകള്‍ പുനര്‍നിര്‍മ്മിച്ച് കാണിക്കുവാനും, ക്രൈമെന്നു പറഞ്ഞ് തൂങ്ങിച്ചത്തവന്‍റെയും, വെട്ടിക്കൊന്നവന്‍റെയും ലൈവ്‌ കാണിക്കാനും, രാജ്യസ്നേഹമെന്നു പറഞ്ഞ് തീവ്രവാദികള്‍ക്കെതിരെയുള്ള കമാന്‍ഡോ ആക്ഷനുകള്‍ ലൈവായി പിടിച്ച് ശത്രുക്കളെ സഹായിക്കാനും, അവാര്‍ഡ്‌ ദാനത്തിന്‍റെ പടം പിടിക്കാന്‍ ചെന്ന് അവാര്‍ഡ്‌ തന്നെ തല്ലിപ്പൊട്ടിക്കാനും, സാമൂഹിക രാഷ്ട്രീയ വിമര്‍ശനമെന്നു പറഞ്ഞ് ആറുവായിട്ട് തൊട്ടിലില്‍ ഉറങ്ങുന്ന കൊച്ചുങ്ങളെപ്പോലും പേടിപ്പിക്കാനുമൊക്കെയല്ലേ നിങ്ങള്‍ക്കറിയൂ. വേറെ എന്തോന്നു പിണ്ണാക്കാണ് നിങ്ങള്‍ ചാനലുകാര്‍ മലയാളിക്ക് വച്ചു വിളമ്പുന്നത്.

ഒട്ടും നേരില്ലാതെ നിര്‍ലജ്ജം നിരന്തരം തുടരുന്ന ഈ അക്രമം സഹിക്കാന്‍ ഞങ്ങളെ കിട്ടില്ല സാറേ. കാശു ചിലവാക്കിയിട്ടായാലും വേറേ ‘കൊള്ളാവുന്ന’ ചാനലുകള്‍ ഏതെങ്കിലും കിട്ടുമോ എന്നു നോക്കട്ടെ.

പ്രവാസികള്‍ക്ക് ക്ഷമ അല്‍‍പ്പം കൂടുതലാണെന്നതൊക്കെ ശരി തന്നെയാണ്. അതു പോലെ തന്നെ പ്രബുദ്ധതയും കൂടുതലുണ്ടെന്ന് മനസ്സിലാക്കിയാല്‍ കൊള്ളാം. പുതിയ മാറ്റത്തിലൂടെ നല്ല ഒരു ശതമാനം പ്രേക്ഷകരെ നിങ്ങള്‍ നഷ്ടപ്പെടുത്തിയിരിക്കുന്ന വിവരം സന്തോഷത്തോടെ അറിയിച്ചു കൊള്ളുന്നു.

13 comments:

കൂതറHashimܓ said...

എനിക്ക് ടി വി ഇല്ലാ.. ചാനലും

ശ്രീ said...

'ഒരു പണി കിട്ടി' എന്ന് മനസ്സിലാക്കിക്കഴിയുമ്പോള്‍ അത് വീണ്ടും പഴയതു പോലെ ആയിക്കൂടായ്കയില്ല മാഷേ.

തറവാടി said...

ഏഷ്യാനെറ്റെന്നാല്‍ ഐഡിയ സ്റ്റാര്‍ സിങ്ങ് പ്രോഗ്രാം പെട്ടിയാണെന്ന് തോന്നിയിട്ട് കുറച്ചുനാളായി.
ഇ. വിഷനില്‍ അത്യാവശ്യം മലയാളം ചാനലുകള്‍ ഉണ്ട്, ഈയിടെവന്ന് പ്ലസ്സില്‍ സിനിമ ഉണ്ടയിരുന്നതിനാല്‍ കുഴപ്പമില്ലായിരുന്നു, മിഡില്‍ ഈസ്റ്റെന്ന തരികിട പഴയവീഞ്ഞ്/ ചാനല്‍ വന്നതോടെ അതും പോയി!

എന്‍.ടി വി വന്നപ്പോള്‍ എന്തൊക്കെയോ പ്രദീക്ഷിച്ചതായിരുന്നു അതും കണക്കാണ്.

ടിവി ചാനല്‍/പ്രോഗ്രാം കാര്യത്തിലുള്ള ഗള്‍ഫ് മലയാളികളുടെ ഐക്യത വിലയിരുത്താന്‍ ആര്‍ക്കും സാധിക്കുന്നില്ലെന്നതാണ് കഷ്ടം.

