Wednesday, March 31, 2010

ഏഷ്യാനെറ്റേ കൊഞ്ഞനം കുത്തുകയാണോ?

ജനങ്ങള്‍ വെറും കഴുതകളാണെന്ന് വിശ്വസിക്കരുത്. നിങ്ങള്‍ കൊട്ടിഘോഷിച്ച് ഉല്‍ഘാടിച്ച ഏഷ്യാനെറ്റ് മിഡില്‍ ഈസ്റ്റ് എന്ന പേരില്‍ ഇപ്പോള്‍ പ്രവാസി മലയാളികളെ നോക്കി കൊഞ്ഞനം കുത്തിക്കൊണ്ടിരിക്കുന്ന ചാനലിനെക്കുറിച്ചു തന്നെയാണ് പറയുന്നത്. നിങ്ങള്‍ക്ക് മറ്റു ചാനലുകള്‍ പേ ചാനല്‍ ആക്കണമെങ്കില്‍ ആയിക്കോ, കാശുള്ളവന്‍ അതു കൊടുത്തു കണ്ടോളും. പുതിയ ചാനലുകള്‍ വരുന്നതും നല്ലതു തന്നെ. പക്ഷേ ഏറ്റവും കുറഞ്ഞത് പ്രവാസികളുടെ സമയ ലഭ്യതയെക്കുറിച്ച് ഒരു പഠനമെങ്കിലും നടത്തണമായിരുന്നു.

അവിടുത്തെ തല മൂത്ത മാനേജര്‍മാരൊക്കെ എവിടുന്നാണാവോ ഡിഗ്രിയെടുത്തത്? രാവിലെ എഴുന്നേറ്റ് ടി വി ഓണ്‍ ചെയ്തു നോക്കുമ്പോള്‍ കാണുന്നത് ഐഡിയ സ്റ്റാര്‍ സിംഗര്‍, വൈകുന്നേരവും അതു തന്നെ ഇതൊന്നും പോരാഞ്ഞ് അര്‍ദ്ധരാത്രിയില്‍ ടി വി ഓണ്‍ ചെയ്താലും അതേ പരിപാടി തന്നെ. ഉച്ചക്ക് ലഞ്ച് ബ്രേക്കിന് പല പ്രാവശ്യം കണ്ടു മടുത്തതാണെങ്കിലും, പകുതി ഭാഗം തികച്ചു കാണാന്‍ കഴിഞ്ഞില്ലെങ്കിലും ഒരു ചലച്ചിത്രത്തിന്‍റെ മൂലയെങ്കിലും കാണാമായിരുന്നു, ഇന്നു നോക്കിയപ്പോള്‍ ആ സ്ഥാനത്ത് മഞ്ച് സ്റ്റാര്‍ സിംഗര്‍!!!. നിങ്ങളെന്താ നാട്ടുകാരെ കൊഞ്ഞനം കുത്തി കാണിക്കുവാണോ? അതോ സ്റ്റാര്‍ സിംഗര്‍ പരിപാടിക്കാരാരെങ്കിലും നിങ്ങള്‍ക്കു കൂടോത്രം ചെയ്തോ? മീഡിയ പ്ലാനിംഗും പ്രോഗ്രാം ഷെഡ്യൂളിംഗും ഒന്നും അറിയാന്‍ മേലാത്തവരാണ്‌ അവിടെയിരിക്കുന്നതെങ്കില്‍ ഇങ്ങോട്ടു പറഞ്ഞാല്‍ മതി. (ചോദിക്കുന്ന കാശും തരേണ്ടി വരും) ശരിയാക്കി തരാം, സ്ഥിരമായി അവിടെ പണിയെടുക്കാനും കിട്ടില്ല(ഇല്ലെങ്കില്‍ നിങ്ങള്‍ക്കു തോന്നും ഏഷ്യാനെറ്റില്‍ ജോലി ചെയ്യാനുള്ള പൂതി കൊണ്ടാണെന്ന്). ഇന്‍‍ക്യുബേറ്ററില്‍ വച്ച് വിരിയിച്ചെടുക്കുന്ന മാനേജ്‌മെന്‍റ് സര്‍ട്ടിഫിക്കറ്റിന്‍റെ കുഴപ്പമാണിത്.

അതെങ്ങനെയാ ഇന്‍‍വെസ്റ്റിഗേറ്റീവ്‌ ജേര്‍ണലിസമെന്നു (അതോ ജീര്‍ണലിസമോ?) പറഞ്ഞ് ബലാത്സംഗസീനുകള്‍ പുനര്‍നിര്‍മ്മിച്ച് കാണിക്കുവാനും, ക്രൈമെന്നു പറഞ്ഞ് തൂങ്ങിച്ചത്തവന്‍റെയും, വെട്ടിക്കൊന്നവന്‍റെയും ലൈവ്‌ കാണിക്കാനും, രാജ്യസ്നേഹമെന്നു പറഞ്ഞ് തീവ്രവാദികള്‍ക്കെതിരെയുള്ള കമാന്‍ഡോ ആക്ഷനുകള്‍ ലൈവായി പിടിച്ച് ശത്രുക്കളെ സഹായിക്കാനും, അവാര്‍ഡ്‌ ദാനത്തിന്‍റെ പടം പിടിക്കാന്‍ ചെന്ന് അവാര്‍ഡ്‌ തന്നെ തല്ലിപ്പൊട്ടിക്കാനും, സാമൂഹിക രാഷ്ട്രീയ വിമര്‍ശനമെന്നു പറഞ്ഞ് ആറുവായിട്ട് തൊട്ടിലില്‍ ഉറങ്ങുന്ന കൊച്ചുങ്ങളെപ്പോലും പേടിപ്പിക്കാനുമൊക്കെയല്ലേ നിങ്ങള്‍ക്കറിയൂ. വേറെ എന്തോന്നു പിണ്ണാക്കാണ് നിങ്ങള്‍ ചാനലുകാര്‍ മലയാളിക്ക് വച്ചു വിളമ്പുന്നത്.

