Sunday, August 17, 2008

മലയാളിത്തലകള്‍ വില്‍പ്പനയ്ക്ക് - വാങ്ങാന്‍ ചാനലുകള്‍ റെഡിയാണോ?

സ്വകാര്യ ചാനലുകള്‍ തുടങ്ങിയ കാലം. അന്നു മലയാളിക്ക് ആകെയുണ്ടായിരുന്ന മലയാള ദൃശ്യമാധ്യമം ദൂരദര്‍ശന്‍ മാത്രമായിരുന്നല്ലോ... ഏഷ്യാനെറ്റിന്‍റെ തുടക്കത്തോടെ മലയാളിയുടെ കാഴ്ച്ച കൂടുതല്‍ നിറപ്പകിട്ടുള്ളതും, വിശാലവുമായി. തുടര്‍ന്ന് സൂര്യ, കൈരളി, ജീവന്‍, ഇന്‍ഡ്യ വിഷന്‍, അമൃത തുടങ്ങി ധാരാളം ചാനലുകള്‍ ആവിര്‍ഭവിക്കുകയും കാലക്രമേണ ചാനലുകള്‍ തന്നെ പെറ്റു പെരുകുകയും ചെയ്തപ്പോള്‍ മലയാളിയുടെ കാഴ്ച്ച സമൃദ്ധമായി എന്നതില്‍ തര്‍ക്കമൊന്നുമില്ല. പക്ഷേ അവന്‍റെ സാംസ്കാരികവും, ബൌദ്ധികവുമായ നിലവാരത്തെ തുടച്ചു മാറ്റുന്ന രീതിയിലാണ് ഇന്നത്തെ ചാനലുകളുടെ പോക്ക് എന്ന സത്യം തിരിച്ചറിയാന്‍ കാശു കൊടുത്തു മൂലയില്‍ വച്ചിരിക്കുന്ന വഡ്ഢിപ്പെട്ടിയില്‍ അധികസമയമൊന്നും ഗവേഷണം നടത്തേണ്ട കാര്യമില്ല. ദൂരദര്‍ശന്‍ ഇപ്പൊഴും യാതൊരു തട്ടുകേടും കൂടാതെ പഴയതില്‍ നിന്നും വലിയ പുരോഗതിയൊന്നും അവകാശപ്പെടാനില്ലെങ്കിലും ജനങ്ങളെപരീക്ഷിക്കാതെമുന്‍പോട്ടു പോകുന്നു എന്നത്‌ ആശ്വാസകരം തന്നെ.

എന്താണ് ഇവരുടെയൊക്കെ ഉദ്ദേശ്യം?. പൊതുജനം കഴുതകളാണെന്ന് പണ്ടേക്കു പണ്ടേ നമ്മുടെ രാഷ്ട്രീയക്കാര്‍ തിരിച്ചറിഞ്ഞതു കൊണ്ടാണല്ലോ ഒരിക്കലെങ്കിലും എം എല്‍ യോ മന്ത്രിയോ ആയവര്‍ക്കൊക്കെ വീണ്ടും തിരിച്ചുവരാന്‍ കഴിയുന്നത്‌. അതേ സിദ്ധാന്തം തന്നെയാണോ ചാനലുകാര്‍ ഏറ്റെടുത്തിരിക്കുന്നത്?. സത്യമായും മനസ്സിലാകാഞ്ഞിട്ടാണ്. ഈയടുത്തു കണ്ട ചില പരിപാടികള്‍ - എല്ലാം പ്രൈം ടൈമിലാണെന്നത് അത്ഭുതപ്പെടുത്തുന്നു- പ്രസ്തുത ചാനലില്‍ ഇരിക്കുന്നബുദ്ധിമാന്മാരോട്‌പുച്ഛം മാത്രം തോന്നാന്‍ ഉതകുന്നതായിരുന്നു എന്നു പറയാതെ വയ്യ. ചില ഉദാഹരണങ്ങള്‍...

