Saturday, April 25, 2009

ലൈംഗികത പാപമല്ല, പുണ്യമാണ്. (കൂട്ടുകാരന്‍റെ ചോദ്യത്തിന് ഉത്തരം)



ഒരു പക്ഷേ മനുഷ്യന്‍ ഏറ്റവുമധികം ചോദിച്ചിട്ടുള്ള ഒരു ചോദ്യമായിരിക്കും ‘ലൈംഗികത പാപമോ’ എന്നത്. കൂട്ടുകാരന്‍റെ ചില സംശയങ്ങള്‍ ശ്രദ്ധയില്‍ പെടുകയുണ്ടായി. എന്നാല്‍ കേവലം ഒരു കമന്‍റിലൂടെ ഇത് ചര്‍ച്ച ചെയ്യുക എന്നത് അസാദ്ധ്യമാണെന്നു തോന്നുന്നു. കമന്‍റുകള്‍ക്ക്‌ പോസ്റ്റിനേക്കാള്‍ വളരെ ദൈര്‍ഘ്യമേറിയേക്കാം എന്നതു തന്നെ കാരണം.

‘മതമില്ലാത്ത ജീവന്‍‘ എന്ന ആശയത്തിന് അര്‍ദ്ധമുണ്ടോ എന്ന അദ്ദേഹത്തിന്‍റെ ചോദ്യത്തിന് ആത്മീയ തലത്തില്‍ ഉത്തരമുണ്ട്‌. ആത്മാവ്‌ ഗുണ-ദോഷ-വികാര-വിചാരാദികളില്‍ നിന്നെല്ലാം സ്വതന്ത്രമെന്ന്‌ അഥവാ നിര്‍ഗ്ഗുണമെന്ന്‌ വേദാന്തം പറയുന്നെങ്കില്‍; തീര്‍ച്ചയായും ആ ജീവന്‍ മതരഹിതം തന്നെയാവേണ്ടതല്ലേ? ഹൈന്ദവര്‍ ബ്രഹ്മം എന്നു വിളിക്കുന്നതും, ക്രൈസ്തവര്‍ അരൂപി എന്നു വിളിക്കുന്നതും, ഇസ്ലാം അള്ളാ എന്നു വിളിക്കുന്നതും ഈ നിര്‍ഗ്ഗുണചൈതന്യത്തെ തന്നെ. ആ പരിശുദ്ധവും നിര്‍ഗ്ഗുണവുമായ ജീവന് മതമില്ല തന്നെ.

കേവലം അഭിപ്രായം എന്ന നിലയില്‍ നിന്നും -മനുഷ്യന്‍റെ ശാരീരികവും, ബൌദ്ധികവും, ആത്മീയവുമായ നിലനില്‍‍പ്പിനും, ഉന്നമനത്തിനും വേണ്ടി കാലാകാലങ്ങളില്‍ ലഭ്യമായിട്ടുള്ള അഭിപ്രായങ്ങളും, നിര്‍ദ്ദേശങ്ങളും തന്നെയാണ് മതങ്ങള്‍ എന്ന സമൂഹങ്ങളായി രൂപാന്തരം പ്രാപിച്ചതെന്നു കരുതാം.- നന്മയെ മാത്രം ലക്ഷ്യം വച്ച് ലഭ്യമായ ആ അഭിപ്രായങ്ങളെ പിന്‍‍തുടര്‍ന്ന സമൂഹങ്ങളില്‍ പക്ഷേ കാലുഷ്യം കലരുകയും അവര്‍ തമ്മില്‍ തമ്മില്‍ വാളെടുക്കുകയും ചെയ്തു. അതുമല്ലെങ്കില്‍ ബാഹ്യശക്തികള്‍ കുത്തി വച്ച വിഷം അവരെക്കൊണ്ടു വാളെടുപ്പിച്ചു. അതുകൊണ്ടു തന്നെ അഹിംസയും, പരസ്പരസ്നേഹവും, ത്യാഗവുമൊക്കെ വിളംബരം ചെയ്ത ആ മതങ്ങളില്‍ നിന്നും അവര്‍ പുറത്താവുകയും ചെയ്തു. വിഡ്ഡികള്‍. ആയുധമെടുത്തു സഹജീവിയെ ആക്രമിക്കുന്ന ഹിന്ദു എന്നോ, ക്രിസ്ത്യന്‍ എന്നോ ഇസ്ലാം എന്നോ, ബുദ്ധിസ്റ്റ് എന്നോ ജൈനിസ്റ്റ് എന്നോ സിഖ് എന്നോ അവകാശപ്പെടുന്നവരൊന്നും ആ അവകാശവാദത്തിന് ഒരു കാരണവശാലും യോഗ്യരല്ല. കാരണം ആ മതസംഹിതകളില്‍ പരസ്പര ദ്വേഷണം അനുശാസിച്ചിട്ടില്ല തന്നെ. ഇനി അത്തരം ഒരു അഭിപ്രായം പ്രസ്തുത ഗ്രന്ധങ്ങളിലോ തത്വസംഹിതകളിലോ ഉണ്ടെന്നു നിസ്സംശയം ബോദ്ധ്യമായാല്‍ അവകളെ കടലിലെറിയുകയോ, അഗ്നിയിലെരിക്കുകയോ ചെയ്യുകയാണ് ബുദ്ധിയും, യുക്തിയും, കൈമുതലായുള്ള ലോകനന്മ ആഗ്രഹിക്കുന്ന ഓരോ പൌരന്‍റെയും ധര്‍മ്മവും, കടമയും.