ഷൈജൻ കാക്കര said...

എന്തു പേക്കൂത്തും കാണിക്കാം...

ഷൈജൻ കാക്കര said...

എന്തു പേക്കൂത്തും കാണിക്കാം...

പള്ളിക്കുളം.. said...

ഒരു വലിയ ഭീഷണി പ്രവാസികളായ നമ്മെ കാത്തിരിക്കുന്നു. പ്രവാസികൾക്കുവേണ്ടിയെന്നു പറഞ്ഞ് പ്രവാസികൾ തന്നെ നടത്തുന്ന കലാപരിപാടികൾ റെക്കോഡ് ചെയ്ത് കാണിക്കുക. സംഘാടകരുടെ കയ്യിൽ നിന്ന് ഏഷാനെറ്റിന് കാശുകിട്ടും. പക്ഷേ കാണികളുടെ കാര്യം പോക്കാ. ജീവനില്ലാത്ത ജീവൻ ടി.വി ഇപ്പോൾ തന്നെ ഇത്തരം ‘ഡപ്പാൻ കൂത്ത് പരിപാടികൾ’ കാണിക്കുന്നുണ്ട്. എന്റെ രണ്ട് ടി.വിയാ ഇതു മൂലം കേടായിപ്പോയത്. അറിയാതെ ഈ പരിപാടികൾകൾ കണ്ട് ടി.വി തല്ലിപ്പൊട്ടിക്കുകയായിരുന്നു. പിന്നീടൊരിക്കലും അബദ്ധത്തിൽ പോലും ജീവൻ ടി.വി വെച്ചിട്ടില്ല. റിമോട്ടിൽ നിന്നും 5ആൻ നമ്പർ ഇളക്കിക്കളഞ്ഞു. 5 ആയിരുന്നു ജീവൻ ടി.വിയുടെ ചാനൽ നമ്പർ.

OAB/ഒഎബി said...

നമുക്കവരുടെ ചരമ ഗീതം കുറിക്കാന്‍ സമയമായി എന്ന് തോന്നുന്നു!

വിസയടിക്കാന്‍ നേരം ഞങ്ങള്‍ വളിപ്പ് ഏഷ്യാ നെറ്റ് തന്നെ കണ്ടോളാം എന്നൊന്നും സ്പോണ്‍സര്‍ക്ക് വാക്ക് കൊടുത്തിട്ടില്ല കെട്ടൊ.

Unknown said...

ഈ കൂതറ ചാനല്കുറേ കാലമായി പ്രവാസികളെ ബുധിമുട്തിക്കാന്‍ തുടങ്ങിയിട്ട്‌.........നിങ്ങളുടെ ശല്യം കുറേ കൂടുന്നുണ്ട്‌....

ബഷീർ said...

ജയകൃഷ്ണൻ,

ഇതൊക്കെ കണ്ട് വെറുതെ ബി.പി കൂട്ടിയിട്ട് കാര്യമില്ല. എന്നെ തല്ലണ്ട ഞാൻ നേരാവില്ല അമ്മാവാ ..എന്നതാണവരുടെ മുദ്രാവാക്യം

ഇതൊന്നും കാണാത്തതിനാൽ അത്രയും ടെൻഷൻ ഇല്ല. :)

ഹന്‍ല്ലലത്ത് Hanllalath said...

ഹ ഹ ഹ...
പള്ളിക്കുളത്തിന്റെ കമന്റാ കലക്കന്‍
:)

പള്ളിക്കുളം.. said...

താങ്ക്യൂ താങ്ക്യൂ.. :)

poor-me/പാവം-ഞാന്‍ said...

ദൂരദര്‍ശന്‍ കാണൂ ഉണ്ണികളെ! തികച്ചും സൌജന്യമായി!

Sandeepkalapurakkal said...

പ്രവാസികള്‍ക്കായി ഒരു ചാനല്‍ എന്നു പറഞ്ഞപ്പോള്‍ അത് സ്റ്റാര്‍ സിംഗറും സീരിയലും കാണിക്കാനുള്ളതാണെന്ന് ഒരിക്കലും കരുതിയില്ല, പിന്നെ ഈ പരിപാടികള്‍ വളര്‍ത്തിയെടുത്തത് നമ്മള്‍ തന്നെയല്ലേ...“കൊടുത്താല്‍ കൊല്ലത്തും കിട്ടും“