കൊല്ലത്ത് കന്യാസ്ത്രീ ആത്മഹത്യ ചെയ്യപ്പെട്ട സംഭവം... ഓര്‍ക്കുക, എത്രയോ കന്യാസ്ത്രീകളുടെ അച്ഛനമ്മമാര്‍ (പ്രായമേറിയവരും, ഹൃദ്രോഗികളും ഉള്‍പ്പെടെ) കാഴ്ച കണ്ടുകൊണ്ടിരിക്കുന്നു. യാതൊരു ഒളിയും മറയുമില്ലാതെ ഏറ്റവും ഭീഭത്സമായ രീതിയില്‍ തന്നെ സന്യാസിനിയുടെ മൃതദേഹത്തിന്‍റെ വിവിധ ആംഗിളിലുള്ള ഷോട്ടുകള്‍ ജനങ്ങളിലെത്തിച്ചു അവര്‍!!! കാഴ്ച കണ്ട് ഏതെങ്കിലുമൊരാള്‍ക്ക് ഹൃദയാഘാതമുണ്ടായാല്‍ ചാനലുകാര്‍ ഉത്തരം പറയുമോ? എന്തു ബോധമാണ് ഇതു ടെലിക്കാസ്റ്റ് ചെയ്യുന്നവര്‍ക്കുള്ളത്‌? ഇതൊരു സാധാരണ പൌരന്‍റെ വിനീതമായ ചോദ്യമാണ്. നാട്ടുകാരെ പേടിപ്പിക്കാന്‍ വേണ്ടി വച്ചിരിക്കുന്ന കുറേ കുറ്റാന്വേഷണ പരമ്പരകളുണ്ടല്ലോ (വാസ്തവം, രഹസ്യം എന്നൊക്കെയാണതിന്‍റെ പേരുകളെന്നു തോന്നുന്നു) അതില്‍ പോലുമല്ല ഏറ്റവും കൂടുതല്‍ ജനങ്ങള്‍ കാണുന്ന ന്യൂസില്‍ കൂടിത്തന്നെയാണിതു വിളമ്പുന്നതെന്നോര്‍ക്കണം. പോരാത്തതിന്‌ മറ്റുള്ളവരുടെ പ്രതികരണങ്ങളും, പരസ്പരമുള്ള ചെളിവാരിയെറിയലും, ന്യായീകരണങ്ങളുമൊക്കെയായി അതിനെ വലിയ ഒരു ആഘോഷമാക്കിയെടുത്തു എല്ലാ ചാനലുകളും. സ്വന്തം മകന്‍റെയോ, മകളുടെയോ മരണത്തില്‍ ഹൃദയം പൊട്ടി കരയുന്ന മാതാപിതാക്കളുടെ കണ്ണുനീര്‍ വിൽപ്പനച്ചരക്കാക്കാന്‍ ഇവനൊക്കെ ആരു ലൈസന്‍സ്‌ കൊടുത്തു? അല്ല, ഇതാണോ ജേര്‍ണലിസമെന്നു പറയുന്ന സാധനം? ഒരു കൊല്ലം മുതല്‍ മൂന്നും അതില്‍ കൂടുതലും വര്‍ഷങ്ങള്‍ ദൈര്‍ഘ്യമുള്ള കോഴ്സുകള്‍ മാധ്യമപ്രവര്‍ത്തനത്തില്‍ ഉണ്ട്‌. ഇത്ര കൊല്ലം കഷ്ടപ്പെട്ടു പഠിച്ച് നാട്ടുകാരുടെ നെഞ്ചത്തു പ്രയോഗിക്കുന്ന പരിപാടി, ഇതിങ്ങനെയാണോ ഇവര്‍ പഠിച്ചെടുത്തത്‌? മാര്‍ക്കറ്റിംഗ് എന്ന ലക്ഷ്യം വച്ചു കൊണ്ട്‌ എന്തു നീചമായ പണിയും കാണിക്കാന്‍ തുനിഞ്ഞിറങ്ങിയാല്‍ അതു ചോദിക്കാന്‍ നമ്മുടെ നാട്ടില്‍ മൂല്യബോധമുള്ള എല്ലാ മലയാളികളും കാശിക്കു പോയെന്നു കരുതിയിരിക്കയാവും മാധ്യമ പ്രവര്‍ത്തകര്‍. ഒരര്‍ത്ഥത്തില്‍ അവര്‍ കരുതിയതില്‍ എന്തു തെറ്റ്? ഇത്തരം കച്ചവട ബുദ്ധികളെ പ്രോത്സാഹിപ്പിക്കുന്ന നമ്മളും പ്രതിക്കൂട്ടില്‍ തന്നെ. അന്നേ ദിവസം വൈകുന്നേരം ഉറങ്ങാന്‍ പോകുന്നതിനു തൊട്ടു മുന്‍പേ കണ്ടു നിര്‍വൃതിയടഞ്ഞ മറ്റൊരു ദൃശ്യം ഭാര്യയും, കാമുകനും കൂടി മൃഗീയമായി കൊലപ്പെടുത്തിയ ഒരാളുടെ രക്തത്തില്‍ കുളിച്ച ദാരുണമായ ദൃശ്യം! ഇതിനെയൊക്കെ തോന്നിവാസമെന്നു വിളിക്കാനും, പൂര്‍ണ്ണമായും നിരുത്സാഹപ്പെടുത്താനും, ചോദ്യം ചെയ്യാനും മലയാളി മടിക്കുന്നിടത്തു നിന്നും തുടങ്ങുന്നു ഇത്തരം സാമൂഹ്യ വൈരുദ്ധ്യങ്ങളുടെ വളര്‍ച്ച. പ്രസ്തുത ചാനലുകള്‍ സെന്‍സര്‍ ചെയ്യപ്പെടേണ്ടതാണ്.

ബ്രോഡ്കാസ്റ്റിംഗ് ലോ എന്നു പറഞ്ഞൊരു സംഗതി ഉണ്ടെന്നാണ് ഈയുള്ളവന്‍റെ അറിവ്‌. ഇത്തരം ദൃശ്യങ്ങള്‍ പ്രക്ഷേപണം ചെയ്യുന്നത്‌ അനുവദനീയമാണെന്ന് ഇവര്‍ക്കു തെളിയിക്കാന്‍ കഴിയുമോ?.

ബ്രോഡ്‌കാസ്റ്റിംഗില്‍ എന്തു മാനദണ്ഡമാണ് ഇവര്‍ കൈക്കൊണ്ടിരിക്കുന്നത്‌?

സമൂഹത്തിനോട്‌ എന്തുത്തരവാദിത്വമാണ് ഇവര്‍ക്കുള്ളത്?

എന്തു വൃത്തികേടും പച്ചക്കു കാണിച്ച്‌ ഏതു തരത്തിലും റേറ്റിംഗ് ഉയര്‍ത്തിയാല്‍ മതിയെന്നതാണോ ഇവരുടെ ലക്ഷ്യം?

