Monday, December 7, 2009

പ്രതിഭാഷയോട്‌ പ്രതികരിക്കുമ്പോള്‍

ചിലരുടെ സ്വഭാവം അങ്ങനെയാണ്... ചില കുട്ടികളെപ്പോലെ

കുട്ടികള്‍ മറ്റുള്ളവരുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ കാട്ടിക്കൂട്ടുന്ന പരാക്രമങ്ങള്‍ കണ്ടിട്ടില്ലേ? എന്നിട്ടും രക്ഷയില്ലാതായാല്‍ കരയാന്‍ തുടങ്ങും. നിവൃത്തിയില്ലായ്മയില്‍ നിന്നു കരച്ചില്‍ ഉദ്ഭവിക്കുന്ന മറ്റൊരു ജീവിവര്‍ഗ്ഗം കൂടിയുണ്ട് - കഴുതകള്‍!

എന്നാല്‍ പ്രായമായവരില്‍ ഈ സ്വഭാവസവിശേഷത ഒരു ന്യൂനതയാണ്. രോഗം എന്നു ഞാന്‍ വിളിക്കില്ല. എന്നാല്‍ ഇതൊരു ന്യൂനത തന്നെയാണ്. സ്വഭാവ വൈകല്യം.

പറഞ്ഞു വരുന്നത്, ഇക്കഴിഞ്ഞ ദിവസം ഞാനും ശ്രീ കുഴൂര്‍ വിത്സണും തമ്മിലുണ്ടായ ഒരു അഭിമുഖത്തേക്കുറിച്ചാണ്. സുനില്‍ പണിക്കര്‍ എന്ന ബ്ലോഗറുടെ ആവശ്യപ്രകാരമാണ് ഞാന്‍ ആ അഭിമുഖത്തിന് ചോദ്യങ്ങള്‍ തയ്യാറാക്കിയത്. ശ്രീ സുനില്‍ പണിക്കര്‍ക്ക് വ്യക്തമായുമറിയാവുന്ന ഒരു കാര്യമാണ് അദ്ദേഹം ഇതാവശ്യപ്പെട്ട് കേവലം പത്തു മിനിട്ടുകള്‍ക്കകം ഞാന്‍ ചോദ്യങ്ങള്‍ അയച്ചു കൊടുത്തു. ഒരു പക്ഷേ ശ്രീ കുഴൂരിനുമിതറിയാം. അദ്ദേഹം സമ്മതമറിയിച്ച് ഏതാനും മിനിട്ടുകള്‍ക്കുള്ളില്‍ ആ ചോദ്യങ്ങള്‍ അദ്ദേഹത്തിനു ലഭിച്ചിരിക്കണം. (പണിക്കര്‍ അപ്പോള്‍ തന്നെ ഫോര്‍വേഡ് ചെയ്തെങ്കില്‍)

ഈ കുറഞ്ഞ സമയപരിധിക്കുള്ളില്‍, ഇവിടെ ചില സാമൂഹ്യ അപരിഷ്കര്‍ത്താക്കള്‍ ജല്‍‍പ്പനം ചെയ്യുന്നതു പോലെ യാതൊരു ദുരുദ്ദ്യേശപരമായ ചോദ്യങ്ങളും ഞാനായിട്ട് തുന്നിച്ചേര്‍ത്തിട്ടില്ല. മറ്റൊന്ന് ഞാന്‍ ഇഷ്ടപ്പെടുന്ന ഒരു കവിയെ അടുത്തറിയാന്‍ ഒരവസരം ലഭിച്ചത് വിനിയോഗിക്കുക എന്ന ചിന്ത. ഇത്രമാത്രം.

അതേതുടര്‍ന്ന് വിഷ്ണുപ്രസാദിന്‍റെ ഒരു കമന്‍റ്, കരച്ചിലിന്‍റെ കവി ഇപ്പോള്‍ സുഖിപ്പിക്കലിന്‍റെ കവിയുമായത്രേ... ഇതു പറയുമ്പോള്‍ അയാളുടെ ഉള്ളില്‍ നിറഞ്ഞിരുന്ന ‘തേങ്ങല്‍‘ മനസ്സിലാക്കിയതു കൊണ്ടു തന്നെ അയാളെ ഉദ്ദേശിച്ചു മാത്രം ഞാന്‍ ഒരു മറുപടിയുമിട്ടിരുന്നു, സുഖിപ്പിക്കല്‍ ആഗ്രഹിക്കുന്നവരെയും വല്ലപ്പോഴുമെങ്കിലും നിരാശരാക്കാന്‍ പാടില്ലല്ലോ. താങ്കള്‍ക്കു വേണോ കുറച്ച്? എന്ന്. ഇത്തരം വിലാപങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ലെങ്കില്‍ തന്നെയും, പകുതി തമാശയും, പകുതി കാര്യമായും തന്നെ.

