Tuesday, June 30, 2009

അവര്‍ എല്ലാം തന്നില്ലേ? നമുക്കെന്തു നല്‍കാം?


കഴിഞ്ഞ ദിവസം ഒരു വാര്‍ത്ത കണ്ടു.
മഴക്കാലക്കെടുതിയില്‍ വലയുന്ന ആദിവാസികളുടെ ദയനീയ ചിത്രം. ഇത്തരം വാര്‍ത്തകളോടൊന്നും പൊതുവേ ആര്‍ക്കും (മാധ്യമങ്ങള്‍ക്കു പോലും) വലിയ താല്‍‍പര്യമില്ലെങ്കിലും ഈ വാര്‍ത്ത ഒരു ചിന്തക്കു വഴി തെളിച്ചു.


വാസ്തവത്തില്‍ നമ്മുടെ നാട്ടിലെ ഏറ്റവും അധഃകൃതരായി ഇന്നും തുടരുന്ന ആദിവാസികള്‍. എന്നാല്‍ അവരെ ചൂഷണം ചെയ്യുന്നതില്‍ നാമെല്ലാവരും പ്രത്യക്ഷമായോ പരോക്ഷമായോ പങ്കാളികളല്ലേ?. അവരുടെ ഈ ദൈന്യാവസ്ഥക്കും, പട്ടിണിക്കും വളരെ ചെറിയ ഒരളവിലെങ്കിലും നാമോരോരുത്തരും കാരണക്കാര്‍ തന്നെ. അവര്‍ കാടുകയറി നാട്ടിലെത്തിക്കുന്ന തേനും, ഔഷധങ്ങളും തുടങ്ങി എന്തെല്ലാമെന്തെല്ലാം ഇന്ന് നമ്മുടെ നിത്യോപയോഗവസ്തുക്കളുടെ ഭാഗമാകുന്നുണ്ട്‌. അവര്‍ മാത്രമായിരിക്കില്ല ഇവയെല്ലാം സംഭരിക്കുന്നതെന്ന വാദം അംഗീകരിക്കുമ്പൊഴും, അവര്‍ സംഭരിക്കുന്ന മുഴുവന്‍ വസ്തുക്കളുടെയും പൂര്‍ണ്ണ ഉപഭോക്താക്കള്‍ നമ്മള്‍ മാത്രമാണെന്ന് പറയാതെ വയ്യ.

വ്യാവസായികാടിസ്ഥാനത്തില്‍ കാടുകയറിയിട്ടുള്ളവര്‍ കാടിനെ മുച്ചൂടും മുടിച്ച്, പരിസ്ഥിതിക്ക് ഉണങ്ങാത്ത മുറിവേല്‍‍പ്പിച്ച് കാടിറങ്ങുമ്പോള്‍, ഇവര്‍ ചെയ്തിരുന്നതെന്താണ്? പ്രകൃതിക്കിണങ്ങിയ രീതിയില്‍, മിതമായി മാത്രം വനവിഭവങ്ങളെ ശേഖരിച്ച് നമ്മിലെത്തിക്കുന്നു. വ്യവസായികള്‍ മായം ചേര്‍ത്തു വില്‍ക്കുന്ന വനവിഭവങ്ങള്‍ പറയുന്ന വില നല്‍കി വാങ്ങുന്ന നമ്മള്‍ അതേ വിഭവങ്ങള്‍ ഒരു ആദിവാസിയുടെ കയ്യില്‍ നിന്നും ‘ചുളു വിലക്ക്’ സ്വന്തമാക്കാന്‍ ശ്രമിക്കുന്നു. അവനില്‍ നിന്ന് പലതും നാം പിടിച്ചെടുക്കുക തന്നെയായിരുന്നു.