മലയാളത്തിലെ അറിയപ്പെടുന്ന, പ്രഗദ്‌ഭരായ കുറേ പത്രപ്രവര്‍ത്തകരും, ബുദ്ധിജീവികളും അടങ്ങിയിട്ടുള്ളതാണ് ചാനലുകളെല്ലാം തന്നെ. എല്ലാ ചാനലുകളുടെയും നെടുനായകത്വം വഹിക്കുന്ന ആരും മോശക്കാരല്ല. എല്ലാവരും അവരവരുടെ കഴിവുകള്‍ തെളിയിച്ചിട്ടുള്ളവരും പ്രവൃത്തി പരിചയമുള്ളവരുമാണ്... അതു കൊണ്ടു തന്നെ ചോദിക്കുകയാണ്... ഇവരൊക്കെ അവിടെ എന്തു ചെയ്യുന്നു? അറിയുന്നില്ലേ നിങ്ങള്‍ നയിക്കുന്ന ഒരു ചാനലിലൂടെ ജനങ്ങളെ വെറുമൊരു ഉപഭോഗവസ്തു മാത്രമാക്കി തീര്‍ക്കുന്ന, അതിനുപരിയായി അവരുടെ മാനസിക വ്യാപാരങ്ങള്‍ക്കും, മാനസിക ദൌര്‍ബല്യങ്ങള്‍ക്കും, മാനസികവും ശാരീരികക്വുമായ ആരോഗ്യത്തിനും ഭീഷണിയാകുന്ന, ചിന്താശേഷിയേയും, വിവേചന ബുദ്ധിയേയും പോലും മരവിപ്പിച്ചു കളയുന്ന ഇത്തരം തോന്നിവാസങ്ങള്‍ അന്തരീക്ഷത്തിലേക്ക് വിഷതരംഗങ്ങളായി ലയിച്ചു ചേരുന്നത്? അതോ നിങ്ങളേവരുടെയും മൌനാനുവാദത്തോടെയും, ആശീര്‍വാദത്തോടെയുമാണോ ഇതെല്ലാം സംഭവിക്കുന്നത്?. 24 മണിക്കൂറുകളില്‍ ചാനലുകള്‍ ജനങ്ങള്‍ക്കുസംഭാവനചെയ്യുന്ന പരിപാടികളില്‍ കേവലം നാലുമണിക്കൂര്‍ മാത്രമെങ്കിലും (കൂടിയാല്‍ എട്ടു പ്രോഗ്രാം വരും) നിലവാരമുള്ള, എല്ലാ പേര്‍ക്കും കാണാന്‍ കഴിയുന്ന കൊള്ളാവുന്ന ഒരു പരിപാടി ചൂണ്ടിക്കാണിക്കാന്‍ നിങ്ങള്‍ക്കു കഴിയുമോ? കണ്ണീര്‍പരമ്പരകളുടെ കാര്യമാണെങ്കില്‍ അതിഗംഭീരം... ജനങ്ങള്‍ കാണുന്നുണ്ടല്ലോ, എന്നൊക്കെ റേറ്റിംഗിന്‍റെയും, പരസ്യത്തിന്‍റെയും കണക്കുകള്‍ കാട്ടി ന്യായീകരിക്കാമായിരിക്കും. പക്ഷേ അതല്ല ഹേ മാധ്യമപ്രവര്‍ത്തനം. കാണിക്കുന്നത്‌ സീരിയല്‍ ആയാലും, ന്യൂസ്‌ ആയാലും അതില്‍ കുറഞ്ഞത്‌ ഒരല്പം സാമൂഹ്യപ്രതിബദ്ധതയുണ്ടായിരിക്കണം എന്നര്‍ത്ഥം. സന്ധ്യ സമയം എല്ലാ മതങ്ങള്‍ക്കും പ്രാര്‍ത്ഥനാസമയമാണ് ഏതെങ്കിലുമൊരു ചാനലില്‍ സമയത്ത് ഭക്തിപരമായ ഒരു പരിപാടി ഇന്നു നിലവിലുണ്ടോ?. കേരളത്തിലെ നല്ല ശതമാനം കുടുംബങ്ങളില്‍ നിന്നും സന്ധ്യാപ്രാര്‍ത്ഥനയെ തുടച്ചു മാറ്റിയതിന്‍റെ മുഴുവന്‍ ക്രെഡിറ്റും പ്രിയ ചാനലുകാരേ നിങ്ങള്‍ക്കുള്ളതാണ്.


പത്രമാദ്ധ്യമങ്ങളും ഒട്ടും പിന്നിലല്ല. ‘വെട്ടിക്കൊന്നു’, ‘സ്ഫോടനം’, ‘ദുരന്തംതുടങ്ങിയ തലക്കെട്ടുകളില്‍ അച്ചു നിരത്താന്‍ വല്ലാത്തൊരു ശുഷ്കാന്തിയാണല്ലേ പത്രക്കാരന്‍ സാറന്മാര്‍ക്ക്‌? മനുഷ്യന്‍ രാവിലെ കണികണ്ടുണരുന്ന ഒരു സാധനമാണിതെന്നോര്‍ക്കണം. വേറെ എത്രയോ പേജുകളുണ്ടല്ലോ അവിടെ എവിടെയെങ്കിലും ഇത്തരം നെഗറ്റീവ്‌ വാര്‍ത്തകള്‍ കൊടുത്താല്‍ സമാധാനമുണ്ടാവില്ലേ? ജനങ്ങളെ ആകര്‍ഷിക്കാനുള്ള തന്ത്രമൊക്കെ മനസ്സിലാകും, പക്ഷേ ഇതൊരു നാടിന്‍റെ മുഴുവന്‍ പ്രഭാതത്തെ നെഗറ്റീവ് എനര്‍ജ്ജി കൊണ്ട് നിറക്കാന്‍ നിങ്ങളുടെ ലാഭേച്ഛ വഴിവയ്ക്കുന്നു എന്ന സത്യം അറിയാന്‍ പാടില്ലാത്ത അംഗന്‍ വാടി കുട്ടികളൊന്നുമല്ലല്ലോ പത്രമാപ്പീസുകളില്‍ ഇരിക്കുന്നത്. ചുരുക്കത്തില്‍ ഒരുത്തരും മോശക്കാരല്ല തന്നെ.