അടുത്ത ദിവസം പ്രതിഭാഷ എന്നൊരു ബ്ലോഗില്‍ (വിസര്‍ജ്ജിച്ചതിനേക്കുറിച്ചും, ഭോഗിച്ചതിനേക്കുറിച്ചുമൊക്കെയുള്ള സുന്ദര കാവ്യങ്ങള്‍(?) പൂത്തുലഞ്ഞു പരിലസിച്ചു നില്‍‍ക്കുന്നയിടം) തകര്‍പ്പനൊരു (എന്നായിരിക്കും അയാളുടെ വിശ്വാസം) പോസ്റ്റും. കുഴൂരിനെതിരെയാണ് ആക്രമണം. കൂടെ ജയകൃഷ്ണന്‍ കാവാലത്തിനും, സുനില്‍ പണിക്കര്‍ക്കുമൊന്നും കവിതയേക്കുറിച്ച് ഒരു ചുക്കും അറിയില്ല എന്നൊരു കണ്ടുപിടുത്തവും ഉണ്ട്.

എന്‍റെ കാര്യം പറയാം. ശരി തന്നെയാണ്. എനിക്ക് കവിതയേക്കുറിച്ചൊരു ചുക്കും ചുണ്ണാമ്പും അറിയില്ല. ഒരു ആഗ്രഹത്തിന്‍റെ പേരില്‍ കവിതയെന്നു കരുതി എന്തെല്ലാമോ എഴുതി വയ്ക്കുന്നു. ഇന്നീ നിമിഷം വരെ അവകളുടെ ലിങ്കുകള്‍ ഒരുത്തനും ഞാന്‍ അയച്ചു കൊടുത്തിട്ടില്ല, കമന്‍റുകള്‍ ഇരന്നു നടന്നിട്ടില്ല, പ്രമോട്ടര്‍മാരെ അന്വേഷിച്ചു പരക്കം പാഞ്ഞിട്ടില്ല. അതിനുള്ള ഗതികേടുണ്ടാകുമ്പോള്‍ ഞാന്‍ മലയാളഭാഷയെ ദ്രോഹിക്കുന്ന പണി നിര്‍ത്തും. നല്ല താല്പര്യമുള്ളവര്‍ മാത്രം വന്നു വായിച്ചു പോവുക. അത്ര മാത്രം. സുനില്‍ പണിക്കരുടെ കാര്യം എങ്ങനെയെന്ന് എനിക്കറിയില്ല.

മറ്റൊന്നുള്ളത്‌ ‘പ്രേമത്തിന്‍റെ ദേശീയ സസ്യം’ എന്ന കുഴൂരിന്‍റെ ഒരു കവിതയെ വിമര്‍ശിച്ച ജയകൃഷ്ണന്‍ കാവാലത്തിന് ഇപ്പോള്‍ കുഴൂരിനെ ഇന്‍റര്‍വ്യൂ ചെയ്യാന്‍ എന്താണവകാശം എന്ന ധ്വനിയുള്ള കുറേ കമന്‍റുകള്‍? ആ കമന്‍റുകളില്‍ നിന്നു തന്നെ അതിന്‍റെ കൃത്താവിന്‍റെ മാനസിക നിലവാരം അളക്കാന്‍ കഴിയും. ഞാന്‍ അന്നു വിമര്‍ശിച്ച ആ കവിതയെ ഇന്നും ശക്തമായി തന്നെ വിമര്‍ശിക്കുന്നു. അത് കുഴൂരിനെയാണെന്നു നിങ്ങള്‍ ധരിച്ചുവോ? കഷ്ടം!!! ഇഷ്ടമില്ലാത്തച്ചി തൊട്ടതെല്ലാം കുറ്റമെന്നു കരുതുന്ന നിങ്ങളുടെ മാനസികനിലയില്‍ നിന്നും വികാസം പ്രാപിച്ചതു കൊണ്ടാവാം എനിക്ക് കുഴൂരില്‍ ധാരാളം നന്മകള്‍ കണ്ടെത്താന്‍ കഴിയുന്നത്. അദ്ദേഹം ഒരു കവിത മോശമായെഴുതി എന്ന് അഭിപ്രായപ്പെട്ടാല്‍ അത് അയാളെഴുതിയ മുഴുവന്‍ കവിതകളെയും ബാധിക്കുന്നതെങ്ങനെയാണ്? നിങ്ങളൊക്കെ ഏതു ലോകത്താണ് മഹാന്മാരേ ജീവിക്കുന്നത്??? ഓഹ് അതു മറന്നു, ബൂലോകത്തിന്‍റെ സാമൂഹിക നീതി ഭൂലോകത്തില്‍ നിന്നും വ്യത്യസ്തവും, നിങ്ങളാല്‍ സൃഷ്ടിക്കപ്പെട്ടതുമാണല്ലോ.