കൂട്ടുകാരന്‍ ചോദിച്ചതു പോലെ ജീവികളിലെ ലൈംഗികോര്‍ജ്ജമല്ല പ്രേമവും സ്നേഹവുമായി പുറത്തു വരുന്നത്. ലൈംഗികോര്‍ജ്ജത്തിന്‍റെ പ്രാകട്യത്തെ ‘കാമം’ എന്നു വിളിക്കുവാന്‍ മാത്രമേ സാധിക്കുകയുള്ളൂ. വെറും കാമം മാത്രം.

സ്നേഹത്തെ നിര്‍വ്വചിക്കുക പ്രയാസകരമെങ്കിലും ചില തരംതിരിവുകള്‍ സ്നേഹത്തിനുണ്ട്‌. സ്നേഹം എന്ന പൊതുവായ പേരില്‍ അറിയപ്പെടുന്ന ഈ അനുഭവം പകുതി ഭൂമിയിലും പകുതി സ്വര്‍ഗ്ഗത്തിലുമാണെന്നു പറയാം. അതായത്‌ സ്നേഹത്തെ; കാമം, പ്രണയം,ഇഷ്ടം,ബഹുമാനം,വാത്സല്യം,പ്രേമം എന്നിങ്ങനെ തരം തിരിക്കാവുന്നതാണ്. വ്യക്തമായ വ്യത്യാസം ഇതിനുണ്ട്‌.

കാമം: കേവലം താമസഗുണം മാത്രമാണിത്. കേവലം ഇന്ദ്രിയസുഖത്തിനു വേണ്ടി മാത്രം ഉണ്ടാവുന്നതും, നിലനില്‍ക്കുന്നതുമായ ഒരു അധമവികാരം മാത്രമാണ് കാമം. സ്വാര്‍ത്ഥതയുടെ മാത്രം സന്തതി. ഇതിന്‍റെ നില ഭൂമിക്കും, പാതാളത്തിനും അടിയിലെന്നു വേണം കരുതാന്‍.

പ്രണയം: പ്രണയത്തില്‍ വിട്ടുവീഴചക്ക് അവസരങ്ങളും, സാദ്ധ്യതയുമുണ്ട്‌. എന്നാല്‍ സ്വാര്‍ത്ഥതയും ഉണ്ട്‌. ഏതെങ്കിലും അര്‍ത്ഥത്തില്‍ ‘സ്വന്തമാക്കാനല്ലാതെ’ ആരും പ്രണയിക്കാറില്ലല്ലോ. മാത്രവുമല്ല ഇവിടെ കാമത്തിന്‍റെ സാമീപ്യവും സ്ഥിരമായോ, താല്‍ക്കാലികമായോ ദര്‍ശിക്കാവുന്നതാണ്. ഒന്നുകില്‍ ശരീരം, അല്ലെങ്കില്‍ തിരിച്ചുമുള്ള സ്നേഹം, പരിഗണന അങ്ങനെ സ്വാര്‍ത്ഥതയുടെ പ്രാകട്യം തീര്‍ച്ചയായും പ്രണയത്തില്‍ ദൃശ്യമാണ്. ഇതിന്‍റെ നില ഭൂമിയിലാണ്.