നിങ്ങള്‍ തന്നെ ജോലി ചെയ്യുന്ന പത്രസ്ഥാപനങ്ങളുടെ ആര്‍ക്കൈവ്സ്‌ പരിശോധിച്ചു നോക്കൂ... പ്രൌഢമായ ഒരു ശൈലിയുടെയും, അക്ഷരത്തിന്‍റെ ശക്തിയുടേയും പിന്ബലത്തില്‍ ജനഹൃദയങ്ങളില്‍ പ്രതിഷ്ഠിതമായതാണ് ഇവിടത്തെ ഓരോ പത്രവും. അക്കാലങ്ങളിലെ മുഖപ്രസംഗങ്ങള്‍ക്ക്‌ ഒരു ഗ്രന്ഥത്തിന്‍റെ ആഴമുണ്ടായിരുന്നു. അതിലെ ഓരോ വാക്കുകള്‍ക്കും അപാരമായ സ്വാധീന ശക്തിയുമുണ്ടായിരുന്നു. ചൊവ്വേ നേരേ നട്ടെല്ലുള്ള ഒരു മുഖപ്രസംഗം പോലും പ്രസിദ്ധീകരിക്കാന്‍ എന്തുകൊണ്ടാണ് പത്രമാദ്ധ്യമങ്ങള്‍ക്കൊന്നും കഴിയാതെ പോകുന്നത്? വിവരക്കേടുകൊണ്ടാണോ? അതോ ആരെയെങ്കിലും പേടിക്കുന്നുണ്ടോ? ഇനിയതുമല്ല മലയാളികള്‍ക്ക് ഇതൊക്കെ മതി എന്നാണോ ഭാവം?

ഇന്ന് സുല്‍ എന്നൊരു ബ്ലോഗര്‍ ചൂണ്ടിക്കാട്ടിയ വലിയൊരബദ്ധം - രാഷ്ട്രത്തെയും ജനതയെയും ഒന്നാകെ അപമാനിക്കുന്ന തരത്തിലുള്ള- ശിക്ഷ ഉറപ്പുള്ള കുറ്റം- മലയാളിയുടെ ആദ്യ സ്വകാര്യ ചാനലായ ഏഷാനെറ്റിന്‍റെ വകയായിരുന്നു. ദേശീയ പതാക തലകുത്തി വച്ചു കൊണ്ട്‌ അരങ്ങേറിയ സീരിയല്‍. ജനത്തിന്‍റെ തല തിരിഞ്ഞു പോയി എന്നുറപ്പുള്ളതു കൊണ്ടാണോ ഇങ്ങനെ കാണിക്കാനുള്ള ധാര്‍ഷ്ട്യം അവര്‍ കാണിച്ചതെന്നു മനസ്സിലാവുന്നില്ല. ഇന്നലെയും ഉണ്ടായിരുന്നു ഏഷ്യാനെറ്റ് അവതാരകരുടെ വകയായി രഷ്ട്രസ്നേഹം പഠിപ്പിക്കല്‍‍. പറച്ചിലുകള്‍ക്ക് വിലയില്ലാതാവുകയാണ് മേല്പ്പറഞ്ഞ പ്രവൃത്തിയിലൂടെ സംഭവിച്ചത്‌.. സ്വാതന്ത്ര്യദിനത്തില്‍ തന്നെ ഇത്തരം ഒരു കുറ്റകരമായ കാര്യം ഓണ്‍ എയറില്‍ വിടുന്നതിനു മുന്‍പ് സ്ക്രീനിംഗോ പ്രിവ്യൂവോ ഒന്നും ഉണ്ടായിരുന്നില്ലേ? നേരോടെ നിര്‍ഭയം നിരന്തരം എന്ന കോരിത്തരിക്കുന്ന കാപ്ഷനില്‍ എന്തും ചെയ്യാനുള്ള നിര്‍ഭയത്വം ആണൊ ഉദ്ദേശിച്ചിരിക്കുന്നത്? എന്തു കാണിച്ചാലും, എന്തൊക്കെ ചെയ്താലും കാശുണ്ടാക്കിയാല്‍ മതിയല്ലോ. നടക്കട്ടെ ഹര്‍ത്താല്‍ ദിന പ്രത്യേക സൂപ്പര്‍ ഹിറ്റ് ചലച്ചിത്രവും, കാണുന്നവരെ മണ്ടന്മാരാക്കുന്ന റിയാലിറ്റി ഷോകളും, മരിച്ചു കിടക്കുന്ന ശവത്തിന് വില്‍ക്കാന്‍ വച്ചിരിക്കുന്ന ഇറച്ചിയുടെ മൂല്യം പോലും കല്പിക്കാത്ത കുറ്റാന്വേഷണ പരമ്പരകളും, തുടങ്ങി ഒരു സമൂഹത്തിനെ ഏതൊക്കെ രീതിയില്‍ ചൂഷണം ചെയ്യാമോ രീതിയിലൊക്കെ ചൂഷണം ചെയ്തുകൊണ്ട്‌ മുന്നേറട്ടെ ചാനലുകള്‍. ഒന്നും മിണ്ടണ്ട നോക്കി നില്ക്കാം നമ്മള്‍ മഹാന്മാരായ മലയാളികള്‍

എനിക്കൊരു ചാനല്‍ തുടങ്ങാനുള്ള കാശുകിട്ടിയാല്‍ അതില്‍നിന്നും പത്തോ പതിനായിരമോ ചിലവാക്കി ഒരു ഇറച്ചിക്കട തുടങ്ങും. ബാക്കി ജനങ്ങള്‍ക്കു വീതം വച്ചു കൊടുക്കും. ചാനലിനേക്കാള്‍ ഭേദം ഇതാണ്

© ജയകൃഷ്ണന്‍ കാവാലം

11 comments:

സുല്‍ |Sul said...