ആ സാമൂഹികാന്തരീക്ഷത്തില്‍ ഈ കാവാലത്തുകാരനെ തടവിലാക്കാനോ, പുറം തള്ളാനോ, കൊല ചെയ്യുവാനോ, ഊരു വിലക്കു കല്‍‍പ്പിക്കുവാനോ നിങ്ങളേക്കൊണ്ടാവില്ല. കാരണം എനിക്ക് ആരുടെയും പുറം ചൊറിയലില്‍ താല്പര്യമില്ല. ഇനി ചൊറിച്ചിലുണ്ടായാല്‍ അന്നു ഞാന്‍ വിവാഹം കഴിച്ചു കൊള്ളാം. എന്‍റെ ഭാര്യക്ക് അതിനുള്ള മനസ്സുണ്ടാകും. സ്വന്തമായി ചൊറിച്ചില്‍ നിവാരണം സാദ്ധ്യമാകാത്തതുകൊണ്ടാണല്ലോ നിങ്ങളൊക്കെ (ഈ വിമ്മിഷ്ടപ്പെടുന്നവരൊക്കെ എന്നര്‍ത്ഥം) പരസ്പരം ചൊറിഞ്ഞ് സമാശ്വസിക്കുന്നത്. തല്‍ക്കാലം എനിക്കതിനുള്ള നട്ടെല്ലുണ്ടെന്നു തന്നെ കൂട്ടിക്കോ.

ഞാന്‍ എഴുതുന്നതിനേക്കുറിച്ചോ, അഭിപ്രായപ്പെടുന്നതിനേക്കുറിച്ചോ, വായിക്കുന്നതിനേക്കുറിച്ചോ മറ്റാരും കുണ്ഠിതപ്പെടേണ്ടതില്ല. എനിക്കു തോന്നുന്നവരെ ഇന്‍റര്‍വ്യൂ ചെയ്യും. അവര്‍ക്കു സമ്മതമാണെങ്കില്‍. അതു ഞാന്‍ പബ്ലിഷ് ചെയ്തെന്നോ, സ്വകാര്യമായി സൂക്ഷിച്ചെന്നോ, തീയിട്ടു കളഞ്ഞെന്നോ ഇരിക്കും. മറ്റാരുടെയും മാനസികോല്ലാസത്തിന്‍റെ പേരിലോ, മാനസിക വൈകല്യത്തിന്‍റെ മറുമരുന്നായോ അവകളെ വിട്ടു തരുവാന്‍ ഞാന്‍ തയ്യാറല്ല. സൌകര്യമുള്ളവന്‍ മാത്രം വന്ന് വായിച്ചാല്‍ മതി. അനുകൂലമായാലും, പ്രതികൂലമായാലും അഭിപ്രായവും രേഖപ്പെടുത്തിക്കൊള്ളുക. അഭിപ്രായം തെറിയാണെങ്കില്‍ ഞാന്‍ എങ്ങനെ പ്രതികരിക്കും എന്നുള്ളത് അപ്പൊഴത്തെ എന്‍റെ മാനസികാവസ്ഥ പോലെയോ എന്‍റെ വക്കീലിന്‍റെ സമയലഭ്യത പോലെയോ ഇരിക്കും.

പ്രതിഭാഷയില്‍ എന്നെക്കുറിച്ചു പരാമര്‍ശിച്ചതു കൊണ്ടു മാത്രം പറയട്ടെ വിഷ്ണുപ്രസാദ്, ഇവിടെ അദ്ധ്യാപകന്‍ എന്നവകാശപ്പെടുന്ന, കവിതയുടെ ചുക്കും ചുണ്ണാമ്പും നന്നായറിയുന്ന, താങ്കളുടെ അല്‍‍പ്പത്തത്തില്‍ നിന്നുയിര്‍ക്കൊണ്ട ഔദ്ധത്യം കാണുമ്പോള്‍ താങ്കളുടെ ശിഷ്യന്മാരുടെ ഗതികേടിനേക്കുറിച്ചാണെന്‍റെ ആശങ്ക. നാളെയുടെ തലമുറ! പാണ്ഡിത്യവും, ദീര്‍ഘവീക്ഷണവും, അദ്ധ്യാപനകലയോട് അടങ്ങാത്ത ആവേശവും സമര്‍പ്പണവുമുള്ള ഒരു കൂട്ടം മഹാന്മാരുടെ അതേ വിലാസത്തില്‍ താങ്കളും!!! (ഇത് ആശ്ചര്യ ചിഹ്നമാണെന്നു തെറ്റിദ്ധരിക്കേണ്ട, ആശങ്കയെ സൂചിപ്പിക്കാന്‍ ഒരു ചിഹ്നമുള്ളതായി എനിക്കറിവില്ല അതുകൊണ്ടാണ്)

6 comments:

കാപ്പിലാന്‍ said...