ഇഷ്ടം: ഇവിടെ സ്വാര്‍ത്ഥതയുടെ തോത്‌ നേര്‍പകുതിയോ അതിലേറെയോ ആണ്. ഒരു മിഠായി. ‘എനിക്കിതിഷ്ടമാണ്’ എന്ന് ഒരാള്‍ പറഞ്ഞാല്‍ അതില്‍ ‘എനിക്കിതു കിട്ടിയാല്‍ നന്നായിരുന്നു’ എന്നൊരു സ്വാര്‍ത്ഥലാഭേച്ഛ കൂടിയില്ലേ?. അതു പോലെ എനിക്ക് ആ പെണ്‍കുട്ടിയെ ഇഷ്ടമാണ് എന്ന് ഒരുവന്‍ പറയുമ്പോള്‍ അവിടെയും കിട്ടിയാല്‍ നന്ന് എന്നൊരു സ്വാര്‍ത്ഥത ഒളിഞ്ഞിരിപ്പുണ്ട്‌. ഇഷ്ടവും സ്വാര്‍ത്ഥമയം തന്നെ. ഇതിന്‍റെയും നില ഭൂമിയിലത്രേ.

ബഹുമാനം: മാതാപിതാക്കള്‍, ഗുരുക്കന്മാര്‍ തുടങ്ങിയവരോട്‌ നമുക്കുണ്ടാവുന്ന സ്നേഹമാണ് ബഹുമാനം. ഇവിടെ സ്വാര്‍ത്ഥതയുടെ അംശം വളരെ വളരെ കുറവു തന്നെ എങ്കിലും സ്വാര്‍ത്ഥതയുടെ സാമീപ്യമുണ്ട്‌. മാതാപിതാക്കളെ നാം സ്നേഹിക്കുമ്പോള്‍ അവരുടെ സ്നേഹം നാം തിരിച്ചും കൊതിക്കുന്നു. അവരുടെ പരിഗണന കാംക്ഷിക്കുന്നു. അതു പോലെ തന്നെ ഗുരുക്കന്മാരില്‍ നിന്നും തിരിച്ചുള്ള വാത്സല്യവും, വിദ്യയുമെല്ലാം നാം കാംക്ഷിക്കുന്നു. അതു കൊണ്ടു തന്നെ ബഹുമാനവും സംശുദ്ധമായ സ്നേഹമാണെന്നു പറയുക വയ്യ. എന്നാല്‍ ശുദ്ധസ്നേഹത്തോട്‌ വളരെ ചേര്‍ന്നു നില്‍ക്കുന്നു എന്നു പറയാം.

വാത്സല്യം: ഇത്‌ പൊതുവേ മക്കളോടോ, ശിഷ്യന്മാരോടോ എല്ലാം തോന്നുന്ന സ്നേഹമാണ്. ഇവിടെയും ബഹുമാനത്തിന്‍റെ കാര്യത്തിലെന്ന പോലെ തിരിച്ചൊരു ‘പ്രതീക്ഷ’ ഉണ്ടു തന്നെ.

അവസാനമായി പ്രേമം: ഇത്‌ ഈശ്വരനോട്‌ തോന്നേണ്ട വികാരമാണ്. സ്വാര്‍ത്ഥതയുടെ, പ്രതീക്ഷയുടെ ലവലേശമില്ലാത്ത ഈ സ്നേഹമത്രേ സ്വര്‍ഗ്ഗീയവും, ആത്മീയവുമായ പരമാനന്ദപ്രദായകമായ ദിവ്യാനുഭവം. പ്രേമം അത്‌ സര്‍വ്വ ചരാചരങ്ങളോടുമാകാം. ഇവിടെ പ്രതീക്ഷകള്‍ ഒന്നുമില്ല. ത്യാഗം മാത്രം. എന്തും നല്‍കുക. എന്തും ത്യജിക്കുക. ഒന്നും പ്രതീക്ഷിക്കാതിരിക്കുക. മഴ പൊഴിയുന്നതു പോലെ, അഗ്നി എരിയുന്നതു പോലെ ആ ദിവ്യമായ പ്രേമത്തില്‍ സ്വയം അലിഞ്ഞില്ലാതാവുക. ആ അവസ്ഥ ഏതൊരുവന് ഏതൊന്നിനോടുണ്ടാകുന്നുവോ അപ്പോള്‍ മാത്രമേ അതിനെ പ്രേമം എന്ന വാക്കുകൊണ്ട്‌ വിശേഷിപ്പിക്കുവാന്‍ സാധിക്കയുള്ളൂ. ഈ അവസ്ഥയില്‍ താണ ഒരവസ്ഥയെ പ്രേമം എന്ന വാക്കുപയോഗിച്ചു വിളിക്കുന്നതു പോലും പാപമാണ്.