സത്യം പറയുകയാണെങ്കില്‍ ചാനലുകളെ കെട്ടഴിച്ചു വിട്ടിരിക്കുകയാണ്. അവര്‍ പറയുന്നതാണ് ശരി എന്നിടത്തേക്കാണ് കാര്യങ്ങള്‍ എത്തിച്ചേരുന്നത്. കവറേജ് എന്ന പേരില്‍ ഇവര്‍ നടത്തുന്ന പേക്കൂ‍ത്തൂകള്‍ക്ക് മൂക്കുകയറിടേണ്ട സമയം അധിക്രമിച്ചിരിക്കുന്നു. ഇവിടെ ശക്തമായ സെന്‍ഷറിങ്ങ് നിയമം ആവശ്യമായി വന്നിരിക്കുന്നു. ഓവര്‍ വയലന്‍സ് പോലുള്ള രംഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് ഫൈന്‍ ഏര്‍പ്പെടുത്തിയാല്‍ സ്ഥിതി വളരെ മെച്ചപ്പെടുമെന്നു കരുതാം. (ഇവിടെ ഇങ്ങനെയുള്ള നിയമങ്ങള്‍ ഉണ്ടാക്കുവാന്‍ ആരാണുള്ളത്?)
-സുല്‍

നരിക്കുന്നൻ said...

ജയകൃഷ്ണന്റെ രോഷം വരികളിൽ പ്രകടമാന്. എന്തിനാണീ രോഷം. ചാനലുകൾ പെറ്റു പെരുകുന്നു. വാർത്തകൾക്ക് കേരളത്തിൽ ഒരു ക്ഷാമവുമില്ലാത്തിടത്തോളം അവ പെറ്റ് പെരുകുക തന്നെ ചെയ്യും. കന്യാ സ്ത്രീയുടെ ദാരുണ മരണം പുറം ലോകം അറിയരുതായിരുന്നെന്നാനൊ ജയകൃഷ്ണൻ ഉദ്ദ്യേശിക്കുന്നത്? വർഷങ്ങൾക്ക് മുമ്പ് കൊല്ലപ്പെട്ട അഭയാ കേസ് ഇന്നും കേരളാ പോലീസിനും സി.ബി.ഐ.കും അപമാനമായി നില നിൽക്കുമ്പോൾ ആ നിരയിലേക്ക് ഈ കേസും പൂഴ്ത്തി വെക്കണമായിരുന്നോ? അന്വേഷനം എങ്ങുമെത്താത്ത എത്ര കേസുകൾ നമുക്ക് മുന്നിലുണ്ട്. ചാനലുകളുടെ ഇടപെടലുകൾ ഏതെങ്കിലും മുന്നോട്ട് നയിക്കാൻ പോലീസ് നിർബന്ധിതരാകുന്നെങ്കിൽ അതല്ലേ നല്ലത്? ഒരു കാലത്ത് പത്രങ്ങളിലൂടെ മാത്രം വായിച്ച് കേട്ടിരുന്ന വാർത്തകൾ കണ്മുന്നിൽ യാഥാർത്യമായി നഗ്ന നേത്രങ്ങളാൽ കണ്ട് മനസ്സിലാക്കാൻ കഴിയുന്നു എന്നത് നല്ല കാര്യമാണന്നേ എനിക്ക് തോന്നുന്നുള്ളൂ. ഒരു വാർത്തയിൽ അസഹിഷ്ണുതയുള്ളവരും ഇല്ലാത്തവരും ഉണ്ടാകും. പക്ഷേ, കിട്ടിയ വാർത്ത ജനങ്ങളിലേക്ക് എത്തിക്കുന്നതല്ലേ യതാർത്ഥ ധർമ്മം. ആ ധർമ്മം നിറവേറ്റുന്ന ചാനലുകൾ എത്രമാത്രം നമുക്കുണ്ടെന്ന് ചർച്ച ചെയ്യേണ്ടതാണ്. ജയകൃഷ്ണന് കാണാൻ ആളില്ലങ്കിൽ എന്നോ ഈ ചാനലുകളൊക്കെ പൂട്ടിക്കെട്ടി പോയിരിക്കും.
താങ്കൾക്കും ഒരു ചാനലിനുള്ള കാശ് കിട്ടട്ടേ..
ലാഭം കിട്ടുന്ന ഏത് ബിസിനസ്സും താങ്കൾ ചെയ്യും..
കാരണം
ലോകത്ത് വെറുതെ കിട്ടാത്ത ഒരേ ഒരു സാധനമേ ഉള്ളൂ..
അത്
പണമാണ്.

കാവാലം ജയകൃഷ്ണന്‍ said...

വാര്‍ത്തകള്‍ സത്യസന്ധമായി കാണിക്കുന്നതിനെയല്ല ഞാന്‍ വിമര്‍ശിച്ചത്. കാണിക്കുന്ന ര്‍ഈതിയെയും, അതിലെ യുക്തിയെയും ആണ്. കന്യാസ്ത്രീയുടെ മരണം ചിത്രീകരിച്ചത് താങ്കള്‍ കണ്ടിരിക്കുമെന്നു കരുതുന്നു. അങ്ങനെ കാണിച്ചാലേ നമുക്കു മനസ്സിലാവുകയുള്ളോ?. ഇതിനെ പത്രധര്‍മ്മമെന്നല്ല കടന്നു കയറ്റമെന്നു വിളിക്കാനേ ഈയുള്ളവനു കഴിയൂ. പോലീസുകാരും, ചെറുപ്പക്കാരും മാത്രം കാണുന്ന ഒന്നല്ല ചാനലുകള്‍. എത്രയോ കുടുംബാംഗങ്ങള്‍ ഇന്നു മഠങ്ങളില്‍ ഉണ്ട്? ഈ കാഴ്ച നേരില്‍ കാണുമ്പോള്‍ അവരുടെ വീട്ടിലുള്ളവരുടെ ആധി എന്തായിരിക്കുമെന്ന് താങ്കള്‍ക്ക് ഊഹിക്കാന്‍ കഴിയുമോ? ആവര്‍ത്തിച്ചു ചോദിക്കട്ടെ, ഇത്തരം കാഴ്ച്ച കണ്ട് ഒരാള്‍ക്ക് ഹൃദയാഘാതം ഉണ്ടായാല്‍ ആരു സമാധാനം പറയും?