നമ്മള്‍ അവരുടെ കൃഷിയിടങ്ങള്‍ കയ്യേറി, അതുമല്ലെങ്കില്‍ പാട്ടത്തിനെന്ന വ്യാജേന അവനെ കബളിപ്പിച്ചു സ്വന്തമാക്കി നമ്മിലൊരു വിഭാഗം തന്നെ പൊന്നു വിളഞ്ഞിരുന്ന, ഔഷധങ്ങളും, ഭക്ഷ്യവസ്തുക്കളും കൃഷിചെയ്തിരുന്ന അവന്‍റെ മണ്ണില്‍ കഞ്ചാവ് കൃഷി ചെയ്തു. അതിന്‌ അവരെത്തന്നെ പറഞ്ഞു പറ്റിച്ചോ, ഭീഷണിപ്പെടുത്തിയോ കാവല്‍ നിര്‍ത്തി. നമ്മള്‍‍, അവര്‍ ജീവിക്കുകയും, ദൈവമായി ആരാധിക്കുകയും, സ്നേഹിക്കുകയും ചെയ്തിരുന്ന വനങ്ങളില്‍ പകല്‍ക്കൊള്ള ചെയ്തും വെട്ടിനിരത്തിയും തരിശു ഭൂമികളാക്കി. അവനു വേണ്ടിയും കൂടി പ്രകൃതി കരുതി വച്ച വിഭവങ്ങളെ അനധികൃതമായി ചൂഷണം ചെയ്തു. നമ്മള്‍ പരിഷ്കൃത വര്‍ഗ്ഗങ്ങള്‍ എന്നഭിമാനിക്കുന്നവരുടെ എച്ചില്‍ ഭക്ഷിക്കുന്നതില്‍ നിന്നു പോലും അവനെ അകറ്റി. കാലാകാലങ്ങളില്‍ മാറി മാറി വന്ന രാഷ്ട്രീയക്കാരും അവനെക്കൊണ്ടു കാര്യം കണ്ടു. നമ്മള്‍ അവരുടെ പാട്ടു പോലും സ്വന്തമാക്കിയില്ലേ?

നാമെന്താണവര്‍ക്ക് തിരിച്ചു കൊടുത്തത്? മുഴുപ്പട്ടിണിയും, അവജ്ഞയുമല്ലാതെ മറ്റെന്തെങ്കിലും തിരികെ നല്‍കാന്‍ നമുക്കായിട്ടുണ്ടോ? ഇന്നും കടല്‍കടന്നെത്തുന്ന സായിപ്പിനു കാണാന്‍ ഫെയര്‍ ആന്‍ഡ് ലവ്‌ലി തേച്ചും, എ സിയുടെ തണുപ്പിലും, ഫേഷ്യലിംഗിന്‍റെ കൊഴുപ്പിലും വെളുപ്പിച്ചെടുത്ത മുഖമുള്ളവര്‍ മുഖത്ത് കരി തേച്ച് കെട്ടിയാടി വര്‍ണ്ണാഭമാക്കുന്ന ആദിവാസി നൃ്ത്തങ്ങള്‍ പോലും അവരുടേതല്ലേ? അവന്‍റെ വേദനയും, പട്ടിണിയും, ഭക്തിയും, സ്നേഹവും, കൂറുമെല്ലാം അലിഞ്ഞു ചേര്‍ന്ന ആ മണ്ണിന്‍റെ സംഗീതത്തെ പോലും നമ്മള്‍ വിലയ്ക്കു വില്‍ക്കുന്നു. എന്നിട്ടും... എന്നിട്ടും നാമവര്‍ക്കെന്തു തിരിച്ചു നല്‍കി???

ജീവകാരുണ്യം പ്രസംഗിക്കുന്ന മത സംഘടനകള്‍ക്കും, അഥസ്ഥിതന്‍റെ ദൈന്യതയെ വോട്ടാക്കി മാറ്റുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അവരെ വേണ്ടാതാവുന്നതെന്തുകൊണ്ടാണ്? ഒരു നേരത്തെ ഭക്ഷണം കൊടുക്കാന്‍ ഒരു കൈ പോലും അവനു നേരേ നീളാത്തതെന്തുകൊണ്ടാണ്?

ഭൂലോകത്തേക്കാള്‍ മനുഷ്യത്വവും, സ്നേഹവും കൈമുതലായുള്ള നമ്മള്‍ ബൂലോകര്‍ക്കെങ്കിലും എന്തെങ്കിലും ഒന്നു ചെയ്യാന്‍ കഴിയുമോ?

© ജയകൃഷ്ണന്‍ കാവാലം