ചുരുക്കിപ്പറഞ്ഞാള്‍ നാം നമ്മുടെ കൈക്കുമ്പിള്‍ ജലധാരയില്‍ മലര്‍ത്തിപ്പിടിക്കുന്നതു പോലെയാണ് ഇഷ്ടം. കുറേ കയ്യില്‍ വീഴും ബാക്കി വെളിയിലും. ഉള്ളില്‍ വീഴുന്നത്‌ അവനവനു സ്വന്തം. എന്നാല്‍ പ്രേമം തുറന്നിരിക്കുന്ന കയ്യില്‍ കമഴ്ന്നിരിക്കുന്ന മറുകൈ പോലെ സുഭദ്രമാണ്. ഉള്ളിലുള്ളതിനു കുടയായി, തണലായി, ആശ്രയമായി യാതൊരു പ്രതിഭലേച്ഛയുമില്ലാതെ നിലകൊള്ളുന്ന അവസ്ഥ. അവരെ നമുക്ക്‌ യോഗികള്‍ എന്നും വിളിക്കാം.


ഇങ്ങനെ സ്നേഹത്തെ തരം തിരിച്ചു കാണുമ്പോള്‍ യഥാര്‍ത്ഥ സ്നേഹത്തില്‍ ലൈംഗികതക്കുള്ള സ്ഥാനം എത്ര തുച്ഛമെന്നു മനസ്സിലാകും.

എന്നാല്‍ ആത്മീയാനന്ദവും, ലൈംഗീകാനന്ദവും തമ്മില്‍ വളരെ വലിയ അന്തരമുണ്ട്‌. ലൈംഗീകാനന്ദം ക്ഷണികവും കേവലം ഇന്ദ്രിയം കൊണ്ട് മാത്രം അനുഭവവേദ്യവുമാകുന്ന ഒന്നാണെങ്കില്‍, ആത്മീയാനന്ദം-യോഗാനന്ദം-പരമാമന്ദം അത്‌ നിത്യവും, ശരീരം കൊണ്ടും, മനസ്സു കൊണ്ടും ആസ്വാദ്യവുമാണ്. രോഗാവസ്ഥയില്‍ പോലും നേടാവുന്നതും, ആനന്ദം പകരുന്നതുമായ ഒന്നാണ് ആത്മീയാനന്ദം.

ഷഡാധാരോപാസന എന്ന യോഗശാസ്ത്രം ഒരിക്കലും ലൈംഗീകാനന്ദത്തിന്‍റെ ബദല്‍ തേടിയുള്ള മനുഷ്യന്‍റെ യാത്രയുടെ ഫലമല്ല.

ലൈംഗികത പാപമെന്ന്‌ ഈയുള്ളവന്‍ വായിച്ചും, അനുഭവിച്ചും അറിഞ്ഞിട്ടുള്ള ഒരു തത്വങ്ങളും പറഞ്ഞിട്ടില്ല. ഭാര്യാഭര്‍തൃലൈംഗികബന്ധം ധര്‍മ്മമെന്നും, പുണ്യമെന്നും, ശ്രേയസ്കരമെന്നും; വ്യഭിചാരം ഹീനമെന്നും, പാപമെന്നും ആകയാല്‍ വര്‍ജ്ജ്യമെന്നുമത്രേ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ എല്ലാ മതങ്ങളും അനുശാസിക്കുന്നത്.