പണ്ടൊരിക്കല്‍ ഒരു ആന അതിന്‍റെ പാപ്പാനെ കാലില്‍ തൂക്കി നിലത്തടിച്ചു കൊല്ലുന്ന രംഗം സൂര്യ റ്റി വി സമ്പ്രേക്ഷണം ചെയ്തിരുന്നു. ആനക്കെതിരെയുള്ള തെളിവായിട്ടായിരുന്നൊ അതു കാണിച്ചത്? അതോ മാര്‍ക്കറ്റിംഗ് ലക്ഷ്യമായിരുന്നോ അതിനു പിന്നില്‍?

അവര്‍ ഷൂട്ട് ചെയ്തോട്ടെ, ആവശ്യം വരുന്ന സമയത്ത് വേണമെങ്കില്‍ കോടതിയിലോ, അല്ല നിര്‍ബന്ധമാകുന്ന അവസരത്തില്‍ പ്രത്യേക സമയങ്ങളില്‍ ടെലികാസ്റ്റ് ചെയ്യുകയും ചെയ്തോട്ടെ. പക്ഷെ ഇപ്പൊഴത്തെ ചാനലുകളുടെ പ്രവര്‍ത്തനത്തില്‍ social commitment എന്നു പറയുന്ന സാധനം എത്ര ആത്മാര്‍ഥമായി പരിശോധിച്ചിട്ടും കാണാന്‍ കഴിയുന്നില്ല സുഹൃത്തേ. ഒരുപക്ഷേ ഈയുള്ളവന്‍റെ കാഴ്ച്ചപ്പാടിന്‍റെ വൈകല്യമായിരിക്കാം

സുല്‍ നും, നരിക്കുന്നനും നന്ദി. സന്ദര്‍ശനത്തിനും, അഭിപ്രായത്തിനും.

കാവാലം ജയകൃഷ്ണന്‍ said...

പക്ഷേ ‘എങ്ങനെയും‘ പണമുണ്ടാക്കുന്നതിനോട് എനിക്കു യോജിപ്പില്ല

നരിക്കുന്നൻ said...

ജയകൃഷ്ണൻ
ഒരു വാദത്തിന് ഞാനില്ല. അതിനുള്ള വിവരമൊന്നും ഈ എളിയവനില്ല. എങ്കിലും ഏതെങ്കിലും ഒരു വിഭാഗത്തിന് ഇഷ്ടമില്ലാത്തതിന്റെ പേരിൽ ഒരു വാർത്ത കാണിക്കരുതെന്ന് എനിക്കഭിപ്രായമില്ല എന്നേ പറഞ്ഞുള്ളൂ. കന്യാ സ്ത്രീ മരിച്ച് കിടക്കുന്ന രംഗം ഞാൻ കണ്ടു. അതിൽ ഒരു ചാനലിന് എന്ത് ചെയ്യാനാണുള്ളത്? ആ ന്യൂസ് ചോടോടെ മായം കലർത്തുന്നതിന് മുമ്പായി ജനങ്ങളിലെത്തിക്കുക. ഇതിൽ എന്തെങ്കിലും അപാകതയുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. പിന്നെ ആ കന്യാസ്ത്രീയുടെ പിതാവ് തന്നെയായിരുന്നു ചാനലുകളോട് സംസാരിച്ചത്. ആ അച്ചന്റെ വേദന കാണരുതെന്നാണോ? ഇനി ഇത്തരം അനുഭവങ്ങൾ മറ്റൊരാൾക്കും ഉണ്ടാകാതിരിക്കാൻ വേണ്ടിയെങ്കിലും ഇത് കാണിക്കുന്നതിൽ എന്ത് തെറ്റാണുള്ളത്. പുറത്ത് പറയാൻ കഴിയാത്തതിന്റെ പേരിൽ ഇന്നും പീഢനം സഹിച്ച് കഴിയുന്ന നിരവധി പേർ നമ്മുടെ നാട്ടിലുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ഇത് ഒരു കന്യാസ്ത്രീയുടെ മാത്രം കാര്യമല്ല. സംരക്ഷിക്കേണ്ടവരാൽ പീഡിപ്പിക്കപ്പെടുന്ന അനവധി പെൺകുട്ടികൾ നമ്മുടെ സമൂഹത്തിലുണ്ട്.

നന്ദി.

കാവാലം ജയകൃഷ്ണന്‍ said...

വാദിക്കാന്‍ വേണ്ടി പറയുന്നതല്ല നരിക്കുന്നന്‍. ഇതു ഒരു വിഭാഗത്തെ സംബന്ധിക്കുന്ന പ്രശ്നവുമല്ല. നമ്മുടെ സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങള്‍ എല്ലാം പച്ചക്കു കാണാന്‍ നമുക്കു കഴിയുമോ? ഒരു കുറ്റവാളിയെ കോടതി വിധയനുസരിച്ച് തൂക്കി കൊല്ലുന്നത് ജനം കാണുകയാണെങ്കില്‍ തീര്‍ച്ചയായും വധാര്‍ഹമായ കുറ്റകൃത്യങ്ങള്‍ ഗണ്യമായി കുറയും. പക്ഷേ അതു കാണിക്കാന്‍ കഴിയുമോ? (ചില വിദേശരാജ്യങ്ങള്‍ പരസ്യമായി തന്നെയാണിത് ചെയ്യുന്നത്). അതുപോലെ കാണുന്ന വ്യക്തികളോട് (സമൂഹത്തിനോട്) ഒരു കടപ്പാട് അവശ്യം തന്നെയാണ്. ജനം കാണണം, അറിയണം. ചില സംഭവങ്ങള്‍ അതേ പടി കാണിക്കുന്നത് ക്രൂരതയാണ്. നിയമം അതനുവദിക്കുന്നില്ല തന്നെ. മറ്റൊരു പരിപാടി ശ്രദ്ധയില്‍ പെട്ടിരുന്നു. ഒരു കൈം നടന്ന രീതിയെ അഭിനേതാക്കളെ വച്ച് അഭിനയിച്ച് കാണിപ്പിക്കുന്ന രീതി (ഇപ്പൊഴും ഉണ്ടോ എന്നറിയില്ല). മാധ്യമപ്രവര്‍ത്തകര്‍ സാക്ഷിയായിരുന്നോ പ്രസ്തുത സംഭവത്തിന്? അത്രയ്ക്ക് ഉറപ്പോടെയാണവര്‍ ഇതെല്ലാം വിളമ്പുന്നത്‌. ഇതിനെല്ലാം എന്തടിസ്ഥാനമാണുള്ളത്? ആവര്‍ത്തിക്കട്ടെ- നമ്മള്‍ പരസ്പരം വാദിക്കുകയല്ല, മറിച്ച് ഒരു വ്യവസ്ഥിതിയെ രണ്ടു പേരുടെ കാഴ്ചപ്പാടുകളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തുകയാണ്.