ഒരാശ്ചാര്യ ചിഹ്നത്തില്‍ അവസാനിക്കാത്തത് !! കവികളുടെ കുരിശു യുദ്ധം ശരിക്കും അത്ഭുതം ഉളവാക്കുന്നു . എന്തിന് വേണ്ടിയാണ് ഇത് എന്ന് മാത്രം മനസിലാകാത്ത ഒരു ശുദ്ധ മണ്ടന്‍ ഗവിയും .
ജയക്രിഷന്റെയും പണിക്കരുടെയും കവിതകളെ പറ്റി ഞാന്‍ പറഞ്ഞിട്ടുണ്ടായിരുന്നു :)

Anonymous said...

"ഞാന്‍ എഴുതുന്നതിനേക്കുറിച്ചോ, അഭിപ്രായപ്പെടുന്നതിനേക്കുറിച്ചോ, വായിക്കുന്നതിനേക്കുറിച്ചോ മറ്റാരും കുണ്ഠിതപ്പെടേണ്ടതില്ല."

ലതു കൊള്ളാ‍മല്ലോ കവീ... വിത്സന്റെ കവിതയെ താങ്ങള്‍ക്കു വിമര്‍ശിക്കാമെങ്കില്‍ താങള്‍ എഴുതിയതിനെ മറ്റുള്ളവര്‍ക്കും വിമര്‍ശിച്ചു കൂടെ?

വ്യകതിപരമായ വിമര്‍ശനങ്ങള്‍ മോശം തന്നെ.

കാവാലം ജയകൃഷ്ണന്‍ said...

അതു തന്നെയല്ലേ അനോണീ വ്യക്തമായി പറഞ്ഞിരിക്കുന്നതും? ആര്‍ക്കും വിമര്‍ശിക്കാം. അസഭ്യം പറയരുതെന്നു മാത്രം. എനിക്ക് ലഭിച്ചിട്ടുള്ള ഒരു വിമര്‍ശനം പോലും (ആത്മാര്‍ത്ഥമാണെങ്കില്‍) ഞാന്‍ പ്രസിദ്ധീകരിക്കാതിരിക്കുകയോ ഡിലീറ്റ് ചെയ്യുകയോ ചെയ്തിട്ടില്ലെന്ന്‌ എന്‍റെ പോസ്റ്റുകള്‍ പരിശോധിച്ചാല്‍ അറിയുമല്ലോ. പക്ഷേ താങ്കള്‍ ഉദ്ധരിച്ച വരികള്‍ വേറെയാണല്ലോ.

Anonymous said...

എന്നാ അലക്കാ ആശാനേ ഇത്?

ക്ലാസ്സ് റൂമില്‍ കേട്ടിരുന്ന ആ ഗര്‍ജ്ജനം ഇവിടെ വായിച്ചെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം... ഇപ്പോള്‍ എവിടെയാണ്? എന്തു ചെയ്യുന്നു? പഴയ ജോലി തന്നെയോ???

ഉറുമ്പ്‌ /ANT said...

ജയകൃഷ്ണൻ,
ഏത് കുഴലിലിട്ടാലാണ് ഈ വാലൊന്നു നിവരുക?

കുഴൂർ വിത്സൻ മികച്ചകവിയാണോ അല്ലയോ എന്നതല്ലല്ലോ പ്രശ്നം. എന്റെ പക്ഷത്താണോ അവന്റെ പക്ഷത്താണോ എന്നതല്ലേ.

കാവാലം ജയകൃഷ്ണന്‍ said...

അനോണീ, എന്‍റെ കൂടെ അനോണികളാരും പഠിച്ചിട്ടില്ലല്ലോ. അനോണികള ആരെയും ഞാന്‍ പഠിപ്പിച്ചിട്ടുമില്ല. സഹപാഠിയായാലും, ശിഷ്യനായാലും നേരില്‍ വരൂ. അല്ലെങ്കില്‍ മെയില്‍ അയക്കൂ... അപ്പൊഴല്ലേ അറിയാന്‍ കഴിയൂ...