ഹൈന്ദവസ്ത്രീകള്‍ വിവാഹശേഷം നെറുകയില്‍ സിന്ദൂരമണിയാറുണ്ട്‌. മുടി രണ്ടായി പകുത്തു കെട്ടിയ അവസ്ഥയെ സ്ത്രീയോനിയായി തന്ത്രശാസ്ത്രം പരിഗണിക്കുന്നു. അവിടെ ചാര്‍ത്തിയ സിന്ദൂരം ‘ഇവളുടെ കന്യകാത്വം ഒരു പുരുഷനാല്‍ ഛേദിക്കപ്പെട്ടിരിക്കുന്നു, അഥവാ ഇവള്‍ ഒരു പുരുഷന്‍റെ സം‍രക്ഷണയിലാണ്’ എന്ന പ്രതീകമാണ് നല്‍കുന്നതെന്ന് യുഗാചാര്യനായ ഹരിസ്വാമികള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ആത്മീയശാസ്ത്രങ്ങള്‍ ലൈംഗികതയ്ക്കു നല്‍കിയ അംഗീകാരം തന്നെയല്ലേ ഇതും? അപ്പോള്‍ എങ്ങനെയാണ് മതങ്ങള്‍ ലൈംഗീകതയ്ക്ക് എതിരാണ് എന്നു പറയുവാന്‍ കഴിയുന്നത്?

ബലാത്സംഗം ചെയ്യുന്നവന്‍, അത് ചെയ്യപ്പെടുന്നയാളുടെ അനുവാദമില്ലാതെ -ആ പദം സൂചിപ്പിക്കുന്നതു പോലെ തന്നെ- ബലാല്‍ക്കാരമായി വെറും കാമത്തിന്‍റെ മാത്രം പ്രചോദനത്താല്‍ ഭോഗിക്കുകയാണ് ചെയ്യുന്നത്‌. ഇത്‌ നീചവൃത്തി തന്നെ. മനുഷ്യന്‍ സദാ ഇതു തന്നെ ചിന്തിച്ചിരിക്കുന്നു എന്ന കൂട്ടുകാരന്‍റെ അഭിപ്രായത്തോട്‌ തൊണ്ണൂറു ശതമാനവും യോജിക്കുന്നു. കാരണം സമൂഹത്തിന്‍റെ സദാചാര നിയമങ്ങളോ, ബാഹ്യമായ അഭിമാനബോധമോ മൂലം അവനില്‍ തടവിലാക്കപ്പെട്ടിരിക്കുന്ന ഈ തീക്ഷ്ണവികാരത്തെ ലഘൂകരിക്കുവാനോ, ഇല്ലായ്മ ചെയ്യുവാനോ വേണ്ടതൊന്നും അവന്‍ ചെയ്യുന്നില്ല. ഇല്ലായ്മ ചെയ്യുക അസാദ്ധ്യമെന്നു തന്നെ കരുതാം. ആഹാര രീതി, ചിന്ത, പ്രവൃത്തി, ധ്യാനം, സത്സംഗം തുടങ്ങിയ നിരവധി മാര്‍ഗ്ഗങ്ങളിലൂടെ ഇത്തരം നീചവികാരങ്ങളെ നിയന്ത്രണവിധേയമാക്കുവാന്‍ സാധിക്കും. മേല്‍ പറഞ്ഞതു പോലെ ധാര്‍മ്മിക വശം കൈവെടിയുമ്പോള്‍ മാത്രമാണ് ഇത്‌ നീചവൃത്തിയാകുന്നതും. അപ്രകാരം മനസ്സിനെ പാകപ്പെടുത്തിയ ഒരുവനെ നഗ്നതയോ, സിനിമയോ, ഇറുകിയ വസ്ത്രങ്ങളോ ഒന്നും തന്നെ വികാരം കൊള്ളിക്കുന്നില്ല. അപ്പോള്‍ നമ്മുടെ സ്വാതന്ത്ര്യത്തില്‍ കൈ വക്കുന്നത്‌ നമ്മള്‍ തന്നെയല്ലേ?

ലൈംഗികത പാപമല്ല. അത്‌ ലോകത്തിലെ ഉദാത്തവും, ദൈവീകവുമായ ഒരു ക്രിയയും, കലയുമാണ്. ഗൃഹസ്ഥാശ്രമികളായ ഓരോരുത്തരും ആചരിക്കേണ്ട ധര്‍മ്മമെന്നും നാം പഠിക്കേണ്ടതുണ്ട്‌. എന്നാല്‍ അത്‌ എപ്രകാരം ധര്‍മ്മച്യുതി സംഭവിക്കാതെ, ശ്രേയസ്കരമാക്കാം എന്നത്‌ നാമാണ് തീരുമാനിക്കേണ്ടത്.

© ജയകൃഷ്ണന്‍ കാവാലം