നന്ദി നരിക്കുന്നന്‍

അനില്‍@ബ്ലോഗ് // anil said...

എന്തു ചെയ്യാം ശ്രീ.ജയകൃഷ്ണന്‍,
മലയാളിയൂടെ മൊത്തം സ്വഭാവം തന്നെ ഇങ്ങനെ രൂപാന്തരം സംഭവിച്ചു എന്നു വേണമെങ്കിലും കരുതാം. ഒരു ദിനപ്പത്രത്തില്‍ വന്ന ചിത്രം ഓര്‍മവരികയാണു, ബസ്സിന്റെ അടിയില്‍ കുടുങ്ങിക്കിടക്കുന്ന മൃതദേഹത്തിന്റെ ദൃശ്യം മൊബൈലില്‍ പകര്‍ത്താന്‍ തിരക്കുകൂട്ടുന്ന സഹയാത്രക്കാരുടെ ചിത്രം.!!

നാം എന്തു ചെയ്യും?

ജിവി/JiVi said...

കുറച്ചു ദിവസം മുമ്പ് മനോരമ ന്യൂസില്‍ ‘കുറ്റപത്രം’ കാണാനിടയാ‍യി. ഒരു തൂങ്ങിമരണം. ആ മ്രുതദേഹം അവിടെ തൂങ്ങിയാടുന്നത് ആവര്‍ത്തിച്ച് കാണിക്കുന്നു. ഇതോക്കെയാണ് കെങ്കേമമായ മാധ്യമപ്രവര്‍ത്തനം എന്ന് പറഞ്ഞ് കൈയ്യടിക്കുന്ന ഒരു പ്രേക്ഷകവ്രുന്ദം ഇവിടെ ഉള്ളതാണ് കഷ്ടം

Balu said...

പ്രിയപെട്ട ജയകൃഷ്ണന്‍ കവാലത്തിനു

ഒരൊറ്റ ചാനലും നമ്മുടെ സംസ്കാരത്തെ കാത്തു സൂക്ഷിക്കുന്നവയല്ല. അത് അവരുടെ ബിസിനെസ്സ് മാത്രമാണ്. അവര് കാശ് മുടക്കി നമ്മുടെ സംസ്കാരം കാത്തു സൂക്ഷിക്കുമോ, അവയുടെ കാശ് മുതലാക്കുമോ? പത്രങ്ങളും വ്യത്യസ്തമല്ല! നാം ഇവറ്റകളെ സൂക്ഷിച്ചു മാത്രം കൈകാര്യം ചെയ്യുക.
ഞാന് T.V കാണുന്നത് ഇങ്ങനെ ആണ് - വെട്ടും കുത്തും കൊലപാതകവും വിളമ്പുന്ന VAARTHAKAL രാവിലെ തന്നെ കണ്ടു സ്വയം നെഗറ്റീവ് ആകാന് അനുവദിക്കാറില്ല. പത്രം തലകെട്ടില് ഒതുക്കും, ആവശ്യമുള്ളവ കൂടുതല് വായിക്കും. Prime time-ലുള്ള പുന്നാര serial-കളോ അവയുടെ പരസ്യമോ ഞാന് skip ചെയ്യും. മനസിന് കുളിര്മ നല്കുന്ന നല്ല കാര്യങ്ങള് കാണുക. മരണം ചിത്രങ്ങളാക്കി കാണാന് എനിക്ക് ഇഷ്ട്ടമല്ല.
അവതാരക മാരുടെയും അവതാരകന്മാരുടെയും ചേഷ്ട്ടകള് കണ്ടു വളരുന്ന കുട്ടികള് --ശിവ ശിവ!!!
പറയുന്നില്ല ഒന്നും, അതാ നല്ലത്.

കാവാലം ജയകൃഷ്ണന്‍ said...

അനില്‍,

നമ്മുടെ വ്യവസ്ഥിതി കേവലം സാങ്കേതികതയുടെയും, അര്‍ത്ഥമില്ലാത്ത പുരോഗമന ഭ്രമത്തിന്‍റെയും അടിമയായിക്കഴിഞ്ഞു. അതു കൊണ്ടു തന്നെ സഹജീവി മരിച്ചു കിടക്കുമ്പോള്‍ സഹതപിക്കുവാനോ, ദുഃഖിവാനോ അവനു സമയമില്ല. അവന്‍ അവിടെയും സാധ്യതകള്‍ തിരയുന്നു. അതുകൊണ്ട് തന്നെ അവനവന്‍റേതല്ലാത്ത ഏതു ദുരന്തവും അവന് ആഘോഷമാണ്. സന്ദര്‍ശനത്തിനു നന്ദി അനില്‍.