ഒട്ടും നേരില്ലാതെ നിര്‍ലജ്ജം നിരന്തരം തുടരുന്ന ഈ അക്രമം സഹിക്കാന്‍ ഞങ്ങളെ കിട്ടില്ല സാറേ. കാശു ചിലവാക്കിയിട്ടായാലും വേറേ ‘കൊള്ളാവുന്ന’ ചാനലുകള്‍ ഏതെങ്കിലും കിട്ടുമോ എന്നു നോക്കട്ടെ.

പ്രവാസികള്‍ക്ക് ക്ഷമ അല്‍‍പ്പം കൂടുതലാണെന്നതൊക്കെ ശരി തന്നെയാണ്. അതു പോലെ തന്നെ പ്രബുദ്ധതയും കൂടുതലുണ്ടെന്ന് മനസ്സിലാക്കിയാല്‍ കൊള്ളാം. പുതിയ മാറ്റത്തിലൂടെ നല്ല ഒരു ശതമാനം പ്രേക്ഷകരെ നിങ്ങള്‍ നഷ്ടപ്പെടുത്തിയിരിക്കുന്ന വിവരം സന്തോഷത്തോടെ അറിയിച്ചു കൊള്ളുന്നു.

Saturday, March 27, 2010

കണ്ണൂരില്‍ ആണുങ്ങള്‍ ആരും ഇല്ലേ?

ഒരു ഹൃദയം നിറയെ കണ്ണീരുമായാണ് ഇതെഴുതുന്നത്. ഏതാനും നിമിഷങ്ങള്‍ക്കു മുന്‍പേ, ഏഷ്യാനെറ്റ് നടി ഷീലാമ്മ അവതരിപ്പിക്കുന്ന ‘ഞാന്‍ സ്ത്രീ’ എന്ന പരിപാടി സം‍പ്രേക്ഷണം ചെയ്തിരുന്നു.

മേരി എന്ന് പേരുള്ള ഒരു അമ്മ. മകന് എട്ടു വയസ്സുള്ളപ്പോള്‍ ഭര്‍ത്താവ്‌ മരിച്ചതാണ്. അവര്‍ കഷ്ടപ്പെട്ട്, ഒട്ടേറെ ത്യാഗങ്ങള്‍ സഹിച്ച് മകനെയും മകളെയും വളര്‍ത്തി. മകളെ വിവാഹം കഴിപ്പിച്ചയച്ചു. ഒടുവില്‍ മകനെയും വിവാഹം കഴിപ്പിച്ചു. വിവാഹശേഷം നാലാം നാള്‍‍ (അതേ... കൃത്യം നാലാം ദിവസം!) ആ മകന്‍ അവരുടെ കാല്‍ തല്ലിയൊടിച്ച് നിര്‍ദ്ദയം വീട്ടില്‍ നിന്നിറക്കി വിട്ടിരിക്കുന്നു. ആ അമ്മയുടെ പേരിലുണ്ടായിരുന്ന ഒരേക്കര്‍ ഭൂമിയും, വീടും കൂടി നിര്‍ബന്ധപൂര്‍വ്വം എഴുതി വാങ്ങിയിട്ടാണ് ആ മൃഗം ഇതു ചെയ്തത്. അവരുടെ തേങ്ങല്‍ വല്ലാതെ നൊമ്പരപ്പെടുത്തുന്നു.

വനിതാകമ്മീഷനും, മനുഷ്യാവകാശകമ്മീഷനും, നിയമവ്യവസ്ഥകളും ഒന്നുമില്ലേ ഈ നാട്ടില്‍ അബലയായ ആ അമ്മയെ തുണക്കാന്‍? മിണ്ടുന്നതിനു മുന്‍പേ വാളെടുക്കുന്ന കണ്ണൂരില്‍ ആണുങ്ങള്‍ ആരുമില്ലേ ആ ദ്രോഹിയുടെ കയ്യും കാലും തല്ലിയൊടിക്കാന്‍?

ആ അമ്മയ്ക്ക് എന്തെങ്കിലും സഹായം നല്‍‍കാന്‍ ആഗ്രഹിക്കുന്നവര്‍ ഏഷ്യാനെറ്റിന് അയച്ചു കൊടുത്താല്‍ അവര്‍ എത്തിച്ചു കൊടുക്കാം എന്ന് അറിയിച്ചിട്ടുണ്ട്.