ജീവി, മാദ്ധ്യമപ്രവര്‍ത്തനമെന്തെന്നറിയണമെങ്കില്‍ ഇവരൊക്കെ കുറേ വര്‍ഷങ്ങള്‍ പിന്‍പോട്ടു സഞ്ചരിക്കേണ്ടിയിരിക്കുന്നു. സ്വാതന്ത്ര്യസമര കാലഘട്ടം മുതല്‍ ഇങ്ങോട്ടുള്ള കുറേ വര്‍ഷങ്ങള്‍, അടിയന്തരാവസ്ഥ... ഈ സമയങ്ങളിലൊക്കെ പത്രപ്രവര്‍ത്തനം നടത്തിയിരുന്നവര്‍ക്ക് സമൂഹത്തിനോട്‌ കടപ്പാടുണ്ടായിരുന്നതു കൊണ്ടാണ് മറിച്ച്‌ ഇന്നത്തെ പല പ്രൊഫണലുകളും കാട്ടിക്കൂട്ടുന്നതു പോലെ പണത്തിനും, പ്രശസ്തിക്കും വേണ്ടിയല്ലായിരുന്നു അവരുടെ പ്രവര്‍ത്തനം. അന്നത്തെ ജനങ്ങളില്‍ വികാരവും, വിവേകവും നിറയ്ക്കുവാന്‍ അവരുടെ തൂലികയ്ക്കു കഴിഞ്ഞു. സമൂഹത്തിന്‍റെ തിരുത്തല്‍ ശക്തിയായി മാധ്യമങ്ങള്‍ നിലനിന്നിരുന്ന ആ കാലം എന്നെങ്കിലും തിരിച്ചു വരുമെന്നു നമുക്കു പ്രത്യാശിക്കാം. കുറഞ്ഞ പക്ഷം ഭാഷാശുദ്ധി പോലുമില്ലാതെ പ്രേക്ഷകരെ പരിപാടിയിലേക്ക്‌ ‘ഹാര്‍ദ്ദവമായി’ സ്വാഗതം ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരെ അതു വരെ സഹിക്കുകയല്ലേ വഴിയുള്ളൂ.

ചേട്ടന്‍, മലയാള ദൃശ്യ മാധ്യമങ്ങള്‍ വഴി പരക്കുന്ന ഈ സംസ്കാരം വേദനയോടെ നോക്കി കാണുവാനേ നമുക്കു കഴിയൂ. കാരണം നമ്മുടെ ചുറ്റുപാടും ഒരു തലമുറ ഇതൊക്കെ കണ്ടും, കേട്ടും വളര്‍ന്നു വരുന്നു. പ്രത്യേകിച്ചും ഇന്നത്തെ തലമുറയ്ക്ക്‌ ഓണവും, വിഷുവും, ക്രിസ്തുമസുമെല്ലാം ടെലിവിഷനും, കമ്പ്യൂട്ടറുമായി ഒതുങ്ങിയിരിക്കുന്ന ഈ കാലത്ത് അവരത് വളരെ വേഗം ശീലമാക്കും. ഇപ്പോള്‍ തന്നെ ചാനലുകളില്‍ വരുന്ന പല അവതാരകന്മാര്‍ക്കും ഭാഷാശുദ്ധിയില്ല. അവതാരികമാരാണെങ്കില്‍ പറയുകയും വേണ്ട. നേരേ ചൊവ്വേ തുണിയുടിപ്പിച്ചു നിര്‍ത്തിക്കൂടേ ചാനലുകാര്‍ക്ക് ഇവരെയൊക്കെ. ദൈവത്തിന്‍റെ സ്വന്തം നാട്‌... ആരെങ്കിലും കളിയാക്കി ഇട്ടതാവുമോ ഈ പേര്???

M A N U . said...

ചാനലുകളുടെ ഇത്തരം തോന്നിയവാസങ്ങളെ തടയിടാന്‍ നിയമങ്ങളില്ലെങ്കില്‍ പുതിയ നിയമനിര്‍മ്മാണത്തിനുള്ള സമയം അതിക്റമിച്ചിരിക്കുന്നു...പ്റേക്ഷകന്‍ എന്നാല്‍ എന്തും കാണുന്നകഴുതകള്‍ എന്നുള്ള ചാനലുകാരുടെ ചിന്താഗതിയെ മാറ്റിയെടുക്കണമെങ്കില്‍ നമ്മള്‍ ഉണരണം.ഈ വിഷയം സമൂഹം ഏെറ്റെടുക്കണം.പുരോഗമനപ്രസ്ഥാനങ്ങള്‍ ഏറ്റെടുക്കണം.കുറച്ച്‌ ദിവസങ്ങള്‍ മുന്‍പ്‌ കൈരളി-പീപ്പിള്‍ ചാനലില്‍ വന്ന ഒരു വാര്‍ത്ത.കൊല്ലത്തെവിടെയോ ഒരു പട്ടിക്ക്‌ പേയിളകി രണ്ടു കുട്ടികളെ കടിച്ചു.പട്ടിയെ നാട്ടുകാര്‍ ഓടിച്ചിട്ട്‌ കല്ലെറിയുന്നു,തല്ലുന്നു.....അവസാനം പേ പിടിച്ച പട്ടി നിര്‍ത്തിയിട്ടിരുന്ന ഒരു ലോറിക്കടിയില്‍ അഭയം പ്രാപിക്കുന്നു.പട്ടിയെ കൊല്ലാനായി ലോറി പിന്നോട്ടെടുക്കുന്നു....ലോറിയുടെ പിന്‍ ചക്രം കയറ്റി ലോറി ഡ്രൈവര്‍ പട്ടിയെ കൊല്ലുന്നു.പേപ്പട്ടിയാണെങ്കില്‍ കൂടി ഇത്ര ക്രൂരമായി അതിനെ കൊല്ലുന്ന ദൃശ്യങ്ങള്‍ ആ വാര്‍ത്തക്കൊപ്പം സം പ്രേക്ഷണം ചെയ്യേണ്ടിയിരുന്നോ?..... പേ പിടിച്ചത്‌ പട്ടിക്കോ അതോ ഒരു ജനതയുടെ ആത്മാവിഷ്കാരമെന്ന് എഴു നേരവും അവകാശപ്പെടുന്ന കൈരളി ചാനലിനോ?!